(രചന: ആർദ്ര)
” മോൾ അത്യാവശ്യമായിട്ട് വീട് വരെ ഒന്ന് വരണം.. ഒരാഴ്ചത്തെ ലീവ് എടുക്കണേ.. “രാവിലെ തന്നെ അച്ഛന്റെ ഫോൺ വന്നപ്പോൾ തൊട്ട് മീനുവിന് ആകെ ഒരു അസ്വസ്ഥത തോന്നി. അച്ഛൻ എന്തിനാവും ഇപ്പോ വീട്ടിലേക്ക് വിളിക്കുന്നത്..?
അവൾ ഒരു നിമിഷം ഓർത്തു.” മീനു ചേച്ചി.. ഇന്ന് വരുന്നില്ലേ..? ലേറ്റ് ആവുന്നു.. “കൂടെ വർക്ക് ചെയ്യുന്ന കുട്ടിയാണ്. രമ്യ. ഒരുമിച്ചു ഹോസ്റ്റലിൽ ഒരേ മുറിയിൽ ആണ് താമസം.
” ഹാ.. വരുന്നു. “പെട്ടെന്ന് ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്നു അവളെ നോക്കുമ്പോൾ അവളും മീനുവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
” എന്താ ചേച്ചി..? എന്തെങ്കിലും പ്രശ്നം ഉണ്ടോ..? “ആകുലതയോടെ ഉള്ള ചോദ്യം അവളുടെ മുഖത്തെ വിഷമം കണ്ടത് കൊണ്ടാണ്.
” ഏയ്.. വീട്ടിലേക്ക് ഒന്ന് ചെല്ലാൻ അച്ഛൻ പറഞ്ഞു.”അത് പറഞ്ഞപ്പോൾ രമ്യക്ക് വീണ്ടും സംശയം.” അതിന് ഇങ്ങനെ ടെൻഷൻ ആവുന്നത് എന്തിനാ..? നല്ല കാര്യമല്ലേ.. ചേച്ചി പോയി വാ.. ”
രമ്യ ആവേശത്തോടെ പറഞ്ഞു.” ഇത്.. എനിക്കെന്തോ ഒരു വല്ലായ്മ. എന്തോ ഒരു നെഗറ്റീവ് ഫീൽ.. “അവളോട് എന്ത് പറയണം എന്നറിയാതെ മീനു ബുദ്ധിമുട്ടി.
” പിന്നെ.. നെഗറ്റീവ് ഫീൽ.. ഒന്ന് പോയെ ചേച്ചി.. ചേച്ചി വന്നേ.. ഇനിയും നിന്നാൽ ലേറ്റ് ആവും.. ”
അത്രയും പറഞ്ഞു മീനുവിന്റെ കൈ പിടിച്ചു വലിച്ചു കൊണ്ട് രമ്യ പുറത്തേക്ക് നടന്നു.
ഓഫീസിൽ നിന്ന് ലീവ് പറഞ്ഞ് പുറത്തേക്കിറങ്ങി.ട്രെയിനിൽ ഇരിക്കുമ്പോഴും ചിന്തകൾ മുഴുവനും ഭൂതകാലത്തായിരുന്നു.
ഇതിനു മുൻപൊരിക്കൽ അച്ഛൻ ഇങ്ങനെ വിളിച്ചിട്ട് അത്യാവശ്യമായി വീട്ടിൽ ചെല്ലണം എന്നു പറഞ്ഞപ്പോൾ തന്നെ കാത്തിരുന്നത് മറ്റൊരാളായിരുന്നു.
തനിക്ക് വേണ്ടി അച്ഛൻ വരനെ എനിക്ക് പരിചയപ്പെടുത്താൻ വേണ്ടിയായിരുന്നു അച്ഛൻ അന്ന് വിളിച്ചു വരുത്തിയത്.
കല്യാണം വേണ്ട എന്ന് പറഞ്ഞ് എത്രയൊക്കെ എതിർപ്പ് നോക്കിയിട്ടും അച്ഛൻ ആ കാര്യത്തിൽ തനിക്ക് അനുകൂലമായി ഒന്നും തന്നെ പറഞ്ഞില്ല എന്ന് ഓർത്തു.
” നിന്റെ ജാതകപ്രകാരം ഇപ്പോൾ വിവാഹം നടക്കേണ്ടതാണ്. ഈ സമയത്ത് വിവാഹം നടന്നില്ലെങ്കിൽ പിന്നെ നിനക്ക് വിവാഹം തന്നെ ഉണ്ടാവില്ല എന്നാണ് ജ്യോത്സ്യൻ പറഞ്ഞത്. പിന്നെ ഇപ്പോ വന്ന ആലോചനയാണെങ്കിൽ..
സാമ്പത്തികമായും എന്തുകൊണ്ടും നമുക്ക് ചേരുന്ന ചുറ്റുപാട് തന്നെയാണ്. ആ പയ്യൻ ആണെങ്കിൽ നിന്നെ കണ്ടപ്പോൾ തന്നെ ഇഷ്ടപ്പെടുകയും ചെയ്തു.
ഈ വിവാഹം നടന്നാൽ നിനക്ക് എന്തുകൊണ്ടും നല്ലത് മാത്രമാണ്. ഒരിക്കലും ഈ വിവാഹം നടത്തിയതിന്റെ പേരിൽ നീ വേദനിക്കേണ്ടി വരില്ല. ”
അച്ഛൻ അങ്ങനെ പറയുമ്പോഴും മീനു കരയുകയായിരുന്നു.”കുറച്ചു നാൾ കൂടി ജോലി ചെയ്യണം എന്നായിരുന്നു എന്റെ ആഗ്രഹം. അച്ഛന്റെ ഇഷ്ടം എന്താണെന്ന് വെച്ചാൽ അങ്ങനെ നടക്കട്ടെ. ഞാനൊരിക്കലും എതിർക്കില്ല.”
മീനു അങ്ങനെ വാക്കു കൊടുക്കുമ്പോൾ അവൾ ഓർത്തത് അച്ഛനെ മാത്രമായിരുന്നു. തനിക്ക് വേണ്ടി കഷ്ടപ്പെടുന്ന അച്ഛൻ തന്റെ തീരുമാനത്തിൽ ബുദ്ധിമുട്ടരുത് എന്നുള്ള ആഗ്രഹം മാത്രമായിരുന്നു ആ നിമിഷം അവൾക്കുണ്ടായിരുന്നത്.
അച്ഛന്റെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും എല്ലാം വിട്ടുകൊടുത്തു കൊണ്ട് അവൾ ഒരു മുറിയിലേക്ക് ഒതുങ്ങിക്കൂടി.
കല്യാണം അടുത്തു വരുന്നതിന്റെ ടെൻഷനാണ് എന്നാണ് എല്ലാവരും അതിനെ വ്യാഖ്യാനിച്ചത്. അത് തിരുത്തി പറയാൻ അവൾ ശ്രമിച്ചതുമില്ല.
കല്യാണം വളരെ പെട്ടെന്ന് തന്നെയാണ് നടന്നത്. രണ്ടാഴ്ചക്കുള്ളിൽ കല്യാണം നടന്നു. ആ മുഹൂർത്തം അല്ലാതെ മറ്റൊരു മുഹൂർത്തവും അവരുടെ വിവാഹത്തിന് വേണ്ടി ഇല്ല എന്നായിരുന്നു ജ്യോത്സ്യൻ പറഞ്ഞത്.
മാത്രവുമല്ല ആ ഒരു മുഹൂർത്തത്തിൽ വിവാഹം കഴിച്ചാൽ അവർക്ക് ഉന്നതി ആയിരിക്കും ഉണ്ടാവുക എന്നൊരു വാക്കു അയാൾ പറഞ്ഞു.
മീനുവിന്റെയും അവളുടെ വരണ്ടയും വീട്ടുകാർക്ക് ആ വാക്ക് വല്ലാത്തൊരു പ്രതീക്ഷയായിരുന്നു. അതുപ്രകാരമാണ് ആ മുഹൂർത്തത്തിൽ തന്നെ വിവാഹം നടന്നത്.
പക്ഷേ വിധി മറ്റൊന്നായിരുന്നു. വിവാഹത്തിനു ശേഷം ഒരാഴ്ച കഴിഞ്ഞപ്പോൾ വിരുന്നിനു വേണ്ടി ഒരു ബന്ധു വീട്ടിൽ പോയതായിരുന്നു മീനുവും ഭർത്താവും.
തിരികെ വരുന്ന വഴി നിയന്ത്രണം വിട്ടു വന്ന ഒരു ലോറി അവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് ഇടിച്ചു കയറി. സംഭവസ്ഥലത്ത് വച്ച് തന്നെ മീനുവിന്റെ ഭർത്താവ് മരണപ്പെട്ടു.
ദീർഘ ദാമ്പത്യം ഉണ്ട് എന്ന് ജ്യോത്സ്യൻ വിധിയെഴുതിയ ആ ദാമ്പത്യം ഒരാഴ്ച പോലും നീണ്ടു നിന്നില്ല. വിരിയുന്നതിനു മുൻപ് തന്നെ കൊഴിഞ്ഞു പോയ ഒരു മൊട്ടായി അവളുടെ ദാമ്പത്യം അവസാനിച്ചു.
അവിടെയും പഴി കേൾക്കേണ്ടി വന്നത് അവൾക്ക് തന്നെയായിരുന്നു. അവളുടെ ജാതകദോഷം കൊണ്ടാണ് തങ്ങളുടെ മകൻ തങ്ങളെ വിട്ടു പോയത് എന്ന് അവന്റെ മാതാപിതാക്കൾ ഉറച്ചു വിശ്വസിച്ചു.
അവളെ ആ വീട്ടിൽ അവർക്കൊപ്പം നിർത്താൻ പോലും അവർ മടിച്ചു. അവന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ ദിവസം,അവളെ അവളുടെ മാതാപിതാക്കളോടൊപ്പം അവർ പറഞ്ഞയച്ചു.
ഈ സംഭവങ്ങളൊക്കെയും അവളുടെ മനസ്സിനെ വല്ലാതെ ബാധിച്ചിരുന്നു. ദാമ്പത്യജീവിതത്തോട് പൊരുത്തപ്പെടാൻ ശ്രമിക്കുമ്പോൾ തന്നെ അത് കയ്യിൽ നിന്ന് ഊർന്ന് പോയി.
മനസ്സുകൊണ്ട് പോലും ഒരു തെറ്റും ചെയ്യാത്ത അവൾ ആ സംഭവത്തിൽ തെറ്റുകാരിയുമായി.
ഭൂതകാലത്തു നിന്ന് തിരികെയെത്തുമ്പോൾ അവൾ കരയുകയായിരുന്നു.
വീട്ടുമുറ്റത്തേക്ക് ഓട്ടോയിൽ ചെന്നിറങ്ങുമ്പോൾ അവളുടെ ഹൃദയം പതിന്മടങ്ങു മിടിക്കുന്നുണ്ടായിരുന്നു. അശുഭമായത് എന്തോ സംഭവിക്കാൻ പോകുന്നു എന്ന് അവളുടെ മനസ്സ് പറയുന്നുണ്ടായിരുന്നു.
” അച്ഛൻ എന്തിനാ അത്യാവശ്യമായി എന്നോട് വരാൻ പറഞ്ഞത്..? “ആകുലതയോടെ അച്ഛനോട് ചോദിക്കുമ്പോൾ, അവളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കും എന്നൊരു അവസ്ഥയിലായിരുന്നു അച്ഛൻ.
പക്ഷേ അവളെ തനിക്ക് ഒരിക്കലും തനിച്ചാക്കാൻ കഴിയില്ല എന്നൊരു തീരുമാനം മനസ്സിലുള്ളത് കൊണ്ട്, മനസ്സിനെ കല്ലാക്കി കൊണ്ടാണെങ്കിലും അയാൾ സംസാരിക്കാൻ തുടങ്ങി.
“നിന്റെ ഉദ്ദേശം എന്താ..? എന്നും തനിച്ചു കഴിയാം എന്നാണോ മോള് കരുതിയിരിക്കുന്നത്..?
അങ്ങനെ എന്തെങ്കിലും തീരുമാനം ഉണ്ടെങ്കിൽ അത് മനസ്സിൽ നിന്ന് എടുത്തു മാറ്റണം. എനിക്ക് ആണായും പെണ്ണായും നീ ഒരാൾ മാത്രമാണുള്ളത്. വിവാഹം കഴിഞ്ഞ് ഒരാഴ്ച പോലും നീണ്ടുനിൽക്കാത്ത ദാമ്പത്യം ആയിരുന്നു നിന്റേത് .
ആ സംഭവം കഴിഞ്ഞിട്ട് ഇപ്പോൾ മൂന്നു വർഷത്തോളമാകുന്നുണ്ട്. ഇനിയും അതൊക്കെ മനസ്സിൽ വച്ച് നടന്ന നിന്റെ ജീവിതം നീയില്ലാതെ ആക്കരുത്.”
അച്ഛൻ പറഞ്ഞു വരുന്നത് എങ്ങോട്ടാണ് എന്ന് അവൾക്ക് വ്യക്തമായും മനസ്സിലാകുന്നുണ്ടായിരുന്നു.
“നിനക്ക് നല്ലൊരു ആലോചന വന്നിട്ടുണ്ട്. നിനക്ക് അറിയാവുന്ന ആള് തന്നെയാണ്. പണ്ട് നിന്നെ പഠിപ്പിച്ച ഒരു മാഷ് ഇല്ലേ.. മഹാദേവൻ.. പുള്ളിക്ക് വേണ്ടിയാണ് ആലോചന.”
അച്ഛൻ അത് പറഞ്ഞപ്പോൾ നെറ്റി ചുളിഞ്ഞു. എതിർത്തു പറയാൻ തുടങ്ങുന്നതിനു മുൻപ് തന്നെ മീനുവിന്റെ ആ ശ്രമത്തെ അച്ഛൻ തടഞ്ഞു നിർത്തിയിരുന്നു.
അച്ഛന്റെ വാശിക്കും നിർബന്ധത്തിനും വഴങ്ങി പെണ്ണുകാണലിന് വേണ്ടി ഒരുങ്ങി നിൽക്കുമ്പോൾ, സ്വന്തം ജീവിതത്തിൽ പോലും യാതൊരു അഭിപ്രായവും ഇല്ലാത്ത തന്നെ കുറിച്ച് മീനുവിന് പുച്ഛം തോന്നുന്നുണ്ടായിരുന്നു.
ദേവൻ മാഷ് വന്നപ്പോൾ അദ്ദേഹത്തിന്റെ മുഖത്തേക്ക് പോലും നോക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. പഠിപ്പിക്കുന്ന സമയത്ത് അത്രയും ഗൗരവക്കാരനായ അധ്യാപകനായിരുന്നു അദ്ദേഹം.
ചെറിയ തെറ്റുകളെ പോലും ശാസിക്കുന്ന അധ്യാപകൻ. അദ്ദേഹത്തിന് മുൻപിൽ ഇങ്ങനെ ഒരു കാര്യത്തിന് വേണ്ടി നിൽക്കാൻ അവൾക്ക് മടി തോന്നുന്നുണ്ടായിരുന്നു.
ഒറ്റയ്ക്ക് സംസാരിക്കാനുള്ള അവസരം വന്നപ്പോൾ ദേവൻ മാഷ് തന്നെയാണ് സംസാരിച്ചു തുടങ്ങിയത്.
“താൻ എന്റെ സ്റ്റുഡന്റ് ആയിരുന്നു എന്ന് എനിക്കറിയാം. അതുകൊണ്ടു തന്നെ ഒരുപക്ഷേ തനിക്ക് എന്നെ ആക്സെപ്റ്റ് ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും.
എന്നെ സംബന്ധിച്ച് അങ്ങനെയല്ല കേട്ടോ. തന്നെ എന്റെ ജീവിതത്തിലേക്ക് കൂട്ടണമെന്ന് എപ്പോഴും ഞാൻ ആഗ്രഹിച്ചിരുന്നു.
പക്ഷേ ഞാൻ തന്നിലേക്ക് അടുക്കുന്നതിന് ഒരുപാട് മുൻപ് തന്നെ തന്റെ വിധി തീരുമാനിക്കപ്പെട്ടിരുന്നു. തന്റെ വിവാഹമുറപ്പിച്ചു എന്ന് കേട്ടപ്പോൾ വല്ലാത്തൊരു വേദനയായിരുന്നു.
അത് മറച്ചു പിടിക്കാൻ വേണ്ടിയാണ് അമ്മ ചൂണ്ടിക്കാണിച്ചു തന്ന പെണ്ണിനെ വിവാഹം കഴിച്ചത്. അവളോട് നീതി പുലർത്താനായി എന്ന് ചോദിച്ചാൽ പൂർണമായും ഞാനത് ചെയ്തു എന്ന് ഒരിക്കലും എനിക്ക് പറയാൻ പറ്റില്ല.
ഒരുപക്ഷേ ഞാൻ അങ്ങനെ പെരുമാറിയത് കൊണ്ടായിരിക്കാം എന്റെ ജീവിതത്തിൽ നിന്ന് അവൾ പടി ഇറങ്ങി പോയത്. അതിനുശേഷം ആണ് തന്റെ ജീവിതത്തിൽ നടന്ന ദുരന്തത്തെക്കുറിച്ച് ഞാൻ അറിഞ്ഞത്.
ഇപ്പോൾ തനിക്ക് വിവാഹം ആലോചിക്കുന്നു എന്ന് പറഞ്ഞപ്പോൾ എന്റെ ഇഷ്ടം ഇനിയെങ്കിലും തന്നെ അറിയിക്കണം എന്ന് എനിക്കൊരു ആഗ്രഹം തോന്നി.
അതുകൊണ്ടാണ് ആലോചനയുമായി നേരെ ഇവിടേക്ക് തന്നെ വന്നത്. തന്റെ തീരുമാനം എന്താണെങ്കിലും തുറന്നു പറയാൻ മടിക്കണ്ട.”
അത്രയും പറഞ്ഞുകൊണ്ട് മഹാദേവൻ മാഷ് പുറത്തേക്ക് ഇറങ്ങിപ്പോകുമ്പോൾ കേട്ടതൊക്കെ സത്യമാണോ എന്നൊരു തോന്നൽ ആയിരുന്നു മീനുവിനു.
കൗമാരകാലത്ത് എപ്പോഴും അവളുടെ സ്വപ്നങ്ങളിൽ ഇടം പിടിച്ചിരുന്ന രാജകുമാരനായിരുന്നു മഹാദേവൻ.
എങ്കിൽപോലും തന്നോടുള്ള സഹതാപമാണോ ഇപ്പോഴുള്ളത് എന്നൊരു സംശയം അവൾക്കുണ്ടായിരുന്നു. പക്ഷേ അതൊക്കെയും മാറാൻ അവന്റെ ഡയറി കയ്യിൽ കിട്ടുന്ന അത്രയും സമയം മാത്രം മതിയായിരുന്നു അവൾക്ക്.
ഇന്ന് അവരുടെ വിവാഹമാണ്. കൈവിട്ടു പോയെന്ന് കരുതിയ പ്രണയം സ്വന്തമാക്കുന്നതിന്റെ നിർവൃതിയിൽ മഹാദേവനും ഇനിയൊരിക്കലും നടക്കില്ല എന്ന് ആഗ്രഹിച്ച കാര്യം നടക്കുന്ന സന്തോഷത്തിൽ മീനുവും..!