മര്യാദയ്ക്ക് ചോദിച്ചാൽ നിങ്ങള് തരില്ല. എനിക്കറിയാം. എത്ര ദിവസമായി ഞാനിതും പറഞ്ഞു നിങ്ങടെ പുറകെ നടക്കുന്നു. ഇന്നെനിക്കു രണ്ടിലൊന്നറിയണം. ഒപ്പിട്ടു തരുന്നുണ്ടോ ഇല്ലയോ… ”

(രചന: ഡേവിഡ് ജോൺ)

“എന്തിനാ കണ്ണാ നീ എന്നോടിങ്ങനെ പെരുമാറണെ..”അവരുടെ ചോദ്യത്തിന് കൈയിലിരുന്ന പട്ടിക കഷ്ണം കൊണ്ട് ആഞ്ഞൊരു അടിയായിരുന്നു അവന്റെ മറുപടി. അടിയേറ്റ കാല് അമർത്തി പിടിച്ചു കൊണ്ടവർ താഴെക്കിരുന്നു.

“തള്ളേ… മര്യാദയ്ക്ക് ചോദിച്ചാൽ നിങ്ങള് തരില്ല. എനിക്കറിയാം. എത്ര ദിവസമായി ഞാനിതും പറഞ്ഞു നിങ്ങടെ പുറകെ നടക്കുന്നു. ഇന്നെനിക്കു രണ്ടിലൊന്നറിയണം. ഒപ്പിട്ടു തരുന്നുണ്ടോ ഇല്ലയോ… ”

ഒരായുസ്സ് മുഴുവൻ ആ മനുഷ്യൻ കഷ്ട്ടപ്പെട്ടുണ്ടാക്കിയതാണ് ഇക്കാണുന്ന 55സെന്റ് പറമ്പും വീടും. അത് തന്റെ പേരിലെഴുതേണ്ടെന്നു ആവുന്നത്ര പറഞ്ഞു നോക്കിയതാണ്.

“സാരല്യ ലച്ചുവേ… നെന്റെ പേരിലായാലും ന്റെ പേരിലായാലും നമ്മടെ കണ്ണനുള്ളതല്ലെടോ.. ലക്ഷ്മി ശേഖരൻ എന്ന് തന്നെ എഴുതിക്കോടോ വക്കീലേ.. ”

വക്കീലിന്റെ മുൻപിൽ പ്രമാണം തീറെഴുതുമ്പോൾ അദ്ദ്ദേഹം പറഞ്ഞ വാക്കുകൾ. ആറ്റു നോറ്റുണ്ടായ ഒരേയൊരു മകൻ. അവന്റെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും മാത്രമായിരുന്നു ശേഖരേട്ടനും തനിക്കും ലോകം തന്നെ.

ഒറ്റപ്പുത്രൻ വഴിപിഴയ്ക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. കുഞ്ഞു കുഞ്ഞു വാശികൾക്കു തല വെച്ച് കൊടുക്കുമ്പോൾ ബന്ധുക്കളൊക്കെ പറയാറുണ്ട് ആൺകുട്ടിയാണ് എന്തിനാ അവനെ ഇങ്ങനെ കൊഞ്ചിക്കണത്… എന്ന്. ഇപ്പൊ അതെല്ലാം ശരിയാണ് എന്ന് ബോധ്യപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

പക്ഷേ ഇപ്പോഴവന് വേണ്ടത് കൊടുക്കാനെനിക്ക് കഴിയില്ല.. ഇതും കൂടി വിറ്റു തുലച്ചാല് അവന്റെ മക്കളും വിശ്വസിച്ചു കൂടെ നിൽക്കുന്ന ഭാര്യയും അനാഥരായിപ്പോകും.. ഇല്ല. കൊടുക്കില്ല താനിത്. വക്കീലിനെ വിളിച്ചു ഇതെല്ലാം പേരക്കുട്ടികളുടെ പേരിലാക്കിയിട്ടുണ്ട്.

അതവനറിഞ്ഞിട്ടില്ല. അറിഞ്ഞാൽ അതുങ്ങളെയും അവൻ… കലി തുള്ളി നിൽക്കുന്ന കണ്ണന്റെ മുൻപിൽ സർവംസഹയായി ലക്ഷ്മി നിന്നു. മദ്യവും മയക്കുമരുന്നും അവനെ തങ്ങളേക്കാൾ സ്നേഹിക്കുന്നു എന്നവർ മനസിലാക്കി.

ലാളിച്ചും കൊഞ്ചിച്ചും തലയിലേറ്റി നടന്ന തന്റെ പൊന്നുമോൻ ഇന്ന് തന്നെ കൊല്ലുമെന്ന് പറഞ്ഞു മുൻപിൽ. ലക്ഷ്മി കണ്ണുകൾ ഇറുക്കിയടച്ചു. കണ്മുൻപിൽ കണ്ണന്റെ കുഞ്ഞുനാളിലെ ഓർമ്മകൾ തെളിഞ്ഞു. അവന് പേരിട്ടത്.. ആദ്യമായി അമ്മേന്നു വിളിച്ചത്.. ശേഖരേട്ടൻ അവനെ നടക്കാൻ പഠിപ്പിച്ചത്..

ആദ്യത്തെ കളിപ്പാട്ടം, ആദ്യമായി വാങ്ങിച്ചു കൊടുത്ത സൈക്കിളിൽ കയറ്റിയിരുത്തി അവനെ അത് ചവിട്ടാൻ പഠിപ്പിച്ചത്.. സ്കൂളിലേക്ക് ആദ്യമായി പോകുന്ന ദിവസം തന്നെ കെട്ടിപ്പിടിച്ചവൻ കരഞ്ഞത്. എഴുതിയ പരീക്ഷകളിലെല്ലാം ഒന്നാമനായി വന്നപ്പോൾ അഭിമാനം കൊണ്ട് തങ്ങളുടെ കണ്ണ് നിറഞ്ഞത്.

ഏറ്റവും മികച്ച കോളേജിൽ അഡ്മിഷൻ ശരിയാക്കി അവന്റെ നിർബന്ധത്തിനു വഴങ്ങി ഹോസ്റ്റലിൽ നിന്ന് പഠിക്കാൻ അനുവദിച്ചിടത്തു തങ്ങൾക്കു പിഴച്ചു.

കൂട്ട് കൂടി പഠനത്തിൽ ഉഴപ്പി നടന്ന അവനെ തിരിച്ചു പിടിക്കാനെന്നോണം സ്നേഹിച്ച പെൺകുട്ടിയെ കൊണ്ട് തന്നെ കല്യാണം നടത്തി കൊടുത്തു.ഒരു ചെറിയ ജോലി ഉണ്ടായിരുന്നത് 4മാസം മുൻപ് നഷ്ടപ്പെടുത്തി..

“സ്വപ്നം കണ്ടു നിക്കാണോ തള്ളേ മറുപടി പറയാതെ.. എന്താ തീരുമാനം.. “കണ്ണന്റെ അലർച്ച ലക്ഷ്മിയെ ഞെട്ടിച്ചു.

“കണ്ണാ.. അമ്മയ്ക്കതിനു കഴിയില്ല. അച്ഛനോടൊരു വാക്കു ചോദിക്ക്യാർന്നില്ലേ നെനക്ക്. എന്തിനാ എന്നോട് ഈ പരാക്രമം.”
കണ്ണൻ ഒരുതരം ഉന്മാദാവസ്ഥയിലായിരുന്നു. അവൻ മുന്നിൽ കണ്ടതെല്ലാം വലിച്ചെറിഞ്ഞു.

പ്രണയിച്ചു ജീവിതത്തിലേക്ക് കൂട്ടിയ ശാലിനിയെയും അവന് ഇപ്പൊ ഓർമയില്ലാതായിരിക്കുന്നു.” അമ്മയെ ഉപദ്രവിക്കല്ലേ കണ്ണേട്ടാ… അമ്മയല്ലേ ഏട്ടന്റെ.. ചെയ്യരുത്.. പ്ലീസ്.. ”

കാൽക്കൽ വീണു കരഞ്ഞ അവളെ ചവിട്ടിക്കൊണ്ട് കണ്ണൻ വീണ്ടും ലക്ഷ്മിക്കരികിലെത്തി. എഴുന്നേൽക്കാൻ പോലും ത്രാണിയില്ലാതെ ഇരിക്കുന്ന അവരോട് വീണ്ടും ചോദ്യമാവർത്തിച്ചു അവൻ. മറുപടിയും ആവർത്തനമായത് അവനെ രോഷാകുലനാക്കി. കൈയിൽ കിട്ടിയ ഇരുമ്പു ദണ്ഡ് വായുവിൽ ഉയർന്നു.

ലക്ഷ്മി മകന്റെ മുഖത്തേക്ക് ഒന്നുകൂടി നോക്കി. വര്ഷങ്ങള്ക്കു മുൻപ് ആശുപത്രിക്കിടക്കയിൽ ശേഖരേട്ടന്റെ മടിയിൽ വെള്ളത്തുണിയിൽ പൊതിഞ്ഞ ശരീരവുമായി ഒരു കുഞ്ഞു മുഖം അവരുടെ കണ്ണിൽ തെളിഞ്ഞു..ലക്ഷ്മിയുടെ ചിന്തകളെ കീറി മുറിച്ചു കൊണ്ട് ഇരുമ്പു ദണ്ഡ് തലയിൽ പതിച്ചു…

ആ മുഖത്ത് അപ്പോൾ പേടിയോ വേദനയോ ആയിരുന്നില്ല.. എന്റെ മോനെ നാളെ ഇതിന്റെ പേരിൽ പോലീസുകാര് കൊണ്ട് പോകുവല്ലോ … ന്റെ കുഞ്ഞു അറിയാതെ ചെയ്ത അപരാധം… മാപ്പു കൊടുക്കണേ ദേവീ.. അവരുടെ കണ്ണുകൾ പതുക്കെ അടഞ്ഞു.

“അമ്മേ… ചതിച്ചല്ലോ കണ്ണേട്ടാ.. നിങ്ങള്.. ആ പാവത്തിനെ കൊന്നോ.. “ശാലിനി അലറിക്കരഞ്ഞു..

മകന്റെ ദുർനടത്തം അവസാനിപ്പിക്കാൻ ചോറ്റാനിക്കരയമ്മയോടു ഭജനമിരുന്നു പ്രാർത്ഥിക്കാൻ പോയ ശേഖരൻ മടങ്ങി വരുമ്പോൾ കണ്ടു.. വീടിനു മുൻപിലെ ആൾക്കൂട്ടം..

പോലീസ് ജീപ്പ് ചീറിപ്പാഞ്ഞു പോകുന്നത് കണ്ട് അതിനുള്ളിലേക്ക് നോക്കിയ ശേഖരൻ കണ്ടു മകന്റെ മുഖം… വീട്ടിലേക്കോടിയെത്തിയ അയാളെ എതിരേറ്റത് പ്രിയതമയുടെ ജീവനറ്റ ശരീരമായിരുന്നു..

ദിവസങ്ങൾ ആഴ്ചകളായി.. ആഴ്ചകൾ മാസങ്ങളായി.. ലക്ഷ്മിയുടെ ശ്രാദ്ധത്തിനു 2 ദിവസം മുൻപ് കണ്ണന് പരോൾ കിട്ടി. വീട്ടിലെത്തിയ അവന് കുറ്റബോധത്തിന്റെ ഒരു കണിക പോലുമില്ലെന്ന് മനസിലാക്കിയ ശേഖരൻ അവനെ അടുത്ത് വിളിച്ചു.

“മോനേ കണ്ണാ.. ഇതെല്ലാം നിന്റെ മക്കളുടെ പേരിൽ അന്നേ അവളെഴുതിച്ചിരുന്നു.. നിന്നെ ഏൽപ്പിച്ചാൽ ഇതെല്ലം നീ നശിപ്പിക്കുവോന്നു പേടിയുണ്ടാർന്നോണ്ടാ അവളതു ചെയ്തത്.

നിന്നെ സ്നേഹിച്ച പോലെ വേറൊന്നിനെയും അവൾ സ്നേഹിച്ചിട്ടില്ല. ആ അവളെയാ നീ…. പോട്ടെ. സാരല്യാ. മോൻ പോയി ഊണ് കഴിക്ക്. എന്നിട്ട് കിടന്നോ. നാളെ പുലർച്ചെ ബലിയിടണം. ചെല്ല്. ”

കണ്ണൻ തിരിച്ചു നടന്നു.. അവന്റെ കണ്ണിൽ ഒരു നനവൂറിയതു ശാലിനി കണ്ടു. അവൾ പുച്ഛത്തോടെ തിരിഞ്ഞു നടന്നു. പിറ്റേന്ന് ബലിതർപ്പണം കഴിഞ്ഞെത്തിയ കണ്ണന് അച്ഛൻ തന്നെയാണ് ഭക്ഷണം വിളമ്പി നൽകിയത്.

ശാലിനി അയാളെ മറന്നിരിക്കുന്നു. പെറ്റമ്മയെ കൊന്നവന് ഭാര്യയെന്തിന് വെച്ചു വിളമ്പണം. മക്കളെപോലും അയാളുടെ സാമീപ്യം അലോസരപ്പെടുത്തി. ഭക്ഷണം കഴിഞ്ഞു കണ്ണൻ മുറിയിൽ കയറി കിടന്നു. ശേഖരൻ അവനടുത്തെത്തി.

“മോനെ… നീ അമ്മയെ ഓർക്കാറുണ്ടോ എപ്പോഴെങ്കിഅവൾക്ക് നീയെന്നു വെച്ചാൽ ജീവനായിരുന്നു. പണ്ട് നിനക്ക് കുത്തിവെപ്പെടുക്കാൻ ആശുപത്രിയിൽ പോയപ്പോ അവള് കാണിച്ചു കൂട്ടിയ പരാക്രമം ഇന്നും എനിക്കോർമ്മയുണ്ട്.

സൂചി കേറിയത് നിന്റെ കൈയിലാണെങ്കിലും വേദനിച്ചതും കരഞ്ഞതും അവളായിരുന്നു.. ന്റെ ലച്ചു.. നിന്റെ അമ്മ. എന്റെ മോനൊന്നു ക്ഷമിക്കാർന്നില്ലേ അച്ഛൻ വരണ വരെയെങ്കിലും… ”

അയാൾ പറഞ്ഞത് അവന്റെ കാതുകളിൽ പേമാരിയായി പെയ്തിറങ്ങി… കണ്ണൻ കണ്ണുകൾ പതിയെ ഇറുക്കിയടച്ചു.

ശേഖരൻ മുറ്റത്തേക്കിറങ്ങി ലക്ഷ്മിയുടെ അസ്ഥിത്തറയുടെ സമീപത്തേക്കു നടന്നു. എന്നത്തേയും പോലെ ചിരാത് എടുത്തു തുടച്ചു തിരിയിട്ട് കത്തിച്ചു വെച്ചു.

“ലച്ചുവേ… നമ്മുടെ മോൻ അങ്ങ് വരുന്നുണ്ട്. അവനെ നോക്കിക്കോണേ… നീയവിടെ ഒറ്റയ്ക്കല്ലെടി.. അവനിനി രണ്ടു ദിവസം കഴിഞ്ഞാ അങ്ങു പോകും ജയിലിലോട്ട്. പിന്നെ വർഷങ്ങൾ നീണ്ട ജയിൽ വാസം..

അവസാനം അവരവനെ തൂക്കിക്കൊല്ലും. നമ്മുടെ പൊന്നുമോനെ അങ്ങനെ തൂക്കുകയറിൽ കാണാൻ എനിക്ക് വയ്യടി പെണ്ണേ… അവന് പണ്ടത്തെപ്പോലെ ഞാനൊന്ന് വിളമ്പി കൊടുത്തു. അവനത് ആവോളം കഴിച്ചു. ഇനി നീയവനെ ഉറക്കിക്കോ..

നിനക്കെന്നോട് പരിഭവം ണ്ടാവും.. ന്നാലും ഞാനതു ചെയ്തു.അവന്റെയൊപ്പം എനിക്കും കൂടി വരാരുന്നു. പക്ഷേ ചെയ്തു തീർക്കാൻ അവൻ ബാക്കി വെച്ച കുറച്ചു കാര്യങ്ങൾ കൂടിയുണ്ട്. അത് തീർത്തിട്ട് സമയമാകുമ്പോ ഞാനും അങ്ങടെത്താം.. ട്ടോ.. ”

കണ്ണുതുടച്ചു തിരിഞ്ഞു നടക്കാനൊരുങ്ങിയ അയാൾ പെട്ടെന്ന് നിന്നു.തൊട്ടുമുൻപിൽ ശാലിനി..

“അച്ഛാ.. “അയാൾ ഒന്ന് ചിരിച്ചു..ജീവിതത്തിൽ തോറ്റുപോയിട്ടും സമൂഹത്തിനു ഭീഷണിയായി തീരുമായിരുന്ന ഒരു പടുമരം വേരോടെ പിഴുതെറിയാൻ കഴിഞ്ഞ ആത്മസംതൃപ്തിയോടെ…

Leave a Reply

Your email address will not be published. Required fields are marked *