എനിക്ക് വേണ്ടി നീ അവനെ വേണ്ട എന്ന് പറയണം. ഞാൻ പറഞ്ഞാൽ എന്റെ മോൻ എന്നെ വെറുക്കും.

എനിക്കും പറയാനുണ്ടായിരുന്നു
(രചന: Sarya Vijayan)

“എന്താ ദേവി ഇതൊക്കെ? അപുറത്ത് വന്നിരിക്കുന്ന പയ്യനും അവന്റെ അച്ഛനും പറയുന്നത് സത്യമാണോ?ഇതിന് വേണ്ടിയാണോ ഞാനും നിന്റെ അച്ഛനും ഇത്രനാൾ കഷ്ട്ടപ്പെട്ടത്.

എങ്ങനെയെങ്കിലും അച്ഛൻ വരുന്നതിന് മുൻപേ അവരെ പറഞ്ഞു വിടാൻ നോക്ക്. അച്ഛന്റെ സ്വഭാവം നിനക്കറിയമല്ലോ അദ്ദേഹത്തിന് ഇതൊന്നും താങ്ങാൻ കഴിയില്ല.”

അമ്മ പറഞ്ഞതൊക്കെ തലകുനിച്ചു നിന്നവൾ കേട്ടു. ഇത്രയും പറഞ്ഞു ചായയുമെടുത്ത് ദേവകിയമ്മ അപ്പുറത്തേയ്ക്ക് പോയി.

ദേവിയുടെ മനസ്സിൽ ഒരു കടൽ ഇരമ്പുകയായിരുന്നു. ഒരിടത്ത് ജീവന് തുല്യം സ്നേഹിക്കുന്ന അച്ഛനുമമ്മയും മറ്റൊരിടത്ത് ജീവനായി കരുതിയ ആദിയും.

അവൾ പതുക്കെ ഹാളിലേയ്ക്ക് നടന്നു. വാതിൽ കടന്നതും കണ്ടത് ആദിയുടെ മുഖമാണ്.

കഴിഞ്ഞ ബര്ത്ഡേയ്ക്ക് ഞാൻ വാങ്ങി കൊടുത്ത ബ്ലാക്‌ക് ആൻഡ് വൈറ്റ് ചെക്ക് ഷർട്ട് ആയിരുന്നു അവൻ ഇട്ടിരുന്നത്.

എന്നെ കണ്ടതും അവൻ ഒന്ന് ചിരിച്ചു. ആ ചിരിയിൽ അവനെന്നോടുള്ള പ്രണയം മുഴുവൻ നിറഞ്ഞിരുന്നു.

എന്നെ കണ്ടതും ആദിയുടെ അച്ഛൻ ചിരിച്ചു. അവൻ പറഞ്ഞിട്ടുള്ളത് പോലെ തന്നെ പ്രസന്നത നിറഞ്ഞ മുഖം.

“ആ മോളെ നിനക്ക് സുഖം അല്ലേ. ഇവന് വീട്ടിൽ ഇപ്പൊ വിവാഹം ആലോചിച്ചു തുടങ്ങി അപ്പോഴാണ് മോളുടെ കാര്യം പറഞ്ഞത്.”

ഇത്രയും കേട്ടപ്പോൾ ദേവി ചോദിച്ചു.”വിവാഹം ആലോചനയും ഞാനും തമ്മിൽ എന്ത് ബന്ധം??

ഞാൻ ഒരു ഫ്രണ്ട് ആയി മാത്രമേ ഇത്രയും നാൾ ആദിയെ കണ്ടിട്ടുള്ളൂ. മറ്റൊരു രീതിയിൽ ആദിയെ ഞാൻ കണ്ടിട്ടില്ല എനിക്ക് അങ്ങനെ കാണാനും കഴിഞ്ഞിട്ടില്ല.”

ആ വാക്കുകൾ കേട്ട് ആദിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവ തടഞ്ഞു നിർത്താൻ അവൻ പാടുപ്പെടുന്നുണ്ടായിരുന്നു.

എന്തോ പറയുവാനായി ദേവിയുടെ അടുത്തേയ്ക്ക് നീങ്ങിയ ആദിയുടെ കൈയ്യും പിടിച്ചു കൊണ്ട് അവന്റെ അച്ഛൻ നടന്നു നീങ്ങുന്നത് വേദനയോടെ അവൾ കണ്ടു നിന്നു.

ശരിക്കും ഹൃദയത്തിന്റെ പാതി അടർത്തി മാറ്റും പോലെ ഉള്ളിൽ വിങ്ങി. കണ്ണിൽ നിറഞ്ഞ കണ്ണുനീർ തറയിൽ പതിക്കും മുൻപേ ഓടി മുറിയിൽ കയറി…

“ഹാലോ”.”ഹലോ”.”ദേവിക അല്ലേ?””അതെ, ആരാ?””ഞാൻ ആദിത്യന്റെ ‘അമ്മയാ.””ആ… അമ്മ.””നാളെ ആദിയും അവന്റെ അച്ഛനും വരുന്നുണ്ട് നിന്റെ വീട്ടിലേക്ക് .”

“ആദി പറഞ്ഞിരുന്നു.””അവൻ എല്ലാം പറഞ്ഞുകാണും, അവൻ പറയാത്ത കുറച്ചു കാര്യങ്ങൾ കൂടി എനിക്ക് പറയാനുണ്ട്.””എന്താ അമ്മേ.”

“ഞാനും അവന്റെ അച്ഛനും കുഞ്ഞു നാൾ മുതൽ ഒരുപാട് പ്രതീക്ഷയോടെ ആണ് അവനെ വളർത്തിയത്. അതിൽ അവന്റെ വിവാഹവും ഞങ്ങൾ കണ്ടിട്ടുണ്ട്,ഇത് ഇത്തരത്തിൽ ഒന്നല്ല ഞങ്ങൾ കണ്ടിട്ടുള്ളത്.”

“അമ്മേ ഞാൻ.”തിരിച്ച് എന്ത് പറയണം എന്നറിയാതെ അവൾ കുഴങ്ങി. വിങ്ങുന്ന ശബ്‌ദം മറുത്തലയ്ക്കൽ കേൾകാതിരിക്കാൻ അവൾ നന്നേ പാടുപെട്ടു.

“നാളെ അവൻ വരുമ്പോൾ എനിക്ക് വേണ്ടി നീ അവനെ വേണ്ട എന്ന് പറയണം. ഞാൻ പറഞ്ഞാൽ എന്റെ മോൻ എന്നെ വെറുക്കും.

ഇനി എന്ത് ചെയ്യണമെന്ന് അറിയാമല്ലോ. ഒരമ്മ കാലു പിടിച്ചു പറയുകയാണ് എന്റെ മോനെ എനിക്ക് തിരികെ തരണം”.

ഇത്രയും പറഞ്ഞു മറുത്തലയ്ക്ക് ഫോൺ കട്ട് ചെയ്തു. അച്ഛനുമമ്മയും ആഹാരം കഴിക്കാൻ വിളിച്ചിട്ട് വേണ്ട എന്ന് പറഞ്ഞു കിടന്നു. രാത്രി മുഴുവൻ കരഞ്ഞു കരഞ്ഞു നേരം വെളുപ്പിച്ചു.

താൻ പിന്നിട്ട ജീവിത വഴികൾ ഒറ്റയടിക്ക് പറഞ്ഞു നിർത്തി അവൾ സിദ്ധാർത്ഥിനെ നോക്കി. ഇതെല്ലാം കേട്ടപ്പോൾ ഒരു ചിരി മാത്രമായിരുന്നു മറുപടി.

“എന്തേ ചിരിക്കുന്നത്.””ഇതൊക്കെ എല്ലാവരും പറയുന്ന ഫ്ലാഷ് ബാക്ക് സ്റ്റോറി അല്ലേ. ഇതുപോലൊക്കെ എല്ലാവർക്കും ഉണ്ടാകും ഓരോരോ കഥകൾ.”

“തനിക്ക് അറിയുമോ എനിക്ക് ഉണ്ട് ഇതുപോലെ ഒരു കഥ പറയാൻ.””അതെയോ പറയു കേൾക്കട്ടെ.”

“ഇപ്പോ വേണ്ട പിന്നീട് ഒരിക്കൽ പറയാം, നമ്മൾ ജീവിതത്തിൽ ഏറ്റവും വേദന അനുഭവിച്ച ചില മുഹൂർത്തങ്ങൾ പിന്നീട് പറയാം വെറും കഥകൾ മാത്രമായിരിക്കും. മറ്റുള്ളവരെ എന്റർടൈൻ ചെയ്യിക്കുന്ന വെറും കഥകൾ.”

സിദ്ധാർത്ഥിന്റെ വാക്കുകൾ കേട്ട് ചിരിക്കുമ്പോൾ.. ദൂരെ നാദസ്വരം മേളം ഉയർന്നു കേട്ടു.

സിദ്ധാർത്ഥിന്റെ താലിയ്ക്ക് മുന്നിൽ കഴുത്തു നീട്ടി കൊടുക്കുമ്പോഴും ആ ആൾക്കൂട്ടത്തിൽ ആരും കാണാതെ മറഞ്ഞു നിന്ന കണ്ണുകളുടെ അവകാശിയോട് ഉള്ളിൽ മാപ്പ് ചോദിക്കുകയായിരുന്നു ദേവി…..

Leave a Reply

Your email address will not be published. Required fields are marked *