എന്തൊരു നോട്ടമാണെടീ അവന്റേത്. നിന്നെ കോരികുടിക്കുകയാണല്ലോ..”കരിഷ്മ അവളുടെ ചെവിയിൽ മന്ത്രിച്ചു.മീരയുടെ ശരീരത്തിലേയ്ക്ക് ആയിരുന്നു

(രചന: ശാലിനി)

“അമ്മേ ഞാൻ പോവാണേ ..”പറഞ്ഞതും അവളോടി കഴിഞ്ഞിരുന്നു.മായ ഉമ്മറത്തേയ്ക്ക് എത്തുമ്പോഴേക്കും മകൾ മീര പോയിക്കഴിഞ്ഞിരുന്നു..!

കുറച്ചു ദിവസമായി വീടിനടുത്തുള്ള ചന്ദ്രോത്ത് എന്ന വലിയ മനയിൽ വെച്ച് ഏതോ സിനിമയുടെ ഷൂട്ടിങ് നടക്കുന്നുണ്ട്..

ഷൂട്ടിങ്ങുകാർ വന്നപ്പോൾ മുതൽ കൂട്ടുകാരികളോടൊപ്പം കാണാൻ പോകുന്നതാണ്.

എന്നും ഇങ്ങനെ പ്രായപൂർത്തിയായ പെൺകുട്ടികൾ ഇതിനൊന്നും പോകുന്നത് അത്ര നല്ലതല്ല . ഒരിക്കൽ പോയതല്ലേ. പിന്നെന്തിനാണ് ദിവസവും ഷൂട്ടിങ് കാണാനെന്നും പറഞ്ഞു പോകുന്നത്..
എന്നൊക്കെ ഒരുപാട് തവണ പറഞ്ഞു നോക്കി.
പക്ഷെ, പെണ്ണിന് ഒരു കൂസലുമില്ല.

അമ്മയ്ക്ക് എന്തറിയാം. എപ്പോഴും അടുക്കളയിൽ കിടന്നു മടയ്ക്കാനല്ലാതെ. വല്ലപ്പോഴും എന്തെങ്കിലും ഒക്കെ എൻജോയ്മെന്റുകൾ ജീവിതത്തിൽ ഉണ്ടാവണം.
എങ്കിലേ ജീവിക്കുന്നതിൽ ഒരു അർത്ഥമുള്ളൂ..

പതിനാറുകാരിയായ മകളുടെ വാക് ചാതുരിയിൽ വായും പൊളിച്ചു നിന്നുപോയി അവർ!

കാലം വല്ലാത്തതാണ്. ദിവസവും എന്തൊക്കെ അക്രമങ്ങൾ ആണ് നടക്കുന്നത് .
ചെറിയ പെൺകുട്ടികളെ മാത്രം മതി നരാധമന്ൻമാർക്ക്!
പോരെങ്കിൽ മകൾക്ക് പ്രായത്തിലും കൂടിയ വളർച്ചയാണ്.

ഒതുക്കമുള്ള വേഷം ഇട്ടോണ്ട് പോകാൻ നിർബന്ധിച്ചാൽ ഉടനെ വെറും പട്ടിക്കാട്ടിൽ നിന്ന് വന്നതാണോ ഈ അമ്മ എന്ന മറു ചോദ്യം കൊണ്ട് തന്റെ വായടപ്പിക്കും.

“അമ്മയ്ക്ക് ഇപ്പോഴത്തെ ട്രെൻഡ് എന്തെങ്കിലും അറിയാമോ.
ഷാളൊക്കെ ഔട്ട്‌ ഓഫ് ഫാഷൻ ആണ്. കിളവിമാര് വരെ നല്ല ലുക്കിൽ ആണ് നടക്കുന്നത്. അല്ലാതെ അമ്മയെപ്പോലെ എല്ലാം കെട്ടിപ്പൊതിഞ്ഞോണ്ടല്ല. അങ്ങനെ നടക്കുന്നത് കൊണ്ടാണ് കൂടുതലും അക്രമങ്ങൾ നടക്കുന്നത് അറിയാമോ..?”

“മതി, നിർത്തിക്കോ നിന്റെ സംസാരം.
കുറച്ചു കൂടുന്നുണ്ട് ഈയിടെയായിട്ട്.. വിവരവും സംസ്ക്കാരവും ഫാഷനുമില്ലാത്ത അമ്മയുള്ളത് നിനക്ക് കുറച്ചിലായി തോന്നുന്നുണ്ട് അല്ലേ..?”

പറഞ്ഞത് ഇഷ്ടപ്പെടാതെ മുഖവും കുത്തി വീർപ്പിച്ചു നടക്കും പിന്നെ കുറെ ദിവസത്തേക്ക്.
ഉണ്ണിയേട്ടൻ ഇത്തരം കാര്യത്തിലൊന്നും ഇടപെടാനേ വരില്ല.

“അവൾക്കിഷ്ടമുള്ളത് ധരിക്കട്ടെ. ഒരുപാട് കടുംപിടുത്തം കാണിക്കുന്നതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം ..”

എങ്കിലും, കൊഴുപ്പും മുഴുപ്പും വന്ന പെണ്ണാണെന്ന ഒരു ബോധം എങ്കിലും വേണ്ടേ.. ആരോട് പറയാൻ??

അന്ന് ഷൂട്ടിങ് കഴിഞ്ഞു വന്നു സിനിമ താരങ്ങളുടെ വർണ്ണന തുടങ്ങി. ശ്രദ്ധിക്കാൻ പോയില്ല. മൂത്തവൻ പോളിടെക്‌നിക്കിനാണ് പഠിക്കുന്നത്. അവനും വലിയ താല്പര്യം ഒന്നുമില്ല.
എങ്കിലും വന്നവരെയൊക്കെ ഒന്ന് കാണാൻ ഒരു വട്ടം മറ്റോ ഒന്ന് പോയി.
അത്ര തന്നെ!

പിറ്റേന്ന്, കൂട്ടുകാരികൾ വന്നു വിളിച്ചിട്ടും പോകാൻ ഇറങ്ങുന്ന ലക്ഷണം ഒന്നും കണ്ടില്ല.
ഒരുക്കം ഇതുവരെ കഴിഞ്ഞില്ലേ..
ശബ്ദം ഉണ്ടാക്കാതെ മുറിയുടെ വാതിൽക്കൽ നിന്ന് വാതിലിന്റെ വിടവിലൂടെ ഒളിഞ്ഞു നോക്കി.

തിരിഞ്ഞും മറിഞ്ഞും നിന്ന് കണ്ണാടിയ്ക്കു മുന്നിൽ ചന്തം നോട്ടമാണ് പെണ്ണ്. ഇവളെന്താ ഷൂട്ടിങ് കാണാൻ ആണോ, അതോ അഭിനയിക്കാൻ ആണോ പോകുന്നത്..

“മീരേ.. നിന്നെ ദേ മാളുവും കരിഷ്മയുമൊക്കെ വിളിക്കുന്നു. നിന്റെയൊരുക്കം ഇതുവരെ തീർന്നില്ലേ.ഇതിപ്പോൾ നീയാണോ അതിലെ നായിക എന്നാണ് എന്റെ സംശയം..!”

അമ്മയുടെ പരിഹാസം കേട്ടെങ്കിലും മറുപടി കൊടുക്കാൻ പോയില്ല.
എന്തെങ്കിലും തർക്കുത്തരം പറഞ്ഞാൽ ചിലപ്പോൾ പോകേണ്ടെന്ന് തന്നെ പറഞ്ഞു കളയും.
ഒന്നും മിണ്ടാതെ നല്ല കുട്ടിയായി അമ്മയെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചിട്ട് അവൾ കൂട്ടുകാരുടെയൊപ്പം പുറത്തേയ്ക്ക് പോയി.

അന്ന് അവർ ചെല്ലുമ്പോൾ ഷൂട്ടിങ് തുടങ്ങിയിരുന്നില്ല..
ഒരുക്കങ്ങൾ നടക്കുന്നതെയുള്ളൂ.
നടിമാരൊക്കെ ഒരുങ്ങുന്നത് കണ്ട് കൊതി തോന്നുന്നു. എന്ത് സൗന്ദര്യം ആണ് അവർക്കൊക്കെ.

“എന്താ അഭിനയിക്കുന്നോ..?”
പെട്ടെന്ന് ആരോ പിന്നിൽ നിന്ന് ചോദിക്കുന്നത് കേട്ട് ആവർ ഞെട്ടി തിരിഞ്ഞു നോക്കി.
അവരുടെ കൂട്ടത്തിലുള്ള ഒരു ക്യാമറ മാനാണ്. ഒരു ചെറുപ്പക്കാരൻ..
പക്ഷെ,കാണാനും സുന്ദരൻ..
ആ നോട്ടം കണ്ടിട്ട് ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞു പോകുന്നതായി തോന്നി.

“ഇയാളോടാണ് ചോദിച്ചത്. തനിക്ക് നല്ല ഫോട്ടോജനിക്കുണ്ട്.. ഒന്ന് മേക്കപ്പ് ഇട്ടിട്ട് വന്നാൽ ഹീറോയിൻ മാതിരി സൂപ്പറായിരിക്കും..”
അയാൾ ഉഗ്രൻ എന്നർത്ഥത്തിൽ കൈകൾ കൊണ്ട് ആംഗ്യം കാണിച്ചു.

തന്റെ നേർക്ക് ആയിരുന്നു അയാളുടെ ആ കമെന്റ്. വല്ലാതെ നാണിച്ചു പോയി.
യ്യോ ആരും കേൾക്കണ്ട.. എത്ര വലിയ നായികമാരുടെ ഫോട്ടോസ് എടുക്കുന്ന ആളാണ് തന്നെ ഇങ്ങനെ പുകഴ്ത്തി പറയുന്നത് അവൾക്ക് അഭിമാനം തോന്നി.

“എടീ.. അയാള് പറഞ്ഞത് കേട്ടോ നിനക്ക് നല്ല ലൂക്ക് ആണെന്ന്. ഒന്ന് ട്രൈ ചെയ്യുന്നോടീ..”

“ഒന്ന് പോ പെണ്ണെ.. അമ്മ അറിഞ്ഞാൽ ഈ വരവും കൂടി ഇല്ലാണ്ടാകും.”ലജ്ജയോടെയാണ് മാളുവിന്റെ കയ്ത്തണ്ടയിൽ നുള്ളിയത്.

ഷൂട്ടിങ് നടക്കുമ്പോഴൊക്കെയും ആ ചെറുപ്പക്കാരനായ ക്യാമറ മാൻ ഇടയ്ക്കിടെ അവളെ കണ്ണുകൾ കൊണ്ട് ഉഴിയുന്നുണ്ടായിരുന്നു.
അയാളുടെ തൊലി ഉരിക്കുന്ന നോട്ടം കണ്ടവൾ അസ്വസ്ഥയായി.

“എന്തൊരു നോട്ടമാണെടീ അവന്റേത്. നിന്നെ കോരികുടിക്കുകയാണല്ലോ..”കരിഷ്മ അവളുടെ ചെവിയിൽ മന്ത്രിച്ചു.മീരയുടെ ശരീരത്തിലേയ്ക്ക് ആയിരുന്നു

അയാളുടെ കണ്ണുകൾ..”നമുക്ക് പോകാം. എനിക്ക് വയ്യ ഇനിയിവിടെ നിൽക്കാൻ.”മീര അരിശത്തോടെ കൂട്ടുകാരികൾ വരുന്നുണ്ടോ എന്നു പോലും നോക്കാതെ നടന്നു.

“ഏയ്‌ മീരാ നിൽക്ക് ഞങ്ങളും വരുന്നു.”അവൾ നിന്നില്ല. നടത്തതിന്റെ വേഗത അല്പം കുറച്ചു.കൂട്ടുകാരികൾ ഒപ്പം എത്തിയതും അവർ അവളെ ശകാരിക്കാൻ തുടങ്ങി.

“നിനക്ക് എന്താ പെണ്ണെ ഇത്ര ജാട. അയാൾ നിന്നോട് അനാവശ്യം ഒന്നും പറഞ്ഞില്ലല്ലോ. അഭിനയിക്കാൻ താല്പര്യം ഉണ്ടോന്ന് ചോദിക്കുന്നത് അത്ര വലിയ തെറ്റാണോ. ഞങ്ങളോട് ആയിരുന്നെങ്കിൽ ഇപ്പൊ മേക്കപ്പ് ഇട്ടു നിന്നേനെ..”

മീര അതുകേട്ടു ചിരിച്ചു.
അവരെക്കാളൊക്കെ ചന്തം തനിക്കുണ്ട്. പക്ഷെ, അങ്ങനെ ചാടിക്കയറി അഭിനയിക്കാൻ പറ്റുമോ. ഒന്നാമതെ, ഇതൊന്നും കാണാൻ വരുന്നത് പോലും അമ്മയ്ക്ക് അത്ര പിടിച്ചിട്ടില്ല. പിന്നെയാ അഭിനയിക്കുന്നത്.

പിറ്റേന്ന് കൂട്ടുകാരികൾ വന്നു വിളിച്ചിട്ടും പോകാൻ താല്പ്പര്യം കാണിച്ചില്ല.”നിങ്ങൾ പൊയ്ക്കോ. ഞാൻ വരുന്നില്ല. അമ്മ വഴക്ക് ആണ് എന്നും ഒരുങ്ങിക്കെട്ടി പോകാൻ നാണമില്ലേന്ന് ചോദിച്ച്.”

“അത് വെറുതെ വീട്ടിൽ ഇരിക്കുന്നത് കൊണ്ടല്ലേ. ഈ ഒരാഴ്ചത്തെ അവധി കഴിയുമ്പോൾ നമുക്ക് ക്ലാസ്സ്‌ തുടങ്ങില്ലേ അതുവരെ അല്ലേയുള്ളൂ. ഇതൊക്കെ എപ്പോഴും കാണാൻ പറ്റുന്നതാണോ പെണ്ണെ. ആന്റിയോട് ഞങ്ങൾ പറയാം..”

“ഏയ്‌, വേണ്ട. ഇന്ന് ഞാനില്ല..നിങ്ങൾ പോയിട്ട് വാ..”മാളുവും കരിഷ്മയും മുഖത്തോട് മുഖം നോക്കി. പോകണോ..?അവളില്ലെങ്കിൽ ഒരു രസവുമില്ല.

“പോയിട്ട് വാടീ.. തിരിച്ചു വരുമ്പോൾ ഇവിടെ കയറിയിട്ടേ പോകാവൂ..കേട്ടോ “”മ്മ്മം.. ശരി..”

കൂട്ടുകാരികൾ പോകുന്നത് നോക്കി നിന്നിട്ട് തിരിഞ്ഞതും ചോദ്യ ഭാവത്തോടെ നിൽക്കുന്നു അമ്മ!

“ങുംഹും.. എന്ത് പറ്റി, ഇന്ന് പോകുന്നില്ലന്നു വെയ്‌ക്കാൻ..?””ഓഹ്, പോയില്ലെങ്കിലും കുറ്റം, പോയാലും കുറ്റം.”

അവൾ ദേഷ്യത്തോടെ ചവുട്ടിത്തുള്ളി മുറിയിലേയ്ക്ക് പോയി.ഒന്നും ചെയ്യാൻ തോന്നുന്നില്ല. പോകണ്ടതായിരുന്നു. ഇവിടിരുന്നാൽ ബോറടിച്ചു ചാകും.

പിന്നെ എന്തിനാ വരുന്നില്ലെന്ന് പറഞ്ഞവരെ വിട്ടത്..?
അവൾക്ക് തന്നെ അതിന്റെ ഉത്തരം കണ്ടെത്താൻ കഴിഞ്ഞില്ല.

കണ്ണാടിയിൽ നോക്കി വെറുതെ നിന്നു.മുഖത്തെ മിനുപ്പും ചോപ്പും, ഉരുണ്ട് കൊഴുത്ത ശരീരവും.

അമ്മയ്ക്ക് വെറുതെ അല്ല എപ്പോഴും പേടി. തന്നെക്കണ്ടാൽ ആരാണ് നോക്കാത്തത്. മകൾ ആരുടെയെങ്കിലും കൂടെ പ്രേമിച്ച് ഇറങ്ങിപ്പോകുമോ എന്ന് ദിവസവും ഭയക്കുന്നത് പോലെയാണ് തന്നോടുള്ള പെരുമാറ്റം. എപ്പോഴും

പിന്നാലെ ഒരുമാതിരി എക്സ് റെ കണ്ണുകളുമായിട്ടാണ് നടപ്പ്. ഒരു സ്വാതന്ത്ര്യം തരത്തില്ല.. സിനിമയിൽ അഭിനയിക്കുന്നവർക്കൊക്കെ എന്ത് സുഖമായിരിക്കും. ഇഷ്ടം പോലെ കാശും, സൗന്ദര്യവും…

” അഭിനയിക്കുന്നോ..? “പെട്ടെന്ന് തന്നോട് ആരോ ചോദിക്കുന്നു!!അഭിനയിക്കാൻ ഒരു ക്ഷണം കിട്ടിയ കാര്യം വീട്ടിൽ ആരോടും പറഞ്ഞിട്ടില്ല അറിഞ്ഞാൽ അമ്മ

ഭദ്ര കാളിയാകും. അച്ഛൻ ഒരുപക്ഷെ മോൾക്ക് ഇഷ്ടമാണെങ്കിൽ ആയിക്കോട്ടെ എന്നെ പറയൂ..
പക്ഷെ, വേണ്ട.. ആ നോട്ടം, തന്നെ ഇന്നലെ രാത്രി ഒട്ടും ഉറക്കിയില്ല എന്നതാണ് സത്യം.
രണ്ട് തീക്ഷണമായ കാന്തം കൊണ്ട് തന്നെ അയാൾക്കുള്ളിലേയ്ക്ക് വലിച്ചെടുക്കുമ്പോലെ..

ഈശ്വരാ.. ഇതുവരെ ഇങ്ങനെ ഒരനുഭവം ഉണ്ടായിട്ടില്ല. മേലാകെ വല്ലാത്തൊരു കുളിര്..
അവൾ കട്ടിലിലെ മെത്തയിലേയ്ക്ക് കമഴ്ന്നു കിടന്നു..
എപ്പോഴോ ഉറങ്ങിപ്പോയി.
കൂട്ടുകാരികൾ വിളിക്കുന്നത് കേട്ടാണ് കണ്ണ് തുറന്നത്.

അവർ എപ്പോഴാണ് മുറിയിൽ എത്തിയത്!”നീയെന്താ പെണ്ണെ രാത്രിയിൽ ഉറങ്ങിയില്ലേ…?

പിന്നെ..”
മാളു ചുറ്റിനും ഒന്ന് നോക്കി. ഏന്നിട്ട് ശബ്ദം താഴ്ത്തി.

“അയാളില്ലേ, നിന്നെ അന്വേഷിച്ചു.. എന്താ വരാഞ്ഞത് എന്ന് ചോദിച്ചു..
ശരിക്കും അയാൾക്ക് നിന്നോട് പ്രേമം ആയെന്നാ തോന്നുന്നത്.”

അതുകേട്ട് വിളറി പോയി.”പെണ്ണെ ഒന്ന് പതുക്കെ പറ. അമ്മയ്ക്ക് ഭയങ്കര കേൾവി ശക്തിയാണ്.”

“സത്യം ആണ് ഞങ്ങൾ പറയുന്നത്.അയാൾ പറഞ്ഞതാ. നിന്നെ കണ്ടാൽ ഒരു ഹീറോയിൻ പോലെയാണെന്ന് . നാളെ കൂട്ടിക്കൊണ്ട് വരണം എന്ന് പറഞ്ഞു അയാളുടെ ഒരു നമ്പർ തന്നിട്ടുണ്ട്. നിനക്ക് കൊടുക്കണം എന്ന് പറഞ്ഞു. ഇത് വാട്സ്ആപ്പ് നമ്പർ ആണ്. ആരെയും കാണിക്കല്ലേ.”

കരിഷ്മ അവളുടെ ഫോണിൽ നിന്ന് ഒരു നമ്പർ മീരയുടെ വാട്സപ്പിലേയ്ക്ക് ഇട്ടു കൊടുത്തു.”യ്യോ.. ഇതെന്തിനാ വാങ്ങിയത്.. അമ്മ ഇതെങ്ങാനും കണ്ടാൽ കൊന്നു കളയും പെണ്ണെ.”

“എടീ കഴുതേ.. ഇത് നീ ഏതെങ്കിലും പെണ്ണിന്റെ പേരിൽ സേവ് ചെയ്താൽ മതി.”ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞുപോയി.

പെട്ടെന്ന് യാത്ര പറഞ്ഞവർ രണ്ടാളും സ്ഥലം വിട്ടു..ച് ഛെ, അയാളെന്താ തന്നെ കുറിച്ച് കരുതിയത്. നമ്പർ തന്നാൽ ഉടനെ വിളിക്കുന്ന ചീപ്പ് ആണോ താനെന്ന് ഒന്ന് ചോദിക്കണം. നാളെ ആകട്ടെ. അവൾ പിറ്റേന്ന് രാവിലെ കുളിച്ചൊരുങ്ങി നിന്നു. അവർ വന്നത് ഒരു വിശേഷ വാർത്തയുമായിട്ടാണ്.

“എടീ അതേയ് ഇന്ന് ഏട്ടൻ രാവിലെ പറയുന്നത് കേട്ടു, മനയിലെ ഷൂട്ടിങ് ഇനി നാലു ദിവസം കൂടിയേയുള്ളു എന്ന്..”

പെട്ടന്ന് മനസ്സ് ഒന്ന് വാടി..
പോകുന്ന വഴിക്ക് അവർ ആകാംക്ഷയോടെയാണ് തിരക്കിയത്.

“നീ വിളിച്ചോ അയാളെ?””പിന്നെ.. എന്റെ പട്ടി വിളിക്കും.”അവർ പരസ്പരം ഒന്ന് നോക്കി.ഈ പെണ്ണിന്റെ ഒരു ജാഡ.

അന്ന് പതിവിലും നേരത്തെ ഷൂട്ടിങ് തുടങ്ങിയിരുന്നു. മീരയെ കണ്ടതും അയാളുടെ കണ്ണുകൾ വിടർന്നു. അവൾ പോലും അറിയാതെ അവളുടെ എത്രയെത്ര ഫോട്ടോസ് ഇതിനോടകം അയാൾ പകർത്തിക്കഴിഞ്ഞിരുന്നു.

ഇടവേളക്ക് ചായ കുടിക്കാനായി ബ്രേക്ക്‌ എടുത്തപ്പോൾ അവർ മൂന്നു പേരും ഒരല്പം മാറിയിരുന്നു. പക്ഷെ ഒരു ചായ കപ്പുമായി അയാൾ അവർക്കരികിലേയ്ക്ക് വന്നു.

“ഇയാളെന്താ ഇന്നലെ ഷൂട്ടിങ് കാണാൻ വരാഞ്ഞത്. അഭിനയിക്കുന്നോ എന്ന് ചോദിച്ചത് കൊണ്ടാണോ. സിനിമയ്ക്ക് പറ്റിയ ഫിഗർ ആയതു കൊണ്ട് ചോദിച്ചതാണ്.
താല്പര്യം ഇല്ലേൽ വിട്ടേക്ക്.”

“ഏയ്‌.. ഇല്ല എനിക്ക് അഭിനയിക്കാൻ വലിയ ഇഷ്ടമാണ്. പക്ഷെ, വീട്ടിൽ സമ്മതിക്കില്ല,അതാ..”

ഇത്തവണ ഞെട്ടിയത് കൂട്ടുകാരികളായിരുന്നു.
വലിയ ജാഡയെടുത്തവളാണ് ഇപ്പൊ അയാളെക്കണ്ടപ്പോൾ താന്ന് കൊടുത്തത്

“ഓഹോ, എങ്കിൽ ഞങ്ങൾ അവിടെ വന്ന് അനുവാദം വാങ്ങിച്ചാൽ ഇയാൾ ഓക്കേ
ആണല്ലോ അല്ലേ.?”

അവൾക്കെന്ത് പറയണം എന്നറിയില്ല. മനസ്സ് നിറഞ്ഞൊഴുകുന്ന ഒരരുവി പോലെയായി.

“എങ്കിൽ അതിന് മുൻപ് ഇയാളുടെ കുറച്ചു സ്റ്റിൽസ് ഒന്നെടുത്തു നോക്കാം. എന്താ. അത് ഓക്കെ ആയാൽ പിന്നെ ബാക്കിയൊക്കെ റെഡിയായിക്കോളും, എന്താ..?”

“യ്യോ ഇപ്പോഴോ..?”
അവൾ ഞെട്ടലോടെ അവരെ നോക്കി. സാരമില്ലെടീ സമ്മതിക്ക് എന്നവർ അടക്കം പറഞ്ഞു.

ഒന്നും മിണ്ടാതെ നിൽക്കുന്ന മീരയെ അയാൾ കൂടെ ചെല്ലാൻ വിളിച്ചു. ഒരു സ്വപ്നാടകയെ പോലെ അവൾ അയാൾക്ക് പിന്നാലെ നടന്നു.

“ഇന്നവൾ പൊളിക്കും. നമുക്കും അവളുടെ കുറച്ചു ഫോട്ടോസ് വാങ്ങിക്കാം.”

അമ്മു സന്തോഷം അടക്കാനാവാതെ പറഞ്ഞു.
അയാൾ തലയിൽ തൊപ്പി വെച്ച് കുറെ ക്യാമറയുടെ അരികിൽ നിന്ന ആളിനെ വിളിച്ച് എന്തോ പറഞ്ഞു. പിന്നെ ഒരു വലിയ ക്യാമറ എടുത്തു മീരയെയും കൂട്ടിക്കൊണ്ട് അയാൾ മനയിലെ
ഒഴിഞ്ഞ ഒരു മുറിയിലേയ്ക്ക് പോയി.

മുറിയിൽ മാറ്റാരുമുണ്ടായിരുന്നില്ല. എങ്കിലും ആരെയോ ഫോണിൽ വിളിച്ചു വരുത്തി. പെട്ടെന്ന് അവളെ ഒന്ന് മേക്കപ്പ് ഇടാൻ നിർദ്ദേശിച്ചു.
പിന്നെ, ആരോ ഒരാൾ ഏതൊക്കെയോ തരത്തിലുള്ള കോസ്റ്റൂമും കൊണ്ട് കട്ടിലിലേയ്ക്ക് ഇട്ടു.

നിമിഷ നേരം കൊണ്ട് മീര അതിസുന്ദരിയായ ഒരു പെണ്ണായി മാറി.
അവളെക്കണ്ടയാൾ..
വൗ.. ബ്യൂട്ടിഫുൾ എന്നൊക്കെ പറയാൻ തുടങ്ങി. എന്നിട്ട് ഒരു ഡ്രസ്സ്‌ എടുത്തു അവളുടെ കയ്യിൽ കൊടുത്തു.

“മീരാ.. പെട്ടെന്ന് ഇതൊക്കെ ഒന്നിട്ടേ..”അയാൾ കാണിച്ച ഒരൊഴിഞ്ഞ മൂലയിൽ അവൾ ഡ്രസ്സ്‌ മാറാൻ തുടങ്ങി.

ഒട്ടും ഇറക്കമില്ലാത്ത ഒരു കുട്ടിയുടുപ്പ്!
അതാണെങ്കിൽ തുടയ്ക്ക് മുകളിൽ നിൽക്കുന്നു. സ്ലീവിന് പകരം രണ്ട് വള്ളികൾ!

ദൈവമേ,ഇത്..ഇതിട്ടു കൊണ്ട് ഞാൻ എങ്ങനെ ഫോട്ടോ എടുക്കും.
മീര പുറത്തേയ്ക്ക് വരാൻ വൈകുന്നത് കണ്ട് അയാൾ അവളെ തിരക്കിച്ചെന്നു.
ചമ്മലോടെ നിൽക്കുന്ന അവളെ കണ്ട് അയാൾക്ക് ചിരിവന്നു.

“സിനിമയിൽ ഇങ്ങനെ ഒക്കെയാണ്. ചിലപ്പോൾ ഇത്രയും തുണിപോലും കാണില്ല അറിയുമോ. അതിനാണ് ഇങ്ങനെ ഒരു ഫോട്ടോ സെഷൻ എടുക്കുന്നത്. ഇയാൾക്ക് നന്നായിട്ടുണ്ട് ഡ്രസ്സ്‌. നോക്കിക്കോ ഫോട്ടോ കാണുമ്പോൾ താൻ ഞെട്ടിപ്പോകും.”

അവളെ പലതും പറഞ്ഞയാൾ മനസ്സ് മാറ്റിയെടുത്തു.
അയാൾ കാണിച്ചു കൊടുത്ത ഏതൊക്കെയോ പോസ്സിൽ അവൾ ചരിഞ്ഞും കിടന്നും ഇരുന്നുമൊക്കെ നിന്നു കൊടുത്തു.
ഇടയ്ക്ക് അയാൾ അവളുടെ നിൽപ്പ്‌ ശരിയാക്കാനെന്ന പേരിൽ അവളുടെ ശരീരത്ത് പല ഭാഗത്തും ആവശ്യത്തിലധികം സ്പർശിച്ചു.

അവൾ ഞെളിപിരി കൊണ്ട് മാറിനിന്നു. അയാൾക്കതു കണ്ടു രസം തോന്നി. പെണ്ണ് അടിപൊളി ആണ്. ഇവളുടെ ഫോട്ടോസിന് കാശ് കുറെ കിട്ടും.

എല്ലാം എടുത്തു കഴിഞ്ഞ് അവൾ തന്റെ ഡ്രസ്സ്‌ ഇടാൻ പോയതും പിന്നാലെ മുറിയിലേയ്ക്ക് അയാളും പ്രവേശിച്ചു. ആ കഴുകൻ നോട്ടത്തിൽ അവൾക്ക് ലജ്ജ തോന്നി.

“സർ ഞാനീ ഡ്രസ്സ്‌ ഒന്നിടട്ടെ. പുറത്തേയ്ക്ക് ഒന്നിറങ്ങാമോ..?””ഇത്രയൊക്കെ കണ്ടിട്ട് നിന്നെ വെറുതെ വിടാൻ ഞാൻ ഒരാണല്ലാതായിരിക്കണം.”

അയാളുടെ മാറിയ സ്വരവും, പെരുമാറ്റവും കണ്ട് അവൾ ഞെട്ടി. ഈശ്വരാ.. താൻ ചതിയിൽ പെട്ടല്ലോ. ഇയാൾ എന്നെ ചതിക്കാനാണോ വിളിച്ചു വരുത്തിയത്..
അയാൾ അവളെ തന്റെ ദേഹത്തേയ്ക്ക് ചേർത്ത് പിടിച്ചു കൊണ്ട് അവളെ ഉമ്മ വെയ്ക്കാൻ ശ്രമിച്ചു. അവൾ അയാളെ തള്ളി മാറ്റാൻ നോക്കി. പക്ഷെ അയാളുടെ പിടി മുറുകിയതേയുള്ളൂ.

“ഒരു കിളുന്ത് പെണ്ണാണ് നീ.. വെറുതെ ശക്തി എടുക്കാൻ നോക്കണ്ട.
നമുക്ക് കുറച്ചു നേരം ഇവിടെ അടിച്ചു പൊളിക്കാം പെണ്ണെ.ആരുമറിയാൻ പോകുന്നില്ല.”

അയാൾ പൊക്കിയെടുത്ത് അവളെ കട്ടിലിലേയ്ക്ക് ഇട്ടു. അവളുടെ ഇത്തിരിയുള്ള തുണി വലിച്ചു കീറി കാറ്റിൽ പറത്തി. അവൾക്ക് ബോധം മറയുന്നത് പോലെ തോന്നി. എപ്പോഴും തന്റെ പിന്നാലെ ഗുണദോഷിക്കാൻ വരുന്ന അമ്മയെ അറിയാതെ ഓർമ്മ വന്നു.
പിഴച്ചു പോയ മകളെ കണ്ട് ജീവനൊടുക്കാൻ പോകുന്ന അമ്മ..!!

പെട്ടന്ന് അവൾ സർവ്വ ശക്തിയുമെടുത്തു കുടഞ്ഞു. ഒന്ന് വേച്ചു പോയ അയാളുടെ നാഭിക്കിട്ട് കാലുയർത്തി ഒരു തൊഴി കൊടുത്തു. നിരങ്ങിപ്പോയ ആ നേരം കൊണ്ട് അവൾ ഓടി മുറിയ്ക്കു പുറത്തിറങ്ങി വാതിൽ വലിച്ചടച്ചു.
അപ്പോഴേക്കും എവിടുന്നോ മീരയെ കാണാതെ തിരക്കി നടന്ന കൂട്ടുകാരികൾ ആ കാഴ്ച്ച കണ്ട് ഓടിയെത്തി..

അവർ എവിടുന്നോ പെട്ടന്ന് ഒരു ഡ്രസ്സ്‌ അവൾക്ക് ഒപ്പിച്ചു കൊടുത്തു. ഇട്ടോണ്ട് പോയ ഉടുപ്പ് എവിടെന്നു അമ്മ ചോദിച്ചാൽ അത് ചെളി വെള്ളത്തിൽ വീണത് കൊണ്ട് മാറിയതാണെന്ന് പറയാൻ ചട്ടം കെട്ടി.

അവളാകെ ഷോക്കിലായിരുന്നു. ഇത്രയും നേരം കൊണ്ട് എന്തൊക്കെയാണിവിടെ സംഭവിച്ചത് എന്നോർത്ത് തല പെരുത്തു. പോകുന്ന വഴി ഏതെങ്കിലും വണ്ടിയുടെ മുൻപിലേക്ക് ചാടി ചാകാൻ ശ്രമിച്ചെങ്കിലും ഇടത്തും വലത്തും കൂട്ടുകാരികൾ അവളെ ബലമായി പിടിച്ചു വേച്ചു.

“നീ എല്ലാം മറന്നു കളഞ്ഞേക്ക് പെണ്ണെ.. അയാൾ നിന്നെ നശിപ്പിച്ചില്ലല്ലോ, അത് തന്നെ ഭാഗ്യം
ഇനി ഒരു ഷൂട്ടിങിനും എങ്ങും എവിടെയും പോകണ്ട. അമ്മമാര് വെറുതെ ഒന്നും പറയില്ല.. ഇത് നമ്മുടെ മൂന്ന് പേരുടെയും മനസ്സിൽ മാത്രം ഇരുന്നാൽ മതി.”

കണ്ണ് നിറഞ്ഞിട്ട് കാഴ്ചകൾ അവ്യക്തമായിരുന്നു അവൾക്ക്.. ദൂരെ വീട് കണ്ടപ്പോൾ തിരിച്ച് എവിടേക്കെങ്കിലും പോയാലോ എന്ന് വിചാരിച്ചു. അമ്മയുടെ കണ്ണിൽ നിന്ന് ഒന്നും ഒളിക്കാൻ പറ്റില്ല.
പനിപിടിച്ചു വിളറിയത് പോലെ കയറി വരുന്ന മകളെ കണ്ട് ഞെട്ടി മായ ഓടി ചെന്നു.

“എന്ത് പറ്റി ഇവൾക്ക്, ഇതല്ലല്ലോ ഇട്ടോണ്ട് പോയത്. ആ വേഷം എവിടെ?””ആന്റി. അവള് ഇങ്ങോട്ട് വരുന്ന വഴി ഒന്ന് വീണു. ഉടുപ്പെല്ലാം അഴുക്കായി. അതാ എന്റെ ഡ്രസ്സ്‌ ഇട്ടിരിക്കുന്നത്..”

മായ ഒന്നും മിണ്ടാതെ അവളെയും കൊണ്ട് അകത്തേയ്ക്ക് പോയി.
ഒരു ഞെട്ടറ്റു വീണ വാടിയ പുഷ്പം പോലെ കട്ടിലിലേയ്ക്ക് തളർന്നു വീണ മീര ഹൃദയം പൊട്ടിക്കരഞ്ഞു..

തനിക്ക് ഇത് തന്നെ വരണം. അമ്മയെ പലപ്പോഴും ഇടിച്ചു താഴ്ത്തി സംസാരിച്ചിട്ടുണ്ട്. പക്ഷെ, അമ്മയാണ് ശരിയെന്നു ഇന്ന് തെളിഞ്ഞു. ഇനിയെനിക്ക് ഒന്നുമാകേണ്ട, ആരുമാകണ്ട.

ചൂട് ചായയും കൊണ്ട് വന്ന മായ വാത്സല്യത്തോടെ മകളുടെ മുടിയിഴകളിൽ തലോടി.
പെണ്ണിന്റെ മുടി കിടക്കുന്നത് കണ്ടില്ലേ. എണ്ണ പുരട്ടാതെ എല്ലാം നാശമായി.

അമ്മയുടെ മകളുടെ മുടിയല്ല, ഈ ശരീരം തന്നെ ഇപ്പോൾ നാശമായേനെ..മാപ്പ് അമ്മേ.

അവൾ ഒരു മാപ്പ് പറച്ചിൽ പോലെ അമ്മയുടെ മടിയിലേയ്ക്ക് മുഖം ചേർത്ത് വെച്ച് കിടന്നു.
അപ്പോഴും, തന്റെ വൃത്തികെട്ട ഫോട്ടോസ് നാളെയൊരിക്കൽ അയാൾ പുറം ലോകം കാണിക്കുമെന്ന് അവൾക്കുറപ്പുണ്ടായിരുന്നു.

അതുവരെ ഒന്നുമറിയാത്തത് പോലെ ജീവിക്കാം. പിന്നെ, തീരുമാനിക്കാം ജീവിക്കണോ വേണ്ടയോ എന്ന് !
അവൾ മനസ്സിൽ എന്തോ ഉറപ്പിച്ചത് പോലെ കണ്ണുകൾ ഇറുക്കിയടച്ചു.

Leave a Reply

Your email address will not be published. Required fields are marked *