ഇങ്ങനെയൊരു പെൺകോന്തനായി പോയല്ലോ… ഭാര്യക്ക് ഒരു ദിവസം വയ്യാണ്ടായപ്പോഴേക്കും അവളുടെ അടിവസ്ത്രം വരെ അവൻ നിന്ന് കഴുകി കൊടുക്കുന്നു

(രചന: അംബിക ശിവശങ്കരൻ)

“മോളെ… ഈ അടിവസ്ത്രം ഒന്നും ഇവിടെ വിരിച്ചിടല്ലേ ആരേലും വന്ന് കണ്ടാൽ മോശമല്ലേ?? വീട്ടിൽ അമ്മ ഇതൊന്നും പറഞ്ഞു തന്നിട്ടില്ലേ?”

ഉമ്മറക്കോലായിൽ പത്രം വായിച്ചിരിക്കുന്നതിനിടയ്ക്കാണ് മരുമകളായ നിഷ തുണികൾ വിരിച്ചിടുന്നത് കണ്ട് ദേവകിയമ്മ ഓടി വന്നത്.”അതിന് ഇത് വീടിന്റെ സൈഡിലെ അയ അല്ലേ അമ്മേ ? ഇവിടെ ആര് കാണാനാ?”

” ആര് കാണാനാന്നോ?ഇവിടെ അച്ഛൻ ഇല്ലേ? സുമേഷ് ഇല്ലേ? പോരാത്തതിന് കറവക്കാരൻ ഈനാശു വരണതും പോണതും ഇതിലെ അല്ലേ? പെണ്ണുങ്ങളുടെ അടിവസ്ത്രം ഒക്കെ വീടിന്റെ പുറകുവശത്ത് ആരും കാണാത്ത പോലെ വേണം വിരിച്ചിടാൻ…

ഞങ്ങളുടെ കാരണവന്മാർ ഞങ്ങളെ പറഞ്ഞു പഠിപ്പിച്ചിട്ടുള്ളതൊക്കെ അങ്ങനെയാണ് ഇവിടെ കേറി വരുന്നവരും ആ ചിട്ട പാലിക്കണം എന്ന് എനിക്ക് നിർബന്ധമുണ്ട്.”

അവരുടെ നിർബന്ധ ബുദ്ധിക്ക് മുന്നിൽ പിന്നെ അവൾ ഒന്നും മറുത്തു പറയാൻ നിന്നില്ല മറുത്ത് പറഞ്ഞിട്ടും കാര്യമൊന്നുമില്ല ഇപ്പോഴും നേരം വെളുത്തിട്ടില്ലാത്ത ആളുകളോട് എന്ത് പറയാൻ? ”

അവൾ അവിടെ നിന്നും അതെടുത്ത് പുറകുവശത്തെ അയയിൽ കൊണ്ടിട്ടു.നല്ല വെയിലേറ്റ് ഉണങ്ങാത്തത് മൂലമാകാം അടിവസ്ത്രത്തിൽ ഒരു ഈർപ്പം പിറ്റേന്ന് അവൾക്ക് അനുഭവപ്പെട്ടത്.

“ഞാനൊക്കെ കല്യാണം കഴിഞ്ഞു വന്നപ്പോൾ എന്റെ അമ്മായിയമ്മ അതായത് വേണുവേട്ടന്റെ അമ്മ ആദ്യം പറഞ്ഞത് കുളിച്ചിട്ട് അടുക്കളയിൽ കയറിയാൽ മതി എന്നാണ്.

അല്ല… ഞാൻ എന്റെ വീട്ടിലും ശീലിച്ചത് അതാണെ…ഒരുമാസം കഴിഞ്ഞില്ലേ ഇനി കുളിച്ചിട്ട് അടുക്കളയിൽ കയറിയാൽ മതി.”

പിറ്റേന്ന് രാവിലെ അടുക്കളയിൽ കയറാൻ ഒരുങ്ങിയ അവളെ അവർ തടഞ്ഞു കൊണ്ട് പറഞ്ഞു.

മരംകൊച്ചുന്ന തണുപ്പ് എന്ന് കേട്ടിട്ടേയുള്ളൂ പക്ഷേ അത് ഇപ്പോൾ അനുഭവപ്പെടുകയാണെന്ന് അവൾക്ക് തോന്നി.

കുളിയും കഴിഞ്ഞ് അടുക്കളയിലെ പണിയെല്ലാം ചെയ്തു കഴിഞ്ഞപ്പോഴേക്കും പിന്നെയും കുളിക്കേണ്ട പരിവം ആയിരുന്നു കരിയും പൊടിയും വിയർപ്പും അവളെ വല്ലാതെ അസ്വസ്ഥയാക്കി.

നേരത്തെ ഉണരുന്നത് കൊണ്ടും പണികൾ ചെയ്ത ക്ഷീണം കൊണ്ടും ഉച്ചയ്ക്ക് ഒന്നുറങ്ങിപ്പോയാൽ വീണ്ടും അവരവിടെ എത്തും.

പിന്നെ സ്വന്തം അനുഭവം കൂട്ടിക്കലർത്തി ഒരു മുന്നറിയിപ്പാണ് സ്ത്രീകൾ ഉച്ചയ്ക്ക് കിടന്നുറങ്ങിയാൽ ആ വീട് നശിക്കും എന്ന്.ദേഷ്യത്തോടെ ആണെങ്കിലും അവിടെനിന്ന് എഴുന്നേറ്റ് നോക്കുമ്പോൾ അവർ അവിടെ ഇവിടെയായി ഇരുന്നുറങ്ങുന്നതാണ് കാണുക.

“അപ്പോൾ കിടന്നുറങ്ങിയാലേ പ്രശ്നമുള്ളൂ ഇരുന്ന് ഉറങ്ങിയാൽ ഒരു കുഴപ്പവും ഇല്ലല്ലേ?”അത് കാണുമ്പോഴൊക്കെ അവൾ മനസ്സിൽ പിറുപിറുക്കും.

മരുമക്കളെ കാണുമ്പോൾ മാത്രം ഉൽഭവിക്കുന്ന ചില രോഗമുണ്ട് ഈ കൂട്ടർക്ക് മുറ്റമടിക്കാൻ നടുവേദന, പാത്രം കഴുകാൻ കൈ വേദന,തുണി കഴുകൻ കിതപ്പും ശ്വാസംമുട്ടലും, അങ്ങനെയെങ്ങനെ നീളും ലിസ്റ്റുകൾ. വരാനിരിക്കുന്ന മരുമകളെ കണ്ടുകൊണ്ട് മാത്രം വാങ്ങിയിട്ട മുറ്റവും പറമ്പും ആണെന്ന് വരെ തോന്നിപ്പോകും.

എല്ലാം ചെയ്യാനല്ല പറയുന്നത് പക്ഷേ തങ്ങളെ കൊണ്ടാകുന്ന ജോലികൾ എങ്കിലും ചെയ്താൽ കേറി വരുന്ന പെൺകുട്ടികൾക്ക് തങ്ങൾ വീട്ടുവേല ചെയ്യാൻ മാത്രം വന്നവർ അല്ലെന്ന
തോന്നലെങ്കിലും ഇല്ലാതെ ഇരുന്നേനെ…

മരുമകൾക്ക് വേണ്ടി ചെയ്യാൻ അസുഖം ഭാവിക്കുന്ന ഇക്കൂട്ടർക്ക് സ്വന്തം മകൾക്ക് വേണ്ടി എന്ത് ചെയ്തു കൊടുക്കാനും ഒരു വേദനയും ഇല്ല എന്നതാണ് മറ്റൊരു രസകരമായ സംഭവം.

കടുത്ത പനിയെയും വയറുവേദനയും തുടർന്നാണ് അവൾ ഭർത്താവായ സുമേഷിന്റെ കൂടെ ഹോസ്പിറ്റലിൽ എത്തിയത്.

ചികിത്സയ്ക്കിടയിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള ടെസ്റ്റുകൾക്ക് കൊടുത്ത് റിസള്‍ട്ടിനു വേണ്ടി കാത്തിരിക്കുമ്പോഴും അവൾ അവന്റെ തോളിൽ തലചാരിച്ചിരുന്നു അത്രയ്ക്ക് തളർച്ച അവൾക്ക് അനുഭവപ്പെട്ടിരുന്നു.

“പനി ഇപ്പോഴത്തെ കാലാവസ്ഥയുടെ ആണ് കൂടുതലും പിന്നെ ചെറുതായി മൂത്രത്തിൽ പഴുപ്പുണ്ട്. യൂറിനറി ഇൻഫെക്ഷൻ ഉള്ളതുകൊണ്ടാണ് ഈ കുട്ടി പറഞ്ഞതുപോലെ ചൊറിച്ചിൽ അനുഭവപ്പെടുന്നത്.

രണ്ടുദിവസം തല നനയ്ക്കുകയും വേണ്ട നന്നായി റസ്റ്റ്‌ എടുക്ക് പിന്നെ നനഞ്ഞതും ഈർപ്പം ഉള്ളതുമായ അടിവസ്ത്രങ്ങൾ ധരിക്കാതിരിക്കുക.

നന്നായി വെയിലത്തിട്ട് ഉണക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ യൂറിൻ പാസ് ചെയ്ത് കഴുകിയശേഷം നല്ല വൃത്തിയുള്ള തുണി വെച്ച് തുടയ്ക്കണം ഇക്കാര്യത്തിലേക്ക് ഇനിയെങ്കിലും നല്ല കെയർ വേണം കേട്ടോ….”

അദ്ദേഹത്തിന്റെ നിർദ്ദേശങ്ങൾക്കെല്ലാം അവൾ തലയാട്ടി. വീട്ടിൽ എത്തുമ്പോഴേക്കും അവൾ ആകെ അവശയായിരുന്നു.

അവൾക്ക് അസുഖം വന്നത് തന്നെ എന്തോ അപരാധം എന്നോണം അവർ അവളെ നോക്കി.

“നീ ഇവിടെ കിടക്ക് രണ്ടു ദിവസം നല്ലപോലെ റെസ്റ്റ് എടുക്ക് മറ്റൊന്നും ആലോചിക്കേണ്ട.”

അവൾക്ക് നല്ല ചൂട് കഞ്ഞിയും കോരി കൊടുത്ത് മരുന്നും നൽകിയശേഷം അവൻ അവളെ സമാധാനിപ്പിച്ചു.” എന്തായടാ ആശുപത്രിയിൽ പോയിട്ട്? “കടമ തീർക്കുക എന്നോണം അവർ ചോദിച്ചു.

” അവൾക്ക് മൂത്രത്തിൽ പഴുപ്പുണ്ട്. ചെറിയതോതിൽ ഇൻഫെക്ഷനും രണ്ട് ദിവസം റസ്റ്റ് എടുക്കാൻ പറഞ്ഞു. ”

“ഓഹ് ഇതൊക്കെ അത്ര കാര്യമാക്കാൻ ഒന്നുമില്ലെന്നേ..ഞാനൊക്കെ എണീറ്റ് നിൽക്കാൻ വയ്യെങ്കിലും ഓടിനടന്ന് പണി ചെയ്യുമായിരുന്നു”

പറഞ്ഞു കഴിഞ്ഞതും മകന്റെ ദഹിപ്പിച്ചുള്ള നോട്ടം അവരെ തെല്ലൊന്നു ഭയപ്പെടുത്തിഅവർ ആ സംസാരം അവിടെ വെച്ചു അവസാനിപ്പിച്ചു.

” എന്റെ വേണുവേട്ടാ നിങ്ങളുടെ മകൻ ഇങ്ങനെയൊരു പെൺകോന്തനായി പോയല്ലോ… ഭാര്യക്ക് ഒരു ദിവസം വയ്യാണ്ടായപ്പോഴേക്കും അവളുടെ അടിവസ്ത്രം വരെ അവൻ നിന്ന് കഴുകി കൊടുക്കുന്നു. ആരെങ്കിലും ഈ കാഴ്ച കണ്ടോണ്ട് വന്നാൽമതി തീർന്നു. ”

ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന തന്റെ ഭർത്താവിന്റെ പക്കലേക്ക് ഓടിവന്ന് തലയിൽ കൈവച്ചുകൊണ്ട് അവർ ആവലാതി പ്രകടിപ്പിച്ചു.

“അതിനെന്താ?? അവൻ അല്ലാതെ വേറെ ആരാ പിന്നെ അതൊക്കെ ചെയ്യേണ്ടത്?”അയാൾ നിസ്സാരമാട്ടിൽ പറഞ്ഞു.

“എന്നാലും അങ്ങനെയാണോ വേണുവേട്ടാ? അവൾ അങ്ങനെ ചെയ്യിക്കാൻ പാടുണ്ട എത്ര വയ്യാതെ കിടന്നാലും ഇന്നേവരെ നിങ്ങളെക്കൊണ്ട് ഞാൻ അങ്ങനെ ചെയ്യിച്ചിട്ടുണ്ടോ? ഞാൻ നല്ലസ്സൽ തറവാട്ടിൽ പിറന്നവളാണ്.”

ഒരു നിമിഷം മിണ്ടാതിരുന്ന് എന്തോ ഓർത്തെടുത്തത് പോലെ അയാൾ തുടർന്നു.”ഉണ്ടല്ലോ…. നീ ഗർഭിണി ആയിരുന്നപ്പോൾ ഞാൻ നിന്റെ എല്ലാ വസ്ത്രങ്ങളും കഴുകിയിട്ടുണ്ട്.”

” അതുപോലെയാണോ വേണുവേട്ടാ ഇത്? അന്നെനിക്ക് ഫുൾ റസ്റ്റ് പറഞ്ഞതുകൊണ്ടല്ലേ? ബെഡിൽ നിന്ന് പോലും അനങ്ങേണ്ടെന്ന് ഡോക്ടർ പറഞ്ഞതുകൊണ്ടല്ലേ? ഇവൾക്ക് അങ്ങനെത്തെ വല്ല കുഴപ്പവും ഉണ്ടോ? “അക്കിടി പറ്റിയത് മറച്ചുവെച്ച് അവർ തർക്കിച്ചു.

“ഗർഭകാലത്ത് മാത്രമേ ഒരു സ്ത്രീക്ക് ഭർത്താവിൽ നിന്ന് സംരക്ഷണവും പരിചരണവും പാടുള്ളൂ എന്ന് തന്നോടാ പറഞ്ഞത്? ജീവിതകാലം മുഴുവനും അത് ആവശ്യമാണ്.

അവൻ അവന്റെ ഭാര്യയുടെ അടിവസ്ത്രം കഴുകിയിടുന്നതിന് തനിക്കെന്താ? പഴഞ്ചൻ ചിന്താഗതി ഇനിയെങ്കിലും ഒന്ന് എടുത്തു കളയടോ.. സ്ത്രീകൾ എല്ലാ മേഖലയിലും മുന്നേറുന്ന ഈ കാലത്തും താൻ ഇങ്ങനെ മണ്ടത്തരം വിളമ്പാതെ…”

” തന്റെ ഭർത്താവിനോട് ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ല എന്ന് ഉറപ്പായത്തോടെയാണ് അവർ തന്റെ മകന്റെ അടുത്തേക്ക് ചെന്നത്.

“എന്താ സുമേഷേ അവളുടെ അടിവസ്ത്രം എല്ലാം ഇവിടെയാണോ ഇടുന്നത്? അതവിടെ പിന്നാമ്പുറത്ത് കൊണ്ടിട്.അച്ഛനും ഈനാശുവും എല്ലാം ഇതിലെ അല്ലേ നടക്കുന്നത്?”

“അത് ശരി അപ്പൊ അമ്മയാണ് എല്ലാത്തിനും കാരണമല്ലേ?””ഇതിവിടെ കിടന്ന് എന്ന് വെച്ച് ഒന്നും സംഭവിക്കാൻ പോണില്ല.ഇതൊക്കെ നല്ലപോലെ ചൂട് തട്ടി ഉണങ്ങേണ്ട കാര്യങ്ങളാണ് അമ്മ ഇത് ഏത് നൂറ്റാണ്ടിലാണ് ജീവിക്കുന്നത്?

“അച്ഛനും ഈനാശു ഏട്ടനും കണ്ടെന്ന് വിചാരിച്ച് എന്താ സംഭവിക്കാൻ പോകുന്നത്? എല്ലാവരും ഉപയോഗിക്കുന്ന കാര്യങ്ങൾ തന്നെയല്ലേ ഇത്? പെണ്ണുങ്ങൾ തന്നെയാണ് പെണ്ണുങ്ങളുടെ ശത്രു എന്ന് പറയുന്നത് എത്ര ശരിയാണ്..

അമ്മയുടെ തലമുറ പിന്തുടർന്ന് വന്ന എല്ലാ കാര്യവും ഈ തലമുറയും അനുകരിക്കണം എന്ന് പറഞ്ഞാൽ നടക്കില്ല അമ്മേ..കാലം മാറുന്നതിന് അനുസരിച്ച് നമ്മൾ മാറണം.

സ്ത്രീകൾക്ക് ഒരുവിധത്തിലുള്ള പ്രാധാന്യവും കൊടുക്കാത്തത് അമ്മയെ പോലെയുള്ള സ്ത്രീകൾ തന്നെയാണ്. ആണ് പെണ്ണ് എന്ന് വേർതിരിച്ച് ഇനി മേലാൽ അമ്മ സംസാരിക്കരുത്.”

ഒട്ടും പ്രതീക്ഷിക്കാത്ത മകന്റെ മറുപടി കേട്ട് അവരുടെ വായടഞ്ഞു പിന്നീട് അവർ ഒന്നും മിണ്ടാതെ അകത്തേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *