(രചന: ശ്രേയ)
” പഠിക്കാൻ എന്നും ജോലിക്ക് എന്നും ഒക്കെ പറഞ്ഞ് മക്കളെ നാട് തെണ്ടാൻ വിടുമ്പോൾ ആലോചിക്കണം.
ഇങ്ങനെ ഒരു ദിവസം ഒരു കൊച്ചുമായി കയറി വരുമ്പോൾ മാത്രമേ ഇവൾക്കൊക്കെ അവിടെ എന്തായിരുന്നു പണി എന്ന് അറിയാൻ പറ്റൂ. ”
മുറ്റത്ത് കുഞ്ഞിനെയും ചേർത്തു പിടിച്ച് നിൽക്കുന്ന മാളുവിനെ നോക്കി അയൽക്കാരിൽ ആരോ മുറുമുറുത്തു.
അത് കേട്ടതോടെ ഉമ്മറത്തിരുന്ന് കണ്ണീർ പൊഴിക്കുകയായിരുന്ന അമ്മ രൂക്ഷമായി മാളുവിനെ നോക്കി.
” എന്നാലും എന്താ അവളുടെ കയ്യിലിരിപ്പിന്റെ ഗുണം കൊണ്ട് അച്ഛൻ തീർന്നു കിട്ടിയില്ലേ..? എന്നിട്ടും അവളുടെ തൊലിക്കട്ടി നോക്കണം. ഒന്നും സംഭവിക്കാത്തത് പോലെ നിൽക്കുന്ന നിൽപ്പ് കണ്ടില്ലേ..? ”
പറഞ്ഞിട്ടും മതിവരാത്തതു പോലെ അയൽക്കാരികൾ പരസ്പരം പറയുന്നുണ്ടായിരുന്നു.
അപ്പോഴും മാളുവിന്റെ കണ്ണിൽ നിന്ന് ഒഴുകിയിറങ്ങുന്ന കണ്ണുനീർ എന്തിനു വേണ്ടിയുള്ളതായിരുന്നു എന്ന് ആരും അറിഞ്ഞില്ല.
അവൾ ഒരിക്കൽ കൂടി അമ്മയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖത്തേക്ക് പോലും നോക്കാതെ എന്തൊക്കെയോ ഓർത്തോർത്ത് കരയുകയായിരുന്നു ആ നിമിഷം അമ്മ.
” അമ്മേ അച്ഛനെ ഞാൻ ഒന്ന് കണ്ടോട്ടെ.. അവസാനമായിട്ട് ഒരു വട്ടം..”അവൾ ഒരിക്കൽ കൂടി അവരോട് കെഞ്ചി. പക്ഷേ അതോടു കൂടി അവരുടെ നിയന്ത്രണം വിടുകയായിരുന്നു.
“അച്ഛനോ..? ആരുടെ അച്ഛൻ..? ആരുടെ അമ്മ..? ഈ വീട്ടിൽ നിന്റെ ബന്ധുക്കൾ ആരും ജീവനോടെ ഇല്ല. ഉണ്ടായിരുന്നവരെയൊക്കെ നീ തന്നെയാണ് കൊന്നു കളഞ്ഞത്. നീയും നിന്റെ ഓരോ പ്രവർത്തികളും.
നിന്നെ എത്ര പ്രതീക്ഷയോടെ വളർത്തിക്കൊണ്ടു വന്നതാണ് ഞങ്ങൾ.. എന്നിട്ട് ഞങ്ങൾക്ക് തിരിച്ചു കിട്ടിയത് എന്താ..? എന്റെ കെട്ട് താലി വരെ പൊട്ടിച്ചു
കളഞ്ഞപ്പോൾ നിനക്ക് സമാധാനമായില്ലേ..? ഇനിയെന്ത് കാണാനാണ് നീ ഇവിടെ നിൽക്കുന്നത്..? എന്റെ ജീവനും കൂടി മുകളിലേക്ക് പോകുന്നത് കാണാനോ..?”
അവർ ദേഷ്യത്തോടെ ഓരോ വാക്ക് ചോദിക്കുമ്പോഴും അവരോടൊപ്പം അവളും കരയുന്നുണ്ടായിരുന്നു.
” അമ്മേ നിങ്ങൾ ആരും കരുതുന്നതു പോലെ അല്ല കാര്യങ്ങൾ. ഞാൻ ഒന്ന് പറഞ്ഞോട്ടെ.. ”
അവൾ കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചു.”വേണ്ടടി നീ ഒന്നും പറയണ്ട.. നിന്റെ അവിടുത്തെ ജീവിതവും കാര്യങ്ങളും ഒക്കെ ഞങ്ങൾ അറിഞ്ഞതാണ്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ആകെ ഒരേയൊരു തവണ മാത്രമാണ് നീ ഇവിടേക്ക് വന്നിട്ടുള്ളത്.
അതും കുറെയേറെ മാസങ്ങൾക്കു മുൻപ്.. ചോദിക്കുമ്പോഴൊക്കെ പ്രോജക്ട് ആണ് തിരക്കാണ് അങ്ങനെ അങ്ങനെ നിനക്ക് പറയാൻ ഒരു 100 കാരണങ്ങൾ ഉണ്ടായിരുന്നു.
ഞങ്ങൾ മന്ദബുദ്ധികൾ നീ പറയുന്നത് മുഴുവൻ വെള്ളം തൊടാതെ വിഴുങ്ങുകയും ചെയ്തു.. എന്നിട്ട് ഇപ്പോൾ എന്തായി..
തേച്ചാലും മാച്ചാലും പോകാത്ത അത്രയും വലിയ നാണക്കേട് നീ ഞങ്ങൾക്ക് തന്നില്ലേ..? ഇനി ഈ കാണുന്ന നാട്ടുകാർക്ക് മുന്നിൽ തലയുയർത്തി ജീവിക്കാൻ ഞങ്ങൾക്ക് പറ്റുമോ..?
ഇത്രയും കാലം മക്കളെ ഓർത്ത് അഭിമാനം മാത്രമായിരുന്നു ഞങ്ങൾക്കുണ്ടായിരുന്നത്. ആ മക്കൾ തന്നെയാണ് ഞങ്ങളുടെ ജീവനെടുക്കുന്നത്.”
സങ്കടത്തോടെ ആ അമ്മ പറഞ്ഞു കൊണ്ട് അലറി കരഞ്ഞു. അവർ പറയുന്ന ഓരോ വാക്കും തന്റെ നെഞ്ചം തകർക്കുന്നത് അവൾ അറിയുന്നുണ്ടായിരുന്നു.
” ഇപ്പോൾ ഞാൻ അമ്മയോട് എന്തൊക്കെ പറഞ്ഞിട്ടും ഒരു കാര്യവുമില്ല എന്ന് എനിക്കറിയാം. ഞാൻ അച്ഛനെ ഒന്ന് കണ്ടു പൊയ്ക്കോട്ടെ.. ഇനിയൊരിക്കലും ഞാൻ ഇവിടേക്ക് മടങ്ങി വരാതിരിക്കാം.
പക്ഷേ എന്റെ അച്ഛനെ അവസാനമായിട്ട് എനിക്കൊന്നു കാണണം. അല്ലെങ്കിൽ അതിന്റെ പശ്ചാത്താപവും പേറി ഈ ജന്മം മുഴുവൻ ഞാൻ വേദനിക്കും.. ”
അവൾ സങ്കടത്തോടെ പറഞ്ഞിട്ടും അവരുടെ മനസ്സലിഞ്ഞില്ല. പക്ഷേ നാട്ടുകാരിൽ ചിലർക്കൊക്കെ അവളോട് സഹതാപം തോന്നാൻ തുടങ്ങിയിരുന്നു.
” എത്രയൊക്കെ ആണെങ്കിലും സ്വന്തം മകൾ അല്ലേ.. ആ കുട്ടി അവസാനമായി അച്ഛനെ ഒന്ന് കണ്ടു പൊയ്ക്കോട്ടെ.. തടയണ്ട.. ”
പലരും അഭിപ്രായപ്പെട്ടു. അത് കേട്ടപ്പോൾ മാളുവിന് ഇത്തിരി ഒക്കെ ധൈര്യം തോന്നി. തന്നോട് ഒപ്പം നിൽക്കാനും ആരെങ്കിലുമൊക്കെ ഉണ്ടാകും എന്ന ഒരു പ്രതീക്ഷ.
” എന്തൊക്കെ സംഭവിച്ചാലും ഇവൾ എന്റെ വീടിന്റെ പടി ചവിട്ടരുത്. ഇവിടെ ഇവൾക്ക് ബന്ധുക്കളായി ആരും അവശേഷിക്കുന്നില്ല.
അവിടെ മരിച്ചു കിടക്കുന്നത് എന്റെ ഭർത്താവാണ്. അയാളും ഇവളുമായി ഒരു ബന്ധവുമില്ല. ഇവൾക്ക് വേണ്ടി വക്കാലത്തുമായി ആരും എന്നോട് സംസാരിക്കുകയും വേണ്ട..”
അവരുടെ വാശി ഒരിക്കലും മാറില്ല എന്ന് കണ്ടതോടെ കണ്ണീരോടെ അവൾ തിരിഞ്ഞു നടന്നു.
കിട്ടിയ വണ്ടിയിൽ താമസസ്ഥലത്തേക്ക് സഞ്ചരിക്കുമ്പോൾ അവൾ ചിന്തിച്ചതും മുഴുവൻ തന്റെ കുടുംബത്തെക്കുറിച്ച് മാത്രമായിരുന്നു.
അന്യ നാട്ടിൽ പഠിക്കാൻ പോയ മകൾ ഒരു കുഞ്ഞിനെയും കൊണ്ട് വീട്ടിലേക്ക് തിരികെ വരുമ്പോൾ ഏതൊരു മാതാപിതാക്കളും ഇങ്ങനെയൊക്കെ തന്നെയാവും പ്രതികരിക്കുക.
മറ്റൊരു നാട്ടിൽ പോയി മകൾ പിഴച്ചു പോയി എന്ന് അവർ കരുതിയിട്ടുണ്ടാകും. അതിൽ ഒരിക്കലും തെറ്റു പറയാൻ പറ്റില്ല.
കോളേജിൽ ഒപ്പം പഠിക്കുന്ന പെൺകുട്ടിയാണ് സൗമ്യ. അവൾക്ക് കോളേജിൽ ചേർന്ന സമയത്ത് തന്നെ ഒരു ബോയ്ഫ്രണ്ട് ഉണ്ടായിരുന്നു. ഇടയ്ക്കൊക്കെ അവനും അവളും കൂടി കറങ്ങാൻ പോകുന്നതൊക്കെ കാണാറുണ്ട്.
പക്ഷേ ചിലപ്പോൾ അവർ തമ്മിൽ പിണങ്ങി അവൾ റൂമിലിരുന്ന് വല്ലാതെ സങ്കടപ്പെടുന്നതും കരയുന്നതും ഒക്കെ കാണാം. കുറച്ചു നിമിഷങ്ങൾക്കകം അവൻ വിളിക്കുമ്പോൾ പഞ്ചാര വാക്കുമായി അവൾ സംസാരിക്കുന്നുണ്ടാകും.
പക്ഷേ ഒരിക്കൽ അവർ തമ്മിൽ പിണങ്ങി. പിന്നീട് ഒരിക്കലും അവൻ അവളെ വിളിച്ചില്ല. അതോടെ അവൾക്ക് വല്ലാത്ത നിരാശയും ദേഷ്യവും ഒക്കെയായി.
ഒരു ദിവസം അവൾ ക്ലാസിൽ തലകറങ്ങി വീണു. അവളുടെ റൂമേറ്റ് എന്നുള്ള നിലയ്ക്ക് താനായിരുന്നു അവളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ വച്ചാണ് ഒരു ഞെട്ടിക്കുന്ന വാർത്ത ഞങ്ങൾ കേട്ടത്.അവൾ ക്യാരിയിങ് ആയിരുന്നു.
കുഞ്ഞിനെ അബോഷൻ ചെയ്യാൻ തീരുമാനിച്ചെങ്കിലും അവളുടെ ആരോഗ്യസ്ഥിതി അനുസരിച്ച് അത് നടക്കില്ല എന്ന് കണ്ടതോടെ അവൾക്ക് ദേഷ്യവും വാശിയും ഒക്കെയായി.
അവനെ കോൺടാക്ട് ചെയ്യാൻ ശ്രമിച്ചെങ്കിലും ഒരുതരത്തിലും അവനിലേക്ക് അടുക്കാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല.
ഒടുവിൽ അന്വേഷിച്ചു ചെന്നപ്പോൾ അവന്റെ വിവാഹമാണ് എന്നറിയാൻ കഴിഞ്ഞു. അതോടെ അവൾ പൂർണ്ണമായും തകർന്നു പോയി.
കുഞ്ഞിനെ അബോഷൻ ചെയ്യാൻ കൂടി കഴിയാതെ വന്നതോടെ എങ്ങനെയെങ്കിലും അത് വയറ്റിൽ കിടന്ന് നശിച്ചു പോകട്ടെ എന്ന് മാത്രമാണ് അവൾ ചിന്തിച്ചത്.
അതിനു വേണ്ടി ആഹാരം കഴിക്കാതെ ദിവസങ്ങളോളം അവൾ പട്ടിണി കിടന്നു. പക്ഷേ അതൊക്കെ അവളുടെ ആരോഗ്യത്തെ ബാധിച്ചു തുടങ്ങിയപ്പോൾ പതിയെ പതിയെ അവൾ പ്രതിഷേധം അവസാനിപ്പിച്ചു.
കുഞ്ഞിനെ ഗർഭം ധരിച്ചതൊന്നും വീട്ടിൽ ആരും അറിഞ്ഞിരുന്നില്ല. അവളെ സംരക്ഷിക്കേണ്ട ബാധ്യത തനിക്ക് ഉള്ളതുകൊണ്ട് തന്റെ വീട്ടിലേക്ക് പോകാനും തനിക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് കഴിഞ്ഞ ഒരു വർഷമായി താൻ വീട്ടിലേക്ക് വരാതിരുന്നത്.
പ്രസവം കഴിഞ്ഞ ഉടനെ അവൾ അവളുടെ വീട്ടിലേക്ക് മടങ്ങി പോകാൻ തീരുമാനിച്ചു.
പക്ഷേ കുട്ടിയെ കൂടെ കൊണ്ടുപോകാൻ കഴിയില്ലെന്നും ആശുപത്രിയിൽ ഉപേക്ഷിക്കുകയാണ് എന്നും പറഞ്ഞപ്പോൾ തനിക്ക് വല്ലാതെ നൊന്തു. എത്രയൊക്കെ ആണെങ്കിലും അതൊരു മനുഷ്യജീവൻ അല്ലേ…!
തന്റെ അച്ഛനും അമ്മയ്ക്കും തന്നെ മനസ്സിലാക്കാൻ കഴിയും. കുഞ്ഞിനെ ഏറ്റെടുക്കാം എന്നുള്ള തീരുമാനമെടുത്തത് അങ്ങനെയൊരു ചിന്തയിൽ നിന്നായിരുന്നു.
പക്ഷേ താൻ വീട്ടിലെത്തി കാര്യങ്ങൾ പറയുന്നതിന് മുൻപ് തന്നെ ആശുപത്രിയിൽ വച്ച് ആരോ തന്നെയും കുഞ്ഞിനെയും ഒന്നിച്ച് കണ്ടിട്ട് ഞാൻ പ്രസവിച്ചതാണ് എന്നൊരു വാർത്ത വീട്ടിലെത്തിച്ചു.
കുറേക്കാലമായുള്ള തന്റെ പെരുമാറ്റത്തിലെ മാറ്റവും കുഞ്ഞിന്റെ ജനനവും ഒക്കെ കൂടി വീട്ടുകാർക്കും സംശയമായി.
ആ സംശയത്തിന്റെ പേരിലാണ് അച്ഛൻ ഒരു മുഴം കയറിൽ തന്റെ ജീവൻ അവസാനിപ്പിച്ചത്. അമ്മയ്ക്ക് താനൊരു ശത്രുവായി മാറിയത്.
കുഞ്ഞിന് ഇപ്പോൾ രണ്ടുമാസത്തോളം പ്രായം ഉണ്ട്. ഈ പ്രായത്തിലുള്ള കുഞ്ഞിനെ എങ്ങനെ വളർത്തും എന്ന് നോക്കുമെന്ന് ഒന്നും തനിക്കറിയില്ല. എന്തൊക്കെ വന്നാലും ഇതിനെ കൊന്നു കളയാൻ മാത്രം താൻ തയ്യാറല്ല.
എന്നെങ്കിലും ഒരിക്കൽ തന്റെ ഭാഗത്ത് ശരിയുണ്ടായിരുന്നു എന്ന് വീട്ടുകാർ മനസ്സിലാക്കും. അത്രയും കാലം അവർക്ക് വേണ്ടി ഞാൻ കാത്തിരിക്കും…!!കുഞ്ഞിനെ ഒരിക്കൽ കൂടി മാറോട് അടക്കിപ്പിടിച്ചുകൊണ്ട് അവൾ ചിന്തിച്ചു.