എന്തുകൊണ്ട് നിനക്ക് എന്നോട് താല്പര്യം തോന്നുന്നില്ല..?”അവൾ മിണ്ടാതെ നിന്നപ്പോൾ അവന് ദേഷ്യം കൂടി.

കെട്ടിയോള്
രചന: Navas Amandoor

“എനിക്ക് വ്യക്തമായ മറുപടി കിട്ടണം എന്തുകൊണ്ട് നിനക്ക് എന്നോട് താല്പര്യം തോന്നുന്നില്ല..?”അവൾ മിണ്ടാതെ നിന്നപ്പോൾ അവന് ദേഷ്യം കൂടി.

“നീ എന്റെ ഭാര്യയാണ്.. അപ്പൊ ഇങ്ങനെ ആകുമ്പോൾ അതിന്റെ കാരണം അറിയാനുള്ള അവകാശം എനിക്കുണ്ട്.”

“എല്ലാം അങ്ങനെ തുറന്നു പറയാൻ കഴിഞ്ഞെന്നു വരില്ല.”മോൻ അടുത്തുണ്ടായത് കൊണ്ട് മാത്രം കൂടുതൽ ഒന്നും പറയാതെ ഷാനു പുറത്തോട്ടിറങ്ങി.

പതിവ് പോലെ അങ്ങാടിയിലെ കടത്തിണ്ണയിൽ ഇരുപ്പുറപ്പിച്ച് മൊബൈൽ കൈയിലെടുത്തു. എന്തിനും കൂടെ നിൽക്കുന്ന സമീറുമുണ്ട് ഒപ്പം.

സ്ത്രീകളിലെ വിരക്തിയുടെ കാരണമറിയാൻ ഗൂഗിളിൽ സെർച്ച് ചെയ്തു. ഓരോ റിസൾട്ടും ഓപ്പണാക്കി വായിച്ചു. ഷാനുവിന്റെ അരികിൽ ഇരുന്ന് സമീറും മൊബൈലിൽ നോക്കി.

“നിനക്ക് എന്താടാ വട്ടായോ.. വേറെ ഒന്നും കിട്ടിയില്ലേ വായിക്കാൻ.?””ഇപ്പൊ ഇതാണ് ആവശ്യം.. “”കെട്ടിയോള് പണിമുടക്കിയൊ.. പഹയാ? ”

“പണിമുടക്ക് എന്നൊന്നും പറയാൻ പറ്റില്ല.. നിസ്സഹകരണം..””അത് എന്താടാ അങ്ങനെ..? “”അറിയില്ല.”

കുറച്ചു കഴിഞ്ഞു വീട്ടിൽ ചെന്നപ്പോൾ മോൻ ടീവി കാണുന്നു.ഷാനു അവന്റെ അടുത്ത് കസേര വലിച്ചിട്ട് ഇരുന്നു.

“വാപ്പിച്ചിയും ഉമ്മിച്ചിയും എന്തിനാ എപ്പോഴും വഴക്കിടുന്നത്..?”ടീവിയിൽ പാടി അഭിനയിക്കുന്ന ഭാര്യയെയും ഭർത്താവിനെയും കണ്ടപ്പോൾ മോന്റെ മനസ്സിൽ തോന്നിയ ചോദ്യം.

അങ്ങനെ മോൻ ചോദിച്ചപ്പോൾ ഷാനുവിന് ടെൻഷനായി..ചെറുതാണെങ്കിലും അവൻ എല്ലാം കാണുന്നുണ്ട് അറിയുന്നുണ്ട്.ഇനി ഇങ്ങനെ ആയാൽ അവൻ വീണ്ടും ചോദ്യമായി വരും.

“സുറുമി എന്താ നിന്റെ പ്രശ്നം.. നീ എന്താ ഇങ്ങനെ…?””എനിക്ക് എന്ത് പ്രശ്നം… ഞാൻ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ..?””കേട്ടില്ലേ മോൻ ചോദിച്ചത്‌…?””കേട്ട്…. എല്ലാത്തിനും കാരണം ഇങ്ങളല്ലെ..”

പിന്നെ അവളോട് സംസാരിക്കാൻ ഷാനു നിന്നില്ല.സംസാരിച്ചാൽ അവളെ ജയിക്കാൻ അവനും അവനെ ജയിക്കാൻ അവളും പരസപരം വാക്കുകൾ കൊണ്ട് പടവെട്ടും. ആ സമയം പരസപരം വേദനിപ്പിക്കാനുള്ള വാശിയാകും രണ്ട് പേർക്കും.

ഇങ്ങനെയൊന്നും ആയിരുന്നില്ല ഷാനുവും സുറുമിയും. പരസ്പരം അറിഞ്ഞും സ്‌നേഹിച്ചും ജീവിതത്തെ സന്തോഷം കൊണ്ട് ആസ്വദിച്ചവർ.

അതിന്റെ ഇടയിൽ വില്ലനായി വന്നത് കിടപ്പറയിലെ അവളുടെ ഒഴിഞ്ഞു മാറ്റമാണ്.

പല രാത്രികളിലും ഷാനു അവളെ അവന്റെ അരികിലേക്ക് ചേർത്ത് പിടിക്കുമ്പോൾ അവൾ തിരിഞ്ഞ് കിടക്കും.ആ സമയം ഷാനുവിന് ദേഷ്യം വരും.

ചീത്ത പറയും.. തോന്നിയതൊക്കെ പറയും.എല്ലാം കേട്ടുകൊണ്ട് നിറകണ്ണുകൾ തുടച്ച് അവൾ കിടക്കും.അതിന്റെ പ്രതികരണം രാവിലെയും ഉണ്ടാകും. ഷാനു അവളുടെ മുഖത്തേക്ക് നോക്കില്ല.എല്ലാത്തിനും അവളെ കുറ്റം പറയും.അവളും വിട്ട് കൊടുക്കില്ല.

ഇതുപോലെയുള്ള രാത്രിയും പകലും പലവട്ടം കഴിഞ്ഞു പോകുമ്പോൾ അവർ അറിഞ്ഞില്ല അവർ അവരെ തന്നെ അകറ്റുകയാണെന്ന്.അവർ ചിന്തിച്ചില്ല അവർ അവരെ തന്നെ നഷ്ടപ്പെടുത്തകയാണെന്ന്.

വലിച്ചു കീറിയ പുതപ്പും എറിഞ്ഞു പൊട്ടിച്ച അലമാരയുടെ ചില്ലും കഷ്ണങ്ങളായ വെള്ളജെഗ്ഗും മാത്രമല്ല അവരുടെ മോനും ഈ നിമിഷങ്ങളുടെ സാക്ഷിയാണ്.

“ഡാ ഇനിയും ഇത് നീട്ടി കൊണ്ടുപോയൽ ജീവിതം നരകമാകും.””എന്തുകൊണ്ടാണ് അവളുടെ ഒഴിഞ്ഞു മാറ്റമെന്ന് അറിയോ… നീ ചോദിച്ചിട്ടുണ്ടോ..?”

“ഇല്ല.. ആ സമയം എന്റെ കലി.. അവളുടെ ഒഴിഞ്ഞു മാറ്റത്തിനു മോശമായ കാരണങ്ങളെ കണ്ടത്തും.”

“നീ സ്‌നേഹത്തോടെ അവളോട് സംസാരിക്കണം.. എന്താണ് പ്രശ്നമെന്ന് ചോദിച്ചറിയണം.നമ്മുടെയൊക്കെ പെണ്ണുങ്ങൾ പാവങ്ങളാണ് ഷാനു… ഒന്ന് സ്‌നേഹത്തോടെ തലോടിയാൽ തീരുന്ന പിണക്കമേ അവർക്ക് ഉണ്ടാകൂ.”

പലവട്ടം ചോദിച്ചിട്ടും മറുപടി തരാത്ത സുറുമിയോട് അവളുടെ ഒഴിഞ്ഞു മാറലിന്റെ കാരണം അറിയണമെന്നവൻ മനസ്സിലുറപ്പിച്ചു. അന്നു വൈകുന്നേരം ഷാനു അവളെയും മോനേയും കൂട്ടി കടപ്പുറത്തേക്ക് പോയി.

പോകുന്ന വഴി അവളോട് സ്‌നേഹത്തോടെ സംസാരിച്ചു. മോന്റെ മുൻപിൽ ഉമ്മിച്ചിയോട് ഇഷ്ടമുള്ള വാപ്പിച്ചിയായി.

കടൽ ശാന്തമാണ്.അകലെ പൊട്ട് പോലെ നീങ്ങുന്ന ബോട്ടുകൾ.സൂര്യൻ ചുമപ്പിന്റെ വസ്ത്രമണിഞ്ഞു. തിരമാലകൾ ആർത്തലച്ചു കരയെ തൊട്ടുതലോടി പോകുന്നുണ്ട്. കുട്ടികൾ തിരമാലകൾക്കൊപ്പം ഓടിക്കളിക്കുന്നുണ്ട്.

ചോക്കോ ബാറും കടലയും ഉപ്പിലിട്ടതും.. പിന്നെ പട്ടങ്ങളും കളിപ്പാട്ടങ്ങളും അങ്ങനെ കച്ചവടക്കാരുടെ താവളമായി കടപ്പുറം.

മോന് ഒരു പട്ടം വാങ്ങിക്കൊടുത്തു അവൻ പട്ടത്തെ പറത്തി. ചരടിൽ കെട്ടിയിട്ട പട്ടത്തിനെപോലെ ചിന്തകളെ നിയന്ത്രിക്കാൻ ആയെങ്കിൽ കുറെ ടെൻഷൻ ഒഴിവാക്കാൻ മനുഷ്യന് കഴിയും.

“സുറുമി.. നീ ഒരുപാട് മാറിപ്പോയി.പഴയ കളിയും ചിരിയുമൊക്കെ എവിടെ.നീ ചിരിച്ചു കണ്ടിട്ട് തന്നെ നാളുകളായി നിന്റെ മനസ്സിൽ എന്തെങ്കിലും വിഷമങ്ങളുണ്ടെങ്കിൽ നിനക്കെന്നോട് തുറന്നു പറഞ്ഞൂടായോ..? പിന്നെ എന്തിനാ മോളെ നീ എന്നെയിങ്ങനെ അവോയ്ഡ് ചെയുന്നത്.?”

“ഇക്കയും ഒരുപാട് മാറിപ്പോയി.പഴയപോലെ എന്റടുത്ത് ഒന്നിരിക്കാനോ മിണ്ടാനോ.. എന്റെ മനസ്സിനെ ഒന്നറിയുവാനോ ഇക്കയും ശ്രമിക്കുന്നില്ല.”

അസ്തമയ സൂര്യനെ അവൾക്ക് എന്നും ഇഷ്ടമാണ്. എന്നും അങ്ങനെയാണ് ചുമന്ന് തുടുത്ത സൂര്യൻ കണ്ണിൽ നിന്നും മറയാതെ അവൾ കടലിൽ നിന്നും കണ്ണെടുക്കില്ല.

“എന്റെ മാറ്റത്തിനുള്ള കാരണം ഞാൻ പറയാതെ ഇന്റെ ഇക്ക മനസ്സിലാക്കുമെന്ന് ഞാൻ കരുതി.”

അവൾ അവളുടെ മനസ്സ് തുറക്കുകയാണ്.സ്‌നേഹത്തോടെ കൂടെ നിൽക്കുന്നതാണ് മനസ്സ് തുറക്കാനുള്ള താക്കോൽ.

“എന്റെ ചിന്തയിൽ നമ്മുടെ ഇപ്പോഴത്തെ ഒരായിരം പ്രശ്നങ്ങളാണ് ഇക്കാ.പാതിയിൽ നിന്നുപോയ വീട് പണി.വരുമാനമില്ലാത്ത നമ്മുടെ ജീവിതം.മോന്റെ ഭാവി.. കടങ്ങൾ.. രാത്രി ഉറങ്ങാൻ ബെഡിൽ കിടന്നാൽ

ഇതൊക്കെ മനസ്സിലേക്ക് വരും.. പിന്നെ ഒന്നിനും മൂഡ് തോന്നില്ല.എനിക്ക് അറിയാം.. ഇങ്ങൾക്ക് അത് വിഷമം ഉണ്ടാക്കുന്നുണ്ടെന്ന്.. പക്ഷെ മാറാൻ കഴിയുന്നില്ല.”

അവളുടെ നിറഞ്ഞ കണ്ണുകൾ കാണാതെ സൂര്യൻ ആഴക്കടലിൽ ഒളിച്ചു.ഒന്നും മറുപടി പറയാൻ ഇല്ലാതെ ഷാനു അവളെ തന്നെ നോക്കിയിരുന്നു.

“വേറെ ആരോടെങ്കിലും ഇഷ്ടം ഉണ്ടായിട്ടോ.. ഇക്കാനോട് ഇഷ്ടം ഇല്ലാഞ്ഞിട്ടോ.. അല്ല.ഇങ്ങളല്ലെ എന്റെ ജീവൻ.. നിങ്ങൾ രണ്ടാളും അല്ലെ എന്റെ ലോകം.”

ഷാനു അവളുടെ അരികിലേക്ക് ഒന്നൂടെ നീങ്ങിയിരുന്നു.അവളെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു.

“സോറി മോളെ.. ഞാൻ ഇതൊന്നും ചിന്തിച്ചില്ല.””സാരമില്ല ഇക്കാ..”

കടപ്പുറത്ത് നിന്നും തിരിച്ചു പോരുമ്പോൾ ഷാനുവിന്റെയുളളിൽ പുതിയ ചിന്തകളും തീരുമാനങ്ങളും ഉടലെടുത്തിരുന്നു.

ജീവിതത്തിന്റെ താളം തെറ്റുമ്പോൾ സ്‌നേഹം കൊണ്ടും തുറന്ന സംസാരം കൊണ്ടും കൈ വിട്ട് പോയ സന്തോഷം തിരിച്ചു കൊണ്ടുവരാൻ കഴിയുമെന്ന് അവൻ പഠിച്ചു.

“സുറുമീ ഇനിയൊരിക്കലും നിന്നെ ഞാൻ കുറ്റപ്പെടുത്തില്ല. നിന്റെ വിഷമങ്ങളിനിയും കാണാതെ വയ്യ.. ഇനി ഞാനുണ്ട് നിന്നെ അറിഞ്ഞ്.. നിന്നെ സ്‌നേഹിച്ച് എന്നും കൂടെ ”

അന്ന് രാത്രി എല്ലാ സങ്കടങ്ങളും മാറ്റിവെച്ച് അവൾ അവനേറ്റവും ഇഷ്ടമുള്ള ഇളം റോസ് നിറത്തിലുളള ഗൗൺ ധരിച്ചു.പുഞ്ചിരിയോടെ അവനരികിലേക്കെത്തി. അവന്റെ മുഖമുയർത്തി നെറുകെയിലൊരുമ്മ നൽകി.

“ഇക്ക.. നല്ല മഴ പെയ്യുന്നുണ്ട്..””പെയ്യട്ടെ… മഴയും മനസ്സും പെയ്തു തന്നെ തോരണം..”ഷാനു അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.

പതിയെ പതിയെ അവളവനിൽ ലയിച്ചു ചേർന്നു. പുതിയൊരു നാളിന്റെ തുടക്കം പോലെ… 🌹

 

Leave a Reply

Your email address will not be published. Required fields are marked *