ഒന്നും നടക്കാൻ പോണില്ലടി.. നമ്മുടെ മക്കൾ ഒക്കെ വലിയ ജോലിക്കാർ അല്ലെ അവര് നമ്മെ നോക്കി നമ്മടെ

മീര
(രചന: Sinana Diya Diya)

മുല്ല വള്ളികളും ചെമ്പരത്തിയും പുഷ്പങ്ങൾ വിടർത്തി ചാഞ്ഞും ചെരിഞ്ഞും നിൽക്കുന്ന ഇടവഴിയിലൂടെ തളർന്ന പാദങ്ങൾ വെച്ച് ആ അമ്മ പടിപ്പുര വാതിൽക്കലോളം എത്തി…

ഒരു നിമിഷം അവിടെ വിശ്രമിച്ചശേഷം പടിപ്പുര വാതിൽ തുറന്നു അകത്തുകയറി….നേരം കുറച്ച് ആയിരിക്കുന്നു ഞാൻ പോയിട്ട്, മാഷ് കാത്തിരുന്ന് മുഷിഞ്ഞിട്ടുണ്ടാവുമോ…..?

മാഷേ…എന്നു നീട്ടി വിളിച്ച് കോലായിലേക്ക് കയറി…. സാധാരണ കോലായിലെ ചാരുകസേരയിൽ താൻ വരുന്നത് നോക്കിയിരിക്കുന്ന ആളാണ് എവിടെ പോയി കാണുന്നില്ലല്ലോ….

മാഷേ…. പൂമുഖ വാതിൽ കടക്കുന്നതിനിടയിൽ ഒരിക്കൽ കൂടി വിളിച്ചു…..ആഹാ മാഷ് അടുക്കളയിൽ ആണോ…?

ആ ഞാൻ കാപ്പി എടുക്കായിരുന്നു…നിയ്യ്‌ എപ്പോ പോയത ഭാനു അമ്പലത്തിൽ…എന്താ വരാൻ വൈകിയേ നിന്റെ പരാതി പരിഭവവും കേട്ട് കൃഷ്ണൻ അവിടുന്ന് ഓടിയോ….അതോ മൂപ്പര് അതിനു പരിഹാരം ഉണ്ടാക്കി തരാമെന്ന് പറഞ്ഞു നിന്നെ അവിടെ നിർത്തിയോ….

“കളിയാക്കണ്ട മാഷേ ഇതാ പ്രസാദം..”ഒന്നും നടക്കാൻ പോണില്ലടി.. നമ്മുടെ മക്കൾ ഒക്കെ വലിയ ജോലിക്കാർ അല്ലെ അവര് നമ്മെ നോക്കി നമ്മടെ കൂടെ ഈ ഗ്രാമത്തിൽ ഒക്കെ നിൽക്കോ… അവരൊക്കെ ഒരുപാട് വളർന്നു നമുക്കല്ലേ അവരിപ്പോഴും കുട്ടികൾ..

വയസ്സായില്ലേ നമ്മൾ, അവർക്കൊക്കെ ഒരു ബുദ്ധിമുട്ടാണ് ഒരു ബാധ്യതയാണ് ഒന്നും വേണ്ട..

എല്ലാം നമ്മളെ ആഗ്രഹമല്ലേ അത് അങ്ങനെ തന്നെ ഇരുന്നോട്ടെ…ഓരോന്ന് ആലോചിച്ച് നീ മനസ്സ് വിഷമിപ്പിക്കേണ്ട നിനക്ക് ഞാനും എനിക്ക് നീയും ഉണ്ട് അത് മതി…..

ഇങ്ങനെയൊക്കെ പറയുമ്പോഴും നിങ്ങടെ മനസ്സ് എനിക്കറിയാം കൂടെ കൂടിയിട്ട് വർഷങ്ങളായില്ലേ… വാക്കുകൾക്ക് എന്താ ഒരു ഇടർച്ച….പിന്നെ കണ്ണിലൊരു നനവും കാണുന്നുണ്ട്…..

എത്രയൊക്കെ എന്നിൽനിന്നു മറച്ചു പിടിക്കാൻ ശ്രമിച്ചാലും നടക്കില്ല മാഷേ എന്നെപ്പോലെ മാഷിനും ഒരുപാട് ആഗ്രഹമുണ്ട് മക്കളുടെയും കൊച്ചു മക്കളുടെയും കൂടെ

ഇവിടെ താമസിക്കാൻ വാർദ്ധക്യത്തിൽ ചേർത്തുനിർത്താൻ ആൾ ഉണ്ടാവുക എന്നത് ഭാഗ്യമാണ് മാഷേ നമുക്ക് അതിന് ഭാഗ്യമില്ല…അവരെ കുറ്റം പറയാൻ യോഗ്യത നമുക്കുണ്ടോ…

അതൊക്കെ പോട്ടെ മാഷേ എന്നോട് ചോദിച്ചില്ലേ കൃഷ്ണൻ അതിന് പരിഹാരം ഉണ്ടാക്കി തന്നോ എന്നത് എന്നാ കേട്ടോളൂ ഞാൻ അമ്പലത്തിൽന്നു വരുന്ന വഴി വടക്കേതിലെ സരസ്വതി എന്നോട് ഒരു സഹായം ആവശ്യപ്പെട്ടു.

അവളുടെ അകന്ന ബന്ധത്തിൽ പെട്ട ഒരു മോളുണ്ട്, അവൾക്ക് രണ്ടു കുഞ്ഞുകുട്ടികളും ഉണ്ട് ഭർത്താവ് വേറൊരു പെണ്ണിന്റെ കൂടെ പോയതാണ് തോന്നുന്നു…

ഇവിടെ അടുത്ത് ഒരു തുണിക്കടയിൽ സെയിൽസ് ഗേൾ ആയിട്ട് ജോലി കിട്ടിയിട്ടുണ്ട്…

നമ്മുടെ പത്തായപ്പുരയിൽ അവർക്ക് താമസിക്കാൻ ഒരിടം കൊടുക്കാമോ എന്ന് ചോദിച്ചു വെറുതെ വേണ്ട ആ കുട്ടിയെ കൊണ്ട് കഴിയുന്ന പോലെ വാടക തരാമെന്നും പറഞ്ഞിട്ടുണ്ട്…..

മാഷേ എനിക്കൊരു ആഗ്രഹം വാടക കിട്ടാൻ വേണ്ടിയൊന്നുമല്ല അവരെ ഇവിടെ താമസിപ്പിച്ചാലോ അവർ ഇവിടെ താമസിക്കുമ്പോൾ നമുക്കും ഒരു കൂട്ട് ആവുമല്ലോ മിണ്ടാനും പറയാനും ഒക്കെ…

സരസ്വതിയോട് ഞാൻ മാഷിനോട് ആലോചിച്ച് പറയാം എന്നാണ് പറഞ്ഞിരിക്കുന്നത്….

ആലോചിക്കാൻ ഒന്നുമില്ല ഭാനു
അവരിവിടെ താമസിച്ചോട്ടെ നീ പറഞ്ഞപോലെ നമുക്കു മിണ്ടാനും പറയാനും ആരെങ്കിലുമൊക്കെ ഉണ്ടാവുമല്ലോ….

എന്നാ വെച്ചാൽ വരാൻ പറയൂ… ഞാൻ രാമനോട് ഒന്ന് വരാൻ പറയാം അവിടെയൊക്കെ ഒന്ന് വൃത്തിയാക്കി ഇടാൻ….

“ആയിക്കോട്ടെ ഞാൻ ഇപ്പൊ തന്നെ സരസ്വതിയെ വിളിച്ച് അറിയിക്കാം അവരോട് നാളെ തന്നെ വരാം പറയാം”..

ഇതിൽപ്പരം സന്തോഷം ആ ദമ്പതികൾക്ക് വേറെ ഇല്ലായിരുന്നു…. ഒറ്റപ്പെടലിൽ നിന്ന് ഒരു മോചനം കിട്ടുക എന്നത് എന്തിനേക്കാളും ഏറെ വലുതാണ്….

എത്രയൊക്കെ സ്വത്തും മുതലും ഉണ്ടെങ്കിൽ പോലും വയസ്സാംകാലത്ത് കൂട്ടിന് ആരും ഇല്ലാതെ കടന്നു പോകുന്ന അവസ്ഥ വാക്കുകളാൽ നിർവ്വചിക്കാൻ കഴിയാത്തതുമാണ്……

പകലുകൾ അങ്ങനെ കടന്നു പോവുമെങ്കിലും രാത്രികൾ തനിച്ചായതു കൊണ്ട് അവരെ വല്ലാതെ തളർത്താറുണ്ടായിരുന്നു….

പിറ്റേന്ന് നേരം വെളുത്തപ്പോൾ തന്നെ
മാഷും ഭാനുയമ്മയും അതിഥികളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലും സന്തോഷത്തിലും ആയിരുന്നു….

അവർക്ക് കഴിക്കാൻ ഉള്ള ആഹാരം എല്ലാം ഭാനുവമ്മ ചുറുചുറുക്കോടെ ഉണ്ടാക്കുന്നത് മാഷ് അത്ഭുതത്തോടെ നോക്കിനിന്നു…….

ഒരു നെടുവീർപ്പോടെ കൂടി ഉമ്മറത്ത് ചാരുകസേരയിൽ വന്നിരുന്നു ഓർമ്മകളിലേക്ക് ഒരെത്തിനോട്ടം എന്നപോൽ….

എവിടെയാണ് ഞങ്ങൾക്ക് പിഴച്ചത്
ചെറുപ്പം മുതലേ ഞങ്ങൾക്ക് പരസ്പരം ഇഷ്ടമായിരുന്നു വളരുംതോറും ആ ഇഷ്ടവും വളർന്നു കൊണ്ടിരുന്നു ഒരു മതം ആയിരുന്നിട്ടു പോലും

എന്തിനെയൊക്കെ വാശിയുടെ പുറത്ത് വീട്ടുകാർ അന്ന് ഞങ്ങളുടെ ബന്ധത്തെ എതിർത്തു പിന്നെ ഒന്നും നോക്കിയില്ല കിട്ടിയ സർട്ടിഫിക്കറ്റും എടുത്തു നാടുവിട്ടു സുഹൃത്തുക്കളുടെ സഹായത്തോടെ….

അന്നു വന്നു പെട്ടതാണ് ഈ ഗ്രാമത്തിൽ
കുറേ കഷ്ടപ്പെട്ടിട്ടുണ്ട് കൃഷി ചെയ്തിട്ടും കുറച്ചു സമയം പഠിക്കാൻ വേണ്ടി മാറ്റി വെച്ചിട്ടും ആണ് ഇന്ന് ഈ കാണുന്ന മാഷ് ആയത്…അവൾക്ക് പഠിക്കാൻ ആഗ്രഹം ഉണ്ടായിരുന്നു അന്നത്തെ കഷ്ടപ്പാട് കൊണ്ട് ഒന്നും നടന്നില്ല..

എനിക്ക് ജോലി ഇല്ലെങ്കിലും വേണ്ടില്ല നിങ്ങൾക്ക് നല്ലൊരു ജോലി കിട്ടിയല്ലോ അതുമതി എന്നു അവൾ എപ്പോഴും പറയുമായിരുന്നു… പക്ഷേ അവൾക്ക് കൃഷി ചെയ്യാൻ ഭയങ്കര ഇഷ്ടം ആയിരുന്നു അങ്ങനെ രണ്ടാളും കൂടി നേടിയെടുത്തതാണ് ഇന്നീ കാണുന്ന സമ്പാദ്യങ്ങളെല്ലാം…..

അതിനിടയിൽ അവൾ രണ്ടു കുട്ടികളുടെ അമ്മയുമായി…. സ്വന്തമെന്നു പറയാൻ ദൈവം ഞങ്ങൾക്ക് നൽകിയ സമ്മാനം അങ്ങനെ ഇതുവരെ കണ്ടിട്ടുള്ളൂ സ്വന്തം കഷ്ടപ്പാട് അറിയിക്കാതെ അവരെ രണ്ടുപേരെയും പഠിപ്പിച്ചു ജോലി ആക്കി…

വാർദ്ധക്യത്തിൽ ഞങ്ങൾക്ക് ഒരു തണൽ ആകും എന്ന് പ്രതീക്ഷിച്ചു എല്ലാം തോന്നൽ മാത്രമായിരുന്നു രണ്ടുപേരും ഭാര്യയും കുട്ടികളുമൊക്കെ ആയപ്പോൾ അച്ഛനുമമ്മയും വേണ്ടാതായി…

എല്ലാ ഓണത്തിനും വരും എന്ന പ്രതീക്ഷയോടെ എല്ലാം ഒരുക്കിയിട്ട് കാത്തിരിക്കും പ്രതീക്ഷ അസ്തമിക്കുമ്പോൾ പരസ്പരം സമാധാനിപ്പിച്ചു അന്നത്തെ ദിവസവും എന്നത്തേയും പോലെ കടന്നു പോകും…..

കുഞ്ഞായിരിക്കുമ്പോൾ പാടത്തും പറമ്പിലും ഒപ്പം കൈപിടിച്ച് നടന്നിരുന്ന പിള്ളേരാണ് എന്താവശ്യത്തിനും അച്ഛനോ അല്ലെങ്കിൽ അമ്മയോ കൂടെ വേണം….

ഇന്ന് എല്ലാം ഓർമ്മകൾ മാത്രം എത്രയോ ആഗ്രഹിച്ചിട്ടുണ്ട് ശബ്ദം എങ്കിലും ഒന്നു കേൾക്കാൻ… അതിനു പോലും അവർക്ക് സമയമില്ല
അവർ ഒഴിവാക്കുന്ന പോലെ നമുക്ക് ഒഴിവാക്കാൻ പറ്റുമോ….

എന്നിരുന്നാലും ഈശ്വരൻ അവരെ ബുദ്ധിമുട്ടിക്കാതെ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയെ ഉള്ളൂ….

മാഷേ മാഷ് ഇവിടൊന്നും അല്ലെ
പകൽ സ്വപ്നം കാണുകയാണോ
ഇതേ നോക്കിയെ അവരൊക്കെ വന്നിരിക്കുന്നു….

ആ ഞാനൊന്നു മയങ്ങിപ്പോയിഅകത്തേക്ക് വരൂ ട്ടോ…സരസ്വതി കുറച്ചു കാര്യങ്ങളൊക്കെ പറഞ്ഞു എന്താ കുട്ടിയുടെ പേര് മക്കൾക്ക് എത്ര വയസ്സായി..

എന്റെ പേര് മീര…മകൻ മാധവ് അപ്പു എന്നു വിളിക്കും 10 വയസ്സായി 5ൽ പഠിക്കുന്നു മകൾ മാധവി മാളു എന്നു വിളിക്കും അഞ്ചു വയസ്സ് ആയി എൽ കെ ജിയിൽ പഠിക്കുന്നു

” വിശേഷങ്ങൾ ഒക്കെ പിന്നെ പറയാം നീയവർക്ക് കുടിക്കാൻ വല്ലതും എടുക്കൂ ഭാനു….”

ഭാനുവമ്മ അകത്തേക്ക് പോയി അവർക്ക് കഴിക്കാനുള്ള ചായയും പലഹാരവും എടുത്തുവന്നു….

മോളെ എനിക്ക് ആശ്വാസമായി ഒന്നുകൊണ്ടും പേടിക്കേണ്ട നീ ഇവിടെ സുരക്ഷിത ആയിരിക്കും… എന്നാൽ ഞാൻ നിൽക്കുന്നില്ല കുട്ടികൾ അവിടെ ഒറ്റക്കാണ് ഒഴിവു പോലെ ഇനിയും കാണാലോ….

സരസ്വതി എല്ലാവരോടും യാത്ര പറഞ്ഞിറങ്ങി….. എന്നാൽ അങ്ങനെ ആവട്ടെ …

അവർ പോകുന്നതും നോക്കി നിൽക്കുന്ന മീരയെ കണ്ടപ്പോൾ മാഷ് പറഞ്ഞു സന്ധ്യ ആവാറായില്ലേ ഇന്നിവിടെ കൂടാം നാളെ മുതൽ അങ്ങോട്ട് മാറിയാൽ മതി.. രാമനോട് പറഞ്ഞിട്ട് സാധനങ്ങളെല്ലാം അകത്തേക്ക് വെക്കാം …..

അതെ മാഷ് പറയുന്നതാണ് ശരി നാളെ മുതൽ അങ്ങോട്ട് മാറാം…..കുട്ടി മക്കളെയും കൂട്ടി അകത്തേക്ക് വരൂ പരിചയകുറവൊന്നും വേണ്ട ഞങ്ങളെ സ്വന്തം അച്ഛനും അമ്മയും ആയി കണ്ടാൽ മതി….മീര സന്തോഷത്തോടെ തലയാട്ടി

ഭാനു അമ്മയും മാഷും കൂടി വീടും പരിസരവും എല്ലാം കാണിച്ചു കൊടുത്തു…മീരക്കും കുട്ടികൾക്കും എല്ലാം കൗതുകം ആയിരുന്നു…. വലിയൊരു വീട് മുറ്റം നിറയെ ചെടികൾ… തൊടിയിലാകെ ഓരോരോ തരം കൃഷികൾ…

തേങ്ങുകൾ, മാവുകൾ, പ്ലാവുകൾ അങ്ങനെ നിരവതി മരങ്ങൾ മാഷ് കുട്ടികൾക്കു പഴുത്ത പേരക്കയും ചാമ്പക്കയും പൊട്ടിച്ചു കൊടുത്തു…. തൊടിയുടെ കിഴക്ക് ഭാഗത്തു ചെറിയൊരു കുളം…. വറ്റാത്ത കിണർ അവൾ ആകാംക്ഷയോടെ ചോദിച്ചു ”

“എങ്ങനെ ഈ വയസ്സാംകാലത്ത് ഇതെല്ലാം ഇത്രക്ക് ഭംഗി ആയി ഒറ്റയ്ക്ക് നോക്കി നടത്തുന്നത്”….

ഇതൊക്കെ ഞങ്ങൾ ഒറ്റക്ക് അദ്ധ്വാനിച്ച് നേടിയെടുത്തതാണ് തന്നെയാ ഇപ്പൊ ഇതൊന്നും നോക്കി നടത്താൻ വയ്യ കുട്ടി വയസ്സായില്ലേ.. സഹായത്തിനു പണിക്കാർ ഉണ്ട്…. കൂടെ ഞങ്ങളും കൂടും പറ്റുന്ന പോലെ….

എല്ലാം കൊണ്ടും ഒരു സ്വർഗം പോലെ തോന്നി അവൾക്…..മാഷേ മാളുന്റെയും അപ്പുന്റെയും പ്രായം തന്നെയല്ലേ നമ്മുടെ കൊച്ചു മക്കൾക്കും അവരും ഇത്ര വലുതായിട്ട് ഉണ്ടാവും അല്ലെ ചെറുപ്പത്തിൽ കണ്ടതല്ലേ….

അതുകേട്ടപ്പോൾ സന്തോഷത്തോടെ കുട്ടികളുടെ കൂടെ സംസാരിച്ച് നടന്നിരുന്ന മാഷേ പെട്ടെന്ന് മൗനമായി “അതെടോ ഇവരെ കണ്ടപ്പോൾ എനിക്ക് പെട്ടെന്ന് അവരെയാണ് ഓർമ്മ വന്നത്…. മാഷ് വല്ലായ്മയോടെ പറഞ്ഞു….. ”

ഞാൻ അങ്ങനെ പറഞ്ഞത് മാഷിന് മനസ്സിൽ എന്തോ ഒരു നീറ്റൽ ഉണ്ടായി എന്ന് തോന്നുന്നു….” മുഖഭാവം കണ്ടപ്പോൾ മനസ്സിലായി…

ബാക്കിയൊക്കെ നമുക്ക് നാളെ കാണാട്ടോ.. സന്ധ്യാ ദീപം കൊളുത്താൻ സമയം ആയി കുട്ടി നിയ്യ്‌ മക്കളെയും കൂട്ടി മേൽ കഴുകി വരൂ…. “ഭാനുവമ്മ മീരയോട് പറഞ്ഞു. മീര കുട്ടികളെയും കൂട്ടി അകത്തേക്ക് പോയി….

ഭാനു അങ്ങനെ ഒന്നും ഇല്ലാന്ന് പറഞ്ഞാൽ കള്ളമാവും…. എത്ര വർഷമായി നമ്മൾ തനിച്ച് താമസിക്കുന്നു…. മക്കളും കൊച്ചുമക്കളും ഉണ്ടായിട്ടുപോലും അനാഥരെ പോലെ…. പെട്ടെന്ന് ആ കുട്ടിയെയും മക്കളെയും കണ്ടപ്പോൾ നമ്മൾക്ക് സ്വന്തമായി ആരൊക്കെ ഉള്ളതുപോലെ തോന്നുന്നു….

മാഷ് പറയുന്നത് ശരിയാണ് മനസ്സിനും ശരീരത്തിനും എന്തോ ഒരു പുതിയ ഉണർവ് എന്നപോലെ നമ്മളും തനിച്ചല്ല എന്നൊരു തോന്നൽ…. ചിലപ്പോൾ ഈശ്വരൻ എന്റെ പരാതി കേട്ട് മടുത്തിട്ടാവണം ഇവരെ നമ്മുടെ മുന്നിൽ എത്തിച്ചത് …..

ആഹാ നിങ്ങൾ രണ്ടുപേരും ഇവിടെത്തന്നെ നിൽക്കുവാണോ വിളക്ക് വെക്കാൻ സമയമായില്ലേ.. ഞങ്ങളോട് മേല് കഴുകി വരാൻ പറഞ്ഞിട്ട്…. മീര കുസൃതി ചിരിയോടെ ചോദിച്ചു..

ഞങ്ങൾ വെറുതെ ഓരോന്ന്
ഓർത്തു പോയി…. ഇപ്പൊ വരാം വിളക്കുമായി…..

വിരോധം ഇല്ലങ്കിൽ ഓർത്തതും പരാതിയും പരിഭവം ഒക്കെ എന്നോടുംകൂടി പറയാട്ടോ….
സ്വന്തം അച്ഛനും അമ്മയും ആയി കണ്ടാൽ മതി എന്നു പറഞ്ഞില്ലേ ആ സ്വാതന്ത്ര്യത്തിൽ പറഞ്ഞതാണ് ഒന്നും വിചാരിക്കരുത്…..

ഇല്ല കുട്ടി…. നീയും ഞങ്ങൾക്ക് സ്വന്തം മോളെ പ്പോലെ തന്നെയാണ്…..ഭാനു അമ്മ വിളക്കുമായി വന്നു… എല്ലാവരും കൂടെ ഇരുന്ന് സന്ധ്യാനാമം ജപിച്ചു…..

മാഷിന്റെയും അമ്മയുടെയും സന്തോഷവും നിർത്താതെയുള്ള സംസാരവും മീരക്ക് അവരോടു ഒരുപാട് ഇഷ്ടം തോന്നി…. കുട്ടികളും പെട്ടെന്ന് അവരുമായി കൂട്ടായി…..
എല്ലാവരും ഒരുമിച്ചിരുന്ന് ആഹാരം കഴിച്ച്.

അമ്മ അപ്പുറത്തേക്ക് പൊയ്ക്കോളൂ ഞാൻ ഇവിടെ എല്ലാം വൃത്തിയാക്കിയിട്ട് വരാം എന്നു പറഞ്ഞു മീര ഭാനുവമ്മയെ പറഞ്ഞയച്ചു….

പാത്രങ്ങൾ കഴുകുന്നതിന് ഇടയിൽ അവളും ആലോചിച്ചു ഈ അച്ഛനും അമ്മയും തന്നെ പോലെ ആണെന്ന് തോന്നുന്നു ഒരിറ്റ് സ്നേഹത്തിനായി സന്തോഷം വരുമ്പോഴും ദുഃഖം വരുമ്പോഴും ഓടി ചെന്ന് പറയാൻ ഒരിടം ഒരു ചേർത്തു പിടിക്കൽ ഇതൊക്കെ ആരാണ് ആഗ്രഹിക്കാത്തത്…..

എല്ലാവരും ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥയിൽ കൂടിയാണ് കടന്നുപോകുന്നത് ജീവിക്കാനുള്ള ഓട്ടത്തിൽ പരസ്പരം സ്നേഹിക്കാൻ മറന്നു പോകുന്നു ചിലർക്കു ഈശ്വരനിശ്ചയം ആവാം ഇങ്ങനെയൊക്കെ…..

അതുകൊണ്ട് തന്നെയാവും എനിക്ക് ഇവരുടെ അടുത്ത് എത്തിപ്പെടാൻ സാധിച്ചതും….

തനിക്കും ജനിച്ചിട്ട് ഇതുവരെയും അച്ഛന്റെയോ അമ്മയുടെയോ സ്നേഹവും ലാളനയും ഒന്നും കിട്ടാൻ ഭാഗ്യം ഇല്ലായിരുന്നു….

കല്യാണം കഴിഞ്ഞാൽ എങ്കിലും മനസ്സമാധാനത്തോടെ ജീവിതം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു അവിടെയും വിധി മാറ്റി എഴുതി… ഇനിയെല്ലാം മറക്കണം…

ഇന്നുമുതൽ പുതിയൊരു ജീവിതം തുടങ്ങുകയാണ് മക്കളെയും കൂട്ടുപിടിച്ച് സ്നേഹിക്കാൻ മാത്രമറിയാവുന്ന ഒരു അച്ഛന്റെയും അമ്മയുടെയും കൂടെ… അവൾക് മനസ്സിൽ എന്തോ ഒരു സന്തോഷവും സമാധാനവും തോന്നി….

പണികളൊക്കെ കഴിഞ്ഞ് അവളും ഉമ്മറത്തേക്ക് വന്നപ്പോൾ കണ്ടത് അപ്പുവും മാളുവും മാഷും അമ്മയും കൂടി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നത് ആയിരുന്നു….

അവരുടെ കുസൃതികൾ അവൾ നിറകണ്ണോടെ കുറെ നേരം നോക്കി നിന്നു…..കുട്ടി എന്താ അവിടെ തന്നെ നിന്നു കളഞ്ഞത് ഇങ്ങോട്ട് പോരു….

കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു എന്ത്
പറ്റി….പൊടി എന്തെങ്കിലും പോയോ ഞാൻ നോക്കട്ടെ..

എന്ന് ചോദിച്ച ഭാനുഅമ്മ വേഗം അടുത്തേക്ക് വന്നു വെപ്രാളത്തോടെ കൂടി….

ഇല്ല അമ്മ നിങ്ങടെ കളിചിരിയൊക്കെ കണ്ടപ്പോ മനസ്സിന് വല്ലാത്തതൊരു സന്തോഷം അതോണ്ട് കണ്ണ് നിറഞ്ഞതാണ്….ഞാൻ ആദ്യമായാണ് കുട്ടികളുമായി വേറെയൊരിടത്തു തനിച്ചു താമസിക്കുന്നത് എനിക്ക് നല്ലോണം ഭയം ഉണ്ടായിരുന്നു ഉള്ളിൽ…

പിന്നെ സരസ്വതി ചേച്ചി നിങ്ങളെ പറ്റി പറഞ്ഞപ്പോൾ കുറച്ച് ആശ്വാസമായി വന്നിട്ട് നിമിഷങ്ങൾക്കകം എനിക്ക് അത് മനസ്സിലാവുകയും ചെയ്തു…..

കുട്ടി ഒന്ന് കൊണ്ടും പേടിക്കണ്ട സ്വന്തം വീട് പോലെ കരുതിയാൽ മതി…. തനിച്ചാണ് എന്ന തോന്നൽ വേണ്ട ഞങ്ങളും കൂടെ ഉണ്ടാവും….

സംസാരിച്ചിരുന്നു നേരം പോയതറിഞ്ഞില്ല കുട്ടികൾക്കു ഉറക്കം വരുന്നുണ്ട് അവരെയും കൂട്ടി ഉറങ്ങിക്കോളൂ….. ബാക്കിയൊക്കെ നമുക്ക് നാളെ പറയാം…മാഷ് മീരയോട് പറഞ്ഞു….

അവൾ കുട്ടികളുമായി റൂമിൽ പോയി
അവരുടെ മുഖത്തെ സന്തോഷം കണ്ടപ്പോ തന്നെ അവൾ മനസ്സിലോർത്തു ഈയടുത്ത് ഒന്നും ഇവരെ എത്ര സന്തോഷത്തോടെ കണ്ടിട്ടില്ല അതിനുള്ള അവസരം ഉണ്ടായിട്ടില്ല പഠിചച്ചും കളിച്ചും നടക്കേണ്ട പ്രായത്തിൽ

എന്തോരം വേദനകളിൽ കൂടെയാണ് എന്റെ മക്കളും ഞാനും കടന്നു പോയത് ഇനിയെങ്കിലും എല്ലാറ്റിനും ഒരു അവസാനം ഉണ്ടായാൽ മതിയായിരുന്നു… എന്ന് ദൈവത്തോട് പ്രാർത്ഥിച്ചിട്ട് കിടന്നു….

എങ്കിലും അവൾക്ക് ഉറക്കം വന്നില്ല ഇന്നലെകളിലെ മുറിവുകൾ അത്രക്ക് നീറ്റൽ ഉണ്ടാക്കിയിരുന്നത് കൊണ്ട്
ഒന്നും മറക്കാൻ കഴിയാതെ ഓർമ്മകൾ വീണ്ടും വീണ്ടും കുത്തിനോവിച്ചു….

ഇനിയങ്ങോട്ട് പുതിയൊരു മീരയായി മാറണം എന്നു മനസ്സിൽ ഉറപ്പിച്ചു കൊണ്ട് എപ്പോഴോ അവൾ ഉറക്കത്തിലേക്കു വഴുതി…. പെട്ടന്നാണ് ആരോ ഉച്ചത്തിൽ കരയുന്ന പോലെ കേൾക്കുന്നത്…. അവൾ വേഗം എഴുന്നേറ്റു ഒന്നുകൂടി ശ്രദ്ധിച്ചു… തോന്നിയതാണോ….

അല്ല മാഷിന്റെയും അമ്മയുടെയും സംസാരം കേൾക്കുന്നുണ്ട് എന്താ പറ്റിയെ എന്നു ഓർത്തു കൊണ്ട് വാതിലിനരികിലേക്ക് കെട്ടഴിഞ്ഞ് മുടികൾ ഒന്നൂടെ ചുറ്റി കെട്ടി വേഗത്തിൽ നടന്നു……

അച്ഛാ എന്താ ഉണ്ടായേ… കരച്ചൽ കേട്ട പോലെ… അമ്മ ആകെ വിയർത്തല്ലോ…എന്ത് പറ്റി സുഖമില്ലേ…. മോളെ ഒന്നൂല്യ….അമ്മ എന്തോ സ്വപ്നം കണ്ടതാ… ആകെ പേടിച്ചു തോന്നുന്നു…

“ആണോ അമ്മ…ഇപ്പോ കൊഴപ്പമില്ലല്ലോ”
വെള്ളം വേണോ കുടിക്കാൻ “മോള് പോയി ഉറങ്ങിക്കോ കുഴപ്പമില്ല

വെള്ളം ഇപ്പോ മാഷ് എടുത്തു തന്നൊള്ളു….. എന്തെങ്കിലും ആവിശ്യം ഉണ്ടെങ്കിൽ വിളിക്കാൻ മടിക്കേണ്ട…. എന്നും പറഞ്ഞ് അവൾ റൂമിലേക്ക് പോയി…..

മാഷേ എനിക്ക് ആകെ പേടിയാകുന്നു
വേണ്ടാത്തത് എന്തോ വരാൻ പോവുന്ന
പോലൊരു തോന്നൽ… മനസ്സിനൊരു
അസ്വസ്ഥത…

ഹേയ് അങ്ങനെ ഒന്നും ഇല്ലെടോ ആ കുട്ടിയെയും മക്കളെയും കണ്ടപ്പോൾ ഭയങ്കര സന്തോഷം ആയിരുന്നല്ലോ പെട്ടെന്ന് എന്തുപറ്റി ഇങ്ങനെയൊക്കെ ചിന്തിക്കാൻ…..

അതൊരു സ്വപ്നമല്ലെ അതിനെ അങ്ങനെ തന്നെ കണ്ടാൽ മതി…. നീ ഉറങ്ങാൻ നോക്കൂ നാളെ രാവിലെ തന്നെ അവരെയും കൂട്ടി അമ്പലത്തിൽ പോയി തൊഴുതു വരൂ അപ്പൊൾ മനസ്സ് ശാന്തമാകും….

ആ അങ്ങനെ ചെയ്യാം എന്ന് മാഷിനോട് പറഞ്ഞു ഭാനുഅമ്മ കിടന്നു എങ്കിലും ഒരുപാട് കഴിഞ്ഞാണ് അവർക്ക് ഉറക്കം കണ്ണിൽ വീണത്…. കാലത്ത് മീര എഴുന്നേറ്റു വന്നപ്പോൾ തന്നെ ഭാനു അമ്മ അടുക്കളയില് പലഹാരങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ടായിരുന്നു…..

അമ്മ ഇത്രയും നേരത്തെ എഴുന്നേൽക്കുമോ… എന്തിനാ എല്ലാംകൂടി ഒറ്റക്ക് റെഡിയാക്കി വെച്ചത് ഞാനും കൂടി സഹായിക്കുമായിരുന്നില്ലേ….

അതൊന്നും വേണ്ട മോളെ ഞാൻ ഇതെന്നും ഒറ്റയ്ക്ക് ചെയ്യാറുള്ളതല്ലേ… കുട്ടികളെ വിളിച്ച് കൊണ്ടുവരു… വേഗം അമ്പലത്തിൽ പോയി വരാം….

കുറേനാളായി ദൈവങ്ങളുമായി അകന്നിരിക്കുകയായിരുന്നു മീര.. തന്റെ ജീവിതത്തിൽ സംഭവിച്ച പലകാര്യങ്ങളിലും ദൈവത്തിന്റെ കരുണ അല്പം പോലും ലഭിച്ചില്ലെന്ന പരിഭവം അവൾക്കുണ്ടായിരുന്നു..

മീരയുടെ കുളികഴിഞ്ഞു വരുമ്പോഴേയ്ക്കും അവൾക്കുടുക്കാനായി സ്വർണ്ണകസ്സവുള്ള നേര്യേത് തേച്ചു മടക്കി വച്ചിരുന്നു ഭാനുമതിയമ്മ…എന്തിനാ അമ്മേ എനിക്കിതെല്ലാം…

സാരല്യ മോളെ.. ഇതെല്ലാം മാഷെനിയ്ക്ക് ഓരോ വിശേഷങ്ങൾക്ക് വാങ്ങിത്തരുന്നതാണ്. എല്ലാം ക്കൂടി ഒരു അലമാരമുഴുവനുമുണ്ട്.. വീട്ടുകാരോ ബന്ധുക്കളോ ഇല്ലാത്ത ഞാൻ ഇതെല്ലാം ഉടുത്ത് എവിടെ പോവാനാ.. എനിക്കാണേൽ പെണ്മക്കളുമില്ല..

മരുമക്കൾക്ക് കൊടുത്തുകൂടെ അമ്മേ…വലിയ ആഗ്രഹമായിരുന്നു.. മരുമക്കൾക്കും കൊച്ചുമക്കൾക്കും പുടവകൾ വാങ്ങിക്കൊടുക്കണമെന്ന്.. പക്ഷെ ആരെങ്കിലും ഇങ്ങോട്ട് വന്നാലല്ലേ… അവരൊക്കെ ഒരുപാട് ദൂരെയാണ്… ഇപ്പോൾ ഞങ്ങളുടെ മനസ്സിൽ നിന്നും ഒരുപാട് ദൂരെയായി…

എല്ലാം ശരിയാവും അമ്മേ…വേഗം ഒരുങ്ങു മോളെ ഞാനൊന്ന് കാണട്ടെ ഇത് ഉടുത്തുകൊണ്ട്…

മീര കുട്ടികളെയും വിളിച്ചെഴുന്നേൽപ്പിച്ച് കുളിപ്പിച് ഒരുക്കി..വലിയ ഉത്സാഹത്തോടെ എല്ലാവരും അമ്പലത്തിലേയ്ക്ക് നടന്നു.. ഇടവഴിയിൽ കണ്ട് മുട്ടുന്നവരൊക്കെ അവരെ കണ്ട് ആശ്ചര്യപ്പെട്ടു..

ഇതാരാ ഭാനു നിന്റെ മരുമോളാണോ…കോലോത്തെ സാവിത്രി തമ്പുരാട്ടി അവരെ കണ്ടപ്പോൾ വിശേഷം ചോദിച്ചു..

അല്ല സാവിത്രി… എന്റെ അനിയത്തീടെ മകളും കൊച്ചുമക്കളുമാ… ഞങ്ങൾക്ക് കൂട്ടിനായി വന്ന്‌ നിൽക്കുന്നതാ… കുറച്ച് ദിവസം കൂടെ തന്നേക്കാണും..

അതേതായാലും നന്നായി ഭാനു… ഇനി മിണ്ടിയും പറഞ്ഞും ഇരിക്കാനൊരാളായല്ലോ..എന്നാൽ ഞങ്ങൾ നടക്കട്ടെ…

ചോദിക്കുന്നവരോടൊക്കെ അങ്ങനെ പറഞ്ഞാൽ മതിട്ടോ കുട്ടിയെ… ആശ്ചര്യം പൂണ്ട മീരയോട് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു. മീര തലയാട്ടികൊണ്ട് ഇടവഴിയിലെ പുൽക്കൊടികളിലെ മഞ്ഞു തുള്ളികളെ പോലും നോവിക്കാതെ നടന്നു…

എന്ത് അടക്കവും ഒതുക്കവും ആണല്ലേ മാഷേ അവൾക്ക്….അതേ ഭാനു ഞാനും വിചാരിക്കുകയായിരുന്നു… ഇവൾ മകളായി പിറന്നിരുന്നെങ്കിൽ എന്ന്..

അതെങ്ങിനെ മാഷേ… ജനിച്ചത് ആൺകുട്ടികൾ ആണെന്ന് അറിഞ്ഞപ്പോൾ മാഷേക്കാൾ കൂടുതൽ സന്തോഷിച്ചത് ഞാനല്ലേ..

ആരും ഇല്ലാത്ത നമുക്ക് ആൺകുട്ടികൾ തുണയാകുമെന്ന് കരുതി…വഴിപാട് ചീട്ട് എഴുതി.. എല്ലാവരുടെയും പേരിൽ മൃത്യുഞ്ചയ ഹോമം കഴിച്ചു… തിരിച്ചു വീട്ടിലേയ്ക്ക് നടക്കുമ്പോൾ മാഷ്ക്ക് എന്തോ ഒരു പരവേശം പോലെ തോന്നിതുടങ്ങി…

വീട്ടിലേയ്ക്ക് കയറി ഉമ്മറത്തെ ചാരുകസേരയിൽ ചാരിക്കിടന്നു..മീര പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി.. കുട്ടികളുടെ അഡ്മിഷനു വേണ്ടി സ്കൂളിലേയ്ക്ക് പോകേണ്ടതുണ്ട്… അതുകഴിഞ്ഞു വേണം ജോലിക്ക് കയറാൻ.. ഉച്ചവരെ ലീവ് ആവശ്യപ്പെട്ടിരുന്നു… എങ്കിലും നേരത്തെ ചെന്നില്ലെങ്കിൽ മുതലാളിയുടെ മുഖം കറുക്കും…

സ്കൂളിലേയ്ക്ക് ഞാൻ കൂടിവരാമെന്ന മാഷിന്റെ സ്നേഹത്തോടെയുള്ള സഹായം മീര നിരസിച്ചു…

വയ്യാത്തതല്ലേ മാഷേ.. അഡ്മിഷൻ ഞാൻ നേരത്തെ പറഞ്ഞു ശരിയാക്കിയിട്ടുണ്ട്… അതൊന്നും സാരല്യ കുട്ടി പത്തിരുപതിഅഞ്ചു കൊല്ലം ഞാൻ പഠിപ്പിച്ച സ്കൂളല്ലേ… എനിക്ക് വയ്യായ്ക ഒന്നുമില്ല…

മാഷും കൂടെപ്പോയി എല്ലാം ശെരിയാക്കി കൊടുത്തു….. അവൾക്ക് അതൊരു ആശ്വാസമായിരുന്നു….. പിന്നീട് അവൾ ജോലിക്കും മാഷ് വീട്ടിലേക്കും പോന്നു..

ആ മാഷ് വന്നോ എന്തായി പോയ കാര്യങ്ങളൊക്കെ എല്ലാം ശെരിയായില്ലേആടോ ശെരിയായി… അവര് പോയപ്പോൾ വീട് ഉറങ്ങിയ പോലെ

എന്നാലും വൈകിട്ട് എത്തും എന്ന് വിചാരിക്കുമ്പോൾ കാത്തിരിക്കുന്നതിനും ഒരു സുഖമുണ്ട്

മക്കളെ മാത്രം ഓർത്ത് ദിവസങ്ങൾ തള്ളി നീക്കുന്ന ആ വൃദ്ധദമ്പതികൾക്ക്
മീരയുടെയും കുട്ടികളുടെയും കടന്നുവരവ് കുറച്ചൊന്നുമല്ല ആശ്വാസം നൽകിയിരുന്നത്…..

അവളുടെ ജീവിതത്തിലെ കൈപ്പുള്ള ഓർമ്മകൾ സമ്മാനിച്ച നിമിഷങ്ങൾ,, മാഷും ഭാനുവമ്മയും വാർദ്ധക്യത്തിൽ ആരോരുമില്ലാതെ ഒറ്റപ്പെട്ടുപോയ നിമിഷങ്ങൾ പരസ്പരം പങ്കുവെച്ച് ആ ബന്ധം സ്നേഹം കൊണ്ട് ഒരുപാട് ഉയരങ്ങളിൽ എത്തിയിരുന്നു കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ…..

അവൾക്കും ഇതൊരു പുതിയ അനുഭവവും ജീവിതവും ആയിരുന്നു…. സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും, സന്തോഷം വരുമ്പോഴും സങ്കടം വരുമ്പോഴും ചേർത്ത് പിടിക്കാനും ആരെങ്കിലും ഉണ്ടാവുക എന്നത് വാക്കുകളാൽ നിർവചിക്കാൻ കഴിയാത്ത ഒന്നാണ്….

ഈ ദിവസങ്ങളെല്ലാം യാദൃശ്ചികം ആയി കിട്ടിയതാണ് എങ്കിലും ഈ കൂടിച്ചേരലും
മനസ്സുകൾ തമ്മിൽ പരസ്പരം പങ്കുവെക്കലും കളിയും ചിരിയും ആയി ഇരുവർക്കിടയിലും ഒരു ആത്മബന്ധം ഉടലെടുത്തിരുന്നു…. അതെല്ലാം പരസ്പരം ആസ്വദിച്ചിരുന്നു……

രണ്ടുകൂട്ടരും ഒരിക്കലും ഇന്നലെകളിലേക്ക് തിരിഞ്ഞുനോക്കാത്ത വിധം എല്ലാം മറവിയുടെ ആഴങ്ങളിലേക്ക് തള്ളിവിട്ട്
പുതിയൊരു പുലരിയിലേക്ക് സന്തോഷത്തോടെ കാൽ ഊന്നിയിരുന്നു… സന്തോഷത്തോടെ…

എങ്ങനെ ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞു കൊണ്ടിരിക്കെ അപ്രതീക്ഷിതമായാണ് ഒരു ദിവസം ഒരു കാർ വന്നു മുറ്റത്ത് നിൽക്കുന്നത്….

ആരാകും എന്ന ആകാംഷയിൽ എല്ലാരും നോക്കി നിന്നു… കാറിൽ നിന്നും ഇറങ്ങുന്ന ആളുകളെ കണ്ടു മാഷിന്റെയും അമ്മയുടെയും കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നതും, ഓടിച്ചെന്ന് അവരെ വീട്ടിലേക്ക് ക്ഷണിച്ചു കൊണ്ടു വരുന്നതും കാണേണ്ട കാഴ്ച്ച തന്നെയായിരുന്നു….

മോളെ ഇതാണ് ഞങ്ങടെ മക്കളും കൊച്ചുമക്കളും….മക്കളെ ഇത് മീര… നമ്മുടെ പത്തായപ്പുരയിലാണ് താമസിക്കുന്നത്…. ഞങ്ങൾ തനിച്ചല്ലേ ഇവിടെ ഞങ്ങൾക്ക് ഒരു സഹായമാണ് ആ കുട്ടി അടുത്ത് ഉണ്ടാവുന്നത്….

അപ്പോഴേക്കും മീര അവർക്ക് കുടിക്കുവാനുള്ള ഇളനീരും ആയി വന്നു …ഇത് കണ്ടപ്പോൾ മൂത്ത മരുമകൾ ചോദിച്ചു അപ്പോഴേക്കും ഇവിടെ ഗൃഹഭരണം തുടങ്ങിയോ നിയ്യ്‌…അറിഞ്ഞതൊക്കെ അപ്പൊ ശരിയാണെന്നു മനസ്സിലായി….

പെട്ടെന്നുള്ള അവരുടെ പെരുമാറ്റത്തിൽ
മാഷിനും അമ്മയ്ക്കും ഒന്നും മനസ്സിലായില്ല….പക്ഷെ മീരക്ക് ഉള്ളിൽ ഒരു നോവ് അനുഭവപ്പെട്ടു…. അവൾ ഒന്നും പറയാതെ തല താഴ്ത്തി കൊണ്ട് വേഗം മക്കളെയും കൂട്ടി പത്തായപ്പുരയിലേക്ക് നടന്നു….

എന്താ മോളെ നീ പറയുന്നത്… ആര് ഗൃഹ ഭരണം ഏറ്റെടുത്തു എന്ന പറയുന്നത്…. ആ കുട്ടി ഇവിടെ ഉള്ളത് ഞങ്ങൾക്ക് വലിയൊരു ആശ്വാസമാണ്…

അത് പോട്ടെ ഇത്രയും ദൂരം യാത്ര ചെയ്തു വന്നതല്ലേ വിശപ്പു കാണും ഞാൻ എന്തെങ്കിലും അടുക്കളയിൽ കയറി ഉണ്ടാകട്ടെ…. നിങ്ങൾ അപ്പോഴേക്കും കുളിച്ചൊക്കെ വരൂ…എന്നും പറഞ്ഞു ഭാനുവമ്മ അടുക്കളയിലേക്ക് പോയി…..

അങ്ങനെ രാത്രിയിൽ എല്ലാവരും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു…. ഇവര് വന്നതിനുശേഷം മീരയെയും കുട്ടികളെയും കണ്ടില്ലല്ലോ എന്ന് മാഷിന്റെയും ഭാനുവമ്മയുടെയും മനസ്സിൽ ഉണ്ടായിരുന്നു….

പിറ്റേന്ന് അതിരാവിലെ തന്നെ മീര
വന്ന് അവർക്കൊക്കെ രാവിലെ കഴിക്കാനുള്ളതും ഉച്ചയ്ക്ക് കഴിക്കാൻ ഉള്ളതും എല്ലാമൊരുക്കി വെക്കാൻ ഭാനുവമ്മയെ സഹായിച്ചു ….

എന്നിട്ടാണ് അവൾ ജോലിക്ക് പോയത്….
മക്കളെയും കൊച്ചുമക്കളെയും കണ്ടപ്പോൾ മാഷിനും അമ്മയ്ക്കും ഇതുവരെ കാണാത്ത ഒരു സന്തോഷം മുഖത്ത് കണ്ടത് അവൾക് സന്തോഷം നൽകി….

ഇവരൊക്കെ എത്ര ഭാഗ്യവാന്മാരാണ്.. സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു അച്ഛനെയും അമ്മയെയും കിട്ടിയില്ലേ….എന്നിട്ടും അതിന്റെ മൂല്യം അറിയാതെ പോയല്ലോ… എന്നു അവൾ മനസ്സിൽ ഓർത്തു…..

ഉച്ചക്ക് എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഇരിക്കുമ്പോഴാണ് മക്കൾ രണ്ടുപേരും പറയുന്നത്….. അച്ഛനും അമ്മയും ഇതെല്ലാം വിറ്റിട്ട് ഞങ്ങളുടെ കൂടെ വന്നു താമസിച്ചു കൂടെ ഇവിടെ ഒറ്റക്കല്ലേ… വയസ്സാൻ കാലത്ത് ഇതെല്ലാം നോക്കി നടത്തൽ ബുദ്ധിമുട്ടാണ്….

ഇത്രയും കാലം ഞങ്ങൾ ഒറ്റക്ക് ആയിരുന്നല്ലോ…. പെട്ടെന്ന് എല്ലാം വിറ്റുപെറുക്കി നിങ്ങളുടെ കൂടെ വരാം എന്നൊക്കെ പറയുമ്പോൾ അതെന്തോ ഉൾക്കൊള്ളാൻ പ്രയാസമാണ്….. വർഷങ്ങളായി ഇവിടെ വന്നു കൂടിയിട്ട് പെട്ടെന്നൊന്നും ഈ നാടിനെയും മണ്ണിനെ മറക്കാൻ കഴിയില്ല…

ഇനി ജീവിച്ചിരുന്ന അത്രയൊന്നും ഇനി ജീവിക്കാൻ പോകുന്നില്ലല്ലോ അതു കൊണ്ട് ഞങളുടെ അന്ത്യവും ഈ മണ്ണിൽ തന്നെ ആയിക്കോട്ടെ അതിനുശേഷം നിങ്ങൾ എന്താണ് വെച്ചാൽ ആയിക്കോളൂ….

അതേ മക്കളെ അച്ഛൻ പറയുന്നതാണ് ശരി…..ഈ അച്ഛനും അമ്മയും നിങ്ങൾക്ക് ഒരിക്കലും ഒരു ബുദ്ധിമുട്ട് ആകില്ല….

നിങ്ങൾക്ക് എപ്പോ വേണമെങ്കിലും ഇവിടെ വരാം ഞങ്ങൾക്ക് അതിന് സന്തോഷമേയുള്ളൂ… പക്ഷെ മക്കളും മരുമക്കളും അവരുടെ വാക്കുകൾ കേൾക്കാത്ത പോൽ പറഞ്ഞു….

അച്ഛനും അമ്മയും ഒന്നും വിചാരിക്കരുത് ഞ്ഞങ്ങൾക്കു കുറച്ച് പണത്തിന് ആവശ്യമുണ്ട് ഇത് വിൽക്കുകയല്ലാതെ ഞങ്ങളുടെ മുന്നിൽ വേറെ വഴിയൊന്നുമില്ല…..

നാളെ രണ്ടുമൂന്ന് പേര് കാണുവാൻ വരുന്നുണ്ട് വീടും പരിസരവും അവർക്ക് ഇഷ്ടം ആയാൽ വിലയും ഒത്തു വന്നാൽ നിങ്ങൾ എതിരൊന്നും നിൽക്കരുത്….

മക്കൾ ഒന്ന് ഓർത്താൽ നന്ന്… ഞങ്ങൾ ഇത്രയും നാളത്തെ കഷ്ടപ്പാട് കൊണ്ട് നേടിയെടുത്തതാണ് എല്ലാം…. നിങ്ങൾക്ക് ഇതെല്ലാം തരുന്നതു കൊണ്ട് ഞങ്ങൾക്ക് സന്തോഷമേയുള്ളൂ….

പക്ഷെ ഇത്രയും കാലം അച്ഛനുമമ്മയെയും ഓർക്കാതെ പെട്ടെന്നൊരുനാൾ വന്നപ്പോൾ അതിനു പിന്നിൽ ഇങ്ങനെ ഒരു ആവശ്യം ഉണ്ടാവുമെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല…. ഇങ്ങനെയൊരു ആവശ്യം ഇല്ലായിരുന്നുവെങ്കിൽ നിങ്ങൾ വരില്ലായിരുന്നു അല്ലേ…..

എത്ര പെട്ടെന്നാണ് അച്ഛനുമമ്മയും എന്ന ബന്ധം നിങ്ങൾക്ക് അന്യമായത്…. ഇങ്ങനെ രണ്ട് ജന്മങ്ങൾ ജീവിച്ചിരിപ്പുണ്ട് എന്ന് പോലും ഓർക്കാതെ സ്വന്തം കാര്യങ്ങൾ മാത്രം മുന്നിൽ കണ്ടു കൊണ്ട് നടക്കുന്നത്….

ഒന്നും ഇല്ലെങ്കിൽ നാളെ നിങ്ങൾക്കും ഇങ്ങനെയൊരു അവസ്ഥയിൽ കൂടി സഞ്ചരിക്കേണ്ട താണ് ആ ഒരു ഓർമ്മ എന്റെ മക്കൾ എപ്പോഴും ഓർത്താൽ നന്ന്…… ഇതെല്ലാം കണ്ടു നിങ്ങളുടെ മക്കളും പഠിക്കാതെ ഇരിക്കട്ടെ…… നാളെ പ്രവർത്തിക്കാതെയും……

മാഷ് വന്നേ…. ബന്ധത്തിന്റെ വിലയറിയാത്ത ഇവർക്ക് ഇതൊന്നും ഇപ്പോ പറഞ്ഞാൽ മനസ്സിലാകണമെന്നില്ല…..

ഞ്ഞങ്ങൾക്കു ഇതിൽ കൂടുതൽ ഒന്നും പറയാനില്ല…നാളെ ഇത് വാങ്ങാൻ വരാൻ ആരെയെങ്കിലും ഏൽപ്പിച്ചിട്ടുണ്ട് എങ്കിൽ അത് വേണ്ട എന്ന് പറഞ്ഞേക്ക്……അതാ നല്ലത്…..

ഇതും പറഞ്ഞ് മാഷും അമ്മയും അകത്തേക്ക് പോയി…..എല്ലാത്തിനും കാരണം അവളൊരുത്തിയാണ്.. അല്ലെങ്കിൽ അച്ഛനും അമ്മയും നമ്മുടെ കൂടെ വന്നേനെ.. അവളിത് തുടർന്നാൽ ചിലപ്പോൾ അച്ഛൻ സ്വത്തുക്കൾ എല്ലാം അവളുടെ പേർക്ക് എഴുതി വയ്ക്കാനും സാധ്യതയുണ്ട്…

അമ്മയുടെ ഏതോ ബന്ധവും പറഞ്ഞ് അവളിവിടെ വന്ന്‌ കയറിയത് സ്വത്തുക്കൾ തട്ടിയെടുക്കാൻ തന്നെയാവണം.. അല്ലെങ്കിൽ അമ്മയ്ക്ക് നമ്മളാരും കാണാത്തതും കേൾക്കാത്തതുമായ ബന്ധുക്കൾ എവിടെ നിന്നും വന്നു…

ചിലപ്പോൾ എല്ലാം സത്യമായിരിക്കും.. നമ്മൾ അവരെ തിരിഞ്ഞു നോക്കാതെ ആയപ്പോൾ അമ്മ തന്നെ പഴയ ബന്ധുക്കളെ തേടിപ്പോയതാവാനും സാധ്യതയുണ്ട്.. നീ ശ്രദ്ധിച്ചില്ലേ അവൾക്ക് നമ്മുടെ അമ്മയുടെ ചെറിയൊരു മുഖസാദൃശ്യവും ഉണ്ട്…

ശരിയാണ്… നമ്മുടെ ഭാര്യമാര് ഇത് വല്ലതും അറിഞ്ഞാൽ പിന്നെ അതുമതി കയറുപൊട്ടിയ്ക്കാൻ…

ചേട്ടനിപ്പോഴും ഭാര്യയെ പേടിയാണല്ലേ… വലിയ എഞ്ചിനീയറാണെന്ന് പറഞ്ഞിട്ട് ഒരുകാര്യവുമില്ല…

എന്താ നിനക്കില്ലേ പേടി… അല്ലെങ്കിലും നീ ഭാര്യ വീട്ടിലാണല്ലോ നിൽക്കുന്നത്.. പേടി കാണാതെ ഇരിക്കുമോ…

പെട്ടെന്നാണ് മീര അവിടെക്ക് കയറിവന്നത്..നിങ്ങൾ സംസാരിക്കുന്നതൊക്കെ ഞാൻ കേട്ടായിരുന്നു….ഞാനിവിടെ ഗൃഹഭരണത്തിനു ഒന്നും വന്നതല്ല.. നിങ്ങള് അറിഞ്ഞതൊന്നും ശരിയല്ല….

ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിടേണ്ടി വന്നപ്പോൾ നിവർത്തികേട് കൊണ്ട് ഇവിടെ താമസിക്കാൻ വന്നു എന്നുള്ളു…. സമ്പാദ്യം കണ്ടിട്ട് ഒന്നുമല്ല കളങ്കമില്ലാത്ത സ്നേഹം ജീവിതത്തിൽ ആദ്യമായി കിട്ടിയപ്പോൾ തട്ടിമാറ്റാൻ തോന്നിയില്ല…

ചേർത്തുപിടിച്ചു…. പലരുടെയും കണ്ണിൽ അത് തെറ്റായി കണ്ടേക്കാം….. നിങ്ങൾക്ക് അറിയുമോ ആ അച്ഛനും അമ്മയ്ക്കും നിങ്ങളെയെല്ലാം ജീവനാണ്…..പിന്നെ ഈ കാണുന്ന സമ്പാദ്യങ്ങളെല്ലാം .

അവരുടെ കാലശേഷം എല്ലാം നിങ്ങളുടെ പേരിലാണ് എഴുതി വെച്ചിട്ടുള്ളത്…..പിന്നെ എന്തിന് പേടിക്കണം… ഇങ്ങനെ ഓരോന്നു പറഞ്ഞു വിഷമിപ്പിച്ചാൽ ദൈവം പോലും നിങ്ങളോട് പൊറുക്കില്ല..

പിന്നെ അവര് നിങ്ങൾക്കെല്ലാം ബുദ്ധിമുട്ടാണെങ്കിൽ പറഞ്ഞാൽ മതി ഞാൻ നോക്കിക്കോളാം സ്വത്തുക്കളെല്ലാം നിങ്ങൾ എടുത്തോളൂ…. എനിക്ക് ഏറ്റവും വലിയ സമ്പാദ്യം അവരാണ്….

പിന്നെ രണ്ട് പേരോടുംക്കൂടി ഒരുകാര്യംക്കൂടി പറയട്ടെ.. ഒരു പരിധിയിൽ കൂടുതൽ വിധേയത്തം ഭാര്യയോടും ഭർത്താവിനോടും പാടില്ല.. അങ്ങിനെ ചെയ്താൽ ജീവിതകാലം മുഴുവൻ അവരെ പേടിച്ച് അടിമയായി കഴിയേണ്ടി വരും..

ഒരു പ്രതിസന്ധി ഘട്ടം വന്നപ്പോൾ ഞാൻ ഇട്ടെറിഞ്ഞു പോന്നതാണ് എന്റെ ദാമ്പത്യം.. എന്നെന്നേക്കുമായി ഭർതൃവീട്ടുകാരുടെ അടിമയായി ജീവിക്കേണ്ടി വരുമെന്ന അവസ്ഥ…

സ്വത്തുമാത്രം മോഹിച്ച ഭർത്താവ് രണ്ട് മക്കൾ ഉണ്ടായിക്കഴിഞ്ഞപ്പോൾ എന്റെ അച്ഛനും അമ്മയും അനിയനും താസ്സിക്കുന്ന വീടുകൂടി വിറ്റ് പണം കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു..

ജന്മനാ ബുദ്ധി മാന്ധ്യമുള്ള അനുജന് എന്തിനാണ് സ്വത്തെന്നായിരുന്നു അവരുടെ ചോദ്യം.. പക്ഷെ അവനെ ആരെങ്കിലും മരിക്കുന്നതു വരെ കഞ്ഞി കൊടുക്കണമെങ്കിൽ ആ വീടും പറമ്പും അവിടെ വേണമായിരുന്നു…

വെറുമൊരു സ്ത്രീയായ ഞാൻ അന്നു കാണിച്ച ധൈര്യം നല്ല ജോലിക്കാരായ അച്ഛന്റെയും അമ്മയുടെയും പിൻബലമുള്ള നിങ്ങൾക്ക് എന്തുകൊണ്ട് ആയിക്കൂടാ…

നിങ്ങളുടെ രണ്ടുപേരുടെയും ഭാര്യാ പേടി കാരണമാണ് അവർ സ്വത്തുക്കൾ നിങ്ങൾക്ക് എഴുതി തരാത്തത്..

ഇപ്പോഴേ നിങ്ങളുടെ കൈകളിൽ എത്തിയാൽ അവളുമാർ അതെല്ലാം വിറ്റ് അവളുമാരുടെ പേരിലാക്കാനും മടിക്കില്ല. പിന്നീട് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ട് വന്നാൽ മറ്റുള്ളവരുടെ മുന്നിൽ ഇരക്കേണ്ടി വരും…

നിങ്ങൾക്ക് ഇപ്പോഴും ഭാര്യ വീട്ടുകാരുടെ മുന്നിൽ അൽപ്പമെങ്കിലും വിലയുള്ളത് നിങ്ങൾക്ക് ഭാവിയിൽ ലഭിക്കാവുന്ന അളവറ്റ പിതൃസ്വത്തിന്റെ പിൻബലം മാത്രമാണ്..

അത്‌ ഉറപ്പായും നിങ്ങൾക്ക് അച്ഛന്റെയും അമ്മയുടെയും കാലശേഷം ലഭിയ്ക്കും..അതും പറഞ്ഞു അവൾ നടന്നു നീങ്ങി

ഏട്ടാ ഒന്നും വേണ്ടായിരുന്നു അല്ലേ… അവൾ പറഞ്ഞത് ശരിയാണെന്ന് ഇപ്പോൾ തോനുന്നു..അച്ഛനും അമ്മയ്ക്കും ഒരുപാട് വിഷമമായി ക്കാണും..നമ്മളെ അവർ എങ്ങനെ വളർത്തിയതാണ്…

എന്നിട്ടും ജോലിതിരക്കും ഭാര്യ വീട്ടുകാരുടെ വാക്കും കേട്ട് മനപ്പൂർവ്വം മറന്നു….. എന്നിരുന്നാലും വർഷങ്ങൾക്കുശേഷം കണ്ടപ്പോൾ പരാതിയോ പരിഭവമോ ഇല്ലാതെ നമ്മെ ചേർത്തു പിടിച്ചതും കണ്ടോ…..

അതേ…വെറുതെ ആരുടെയൊക്കെയോ വാക്കുകൾ കേട്ട് നമ്മൾ നമ്മുടെ അച്ഛനോടും അമ്മയോടും അങ്ങനെ സംസാരിക്കാൻ പാടില്ലായിരുന്നു….

അതേടാ നീ പറഞ്ഞതാണ് ശരി നമ്മൾ അങ്ങനെ ഒന്നും സംസാരിക്കാൻ പാടില്ലായിരുന്നു……

മറ്റൊരാൾ പറഞ്ഞു അറിയേണ്ടി വന്നു നമ്മളുടെ അച്ഛനെയും അമ്മയെയും അല്ലേടാ….അതെ ഏട്ടാ….

എന്താ ചേട്ടനും അനിയനും കൂടെ ഇവിടെ സംസാരം.. നമ്മൾക്ക് സ്വത്തു ഭാഗം വയ്പ്പ് നാളെ തന്നെ നടത്തണം.. എന്നിട്ട് എത്രയും പെട്ടെന്ന് വീട്ടിൽ പോകാം..എന്റെയും ഇവളുടെയും അച്ചന്മാർ നാളെ വരാമെന്നു പറഞ്ഞിട്ടുണ്ട്… രണ്ട് പേരുടെയും ഭാര്യമാർ ഐക്യകണ്ടെന്ന പറഞ്ഞു..

എന്തിനു… തൽക്കാലം സ്വത്തുക്കൾ ഒന്നും ഭാഗം വയ്ക്കുന്നില്ലെന്നു അച്ഛൻ പറഞ്ഞതല്ലേ… അത്‌ അങ്ങിനെ തന്നെ മതി… മൂത്തയാൾ ശബ്ദം ഉയർത്തി കൊണ്ട് പറഞ്ഞു…

എന്നാലെ നാളെ തന്നെ നമുക്ക് തിരിച്ചു പോകാം… ഇനി ഈ വീടുമായി ഒരു ബന്ധവും വേണ്ട…

ആ .. നീ വേണേൽ പൊയ്ക്കോ… പോകുമ്പോഴേ ടാക്സി വിളിച്ച് പൊയ്ക്കൊള്ളണം…. ഞങ്ങൾ ഇവിടെ കുറച്ച് ദിവസം നിന്നിട്ടെ വരുന്നുള്ളു… അനിയൻ ഭാര്യയെ പരിഹസിച്ചു കൊണ്ട് പറഞ്ഞു നിർത്തി..

രണ്ട് ഭാര്യമാരും എന്താണ് സംഭവിച്ചത് എന്നറിയാതെ പരസ്പരം മുഖത്തോടു മുഖം നോക്കി നിന്നു… ചേട്ടനും അനിയനും ചിരിച്ചു കൊണ്ട് അച്ഛന്റെയും അമ്മയുടെയും അടുത്തേയ്ക്ക് നടന്നു…..

Leave a Reply

Your email address will not be published. Required fields are marked *