ദാനം നൽകിയിട്ട് സദാസമയവും അതുതന്നെ പറയുകയാണെങ്കിൽ പിന്നെ കൊടുത്തിട്ട് എന്ത്‌ കാര്യം?ഒരു കൈ കൊടുക്കുന്നത് മറ്റൊരു കൈ അറിയരുത് എന്നല്ലേ പറയാറ്

(രചന: അംബിക ശിവശങ്കരൻ)

മകന്റെ ഒന്നാം പിറന്നാൾ ആയതുകൊണ്ട് രാവിലെ തന്നെ അമ്പലത്തിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി. ലക്ഷ്മിയും ഞാനും മോനും മാത്രമാണ് പോകുന്നത്. രണ്ട് അമ്മമാരും അടുക്കളയിൽ സദ്യവട്ടങ്ങൾ ഒരുക്കുന്ന തയ്യാറെടുപ്പിലായിരുന്നു.

പാചകം എന്നത് രണ്ടാൾക്കും അത്രയേറെ ഇഷ്ടപ്പെട്ട ഒരു കലയായതിനാൽ എന്തെങ്കിലും വിശേഷം ഉണ്ടായാൽ പിന്നെ രണ്ടാളെയും അടുക്കള ഭാഗത്ത് നിന്ന് പുറത്തേക്ക് കാണാൻ കിട്ടില്ല. പുറത്തുനിന്ന് സദ്യ ഏൽപ്പിക്കാം എന്ന്

ഞാൻ പറഞ്ഞെങ്കിലും മോന്റെ പിറന്നാളായിട്ട് അടപ്പ് കൂട്ടി കത്തിച്ച് ഭക്ഷണം കാലാക്കണതാണ് ഐശ്വര്യം എന്ന് അവർ പറഞ്ഞപ്പോൾ പിന്നെ ഞാനും മറുത്തൊന്നും പറഞ്ഞില്ല.

അല്ലെങ്കിലും അമ്മമാർ വച്ച് ഉണ്ടാക്കുന്ന ആഹാരത്തിന്റെ രുചിയൊന്നും ഒരു കേറ്ററിംഗ് ഫുഡിനും ഉണ്ടാകില്ലല്ലോ…കാശി കുട്ടന് അവന്റെ പിറന്നാളിന് അമ്മൂമ്മമാർ വച്ച് ഉണ്ടാക്കിയ ആഹാരം കഴിക്കുകയും ചെയ്യാം.

സദ്യവട്ടങ്ങൾ ഓരോന്നായി അടുപ്പത്ത് പാകമാകുമ്പോൾ കറിക്ക് നുറുക്കുന്നതും തേങ്ങ ചിരകുന്നതും പാല് പിഴിയുന്നതും എല്ലാം അച്ഛന്മാരുടെ ജോലിയായിരുന്നു. വലിയ ആഘോഷമായി ഒന്നും പിറന്നാൾ ആഘോഷിക്കുന്നില്ല. അവന്റെ അപ്പൂപ്പൻ മാരുടെയും അമ്മമാരുടെയും അച്ഛന്റെയും അമ്മയുടെയും കൂടെ ഒരു ചെറിയ സദ്യ.

പിന്നെ ആഘോഷം എന്ന് പറയാൻ പറ്റില്ല എങ്കിലും ഒരു സന്തോഷം പങ്കു വയ്ക്കുക എന്ന ആഗ്രഹത്തോടെ നാളെ ഉച്ചയ്ക്ക് ആഹാരം കുറച്ച് അകലെയുള്ള വൃദ്ധ സദനത്തിൽ കൊടുക്കുന്നുണ്ട്.കാശി

കുട്ടനും അവരോടൊപ്പം അവന്റെ പിറന്നാൾ ആഘോഷിക്കും.എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു അത്. ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ലക്ഷ്മിയടക്കം എല്ലാവരും ശരിവെച്ചു.

വെള്ളിയാഴ്ച ആയതുകൊണ്ട് തന്നെ അമ്പലത്തിൽ അത്യാവശ്യം തിരക്കുണ്ടായിരുന്നു ചൊവ്വയും വെള്ളിയും ആണല്ലോ ഭഗവതിക്ക് ഏറെ പ്രാധാന്യമുള്ള ദിവസങ്ങൾ.

തൊഴുതു കഴിഞ്ഞ് കാശിക്കുട്ടന്റെ പേരിൽ വഴിപാടെല്ലാം കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ വിശന്നിട്ട് ആവണം അവൻ നന്നായി കരയുന്നുണ്ടായിരുന്നു. വഴിപാട് കഴിഞ്ഞ് കിട്ടിയ നെയ്പായസം ആൽച്ചുവട്ടിൽ ഇരുന്ന് കുറേശ്ശെയായി വായിൽ വച്ച് കൊടുത്തതും കൊതിയോടെ അവനത് നുണഞ്ഞു കഴിക്കുന്നത് നോക്കി ഞങ്ങൾ രണ്ടാളും ഇരുന്നു.

“ഉണ്ണിയേട്ടാ നമ്മൾ ഇറങ്ങുമ്പോൾ അമ്പലത്തിലേക്ക് കയറിയത് രമേച്ചിയുടെ മോളല്ലേ?”

കാശി കുട്ടന്റെ കരച്ചിലൊക്കെ മാറ്റി കാറിൽ കയറി ഇരിക്കുന്ന നേരത്താണ് ലക്ഷ്മി അത് എന്നോട് ചോദിച്ചത്.

” അതെ അത് രമേച്ചിയുടെ മോളാണ്. കീർത്തന
അല്ല ആ കുട്ടിയെ നിനക്ക് എങ്ങനെ മനസ്സിലായി? നീ ഇതിനുമുമ്പ് ആ കുട്ടിയെ കണ്ടിട്ടുണ്ടോ? “”ഏയ് ഞാൻ കണ്ടിട്ടില്ല.””പിന്നെ എങ്ങനെ മനസ്സിലായി?”

“സ്വന്തം ഡ്രസ്സ് കണ്ടാൽ ആർക്കാ മനസ്സിലാകാത്തത്?കഴിഞ്ഞയാഴ്ച ഞാൻ രമേച്ചിക്ക് കൊടുത്ത ഡ്രസ്സുകളിൽ ഒരെണ്ണമാണ് അത്.അത് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി അത് ചേച്ചിയുടെ മകൾ ആണെന്ന്. പിന്നെ രമേച്ചിയുടെ ചെറിയ മുഖച്ഛായയും

ഉണ്ട്.ഉണ്ണിയേട്ടൻ ആ കുട്ടിയെ നോക്കി തലയാട്ടുന്നത് കൂടി കണ്ടപ്പോൾ ഞാൻ മനസ്സിൽ ഉറപ്പിച്ചു. എന്നാലും എന്റെ പ്രിയപ്പെട്ട ഡ്രസ്സ് ആയിരുന്നു അത് തടി വെച്ചപ്പോൾ എനിക്ക് അത് കേറാതെയായി അതാ പിന്നെ മനസ്സില്ല മനസ്സോടെ ഞാൻ അത് കൊടുത്തത്.”

ലക്ഷ്മിയുടെ സംസാരം എനിക്ക് അത്ര ബോധിച്ചില്ലെങ്കിലും ഒന്ന് മൂളുക മാത്രമല്ലാതെ ഞാൻ മറത്തൊന്നും പറഞ്ഞില്ല

വീട് എത്തിയപ്പോഴേക്കും കാറ്റൊക്കെ കൊണ്ട് കാശി കുട്ടൻ സുഖമായി ഉറങ്ങിയിട്ടുണ്ടായിരുന്നു.ഒരല്പ സമയം മാറിനിന്ന് വന്നപ്പോഴേക്കും കുറെനാൾ മാറിനിന്ന് വന്ന പോലെയാണ് അവന്റെ അമ്മൂമ്മമാർ ഓടി വന്നത്.

“പിറന്നാൾ ആയിട്ട് കുറുമ്പൻ ഒന്നും കഴിക്കാതെ ഉറങ്ങിയല്ലോ..”ഉറങ്ങിക്കിടന്ന അവനെ വാങ്ങി തോളിൽ ഇട്ടു കൊണ്ട് ലക്ഷ്മിയുടെ അമ്മ പറഞ്ഞു..

“അമ്പലത്തിൽ നിന്ന് കിട്ടിയ പായസം വയറു നിറയെ കഴിച്ചിട്ടുണ്ട് ഇപ്പോഴേ മധുരപ്രിയൻ ആണെന്ന് തോന്നുന്നു പിന്നെയും കൊടുക്കാൻ വാശി പിടിക്കുകയായിരുന്നു.”

“അത് സാരമില്ല മോളെ അമ്മയുടെ പ്രസാദം അല്ലേ അത് കഴിച്ചോട്ടെ നല്ലതാ”ലക്ഷ്മിയോട് ആയി എന്റെ അമ്മ പറഞ്ഞു ടിവി കണ്ടുകൊണ്ടിരുന്ന അച്ഛന്മാരും അങ്ങോട്ട് വന്നു.

വീടിനകത്തേക്ക് കയറുമ്പോൾ ഒരു കല്യാണ വീട്ടിൽ കയറി ചെല്ലുന്ന പോലത്തെ കൊതിപ്പിക്കുന്ന ഗന്ധമായിരുന്നു. കുട്ടിക്കാലത്ത് ഈ മണം കല്യാണത്തിന് പോയാൽ മാത്രമേ അനുഭവിച്ചറിയാൻ കഴിഞ്ഞിരുന്നുള്ളൂ. പിന്നെ ആണ്ടിൽ വരുന്ന ഓണവും വിഷുവും.

പക്ഷെ അതിനും വിഭവസമൃദ്ധമായ സദ്യ ഒന്നും ഉണ്ടാകില്ല പിറന്നാളൊക്കെ ആഘോഷിക്കുക എന്നത് എന്റെ ചെറുപ്പത്തിൽ ഒന്നും ചിന്തിക്കാൻ കഴിയുമായിരുന്നില്ല. കാശുള്ള വീട്ടിലെ കുട്ടികളൊക്കെ പിറന്നാളിന് സ്കൂളിൽ മിട്ടായി വിതരണം ചെയ്യുന്നത് കണ്ടിട്ട് ഞാനും ഏറെ കൊതിച്ചിട്ടുണ്ട്

പക്ഷേ എന്റെ ജീവിതത്തിൽ ഇന്നേവരെ എനിക്ക് അങ്ങനെ ഒരു ഭാഗ്യമുണ്ടായിട്ടില്ല. അന്ന് വീട്ടിലെ അവസ്ഥയും അങ്ങനെയായിരുന്നു ആരെയും പറഞ്ഞിട്ട് കാര്യമില്ല. ഇന്നിപ്പോ കാലം എത്ര മാറിയിരിക്കുന്നു. കുട്ടികളുടെ ഒട്ടുമിക്ക ആഗ്രഹങ്ങളും സാധിച്ചു കൊടുക്കാൻ ഇന്നത്തെ മാതാപിതാക്കൾ ശ്രദ്ധിക്കാറുണ്ട്.

കേക്ക് മുറിക്കേണ്ട സമയമായിട്ടും ഉറക്കത്തിൽ നിന്നുണരാതെ ഇരുന്നതുകൊണ്ട് നിർബന്ധപൂർവ്വം അവനെ ഉറക്കത്തിൽ നിന്നും ഉണർത്തിയതാണ്. അതുകൊണ്ടുതന്നെ കേക്ക് മുറിക്കാൻ എനിക്കിപ്പോൾ സൗകര്യമില്ല എന്നൊരു ഭാവത്തിലായിരുന്നു മൂപ്പര്.

നിർബന്ധിച്ച് കേക്കു മുറിക്കാൻ തുടങ്ങിയപ്പോഴൊക്കെയും അവൻ കരഞ്ഞുകൊണ്ട് വാശി പിടിച്ചു.എങ്കിലും കുഞ്ഞുങ്ങൾ എന്ത് ചെയ്താലും അത് കാണാൻ ഭംഗിയാണല്ലോ…. ഒടുക്കം എങ്ങനെയൊക്കെയോ ഞങ്ങൾ ആ ദൗത്യം വിജയകരമായി പൂർത്തീകരിച്ചു.

ഉച്ചയ്ക്ക് നിലവിളക്ക് കത്തിച്ചുവച്ച് തൂശനില ഇട്ട് പിറന്നാളുകാരന് ചോറ് കൊടുത്തതിനു ശേഷമാണ് ഞങ്ങളെല്ലാവരും കഴിച്ചത്.

“ഇന്ന് ഞങ്ങൾ തൊഴിലിറങ്ങുമ്പോൾ രമേച്ചിയുടെ മോള് അമ്പലത്തിലേക്ക് വന്നിട്ടുണ്ടായിരുന്നു അമ്മേ. ഞാൻ കഴിഞ്ഞാഴ്ച കൊടുത്ത കുറെ ഡ്രസ്സുകൾ ഇല്ലേ അതിൽ ഒരെണ്ണം ഇട്ട വന്നത് എനിക്ക് അഡ്രസ്സ് കണ്ടപ്പോഴേ

മനസ്സിലായി ആ കുട്ടി ആയിരിക്കുമെന്ന്.ഇപ്പോൾ തോന്നുന്നു അതൊന്നും കൊടുക്കേണ്ടിയിരുന്നില്ല ന്ന് എന്നെങ്കിലും മെലിയുകയാണെങ്കിൽ ഇടായിരുന്നല്ലോ….”

ഭക്ഷണം കഴിച്ചു കഴിഞ്ഞ് വരാന്തയിൽ ഇരിക്കുമ്പോഴാണ് എന്റെ അമ്മയോട് ആയി ലക്ഷ്മി അത് പറഞ്ഞത് അത് കേട്ടതും അമ്മ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി.പരസ്പരം എന്തോ ഒന്ന് മനസ്സിനെ സ്പർശിക്കും വിധത്തിൽ ഞങ്ങളുടെ ഉള്ളിലൂടെ കടന്നുപോയി അമ്മയുടെ കണ്ണിൽ എവിടെയോ നനവ് പടർന്നിട്ടുണ്ടോ എന്ന് ഞാൻ ശ്രദ്ധിച്ചു.

“ലക്ഷ്മി… എന്തിനാ മനസ്സില്ലാ മനസ്സോടെ പിന്നെ നീ ആ കുട്ടിക്ക് ഡ്രസ്സ് കൊടുക്കാൻ നിന്നത്?”

രാത്രി മുറിയിൽ ഞങ്ങൾ തനിച്ചായ നേരമാണ് ഞാൻ അത് ചോദിച്ചത്.”എനിക്ക് അതൊന്നും ഇനി പാകമാകും എന്ന് തോന്നുന്നില്ല ഉണ്ണിയേട്ടാ വെറുതെ ഇവിടെ വച്ച് അലമാരയിൽ സ്ഥലം ഇല്ലാതാക്കുന്നത് എന്തിനാണെന്ന് കരുതിയ ഞാനതൊക്കെ എടുത്തു കൊടുത്തത്.”

“എങ്കിൽ പിന്നെ ഇനി അത് പറയരുത് കേട്ടോ…ദാനം നൽകിയിട്ട് സദാസമയവും അതുതന്നെ പറയുകയാണെങ്കിൽ പിന്നെ കൊടുത്തിട്ട് എന്ത്‌ കാര്യം?ഒരു കൈ കൊടുക്കുന്നത് മറ്റൊരു കൈ അറിയരുത് എന്നല്ലേ പറയാറ്”

“അതിന് ഞാൻ വേറെ ആരോടും പറഞ്ഞില്ലല്ലോ ഉണ്ണിയേട്ടാ നിങ്ങൾക്ക് എല്ലാവർക്കും അറിയാവുന്നതല്ലേ”

“അതെ…ഞാൻ നിന്നെ കുറ്റപ്പെടുത്തിയതല്ല. അത്രയേറെ ഗതികെട്ടിട്ടാവണം മറ്റൊരാൾ ഉപേക്ഷിച്ച വസ്ത്രങ്ങൾ അവരിടുന്നത്. അതിട്ട് നിന്നെ കാണേണ്ടി വന്നപ്പോൾ തന്നെ ആ കുട്ടിക്ക് ഒരു നാണക്കേട് തോന്നിയിട്ടുണ്ടാകും.

പക്ഷേ അത്ര നല്ല ഡ്രസ്സ് സ്വന്തമായി ആ കുട്ടിക്ക് ഇല്ലാഞ്ഞിട്ടാവണം ഇന്ന് അവൾ അതുതന്നെ ഇട്ടത്. അപ്പോൾ നിനക്ക് ആ പുണ്യം തീർച്ചയായും കിട്ടും പക്ഷേ കൊടുത്തതിന്റെ പേരിൽ ഇങ്ങനെ മനശ്ചാപം തോന്നേണ്ട കാര്യമില്ല കാരണം ആരും നിർബന്ധിച്ചിട്ടില്ല നീ അത് കൊടുത്തത് അത് പോയാലും നിനക്ക് ഇവിടെ വസ്ത്രങ്ങൾക്ക് ഒരു കുറവുമില്ലല്ല”

“ഞാനിത് പറയാൻ ഒരു കാരണമുണ്ട് ഞാനൊക്കെ സ്കൂളിൽ പഠിക്കുന്ന കാലത്ത് വീട്ടിൽ തീരെ നിവർത്തി ഉണ്ടായിരുന്നില്ല. ഇന്നല്ലേ എല്ലാം ആയത്. ഒരു ഡ്രസ്സ് ഒക്കെ കിട്ടണമെങ്കിൽ ഓണം വരണം. വിഷുവിന് പോലും ഡ്രസ്സ് എടുക്കാറില്ല. നല്ലത് ആയി ഒന്നോ രണ്ടോ ഷർട്ടും ട്രൗസർ മാത്രമാണ് ഉണ്ടായിരുന്നത്.

അമ്മ തൊട്ടപ്പുറത്ത് വീട്ടിൽ പണിക്ക് പോകുമായിരുന്നു
എന്റെ ക്ലാസിൽ പഠിച്ചിരുന്ന ശ്രീകുമാറിന്റെ വീടായിരുന്നു അത്. അവന്റെ അച്ഛനും ഗൾഫിലായിരുന്നു അവന് നിറയെ കുപ്പായങ്ങൾ ഉണ്ടായിരുന്നു. എന്റെ അവസ്ഥ കണ്ട് പാവം തോന്നിയ അവന്റെ അമ്മ അവന്റെ ബട്ടൻ പോയതും തുന്നൽ വിട്ടതും ഒക്കെയായ ഷർട്ടും ട്രൗസറും എല്ലാം എനിക്ക് തരും.

അമ്മ അത് വീട്ടിൽ കൊണ്ടുവന്ന് തുന്നി പിടിപ്പിച്ചു എനിക്ക് തരും. അത് കയ്യിൽ കിട്ടുമ്പോൾ ശരിക്കും പറഞ്ഞാൽ പറഞ്ഞറിയിക്കാൻ കഴിയാത്തത്ര സന്തോഷമായിരുന്നു. ഇന്ന് എത്ര പുതിയ വസ്ത്രങ്ങൾ വാങ്ങി കൂട്ടുമ്പോഴും എനിക്ക് ആ സന്തോഷം തോന്നിയിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.”

“ഇട്ടു മടുത്ത രണ്ടു വസ്ത്രങ്ങളിൽ നിന്നുള്ള മോചനം എന്ന സന്തോഷത്തിലാണ് അവന്റെ അമ്മ തന്ന വസ്ത്രവും അണിഞ്ഞ് ഞാൻ അന്ന് സ്കൂളിൽ പോയത് അത്രയേറെ സന്തോഷത്തോടെ…എന്നാൽ ഉണ്ണി ഇട്ടേക്കുന്നത് എന്റെ പഴയ ഡ്രസ്സ് ആണെന്ന് പറഞ്ഞു എല്ലാ കൂട്ടുകാരുടെയും മുന്നിൽ വച്ച് ശ്രീകുമാർ എന്നെ കളിയാക്കി.

കൂട്ടുകാർക്കു മുന്നിൽ അപമാനിതനായി നിൽക്കുമ്പോൾ കരയുകയല്ലാതെ എനിക്കൊന്നും മറത്തു പറയാൻ അറിയില്ലായിരുന്നു.സ്കൂൾ വിട്ടതും കരഞ്ഞുകൊണ്ട് ഓടിവന്നത് അമ്മയുടെ

അടുത്തേക്കാണ്.എന്റെ മോൻ വിഷമിക്കേണ്ട എന്ന് പറഞ്ഞ് എന്നെ ചേർത്തു നിർത്തുമ്പോഴും തന്റെ മകന്റെ ദുർവിധി ഓർത്ത് അമ്മയുടെയും കണ്ണ് നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടിരുന്നു.”

“എന്റെ മോൻ നന്നായി പഠിക്കണം എല്ലാവരെക്കാൾ ഒന്നാമതെത്തണം എന്നിട്ട് വലിയ ആളായിട്ട് പാവങ്ങളെയൊക്കെ സഹായിക്കണം”

അമ്മ പറഞ്ഞതുപോലെ എല്ലാ അപമാനവും സഹിച്ചു നന്നായി പഠിച്ചു ഇന്നീ കാണുന്നതൊക്കെയും ഉണ്ടാക്കി. താൻ ഇന്ന് ഈ കാര്യം പറഞ്ഞപ്പോൾ എനിക്ക് ആ ഒരു നാളുകൾ ആണ് ഓർമ്മവന്നത്.ഓരോ സാഹചര്യങ്ങളാണ് മനുഷ്യനെ ഓരോ അവസ്ഥകളിൽ എത്തിക്കുന്നത്.

നമുക്ക് കഴിയുന്ന പോലെ ഇന്ന് ഒരാളെ സഹായിച്ചാൽ നാളെ നമുക്ക് ഒരാവശ്യം വന്നാൽ അയാളിൽ നിന്നല്ലെങ്കിലും മറ്റൊരു രീതിയിൽ ഉറപ്പായും നമ്മളിലേക്ക് അത് തിരിച്ചു വരും. ഒരു രൂപയാണെങ്കിൽ കൂടിയും അത് കൊടുത്തു കഴിഞ്ഞിട്ട് അത് എന്റെ ആയിരുന്നു അത്

കൊടുക്കേണ്ടിയിരുന്നില്ല എന്ന് ചിന്തിക്കരുത്. നാളെ നമ്മുടെ ജീവിതം എന്താകുമെന്ന് ആർക്കും പറയാൻ കഴിയില്ല ഞാൻ പറഞ്ഞത് തനിക്ക് മനസ്സിലായി എന്ന് കരുതുന്നു.

ഞാൻ അവളെ ചേർത്തു നിർത്തിക്കൊണ്ട് പറഞ്ഞു.”മനസ്സിലായി ഉണ്ണിയേട്ടാ സോറി ഇനി ഞാൻ അത് പറയില്ല”

അപ്പോഴേക്കും മോൻ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റിരുന്നു ഞങ്ങൾ ഇരുവരും അവനെ എടുത്ത് വാത്സല്യപൂർവ്വം കൊഞ്ചിച്ചു.

Leave a Reply

Your email address will not be published. Required fields are marked *