ഏതവന്റെ കൂടെ നാടുചുറ്റിയിട്ടാണടീ നീ ഇപ്പൊ കേറി വന്നത്? നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചപ്പോൾ നിനക്ക് തൃപ്തിയായില്ലേ എരണം കെട്ടവളേ…

ജീവിക്കാൻ മറന്നുപോയവൾ
(രചന: രുദ്ര)സിന്ധു….. അശ്വതി ഇന്നലെ ക്ലാസ്സിൽ പോയിരുന്നില്ലേ?

കരിപിടിച്ചുണങ്ങിയിരുന്ന സ്റ്റീൽ പാത്രങ്ങൾ പിൻവശത്തെ മുറ്റത്തിട്ട് തേച്ചു കഴുകുമ്പോഴാണ് ദേവകി ചേച്ചി അങ്ങോട്ടേക്ക് വന്നത്.

ഓ അച്ചുവോ.. .. അവൾ പോയിരുന്നല്ലോ ചേച്ചി. എന്റെ കഷ്ടപ്പാട് കണ്ടിട്ടാവും ദൈവം അവൾക്ക് നല്ല ബുദ്ധി തോന്നിപ്പിച്ചത്.

ഇപ്പോ ഏതു സമയവും പഠിക്കണം എന്ന ചിന്ത മാത്രമേയുള്ളൂ… പണ്ടത്തെ പോലെ ഉസ്കൂളിൽ പോകാൻ മടിയുമില്ല. വന്നുകഴിഞ്ഞാൽ മുറി അടച്ചിട്ട് പുസ്തകത്തിന്റെ മുന്നിൽ ഒറ്റയിരിപ്പാ പിന്നെ എന്നെ പോലും കയറാൻ സമ്മതിക്കില്ല.

അല്ല എന്താ ചേച്ചി ചോദിച്ചത്?കയ്യിലെ കരി എല്ലാം തൊട്ടടുത്ത ഉരുളിയിൽ നിറച്ചുവെച്ച വെള്ളത്തിൽ കഴുകി കളഞ്ഞു കൊണ്ട് അവൾ അവരുടെ അടുത്തേക്ക് പോയി നിന്നു.

ഏയ്‌… ഒന്നുമില്ല ചോദിച്ചതാണ്.അവരുടെ മുഖഭാവത്തിൽ നിന്ന് തന്നെ എന്തോ പന്തികേട് ഉണ്ടെന്ന് സിന്ധുവിന് മനസിലായി.

നീ ഒരു കാര്യം ചെയ്യ് സിന്ധു ഇന്നലെ അവൾ ക്ലാസ്സിൽ ചെന്നിരുന്നോ എന്നൊന്ന് അന്വേഷിക്ക്.

അവരുടെ വാക്കിൽ നിന്ന് എന്തെല്ലാമോ വായിച്ചെടുക്കാൻ അവൾക്ക് കഴിഞ്ഞിരുന്നു പക്ഷേ എന്താണെന്ന് വ്യക്തമല്ല.

എന്താ ദേവകി ചേച്ചി? എന്താണെങ്കിലും എന്നോട് പറയൂ എന്നെ ഇങ്ങനെ തീ
തീറ്റിക്കാതെ…

നീ വിഷമിക്കൊന്നും വേണ്ട… ആദ്യം അവളുടെ സ്കൂൾ വരെ ഒന്ന് പോയി അന്വേഷിച്ചിട്ട് വാ.. പണികളൊക്കെ അവിടെ കിടക്കട്ടെ വന്നിട്ട് ചെയ്യാം.

അവരുടെ മുഖത്തെ ഗൗരവം വീണ്ടും അവളുടെ ഉള്ളിൽ ആദി പടർത്തി. പിന്നെയും വൈകിക്കാൻ നിന്നില്ല മുഷിഞ്ഞ സാരീ മാറ്റി ഉടുത്ത് പാറിപ്പറന്ന തലമുടി കൈകൊണ്ട് തന്നെ ഒതുക്കി വെച്ചു കൊണ്ടവൾ സ്കൂളിലേക്ക് നടന്നു.

സൂര്യൻ തലയ്ക്കു മീതെ വന്നുദിച്ചു നിൽക്കുമ്പോഴും അവൾക്ക് ക്ഷീണമോ ദാഹമോ തോന്നിയില്ല. ഉള്ളിൽ നിറയെ ദേവകി ചേച്ചി ചോദിച്ച ചോദ്യത്തിന്റെ ഉത്തരത്തിന് വേണ്ടിയുള്ള നെട്ടോട്ടം ആയിരുന്നു.

പതിനൊന്നരയോടെ സ്കൂളിന്റെ ഗേറ്റിന് മുന്നിൽ എത്തി. അവിടുന്ന് നേരെ ചെന്നത് പ്രിൻസിപ്പാൾ ഇരിക്കുന്ന മുറിയിലേക്ക് ആണ്. ഇതിനു മുൻപ് വന്ന ഓർമ്മവെച്ച് അവൾ അവിടം ലക്ഷ്യമാക്കി നടന്നു.

അകത്ത് പ്രിൻസിപ്പാൾ എന്തോ തിരക്കുപിടിച്ച പണിയിലാണ്. സിന്ധുവിനെ കണ്ടതും അവർ അകത്തേക്ക് വരുവാൻ ആംഗ്യം കാണിച്ചു.

ചെരുപ്പ് ഊരിയിടാൻ തുനിഞ്ഞ അവളോട് പ്യൂണാണ് അതിനു സമ്മതിക്കാതെ അകത്തേക്ക് പ്രവേശിച്ചു കൊള്ളാൻ പറഞ്ഞത്.

മുൻപിൽ തൊഴുകൈയോടെ നിന്ന അവളോട് അവർ ആ കസേരയിൽ ഇരിക്കാൻ അവർ ആവശ്യപ്പെട്ടു.പറയൂ എന്താണ്?

ഞാൻ… ഞാൻ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്ന അശ്വതി വീ കെ യുടെ അമ്മയാണ് അവളെ ഒന്ന് കാണാൻ വേണ്ടി വന്നതാണ്.

സിന്ധുവിന്റെ മറുപടി കേട്ടതും വലിയൊരു ചോദ്യചിഹ്നം അവരുടെ മുഖത്ത് പ്രകടമായി.

എന്ത്? അശ്വതിയുടെ അമ്മയോ? നിങ്ങൾ സുഖമില്ലാതെ കുറച്ചുദിവസമായി കിടപ്പിലാണ് എന്നാണല്ലോ ആ കുട്ടി പറഞ്ഞത്.

ഞങ്ങൾ രണ്ടുവട്ടം നിങ്ങളെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചിരുന്നു. പക്ഷേ കിട്ടിയില്ല. ഒടുക്കം ഞാനും അവളുടെ ക്ലാസ് ടീച്ചറും നേരിൽ വരാൻ ഇരിക്കുകയായിരുന്നു അങ്ങോട്ട്.

ഒരു നടുക്കത്തോടെയാണ് സിന്ധു അത് കേട്ടിരുന്നത്.ഇല്ല ടീച്ചറെ.. എനിക്കൊരു കുഴപ്പവും ഉണ്ടായിരുന്നില്ല. അവൾ വെറുതെ പറഞ്ഞതാണ് എല്ലാം. കൈകൊണ്ട് മുഖം അമർത്തിപ്പിടിച്ച് കരഞ്ഞു കൊണ്ടാണ് അവൾ അത് പറഞ്ഞത്.

നിങ്ങൾ ഇങ്ങനെ കരയാതിരിക്കൂ ..അല്ല ടീച്ചറെ അപ്പോ എന്റെ മോള്..മുഖം മറച്ചു പിടിച്ചിരുന്ന ഇരുകൈകളും മെല്ലെ താഴ്ത്തി കൊണ്ട് പരിഭ്രാന്തിയുടെ അവൾ ചോദിച്ചു.

അശ്വതി രണ്ടുദിവസമായി ക്ലാസ്സിൽ വന്നിട്ട് അതിനവൾ മുൻകൂട്ടി ലീവ് ലെറ്റർ തന്നിരുന്നതുമാണ്.ഈശ്വരാ… പിന്നെ എന്റെ മോൾ എവിടെ?

സാരിത്തലപ്പുകൊണ്ട് വാ പൊത്തിപ്പിടിച്ച് ആ നിമിഷം തന്നെ അവൾ തിരിഞ്ഞോടി. ഓട്ടത്തിന് വേഗത കൂടിയത് കൊണ്ടാവാം കാലിലെ തേഞ്ഞു തീരാറായ വാർ ചെരുപ്പ് പൊട്ടി പോന്നതും.

അതെടുത്ത് റോഡിന്റെ ഒരു വശത്തേക്കെറിഞ് ചുട്ടുപൊള്ളി കിടന്ന റോഡിന്റെ പരുത്ത പ്രതലത്തെ വകവെക്കാതെ അവൾ ഓട്ടം തുടർന്നു.ദേവകിയുടെ വീടിന്റെ ഗേറ്റ് കടന്നതും സിന്ധു നിർത്താതെ കുതിച്ചു

. ജീവിതത്തിൽ തനിച്ചായി പോയ ഒരു അമ്മയുടെ ഉത്കണ്ഠ എന്നോണം അവളുടെ ശരീരത്തിൽ നിന്ന് വിയർപ്പുതുള്ളികൾ നിർത്താതെ ഒഴുകിക്കൊണ്ടിരുന്നു. അതിൽ കണ്ണുനീർ മാത്രം ശോഭിച്ചു നിൽക്കുന്നതുപോലെ.

വീടിനകത്തേക്ക് കടന്നതും ദേവകിയെ കൂടാതെ തന്നെ മകൻ മനുവും കാത്തിരിക്കുന്നുണ്ടായിരുന്നു.

എന്തായി സിന്ധു അവർ എന്തു പറഞ്ഞു?അവളുടെ കിതപ്പ് കണ്ട് ഭയന്നിട്ടാകണം അവർ അമ്പരപ്പോടെ ചോദിച്ചു.

ഇല്ല… അവൾ അവിടെ ചെന്നിട്ടില്ല ചേച്ചി… എന്റെ മോള് പിന്നെ എവിടെ പോയി എന്റെ ഭഗവതി….

ഇത്ര സമയം അടക്കിപ്പിടിച്ച വിഷമവും നിരാശയും എല്ലാം കണ്ണീർച്ചാലുകളായി പുറത്തേക്ക് തള്ളാൻ തുടങ്ങി.

നീ ഇങ്ങനെ കരയാതെ സിന്ധു.. ഞങ്ങളില്ലേ നിന്റെ കൂടെ? ഇന്നലെ മനു ദൂരെയുള്ള ഒരു ഫ്രണ്ടിന്റെ വീട്ടിൽ നിന്ന് വരുന്ന വഴി അശ്വതിയെ കണ്ടിരുന്നു ഏതോ ഒരു പയ്യന്റെ കൂടെ.

അവൻ വന്നപ്പോൾ തന്നെ എന്റെ അടുത്ത കാര്യം പറഞ്ഞതാണ്. നിന്നോട് ചോദിച്ചിട്ട് കാര്യങ്ങൾക്ക് ഒരു തീരുമാനം ഉണ്ടാക്കാം എന്ന് ഞാൻ കരുതി.

അതും കൂടി കേട്ടതോടെ സിന്ധുവിന് സമനിലതെറ്റുന്നത് പോലെ തോന്നി.എന്തിനാ ചേച്ചി ദൈവം എന്നെ ഇങ്ങനെ പരീക്ഷിക്കണത്.

ഇരുപത്തിമൂന്നാമത്തെ വയസ്സിൽ എന്റെ ഭർത്താവിനെ അങ്ങോട്ടേക്ക് വിളിച്ച് എന്നെ ജീവിതത്തിൽ തനിച്ചാക്കിയതല്ലേ? പഠിപ്പും വിദ്യാഭ്യാസവും ഇല്ലാത്ത ഞാൻ ഈ വീട്ടിൽ വന്ന് വീട്ടുവേല ചെയ്തിട്ടല്ലേ അവളെ നോക്കിയത്.

വീട്ടുകാരൊക്കെ മറ്റൊരു കല്യാണത്തിന് നിർബന്ധിച്ചിട്ടും അതൊക്കെ വേണ്ടെന്നുവെച്ച് കഷ്ടപ്പെട്ടത് അവൾക്ക് വേണ്ടി അല്ലേ ചേച്ചി.? എന്നിട്ട് ഒരു നിമിഷമെങ്കിലും അവൾ എന്നെ കുറിച്ച് ചിന്തിച്ചോ ?നൊമ്പരങ്ങളുടെ കെട്ടഴിക്കും തോറും കണ്ണീരിന് ശക്തി കൂടി കൊണ്ടിരുന്നു.

ഈ സമയം നീ ഇങ്ങനെ കരയുകയല്ല അവളെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയാണ് വേണ്ടത്. അവളുടെ കാര്യത്തിൽ നീ ഒന്നും അറിയാതെ പോയത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചത്.

ഇനിയെങ്കിലും അത് ആവർത്തിക്കാതിരിക്കുക. പഠിപ്പും വിദ്യാഭ്യാസവും ഇല്ലെന്നു കരുതി നീ അവളുടെ അമ്മ അല്ലാതാകുന്നില്ല. കുട്ടികളെ സ്നേഹിക്കേണ്ടിടത്ത് സ്നേഹിക്കണം ശകാരിക്കേണ്ടിടത്ത് ശകാരിക്കണം.

ശരിയാണ് സ്നേഹിക്കാൻ മാത്രമേ ഞാൻ ശ്രദ്ധ കാണിച്ചുള്ളൂ….. ശകാരിക്കാൻ മറന്നുപോയി. അമ്മ സ്കൂളിലേക്ക് വരണ്ട എന്ന് അച്ചു എപ്പോഴും പറഞ്ഞപ്പോൾ അവൾക്ക് നാണക്കേട് ഉണ്ടാക്കേണ്ട എന്ന് കരുതി സ്വയം ഒഴിഞ്ഞു മാറിയതാണ്.

അവളെക്കുറിച്ചുള്ള ആദി ജരാനരകൾ ആയി തന്റെ തല മുടികളിൽ പടർന്നുകയറിയപ്പോൾ അവൾക്ക് താൻ പടു വൃദ്ധയായി.

അച്ഛനില്ലാത്ത തന്റെ കുഞ്ഞിന് ഒരു കുറവും വരരുത് എന്ന് ആഗ്രഹിച്ചപ്പോൾ അവൾക്ക് താൻ ആഗ്രഹങ്ങൾ നിറവേറ്റി കൊടുക്കുന്ന വെറുമൊരു വേലക്കാരി മാത്രമായി.

വീട്ടിലേക്ക് പോകും വഴി മദ്ധ്യേ മനസ്സിലേക്ക് കടന്നു വന്ന ചിന്തകൾ അത്രയും അവളിൽ ഭ്രാന്ത് പടർത്തി.

ഉടുത്ത വസ്ത്രം പോലും മാറ്റി ഇടാതെ സിന്ധു മുറി തുറന്ന് അതെ ഇരുപ്പ് ഇരുന്നു തന്റെ മകളുടെ വരവും കാത്ത്. എല്ലാ ദിവസവും സ്കൂൾ വിട്ടു വരുന്ന സമയം തന്നെ അവളിന്നും കയറിവന്നു.

അശ്വതി റൂമിലേക്ക് കയറിയതും സിന്ധു അവളെ ദഹിപ്പിച്ചു ഒന്നു നോക്കി. ആ നോട്ടത്തിൽ അവളൊന്ന് ഭയന്നെങ്കിലും അത് പ്രകടമാക്കാതെ അവൾ ഒഴിഞ്ഞു മാറാൻ തുടങ്ങി.നിൽക്കെടി അവിടെ…

ഇത്രനാളും കാണാത്ത അമ്മയുടെ ഭാവമാറ്റത്തിൽ അവൾ നന്നേ ഭയന്നിട്ടുണ്ടെന്ന് ആ നില്പിൽ നിന്ന് തന്നെ വ്യക്തമാണ്.

അവളുടെ കയ്യിൽ നിന്ന് ബാഗ് പിടിച്ചുവാങ്ങി ആ ക്ഷണം തന്നെ സിന്ധു അതിലാകെ പരതി.ആര് തന്നതാടി നിനക്കീ ഫോൺ?

കയ്യിൽ കിട്ടിയ ഒരു ചെറിയ മൊബൈൽ ഫോൺ അവൾക്ക് നേരെ നീട്ടിക്കൊണ്ട് സിന്ധു അലറി.

ഉത്തരം പറയാതെ നിന്ന് പരുങ്ങുന്ന തന്റെ മകളുടെ മുഖമടച്ച് ഒന്ന് കൊടുത്തു ജീവിതത്തിലാദ്യമായി.

ഏതവന്റെ കൂടെ നാടുചുറ്റിയിട്ടാണടീ നീ ഇപ്പൊ കേറി വന്നത്? നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചപ്പോൾ നിനക്ക് തൃപ്തിയായില്ലേ എരണം കെട്ടവളേ…

കലി തീരുംവരെ സിന്ധു അവളുടെ കയ്യിലും ദേഹത്തും അടിച്ചു കൊണ്ടിരുന്നു. തന്റെ മകളുടെ കരച്ചിൽ ഒന്നും ഈ നിമിഷം അവളുടെ മനസ്സിനെ സ്പർശിച്ചില്ല.

ഞാൻ ജീവിച്ചിരിക്കുമ്പോൾ അല്ലേ നീ ഇങ്ങനെ എന്നെ തീ തീറ്റിക്കുകയുള്ളൂ… ഞാനും പോവാ നിന്റെ അച്ഛന്റെ അടുത്തേക്ക്.

മതിഎനിക്ക് ഈ നശിച്ച ജീവിതം. ആർക്കു വേണ്ടിയാ ഞാൻ ജീവിക്കേണ്ടത് എന്നെ മനസ്സിലാക്കാത്ത സ്നേഹിക്കാത്ത മോൾക്ക് വേണ്ടിയോ?

അതും പറഞ്ഞു കൊണ്ട് ഒരറ്റത്തേക്ക് മാറ്റി വച്ചിരുന്ന മണ്ണെണ്ണ ക്യാൻ സിന്ധു എടുത്ത് തലവഴി ഒഴിച്ചു. ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ അശ്വതിയും.

ഇല്ലമ്മേ… ഞാൻ ഇനി ഒരു തെറ്റും ചെയ്യില്ല. അമ്മ പറഞ്ഞത് അനുസരിച്ചു കൊള്ളാം ഒന്നും ചെയ്യല്ലേ പ്ലീസ്…

കാലിൽ വട്ടം കെട്ടിപ്പിടിച്ചുള്ള മകളുടെ നിലവിളി സിന്ധുവിന് ഇക്കുറി കണ്ടില്ലെന്ന് നടിക്കാനായില്ല. അവളെ തട്ടിമാറ്റിക്കൊണ്ട് സിന്ധു റൂമിലേക്ക് ഓടി കട്ടിലിൽ മുഖമമർത്തി കിടന്നു.അമ്മേ……

കരഞ്ഞു തളർന്നു കിടന്ന തന്റെ അരികിലേക്ക് ആ വിളിയുമായി എത്തിയത് സ്വന്തം മകൾ തന്നെയാണോ എന്ന് സിന്ധുവിന് സംശയം തോന്നി. കാരണം വർഷങ്ങൾക്കിപ്പുറം ആദ്യമായാണ് സ്നേഹത്തോടെയുള്ള ആ വിളി കേൾക്കുന്നത്.

ദാ…. എനിക്ക് ഇനി ഇത് വേണ്ട. അമ്മയെ പറ്റിച്ച് ഞാൻ ഇനി ഒന്നും ചെയ്യില്ല. നല്ല കുട്ടിയായി പഠിച്ചോളാം. എന്നോട് മിണ്ടാതിരിക്ക മാത്രം ചെയ്യല്ലേ അമ്മേ. എനിക്ക് സഹിക്കാൻ പറ്റണില്ല.

കയ്യിലിരുന്ന ഫോൺ തന്റെ നേരെ നീട്ടി കൊണ്ടുള്ള മകളുടെ കരച്ചിൽ അധികനേരം കണ്ടുനിൽക്കാൻ സിന്ധുവിന് കഴിഞ്ഞില്ല.

മകളെ നെഞ്ചോടു ചേർത്ത് പിടിച്ച് പൊട്ടി കരയുമ്പോഴും അവളെ ആശ്വസിപ്പിക്കാനോ ശകാരിക്കാനോ സിന്ധുവിനെ കൊണ്ട് സാധിച്ചില്ല.

മകളുടെ മുടിയിഴകളിലൂടെ തലോടിക്കൊണ്ട് തേങ്ങുമ്പോഴും കാഴ്ച മങ്ങിയ കണ്ണുകൊണ്ട് സിന്ധു ചുമരിലെ ഫോട്ടോയിലേക്ക് ഒന്ന് നോക്കി.

എപ്പോഴും ചോദിക്കാറുള്ള ആ ചോദ്യം അറിയാതെ വീണ്ടും ചോദിച്ചു മനസിൽ മന്ത്രിച്ചു കൊണ്ടിരുന്നു.“എന്തിനാണ് എന്നെ തനിച്ചാക്കിപോയത്”

Leave a Reply

Your email address will not be published. Required fields are marked *