ഭാര്യ ആഗ്രഹിക്കുന്ന എല്ലാ കടമകളും നല്ല രീതിയിൽ നിർവഹിച്ച് ആഗ്രഹങ്ങളൊക്കെ സാധിപ്പിച്ചു കൊടുത്തുമാണ് രേഷ്മയെ നോക്കിയത്….

(രചന: മഴമുകിൽ)

രേഷ്മയുടെ വിവാഹമോചന വാർത്ത അറിഞ്ഞു എല്ലാപേരും ഷോക്കായി.ഇത്രയും സന്തോഷത്തോടെ കഴിഞ്ഞ ആ കൊച്ചിന്നിപ്പോൾ എന്തുപറ്റി. ആ പയ്യൻ നന്നായി നോക്കുന്ന കൊച്ചനാണല്ലോ…

ഇപ്പോഴത്തെ പിള്ളേരുടെ കാര്യമൊന്നും പറയാതിരിക്കുന്നതാ ഭേദം.എന്നാലും രേഷു നിനക്ക് എങ്ങനെയാടി ഇങ്ങനെയൊരു തീരുമാനമെടുക്കാൻ കഴിഞ്ഞത്… രേഷ്മയുടെ ഏറ്റവും അടുത്ത സ്നേഹിത വീണയുടേതായിരുന്നു ചോദ്യം…

നീയല്ലേ പറയാറുള്ളത് വരുണേട്ടൻ സ്നേഹമുള്ളവനാണെന്ന്. മാത്രമല്ല ഇങ്ങനെ ഒരു തീരുമാനം എടുക്കുന്നതിന് മുമ്പ് നിനക്ക് കിച്ചു മോന്റെ കാര്യമൊന്ന് ആലോചിച്ചു കൂടായിരുന്നോ…….

നിങ്ങൾ രണ്ടുപേരും എന്ത് സന്തോഷത്തോടുകൂടിയാണ് കഴിഞ്ഞിരുന്നത്… കാണുന്നവർക്ക് പോലും അസൂയ അല്ലായിരുന്നോ നിങ്ങളുടെ ആ പെരുമാറ്റം.. എന്നിട്ട് ഡിവോഴ്സ് ആയി എന്നറിയുമ്പോൾ ആക്കാണ് സങ്കടം തോന്നാത്തത്..

ഇത്രയും പാടുപെട്ട് നിന്നെ കെട്ടിച്ചു വിട്ട അച്ഛനെയും അമ്മയെയും എങ്കിലും ഓർക്കാമായിരുന്നു….

നാലു വാക്കിന് നിന്നുള്ള കുത്തുവാക്കുകൾ കേട്ടപ്പോൾ രേഷ്മയ്ക്ക് പറയാൻ മറുപടിയില്ലായിരുന്നു….

നിങ്ങൾക്കാർക്കും എന്നെ മനസ്സിലാവില്ല….. പറഞ്ഞു മനസ്സിലാക്കി തരാനുള്ള ഒരു അവസ്ഥയിലും അല്ല ഞാൻ….

വിവാഹബന്ധം വേർപ്പെടുത്തി വീട്ടിലേക്ക് കയറി വരുന്ന മകളെ കണ്ടപ്പോൾ നാണുവിന്റെയും സരോജത്തിന്റെയും നെഞ്ചു നീറി.
മൂന്നു വയസ്സുള്ള കിച്ചുവിനെയും എടുത്ത് കൊണ്ട് അവൾ മുറിയിലേക്ക് പോയി…

അഞ്ചുവർഷം നീണ്ട ദാമ്പത്യ ബന്ധം അവസാനിപ്പിച്ചു വന്നിരിക്കുകയാണ്. വരുണിനെ കുറിച്ച് പറയുകയാണെങ്കിൽ സ്നേഹസമ്പന്നനായ ഭർത്താവാണ്. ഭാര്യയും കുഞ്ഞിനെയും സ്നേഹിക്കുന്ന സ്നേഹനിധിയായ ഭർത്താവ്.

വീട്ടുകാര്യങ്ങൾക്കൊന്നും ഒരു മുടക്ക് പോലും വയ്ക്കില്ല. ആവശ്യമുള്ള സാധനങ്ങൾ വാങ്ങി തരാനും ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിലേക്ക് കൊണ്ടുപോകാനും ഒക്കെ മുൻപന്തിയിൽ കാണും….

ആലോചനകളിലൂടെ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് മുറിയിലേക്ക് അമ്മ കയറി വരുന്നത്. എത്രയോ കഷ്ടപ്പെട്ടിട്ടാണ് അച്ഛൻ നിന്നെ വിവാഹം കഴിപ്പിച്ചയച്ചത്..

എന്നിട്ട് ഞങ്ങളോട് പോലും ഒരു വാക്ക് ചോദിക്കാതെ ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ നിനക്ക് എങ്ങനെ കഴിഞ്ഞു… ഞാൻ നിന്റെ അമ്മയാണ് എന്നിട്ട് എന്നോട് എങ്കിലും നീ എന്തെങ്കിലും ഇതുവരെ തുറന്ന് സംസാരിച്ചിട്ടുണ്ടോ…

എന്താ മോളെ നിനക്ക് സംഭവിച്ചത് നീ അമ്മയോട് പറ.ഞങ്ങൾക്ക് രണ്ടുപേർക്കും ആളായിട്ടും പെണ്ണായിട്ടും നീ മാത്രമല്ലേ ഉള്ളൂ. ഞങ്ങളുടെ കാലം കഴിഞ്ഞാൽ നീ എങ്ങനെ ജീവിക്കും എന്ന് ഓർത്തിട്ടുണ്ടോ..

അമ്മ എന്തിനാണ് ഇങ്ങനെയൊക്കെ സംസാരിക്കുന്നത് എനിക്ക് നല്ലൊരു ജോലിയില്ലേ…

അതേടി ഒരു ജോലി ഉള്ളതിന്റെ അഹങ്കാരമാണ് നീ ഇപ്പോൾ കാണിച്ചിരിക്കുന്നത്… നെഞ്ചും തടവികൊണ്ട് നാണു മുറിക്കുള്ളിൽ കയറിവന്നു. അച്ഛനെ കണ്ടപ്പോൾ രേഷ്മ കട്ടിലിൽ നിന്നും എഴുന്നേറ്റു.

ഇത്രയും നല്ലൊരു ബന്ധം കിട്ടിയിട്ടും അത് നിസ്സാരം പോലെ വലിച്ചെറിഞ്ഞ് വരാൻ നിനക്ക് എങ്ങനെ തോന്നി.

അല്ലെങ്കിൽ തന്നെ ഇങ്ങനെ ഒരു തീരുമാനമെടുക്കുന്നതിനു മുൻപ് നീ ഞങ്ങളോട് ആരോടെങ്കിലും അനുവാദം ചോദിച്ചോ.. എല്ലാം തോന്നിവാസത്തിന് ഓരോന്ന് ചെയ്തു കൂട്ടിയിട്ട്……

അയാൾ റൂമിൽ നിന്നും പുറത്തേക്കിറങ്ങി…ഞാൻ അന്നേ പറഞ്ഞതാണ് അവളെ പഠിപ്പിക്കാനും ജോലിക്കും വിടേണ്ടെന്നു.. അപ്പോൾ നിനക്കും നിന്റെ അമ്മയ്ക്കും ആയിരുന്നല്ലോ അവളെ പഠിപ്പിച്ചു ഉദ്യോഗികാരിയാക്കാനുള്ള വെപ്രാളം..

എന്നിട്ട് ഇപ്പോൾ എന്തായി ഒരു ജോലി കിട്ടി കഴിഞ്ഞപ്പോൾ അവളുടെ തനി സ്വഭാവം പുറത്തുവന്നില്ലേ.. നിന്നെ ഒഴിവാക്കി അവൾ ഡിവോഴ്സ് വാങ്ങി പോയില്ലേ… വിശ്വംഭരന്റെ ഒച്ച ആ വീട്ടിൽ ഉയർന്നു കേട്ടു.. വരുണും അമ്മ ഭവാനിയും ഒന്നും മിണ്ടാതെ നിന്നു..

എന്റെ വിശ്വേട്ട അതിനു ഞാൻ അറിഞ്ഞോ പെണ്ണ് പഠിച്ച ഉദ്യോഗം വാങ്ങി ഇവനെ വേണ്ടെന്നുവച്ചു പോകുമെന്ന്…. ഭവാനി മൂക്കത്ത് വിരൽ വച്ചു…

ഇത്രയൊക്കെ ഈ വീട്ടിൽ സംഭവിച്ചിട്ട് നിന്റെ മകൻ എന്തെങ്കിലും ഒരു വാക്ക് മിണ്ടിയോ. അവളെന്തിനാണ് ഇവനെ കളഞ്ഞേച്ചു പോയത് എന്നെങ്കിലും ഇവന് അറിയാമോ…..

ഇനി നീ കണ്ടോ അവൾ വേറഒരുത്തനെ വിവാഹം കഴിച്ചു നിന്റെ മുന്നിൽ കൂടി അന്തസ്സായി നടക്കും.. നീ അതും കണ്ടുകൊണ്ട് ഇങ്ങനെ ഇരിക്കു…

എല്ലാവരുടെയും കുറ്റപ്പെടുത്തലുകൾ കേട്ട് മറിച്ചൊന്നും പറയാതെ വരുൺ റൂമിലേക്ക് പോയി..അഞ്ചു വർഷങ്ങൾക്കു മുമ്പുള്ള ആ വിവാഹ രാത്രി അവന്റെ കൺമുന്നിൽ തെളിഞ്ഞു വന്നു.

ഒരുപാട് സന്തോഷത്തോടുകൂടിയാണ് വരുണ വന്റെ കുടുംബജീവിതത്തിലേക്ക് കാലെടുത്തുവെച്ചത്…..

ഏതൊരു ചെറുപ്പക്കാരും ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു ജീവിതമായിരുന്നു അവന്റെ ഉള്ളിലും.. ജീവിതപങ്കാളിയായി കിട്ടിയ രേഷ്മയാവട്ടെ അവന്റെ സങ്കല്പങ്ങൾക്ക് ഒത്ത ഒരു പെൺകുട്ടിയായിരുന്നു….

ഡിഗ്രി കംപ്ലീറ്റ് ചെയ്ത അവൾ ഗവൺമെന്റ് ജോലികൾക്കായുള്ള പി എസ് സി കോച്ചിങ്ങിൽ ഏർപ്പെട്ടിരിക്കുമ്പോൾ ആയിരുന്നു വിവാഹം…

ഒരു കാര്യം മാത്രമേ അവൾ വരുണിനോട് ആവശ്യപ്പെട്ടുള്ളു.വിവാഹം കഴിച്ചു എന്ന് പറഞ്ഞ് അവളുടെ പഠിപ്പ് മതിയാക്കരുതെന്ന്.. ഒരു ജോലി നേടിയെടുക്കണം എന്നതാണ് അവളുടെ ആഗ്രഹം എന്ന്…

പെണ്ണ് കാണാൻ പോകുമ്പോൾ തന്നെ അവളുടെ ആ ഡിമാൻഡ് വരുൺ അംഗീകരിച്ചിരുന്നു..

സന്തോഷപൂർണ്ണമായ കുടുംബജീവിതമായിരുന്നു വരുണിന്റെയും രേഷ്മയുടെയും. ഏവർക്കും കാണുമ്പോൾ അസൂയ തോന്നുന്ന തരത്തിലുള്ള ജീവിതം.

വിവാഹം കഴിഞ്ഞ് ഒരു വർഷക്കാലം കുഞ്ഞു വേണ്ടെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഒരു വർഷം കഴിഞ്ഞപ്പോൾ അവർ കുഞ്ഞിന് വേണ്ടിയുള്ള ശ്രമങ്ങൾ ആരംഭിച്ചു..

അവരുടെ ആഗ്രഹം പോലെ രേഷ്മ ഗർഭിണിയായി. സ്വന്തം വീട്ടിൽ കിട്ടുന്നതിനേക്കാൾ കൂടുതൽ പരിചരണമാണ് വരുണിന്റെ അമ്മയും അച്ഛനും രേഷ്മയ്ക്ക് നൽകിയത്.

ഒരു മകളില്ലാത്തതിന്റെ കുറവ് അവർ അറിഞ്ഞിട്ടില്ല കാരണം അത്ര സ്നേഹത്തോടുകൂടിയാണ് രേഷ്മ ഏവരോടും ഇടപെട്ടിരുന്നത്.

മരുമകൾ ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ അച്ഛനും അമ്മയുടെയും ഒക്കെ സന്തോഷം പറഞ്ഞറിയിക്കാൻ വയ്യാത്തതായിരുന്നു…..

അച്ഛനാണെന്ന് അറിഞ്ഞപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. താഴത്തും തലയിലും വയ്ക്കാതെ ഒരു ഭാര്യ ആഗ്രഹിക്കുന്ന എല്ലാ കടമകളും നല്ല രീതിയിൽ നിർവഹിച്ച് ആഗ്രഹങ്ങളൊക്കെ സാധിപ്പിച്ചു കൊടുത്തുമാണ് രേഷ്മയെ നോക്കിയത്….

ഒരു ആൺകുഞ്ഞ് ജനിച്ചപ്പോൾ . സന്തോഷത്തിന് അതിരില്ലാതായി..ഓഫീസിൽ നിന്നും വന്നുകഴിഞ്ഞാൽ പിന്നെ മുഴുവൻ സമയവും രേഷ്മയുടെയും കുഞ്ഞിന്റെയും ഒപ്പം ചിലവിട്ടു…,

കുഞ്ഞിനു ഏകദേശം 6 മാസം കഴിഞ്ഞപ്പോൾ, ഒരിക്കൽ രേഷ്മയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ചു.. പക്ഷേ എന്തുകൊണ്ടോ അതിന് കഴിയുന്നില്ല….

കുറച്ചുനാളത്തെ ഗ്യാപ്പിനു ശേഷം ഉണ്ടായ പ്രശ്നമായിരിക്കുമെന്ന് കരുതി ആദ്യം അത്ര കാര്യമാക്കി എടുത്തില്ല… പക്ഷേ ഒന്നും രണ്ടും ദിവസങ്ങൾ കഴിയുംതോറും ഈ പ്രശ്നം തന്നെ ആവർത്തിച്ചു കൊണ്ടിരുന്നു…

രേഷ്മയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ കഴിയുന്നില്ല. മനസ്സുകൊണ്ട് അതിന് തയ്യാറാകുമ്പോൾ ശരീരം വഴങ്ങാത്തത് പോലെ… ദിവസങ്ങളും മാസങ്ങളും കൂടി വന്നപ്പോൾ മനസ്സിൽ വല്ലാത്ത ഒരു ഭീതി പടർന്നു കൂടി…..

ആ മുറിയിൽ ചെലവിടുന്നതുപോലും അസഹനീയമായി തോന്നി.. ഭർത്താവ് എന്ന നിലയിൽ പൂർണ്ണ പരാജയമായി മാറിയ താൻ അവൾക്കൊപ്പം ഒരു മുറി പങ്കിടുന്നതിൽ എന്ത് കാര്യമാണ് ഉള്ളത്..

തന്റെ കഴിവില്ലായ്മ മറക്കുന്നതിന് വേണ്ടി രേഷ്മയെ ഒഴിവാക്കാൻ തുടങ്ങി….. കുഞ്ഞിനോട് പോലും എന്തോ ഒരു വല്ലാത്ത അകൽച്ച….

ഒടുവിൽ ശരീരം കൊണ്ട് മാത്രമല്ല മനസ്സുകൊണ്ട് പോലും രണ്ടുപേരും രണ്ട് ദിക്കിൽ ആയി…..

ഏകദേശം ഒരു വർഷക്കാലം ഈ രീതിയിൽ തുടർന്നുകൊണ്ടേയിരുന്നു.. ഒടുവിൽ ഇതിനൊരു പരിഹാരം കണ്ടുപിടിച്ചാൽ മതിയാകൂ എന്ന തീരുമാനത്തിലാണ്…. രേഷ്മയോട് ഇതിനെക്കുറിച്ച് സംസാരിക്കുന്നത്..

രേഷ്മ നീ വളരെ ചെറിയ പ്രായമാണ്. ഇനിയും നിനക്ക് ഒരുപാട് ജീവിതം മുന്നോട്ട് ഉണ്ട്. നീ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു ഭർത്താവ് ആകാനോ നിന്നെ തൃപ്തിപ്പെടുത്താനും എനിക്ക് കഴിയില്ല .

അങ്ങനെ പൂർണ്ണ പരാജയമായിരിക്കുന്ന ഞാൻ എന്റെ സ്വാർത്ഥതയ്ക്ക് വേണ്ടി നിന്നെ കൂടി ബലിയാടാക്കുന്നത് ശരിയല്ല അതുകൊണ്ട് എന്തെങ്കിലും കാരണം ഉണ്ടാക്കി നാളെ തന്നെ കുഞ്ഞിനെയും കൊണ്ട് ഇവിടെ നിന്ന് നീ നിന്റെ വീട്ടിലേക്ക് പോകണം.. ഡൈവോഴ്സ് നമുക്ക് രണ്ടുപേർക്കും കൂടി ചേർന്ന് ഫയൽ ചെയ്യാം….

ഏട്ടൻ ഇങ്ങനെയൊന്നും എന്നോട് സംസാരിക്കരുത്, ഇതുമാത്രമല്ലല്ലോ ജീവിതം അല്ലാതെ നമുക്ക് സ്നേഹത്തോടെ കഴിഞ്ഞു കൂടെ… രേഷ്മ ഭരണിന്റെ കാൽ കെട്ടിപ്പിടിച്ചു കിടന്ന് കരഞ്ഞും പറഞ്ഞും പരിതപിച്ചിട്ടും അവന്റെ തീരുമാനത്തിൽ മാറ്റം ഉണ്ടായില്ല…..

നീറിപ്പുകയുന്ന മനസ്സുമായി വരുൺ ഡൈവോഴ്സ് പേപ്പർ ഒപ്പിട്ടു നൽകി. എല്ലാപേരും അവളെക്കുറ്റപ്പെടുത്തുമ്പോൾ മറിച്ചൊന്നും പറയാതെ തന്റെ കഴിവില്ലായിമയെ കുറിച്ചോർത്തു വേദനിച്ചു……..

നിരന്തരമുള്ള അമ്മയുടെ ചോദ്യം ചെയ്യലിൽ രേഷ്മ കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞു……… എന്നെവേണ്ടെന്നു പറയുന്ന ഒരാളിന്റെ കൂടെ ഞാനെങ്ങനെയാ അമ്മേ………..

മകളെ ആശ്വസിപ്പിക്കാൻ കഴിയാതെ ആ അമ്മമനം തേങ്ങി…. കഴിഞ്ഞകുറച്ചു വർഷമായി ഞാൻ അനുഭവിക്കുന്ന വേദനയും അവഗണനയും എത്രയാണെന്നു നിങ്ങൾക്കാർക്കും അറിയില്ല….പറഞ്ഞു മനസിലാക്കാനും കഴിയില്ല…..

എല്ലാം കേട്ടു തളർന്നൊരു അച്ഛനും അവിടെയുണ്ടായിരുന്നു……..മകളുടെ തേങ്ങലുകൾ മാറി… സന്തോഷം നിറഞ്ഞ പുഞ്ചിരിക്കായിപിന്നെയുള്ള അവരുടെ കാത്തിരിപ്പുകൾ…..

Leave a Reply

Your email address will not be published. Required fields are marked *