നിന്നെ പെട്ടെന്ന് ഒരു ദിവസം ഭാര്യയായി കാണാൻ എനിക്ക് പറ്റില്ല. ഇത് എന്തൊരു മനുഷ്യനെന്ന തോന്നാം. പക്ഷെ

(രചന: വരുണിക)

“”ജീവിതത്തിൽ ഏറെ സ്നേഹിച്ചിരുന്നവൾ ഒരു ദിവസം കറിവേപ്പില പോലെ കളഞ്ഞിട്ട് പോകുമ്പോഴുള്ള അവസ്ഥ എന്താ എന്ന് നിനക്ക് ചിന്തിക്കാൻ കഴിയുമോ കുഞ്ഞാറ്റെ?? കഴിയില്ല.

നിനക്കെന്നല്ല, ആർക്കും കഴിയില്ല. നീ എന്റെ അമ്മയുടെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ മോൾ ആണ്. അതിൽ കൂടുതൽ നിന്നെ ഞാൻ വേറൊരു രീതിയിൽ കണ്ടിട്ടുമില്ല.

ആ നിന്നെ പെട്ടെന്ന് ഒരു ദിവസം ഭാര്യയായി കാണാൻ എനിക്ക് പറ്റില്ല. ഇത് എന്തൊരു മനുഷ്യനെന്ന തോന്നാം. പക്ഷെ ഇഷ്ടമില്ലാതെ ഒരാളെ കഷ്ടപ്പെട്ട് ഇഷ്ടപ്പെടാൻ എനിക്ക് കഴിയില്ല.

ഇന്ന് ഇവിടെ വന്നത് തന്നെ അമ്മയുടെ ഒരാളുടെ വാശിയാണ്. നീ എന്തെങ്കിലും പറഞ്ഞു ഈ കല്യാണം മുടക്കണം.

എനിക്ക് ഒരിക്കലും നിന്നെ കല്യാണം കഴിക്കാന്നോ ഭാര്യ എന്നാ സ്ഥാനത്തു കാണണോ കഴിയില്ല. എന്റെ അവസ്ഥ നീയെങ്കിലും ഒന്ന് മനസിലാക്കണം. പ്ലീസ്. ഞാൻ കാൽ പിടിക്കാം.””

പെണ്ണ് കാണാൻ വന്ന ശേഷം ചെറുക്കനും പെണ്ണിനും എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ ആകാം എന്ന് ഒരു അമ്മാവൻ പറഞ്ഞപ്പോൾ പുറത്തേക്ക് ഇറങ്ങിയതാരുന്നു കുഞ്ഞാറ്റയും കിരണും.

കിരൺ തന്റെ മനസ്സിൽ ഉള്ളത് അവളോട് പറഞ്ഞിട്ട് മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ ഒരു തരം നിർവികാരതയായിരുന്നു.

“”ഈ പ്രൊപോസൽ മുന്നോട്ട് വന്നത് ഒരിക്കലും എന്റെ ഇഷ്ടത്തിനല്ല. infact, ഇവിടെ എനിക്ക് അങ്ങനെ സ്വന്തം ഇഷ്ടങ്ങൾ ഇല്ലാതായിട്ട് ഏകദേശം നാല് വര്ഷങ്ങളായി.

സ്വന്തം ചേച്ചി സ്നേഹിച്ച ആളുടെ കൂടെ ഇറങ്ങി പോയതിന് ശേഷം നിബന്ധനകൾ വന്നത് എന്റെ ജീവിതത്തിലാണ്.

കോളേജ് കഴിഞ്ഞാൽ ഉടനെ വീട്ടിൽ വരണം, ആൺകുട്ടികളോട് അധികം സംസാരിക്കരുത്, കൂട്ടുകാരുടെ വീട്ടിൽ പോകരുത്, ആരും ഇങ്ങോട്ട് വരരുത്.

എന്തിന് ഒരുപാട് പറയുന്നു, ഒരു ദിവസം ഫോൺ അധികം ഉപയോഗിച്ചപ്പോൾ പിന്നെ എന്നും രാത്രി എട്ടു മണി ആകുന്നതിന് മുൻപ് തന്നെ അച്ഛനും അമ്മയും എന്റെ ഫോൺ വാങ്ങി വെക്കും.

ഇപ്പോൾ പിന്നെ കല്യാണ ആലോചന വരാൻ തുടങ്ങിയപ്പോൾ മുതൽ ഫോൺ കൈ കൊണ്ട് തൊടാൻ സമ്മതിക്കില്ല. ഇന്ന് ഈ പെണ്ണ് കാണൽ വരെ അവരുടെ ഇഷ്ടമാണ്.

ചേട്ടൻ അല്ലെങ്കിൽ മറ്റൊരാൾ. അവർക്ക് ആരെയാണോ ഇഷ്ടം, അവരുമായി കല്യാണം ഉറപ്പിക്കും. അവിടെ എന്റെ വാക്കിനു വലിയ പ്രസക്തി ഒന്നുമില്ല.

ഇന്ന് ഇത്ര നേരം സംസാരിക്കാൻ സമ്മതിച്ചത് തന്നെ ഫാമിലി ഫ്രണ്ട്‌സ് ആയത് കൊണ്ടാണ്. ചേട്ടന് ഇഷ്ടമായില്ലെങ്കിൽ അത് ചേട്ടൻ തന്നെ പറഞ്ഞോ. ഞാൻ പറഞ്ഞാൽ എന്നെ അതിനും ഉപദ്രവിക്കും.””

“”ഇയാൾ അങ്ങനെ പറഞ്ഞാൽ പറ്റില്ല. എനിക്ക് എന്റെ അമ്മയെ സങ്കടപെടുത്താൻ കഴിയില്ല. അത് കൊണ്ട് താൻ തന്നെ ഇതിന് ഒരു സൊല്യൂഷൻ കണ്ടെത്തിയാൽ മതി.””

അവന്റെ വാക്കു കേട്ടപ്പോൾ എന്തോ ആലോചിച്ചു ഉറപ്പിച്ചെന്ന പോലെ അവൾ ചിരിച്ചു കൊണ്ട് തലയാട്ടി.

സമാധാനത്തോടെ അവിടെ നിന്നും ഇറങ്ങിയ കിരണിന്റെ ഉള്ള സമാധാനം കൂടി പോകാൻ ആ രാത്രിയിലെ ഒരു ഫോൺ കാൾ മതിയാരുന്നു.

കല്യാണത്തിന് സമ്മതം എന്ന് കുഞ്ഞാറ്റയുടെ വീട്ടിൽ നിന്നും പറയാൻ വേണ്ടി വിളിച്ചത്.

എല്ലാം പറഞ്ഞു സമ്മതിച്ചവളുടെ ഇങ്ങനൊരു മുഖം. ആലോചിക്കുമ്പോൾ ആകെ ഭ്രാന്തു പിടിക്കുന്നത് പോലെ തോന്നി അവന്.

അടുത്ത ദിവസം അവളെ കാത്തു കോളേജിന്റെ മുന്നിൽ നിന്നപ്പോൾ കണ്ടു കൂട്ടുകാർ ആരുമില്ലാതെ ഒറ്റയ്ക്ക് നടന്നു വരുന്നവളെ. തലയിൽ ചെറിയൊരു കെട്ടുമുണ്ട്.

കിരണിനെ കണ്ടപ്പോൾ പെണ്ണ് ചിരിച്ചു കൊണ്ട് അവന്റെ അടുത്തേക്ക് വന്നെങ്കിലും അവന് ദേഷ്യം കണ്ട്രോൾ ചെയ്യാൻ കഴിഞ്ഞില്ല.

“”നിന്നോട് ഞാൻ പറഞ്ഞതല്ലെടി പുല്ലേ. എനിക്ക് ഈ കല്യാണത്തിന് താല്പര്യം ഇല്ലെന്ന്.

എന്നിട്ട് പിന്നെ എന്ത് കാര്യത്തിന എന്റെ അച്ഛനെയും അമ്മയെയും വിളിച്ചു തമ്പുരാട്ടി കല്യാണത്തിന് സമ്മതമെന്ന് പറഞ്ഞത്? കുറച്ചെങ്കിലും നാണം ഉണ്ടോ? എല്ലാം ഞാൻ നിന്നൊട് തുറന്നു പറഞ്ഞതല്ലേ.””

“”എന്നോട് എല്ലാം പറഞ്ഞ ആൾ എന്തെ ഇതൊന്നും സ്വന്തം വീട്ടിൽ പറഞ്ഞില്ല? അമ്മ സങ്കടപെടുന്നത് കാണാൻ വയ്യ അല്ലെ??? അത് പോലെ തന്നെ ഒരു അച്ഛനും അമ്മയും എനിക്കുമുണ്ട്.

അവരെ സങ്കടപെടുത്താൻ എനിക്കും കഴിയില്ല. ഇയാൾക്ക് ഈ കല്യാണത്തിൽ നിന്ന് പിന്മാർണമെങ്കിൽ സ്വയം പറയുക വീട്ടുകാരോട്. ഞാൻ ഒന്നും പറയില്ല.””

“”ഈ അഹങ്കാരത്തിനെല്ലാം നീ അനുഭവിക്കും. നോക്കിക്കോ.””””ഇപ്പോൾ അനുഭവിക്കുന്നതിൽ കൂടുതൽ ഇനി ഞാൻ ഒന്നും അനുഭവിക്കാൻ ഇല്ലെല്ലോ. അത് കൊണ്ട് അങ്ങനെ പേടിപ്പിക്കാൻ വരണ്ട.

അപ്പോൾ പിന്നെ ശെരി ചേട്ടാ. ഞാൻ പോട്ടെ. വീട്ടിൽ എത്താൻ ലേറ്റ് ആയി. ഇനി ഇന്ന് അത് മതി.””

ഇത്ര മാത്രം പറഞ്ഞു കുഞ്ഞാറ്റ ബസിൽ കയറി പോയതും ഇനി അവളുടെ വീട്ടിൽ തന്നെ പോയി കാര്യം പറഞ്ഞു മനസിലാക്കാം എന്നാ പോലെ ഒരു നിശ്ചിത അകലം ഇട്ടു അവനും ആ ബസിന്റെ പുറകിൽ പോയി.

ഇടയ്ക്ക് ഒരു ഫോൺ വന്നത് കൊണ്ട് കുറച്ചു സമയം ലേറ്റ് ആയിട്ടാണ് കിരൺ അവളുടെ വീട്ടിൽ എത്തിയത്.

അകത്തു നിന്ന് പെണ്ണിന്റെ കരച്ചിൽ കേട്ടതും ഇവൾ തന്നെയല്ലേ കുറച്ചു മുൻപ് ചീറ്റപുലി പോലെ തന്റെ നേർക്ക് വന്നതെന്ന് ആലോചിച്ചു അകത്തേക്ക് കയറിയതും

കാണുന്നത് പെണ്ണിന്റ അച്ഛൻ അവളെ ഒരു ദയയുമില്ലാതെ ബെൽറ്റ്‌ വെച്ചു തല്ലുന്നതാണ്.

അടിക്കല്ലേ അച്ഛാ എന്ന് പറഞ്ഞു കരയുന്നവളെ കണ്ടപ്പോൾ അവൻ ഒരുവേള അവൾ ആദ്യമായി തന്നോട് പറഞ്ഞ കാര്യങ്ങൾ ഓർത്തു.

“”എന്നെ ഇങ്ങനെ അടിക്കല്ലേ അച്ഛാ.. വേദനിക്കുന്നു….””കരഞ്ഞുകൊണ്ട് കുഞ്ഞാറ്റ പറഞ്ഞതും കിരണും വല്ലാതായി.

“”നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ. കോളേജ് കഴിഞ്ഞാൽ നേരെ വീട്ടിൽ വരണമെന്ന്.

പിന്നെ നീ ആരെ കണ്ടാണ് കോളേജിന്റെ മുന്നിൽ സംസാരിച്ചു നിന്നത്??? ചേച്ചിയെ പോലെ അനിയത്തിയും പോയാൽ പിന്നെ നീ ജീവനോടെ കാണില്ല. അത് ഓർമ വേണം.””””കുഞ്ഞാറ്റ എന്നോടാണെല്ലോ അച്ഛാ കോളേജിന്റെ മുന്നിൽ നിന്ന് സംസാരിച്ചത്.

ഇനി രണ്ട് മാസം കഴിഞ്ഞാൽ ഞങ്ങളുടെ കല്യാണമല്ലേ. അതിന് അച്ഛൻ എന്തിനാ ഇങ്ങന ദേഷ്യപെടുന്നത്? ഇനി എനിക്ക് ഇവളെ തരുന്നതിനു നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ???””

അകത്തേക്ക് കയറി കിരൺ പറഞ്ഞതും അയാൾ കൈയിലെ ബെൽറ്റ്‌ പെട്ടെന്ന് തന്നെ പുറകിലേക്ക് ഇട്ടു.””അത് പിന്നെ മോനെ. ഞാൻ കടയിലെ രമേശൻ….””

“”മറ്റുള്ളവർ പറയുന്നതല്ല അച്ഛാ കേൾക്കേണ്ടത്. സ്വന്തം മക്കളുടെ വാക്കാണ്. എന്നോട് പിണങ്ങിയാണ് കുഞ്ഞാറ്റ വന്നത്.

അവളുടെ പിണക്കം മാറിയോ എന്ന് അറിയാൻ വേണ്ടി ഞാൻ വെറുതെ കയറിയത. എങ്കിൽ പിന്നെ ഇറങ്ങട്ടെ. മറ്റൊരു ദിവസം വരാം.””

പിന്നീട് കുഞ്ഞാറ്റയെ ഉപദ്രവിക്കുന്നത് കുറഞ്ഞെങ്കിലും ചെറിയ തെറ്റിന് പോലും ശിക്ഷ കൊടുക്കാൻ അവർ ആരും മറന്നില്ല.കല്യാണം കഴിഞ്ഞ രാത്രിയിൽ അവൾക്ക് പുറമെല്ലാം വല്ലാത്ത വേദന തോന്നി.

കിരണിന് താല്പര്യമില്ലാത്ത കല്യാണം ആണെന്ന് തലേ ദിവസം അവൾ തന്റെ അച്ഛനോട് പറഞ്ഞു. അതിന് അവൾക്ക് അയാൾ കൊടുത്ത സമ്മാനം ആയിരുന്നു ആ അടി.

റൂമിലേക്ക് വന്ന കിരൺ കാണുന്നത് വേദന കൊണ്ട് പുളയുന്ന കുഞ്ഞാറ്റയെയാണ്.””എന്താ നിനക്ക്??? എന്തെങ്കിലും സുഖമില്ലേ???””””ഒന്നുല്ല…””

ഒറ്റ വാക്കിൽ ഉത്തരം പറഞ്ഞു അവൾ തിരിഞ്ഞപ്പോൾ ഒരു മിന്നായം പോലെ അവൻ കണ്ടു അടിയുടെ പാട്.

ബാക്കി എന്താണെന്ന് ഊഹിച്ചതും കിരൺ വേദനയുടെ ബാം എടുത്തു അവളുടെ അടുത്തിരുന്നു തോളിൽ നിന്നും ചുരിദാർ അല്പം നീക്കിയപ്പോൾ കണ്ടു ബെൽറ്റ്‌ കൊണ്ട് അടിച്ച പാട്.

അവിടെ മരുന്ന് ഇട്ടു കൊടുത്തപ്പോൾ അവളുടെ കണ്ണ് വേദന കൊണ്ട് നിറഞ്ഞിരുന്നു.””ഇത് എന്ത് കാര്യത്തിനാ നിന്നെ അടിച്ചത്?? ഏഹ്ഹ്??””

“”ഏട്ടന് ഈ കല്യാണം ഇഷ്ടമല്ല. അത് കൊണ്ട് ഇത് നടത്തരുത് എന്ന് പറഞ്ഞതിന് അച്ഛൻ സ്നേഹിച്ചതാ…””

“”ശെരിക്കും നിന്റെ അച്ഛന് എന്താ കുഴപ്പം? ഇങ്ങനെ നിന്നെ വേദനിപ്പിക്കാൻ???””

“”ഇനിയും ഇത് പറയാൻ എനിക്ക് വയ്യ ഏട്ടാ… ഒരു ദിവസമെങ്കിലും എനിക്ക് ഇങ്ങനെ വേദനയില്ലാതെ ഒന്ന് ഉറങ്ങാൻ കഴിഞ്ഞാൽ മതി.

ഏട്ടന് എന്നെ ഇഷ്ടമല്ലെന്ന് അറിയാം പക്ഷെ ഈ വീടിന്റെ ഏതെങ്കിലും മൂലയ്ക്ക് ഞാൻ കഴിഞ്ഞോലാം. ആർക്കും ഒരു ശല്യത്തിന് വരില്ല… എന്നെ തിരിച്ചു വീട്ടിൽ കൊണ്ട് വിടല്ലേ. പ്ലീസ്…””

സങ്കടത്തോടെയുള്ള അവളുടെ പറച്ചിൽ കേട്ടതും ചെക്കന് ചേർത്തു പിടിക്കാതെ ഇരിക്കാൻ കഴിഞ്ഞില്ല.

“”ഇഷ്ടമല്ലെന്ന് ഞാൻ പറഞ്ഞിരുന്നു. ഒരു പുതിയ ജീവിതം തുടങ്ങാൻ എനിക്ക് അല്പം സമയവും വേണം. പക്ഷെ അതിന്റെ അർത്ഥം ഞാൻ നിന്നെ ഉപേക്ഷിക്കുമെന്നല്ല.

അതിന് വേണ്ടിയല്ല എന്റെ താലി നിന്റെ കഴുത്തിൽ കിടക്കുന്നതും. ഇനി എന്തിനും കൂട്ട് ഞാൻ ഉണ്ട്. ഒരാളും എന്റെ പെണ്ണിനെ ഒന്നും ചെയ്യില്ല. അതിന് ഞാൻ സമ്മതിക്കില്ല.””ഇനിയെങ്കിലും അവർ സന്തോഷത്തോടെ ജീവിക്കട്ടെ…

Leave a Reply

Your email address will not be published. Required fields are marked *