അച്ഛന് വേറെ ഭാര്യയും മക്കളും ഉണ്ടത്രേ.. അവിടെ മടുക്കുമ്പോൾ ഇടയ്ക്ക് ഇവിടെയൊരു സന്ദർശനം. പോകുമ്പോൾ അമ്മയുടെ കൈയ്യിലുള്ള സമ്പാദ്യവും കൊണ്ടുപോകാം

പഠിക്കേണ്ട പാഠങ്ങൾ
(രചന: Neeraja S)

“അമ്മൂസ്… അമ്മ പോയിട്ട് വരുന്നതുവരെ നല്ല കുട്ടിയായിരിക്കണം.. “എന്നും രാവിലെയുള്ള പതിവ് കാഴ്ച അതായിരുന്നു. വീട്ടിലെ ജോലി ഒതുക്കിയിട്ട് മറ്റൊരു വീട്ടിൽ അടുക്കളജോലിക്ക് പോകുന്ന അമ്മ.

മുത്തശ്ശിയമ്മ ഉണ്ടാകും കൂട്ടിന്. അച്ഛൻ ദൂരെയേതോ സ്ഥലത്തായിരുന്നു ജോലിക്ക് പോയിരുന്നത്.. വല്ലപ്പോഴും വരും രണ്ടുദിവസം നിന്നിട്ട് പിന്നെയും പോകും..

ഓർമ്മവച്ച നാൾ മുതൽ അച്ഛനെ ഭയങ്കര പേടിയായിരുന്നു. അടുത്തുവിളിച്ചു മടിയിൽ ഇരുത്തി കൊഞ്ചിക്കുമ്പോൾ പറയാനറിയാത്ത ഒരിഷ്ടക്കേട്‌.. അച്ഛൻ എടുക്കുന്നതും കെട്ടിപ്പിടിക്കുന്നതും ഉമ്മവയ്ക്കുന്നതും ഒന്നും ഇഷ്ടമായിരുന്നില്ല..

അച്ഛന്റെ സ്പർശനങ്ങളിൽ സ്നേഹത്തിന്റെ ഇളം ചൂടുള്ളതായി ഒരിക്കലും തോന്നിയില്ല. അല്പം വലുതായപ്പോൾ മറഞ്ഞിരുന്ന പലരഹസ്യങ്ങളും പലരിൽ നിന്നായി വെളിച്ചം കണ്ടു..

അച്ഛന് വേറെ ഭാര്യയും മക്കളും ഉണ്ടത്രേ.. അവിടെ മടുക്കുമ്പോൾ ഇടയ്ക്ക് ഇവിടെയൊരു സന്ദർശനം. പോകുമ്പോൾ അമ്മയുടെ കൈയ്യിലുള്ള സമ്പാദ്യവും കൊണ്ടുപോകാം.. അമ്മ ഒരിക്കൽ പോലും അച്ഛനെ കുറ്റം പറയുന്നത് കണ്ടിട്ടില്ല..

ചിലപ്പോൾ ഒരു കുട്ടിയുള്ള അമ്മയെ ആരും ശല്യപ്പെടുത്താതിരിക്കാനുള്ള മാർഗമായി അച്ഛന്റെ വരവിനെ കണ്ടിട്ടുണ്ടാവാം.. ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് മുത്തശ്ശിയമ്മ പെട്ടെന്ന് മരിച്ചത്. മരണം കൂടാൻവന്ന അച്ഛൻ പിന്നെ കുറെനാളത്തേക്ക് എങ്ങുംപോയില്ല..

അമ്മയുടെ ചിലവിൽ മദ്യപിച്ചും പാട്ടുപാടിയും കൂട്ടുകൂടിയും കഴിഞ്ഞു. എന്തെങ്കിലുമൊരു ജോലിക്ക് പോകാൻ അമ്മ ആവശ്യപ്പെടുന്നതും കണ്ടില്ല.. ചിലപ്പോൾ പറഞ്ഞിട്ട് കാര്യമില്ലെന്ന് തോന്നിയിട്ടാകാം.

അച്ഛന് തന്നോടുള്ള പെരുമാറ്റം മാറിമാറി വന്നുകൊണ്ടിരിക്കുന്നത് മനസ്സിലാകുന്നുണ്ടായിരുന്നു. അമ്മയോട് പറഞ്ഞ് ആ പാവത്തിനെക്കൂടി സങ്കടപ്പെടുത്തണ്ട എന്ന് കരുതി ഒന്നും അമ്മയെ അറിയിക്കാൻ പോയില്ല.

ഒരുദിവസം എല്ലാം തീർന്നുവെന്ന് കരുതിയതാണ്..ഭാഗ്യത്തിന് അടുക്കളവരെ ഓടാൻ പറ്റി.പിടിക്കാൻ വന്ന അച്ഛന്റെ കണ്ണിൽ ഒരുപിടി ചാരം വാരിയെറിഞ്ഞു. അന്ന് അമ്മ വന്നപ്പോൾ അച്ഛന്റെ കണ്ണുകൾ ചുവന്നിരിക്കുന്നതുകണ്ടു സംശയത്തോടെ നോക്കി..

അച്ഛൻ എന്തെങ്കിലും പറയുന്നതിന് മുൻപ്.. അച്ഛന് പനി ആണെന്ന് തോന്നുന്നു അമ്മേന്ന് പറഞ്ഞ് സംശയത്തിന്റെ മുന ഓടിച്ചു.

എങ്കിലും ഏറെനാൾ തനിക്ക് പിടിച്ചുനില്ക്കാൻ ആവില്ലെന്നറിയാമായിരുന്നു. ബുദ്ധിപരമായി എന്തെങ്കിലും ചെയ്തില്ലെങ്കിൽ… അമ്മ എല്ലാം അറിഞ്ഞാൽ ആ മനസ്സിന് ഉണ്ടാകുന്ന ആഘാതം അതായിരുന്നു മനസ്സിനെ വേദനിപ്പിച്ചുകൊണ്ടി രുന്നത്.

ഒരുദിനം അമ്മ ആശുപത്രിയിൽ കിടക്കുന്ന നാത്തൂനെ കാണാൻ പോയിട്ട് അന്ന് വരാൻ പറ്റില്ലെന്ന് വിളിച്ചു പറഞ്ഞത് അച്ഛന്റെ ഫോണിലേക്കായിരുന്നു. കിട്ടിയ അവസരം അച്ഛൻ പാഴാക്കില്ലെന്നെനിക്കുറപ്പായിരുന്നു.

വൈകിട്ട് പതിവുള്ള മദ്യസേവയ്ക്കു പോയിക്കഴിഞ്ഞു.. രക്ഷപെടാനുള്ള മാർഗം കണ്ടുപിടിക്കാൻ ഏതാനും മണിക്കൂറുകൾ മുന്നിലുണ്ട്.. അയൽവക്കം എന്നുപറയാൻ ഒരു കൂട്ടരുണ്ട് പക്ഷെ അവർ എന്ത് ബഹളമുണ്ടായാലും തിരിഞ്ഞു നോക്കാറില്ല..

നീളമുള്ള ഇരുമ്പുവടിയുമായി അച്ഛൻ വരുന്ന വഴിയ്ക്കരുകിൽ പതുങ്ങിയിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ദൂരെനിന്നും നടന്നുവരുന്നത് മങ്ങിയ വെളിച്ചത്തിൽ കണ്ടു. ലക്ഷ്യം നേടാൻ പോകുന്ന സന്തോഷത്തിൽ.. പതിവിലും കുറച്ച് കുടിച്ച്.. ബാക്കി എളിയിൽ തിരുകി.. മൂളിപ്പാട്ടും പാടിയാണ് വരുന്നത്.

അടുത്തെത്തിയതും ഇരുമ്പുവടി ആഞ്ഞുവീശി. മുട്ടിനു പിന്നിലുള്ള ശക്തിയേറിയ അടിയിൽ മുന്നോട്ട് മുട്ടുകുത്തി വീണു.

തിരിഞ്ഞു നോക്കാനുള്ള സമയം കൊടുത്തില്ല പുറംകഴുത്തിനായിരുന്നു അടുത്ത അടി. ബോധംമറഞ്ഞു കമിഴ്ന്നു വീഴുമ്പോൾ നട്ടെല്ലിൽ വീണ്ടും ഒരടികൂടി കൊടുത്തു.

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജായി ആംബുലൻസിലാണ് വീട്ടിൽ എത്തിയത്. നട്ടെല്ല് തകർന്ന് ഇനിയൊരിക്കലും എഴുന്നേറ്റു നടക്കാനാവില്ലെന്ന് ഡോക്ടർ വിധിയെഴുതിയ ശരീരം കട്ടിലിൽ നീണ്ടുനിവർന്നു കിടന്നു.

കാണാൻ വന്നവർ അമ്മയോട് അടക്കം പറയുന്നത് കേട്ടു.. ഇരുട്ടിന്റെ മറവിൽ രണ്ടാം ഭാര്യയുടെ ആൾക്കാർ ആക്രമിച്ചതാണത്രേ.

(കുഞ്ഞുങ്ങൾക്ക് സ്വയം പ്രതിരോധം തീർക്കാനുള്ള മാർഗങ്ങൾ പറഞ്ഞ് കൊടുക്കുക.. പോലീസും പട്ടാളവും മാതാപിതാക്കളും ആരും അവരുടെ രക്ഷക്ക് വരില്ലെന്ന് പറഞ്ഞ് മനസിലാക്കുക.

ഉപദ്രവിക്കാൻ വരുന്നവന്റെ കണ്ണ് കുത്തിപ്പൊട്ടിക്കാനും സ്ഥാനത്തു ചവിട്ടി വീഴ്ത്താനുമുള്ള പാഠങ്ങളാണ് ആദ്യം പഠിപ്പിച്ചു കൊടുക്കേണ്ടത്. )

Leave a Reply

Your email address will not be published. Required fields are marked *