ക്ലെയ്മാക്സ്
(രചന: Vaisakh Baiju)
തീയറ്ററിനുള്ളിലെ വെളിച്ചം പൂർണമായും അണഞ്ഞിട്ടില്ല…സിനിമ തുടങ്ങുന്നതേയുള്ളു എന്തെന്നില്ലാത്ത ഒരു സന്തോഷം എന്റെ മനസ്സിൽ നിറയുന്നു … ഏറെ കൊതിച്ചതാണ് തീയറ്ററിൽ പോയി
ഒരു സിനിമ കാണാൻ. അച്ചന്റെ സ്വഭാവത്തിന് സാധാര അങ്ങനെയൊന്നും ഗ്രീൻ സിഗ്നൽ കിട്ടാറില്ല … ഇതിപ്പോ അമ്മയും ഞാനും കൂടി കുറേ പണിപ്പെട്ടിട്ടാണ് അച്ഛൻ സമ്മതിപ്പിച്ചത്.
“ദാ ഇത്തവണ… ഈയൊരു തവണ മാത്രം….ഇനി തള്ളയും മോളും കൂടി ഇതും പറഞ്ഞോണ്ട് ഇങ്ങോട്ടു വരരുത്”, അച്ഛൻ വീട്ടിൽ നിന്ന് ഇറങ്ങും മുന്പ് അടിവരയിട്ട് പറഞ്ഞു. അച്ചൻ അങ്ങനെയാണ് എനിക്ക്
ഓർമയുള്ളപ്പോൾ മുതൽ അച്ഛൻ സ്വന്തം വീടിന്റെ ഇടനാഴികളിൽ ഒതുങ്ങിയാണ് ജീവിച്ചത് …. അതിലേക്ക് ആരും വരില്ല… ഉള്ളവർ പുറത്തേക്ക് പോകുകയുമില്ല…
അച്ചന്റെയും അമ്മയുടെയും നാടുവിലായാണ് ഞാൻ ഇരിക്കുന്നത്. അച്ചൻ ഇടയ്ക്ക് ചുട്ടുപാടും അൽപം ഗൗരവത്തോട് വീക്ഷിക്കുന്നുണ്ട്…. കുറ്റമൊന്നും അച്ഛന്റെ കണ്ണിൽപെടല്ലേ എന്ന് ഞാനും അമ്മയും… പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു….
ഞങ്ങളുടെ പിൻനിരയിലേക്ക് വന്നിരുന്ന ഒരുത്തന്റെ നോട്ടവും വെളുക്കെയുള്ള ചിരിയും എനിക്ക് അത്രയ്ക്കങ്ങോട്ട് പിടിച്ചില്ല അച്ചൻ അവനെ മൊത്തത്തിൽ, അൽപം രൂക്ഷമായി തന്നെ നോക്കി. ഞങ്ങളുടെ തൊട്ടു പിന്നിലായി അവനും
അവന്റെ കുറച്ചു കൂട്ടുകാരും ഇരുന്നു ..അവിടെ ഇരുന്നുകൊണ്ടുള്ള അവന്റെയും കൂട്ടുകാരുടേയും അടക്കം പറച്ചിലുകൾ എനിക്ക് കേൾക്കാം… എല്ലാം എന്നെക്കുറിച്ചാണ്… പ്രശ്നമാക്കിയാൽ
അച്ചന്റെ സ്വഭാവത്തിന് ഉണ്ടകുന്ന കോലാഹലം ഓർത്തപ്പോൾ ഒന്നു മിണ്ടാൻ തോന്നില്ല
തീയറ്റർ വെളിച്ചം അണഞ്ഞു … സിനിമതുടങ്ങുകയാണ്… പാതിയെ ഞാൻ സിനിമ കാഴ്ചയിലേക്ക് പോയി ….നല്ല
പടം…. ഏറെ നേരം കഴിഞ്ഞു…
ഇടവേള… വെളിച്ചം തെളിഞ്ഞപ്പോൾ പിന്നിലെ നിരയിൽ ആ വഷളൻ എന്നെ നോക്കി ഒരുതരം മേല് ചൊറിയുന്ന ഒരു ചിരി ചിരിച്ചു…. അച്ചൻ വാങ്ങി വന്ന പോപ്കോൺ കൊറിച്ചു തുടങ്ങുമ്പോൾ സിനിമയുടെ അടുത്ത ഭാഗം തുടങ്ങി…
അൽപ നേരം പിന്നിട്ടു …പതുക്കെ ഞാൻ അറിയുന്നു…ആരോ ദേഹത്ത് വിരൽ കൊണ്ട് പതിയെ വരയുന്നു….ആദ്യം എന്റെ മുടിയിലേക്കും അവിടെ നിന്ന് കഴുത്തിന്റെ പിന്നിലേക്കും .. ആ വിരൽ ഓടുന്ന വഴിയിൽ തീപിടിക്കുന്നത് പോലെ എനിക്ക് തോന്നി. തീയറ്ററിലെ ഇരുട്ടിൽ അവൻ
തന്നെ നോക്കുന്നുണ്ടെന്ന് എനിക്ക് അറിയാം… അവന്റെ നോട്ടം എന്റെ മേൽ പതിയുന്നതും എനിക്ക് അറിയാൻ കഴിയുന്നുണ്ട്… അപ്പോഴും അവന്റെ മുഖത്ത് ആ വൃത്തികെട്ട ചിരി ഉണ്ടാകും…. അച്ഛനോട് പറഞ്ഞാലോ എന്ന് ഞാൻ
എൻ ആലോചിച്ചു…
വിരലുകളുടെ ചലനം അവസാനിക്കുന്നില്ല…..മാത്രമല്ല…അവന്റെ ആ വൃത്തികെട്ട തഴുകലിന് എന്തോ ഒരു വല്ലാത്ത ഒരു ബലവും കൂടിയിരിക്കുന്നു…….ദേഹത്തിന് തീപ്പിടിക്കുന്നത് പോലെ….ദേഷ്യവും
സങ്കടവും ആളികത്തുകയാണ്……എന്തോ ഒരു ബാലം എന്റെ കയ്യിലേക്ക് വരുന്നു …. ഇനിയും മിണ്ടാതിരുന്നൂടാ…എന്തും വരട്ടെ… എന്നുറപ്പിച്ച് അടുത്ത നിമിഷം സീറ്റിൽ നിന്നും ചാടിയെഴുന്നേറ്റ ഞാൻ ഇരുട്ടിൽ നീണ്ടു നിന്ന ആ കൈ പിടിച്ച് സർവ്വ ശക്തിയിൽ തിരിച്ചു..“അയ്യോ…!!!”
സിനിമയുടെ ഒച്ചയ്ക്കും ആരവങ്ങൾക്കും മീതെ….അവിടുത്തെ ഇരുളിനെ അതി മൂർച്ചയോടെ ഭേദിച്ചുകൊണ്ട് …എന്റെ അച്ഛന്റെ നിലവിളി…..അത്യുച്ചത്തിൽ …ഉയർന്ന് താണു…