ജനനി
(രചന: Gopi Krishnan)
വിദേശത്തുള്ള ഭർത്താവിന്റെ ഫോൺ സംഭാഷണം കഴിഞ്ഞപ്പോൾ അവൾ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി…
കുഞ്ഞരിപ്പല്ലുകൾ കാണിച്ചു നിഷ്കളങ്കമായി ആ കുരുന്നു മാലാഖ അവളെ നോക്കി പുഞ്ചിരിച്ചു….. കുഞ്ഞിനെ തഴുകിക്കൊണ്ട് അവൾ ഫോൺ കയ്യിലെടുത്തു…. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട അവന്റെ നമ്പറിലേക്ക് വിളിച്ചു…
“അതേ കൃത്യം പതിനൊന്നു മണിക്ക് നീ വരില്ലേ”..?” ഞാനെത്തും.. പേടിക്കണ്ട.. ഞാൻ പറഞ്ഞ സാധനം നീ കുട്ടിക്ക് കൊടുത്തോ”..?
” ദേ ഇപ്പൊ കൊടുക്കാം..ശരി okk…വിളിക്കാം “ഫോൺ വെച്ചതിനു ശേഷം മേശപ്പുറത്തെ പാക്കറ്റിൽ നിന്നും ഒരു പൊടി എടുത്തു കുഞ്ഞിനുള്ള പാൽക്കുപ്പിയിൽ വിതറി..
നല്ലവണ്ണം ഇളക്കി സ്നേഹത്തോടെ കുഞ്ഞിനെ വിളിച്ചു… ഓടിവന്ന മകളുടെ വായിലേക്ക് പാൽക്കുപ്പി വെച്ചു കൊടുത്തു നെഞ്ചോട് ചേർത്ത് തഴുകി….
കുഞ്ഞിന്റെ ശ്വാസം നിലച്ചനേരം കിടക്കയിൽ കിടത്തി പുതപ്പെടുത്തു മൂടി…. റോഡിൽ നിന്നു ബുള്ളെറ്റിൻറെ ശബ്ദം കേട്ടപ്പോൾ ബാഗുമെടുത്തു വാതിൽ പൂട്ടി തിരിഞ്ഞു നോക്കാതെ ഓടിച്ചെന്നു…….
ബൈക്കിൽ കയറി…….സുഖം തേടിയുള്ള ചതിയുടെ ലോകത്തേക്ക് ആ വണ്ടി കുതിച്ചുപാഞ്ഞു…..
വാതിൽ തുറന്നു അകത്തേക്ക് കയറിയതും അവൾ കരഞ്ഞുകൊണ്ട് കട്ടിലിൽ വീണു… പിറകെയെത്തിയ അയാൾ അവളെ എഴുന്നേൽപ്പിച്ചു നെഞ്ചോട് ചേർത്തു..
” ഇങ്ങനെ കരയല്ലേ പെണ്ണേ നിനക്ക് അമ്മയാവാൻ കഴിയില്ലെന്ന് കരുതി നിന്നെ ഞാൻ ഉപേക്ഷിക്കില്ല.. നിനക്ക് ഞാനില്ലേ… എനിക്ക് നീയും.. നീ ചുമ്മാ കരഞ്ഞു അസുഖം ഒന്നും വരുത്തല്ലേ”
” എന്നാലും ഏട്ടന്റെ അമ്മയ്ക്കും അച്ഛനും എത്ര പ്രതീക്ഷകൾ ഉണ്ടാകും ഒരു കുഞ്ഞിക്കാല് കാണണം എന്ന്.
അമ്മയാകാൻ കഴിയാത്ത എന്നെ വീട്ടിൽ കൊണ്ടുപോയി വിട്ടേക്കൂ ഏട്ടൻ മറ്റൊരു ജീവിതം തുടങ്ങണം… ഏട്ടനോടൊപ്പം ഉള്ള ഓർമകളുമായി ഞാൻ ജീവിച്ചോളാം ”
” ഇങ്ങനെ ഓരോന്ന് പറഞ്ഞ് എന്നെക്കൂടി വിഷമിപ്പിക്കല്ലേ നിന്നെ വിട്ട് എനിക്ക ഒന്നും വേണ്ട ഈ ജന്മം മുഴുവൻ എനിക്ക് നീ മതി…
ചുമ്മാ ഇരുന്ന് കരയല്ലേ നമുക്കൊരു കുഞ്ഞിനെ ഈശ്വരൻ തരും… വെറുതെ കരയാതെ ഇത്തിരി വെള്ളം എടുത്തോണ്ട് വന്നേ.”
മുടിയും വാരിക്കെട്ടി അടുക്കളയിലേക്ക് നടന്ന അവളെനോക്കി അയാളും പ്രായമായ അച്ഛനും അമ്മയും വേദനയോടെ നിന്നു….
സ്നേഹത്തിന്റെ വന്മരങ്ങൾക്കിടയിൽ ജീവിച്ചിട്ടും അമ്മയാകാൻ കഴിയാത്ത നൊമ്പരത്തോടെ അവൾ അകത്തേക്ക് നടന്നു…..
കുതിച്ചുപോയ ബസിൽ നിന്നും ആരോ വലിച്ചെറിഞ്ഞ പൊതിയിൽ നിന്നും കയ്യിട്ടു തിന്നുന്ന തന്റെ കുഞ്ഞിനെ നോക്കി അവൾ നിറഞ്ഞ മിഴികളോടെ ആ തെരുവിൽ ഇരുന്നു..
നാടോടിയായി ആ തെരുവിലെത്തിയ കാലത്ത് ആരൊക്കെയോ ചേർന്ന് നശിപ്പിച്ച ജീവിതത്തിന്റെ ബാക്കിയായി കിട്ടിയത് കരയാൻ മാത്രം അറിയുന്ന ഒരു കുഞ്ഞുജീവനാണ്.
വഴിയോരത്തു കിടക്കുന്ന എച്ചിൽ പൊതികൾ കയ്യിട്ടു വാരാൻ എന്തിനീ ജന്മം തനിക്ക് തന്നെന്നു ചോദിച്ചു അവൾ ഈശ്വരനെ ശപിച്ചു കൊണ്ടിരുന്നു…..
ഇതുപോലുള്ള കഴുകന്മാർക്ക് കൊത്തിപ്പറിക്കാൻ വേണ്ടി ഒരു പെൺകുഞ്ഞിനെ തന്നെ എന്തിനായിരുന്നു തന്നത് എന്ന് ഓർത്തുകൊണ്ട് അവൾ വാവിട്ടുകരഞ്ഞു…
ജന്മം നൽകിയ മാതാവായിപ്പോയതിനാൽ കൊല്ലാനും കഴിയില്ലെന്നോർത്തു കുഞ്ഞിനെ നെഞ്ചോട് ചേർത്തു അവൾ തെരുവോരത്ത് അനന്തതയിലേക്ക് നോക്കിയിരുന്നു….. കടലോളം സ്നേഹം മനസ്സിലൊളിപ്പിച്ചു ഒന്നിനും കഴിയാതെ അവളിരുന്നു….
ജന്മം നൽകിയ മക്കൾക്കായി സ്വന്തം ജീവിതം സമർപ്പിച്ച അമ്മമാരും..സുഖം തരാൻ പുതിയൊരാൾ വന്നപ്പോൾ കുഞ്ഞുങ്ങളെ കൊന്നു കളഞ്ഞ അമ്മമാരും…..
ആരുടെയോ കുഞ്ഞിനെ പ്രസവിച്ചു പോറ്റാൻ കഴിയാതെ വിതുമ്പുന്ന അമ്മമാരും…
എല്ലാം ജീവിച്ചത് ഈ മണ്ണിലാണ്… ഇതൊന്നും പോരാതെ… ഏകമകൻ രാജ്യദ്രോഹിയായപ്പോൾ അവന്റെ ശവം പോലും കാണണ്ട എന്ന് പറഞ്ഞതും ഒരമ്മയായിരുന്നു….
രാജ്യത്തിനായി ഭർത്താവ് ജീവൻ കൊടുത്തപ്പോൾ എന്റെ മകനെയും നാടിനായി നൽകുമെന്ന് പറഞ്ഞതും ഒരമ്മയായിരുന്നു
മക്കൾക്ക് വേണ്ടി സ്വയം സമർപ്പിച്ച അമ്മമാർക്ക് വേണ്ടി… ചിലതൊക്കെ ഓർത്തപ്പോൾ .. എഴുതിയ വരികൾ സമർപ്പിക്കുന്നു….ഞാനുംസ്നേഹിക്കാൻ മാത്രം അറിയുന്ന ഒരമ്മയുടെ മകൻ…..