അവളുടെ വയറിൽ ഒന്ന് തലോടാൻ കൊതിയായിരുന്നു. അവളുടെ നെറ്റിയിൽ ചുംബിച്ചു ചേർത്ത് അണച്ചു പിടിക്കാൻ കൊതിയായിരുന്നു. എല്ലാം ഫോണിലൂടെ

ദേവനുരാഗം
(രചന: Deviprasad C Unnikrishnan)

അവൾ വലത് കാല് വച്ചു വന്നത് പൂട്ടിയിട്ട എന്റെ ഹൃദയത്തിന്റെ വാതിൽ തുറന്നാണ്. മുൻ ജന്മത്തിലെവിടെയെങ്കിലും എന്റെ പ്രാണനായിരുന്നിരിക്കണം.

അല്ലെങ്കിൽ എന്നെയും എന്റെ സ്വഭാവത്തെയും വാക്കുകളെയും ഇത്രയധികം സഹിക്കുകയും ഉൾകൊള്ളുകയും ചെയ്യില്ല. അത്രമേൽ അവൾ എന്റെ ജീവനായിമാറി.

ആദ്യമൊക്കെ രണ്ടറ്റത്തു കിടന്നിരുന്ന ഞങ്ങൾ, ഇന്ന് എന്റെ കൈത്തണ്ട അവളുടെ തലയിണയാണ് ഇടക്ക് എന്റെ ഇടനെഞ്ചും അവൾക് തലയിണയാണുട്ടോ…

മനസ്സുകൾ തമ്മിൽ വാചാലമാകുമ്പോൾ മൗനമാകുമ്പോൾ അവളുടെ ചൂണ്ടു വിരലുകൾ എന്റെ മാറിലെ രോമങ്ങളിൽ ഓടി കൊണ്ടിരിക്കും.

ഇത് കണ്ടു “എന്തെ പെണ്ണെ” എന്ന് ചോദിക്കുമ്പോൾ ഉത്തരമായി ഒന്നുല്ലയെന്നു പറയും.

അവളുടെ മനസ് കുഴപ്പിക്കുന്ന ഉത്തരം കിട്ടാത്ത പ്രശ്നത്തിനു എന്റെ കൈയിൽ ഉത്തരമില്ലെങ്കിലും അവളോട്‌ ഞാൻ ചോദിക്കും “എന്താ പെണ്ണെ” എന്ന്…

ചില നേരത്ത് വഴക്കും ഉണ്ടാകും.. നിങ്ങൾ കരുതുംപോലെയുള്ള വഴക്കല്ല കണ്ടു നിൽക്കുന്നവർ കരുതും ഇപ്പോ ഡിവോഴ്സ് ആകുമെന്ന്, അ ലെവൽ അടിയാകും.

ചിലപ്പോഴോക്കെ നന്നായി സ്നേഹത്തോടെ സംസാരിച്ചിരിക്കുമ്പോളാകും ഈ അടിപൊട്ടുന്നത്. മുഖം തിരിച്ചു കിടന്നാലും രാത്രി മാറി കിടക്കാറില്ലട്ടോ എത്ര വഴക്ക് ഉണ്ടാക്കിയാലും. എന്നിട്ട് നേരം വെളുക്കുമ്പോൾ ഒരു വിളിയുണ്ട് “ദേവേട്ടാ”…..

അപ്പോൾ മെല്ലെ ഞാൻ തിരിഞ്ഞു നോക്കും അപ്പൊ കാണാൻ കഴിയും മുഴുവൻ പല്ല് കാണിച്ചു ചിരിച്ചു എന്നെ നോക്കി കിടക്കുന്നത്.. അതാവസാനിക്കുന്നത് പല്ല് തേക്കാത്ത ഒരു നെടുനീളൻ ചുംബനത്തിലാണ്.

അതെല്ലാം കഴിഞ്ഞു ആളു ആൾടെ ജോലിയൊക്കെ തീർത്ത് ജോലിക് പോകും. ഞാനും മെല്ലെ എണീറ്റു എന്റെ ജോലിക് പോകും.

പകൽ മൊത്തം അവളുടെ ഓട്ടം കഴിഞ്ഞു വരും , ക്ഷീണിച്ചു. അപ്പോഴേക്കും ഞാനും വന്നു കാണും. വല്ലാതെ ക്ഷീണിതയാണെങ്കിൽ മനസിലാവും പെട്ടന്ന് അവൾ “ദേവേട്ടന്ന്” വിളിക്കും….

ആ വിളി വന്നാൽ മനസിലാകും അവളെ ഒന്ന് ചേർത്ത്പിടിക്കാനാണെന്നു. ആ പിടുത്തം വിടുമ്പോഴേക്കും എന്റെ ഷർട്ട്‌ നനഞ്ഞു കാണും..

പിന്നെ വീട്ടിലെ ജോലികൾ വേറെ. ഇതിനിടയിൽ അടുക്കളയിൽ ചെന്ന് അവളുടെ വയറിനു ചുറ്റിപിടിച്ചു കഴുത്തിലേക്ക് ഊർന്നു കിടക്കുന്ന ഈറൻ മുടി മാടി ഒതുക്കി അവളുടെ പിൻ കഴുത്തിൽ ഉമ്മ കൊടുക്കും.

പകൽ മൊത്തം രണ്ടാളും എടുത്ത ജോലിയുടെ ഭാരം കുറക്കുന്ന ചുംബനം. മിക്ക സമയത്തും ഞങ്ങളുടെ ചുംബനം ഞങ്ങളുടെ വേദനയെല്ലാം മാറ്റിക്കൊണ്ട് വൈദ്യ ശാസ്ത്രത്തെ വെല്ലുവിളിക്കാറുണ്ട്.

ഇതിനിടെ എന്റെ കരിയറിനെ പറ്റി ചിന്തിക്കുന്ന അല്ലങ്കിൽ വ്യാകുലപെടുന്ന ഒരു അമ്മയാകാറുണ്ട് എന്റെ ഭാര്യ. തിരിച്ചും ചില സമയത്ത് അവൾക്ക് അച്ഛനാകാൻ ശ്രമിക്കാറുണ്ട്. ആകുന്നുണ്ടോന്നു അവളാണല്ലോ പറയേണ്ടത്. അത് അവൾക് വിട്ടേക്കാം.

അത്യാവശ്യം മ ദ്യ പിച്ചിരുന്ന ഞാൻ. അവളുടെ ഒരു വാക്കിൽ അത് നിർത്തിച്ചു. അതെന്താന്നല്ലേ.. കിടക്കയിൽ നടുക്ക് കിടക്കാൻ ഒരാൾ വരുന്നുണ്ടെന്നു പറഞ്ഞാണ്.

അന്ന് അവളുടെ സമീപത്തു ഞാൻ ഉണ്ടായിരുന്നെങ്കിൽ എടുത്തു പൊക്കിയെനെ.. ഈ സിനിമയിലൊക്കെ കാണുന്ന പോലെ..ശരിക്കും അടുത്ത് വേണ്ട സമയത്ത് ഞാൻ ദൂരെയുമായി പോയി.

ഛർദ്ദി ഭയങ്കരായിരുന്നു അവൾക്. എന്ത് പറ്റാത്തത് കഴിച്ചാലും ഛർദ്ദിക്കുന്നയാളാണ് പുള്ളിക്കാരി. പണ്ടേ ദുർബല ഇപ്പൊ ഗർഭിണിയെന്ന ചൊല്ല് ശരിക്കും ശരിയെന്നു തോന്നിയത് എന്റെ പൊണ്ടാട്ടി ഗർഭിണിയായപ്പോഴാണ്.

ഓരോ ഫോൺ കാളിലും പറയാനുള്ളത് ഈ ഛർദ്ദിയുടെ കാര്യമാണ്..ഇപ്പുറം എന്റെ മിഴി നിറയുന്നത് അവളെയറിയിക്കാതെ ഞാൻ സംസാരിക്കും. വാരി കളയാൻ പോലും പറ്റാത്ത അവസ്ഥയായി…

അവളുടെ ഛർദിയുടെ കാര്യം പറഞ്ഞപ്പോൾ തന്നെ അറിവുള്ളവർ പറഞ്ഞു.. നിനക്ക് ആൺകുട്ടിയാണെടാ ജനിക്കാൻ പോകുന്നത് എന്ന്. ആണായാലും പെണ്ണായാലും ഞങ്ങള്ക്ക് കുഴപ്പമില്ല.

ഓരോ ഫോൺ കാളിലും പരാതികൾ ആണ്‌. ലീവ് തരാത്ത എംഡി യെ പോലും അവൾ ചീത്ത വിളിച്ചു. ഇഷ്ടപ്പെട്ടിരുന്ന ആസ്വദിച്ചു കഴിച്ചിരുന്ന അവളുടെ ഓരോ ഭക്ഷണത്തിനോട് അവൾക് വെറുപ്പായി.

എന്ത് കഴിച്ചാലും ഛർദ്ദി .അവളുടെ ഉള്ളിൽ വളരുന്ന എന്റെ ജീവന് വേണ്ടി അവളുടെ ഇഷ്ടങ്ങൾ വേണ്ടാന്ന് വക്കേണ്ടി വന്നു. ഇതെല്ലാം അവൾ പറയുമ്പോ ഉള്ളൊന്നു പിടയും.

മറുതലക്ക് നിന്നും എന്ത് ചെയ്യാൻ പറ്റും. അവളുടെ വയറിൽ ഒന്ന് തലോടാൻ കൊതിയായിരുന്നു. അവളുടെ നെറ്റിയിൽ ചുംബിച്ചു ചേർത്ത് അണച്ചു പിടിക്കാൻ കൊതിയായിരുന്നു. എല്ലാം ഫോണിലൂടെ..

കുഞ്ഞിന്റെ അനക്കം പോലും ചെവിയോർത്തത് ഫോൺ സ്പീക്കറിലൂടെ. അച്ഛനെ പോലെ കുറുമ്പനാണ് എന്ന് അവൾ പറയും.. വയറിൽ ചവിട്ട് കൂടുതലാണെന്നു.

ഉറങ്ങാൻ കിടന്നാൽ അവൻ ചവിട്ടി എഴുന്നേൽപ്പിക്കും. അവൻ ഉറങ്ങുന്ന സമയത്ത് ഇവൾക്ക് ഉറങ്ങാൻ പറ്റില്ല. അവൾ ഉറങ്ങാൻ കിടന്നാൽ വയറിനുള്ളിൽ കിടന്നു അവൻ അവന്റെ കലാപരിപാടി തുടങ്ങും.

തിരിഞ്ഞും മറിഞ്ഞും കിടന്നു വെള്ളം കുടിച്ചും നേരം വെളുക്കാറാകുമ്പോൾ ചെറിയ ഉറക്കം വരും അതാണ് അവളുടെ ആകെയുള്ള ഉറക്കം. ഒരു ദിവസം സമയം ആയിട്ടും അവളുടെ കാൾ കാണുന്നില്ല.

ഞാൻ ആകെ ഭയന്നു. പിന്നീട് അവൾ ലേബർ റൂമിൽ ആണെന്ന് അറിഞ്ഞു. അവൾ അനുഭവിക്കുന്ന വേദന എന്റെ ഹൃദയം വഴി ഇടത് കാലിലേക്ക് ആണ്‌ വന്നത് അതിങ്ങനെ നിലത്തു താളം ചവിട്ടി കൊണ്ടിരുന്നു..

മിഴി നിറയുകയാണോ അതോ പുറത്ത് പെയ്യുന്ന മഴ എന്നെ നനയിക്കുകയാണോ എന്ന് ഒരു നിമിഷം നിനച്ചു പോയി. കുറെ കഴിഞ്ഞപ്പോ കൂട്ടിനു ഒരാൾ വന്നൂട്ടാ എന്നും പറഞ്ഞു കാൾ വന്നു. ഞാൻ ചോദിച്ചത് അവൾക്ക് എങ്ങനെയുണ്ടെന്നാണ്.

കുഞ്ഞും അമ്മയും സുഖമായിരിക്കുന്നു എന്ന് മറുതലക്ക് കേട്ടു. കുഞ്ഞിന്റെ കരച്ചിൽ ഫോണിലൂടെ കേട്ടു. ആളു കുസൃതി കൂടുതലാത്രെ.. എപ്പോഴും പാല് കുടിച്ചോണ്ടിരിക്കലാണ് പണി. കണ്ണ് തുറന്നാൽ അപ്പൊ അവനു പാല് വേണം.

വാശിക്കാരൻ. തന്റെ ജീവൻ പകുത്തു അവൾ എനിക്ക് ഒരു കുഞ്ഞിനെ തന്നിരിക്കുന്നു. ഉടനെ ലീവ് കിട്ടി ഞാൻ ഓടിയെത്തി എന്റെ രണ്ടു പ്രാണന്റെ അടുത്തേക്ക്..

തൊട്ടിലിൽ കിടക്കുന്ന മോനെ മാറത്ത് ഇട്ട് ഇറയത്തേക്ക് അവൾ വന്നു.. കണ്ണിൽ ഒരു പെരുമഴ തന്നെ ഉണ്ടായിരുന്നു. ഓടി ചെന്ന് അവളെ ചേർത്ത് പിടിച്ചു കെട്ടിപിടിച്ചു നെറ്റിയിൽ ഒന്ന് ചുംബിച്ചു. കുഞ്ഞിനെ എന്റെ കൈയിൽ തന്നു.

അവനെ എടുത്തു തുരു തുരെ ഉമ്മ വച്ചോണ്ടിരുന്നു. പകൽ മൊത്തം ആ വിളിക്കായി ഞാൻ കാതോർത്തിരുന്നു അവൾ വിളിച്ചില്ല. പരിഭവമാണ്.. ഇതെല്ലാം ഒറ്റക്ക് അനുഭവിക്കാൻ വിട്ടിട്ട് ഞാൻ പോയില്ലേ അതിന്റെ ആണ്‌.

അവളെ ചുറ്റിപറ്റി നടന്നു ആ വിളിയൊന്നു കേൾക്കാൻ ഒരു രക്ഷയില്ല..വാശി കയറിയാൽ അവൾ ഇങ്ങനെയാണ്. എനിക്കാകെ ഒരു മനസമാധാനമില്ല ഇവൾ അല്ലെങ്കിൽ എനിക്ക് ചുറ്റും പാറി പറന്നു നടക്കുന്നതാണ്.

കുഞ്ഞിനെ പാല് കൊടുക്കുന്ന അവളെ നോക്കിയിരുന്നു. രാത്രി മോനെ നെഞ്ചിൽ കിടത്തി ഓരോന്ന് ആലോചിക്കുവാണ്. പണിയെല്ലാം കഴിഞ്ഞു അവൾ കട്ടിലിൽ വന്നിരുന്നു. മോനെ നെഞ്ചിൽ നിന്നും എടുത്ത് കൊണ്ടു അവൾ പറഞ്ഞു.

“മോനെ.. ഇനി എനിക്ക് അവകാശപ്പെട്ട സ്ഥലമാണ്.. ഇനി ഞാൻ ഒന്ന് ഉറങ്ങട്ടെ…. അല്ലെ ദേവേട്ടാ….”

“വാടി പോത്തെ ഈ ഒരു വിളിക്കു വേണ്ടിയാണെടി പകൽ മൊത്തം പുറകെ നടന്നത്.” നെഞ്ചിലേക്ക് പറ്റി കിടന്നു കൊണ്ടു.

“അയ്യടാ… കുറച്ചു നേരം അലയട്ടെന്ന് ഞാൻ കരുതി…”കുസൃതിയോടെ അവൾ എന്റെ കവിളിൽ ചുംബിച്ചു..ദേവേട്ടാ……ന്തോ…..

ദേവേട്ടന്ന് ഇനി അവൾ അല്ലാതെ വേറെ ആരും വിളിക്കണ്ട…. ഇനി വിളിക്കുകയുമില്ല….

വിരഹം മറ്റാനായി.. എന്നോട് ഇഴുകി ചേർന്ന്.. പരസ്പരം അലിഞ്ഞു ചേരാൻ.. കൊതിക്കാവെ… വികൃതി പയ്യൻ കരയാൻ തുടങ്ങിയിരുന്നു..

മോൻ മയങ്ങിയപ്പോൾ എപ്പോഴോ ഞങ്ങൾ അനുരാഗ ബന്ധരായി… പെയ്തൊഴിയാൻ വെമ്പൽ കൊണ്ട മഴ ഇടിച്ചുകുത്തി എന്നിൽ പെയ്തിറങ്ങി.

ഇടക്ക് എപ്പോഴോ തൊട്ടിലിൽ കിടന്ന ഞങ്ങളുടെ തങ്കകുടം കരയാൻ തുടങ്ങി. അവൻ അങ്ങനെ സമയമൊന്നുല്ലട്ടാ കരയാൻ… ഞങ്ങളുടെ റൊമാൻസ് സമയമാണ് അവൻ കൂടുതലും എടുക്കാറു…

നെഞ്ചിൽ നിന്നും മോനു പാല് കൊടുക്കാൻ എണീക്കുമ്പോൾ അവളുടെ മിഴികളിൽ ചെറിയ നനവ് പടരും. ഇനിയും എനിക്ക് പെയ്തു മതിയായില്ല എന്ന് പറയാതെ പറയും ആ മിഴിയിണകൾ…

അവൾക് മൂക്കിൻ തുമ്പിലാണ് ദേഷ്യം. മോൻ ഉണരുമ്പോൾ ഇതൊന്നും അറിയാതെ പോത്തുപോലെ കിടന്നു ഉറങ്ങുന്ന എന്നെ കാലിൽ പിച്ചി എഴുന്നേൽപ്പിക്കും.

“അതെ മനുഷ്യാ… എന്റെ ഉറക്കം കളഞ്ഞിട്ട് ഇപ്പോ നിങ്ങളെങ്ങനെ ഉറങ്ങണ്ട..” ചുമ്മാ പരിഭവം മുഖത്ത് പ്രകടിപ്പിക്കും.

“ഞാൻ മാത്രമല്ലലോ ഉത്തരവാദി എണീക്കും മനുഷ്യാ…” എന്നെ കുത്തിപിടിച്ചു എഴുന്നേൽപ്പിക്കും. ഞാൻ മോന്റെ കളിയും നോക്കിയിരിക്കും.

കുഞ്ഞു ഉറങ്ങി കഴിയുമ്പോഴേക്കും നേരം വെളുത്തു കാണും. പിന്നെ അടുക്കളയിലെ പാത്രത്തിന്റെ ശബ്ദങ്ങൾക്കൊപ്പം അവളുടെ ഒറ്റക്കുള്ള വർത്തമാനം കേൾക്കാം.

ഞാൻ ഇല്ലാത്തപ്പോൾ അവളുടെ പരാതികൾ കേട്ടിരുന്നവയിൽ അടുക്കളയിലെ ഗ്യാസ് കുറ്റി വരെയും ഉണ്ട്. അവളുടെ ശബ്‍ദം കേട്ടു കൊണ്ടു ഞാൻ കിടക്കും.അവൾ എന്റെ ജീവന് തുടിപ്പ് നൽകാൻ അവളുടെ ശരീരത്തെ തന്നെ മാറ്റിയിരുന്നു..

മാതൃ വാത്സല്യം ചുരത്തുന്ന അവളുടെ മാറുകൾ ഉടഞ്ഞിരിക്കുന്നു. വയറിലേക്ക് വന്ന അടയാളങ്ങൾ എല്ലാം അവളുടെ ത്യാഗമാണ്. അവളുടെ വയറിൽ ചുംബിച്ചു കൊണ്ടു ഞാൻ പറഞ്ഞു.

“എടൊ… തന്റെ വയറാണെടോ എനിക്കിഷ്ടം.”എന്റെ കുഞ്ഞിന് ഇത്രേം സുരക്ഷിതമായ ഇടം ഒരുക്കിയ ആ വയറിൽ അല്ലാതെ ഞാൻ എവിടെയാണ് ചുംബിക്കേണ്ടത് ?…

ഇപ്പോഴണെടോ അവിടേം ഭംഗിയായത്. അത്രമേൽ പ്രണയത്തോടെ ഞാൻ ഓരോ തവണയും ചുംബികാറുണ്ട്.

എത്ര ഭർത്താക്കന്മാർ ഇങ്ങനെ ചെയ്യുന്നുണ്ടെന്നു അറിയില്ല. പക്ഷെ ഞങ്ങൾ ഇങ്ങനെയാണ്. ഇങ്ങനെയല്ലാതെ എന്റെ മോന്റെ അമ്മയെ ഞാൻ എങ്ങനെയാണ് സ്നേഹിക്കേണ്ടത്.

“ദേ… ദേവേട്ടാ… നിങ്ങൾ കുളിക്കുന്നില്ലേ.. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കരുത്.” എന്നും പറഞ്ഞു എനിക്ക് തോർത്ത്‌ എടുത്തു തന്നു ഓടിക്കും.

കുളിച്ചു കൊണ്ടു ഇരിക്കവെ അവളെ വിളിച്ചു ഞാൻ. എന്താ ഏട്ടാന്ന് ചോദിച്ചു ഓടി വന്നു. അവളുടെ കൈ പിടിച്ചു അകത്തോട്ടേക്ക് വലിച്ചിട്ടു.

“ദേ മനുഷ്യ എനിക്ക് നൂറു കൂട്ടം പണിയുണ്ട്.””പണിയൊക്കെ പിന്നെ ചെയ്യാം. ഞാൻ കൂടെ വന്നിട്ട്.”

അവളുടെ നെറ്റി തടത്തിലേക്ക് കിടന്ന മുടിയിഴകളെ മെല്ലെ മാടി ഒതുക്കി. ചുംബിക്കാൻ ഒരുങ്ങവെ പുത്രൻ കരഞ്ഞു കൊണ്ടു ഫുൾ സ്റ്റോപ്പ്‌ ഇട്ടു.

അവൾ കവിളിൽ ഒരു ഉമ്മ തന്നിട്ട് ഇറങ്ങി മോന്റെഅടുത്തേക്ക് പോയി. കുളിച്ചു ഇറങ്ങിയപ്പോഴേക്കും. മേശയുടെ പുറത്ത് എന്റെ ഇഷ്ടം പലഹാരം ഇടിയപ്പം. കഴിക്കാൻ ഇരുന്നപ്പോ അവളെ ഒന്ന് നോക്കി മോന് പാല് കൊടുത്തു കൊണ്ടിരിക്കുവാ.

കഴിക്കാൻ എടുത്തത് അവിടെ വച്ചിട്ട് അവളുടെ അടുത്തേക്ക് പോയിരുന്നു..”എന്തെ… ഏട്ടാ…. കഴിക്കുന്നില്ലേ..””നീ കൂടി വന്നിട്ട് കഴിക്കാം.. ഒരുമിച്ചു കഴിച്ചിട്ട് എത്ര നാളായി..”

“പോയി കഴിക്ക് പോത്തെ…ഞാൻ ഇവനെ ഒന്ന് ഉറക്കട്ടെ.””അത് വേണ്ട… ഒരുമിച്ചു കഴിക്കാം..എടോ എനിക്ക് ഒരു മോഹം.”

“എന്താ ഏട്ടാ…” മറുപടി പറയാതെ അവളെ എടുത്തു എന്റെ മടിയിലിരുത്തി. അവൾ എന്റെ മടിയിൽ ഇരുന്നു…

“എന്ത് ദേവേട്ടാ… ഈ കാണിക്കുന്നേ…”ചെറിയ നാണത്തോടെ അവൾ ചോദിച്ചു.

“നീ എന്റെ മടിയിൽ…. നമ്മടെ മോൻ നിന്റെ മടിയിൽ ഇരുന്നു പാല് കുടിക്കുന്നു…. അല്ലേലും എന്റെ വാമ ഭാഗം നിനക്കല്ലേ…അവിടെ ഇരിക്ക്…”

മോൻ ഉറങ്ങി ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ സമയം പത്തു. കഴിച്ചു കഴിഞ്ഞു.. ഞാൻ പുറത്തു പോയി.ഞാൻ പുറത്ത് പോകുന്നത് ആൾക് ഇഷ്ടമല്ല..

കാരണം ഉണ്ടുട്ടോ..നമ്മൾ അത്യാവശ്യം അലമ്പായിരിന്നു.. എന്തേലും ഒപ്പിച്ചെടുത്തു വീട്ടിൽ വന്നു കയറാറുള്ളു. ഇവൾ വന്നതിൽ പിന്നെ ഒരു കേസ് ഞാൻ പിടിക്കാറില്ല.

പോയി വരുന്ന വഴിക്ക് അവൾക്ക് ഇഷ്ടമുള്ള ആമ്പൽ പൂക്കൾ പറിച്ചെടുത്തു വീടെത്താറായപ്പോ പുറകിലേക്ക് ഒളിപ്പിച്ചു പിടിച്ചു.

ദൂരെ നിന്നും ഞാൻ വരുന്നത് കണ്ടിട്ട് അവൾ കൊച്ചിനേം എടുത്ത് അകത്തേക്ക് കയറി പോകുന്ന കണ്ടപ്പോഴേ മനസിലായി. ഇന്ന് രാത്രി ഉറക്കം വെളിയിലാണെന്നു. എന്നാൽ ശരി ഇപ്പോ ശരിയാക്കിത്തരാം. മദ്യപിച്ച പോലെ അഭിനയിച്ചു..

മുഖം വീർപ്പിച്ചു ടിവി നോക്കിയിരിക്കുന്ന അവളുടെ അടുത്തേക്ക് ആടിയുലഞ്ഞു ഞാൻ ചെന്നു. കണ്ണെല്ലാം ചുവക്കാൻ തുടങ്ങിയിരുന്നു അവളുടെ..ആമ്പൽ പൂ.. ഞാൻ ഇറയത്തു ഒളിപ്പിച്ചു വച്ചു..

“നിങ്ങൾ കുടിച്ചല്ലേ മനുഷ്യ…മോനെ എന്നേം പറ്റി ആലോചിച്ച..” കണ്ണങ്ങു ചുവക്കാൻ തുടങ്ങി.. ഇത് കേൾക്കുമ്പോൾ നിങ്ങൾ വിചാരിക്കും അവൾ കരയുവാണെന്നു… വെറും തെറ്റിദ്ധാരണ…. അവൾ കട്ടകലിപ്പിലാണ്…

“എടി അവർ നിർബന്ധിച്ചപ്പോ ചെറുത്‌ ഒരെണ്ണം “നാക്ക് കുഴപ്പിച്ചു ഞാൻ പറഞ്ഞു.. അവളുടെ തോളിൽ കൈ വച്ചു….”എന്നെ തോട്ട് പോകരുത് ദേവേട്ടാ… ഇനി ഒരു ബന്ധവും നമ്മൾ തമ്മിൽ ഇല്ലാ..”

അത് പറഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ല.. ഞാൻ ഇറയത്തേക്ക് ചെന്ന് ആമ്പൽ പൂക്കൾ എടുത്തു വന്നു. പിൻ തിരിഞ്ഞു നിൽക്കുന്ന.. അവളുടെ തോളിൽ പിടിച്ചു തിരിച്ചു നിർത്താൻ നോക്കി…

നല്ല ഒരു മീൻകറിയും ചട്ടിയുമാണ് എന്റെ തലയിൽ വീണത്… നിന്ന നിൽപ്പിൽ സ്വർഗത്തിൽ പോയി.. കാലന് ഷേക്ക്‌ ഹാൻഡ് കൊടുത്തു വന്നു. അമ്മാതിരി അടിയായിരുന്നു.. ആമ്പൽ പൂ കാണിച്ചു…

“ഞാൻ കുടിച്ചില്ല പെണ്ണെ… നിനക്ക് വാക്ക് തന്നതല്ലേ… പോത്തെ…. ഇനി മോൾ ഒന്നുടെ കുളിക്കു മീൻചാറൂം ചേർത്ത് അവളെ കെട്ടിപിടിച്ചു..

“കഷ്ടം ഉണ്ട്ട്ടാ….. വേണ്ടാന്ന്….””അങ്ങനെ പറയല്ലേ…. ഒന്നുടെ കുളിക്കാം…””ഉവ്വ ഒന്നാന്തരം മീൻകറിയാണ്… നിങ്ങടെ ഒടുക്കത്ത അഭിനയം കാരണം പോയത്..” ആ പരിഭവം പറച്ചിലിൽ എനിക്ക് അവളിൽ ഒരു വീട്ടമ്മയെ കാണാൻ പറ്റുന്നുണ്ടായിരുന്നു…..

രാത്രിയുടെ ഏതോ ഒരു യാമത്തിൽ അവൾ എന്റെ മാറിൽ നിന്നും മാറി തിരിഞ്ഞു കിടന്നു… വയറിലൂടെ കയ്യിട്ടു എന്നിലേക്ക് വലിച്ചടുപ്പിച്ചു കിടത്തി…

“എടോ…..””മ്മ് ” അവൾ മൂളി…”എനിക്ക് ഉമ്മ വക്കണം “”വച്ചോ…””കവിളിൽ അല്ല… വയറിൽ “”മ്മ്മ് ” അവൾ ഒന്ന് മൂളി…

എന്റെ മോന്റെ അമ്മയെ… എന്റെ പാതിയെ ഞാൻ ഇങ്ങനെയല്ലാതെ എങ്ങനെയാണ് സ്നേഹിക്കണ്ടത്….. ഇത് ഇങ്ങനെ തുടരുന്നു… അടിയും ഇടിയും ഇണക്കവും പിണക്കവും ഇടകലർന്നു… ദേവനിലേക്ക് അലിഞ്ഞു ചേർന്ന് അവളും…..അവൾ ചാരു…..ഇരുമ്പ് മനുഷ്യത്തി… അവൾ ദേവന്റെ ആണ്‌… ദേവന്റെ മാത്രം…

Leave a Reply

Your email address will not be published. Required fields are marked *