ഹണിമൂണിനുള്ള തുടക്കമാണ്. ഇന്നലെ വരെയുള്ള വിരഹവേദനയും പരിഭവവും ചുംബനങ്ങളിൽ ഇല്ലാതാകും.

രണ്ട് പെണ്ണുങ്ങൾ
രചന: Navas Amandoor

പ്രവാസിയായ ഭർത്താവ് നാട്ടിൽ ലീവിന് വരുന്ന ദിവസം അവൾക്കും അവനും വീണ്ടുമൊരു ഹണിമൂണിനുള്ള തുടക്കമാണ്. ഇന്നലെ വരെയുള്ള വിരഹവേദനയും പരിഭവവും ചുംബനങ്ങളിൽ ഇല്ലാതാകും. ആവേശത്തോടെ അവളിൽ അനുരാഗം പെയ്തിറങ്ങുന്ന നിമിഷങ്ങൾ.

“മനസ്സിലെ ചിന്തകൾ കാരണം നിന്നെയൊന്നു കെട്ടിപ്പിടിക്കാൻ പോലും എനിക്ക് കഴിയുന്നില്ലല്ലോ മോളേ..”

“ഇക്ക…. ഇപ്പൊ ഒന്നും ഓർത്ത് മനസ്സ് വിഷമിപ്പിക്കണ്ട..എനിക്ക് ഇക്കാടെ സന്തോഷമാണ് വലുത്.”

മനാഫ് എയർപോർട്ടിൽ വന്നിറങ്ങിയ സമയം മുതൽ നാട്ടിൽ വന്നതിന്റെ സന്തോഷമൊന്നും മുഖത്ത് ഉണ്ടായിരുന്നില്ല.
വീടും കുടുംബവും ഭാര്യയുമൊത്തുള്ള സന്തോഷത്തിലേക്കല്ല അവൻ പറന്നിറങ്ങിയത്.

റിയമോളുടെ ഒപ്പം എയർപോർട്ടിൽ നിന്നും മനാഫ് വീട്ടിലെത്തിയപ്പോൾ എല്ലാവർക്കും അവനിൽ നിന്ന് കേൾക്കാൻ എന്തോ ഒന്നുള്ള പോലെ കാത്തുനിന്നു. ഒരു ചായ കുടിച്ചു ഹാളിലെ സോഫയിൽ ഇരുന്ന് മകളും ബാക്കി എല്ലാവരും കേൾക്കാൻ മനാഫ് പറഞ്ഞു.

“എനിക്കറിയാ.. നിങ്ങളൊക്കെ എന്റെ അഭിപ്രായത്തിന് വേണ്ടി കാത്തു നിൽക്കുകയാണെന്ന്. എന്റെ മോൾ ഉൾപ്പടെ… പക്ഷെ, എനിക്ക് സമയം വേണം…രണ്ടാഴ്ച. ഞാൻ ഇന്ന്

വന്നിട്ടല്ലേയുള്ളൂ. പതിനാല് ദിവസങ്ങൾക്കു ശേഷമുള്ള ആ ദിവസം.. എല്ലാവരും ഇവിടെ ഉണ്ടാവണം. അന്ന് ഞാൻ പറയുന്നുണ്ട്… എല്ലാം.”

അതിനു ശേഷം ഫസിയുടെ അടുത്ത് നിൽക്കുമ്പോഴും ആ രാത്രിയും പ്രവാസിയുടെ ഉള്ളിലുറങ്ങിയ പ്രണയം ഉണരാതെ അവൻ നിർവികാരനായി.

മനാഫ് ആദ്യം നിക്കാഹ് ചെയ്തത് സുമിയെയാണ്. അകന്ന ബന്ധത്തിന്റെ ചരടുകൾ കൂട്ടിക്കെട്ടാൻ നടന്ന നിക്കാഹിനു മനാഫ് സമ്മതം മൂളി. നിക്കാഹ് കഴിഞ്ഞു അവർ ജീവിതം തുടങ്ങി.

ഒരു മോളുണ്ടായി.. മോള് ഉണ്ടായതിന് ശേഷമാണ് പ്രശ്നങ്ങൾ തുടങ്ങുന്നത്.എങ്ങനെയാണ് മനാഫിനെ ഇത്രയധികം സംശയം സുമിയുടെ മനസ്സിൽ ഉണ്ടായത്…?

“എനിക്കറിയാം… നിങ്ങള് ശരിയല്ല.. എല്ലാവരും പറഞ്ഞു എന്നെ പെടുത്തിയതാണ്… മോളുണ്ടായിപ്പോയി.. അല്ലെങ്കിൽ ഇറങ്ങിപ്പോയേനെ ഞാൻ.”

“പലവട്ടം ഞാൻ സത്യം ചെയ്തുപറഞ്ഞു. ഞാൻ നിന്നെയല്ലാതെ വേറെയൊരു പെണ്ണിനെയും മനസ്സുകൊണ്ട് പോലും ആഗ്രഹിച്ചിട്ടില്ലെന്ന്… എന്നിട്ടും നിന്റെ മുടിഞ്ഞ സംശയം.. ”

“ഓഹോ.. ഞാൻ സംശയിക്കുന്നതാണല്ലോ തെറ്റ്.. എന്നിട്ടാണോ ഏതോ ഒരു പെണ്ണിനെ ബൈക്കിലിരുത്തി കൊണ്ട് പോയത്..”

മനാഫ് കൈ വീശി മുഖത്തടിച്ചു..”എന്റെ അമ്മായിടെ മോളാണ് ചൂലേ.. ആ പെണ്ണ്.”സുമിയാണ് തീരുമാനിച്ചത്.. പെട്ടെന്നുള്ള തീരുമാനം. ഒട്ടും ആലോചിക്കാതെയുള്ള തീരുമാനം.”നമുക്ക് പിരിയാം.. എനിക്കിനി നിങ്ങളെ സഹിക്കാൻ കഴിയില്ല.”

മോളെ സുമി കൊണ്ടുപോയി.ജീവിതത്തിലെ സമാധാനം നഷ്ടപ്പെട്ടു ഒറ്റക്കായിപോയ നേരം. മോളെ കാണാൻ പോലും അവകാശമില്ലാത്ത സമയത്താണ് മനാഫിന്റെ കൂട്ടുകാരൻ വിസ അയച്ചത്. ഒരു മാറ്റം ആവശ്യമാനെന്ന് തോന്നി..മനാഫ് ദുബായിലേക്ക് പറന്നു.

വർഷം മൂന്നു കഴിഞ്ഞു മനാഫ് നാട്ടിൽ വന്നു. എതിർപ്പുകളെ അവഗണിച്ചു മോളെ കാണാൻ പോയി.

വാപ്പയെ കണ്ടപ്പോൾ മോൾ ഓടി വന്നു കെട്ടിപ്പിടിച്ചു.”വാപ്പിടെ റിയമുത്ത് വലുതായല്ലോ..”

മോളെ നെഞ്ചോട് ചേർത്തുപിടിച്ച് കവിളിൽ മുത്തമിട്ടു. എത്ര മുത്തം വെച്ചിട്ടും അയാൾക്ക് മതിയാവാത്തത് പോലെ.

രണ്ട് മാസത്തെ ലീവ് കഴിയുന്നതിന്റെ ഇടയിൽ പലവട്ടം മോളെ പോയി കണ്ടു.ആ സമയമൊക്കെ ഒന്ന് മുഖത്ത് നോക്കാതെ ഒന്നും മിണ്ടാതെ സുമി മാറി നിന്നു.

ജീവിതത്തിൽ ആരുമില്ലതായൊരു സമയത്ത് നാട്ടിൽ നിന്ന് രക്ഷപെടാൻ കിട്ടിയ അവസരമാണ് വിസ. ആ വിസ തന്ന കൂട്ടുകാരന്റെ അനിയത്തിയെ മനാഫ് നിക്കാഹ് കഴിക്കാൻ കാരണമുണ്ട്.

“വീട്ടിൽ ഉമ്മ ഒറ്റക്കാണ്.പിന്നെ എന്നായാലും ഒരു കല്യാണം കഴിക്കണം.. ഫസി സമ്മതിച്ചാൽ മാത്രം””അവൾക്ക് ഇഷ്ടമാണ്.. നിന്റെ കഥകളൊക്കെ.. അവൾക്കും അറിയാം.”

രണ്ടാമത്തെ ലീവിന് നാട്ടിൽ വന്നപ്പോൾ ഫസിയെ മനാഫ് നിക്കാഹ് ചെയ്തു. ആ നിക്കാഹിനു സാക്ഷിയായി റിയമോളും ഉണ്ടായിരുന്നു.

പത്ത് വയസ്സായ റിയമോൾ. വാപ്പയുടെ രണ്ടാമത്തെ നിക്കാഹിനു പുഞ്ചിരിയോടെ ഒപ്പം നടന്നു.

പക്ഷെ അന്നവൾക്കറിയില്ലായിരുന്നു ഇനിയൊരിക്കലും ഉമ്മാക്ക് വാപ്പയുടെ ജീവിതത്തിൽ സ്ഥാനമില്ലെന്ന്..

വർഷങ്ങൾ കഴിഞ്ഞപ്പോൾ അവൾ എല്ലാം അറിഞ്ഞു തുടങ്ങി. വാപ്പയെ അവൾക്ക് വേണമെന്ന് മനസ്സ് വാശി പിടിച്ചു.

ഉമ്മച്ചിക്കൊപ്പം വാപ്പയും ഉണ്ടാവാൻ റിയ മനസ്സിൽ തന്ത്രങ്ങൾ മെനഞ്ഞു.

ഗൾഫിലുള്ള വാപ്പയെ ഇടക്കിടെ വിളിക്കും. മാറിനിന്ന സുമിയെയും മൊബൈലിന്റെ മുൻപിൽ കൊണ്ടുവന്നു നിർത്തി.

ഇടക്കിടെ ഉമ്മയെയും കൂട്ടി വാപ്പയുടെ വീട്ടിൽ റിയ വിരുന്നുകാരിയായി കയറിയിറങ്ങുമ്പോൾ ശത്രുവിനെ പോലെ ഫസിയെ മാത്രം മാറ്റിനിർത്തി.

സ്‌നേഹപ്രകടനങ്ങൾ കൊണ്ട് മനാഫിന്റെ ഉമ്മയെയും പെങ്ങന്മാരെയും റിയ കൈയിലെടുത്തപ്പോൾ അവരൊക്കെ ചിന്തിച്ചു എട്ടുകൊല്ലം കഴിഞ്ഞിട്ടും മനാഫിന്റെ കുഞ്ഞിനെ പ്രസവിക്കാത്ത ഫസിയെക്കാൾ നല്ലത് സുമി തന്നെയാണെന്ന്.

“സുമിയെ… വീണ്ടും മനാഫ് കെട്ടണം. റിയമോൾ ഈ വീട്ടിൽ നിന്ന് വേണം പുതുപെണ്ണായി ഇറങ്ങേണ്ടത്.. അതിനുള്ള തടസ്സം മാറണം.”

“ഉമ്മ പറയുന്ന പോലെ ഇക്കയെ വിളിച്ചു ഞങ്ങളും പറഞ്ഞതാ.. ഇക്ക ഒന്നും മറുപടി പറയുന്നില്ല.”

“അവനും അത് തന്നെയാ ഇഷ്ടം… ദിവസം രണ്ട് നേരം റിയമോളെ വിളിക്കും.. എന്തായാലും അവൻ തന്നെ വേണ്ടേ മോളെ നിക്കാഹ് ചെയ്തു കൊടുക്കാൻ.”

ഉമ്മയും പെങ്ങന്മാരും പലതും പറയുമ്പോഴും ഒന്നും കേൾക്കാത്തവളായി.. ഒന്നും അറിയാത്തവളായി ഫസി ആ വീട്ടിൽ മൗനത്തോടെ ജീവിച്ചു.

മനാഫ് ലീവിന് നാട്ടിൽ വരുന്നുണ്ട്.. അതുകൊണ്ടാണ് എല്ലാവരോടും ഫസിയുടെ തീരുമാനം ആദ്യമെ പറഞ്ഞത്.

പെട്ടെന്നൊരു തീരുമാനമെടുക്കാൻ കഴിയാതെ മനസ് ചോദ്യങ്ങൾ ചോദിച്ചു ഉത്തരം മുട്ടിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാകാറുണ്ട്.

ഏറെ ആലോചിച്ചു.. ഒരുപാട് ചിന്തിച്ചു.. ആരോടും അഭിപ്രായം ചോദിച്ചില്ല.. ഫസിയുടെ തീരുമാനം എല്ലാവരോടും പറയുകയും ചെയ്തു.

“എനിക്ക്… കുട്ടികൾ ഉണ്ടായില്ല . അത് എല്ലാവർക്കും അറിയാം.. കല്യാണം കഴിഞ്ഞു കൊല്ലം എട്ട് കഴിഞ്ഞല്ലോ.. ഇനി ഞാനൊരു ബാധ്യതയായി ഇക്കാടെ പെണ്ണായി തുടരുന്നതിൽ അർത്ഥമില്ല.. ഇക്ക സുമിത്തയെ തന്നെ രണ്ടാമത് കെട്ടിക്കോട്ടെ.”

ഫസിയുടെ തീരുമാനം കണ്ണ് നിറയാതെ വാക്കുകൾ പതറാതെ എല്ലാവരുടെയും മുഖത്ത് നോക്കി പറഞ്ഞു.

അങ്ങനെയൊരു തീരുമാനമാണ് മനാഫിന്റെ ഉമ്മയും ഉപ്പയും പെങ്ങന്മാരും പറയാതെ പറയുന്ന ആഗ്രഹമെന്ന് അറിഞ്ഞു കൊണ്ടുള്ള ഫസിയുടെ വാക്കുകൾ.

നാളെ മനാഫ് മനാഫിന്റെ തീരുമാനം പറയും. അതറിയാൻ എല്ലാവർക്കും ആകാംക്ഷയുണ്ട്.. രണ്ട് പെണ്ണുങ്ങളുടെ ഭർത്താവായി ജീവിതം മുന്നോട്ട് കൊണ്ട് പോയാലും സാരമില്ല..സുമി ഇനി അയാളുടെ ജീവിതത്തിൽ ഉണ്ടാവാൻ എല്ലാവരും റിയയുടെ ഒപ്പം ഉണ്ട്.

ആ ദിവസം പുലർന്നു.എല്ലാവരും ക്ഷമയോടെ മനാഫിന്റെ തീരുമാനമറിയാൻ കാത്തുനിന്നു.മനാഫ് ഹാളിലെ സോഫയിൽ വന്നിരുന്നു. തീരുമാനം എന്തായാലും അത് എന്നെ ബാധിക്കില്ല എന്ന മട്ടിൽ ബെഡ് റൂമിന്റെ വാതിലിൽ ചാരി ഫസി നിന്നു.

“റിയ എന്റെ ചോരയാണ്. എനിക്ക് സുമിയിൽ ഉണ്ടായ എന്റെ മോൾ. അവളുടെ എല്ലാ കാര്യത്തിനും ഞാൻ ഉണ്ടാവും. സുമിയെ ഞാൻ വീണ്ടും നിക്കാഹ് ചെയ്യുന്നതിൽ ഫസിക്ക് എതിർപ്പില്ല.. അല്ലെങ്കിലും അവൾ എന്നും

അങ്ങനെയാണ് എന്റെയും ഈ കുടുംബത്തിന്റെയും സന്തോഷമാണ് അവൾക്ക് വലുത്.. അതുകൊണ്ട് ഞാനൊരു തീരുമാനമെടുത്തു.”

എന്തായിരിക്കും ആ തീരുമാനമെന്നറിയാൻ മനാഫിന്റെ മുഖത്ത് കണ്ണും നട്ട് ഇരിക്കുന്നവർ. റിയ അവളുടെ തന്ത്രങ്ങളുടെ വിജയത്തിന്റെ തീരുമാനം അവൾക്കും ഉമ്മച്ചിക്കും അനുകൂലമാവുമെന്ന പ്രതീക്ഷയിൽ വാപ്പയുടെ അരികിൽ തന്നെയുണ്ട്.

“ഞാനൊരു പതിനാല് ദിവസം പറഞ്ഞത് ഫസിടെ വിസിറ്റിങ് വിസ റെഡിയാക്കാനാണ്. അവൾ ഇനി എന്റെ ഒപ്പം നിക്കട്ടെ.. നിങ്ങക്ക് വാക്കുകൾ കൊണ്ട് കൊത്തിപ്പറിക്കാൻ അവളെ ഇനിയിവിടെ നിർത്തുന്നില്ല.”

പ്രതീക്ഷയോടെ കാത്തിരുന്നവരുടെ മുഖത്ത് നിരാശ പടർന്നപ്പോൾ ഫസിയുടെ കണ്ണു മാത്രം നിറഞ്ഞു. ആ സമയം മനാഫിനെ കെട്ടിപ്പിടിക്കാൻ തോന്നി അവൾക്ക്.

“ഉമ്മാ… കഴിഞ്ഞതൊന്നും മറക്കുന്നവനല്ല ഞാൻ… വേദനിപ്പിച്ചത് മറന്നാലും കൂടെ നിന്നവരെ മറക്കുന്നത് നന്ദികേടാണ്. മനാഫ് എന്തായാലും നന്ദികെട്ടവനല്ല.”

റിയ ആരോടും ഒന്നും മിണ്ടാതെ ഹാളിൽ നിന്നും ഇറങ്ങി പുറത്തേക്ക് നടന്നു.മനാഫിന്റെ ജീവിതത്തിലെ രണ്ട് പെണ്ണുങ്ങളിൽ ഒരാൾ പുകഞ്ഞ കൊള്ളിയാണ്. പുകഞ്ഞ കൊള്ളി പുറത്ത് തന്നെയാണ് നല്ലത്.

 

Leave a Reply

Your email address will not be published. Required fields are marked *