നീർക്കുമിളകൾ
(രചന: Nisha L)
ഇങ്ങനെ കിടന്നാൽ പറ്റില്ല. എഴുന്നേറ്റു ജോലിക്ക് പോകണം. വീട് വയ്ക്കാൻ ബാങ്കിൽ നിന്നെടുത്ത ലോണിപ്പോൾ പലിശയും കൂട്ടു പലിശയും ചേർത്ത് പത്തുലക്ഷത്തോളമായി.
അഞ്ചു ലക്ഷമേ ലോണെടുത്തിട്ടുള്ളു. അതിൽ പകുതിയിൽ കൂടുതൽ തിരിച്ചടച്ചതുമാണ്.
എല്ലാം നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്നപ്പോഴാണ് ഗൾഫിൽ വച്ച് പ്രഷർ കൂടി ശരീരം ഒരു വശം തളർന്നു തുടങ്ങിതും കിട്ടിയതെല്ലാം വാരി പെറുക്കി നാട്ടിലെത്തിയതും .
നാട്ടിലെ ചികിത്സ കൊണ്ട് ഒരു വിധം സുഖമായി ജോലിയ്ക്ക് പോയി തുടങ്ങിയപ്പോഴാണ് ഡിസ്ക് പ്രശ്നം രൂക്ഷമായി ഭാര്യയ്ക്ക് നടക്കാൻ പോലും വയ്യാത്ത സ്ഥിതി വന്നത്.
പിന്നെ അവളുടെ ചികിത്സ. ഒരു മോളാണുള്ളത്..അവളുടെ വിദ്യാഭ്യാസ ചിലവുകൾ.. വീട്ടു ചിലവ്… നാട്ടു ചിലവ്… എല്ലാം കൂടി ഒറ്റയ്ക്ക് വലിച്ചാൽ തീരാത്ത വലിയൊരു ഭാരമാണ് ചുമലിൽ.
അവൻ കണ്ണുകൾ വലിച്ചു തുറക്കാൻ ശ്രമിച്ചു. പശ വച്ച് ഒട്ടിച്ചത് പോലെ കണ്ണുകൾ വേർപെടുത്താൻ ആകാത്ത വിധം അടഞ്ഞു തന്നെയിരിക്കുന്നു.
ഇല്ല… ഇങ്ങനെ കിടന്നാൽ പറ്റില്ല…അവൻ ശരീരം വലിച്ചു പൊക്കാൻ നോക്കി. പക്ഷേ താങ്ങാൻ പറ്റാത്ത വലിയൊരു ഭാരം നെഞ്ചിൽ എടുത്തു വച്ചിരിക്കുന്നത് പോലെ..ഹോ.. എന്തായിത്…
എങ്ങനെയെങ്കിലും ഒന്ന് എഴുന്നേൽക്കാൻ അവൻ ആവതും ശ്രമിച്ചു. പക്ഷേ ശരീരം ഒരിഞ്ച് പോലും അനക്കാൻ പറ്റാതെ അവനാ കിടപ്പ് കിടന്നു.
ഭാരമില്ലാത്ത ഒരു അപ്പൂപ്പൻ താടി പോലെ വായുവിൽ നീന്തുന്നത് പോലെ അവന് തോന്നി. അപ്പോഴാണ് ആർത്തലച്ചുള്ള നിലവിളികൾ അവന്റെ കാതിൽ പതിഞ്ഞത്.
സൂക്ഷിച്ചു നോക്കിയ അവൻ കണ്ടത് തന്റെ വീടിന് മുന്നിൽ കൂടിയ ആൾക്കൂട്ടത്തെയാണ്. എല്ലാം പരിചിത മുഖങ്ങൾ തന്നെ.
“എന്തിനാണ് ഇവരെല്ലാം എന്റെ വീടിനു മുന്നിൽ..”?അകത്തേക്ക് കയറിയ അവൻ ഞെട്ടി വിറച്ചു..
മുറിയുടെ ഒത്ത നടുക്ക് ഒരു പായയിൽ വെള്ള പുതച്ചു കിടത്തിയിരിക്കുന്നത് എന്റെ തന്നെ ശരീരമല്ലേ…?
അപ്പോൾ.. അപ്പോൾ… ഞാൻ മരിച്ചോ…??പക്ഷേ.. എപ്പോൾ.. എങ്ങനെ…?അവൻ എന്താണ് നടന്നതെന്ന് ഓർത്തെടുക്കാൻ ശ്രമിച്ചു…
രാത്രിയിൽ എല്ലാവർക്കുമൊപ്പം അത്താഴം കഴിച്ചു കിടന്നതാണ്. അപ്പോഴാണ് നെഞ്ചിൽ ഒരു വിങ്ങൽ..
ശ്വാ സം മു ട്ടുന്നത് പോലെ.. കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന തന്നോട് ഭാര്യ ചോദിച്ചു..
“എന്താ ചേട്ടാ… വയ്യേ… എന്താ ഒരു അസ്വസ്ഥത പോലെ… ചൂട് വെള്ളം വേണോ.. “?
നടുവിനും കാലിനും വേദന കാരണം രാവും പകലും ഒരു പോലെ ഉറക്കമില്ലാതെ വേദനിച്ചു പുളയുന്ന അവളെ കൊണ്ട് വെള്ളം ചൂടാക്കിക്കണം എന്ന് എനിക്ക് താല്പര്യമില്ലായിരുന്നെങ്കിലും
അപ്പോൾ ഇത്തിരി വെള്ളം കിട്ടിയാൽ കൊള്ളാമെന്നുണ്ടായിരുന്നു. അതിനാൽ ഞാൻ തല കുലുക്കി സമ്മതിച്ചു.
വയ്യാത്ത കാലും വലിച്ചു നിരക്കി അവൾ കൊണ്ടു തന്ന നല്ല ചൂടുള്ള വെള്ളം ആർത്തിയോടെ കുടിക്കുന്ന എന്നെ അവൾ ഭയത്തോടെ,, അമ്പരപ്പോടെ നോക്കുന്നത് കണ്ടു.
പിന്നെ അവൾ ഫോണെടുത്തു തൊട്ടടുത്തുള്ള വീടുകളിൽ വിളിച്ചതും ആരൊക്കെയോ വന്നു എന്നെ വണ്ടിയിൽ കയറ്റി കൊണ്ടു പോയതും ഓർമ്മയിലുണ്ട്. പിന്നെയൊന്നും ഓർത്തെടുക്കാൻ പറ്റുന്നില്ല..
അവന്റെ അനക്കമറ്റ ശരീരം ചിതയിലേക്കെടുത്തപ്പോൾ ചുറ്റും കൂടിയവർ അലമുറയിട്ട് കരഞ്ഞു…
അതുവരെ “കൊള്ളാത്തവൻ” ആയിരുന്നവനെ കുറിച്ച് ഓരോരുത്തരും വാ തോരാതെ പുകഴ്ത്തി പറഞ്ഞു.
പലവട്ടം നൂറു രൂപയ്ക്ക് വേണ്ടി കൈ നീട്ടിയപ്പോൾ ആട്ടി വിട്ടവർ അവന്റെ തിരിച്ചടയ്ക്കാനുള്ള കടത്തെ ഓർത്തു വിലപിച്ചു.കോ വി ഡും മഴയും മാറി മാറി ചതിച്ചപ്പോൾ ജോലിയില്ലാതെയായ ദിവസങ്ങളിൽ…
മരുന്നിനു പോലും നിവൃത്തിയില്ലാത്ത അവസ്ഥയിൽ… പരിചയമുള്ള ഓരോ മുഖങ്ങളിലും നോക്കി അവൻ കേണിരുന്നു.
അന്ന്…”ശരീരമനങ്ങി വല്ല ജോലിയും ചെയ്യെടാ… എന്നും അസുഖമെന്ന് പറഞ്ഞിരിക്കാതെ..”എന്ന് പറഞ്ഞു പരിഹസിച്ചു വിട്ടവരൊക്കെ ഇന്ന്..
“ചോദിച്ചിരുന്നെങ്കിൽ മരുന്ന് വാങ്ങാനുള്ള കാശ് ഞാൻ കൊടുക്കുമായിരുന്നല്ലോ..”എന്ന് ഒരുളുപ്പുമില്ലാതെ പൂച്ചം പൂച്ചം പറഞ്ഞു.
മരണകാരണം ‘നിശബ്ദ കൊ ലയാളി’ എന്ന വിളിപ്പേരുള്ള “സൈലന്റ് അ റ്റാക്” എന്ന് ഡോക്ടർ വിധിയെഴുതിയപ്പോഴും….
“ഏയ്.. അറ്റാക്കൊന്നും ആകില്ല.. കടവും രോഗങ്ങളും എല്ലാം കൂടി താങ്ങാൻ കഴിയാതെ വി ഷം കഴിച്ച് ആ ത്മ ഹത്യ ചെയ്തതാകും..”
എന്ന് പറഞ്ഞു പരത്തുന്ന “നല്ലവരായ” നാട്ടുകാരെ അവൻ സഹതാപത്തോടെ നോക്കി.
ജീവനോടെയിരുന്നപ്പോൾ കണ്ടതിനേക്കാൾ വലിയ നാടകങ്ങൾ മരണശേഷം കണ്ട അവൻ പുച്ഛത്തോടെ എല്ലാവരെയും നോക്കി മാറി നിന്നു…
പരസഹായമില്ലാതെ ജീവിക്കാൻ ബുദ്ധിമുട്ടുന്ന പ്രായമേറിയ പിതാവ്..”ജീവിച്ചു മതിയായ എന്നെ പോലുള്ളവരെ വിളിച്ചു കൂടായിരുന്നോ ദൈവമേ..”
എന്ന് പതം പറഞ്ഞു നിലവിളിക്കുന്നത് അപ്പോഴാണ് അവന്റെ ശ്രദ്ധയിൽ പെട്ടത്.നെഞ്ച് പിഞ്ഞിക്കീറുന്ന വേദനയിൽ ഇടയ്ക്കിടെ ബോധം നഷ്ടപ്പെട്ടു കുഴഞ്ഞു വീഴുന്ന മുപ്പത്തിനാലുകാരിയായ ഭാര്യയേയും
പന്ത്രണ്ട് വയസുകാരി മകളെയും നോക്കി അവന്റെ ആത്മാവ് ഭൂമി വിട്ടു പോകാൻ മടിച്ച് അവിടെ തന്നെ ചുറ്റി തിരിഞ്ഞു നടന്നു..
“എങ്ങനെ… എങ്ങനെ.. ഈ വയ്യാത്ത ശരീരവും വച്ച് അവൾ ഈ കുഞ്ഞിനെ വളർത്തിയെടുക്കും…?? അവളുടെ ഇനിയുള്ള ചികിത്സ,, മരുന്ന്.. ഒക്കെ എങ്ങനെ നടത്തും.”..??
ശരീരമില്ലാത്ത അവന്റെ ആത്മാവ് തേങ്ങി കരഞ്ഞു കൊണ്ട് ആ വീടിനു ചുറ്റും ഓടി നടന്നു…