ആര്യമോള് സഹകരിക്കുവാണെങ്കിൽ ഞങ്ങൾക്കും അറിയാം പഠിപ്പിക്കാൻ..” അജിത്ത് ശരീരത്തിനോട് ചേർന്ന് നടന്നുകൊണ്ട് പറഞ്ഞു..

ഏട്ടൻ
(രചന: ദേവാംശി ദേവ)

സ്‌പെഷ്യൽ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് നടക്കുമ്പോൾ സമയം അഞ്ചര കഴിഞ്ഞിരുന്നു…

കലുങ്കിൽ പതിവുപോലെ ഇരിക്കുന്ന കാർത്തിക്കിനെയും അജിത്തിനെയും കണ്ടപ്പോൾ തന്നെ ഒരു വിറയൽ തന്റെ ശരീരത്തിലേക്ക് പടരുന്നത് അറിഞ്ഞു…

ജോലിക്കും കൂലിക്കും പോകാതെ ക ള്ളും ക ഞ്ചാ വു മായി നടക്കുന്ന നാട്ടിലെ ഒരു വൃത്തികെട്ട ഗ്യാങിലുള്ളതാണ് അവർ രണ്ടുപേരും..

“ആര്യ എന്താ താമസിച്ചത്…
ക്ലാസ് ഉണ്ടായിരുന്നോ..”അജിത്തിന്റെ ചോദ്യം കേട്ടതും മറുപടി പറയാതെ നടത്തത്തിന്റെ വേഗത കൂട്ടി…

“മിക്സഡ് സ്കൂളിൽ അല്ലെ പഠിക്കുന്നത്…സ്‌പെഷ്യൽ ക്ലാസ്സ് ആയിരിക്കും..” കാർത്തിക് ആണ്.

“ആര്യമോള് സഹകരിക്കുവാണെങ്കിൽ ഞങ്ങൾക്കും അറിയാം പഠിപ്പിക്കാൻ..”
അജിത്ത് ശരീരത്തിനോട് ചേർന്ന് നടന്നുകൊണ്ട് പറഞ്ഞു..

അവനെ ദേഷ്യത്തോടെ നോക്കിയിട്ട് വീട്ടിലേക്ക് ഓടുമ്പോൾ അനുസരണയില്ലാതെ കണ്ണീർ ഒഴുകി ഇറങ്ങുന്നുണ്ടായിരുന്നു..

“നീ കൂടുതൽ നല്ല പിള്ള ചമയല്ലേ മോളെ.. ഒന്നുമില്ലെങ്കിലും ആ തള്ളയുടെ മോള് തന്നെ അല്ലെ നീയും..” കാർത്തിക് പുറകിൽ നിന്ന് ഉറക്കെ വിളിച്ചു പറയുന്നുണ്ട്..

ഓടി വീടിന്റെ അടുത്ത് എത്തിയപ്പോൾ തന്നെ കണ്ടു വേലിക്കൽ നിൽക്കുന്ന അമ്മയെ..

“എവിടെ ആയിരുന്നെടി ഇതുവരെ..
നിന്റെ തളളയെപോലെ ഏതെങ്കിലും കുടുംബം തകർക്കാൻ ഇറങ്ങി തിരിച്ചതാണോ…”

“സ്‌പെഷ്യൽ ക്ലാസ്‌ ഉണ്ടായിരുന്നു അമ്മേ..”കൂടുതൽ ചോദ്യങ്ങൾക്ക് ഇടനൽകാതെ അകത്തേക്ക് നടന്നു.. ബാഗ് മുറിയിൽ കൊണ്ട് വെച്ച് അടുക്കളയിൽ ചെന്ന് കുടത്തിൽ നിന്ന് ഒരു ഗ്ലാസ് വെള്ളമെടുത്ത് വായിലേക്ക് ഒഴിച്ചു…

എന്നിട്ടും പരവേശം തീരുന്നുണ്ടായിരുന്നില്ല.. അജിത്തും കാർത്തിക്കും പുറകെ കൂടിയിട്ട് കുറെ ദിവസാമായി.. നാട്ടിലെ പെൺകുട്ടികളുടെ പുറകെ നടക്കുന്നത് അവരുടെ ജന്മാവകാശം പോലെ ആണ്..

പല കുട്ടികളുടെയും അച്ഛനും ആങ്ങളമാരും അവരെ നന്നായി പെരുമാറിയിട്ടും ഉണ്ട്.. പക്ഷെ തനിക്ക് വേണ്ടി ചോദിക്കാൻ ആരും തന്നെ ഇല്ല..

ആ ഓർമ വീണ്ടും കണ്ണ് നിറച്ചു..“തമ്പുരാട്ടി ഇവിടെ വന്ന് നിൽക്കുവാണോ… വിളക്ക് വെക്കാൻ നേരായി.. പോയി മുറ്റം അടിച്ചുവാരെഡിനശൂലമേ..”

യൂണിഫോം പോലും മാറ്റാൻ നിൽക്കാതെ പിന്നാമ്പുറത്തേക്ക് ഇറങ്ങി ചൂലെടുത്ത് മുറ്റത്തേക്ക് നടന്നു…

മുറ്റം അടിച്ചു വാരുമ്പോൾ ആണ് വേലിക്കൽ വസന്ത ചേച്ചിയുടെ തല പ്രത്യക്ഷപ്പെട്ടത്.. രണ്ട് വീട് അപ്പുറത്താണ് വസന്ത ചേച്ചിയുടെ വീട്…പരദൂഷണം വസന്ത എന്നാണ് അവർ അറിയപ്പെടുന്നത് തന്നെ…

എന്തെങ്കിലും ചെറിയ കാര്യം കിട്ടിയാൽ പൊടിപ്പും തൊങ്ങലും വെച്ച് അതിനെ നാട്ടിൽ പാട്ടാക്കിയില്ലെങ്കിൽ അവർക്കൊരു സമാധാനവും കിട്ടില്ല..

“ടീ…. കണ്ടവമാരുടെകൂടെ അഴിഞ്ഞാടി നടക്കാൻ ആണോടി നീ പഠിക്കാണെന്നും പറഞ്ഞ് രാവിലെ ഇറങ്ങുന്നത്..” എന്റെ കൈയ്യിലെ ചൂല് പിടിച്ചു വാങ്ങി അമ്മ എന്നെ തല്ലാൻ തുടങ്ങി…

അജിത്തും കാർത്തിക്കും സംസാരിച്ച കാര്യമാണ് വസന്ത ചേച്ചി അമ്മയോട്
പറഞ്ഞതെന്ന് മനസ്സിലായി.. ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. സത്യം പറഞ്ഞാലും വിശ്വസിക്കില്ല..

ചൂലിന്റെ കെട്ട് അഴിഞ്ഞ് താഴേക്ക് വീണപ്പോൾ ആണ് അമ്മ തല്ല് നിർത്തിയത്.. എന്നെ പിടിച്ച് മുറ്റത്തേക്ക് തള്ളി.. ചെന്ന് വീണത് ഏട്ടന്റെ മുന്നിൽ ആണ്.. ഒന്നും മിണ്ടാതെ എഴുന്നേറ്റ് അകത്തേക്ക് പോയി..

അമ്മ എന്തൊക്കെയോ ഏട്ടനോട് പറയുന്നുണ്ട്… ഏട്ടന്റെ ചോദ്യം ചെയ്യലിനെ പേടി ഇല്ല..കാരണം ദേഷ്യപ്പെടാനായി പോലും ആ മനുഷ്യൻ എന്നോടൊന്ന് മിണ്ടില്ല…

എനിക്ക് വേണ്ടി അവസാനമായി സംസാരിച്ചത് രണ്ട് വർഷം മുൻപാണ്..
എല്ലാ വിഷയങ്ങൾക്കും ഫുൾ എ പ്ലസ് വാങ്ങി പത്താംക്ലാസ് ജയിച്ചിട്ടും ഇനി പഠിക്കാൻ പോകണ്ട എന്ന് അമ്മ പറഞ്ഞപ്പോൾ

“പൊക്കോട്ടെ അമ്മേ.. ഇല്ലെങ്കിൽ നാട്ടുകാര് എന്തെങ്കിലുമൊക്കെ പറയും..” എന്ന് പറഞ്ഞ് അമ്മയെ കൊണ്ട് സമ്മതിപ്പിച്ചത് ഏട്ടാനായിരുന്നു..

കുറെ നേരം അങ്ങനെ ഇരുന്നു.. പിന്നെ എഴുന്നേറ്റ് പോയി പുറം കഴുകി പഠിക്കാനായിരുന്നു..

എത്രയൊക്കെ ശ്രെമിച്ചിട്ടും മനസ്സ് കൈവിട്ടു പോകുന്നു.. വർഷങ്ങൾക്ക് മുൻപ് ഈ കുഞ്ഞുവീട്ടിൽ പൊട്ടിച്ചിരിച്ച് ഓടി നടന്നിരുന്ന ഒരു ആര്യ ഉണ്ടായിരുന്നു… അച്ഛന്റെയും അമ്മയുടെയും അച്ചൂട്ടി..

എനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ ആണ് അടുത്ത വീട്ടിൽ പുതിയ ആളുകൾ വാടകയ്ക്ക് താമസത്തിന് എത്തുന്നത്..
വേണു മാമനും സുജമാമിയും വിഷ്ണു ഏട്ടനും..

അനാഥനായ വേണു മാമന്റെ കൂടെ ഒളിച്ചോടി പോയതായിരുന്നു സുജമാമി.. അതുകൊണ്ട് തന്നെ അവരുടെ വീട്ടുകാരൊന്നും മിണ്ടില്ലായിരുന്നു..

ഒരുപാടിടത്ത് മാറി മാറി താമസിച്ചാണ് അവർ ഇവിടെ എത്തിയത്
വളരെ പെട്ടെന്ന് തന്നെ രണ്ട് കുടുംബവും അടുത്തു.. വേണുമാമൻ അച്ഛന്റെ കൂടെ ജോലിക്ക് പോയി തുടങ്ങി..

സുജമാമിക്ക് എന്നെ ജീവനായിരുന്നു.. എന്നെ കുളിപ്പിക്കുന്നതും ഒരുക്കുന്നതും ആഹാരം തരുന്നുമെല്ലാം സുജമാമി ആയിരുന്നു.. കൂടപ്പിറപ്പുകൾ ഇല്ലാത്ത എനിക്ക് വിഷ്ണുവേട്ടൻ ഏട്ടനും ഞാൻ ഏട്ടന് കുഞ്ഞനുജത്തിയും ആയിരുന്നു..

എന്നാൽ എല്ലാ സന്തോഷങ്ങളും തകർത്തുകൊണ്ടാണ് അന്ന് നേരം പുലർന്നത്…

വീട്ടിൽ ആളൊക്കെ കൂടിയിട്ടുണ്ട്..
അച്ഛൻ ഉമ്മറത്തെ കസേരയിൽ തകർന്നിരിക്കുന്നു… അമ്മയെ അവിടെയൊന്നും കണ്ടില്ല…നേരെ സുജമാമിയുടെ വീട്ടിൽ ചെന്നപ്പോൾ മാമി അലമുറയിട്ട് കരയുകയാണ്..
കണ്ടിട്ട് പേടി തൊന്നി..

“നിന്റെ അമ്മയും എന്റെ അച്ഛനും ഒളിച്ചോടി പോയി..” ഏട്ടടുത്തേക്ക് ചെന്നപ്പോൾ ദേഷ്യത്തോടെ പറഞ്ഞു..

അതിന്റെ അർത്ഥം തിരിച്ചറിയാൻ പിന്നെയും വർഷങ്ങൾ വേണ്ടി വന്നു..
പക്ഷെ അന്നത്തോടെ സുജമാമിയും വിഷ്ണുവേട്ടനും ഇങ്ങോട്ട് വരികയോ എന്നോട് മിണ്ടുകയോ ചെയ്യുമായിരുന്നില്ല..

ദിവസങ്ങൾ കഴിയും തോറും വിഷ്ണുവേട്ടനും സുജമാമിയും മുഴുപട്ടിണിയിൽ ആയി.. പിന്നെ ഒരു ദിവസം സന്ധ്യക്ക് വീട്ടുടമസ്ഥൻ വന്ന് അവരെ ഇറക്കി വിട്ടു…

അന്ന് അച്ഛൻ അവരെ ഇങ്ങോട്ട് കൂട്ടികൊണ്ട് വന്നു.. ഒരുപാട് സന്തോഷമായിരുന്നു എനിക്ക് അന്ന്.. പക്ഷെ അവരുടെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നില്ല..

പിന്നീട് ഒരു ദിവസം അച്ഛൻ പറഞ്ഞു ഇനി സുജമാമി എന്ന് വിളിക്കണ്ട അമ്മയെന്ന് വിളിച്ചാൽ മതിയെന്ന്.. ഏട്ടനോട് അച്ഛൻ എന്ന് വിളിക്കാനും പറഞ്ഞു…

ഞാൻ സന്തോഷത്തോടെ അങ്ങനെ വിളിച്ച് തുടങ്ങിയെങ്കിലും അമ്മയോടുള്ള ദേഷ്യം മൊത്തം അവർ എന്നോട് തീർക്കുമായിരുന്നു..

ഏഴിൽ പഠിക്കുമ്പോൾ ആണ് അച്ഛന്റെ മരണം..അതോടെ പൂർണമായും ഒറ്റപ്പെട്ടു… വിഷ്ണുവേട്ടൻ അന്ന് ജോലിക്ക് പോയി തുടങ്ങിയത് കൊണ്ട് പട്ടിണി കിടന്നില്ല….

ഓരോന്ന് ഓർത്ത് എപ്പോഴോ ഉറങ്ങി… രാവിലെ എഴുന്നേറ്റ് കുറച്ചു നേരം പഠിച്ചിട്ട് അടുക്കളയിലേക്ക് ചെന്ന് അമ്മയെ സഹായിച്ചു.. പ്രാക്കുകളും കുറ്റപ്പെടുത്തലുകളും മുറക്ക് നടക്കുന്നുണ്ടെങ്കിലും ഒന്നിനും ചെവികൊടുക്കാൻ പോയില്ല..

വൈകുന്നേരം ക്ലസ്സ് കഴിഞ്ഞു വരുമ്പോൾ രണ്ടും കലുങ്കിൽ ഇരിപ്പുണ്ട്…
എന്തൊക്കെയോ പറഞ്ഞു..മൈൻഡ് ചെയ്യാതെ മുന്നോട്ട് നടന്നു.. പെട്ടെന്ന് ആണ് കാർത്തിക് എന്റെ കൈയ്യിൽ കടന്ന് പിടിച്ചത്..

“അങ്ങനെ അങ്ങ് പോവല്ലേ മോളെ… കുറച്ച് നേരം ഒന്ന് മിണ്ടിയും പറഞ്ഞും ഇരുന്നിട്ട് പോകാം… നിന്റെ അമ്മേടെ കഴിവ് കുറച്ചെങ്കിലും കാണിക്ക് മോളെ..”

മറുപടി പറയാൻ തുടങ്ങിയതും പടക്കം പൊട്ടുംപോലെ ശബ്ദം കേട്ടത്..
കാർത്തിക്ക് ഒരു സൈഡിലേക്ക് വീണ് കിടപ്പുണ്ട്..

“കഴിവ് ഞാൻ തെളിയിച്ചാൽ മതിയോട…
ഇവളുടെ അമ്മ പോയത് എന്റെ അച്ഛന്റെ കൂടെയാണ്..

അപ്പൊ ആ അച്ഛന്റെ കഴിവ് എനിക്കും കാണും…അത് തെളിയിക്കാൻ ഞാൻ നിന്റെയൊക്കെ വീട്ടിൽ കയറി വരട്ടെ..”
എന്നെയും ചേർത്ത് പിടിച്ചു അവരോട് പറയുന്ന വിഷ്ണുവേട്ടൻ കണ്ണെടുക്കാതെ നോക്കി നിന്നു..

വിഷ്ണുവേട്ടന്റെ ദേഷ്യം കണ്ട് ഓടാൻ തുടങ്ങിയ അജിത്തിനെ ഷർട്ടിന്റെ കോളറിൽ പിടിച്ച് തൂക്കിയെടുത്തു..

“ഇവളെന്റെ പെങ്ങൾ ആണ്.. ഇനി നീയൊക്കെ ഇവളുടെ നിഴൽവെട്ടത്ത് വന്നാൽ…. കൊ ന്നിട്ട് ജ യിൽ പോകാനും മടിക്കില്ല വിഷ്ണു..”

കാർത്തിക്കും അജിത്തും തലയാട്ടികൊണ്ട് അവിടുന്ന് ഓടിപ്പോയി.. വീട്ടിലേക്ക് നടക്കുമ്പോൾ ഏട്ടൻ എന്നെ ചേർത്ത് പിടിച്ചിട്ടുണ്ടായിരുന്നു..

“ഏട്ടന് എന്നോട് ദേഷ്യം…..”“ഉണ്ടായിരുന്നു… അറിവില്ലാത്ത പ്രായത്തിൽ….പിന്നെ മനസ്സിലായി നീയൊരു തെറ്റും ചെയ്തിട്ടില്ല എന്ന്.. അന്നുമുതൽ കാത്തിരിക്കുകയാണ് നിന്റെ ഏട്ടാന്നുള്ള വിളിക്ക്…”

അത് പറയുമ്പോൾ ഏട്ടന്റെ കണ്ണും നിറഞ്ഞിട്ടുണ്ട്.. വീട് എത്തിയപ്പോൾ കണ്ടു വേലിക്കൽ നിൽക്കുന്ന അമ്മയെ.. വേഗം എട്ടനിൽ നിന്ന് അകന്നുമാറാൻ ശ്രെമിച്ചപ്പോൾ ഏട്ടൻ ഒന്നുകൂടി ചേർത്തു പിടിച്ചു..

“അച്ഛനും ഞാനും ആയിരുന്നു അമ്മയുടെ ലോകം… അച്ഛൻ ചതിച്ചു എന്നത് അമ്മയെ ആകെ തകർത്തു കളഞ്ഞു.. ഒരിക്കലും ഇഷ്ടത്തോടെ ആയിരുന്നില്ല അമ്മ നിന്റെ അച്ഛന്റെ ഭാര്യയായത്..

ഞാൻ പട്ടിണി കിടക്കാതിരിക്കാൻ ആണ്.. അതുകൊണ്ട് തന്നെ ആ ജീവിതത്തിൽ ഒരിക്കലും അമ്മ സന്തോഷച്ചിട്ടില്ല.. അത് അമ്മയുടെ മനസ്സിനെ പിന്നെയും തളർത്തിയതെയുള്ളു..

അതുകൊണ്ടാണ് അമ്മ നിന്നോട് എന്നും വൈരാഗ്യത്തോടെ പെരുമാറിയത്.. പക്ഷെ അത് മനസ്സിലാക്കാൻ ഞാനും വൈകി..

ഇന്ന് ഞാൻ അമ്മയെയും കൂട്ടി ഒരു സൈക്യാർട്ടിസ്റ്റിൻെറ അടുത്ത് പോയി…അവർ അമ്മയോട് കുറെ നേരം സംസാരിച്ചു.. എല്ലാം പറഞ്ഞു
മനസ്സിലാക്കിയിട്ടുണ്ട്…

എങ്കിലും ചിലപ്പോ പഴയത് പോലെ ആകാനും സാധ്യതയുണ്ട്‌.. അത് നമുക്ക് ഒരുമിച്ച് ശരിയാക്കാം..എന്തേ…”

ഏട്ടന് എന്നോട് ചോദിച്ചപ്പോൾ കണ്ണീരിനിടയിലും ഞാൻ പുഞ്ചിരിയോടെ തലയാട്ടി..

എന്നെ കണ്ടതും അമ്മയോടി വന്ന് കെട്ടിപ്പിടിച്ചു…നെറുകയിൽ ഉമ്മവെച്ചു..
കുറെ മാപ്പ് പറഞ്ഞു…

രാത്രി എനിക്ക് ചോറ് വാരി തന്നു..
അത് കണ്ട് ഏട്ടനും അടുത്ത് വന്ന് വായ് തുറന്നപ്പോൾ ഏട്ടനും കൊടുത്തു..
രാത്രി അമ്മ എന്നെ കെട്ടിപിടിച്ചാണ് ഉറങ്ങിയത്…

വർഷങ്ങൾക്ക് ശേഷം അമ്മയുടെ സ്നേഹവും ചൂടും ഞാൻ അറിഞ്ഞുതുടങ്ങി..

പിറ്റേന്ന് സ്കൂളിൽ പോകാൻ ഇറങ്ങിയപ്പോൾ ഏട്ടൻ ബൈക്കിക് കൊണ്ടാക്കാം എന്ന് പറഞ്ഞു..
ഒരുപാട് സന്തോഷം തോന്നി..

കൂട്ടുകാരോക്കെ അവരുടെ സഹോദരൻമാരോടൊപ്പം ബൈക്കിൽ വരുമ്പോൾ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്..

“അച്ചു…” ബൈക്കിൽ നിന്ന് ഇറങ്ങി സ്കൂളിലേക്ക് നടക്കുമ്പോൾ ആണ് ഏട്ടൻ വിളിച്ചത്..

“എന്താ ഏട്ടാ..”“ഇനിയാരെങ്കിലും ശല്യപ്പെടുത്തൻ വന്നാൽ പറഞ്ഞേക്കണം.. ചോദിക്കാൻ ഏട്ടൻ വരുമെന്ന്… വിഷ്‌ണുവിന്റെ അനിയത്തിയാണെന്ന്..”

പുഞ്ചിരിയോടെ തലയാട്ടുമ്പോൾ മനസ്സ് നിറഞ്ഞിരുന്നു… ഞാൻ ഒറ്റക്ക് അല്ല..
എനിക്ക് സ്നേഹിക്കാൻ അമ്മയുണ്ട്…
പിന്നെ എന്റെ കുറുമ്പുകൾക്കൊക്കെ കൂട്ടുനിൽക്കാനും എന്നെ പൊതിഞ്ഞു പിടിച്ച് സംരക്ഷിക്കാനും ഒരേട്ടനും…

Leave a Reply

Your email address will not be published. Required fields are marked *