ആരോടോ കാര്യമായി ചാറ്റ് ചെയ്യുന്ന ഭർത്താവിനെ കണ്ട് ഗായത്രിക്ക് വിറഞ്ഞു കയറി . ഏതെങ്കിലും സുഹൃത്തുക്കൾ

(രചന: ശാലിനി)

രാത്രിയിൽ പണി മുഴുവനും തീർത്തു മേലും കഴുകി കിടക്കാൻ ചെല്ലുമ്പോഴും ഫോണിലെ അരണ്ട വെളിച്ചത്തിൽ പുഞ്ചിരി തൂകി ആരോടോ കാര്യമായി ചാറ്റ് ചെയ്യുന്ന ഭർത്താവിനെ കണ്ട് ഗായത്രിക്ക് വിറഞ്ഞു കയറി .

ഏതെങ്കിലും സുഹൃത്തുക്കൾ ആണെന്ന് കരുതി മൈൻഡ് ചെയ്യാതെ വിട്ടുകളഞ്ഞ കേസ് ആയിരുന്നു.

പക്ഷെ പല തവണ ആവർത്തിച്ചു വരുന്ന മെസ്സേജ് ടോണിൽ നിന്നും സ്‌ക്രീനിൽ തെളിയുന്ന നോട്ടിഫിക്കേഷനിൽ നിന്നും അതൊരു സ്ത്രീനാമം ആണെന്ന് തിരിച്ചറിഞ്ഞപ്പോൾ ചങ്കിലൊരു സൂചി കുത്തിയിറക്കിയ വേദനയാണ് ആദ്യം തോന്നിയത്.

പക്ഷെ തന്റെ പരിഭവങ്ങൾക്കും കുത്തുവാക്കുകൾക്കും കണ്ണുനീരിനും മുഖം കനപ്പിക്കലിനുമൊന്നും ഒരു പ്രയോജനവും ഉണ്ടായില്ല എന്ന് മാത്രവുമല്ല അതുവരെ തങ്ങൾക്കെല്ലാം

ഏതു നേരത്തും തുറന്നു നോക്കാവുന്ന ആ മൊബൈൽ അതോടെ വിലക്കപ്പെട്ട കനിയായിത്തീരുകയും ചെയ്‌തു.
ഒറ്റവാക്കിൽ പറഞ്ഞാൽ ലോക്ക്ഡ്!

നേരം പത്തരയും കഴിഞ്ഞിരിക്കുന്നു.
എത്ര നേരം കൊണ്ട് താനൊറ്റയ്ക്ക് ഓരോ പണികൾ തീർക്കാൻ പെടാ പാട് പെടുന്നു. ഇവിടെ ഒരുത്തന്റെ ചാറ്റിങ് കാണുമ്പോൾ ഫോൺ പിടിച്ചു വാങ്ങി എറിഞ്ഞു പൊട്ടിക്കാനാണ് തോന്നുന്നത്.

അതെങ്ങനെ, ഒരിത്തിരി നേരം താനൊന്നു ഫോണിൽ നോക്കിയിരുന്നാൽ മുറുമുറുക്കാനും മുഖം കനപ്പിക്കാനും തുടങ്ങും.കണ്ട ആണുങ്ങളോടൊക്കെ ചാറ്റിങ് ആണെന്നാണ് പുള്ളിക്കാരന്റെ കണ്ടു പിടുത്തം.
ശ്ശെടാ! അതിനും മാത്രം ഏത് ആണുങ്ങൾ ആണ് ഉള്ളതെന്നാണ് തന്റെ സംശയം.

പത്തിരുപത് വർഷങ്ങൾക്ക് ശേഷം തുടങ്ങിയ കോളേജിലെ വാട്സ്ആപ്പ് ഗ്രൂപ്പിൽ കണ്ട പഴയ ആ കോളേജ് കുമാരിയുടെ
ഹൃദയം മോഷ്ടിച്ചു കൊണ്ട് കടന്നു കളഞ്ഞവനാണെങ്കിൽ, സ്വന്തം ഭാര്യയുടെ ഗുണഗണങ്ങൾ വർണ്ണിക്കാനേ നേരമുള്ളൂ.

അതിനിടയിൽ വക്കൊടിഞ്ഞ, ക്ലാവ് പിടിച്ച പഴയ ഓർമ്മകളുടെ ചെപ്പ് തുറക്കാൻ പോയിട്ട് അതൊന്നു എടുത്തു കാട്ടാൻ പോലും മനസ്സ് ശൂന്യമായിപ്പോയി!

എന്നിട്ടും ആ ഒരു നിർദ്ദോഷിയുടെ പേരും പറഞ്ഞു എത്ര വർഷങ്ങൾ ഇയാൾ തന്റെ ഹൃദയം കീറിമുറിച്ചിരിക്കുന്നു..

എന്നിട്ടാണ് ഇപ്പൊ ആരെയും കൂസലില്ലാതെ ഏത് നേരവും ഫോണിൽ ഒരു ചാറ്റിങ്ങും പുഞ്ചിരിയും!!

ഹ്ഹോ ! അവളെ, ആ വഞ്ചകിയെ കയ്യിൽ കിട്ടിയാൽ തല്ലിച്ചതച്ചു ഉപ്പിലിടാമായിരുന്നു.
ഇവൾക്കൊക്കെ ഭർത്താവും കുട്ടികളും ഉണ്ടാവില്ലേ ?
അല്ലെങ്കിൽ എന്തിനു ഏതോ ഒരുത്തിയെ കുറ്റം പറയണം?

പത്തിരുപതു വർഷം കൊണ്ട് ഒന്നിച്ചു കഴിയുന്ന സ്വന്തം ഭാര്യയെ മറന്നു കണ്ടവളുമാരെ പ്രേമിക്കാൻ നടക്കുന്ന കെട്ട്യോനെ
പറഞ്ഞാൽ മതിയല്ലോ..

അവിടെയാണല്ലോ പെണ്ണിന്റെ മേലുള്ള ഒരാണിന്റെ അഹന്തയും അഹങ്കാരവും പ്രകടമാകുന്നതും..
തനിക്ക് എന്തും ആകാം എന്നൊരു ധാർഷ്ട്യം കൊണ്ട് ഓരോ പെണ്ണിന്റെയും ഹൃദയം കുത്തിമുറിക്കുന്നതും അതുകൊണ്ടാണല്ലോ!

എന്തായാലും കുറച്ചു നാളുകളായ്‌ തങ്ങൾക്കിടയിൽ ഒരുപാട് അന്തരം സംഭവിച്ചിട്ടുണ്ട്. മുൻപൊക്കെ രാവിലെ എഴുന്നേറ്റു അടുക്കളയിൽ ജോലി ചെയ്യുന്ന തന്റെയൊപ്പം വന്ന് എന്തെല്ലാം സംസാരിക്കുമായിരുന്നു.

മക്കളെ മാറ്റി നിർത്തി ഒന്ന് സ്നേഹിക്കാൻ എത്ര പാടുപെട്ടിട്ടുണ്ട്. നിന്നോട് ഇനിയും തുറന്നു പറയാത്ത എത്രയോ പ്രത്യേകതകളാണ് എന്നിലേയ്ക്ക് അടുപ്പിക്കുന്നതെന്ന് നെഞ്ചോട് ചേർത്ത് വെച്ച് പറഞ്ഞിട്ടുണ്ട്.

ഇന്ന്, ദേ ഇതുകണ്ടോ എന്ന് ചോദിച്ചു ഇടത്തെ കവിളിൽ വന്ന വലിയൊരു കുരു നീര് വന്ന് വീർത്തത് കാണിച്ചിട്ട് ഒന്നും മിണ്ടാതെ തിരക്കിട്ടു പിന്നെയും ഫോണിലേയ്ക്ക് തന്നെ മുഖം താഴ്ത്തുന്നു..

മുഖത്തേയ്ക്ക് ഒന്ന് നോക്കിയിട്ട് നാളുകളായി. പിന്നെയാണ് മുഖത്ത് മുളച്ചൊരു കുരു !!

എന്തായാലും ആരായാലും ഒരു വൈറസ് പോലെ ഭർത്താവിന്റെ ഫോണിൽ കയറിക്കൂടിയത് തീർത്തു കൊടുക്കുന്നുണ്ട് ഞാൻ .അവൾ

അവൾ മുടി ചീകിക്കെട്ടി വെച്ച് കിടക്കാനായി കട്ടിലിലേയ്ക്ക് ഇരുന്നതും പെട്ടന്ന് മിന്നി തെളിഞ്ഞ് നിന്ന ഫോണിന്റെ വെട്ടം അണഞ്ഞതും ഒരേ നിമിഷത്തിൽ ആയിരുന്നു!

“എന്താ നിർത്തിയത്. ബാക്കിയെന്താന്ന് വെച്ചാൽ കൊടുക്കുകയും വാങ്ങുകയും ചെയ്‌തിട്ട് കിടന്നാൽ മതിയെന്നേ..”

ഇനിയും ഫുൾ സ്റ്റോപ്പ് ഇല്ലാത്ത കുറെയധികം വാക്കുകൾ നാവിൽ എരിപിരികൊണ്ടു. ഈയൊരു കുന്തം വന്നതോടെ എത്ര കുടുംബങ്ങൾ നശിച്ചിരിക്കുന്നു. അല്ലേൽ എന്തിനു ഫോണിനെ പഴി പറയണം. എന്തും ഉപയോഗിക്കുന്നത് നേർവഴിക്കായാൽ ഒരു കുഴപ്പവുമില്ല..

ലൈറ്റ് അണച്ചതും ഇരുട്ടിലൂടെ ഒരു കയ്യ് ചുറ്റിപ്പിടിച്ചതും പെട്ടെന്നായിരുന്നു. അതെ വേഗത്തിൽ അത് ഇരുട്ടിലേയ്ക്ക് തന്നെ എറിഞ്ഞു കൊണ്ടാണ് പിറുപിറുത്തത്.

“മറ്റൊരുത്തിയോട് സല്ലാപം കഴിഞ്ഞിട്ട് കാര്യം കാണാൻ വന്നിരിക്കുന്നു. നാണമില്ലാത്തവൻ. കിടന്നുറങ്ങാൻ നോക്ക്, രാവിലെ അവൾക്ക് ഗുഡ് മോർണിംഗ് ഇടാനുള്ളതാണ്..”

അയാളെ തേച്ച് ഒട്ടിക്കാൻ കിട്ടിയ ഒരവസരം പോലും പാഴാക്കരുതെന്ന് ഒരു വാശി.. പിന്നെ ഇരുട്ടിന്റെ ആത്മാവിന് കട്ടി കൂടി വന്നു. കൺ പോളകൾക്കും.

രാവിലെ പതിവിന് വിപരീതമായി ഗൃഹനാഥൻ ഫോണിന് പകരം ന്യൂസ്‌ പേപ്പറും കൊണ്ട് ഇരിക്കുന്നത് കണ്ട് ഗായത്രി ഒന്ന് ഞെട്ടി.

കട്ടൻ കാപ്പിയുമായി ചെന്നതും പരവേശപ്പെട്ടത് പോലെ കയ്യിൽ നിന്ന് ഗ്ലാസ്‌ വാങ്ങി മോന്തുന്നത് കണ്ട് തിരിഞ്ഞു നടക്കുമ്പോൾ അവൾക്ക് പിറുപിറുക്കാതിരിക്കാനായി ല്ല. തിളച്ച കാപ്പിയാണ്.

കുടല് വെന്തു പോകും..!
അന്ന് പതിവില്ലാതെ പലതും കാണേണ്ടി വന്നപ്പോൾ ഉള്ളിലൊരു ചോദ്യം എഴുന്നേറ്റു നിന്ന് നോക്കുന്നുണ്ടായിരുന്നു. ഫോൺ കയ്യിൽ നിന്ന് മാറ്റാത്ത ആൾക്ക് അന്ന് ഫോണിന്റെ ബെല്ലടി കേൾക്കുന്നത് പോലും അലർജ്ജിയായത് പോലെ.

ഓടിനടന്നു വീട്ടിലെ കാണുന്ന പണികളൊക്കെ ചെയ്യുന്ന ഭർത്താവിനെ കണ്ട് അന്തം വിട്ടു നിന്നു. ഇന്ന് എന്താണ് പറ്റിയത്.
ഫോൺ എടുത്തു നോക്കാൻ പറ്റിയിരുന്നേൽ..

“ഗിരിയേട്ടാ ഇന്ന് ഓഫീസിൽ പോണ്ടേ? “അലക്കാനുള്ള തുണികൾ എടുത്തു വാഷിംഗ്‌ മെഷീനിൽ ഇടുന്ന തിരക്കിൽ അയാൾ ലേശം ജാള്യതയോടെയാണത് പറഞ്ഞത്.

ഓഹ്. ഇന്ന് ഞാൻ ലീവ് ആണ്. നിനക്കെന്നും പരാതിയല്ലേ. ഞാൻ ഈ വീട്ടിൽ ഒന്നും ചെയ്യുന്നില്ലന്ന്..

ഓഹോ അതിനാണോ ഈ വേലയെല്ലാം കാണിക്കുന്നത്. അതും ജോലിക്ക് പോകാതെ.
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.

മുറിയിലേയ്ക്ക് ചെന്ന് നോക്കി. അയാളുടെ ഫോൺ മേശമേൽ സ്വിച്ചഡ് ഓഫ്‌!!ഓണാക്കി വെച്ചിട്ട് അവൾ തിരക്കിട്ടു മുറി വീട്ടിറങ്ങി.

സ്വിച്ചഡ് ഓഫ്‌ ആക്കിവെച്ചിരുന്ന മൊബൈൽ ഫോൺ റിങ് ചെയ്യുന്നത് കേട്ടാണ്

അയാൾ അരിശപ്പെട്ടു കൊണ്ട് ഓടി വന്നത് .”എന്റെ ഫോൺ ഓണാക്കാൻ നിന്നോട് ആരാ പറഞ്ഞത്?”

“ആരു പറഞ്ഞാലും ശരി ദേ ഈ കാൾ ഒന്ന് എടുക്ക്.കുറെ മിസ്കാൾ കിടക്കുന്നു, ആരെങ്കിലും എന്തെങ്കിലും ആവശ്യത്തിന് വിളിക്കുന്നതായിരിക്കും.”

ഒന്നും അറിയാത്തതു പോലെ ദോശ ചുടുന്ന തിരക്കിലാണ് അവളതു പറഞ്ഞത്. അയാൾ കാണാതെ അവൾ ചിരിയമർത്താൻ പാട് പെടുന്നുണ്ടായിരുന്നു .

അത് അയാൾ എടുക്കുകയില്ല എന്നുറപ്പാണ്. കാരണം മറുപുറത്ത് ഉള്ള ആൾ വെറും നിസ്സാരക്കാരനല്ലല്ലോ!
വേഗം ബാത്‌റൂമിൽ കയറി കയ്യിലിരുന്ന ഫോണിൽ നിന്ന് തുരുതുരാ അവൾ അയാളുടെ നമ്പറിലേക്ക് മെസ്സേജ് ഇട്ടു.

” ഇനി മേലാൽ എന്റെ ഭാര്യയുമായി ചാറ്റിങ്ങിനു വന്നാൽ ഇയാളെ പിടിച്ചു ഞാൻ പോലീസിലേൽപ്പിക്കും.. ”

മറുപടി വരുന്നതിനു മുൻപ് ഫോൺ സ്വിച്ചഡ് ഓഫാക്കിയിട്ട് പുതിയ സിം കാർഡ് ഊരി മാറ്റി പഴയത് എടുത്തിട്ടു.

പൈപ്പ് തുറന്നു തണുത്ത വെള്ളത്തിൽ മുഖം നന്നായിട്ടൊന്നു കഴുകി. രണ്ട് ദിവസം മുന്നേ പുതിയൊരു സിം വാങ്ങിയത് വെറുതെ ആയില്ല.

ഫേസ്ബുക്കിൽ നിന്ന് കണ്ടെടുത്ത
കാമുകിയുടെ പേരിന്റെ അറ്റത്തെ പുരുഷ നാമത്തിൽ ഭർത്താവിന് മെസ്സേജ് ഇട്ട് ഭീക്ഷണിപ്പെടുത്തൽ വിദ്യ ഫലിച്ചിരിക്കുന്നു!

ഓഫീസിൽ പോലും പോകാതെ മുറിക്കുള്ളിൽ അട്ട ചുരുണ്ടു കൂടിയത് പോലെ ഇരിക്കുന്ന അയാളോട് അവൾക്കപ്പോൾ സഹതാപമാണ് തോന്നിയത്. പുച്ഛം നിറഞ്ഞ വെറും സഹതാപം !!

Leave a Reply

Your email address will not be published. Required fields are marked *