(രചന: ശ്രേയ)
” പ്രസവിക്കാൻ കഴിവുള്ളവരെ മാത്രമാണ് പെണ്ണായി കണക്കാക്കാൻ പറ്റൂ. അല്ലാത്തതൊക്കെ പെണ്ണിന്റെ രൂപമുള്ള ഏതോ മനുഷ്യജന്മം എന്ന് ചിന്തിക്കാൻ മാത്രമേ പറ്റൂ..
ഇവിടെ കല്യാണം കഴിഞ്ഞ് ഒരുത്തി കയറി വന്നിട്ട് വർഷം അഞ്ചു കഴിഞ്ഞു. ഇതുവരെ കുഞ്ഞുങ്ങൾ ഒന്നും ഇല്ല എന്നുള്ളത് പോട്ടെ.
എന്തെങ്കിലും ഒരു ചികിത്സ ചെയ്ത് അതിന് പരിഹാരം കണ്ടുപിടിക്കണം എന്നൊരു തോന്നൽ എങ്കിലും അവൾക്കുണ്ടോ..?”
രാവിലെ തന്നെ അമ്മായിയമ്മ ഒരു വഴക്കിനുള്ള തയ്യാറെടുപ്പിലാണ് എന്ന് കണ്ടപ്പോൾ അവൾക്ക് തല പെരുക്കുന്നുണ്ടായിരുന്നു.
ഇപ്പോൾ മിക്കവാറും എല്ലാ ദിവസങ്ങളിലും ഇങ്ങനെ ഒരു ബഹളത്തോടെയാണ് ദിവസം ആരംഭിക്കുന്നത് തന്നെ.
അങ്ങോട്ട് ഒന്നും പറയാൻ പോയില്ല എങ്കിൽ പോലും,ഇങ്ങോട്ട് പറയുന്നതിൽ അമ്മായിയമ്മ ഒരു കുറവും വരുത്താറില്ല..!” രാജി.. ”
അവളുടെ മുഖം വാടിയിരിക്കുന്നത് കണ്ടിട്ടാവണം ഭർത്താവ് സ്നേഹത്തോടെ അവളെ വിളിച്ചത്. അത് കേട്ടപ്പോൾ ഒന്ന് ഞെട്ടിയെങ്കിൽ പോലും അത് പുറത്തു കാണിക്കാതെ അവൾ തിരിഞ്ഞു നോക്കി.
“എല്ലാ ദിവസവും ഇവിടെ ഇതൊക്കെ പതിവുള്ളതല്ലേ..? പിന്നെ താൻ എന്തിനാടോ ഇങ്ങനെ വിഷമിക്കുന്നത്..?”
അവളെ ചേർത്തു പിടിച്ചു കൊണ്ട് ഭർത്താവ് ചോദിച്ചപ്പോൾ അവൾക്ക് ആശ്വാസം തോന്നി. തന്നെ മനസ്സിലാക്കാനും സ്നേഹിക്കാനും ഈ
വീട്ടിൽ ഒരാളെങ്കിലും ഉണ്ടല്ലോ എന്നൊരു ചിന്തയായിരുന്നു ആ നിമിഷം അവളിൽ ഉണ്ടായിരുന്നത്.
” എന്തൊക്കെ പറഞ്ഞാലും എല്ലാ ദിവസവും ഇത് തന്നെ കേട്ടു കൊണ്ട് ഉറക്കത്തിൽ നിന്ന് ഉണരുകയും ഉറങ്ങുകയും ചെയ്യുന്ന എന്റെ അവസ്ഥ ഏട്ടനും മനസ്സിലാവില്ല.
മച്ചി എന്ന് വിളിപ്പേര് നല്ല സുഖമുള്ള പേരൊന്നുമല്ലല്ലോ.. എല്ലായിപ്പോഴും എന്റെ കുറവിനെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ഒരു വിളിയാണ് അത്. എത്രയെന്ന് വെച്ചാണ് ഞാൻ ആസ്വദിക്കുന്നത്..? ”
സങ്കടം കൊണ്ടാകണം അവളുടെ ശബ്ദം ഇടറാൻ തുടങ്ങിയിരുന്നു. അത് മനസ്സിലാക്കിയപ്പോൾ അവന്റെ നെഞ്ചിലും ഒരു വേദന തോന്നി.
” അമ്മയുടെ സ്വഭാവം ഞാൻ പറഞ്ഞു തന്നിട്ട് വേണ്ടല്ലോ..! നിന്നോട് ഇഷ്ടക്കേട് ഉള്ളതു കൊണ്ടല്ല ഇങ്ങനെയൊന്നും പറയുന്നത്.. ”
അവൻ പറഞ്ഞു തുടങ്ങിയപ്പോൾ അവൾ പുഞ്ചിരി അവന് സമ്മാനിച്ചു.” ഏട്ടൻ വെറുതെ അമ്മയ്ക്കും ഭാര്യയ്ക്കും ഇടയിൽ കിടന്ന് കഷ്ടപ്പെടേണ്ട. എന്റെ സങ്കടങ്ങളും വിഷമങ്ങളും ഒക്കെ ഞാൻ മനസ്സിൽ തന്നെ സൂക്ഷിക്കാം.”
അവൾ പറഞ്ഞപ്പോൾ അവൻ വെറുതെ ഒന്ന് ചിരിച്ചു.അവൾ തന്റെ പണികളിലേക്ക് കടന്നപ്പോൾ അവൻ അവളെ കുറിച്ച് ഓർക്കുകയായിരുന്നു.
ബ്രോക്കർ വഴി വന്ന ആലോചനയായിരുന്നു രാജിയുടേത്. ഏതോ ഒരു ആശുപത്രിയിലെ റിസപ്ഷനിസ്റ്റ് ആയി ജോലി ചെയ്യുകയായിരുന്നു ആ സമയത്ത് അവൾ.
പെണ്ണുകാണാൻ ചെന്നപ്പോൾ അവളെ അമ്മയ്ക്ക് ഉൾപ്പെടെ എല്ലാവർക്കും ഇഷ്ടപ്പെടുകയും ചെയ്തു. ആരെയും ആകർഷിക്കാൻ പോന്ന ഒരു സൗന്ദര്യത്തിനും സ്വഭാവത്തിനും ഉടമയായിരുന്നു രാജി.
വിവാഹം കഴിഞ്ഞ് വന്നു കയറിയ സമയത്തൊക്കെ അമ്മ അവൾക്ക് ഏറെ പ്രിയപ്പെട്ട ആളായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്. പക്ഷേ അമ്മയ്ക്ക് അവളോടുള്ള ആറ്റിറ്റ്യൂഡിൽ വ്യത്യാസം വന്നു.
വന്നു കയറിയ സമയത്ത് അമ്മ അവളെ കുറിച്ച് പറഞ്ഞ ഒരു വാചകം ഉണ്ട്.” ഈ വീട്ടിലെ മഹാലക്ഷ്മിയാണ് ഇവൾ. എന്റെ സ്വന്തം മകളെ പോലെ ഞാൻ ഇവളെ നോക്കും. ”
വിവാഹം കഴിഞ്ഞ് ഒരു വർഷം വരെ അവൾ മഹാലക്ഷ്മി തന്നെയായിരുന്നു. പക്ഷേ അതിനു ശേഷം പതിയെ പതിയെ ലക്ഷ്മിയായും അതിനു ശേഷം മൂദേവി ആയും അവൾക്ക് സ്ഥാനം മാറ്റം കിട്ടി.
ഒരു കുഞ്ഞിനെ തരാൻ കഴിവില്ലാത്ത അവളെ മച്ചി എന്ന പേര് വിളിച്ച് അമ്മ പലപ്പോഴും അപമാനിക്കുന്നത് കേട്ടിട്ടുണ്ട്. പലപ്പോഴും അമ്മയെ എതിർത്ത് സംസാരിക്കാൻ കഴിയാതെ നിസ്സഹായനായി നിൽക്കുകയാണ് എന്റെ രീതി.
അപ്പോഴൊക്കെ എന്നെ മനസ്സിലാക്കുന്നത് അവൾ മാത്രമായിരുന്നു. ശരിക്കും പറഞ്ഞാൽ അമ്മയ്ക്കും ഭാര്യയ്ക്കും ഇടയിൽ പെട്ടുപോകുന്ന ചെറുപ്പക്കാരുടെ ഒരു പ്രതിനിധിയാണ് ഞാൻ എന്ന് വേണമെങ്കിൽ പറയാം.
എങ്കിലും എന്നെ മനസ്സിലാക്കി ഒരിക്കലും അവൾ അമ്മയോട് യുദ്ധം ചെയ്യാൻ എന്നോട് പറഞ്ഞിട്ടില്ല. എന്റെ ഏത് ആപത്തിലും എന്നോടൊപ്പം നിൽക്കുന്നത് അവളാണ്.
അമ്മ പറയുന്നതു പോലെ ആശുപത്രിയിൽ പോകാൻ ഇതുവരെ അവൾ വിമുഖത കാട്ടിയിട്ടില്ല.
വിവാഹം കഴിഞ്ഞ് ഒന്നരവർഷം കഴിഞ്ഞപ്പോൾ തന്നെ അവളെയും കൊണ്ട് ആശുപത്രിയിൽ പോയതാണ്. അന്ന് ഒരുപാട് ടെസ്റ്റുകൾ ഞങ്ങൾക്ക് രണ്ടുപേർക്കും ചെയ്തിരുന്നു.
ടെസ്റ്റ് റിസൾട്ട്കൾ കിട്ടിയപ്പോൾ രണ്ടുപേർക്കും പ്രത്യേകിച്ച് പ്രശ്നമൊന്നും ഇല്ല എന്നും,കുറച്ചുകാലത്തെ കാത്തിരിപ്പിനു ശേഷം ഒരു കുഞ്ഞ് ഞങ്ങൾക്കിടയിലേക്ക് വരാമെന്നും ഡോക്ടർ ഞങ്ങളോട് പറഞ്ഞതാണ്.
അന്നു മുതൽ പല വൈറ്റമിൻ ടാബ്ലറ്റുകളും ഞങ്ങൾ രണ്ടാളും കഴിക്കുന്നുമുണ്ട്. എന്നെങ്കിലും ഒരിക്കൽ ഞങ്ങളുടെ പ്രാർത്ഥനകൾക്കും നേർച്ചകൾക്കും ഒരു ഫലം ഉണ്ടാകും എന്നൊരു പ്രതീക്ഷ മാത്രമാണ് ഇപ്പോൾ ജീവിതം.
ഒരു ദിവസം ഓഫീസിൽ നിന്ന് മടങ്ങി വരുമ്പോൾ ആണ് അമ്മ ആരോടോ സംസാരിക്കുന്നത് അവൻ ശ്രദ്ധിക്കുന്നത്.
“പറഞ്ഞു പറഞ്ഞു ഞാൻ മടുത്തു.ആരോട് എന്ത് പറഞ്ഞിട്ട് എന്താണ് കാര്യം..? എനിക്ക് ആകെ ഒരേയൊരു മകൻ ആണുള്ളത്. അവന്റെ തലമുറ നിലനിർത്താൻ ആരെങ്കിലും വേണ്ടേ..? അത് പറഞ്ഞാൽ ആർക്കു മനസ്സിലാകാനാണ്..?
അവനോട് അവളെ ഉപേക്ഷിച്ച് മറ്റ് ആരെയെങ്കിലും വിവാഹം ചെയ്യാൻ പറഞ്ഞാൽ ഞാൻ എന്തോ മഹാ അപരാധം പറഞ്ഞതു പോലെയാണ് അവന്റെ ഭാവം. അവനു വേണ്ടിയാണ് ഞാൻ ഇത് പറയുന്നത് എന്നൊരു ചിന്ത എന്നും അവനില്ല.”
അമ്മ പറഞ്ഞ ആ വാചകം അവനെ വല്ലാതെ സ്വാധീനിച്ചു.ശരിയാണ്.. അമ്മയ്ക്കും അച്ഛനും താൻ ഒരേയൊരു മകനാണ്..! അവരുടെ തലമുറ… അത് തന്നിലൂടെ അവസാനിക്കുകയാണ്…!
ആ ചിന്ത അവനെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങി.. അന്ന് മുതൽ അവളോടുള്ള അവന്റെ ആറ്റിട്യൂട് മാറി തുടങ്ങി. സങ്കടങ്ങൾ അധികരിക്കുമ്പോൾ അവന്റെ നെഞ്ചിൽ അഭയം തേടിയിരുന്ന പെണ്ണിനെ അവൻ ഒഴിവാക്കി തുടങ്ങി.
അവളുടെ കാര്യങ്ങളിൽ ഒന്നും ശ്രദ്ധ കൊടുക്കുന്നില്ല എന്ന് കണ്ടപ്പോൾ അമ്മ തന്നെയാണ് അവളെ കൂടുതൽ വേദനിപ്പിക്കാൻ തുടങ്ങിയത്.
എന്നിട്ടും എനിക്ക് അതിൽ യാതൊരു പരാതിയും പരിഭവവും ഇല്ല എന്ന് മനസ്സിലാക്കിയതോടെ അമ്മ തന്റെ നിലപാടുകൾ കൂടുതൽ കടുപ്പിക്കാൻ തുടങ്ങി.
” ഏട്ടാ.. എനിക്കൊരു കാര്യം പറയാനുണ്ട്.. നമ്മുടെ ജീവിതം ഇങ്ങനെ എത്ര കാലം മുന്നോട്ടു പോകാനാണ്…? ഇതിപ്പോൾ ഏട്ടനും ഞാനൊരു ഭാരം ആയതു പോലെയാണ് എനിക്ക് തോന്നുന്നത്.. അതുകൊണ്ട് നമുക്ക് പിരിയാം.. ”
ഉള്ളിലുള്ള സങ്കടം മുഴുവൻ അടക്കിവെച്ചു കൊണ്ട് മുഖത്തു നോക്കി അവൾ പറഞ്ഞപ്പോൾ, സന്തോഷമാണ് തോന്നിയത്. എന്നെക്കൊണ്ട് അത് പറയിച്ചില്ലല്ലോ എന്നൊരു ആശ്വാസം..!
പിറ്റേന്ന് തന്നെ ഒരു വക്കീലിനെ കണ്ടു ഡിവോഴ്സിനു ഉള്ള കാര്യങ്ങൾ എല്ലാം ശരിയാക്കിയപ്പോൾ, ഒരു ഭാരം ഒഴിഞ്ഞു പോയതു പോലെയുള്ള പ്രതീതി തന്നെയായിരുന്നു എനിക്കുണ്ടായത്.
അധികം വൈകാതെ ഡിവോഴ്സ് നേടിയെടുത്തപ്പോഴും കണ്ണീരോടെ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ പെണ്ണിനെ ഓർത്തില്ല.
അമ്മയുടെ നിർബന്ധപ്രകാരം അധികം താമസമില്ലാതെ തന്നെ മറ്റൊരു വിവാഹം നടന്നു. പക്ഷേ ആ ബന്ധത്തിലും കുട്ടികൾ ഉണ്ടാകാതെ ഇരുന്നപ്പോൾ മാത്രമാണ് സംശയങ്ങൾ തോന്നിത്തുടങ്ങിയത്.
ഭാര്യയുമൊത്ത് ഡോക്ടർമാരെ കാണാനായി കയറി ഇറങ്ങുമ്പോൾ പതിയെ പതിയെ അവൾക്കും മടുപ്പ് വന്നു തുടങ്ങിയിരുന്നു.
അവസാനം നടത്തിയ ടെസ്റ്റുകളിൽ നിന്ന് ഒരു കാര്യം മാത്രം ബോധ്യപ്പെട്ടു… ഭാര്യയ്ക്ക് എന്തൊക്കെയോ പ്രശ്നങ്ങൾ ഉള്ളതുകൊണ്ട് കുട്ടികൾ ഉണ്ടാവില്ല എന്ന്.
ആ വാർത്ത കേട്ടപ്പോൾ ഷോക്ക് തന്നെയായിരുന്നു.ആശുപത്രികളിൽ നിന്നും യാതൊരു ആശ്വാസവും ലഭിക്കാതെ ആയതോടെ അമ്പലങ്ങളെ കൂട്ടുപിടിച്ചു.
കുടുംബസമേതം ഒരിക്കൽ ഒരു ക്ഷേത്രദർശനം നടത്തുമ്പോഴാണ് എതിരെ വരുന്ന രാജിയെ കണ്ടത്. അവളുടെ കയ്യിൽ തീരെ ചെറിയ ഒരു കുഞ്ഞുമുണ്ടായിരുന്നു.
കണ്ടപ്പോൾ യാതൊരുവിധ പരിഭവവും കാണിക്കാതെ അവൾ അടുത്തേക്ക് വന്നു.
” ഇതാണല്ലേ ഏട്ടന്റെ പുതിയ ഭാര്യ..? കണ്ടതിൽ സന്തോഷം.. ഇനി ഒരു വിവാഹജീവിതം എനിക്ക് ഉണ്ടാവില്ല എന്ന് ഉറപ്പിച്ചിട്ടാണ് ഞാൻ നിങ്ങളുടെ ജീവിതത്തിൽ നിന്ന് പടിയിറങ്ങിയത്.
പക്ഷേ എനിക്ക് ഒരുപാട് സന്തോഷങ്ങൾ തരാൻ ഇനിയും ദൈവത്തിന് അവസരം ഉണ്ടായിരുന്നു എന്ന് തോന്നി. അതുകൊണ്ടാണ് ഇദ്ദേഹം എന്റെ
ജീവിതത്തിലേക്ക് കടന്നു വന്നത്. അതിന് പിന്നാലെ ഞങ്ങളുടെ ഉണ്ണിക്കുട്ടനും.. ഇന്ന് ഇവന്റെ ചോറൂണ് ആയിരുന്നു.. ”
ഭർത്താവിനെയും മകനെയും പരിചയപ്പെടുത്തിത്തന്നു അവൾ മുന്നിൽ നിന്ന് പോയി കഴിഞ്ഞപ്പോൾ എന്തുകൊണ്ടെന്നറിയാതെ ഒരു കുറ്റബോധം തോന്നി.
” തങ്കം പോലെയുള്ള ഒരു പെങ്കൊച്ച് ആയിരുന്നു.. അതിനോട് പറഞ്ഞതും ചെയ്തതും ഒക്കെ തെറ്റായിരുന്നു.. അതിനോട് ചെയ്തതിന്റെ ശിക്ഷയായിരിക്കും ഇപ്പോൾ നമ്മൾ അനുഭവിക്കുന്നത്.. ”
നെടുവീർപ്പോടെ പറഞ്ഞു കൊണ്ട് അമ്മ നടന്നകലുമ്പോൾ,എന്റെയും ചിന്ത അതുതന്നെയായിരുന്നു..!!