തള്ളി പിടിച്ചു നടക്കുന്നവരെയൊന്നും നിനക്കിഷ്ടമല്ലല്ലോ..അല്ലേ?”” സനൽ ഒന്ന് വിളറി ചിരിക്കുക മാത്രം ചെയ്തു. “എന്തിനാ എന്നെ ഇങ്ങനെ കൊല്ലാ കൊല ചെയ്യുന്നത്”.

മനസിജം
രചന :-മുഹമ്മദ്‌ ഫൈസൽ ആനമങ്ങാട്

“”പ്രണയം മാംസ നിബദ്ധമാണോ സനൽ?. ശരീരങ്ങൾ തമ്മിൽ ചേരുന്നതിന് അവിടെ സ്ഥാനമുണ്ടോ?””.. സുവർണ്ണ ചിരിച്ചു കൊണ്ട് ചോദിച്ചു.

തന്റെ ആത്മ പെൺ സൗഹൃദം സുവർണ്ണയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ആ ചോദ്യം കേട്ട സനൽ ഒന്നു പകച്ചു. പിന്നെ അവളുടെ മുഖത്തേക്ക് നോക്കി.

കുറച്ചു നേരം മൗനം പൂണ്ടു. “”ആണെന്നും പറയാം. അല്ലെന്നും പറയാം. പക്ഷേ.. ഒന്നില്ലാതെ മറ്റൊന്നിനു പൂർത്തീകരണം ഇല്ല എന്നും പ്രേമവും കാമവും ഒരു

നാണയത്തിന്റെ ഇരു വശങ്ങളാണ് എന്നൊക്കെ കേട്ടിട്ടുണ്ട്””.. സനൽ ചിരിച്ചു കൊണ്ട് പറഞ്ഞു.

“”ആണോ.. ആര് പറഞ്ഞു?.ഏതെങ്കിലും പെണ്ണ് പറഞ്ഞോ നിന്നോട്. ഇത്രയും ആധികാരികമായി പറയാൻ””. സുവർണ്ണ മിഴിഞ്ഞ കണ്ണുകളോടെ ചോദിച്ചു.

സനലിന് ചെറുതായി ദേഷ്യം വന്നു.
“”ഒരു പെണ്ണും പറഞ്ഞിട്ടൊന്നുമല്ല. എവിടെയോ വായിച്ചിട്ടുണ്ട്.. അത് നിന്നോട് പറഞ്ഞു..അതല്ല..എന്താപ്പോ

ഇങ്ങനെയൊക്കെ ചോദിക്കാൻ?.. എന്തുണ്ടായി?””. സനൽ ജിജ്ഞാസ മുറ്റിയ മുഖത്തോടെ ചോദിച്ചു.

“”അതോ.. അത്..നിനക്കറിയില്ലേ ഞാനും വിഷ്ണുവുമായി ഇഷ്ടത്തിലാണ് എന്ന്. അവനിപ്പോ അങ്ങനെയൊക്കെ ഒരു ചിന്ത വന്നോ എന്നൊരു സംശയം””.. സുവർണ്ണ ഒരു ചിരിയോടെ പറഞ്ഞു.

ഇത് കേട്ട സനലിന്റെ മുഖം മങ്ങി കറുത്തു. അവന്റെ തല കുനിഞ്ഞു. ഒന്നും മിണ്ടാതെ ദൂരേക്കെങ്ങോ നോക്കിയിരുന്നു.

“”നീ വിഷ്ണുവുമായി പ്രണയത്തിലായതും അത് ഇത്ര ത്തോളം വളർന്നതുമൊന്നും ഞാൻ അറിഞ്ഞില്ല. എന്നോടാരും പറഞ്ഞിട്ടുമില്ല. നീ പോലും””.. സനൽ

പതുക്കെ പറഞ്ഞു. നെഞ്ചിൽ തിങ്ങിയ സങ്കടം കണ്ണ് നിറക്കാതിരിക്കാനും കണ്ഠം പതറാതിരിക്കാണും അവൻ ശ്രദ്ധിച്ചു.

“”ഓ.. നീ അറിഞ്ഞില്ലേ.. ഞാൻ കരുതി വിഷ്ണു പറഞ്ഞിട്ടുണ്ടാവുമെന്ന്. നിങ്ങൾ നല്ല കൂട്ടല്ലേ””. സുവർണ്ണ ചിരിച്ചു കൊണ്ട് പറഞ്ഞു. അവൾ സനലിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി.

“”എന്താടാ.. നിന്റെ മുഖം വാടിയത്. അവൻ നീ അറിഞ്ഞിട്ടുണ്ടാകും എന്ന് കരുതിക്കാണും. നീ വിഷമിക്കേണ്ട. ഇപ്പൊ അറിഞ്ഞില്ലേ””.. സുവർണ്ണ പറഞ്ഞു.

സനൽ മറുപടി ഒന്നും പറയാതെ ദൂരേക്ക് നോക്കി. സ്റ്റാൻഡിൽ നിര നിരയായി നിർത്തിയിട്ടിരിക്കുന്ന ബസുകളിൽ ആളുകൾ കയറുന്നതും ഇറങ്ങുന്നതും നോക്കി അവൻ ഇരുന്നു. മനസ്സിൽ ഒരു മൂടൽ ബാധിച്ചിരിക്കുന്നു.

എന്തോ ഒരു വിങ്ങൽ.. പോകുമ്പോൾ കാത്തു നിൽക്കണമെന്ന് സുവർണ്ണ പറഞ്ഞപ്പോൾ ഉള്ളൊന്ന് തുടി കൊട്ടിയതാണ്. അവൻ പറയാൻ ബാക്കി വെച്ചത് അവൾ പറയുമെന്ന് ഏറെ ആശിച്ചു അവളെ കാത്തു നിന്നതാണ്.

മൂവരും അടങ്ങുന്ന സൗഹൃദ കൂട്ടായ്മയിൽ സനലിന്റെ മനസ്സിൽ സുവർണ്ണയോട് പ്രണയം സ്ഥാനം പിടിച്ചിട്ട് കുറേ നാളായി. ഒരുമിച്ചു ജോലി ചെയ്യുന്ന ഐടി കമ്പനിയിൽ മൂവരും ഒരുമിച്ചു ജോലിക്ക് കയറിയതാണ്.

സൗഹൃദം വാനോളം വളർന്നു. അത് സനൽ അറിയാതെ അവന്റെയുള്ളിൽ അനുരാഗമായി വളർന്നു.

“വിഷ്ണു എന്ത് കൊണ്ടും തന്നേക്കാൾ മിടുക്കനാണ്. അവനെ സുവർണ്ണ ഇഷ്ടപെട്ടതിൽ എന്താണ് തെറ്റ്.. ഞാൻ തുറന്നു പറഞ്ഞിരുന്നുവെങ്കിലും ചിലപ്പോ അവൾ നിഷേധിച്ചാലോ”.സനൽ ഇങ്ങനെ മനസ്സിൽ പറഞ്ഞു.

“”ഹേയ്.. എന്താണ് ഇത്ര ആലോചന””.. സുവർണ്ണ അവനെ തട്ടി വിളിച്ചു. ഓർമ്മകളിൽ നിന്നും ഞെട്ടിയുണർന്ന അവൻ അറിയാതെ നിറഞ്ഞ കണ്ണീർ

ഞൊടിയിടയിൽ അവൾ കാണാതെ തുടച്ചു. എന്നിട്ട് അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു.””ഒന്നൂല്ല.. ഞാൻ വെറുതേ ആളുകളെ നോക്കിയിരുന്നതാ””..സനൽ പറഞ്ഞു.

“”ശരിയാ… ഞാനും ശ്രദ്ധിച്ചു. നല്ല സുന്ദരി പെൺകുട്ടികൾ പോവുന്നണ്ടല്ലേ””. സുവർണ്ണ ഒരു ശൃംഗാര ചിരിയോടെ അവനെ നോക്കി ചിരിച്ചു.

സനലിൽ തികട്ടി വന്ന നിരാശയിൽ ദേഷ്യവും കൂടി കലർന്നു. അവൻ സുവർണ്ണയെ വല്ലാത്തൊരു നോട്ടം നോക്കി. പിന്നേ കൃത്രിമമായി ചിരിക്കാൻ

ശ്രമിച്ചു. “”ഞാൻ അതൊന്നുമല്ല നോക്കിയത് കുട്ടീ””.. അവൻ അതേ ചിരിയോടെ പറഞ്ഞു..

“”കുട്ടിയോ?… എന്താ ഇങ്ങനെയൊക്കെ വിളിക്കുന്നത്. പുതിയ വാക്കുകൾ ഒക്കെ””. സുവർണ്ണയുടെ മിഴികൾ വിടർന്നു.

സനൽ ഒന്നും മിണ്ടിയില്ല. അവൻ വീണ്ടും ചിന്തകളിലേക്ക് ഊർന്നിറങ്ങി. മനസ്സ് പലയിടത്തായി ചിന്നി ചിതറി കറങ്ങി തിരിഞ്ഞു. ”

എന്തൊക്കെയോ നഷ്ടപ്പെട്ടുവോ അതോ ഇല്ലയോ. എന്നാലും മനസ്സിന്റെ ആഴങ്ങളിൽ എപ്പോഴോ തെളിഞ്ഞു നിന്നിരുന്ന ഒരു കനവിന് മങ്ങലേറ്റത്

പോലെ. വിരിയാൻ തുടങ്ങുന്ന പേരില്ലാത്തൊരു പൂവ് വിടർന്നു പൂർണ്ണമാകും മുമ്പ് വാടി കരിഞ്ഞ പോലെ. എവിടെയോ ഒരു നീറ്റൽ പോലെ. ഞാൻ

ഇവളെ ഇത്രക്കും സ്നേഹിച്ചിരുന്നോ. വിളിച്ചപ്പോഴേക്കും മനസ്സ് ഘോര വനം കയറി ചിന്തിച്ചതെന്തിന്?”.

“”നീ ഇത് ചോദിക്കാനാണോ എന്നോട് കാത്ത് നിൽക്കാൻ പറഞ്ഞത്?””. ഇത് പറയുമ്പോൾ സനൽ അവളുടെ മുഖത്ത് നോക്കിയില്ല.””ഏത് ചോദിക്കാൻ?””.

“”ഈ പ്രണയം മാംസ നിബദ്ധമാണോ എന്നോ, കാമപൂർവ്വമാണോ എന്നോ, മണ്ണാങ്കട്ടയാണോ എന്നൊക്കെ ചോദിച്ചില്ലേ?””.സനലിന്റെ ശബ്ദം അല്പം

പരുക്കനായി. അവൻ ഇടങ്കണ്ണിട്ട് സുവർണ്ണയെ നോക്കി. ആ ചോദ്യത്തിന് അങ്ങനെയൊരു മറുപടി കൊടുക്കേണ്ടിയിരുന്നില്ല എന്ന് അവന് തോന്നി.

“”അതിന് ഇങ്ങനെ തിന്നാൻ വരണോ. മണ്ണാങ്കട്ടയാണോ എന്നൊന്നും ഞാൻ ചോദിച്ചില്ല. മാംസ നിബദ്ധമാണോ എന്ന് മാത്രമേ ചോദിച്ചുള്ളൂ. അതിന് നീ വ്യക്തമായ മറുപടിയും പറഞ്ഞില്ലേ.

നല്ല സാഹിത്യത്തിൽ””.. സുവർണ്ണ ചിരിച്ചു കൊണ്ട് പറഞ്ഞു. അവൾ കഴുത്തിൽ തൂക്കിയ തിരിച്ചറിയൽ കാർഡ് വെറുതേ കൈ കൊണ്ട് തട്ടി കളിച്ചു.

സുവർണ്ണയുടെ ആഹ്ലാദം നിറഞ്ഞ മുഖവും ശരീര ഭാഷയും സനലിൽ അതീവ നിരാശയും അസഹനീയതും സൃഷ്ടിച്ചു. അവൻ കൈകൊണ്ട് തല മുടി ഒന്ന് കോതിയൊതുക്കി.

“”ഞാൻ പൊയ്ക്കോട്ടേ സുവർണ്ണാ.. വീട്ടിലെത്തിയിട്ട് കാര്യങ്ങളുണ്ട്?””.സനൽ പറഞ്ഞു.””എന്താണ് ഇത്ര ധൃതി സനൽ. നീ നിൽക്ക്. നമുക്കൊരു കോഫി കുടിക്കാൻ പോയാലോ?””. അവൾ ചോദിച്ചു.

“”അത് വേണോ.. വിഷ്ണു എങ്ങാനും കണ്ടാൽ…?””.. സനൽ പരുങ്ങി കൊണ്ട് പറഞ്ഞു.

“”കണ്ടാലെന്താ. അവന് നമ്മളെ അറിയില്ലേ.. നിന്നെ അറിയില്ലേ. ആദ്യായിട്ടൊന്നുമല്ലല്ലോ. നമ്മൾ ഒന്നിച്ചു കോഫി കുടിക്കാൻ പോയിട്ടില്ലേ?””.””അപ്പോഴൊക്കെ വിഷ്ണുവും ഉണ്ടായിരുന്നു കൂടെ””.

“”ആഹാ..എന്നാ ഇപ്പൊ വിഷ്ണു ഇല്ല എന്നങ്ങു വെച്ചോ.. നീ വന്നേ. എനിക്ക് നിന്നെക്കാളും വലുതൊന്നുമല്ല വിഷ്ണു””.. സുവർണ്ണ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു.

സനൽ കൈ വലിച്ചു.””കൈയ് വിട്. ഞാൻ വരാം””. അവൻ ഇങ്ങനെ പറഞ്ഞു കൊണ്ട് ആരെങ്കിലും കണ്ടോ എന്ന് ചുറ്റും നോക്കി. സുവർണ്ണ ചിരിച്ചു കൊണ്ട് മുന്നിൽ നടന്നു.

സനൽ പുറകെയും. “ഇവളെന്താ ഇങ്ങനെ. വേറൊരുത്തനെ ഇഷ്ടമാണെന്ന് പോലും നോക്കാതെ”.. നടക്കും വഴി സനൽ അത്ഭുതത്തോടെ ഓർത്തു.

മുന്നിൽ നടക്കുന്ന സുവർണ്ണയുടെ ഇറുകിയ പാന്റും ഇറക്കം കുറഞ്ഞ ടോപ്പും സനലിൽ അലോസരം സൃഷ്ടിച്ചു.

“”സുവർണ്ണാ.. കുറച്ചു കൂടി ഇറക്കമുള്ള ടോപ് ധരിച്ചൂടെ. എന്തോ വൃത്തിക്കേട് തോന്നുന്നു””. അവൻ ചോദിച്ചു.

“”ഇതിനെന്താ കുഴപ്പം. നല്ലതല്ലേ. എനിക്കിതാ ഇഷ്ടം””.. സുവർണ്ണ പറഞ്ഞു. സനൽ ഒന്നും പറഞ്ഞില്ല.””ഓഹ്…ആയിക്കോട്ടെ””. സനൽ പറഞ്ഞു.

“എനിക്കെന്ത് ചേദം. അല്ലെങ്കിലും ഞാൻ ഇനി എന്തിനാ ഇവളുടെ ആവശ്യമില്ലാത്ത കാര്യങ്ങളിൽ തലയിടുന്നത്..ഓഹോ.. കൂട്ടുകാരി ആണല്ലോ അല്ലേ. ആ സ്ഥാനം കൂടി ഇനി മനസ്സിൽ നിന്നും കളയണം”.. സനൽ അവൾ കേൾക്കാതെ പിറു പിറുത്തു.

രണ്ട് കോഫിക്ക് പറഞ്ഞു ഇരുവരും ടേബിളിന് അഭിമുഖമായി ഇരുന്നു. സുവർണ്ണക്ക് മുഖം കൊടുക്കാതിരിക്കാൻ സനൽ നാല് പാടും കണ്ണെറിഞ്ഞു കൊണ്ടിരുന്നു. സുവർണ്ണ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

അവന്റെ ഭാവ ചലനങ്ങൾ സുവർണ്ണയിൽ കൗതുകം നിറഞ്ഞൊരു ചിരി വിടർത്തി. അവൾ ശബ്ദം പുറത്തു വരാതെ പതിഞ്ഞു ചിരിച്ചു.

“”എന്താണ് സനൽ ഒരു വൈക്ലബ്യം. നല്ല പെൺകുട്ടികൾ ചുറ്റുമുണ്ട്. നോക്കുന്നോ?. ഞാൻ പറയാം. നീ കാണിച്ചു തന്നാൽ മതി?””..അവൾ അവനെ നോക്കി ഒരു കണ്ണിറുക്കി.

“”ഹേയ്.. അതൊന്നുമല്ല.. എന്തിനാ എഴുതാപ്പുറം വായിക്കുന്നത്””. സനൽ അല്പം ദേഷ്യത്തോടെ പറഞ്ഞു. അവന്റെ ഉള്ള് വീണ്ടും നിരാശയിൽ ആണ്ടു. എത്രയും വേഗം

അവിടെ നിന്നൊന്ന് രക്ഷപ്പെട്ടെങ്കിൽ എന്നവൻ വല്ലാതെ ആഗ്രഹിച്ചു. ഉള്ളിൽ ഇപ്പൊ ചെറിയൊരു മുറിവേ ഉളളൂ. അത് വീണ്ടും വീണ്ടും സൂചി കൊണ്ട് കുത്തി വലുതാക്കുകയാണ്.

“”ഓ.. നിനക്ക് നന്നായി വസ്ത്രം ധരിക്കുന്ന പെൺകുട്ടികളെ ആണല്ലോ പ്രിയം അല്ലേ. ഇറുകിയ പാന്റിട്ട് തള്ളി പിടിച്ചു നടക്കുന്നവരെയൊന്നും നിനക്കിഷ്ടമല്ലല്ലോ..അല്ലേ?””

സനൽ ഒന്ന് വിളറി ചിരിക്കുക മാത്രം ചെയ്തു. “എന്തിനാ എന്നെ ഇങ്ങനെ കൊല്ലാ കൊല ചെയ്യുന്നത്”. അവൻ ഉള്ളിൽ പറഞ്ഞു. ഓരോ കാരണങ്ങൾ താൻ തന്നെ ഉണ്ടാക്കി കൊടുത്ത നിമിഷങ്ങളെ അവൻ ശപിച്ചു.

“”ഞാനൊന്ന് ചോദിച്ചോട്ടെ സനൽ. നീ ഇത് വരെ പ്രണയിച്ചിട്ടില്ലേ. ഉള്ളത് പറ””?.”‘ഇല്ല…ഇത് വരെ ഇല്ല””.

“‘അതെന്താ.. ആഗ്രഹമില്ലാഞ്ഞിട്ടോ. അതോ ഇഷ്ടമില്ലാഞ്ഞിട്ടോ?..ഞാൻ ചോദിച്ച ഒരു ചോദ്യത്തിന് ഇത്രയും വിശാലമായ അർത്ഥങ്ങളുള്ള ഉത്തരം പറഞ്ഞ നീയാണോ ഈ പറയുന്നത്.

പ്രണയത്തെ കുറിച്ച് അത്രക്കും അറിവുള്ള നീ എന്ത് കൊണ്ട് ഇത് വരെ പ്രണയിച്ചില്ല?.ഞാൻ തന്നെ ഞെട്ടി പോയി. ആ മറുപടി കേട്ടിട്ട്””..സുവർണ്ണ വടിവൊത്ത കൺ പുരികങ്ങൾ മേലേക്കുയർത്തി ചോദിച്ചു.

സനൽ വല്ലാത്തൊരു ഭാവത്തിൽ ടേബിളിൽ കൈ കുത്തിയിരുന്നു. വെയിറ്റർ രണ്ട് കപ്പ്‌ കാപ്പി അവരുടെ മുമ്പിൽ കൊണ്ടു വന്നു വെച്ചിട്ട് പോയി.

സനൽ വേഗം തന്നെ ഒരു മുറുക്ക് കാപ്പി മൊത്തി കുടിച്ചു തൊണ്ട നനച്ചു. സുവർണ്ണ അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

“”പ്രണയിക്കാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ആരെയും മനസ്സിണങ്ങി കിട്ടിയില്ല””. അവൻ പറഞ്ഞു.

“”പ്രണയം അപൂർവ്വം ചിലക്കേ തേടി വരൂ. അല്ലാത്തവർ അങ്ങോട്ട് തേടി പോവണം. ഒന്ന് തേടി പോയി നോക്ക്. ആ തേടൽ തന്നെ വല്ലാത്തൊരു അനുഭൂതിയാണത്.

തേടി കണ്ടെത്തിയാലോ അത് അതിലും മനോഹരമാണ്. ചിലപ്പൊ തോന്നും ഒരു പുതു മഴ നനഞ്ഞ സുഖം. ചിലപ്പോ ഒരു നനുത്ത മഞ്ഞു കണം നെറുകയിൽ വീണ പോലൊരു സുഖം.. അങ്ങനെ..

അങ്ങനെ.. പറഞ്ഞറിയിക്കാൻ പറ്റില്ല സനൽ അതൊന്നും””. സുവർണ്ണ വിടർന്ന മിഴികളോടെ സനലിന്റെ കണ്ണുകളിൽ നോക്കി ഇമ വെട്ടാൻ മറന്നവളെ പോലെ പറഞ്ഞു.

സനലിന്റെ ഹൃദയത്തിൽ സുവർണ്ണ ആദ്യമേ കോറിയിട്ട ചെറിയ മുറിവ് ഇപ്പൊ വലുതായി ചുട്ടു നീറുവാൻ തുടങ്ങി. ആ മുറിവിൽ നിന്ന് കിനിയുന്ന ചോര പെട്ടെന്ന് കണ്ണീരായി രൂപാന്തരപ്പെട്ടു അവന്റെ ഇരു മിഴികളും നിറച്ചു.

“നിന്നെയാണ് ആഗ്രഹിച്ചതും മോഹിച്ചതും. പക്ഷേ.. ആ നീ എന്നെ മുന്നിൽ ഇരുത്തി കുരങ്ങു കളിപ്പിക്കുകയാണ്.

പ്രേമത്തിന്റെ തെളിനീരുറവയേ കൂടുതൽ തിളക്കമുള്ളതാക്കി എന്റെ മുമ്പിലൂടെ ഒഴുക്കി പ്രലോഭിപ്പിക്കുകയാണ്. സ്പടികം പോലെ തിളങ്ങുന്നതാണ് പ്രണയമെന്ന മഹാ വികാരം എന്നെനിക്കറിയാഞ്ഞിട്ടല്ല.

പക്ഷേ.. ഞാനിപ്പൊ അശക്തനാണ്. തികച്ചും ദുർബലനാണ്. ഉറപ്പാണ് വിഷ്ണു നിന്നെ പ്രണയിച്ചിരുന്നില്ലെങ്കിൽ ഞാനിപ്പൊ.. ദാ… ഈ നിമിഷം നിന്നെ

വാരി പുണർന്നേനെ.. ദയവ് ചെയ്തു എന്നെ ഇനിയെങ്കിലും വെറുതേ വിടൂ”. സനലിന്റെ മനസ്സ് ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു.

“”ഹേയ്… എന്താണ് ഒന്നും മിണ്ടാത്തത്””. സുവർണ്ണയുടെ ശബ്ദം അവനെ ചിന്തകളിൽ നിന്നുണർത്തി.

“”ഒന്നൂല്ല.. വെറുതേ ചിന്തിച്ചതാ..ഞാനും പ്രണയത്തിൽ ആണ്ടെങ്കിൽ എന്ത് മുഷിപ്പായിരിക്കും ജീവിതം. എപ്പോഴും ഒരേ ചിന്ത. അവളെ കുറിച്ചു മാത്രം.

അവൾക്ക് ചുറ്റും കറങ്ങിയിങ്ങനെ എന്റെ ലോകം ചെറുതാകും. എന്നിലെ ബാക്കി അന്യം നിന്നു പോകും. പകൽ കിനാക്കളിൽ നാഴികകൾ വെറുതേ പാഴായി പോകും. സ്വയം മറന്നു

പലയിടങ്ങളിലും ഒറ്റപെട്ടു പോകും.. വേണ്ട.. എനിക്കത് ശരിയാകില്ല””.. സനൽ ഉള്ളിലെ തേങ്ങലിന്മേൽ അഭിനയം വാരിയിട്ടു മുഖത്ത് വിതറി.

സുവർണ്ണ ചിരിച്ചു. പൊട്ടി ചിരിച്ചു.””അതൊക്കെ തന്നെയാണ് പ്രണയം. നീ പറഞ്ഞ ആ കാര്യങ്ങളിലൂടെ ഒക്കെയൊന്നു ഊർന്നിറങ്ങണം. സുഖമുള്ളൊരു നോവുകളായി അനുഭവപ്പെടും.

ഇത്രയും പ്രണയത്തെ കുറിച്ചു പഠിച്ചു വെച്ചതെന്തിനാടാ നീ.. ആരോടൊക്കെയോ പറയാൻ കാത്തു വെച്ചത് പോലുണ്ടല്ലോ. കേട്ടിട്ട് കുളിരു കോരുന്നല്ലോ””..

അവന്റെ നെഞ്ച് കലക്കാൻ പോന്ന ആ വാക്കുകൾ അവൻ കേട്ടില്ലെന്ന് തന്നെ നടിച്ചു. അവൻ വെറുതെ മൂളി. “”സമയം ഏറെയായി. ഞാൻ പോവാണ് സുവർണ്ണ..

നാളെ കാണാം””..കാപ്പിയുടെ ബാക്കി കുടിക്കാതെ അവൻ എഴുന്നേറ്റു. “”നിൽക്ക് ഞാനും വരുന്നു””..അവൾ പേഴ്സിൽ നിന്ന് പൈസ എടുത്ത് ബിൽ കൗണ്ടറിലേക്ക് ഓടി പെട്ടെന്ന് തിരിച്ചു വന്നു. ഇരുവരും നടന്നു.

””എടാ.. ഞാൻ ചോദിച്ചതിന് നീ മറുപടി തന്നു. എങ്കിലും ഞാൻ ഒന്നു കൂടി ചോദിച്ചോട്ടെ.. വിഷ്ണു പറഞ്ഞതിന് ഞാൻ വഴങ്ങി കൊടുക്കേണമോ. എന്നേക്കാൾ അവനെ നിനക്കറിയില്ലേ.

നിനക്ക് എന്നെയും അറിയില്ലേ. അവനെക്കാൾ കൂടുതൽ ഞാൻ നിന്റെ കൂടെയല്ലേ ചെലവഴിച്ചിട്ടുള്ളത്. പറയ്‌ സനൽ.. അവനെ വിശ്വസിക്കാമോ?””.. സുവർണ്ണ ചോദിച്ചു. അവളുടെ മുഖം കാര്യ ഗൗരവമാർന്നു.

സനലിന്റെ മനസ്സ് വീണ്ടും ഇരുൾ നിറഞ്ഞ അഗാധ ഗർത്തത്തിലേക്ക് പതിക്കാൻ ആഞ്ഞെങ്കിലും അവൻ താങ്ങി നിർത്തി. “മനസ്സിൽ കൊണ്ടു നടന്ന പെണ്ണ്

വേറൊരുത്തന് ശരീരം പങ്ക് വെക്കുന്നതിന് തന്നോട് തന്നെ അഭിപ്രായം ആരായുന്നു. ഇതിലും വലിയൊരു വേദന വേറെയുണ്ടോ?.

എന്ത് സൗഹൃദത്തിന്റെ പേരിലായാലും അവളുടെ ഈ ചോദ്യം കളങ്കമില്ലെങ്കിലും കളങ്കിതമല്ലേ”. ആ ചോദ്യത്തിന് മുന്നിൽ അവൻ കുറച്ചു നേരം പകച്ചു നിന്നു.

“”വിഷ്ണു നല്ലവനാണ്. അതെനിക്ക് ഇപ്പൊ അറിയാം. ഒരാളുടെ ഭാവിയൊന്നും പ്രവചിക്കാൻ ഞാൻ ആളല്ല. പിന്നെ..പ്രണയത്തിന് പരിധി നിശ്ചയിക്കരുത് എന്ന വാദമാണ് എനിക്കെന്നും ഉള്ളത്.

മനസ്സുകൾ മാത്രമല്ല പ്രണയിക്കുന്നത്. ശരീരവും കൂടിയാണ്. രണ്ട് പേരും ഒരേ പോലെ ആസ്വദിക്കുന്നു എങ്കിൽ പ്രണയത്തിൽ എല്ലാ ബന്ധങ്ങളും മനോഹരമാണ്. ഇനിയൊക്കെ നിന്റെ ഇഷ്ടം.. ഞാൻ പോവുന്നു””.

സനൽ തിരിഞ്ഞു നോക്കാതെ നടന്നു. ഒന്നു തരിച്ചു നിന്ന അവൾ അവനെ ഉറക്കെ വിളിച്ചു. അവൻ നിന്നില്ല. അവൻ നടന്നു മറഞ്ഞു..

ബസിൽ ഇരുന്നു സനൽ മുഖം മുമ്പിലെ സീറ്റിലേക്കമർത്തി പൊട്ടി കരഞ്ഞു. തീവ്ര സൗഹൃദം പ്രണയത്തിനു വഴിമാറിയ നിമിഷങ്ങളെ അവൻ വെറുത്തു.

“‘ശരിയാ.. എനിക്ക് പ്രണയം ചേരില്ല. പ്രണയത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാടേ എനിക്കുള്ളൂ. നിലപാടില്ല. വിഷ്ണുവിന്റെ ധൈര്യവും എനിക്കില്ല. മനസ്സിൽ പ്രണയം വെറുതേ കൊണ്ടു നടന്നിട്ട് കാര്യമില്ല.

എന്നും ഒരു വിങ്ങലായി മാറാനായി മാത്രമേ അതിനാകൂ.. ഇനി സുവർണ്ണയേ കാണുമ്പോൾ ഞാൻ എങ്ങനെ അവൾക്ക് മുഖം കൊടുക്കും.

വിഷ്ണുവിന് എങ്ങനെ മുഖം കൊടുക്കും. ജോലി രാജി വെച്ച് എങ്ങോട്ടെങ്കിലും പോയാലോ”.. അവന്റെ അകതാരിൽ ഇങ്ങനെ ആരോ പിറുപിറുത്തു.

“അല്ല.. ഞാൻ എന്തിന് ഇങ്ങനെ ചിന്തിച്ചു.. സുവർണ്ണ അവളൊരു കിറുക്കി പെണ്ണ്. അല്ലെങ്കിൽ ആരെങ്കിലും ഇങ്ങനെ ഒക്കെ ചോദിക്കുമോ.

എന്റെ മനസ്സിലുള്ളത് എങ്ങനെ അവൾക്കറിയും. എന്റെ ആത്മാർത്ഥ സുഹൃത്തല്ലേ അവൾ. അത്രക്കും എന്റെ സൗഹൃദം അവൾ വിലമതിക്കുന്നത് കൊണ്ടല്ലേ പ്രണയത്തെ കുറിച്ചു എന്നിൽ നിന്നും ഇത്രയൊക്കെ ചോദിച്ചു

മനസ്സിലാക്കിയത്. ഈ കൂടി കാഴ്ച്ചക്ക് അവൾക്കെന്തെങ്കിലും ഉദ്ദേശം കാണും. സുവർണ്ണയും വിഷ്ണുവും ആരും എന്നെ ചതിച്ചിട്ടില്ല. പിന്നെന്തിനു ഞാൻ മാത്രം

പേടിച്ചോടണം””. അവൻ സ്വന്തം തലക്കൊരു കിഴുക്ക് കൊടുത്തു കൊണ്ട് ഒന്ന് പുഞ്ചിരിച്ചു.… ശുഭം… നന്ദി..

 

Leave a Reply

Your email address will not be published. Required fields are marked *