നമ്മുടെ അമ്മക്ക് എന്തിന്റെ കേടാ, നാണം കെടുത്താനായി ഓരോന്ന് ചെയ്യുന്നത് കണ്ടോ?

അമ്മയുടെ വിവാഹം
(രചന: Anitha Raju)

എടി ശിൽപ്പു നമ്മുടെ അമ്മക്ക് എന്തിന്റെ കേടാ, നാണം കെടുത്താനായി ഓരോന്ന് ചെയ്യുന്നത് കണ്ടോ?

നമ്മുടെ ഭർത്താവിന്റെയും വീട്ടുകാരുടെയും മുൻപിൽ നാണം കെട്ടു, നീ എന്താടി ഒന്നും മിണ്ടാത്തത് “….

അതിന് ചേച്ചി പറഞ്ഞു കൊണ്ട് ഇരിക്കയല്ലേ? ചേച്ചിയുടെ സ്ഥിതി തന്നെ അല്ലെ എന്റേതും,

ഇന്നലെ തൊട്ടേ അമ്മായിഅമ്മ കുത്തുവാക്കും പരിഹാസവും തുടങ്ങി. എന്റെ ഏട്ടന്റെ മുഖത്തു നോക്കാൻപോലും കഴിയുന്നില്ല….

ശിൽപ്പു നീ വൈകിട്ട് അനിയനെയും കൂട്ടി വീട്ടിലോട്ടു വാ ഞാനും ഏട്ടനുമായി അങ്ങോട്ട് വരാം അമ്മയെ അങ്ങനെ വിട്ടാൽ പറ്റില്ല, വയസ്സുകാലത്തു എന്തും ആകാമെന്നോ?

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടു ജനലിൽ കൂടെ നോക്കിയപ്പോൾ കണ്ടു മക്കളും മരുമക്കളും വരുന്നത്, പട ഇളകി വരുന്നത് എന്തിനാണെന്ന് വ്യക്തം ആണ്.

വരട്ടെ എല്ലാവരുംകതകിൽ മുട്ടിയപ്പോൾ വിമല വാതിൽ തുറന്നു. രണ്ടു പെൺമക്കളും കലിതുള്ളി നിൽക്കുന്നു. മുത്തമകൾ ശീതൾ ചോദ്യം ചെയ്യലിന് തുടക്കം കുറിച്ച്.

“അമ്മ എന്ത് ഭാവിച്ചാണ് ഞങ്ങൾ മറ്റുള്ളവരുടെ മുഖത്ത് എങ്ങനെ നോക്കും ഈ തോന്നിവാസം
ചെയ്യുന്നതിന് മുൻപ് ഞങ്ങൾ രണ്ടു മക്കളെ കുറിച്ച് ഒന്ന് ആലോചിച്ചോ?

ഇളയമകൾ ശില്പ യുടെ വക കലിതുള്ളലും കഴിഞ്ഞു, ഭാര്യമാർക്ക് ഒത്താശ ചെയ്തു മരുമക്കളും നിന്ന്.

എല്ലാ ചോദ്യം ചെയ്യലിന് ഒടുവിൽ വിമല സംസാരിക്കാൻ തുടങ്ങി”എനിക്ക് എന്തിന്റെ കുറവാണു? നിങ്ങളെ ഓർത്തോ?

നിങ്ങളെ ഓർത്തതുകൊണ്ട് മാത്രം ആണ് ഞാൻ നല്പത്താറു വയസ്സുവരെ കഴിഞ്ഞത്. എന്റെ മക്കളെ സുരക്ഷിതം ആയ കൈകളിൽ ഏൽപ്പിച്ചു,

പത്തുവർഷത്തെ ദാമ്പത്യം അതിൽ നിങ്ങൾ രണ്ടു മക്കൾ പിറന്നു എന്നത് ഒഴിച്ചാൽ എന്താണ് അതിൽ ഓർത്തുവെച്ചു സന്തോഷിക്കാൻ ഉള്ളത്,

നിങ്ങളുടെ അച്ഛന്റെ ആകാത്തിലെ മരണം എന്നെ സംബന്ധിച്ചു ആശ്വാസം ആയിരുന്നു. ദേഹോപദ്രവം ഏൽക്കാതെ സമാധാനം ആയി ഉറങ്ങാൻ എങ്കിലും കഴിയുമായിരുന്നു.

നിങ്ങളെ മാ റോടു അടക്കിപ്പിടിച്ചു വളർത്തിയപ്പോൾ, വളർന്നു കഴിയുമ്പോൾ നിങ്ങൾ തണൽ ആകുമെന്ന് കരുതി. എന്നിട്ട് അതുണ്ടായോ?

നിങ്ങള്ക്കു ജീവിതപങ്കാളിയെ കിട്ടിയപ്പോൾ ആവശ്യങ്ങൾ പറയാൻ വേണ്ടി മാത്രം ഒരു അമ്മ.

എന്റെ മക്കൾ ഓരോ ആവശ്യത്തിനും ഫോൺ ചെയ്യുമ്പോൾ ഞാൻ കാത്തിരിക്കും “അമ്മക്ക് സുഖം ആണോ? എന്നൊരു ചോദ്യത്തിന് വേണ്ടി.

അമ്മ ഇങ്ങോട്ട് പോരുന്നോ കുറച്ചു ദിവസം നിൽക്കാൻ? ചോദിച്ചിട്ടുണ്ടോ എപ്പോഴെങ്കിലും?

യവ്വനത്തിൽ വിധവ ആയ ഞാൻ അന്നൊന്നും മറ്റൊരു വിവാഹത്തെ കുറിച്ച് ആലോചിച്ചിട്ടില്ല കാരണം എന്റെ മക്കൾ ആയിരുന്നു എല്ലാം….

എന്നിട്ട് ഇപ്പോൾ ഏതാവശ്യത്തിനും ഓടിവരാനും എന്റെ സുഖ വിവരം തിരക്കാനും ശ്രീധരേട്ടൻ മാത്രമേ ഉള്ളു.

അദ്ദേഹവും എന്നെ പോലെ എല്ലാം നഷ്ടപ്പെട്ടവൻ.ഞങ്ങളുടെ മാന്യമായ ഇടപെടലിൽ നാട്ടുകാർ നിറം മാറ്റാൻ തുടങ്ങിയപ്പോൾ ഞാൻ എടുത്ത തീരുമാനം ആണ് ഇന്നലെ നടപ്പിലാക്കിയത്.

കൃഷ്ണ വിഗ്രഹത്തിന്റെ മുൻപിൽ വെച്ച് തുളസിമാല ചാർത്തി ഞങ്ങൾ ജീവിതം തുടങ്ങി.

വാർദ്ധക്യം ബാധിച്ചു തുടങ്ങുമ്പോൾ മനഃശക്തി കുറയും,ഒറ്റപ്പെട്ടുപോകുമ്പോൾ തളർന്നു വീഴും എന്ന അവസ്ഥയിൽ താങ്ങി നിർത്താൻ സ്നേഹമുള്ള കരങ്ങൾ വേണം.

അതൊന്നും ഇപ്പോൾ പറഞ്ഞാൽ എന്റെ മക്കൾക്ക് മനസ്സിലാകില്ല, കാലം അതു പഠിപ്പിച്ചു തരും.

ഇനി എന്തെങ്കിലും നിങ്ങള്ക്ക് പറയാൻ ഉണ്ടോ? “ഉത്തരം ഇല്ലാതെ തലകുനിച്ചു ഇറങ്ങി പോകുന്ന മക്കളെ നോക്കി ആ അമ്മ തേങ്ങിയപ്പോൾ സ്നേഹമുള്ള കരങ്ങൾ ചേർത്ത് നിർത്തി.

ആ നെഞ്ചിൽ ചേർന്ന് നിന്നു വിമല മനസ്സിൽ ഉറപ്പിച്ചു ഇതാണ് ശെരി, ഇത് മാത്രം ആണ് ശെരി….

Leave a Reply

Your email address will not be published. Required fields are marked *