നിനക്കൊക്കെ എന്ത് സുഖജീവിതം ആണല്ലേ..? രാവിലെ മുതൽ വൈകുന്നേരം വരെ വീടിനകത്ത് തന്നെ.. പൊടിയും വെയിലും കൊണ്ട്

(രചന: ശ്രേയ)

“നിനക്കൊക്കെ എന്ത് സുഖജീവിതം ആണല്ലേ..? രാവിലെ മുതൽ വൈകുന്നേരം വരെ വീടിനകത്ത് തന്നെ.. പൊടിയും വെയിലും കൊണ്ട് പുറത്തുപോയി ജോലി ചെയ്ത് കഷ്ടപ്പെട്ട് കയറി വരുന്ന എന്റെയൊക്കെ അവസ്ഥ പറഞ്ഞാൽ നിനക്ക് മനസ്സിലാകുമോ..?”

ഭർത്താവ് ചോദിക്കുന്നത് കേട്ട് അവൾ ചുണ്ടിൽ ഒരു ചിരി വരുത്തി.”ഇത്രയും സുഖസൗകര്യങ്ങളിൽ ജീവിച്ചിട്ടും, ഞാൻ വരുന്ന സമയത്ത് എനിക്ക് ഒരു ഗ്ലാസ് ചായ എടുത്തു തരാനോ എന്റെ കാര്യങ്ങൾ നോക്കാനോ നിനക്ക് നേരമില്ല. നിനക്ക് നിന്റെ കാര്യങ്ങളാണ് വലുത്..”

അയാൾ വീണ്ടും തന്നെ പറയുമ്പോൾ ഇനിയും കഴുകാൻ ബാക്കി കിടക്കുന്ന പാത്രങ്ങളിലേക്ക് അവളുടെ നോട്ടം ചെന്നെത്തി.

എങ്കിലും അയാളെ എതിർത്ത് ഒരു വാക്കുപോലും പറയാതെ അയാൾക്കുള്ള ചായ റെഡിയാക്കി മുന്നിൽ കൊണ്ടുവന്നു കൊടുത്തു.

കുടിച്ചു കഴിയുമ്പോൾ ചായ നന്നായിട്ടുണ്ട് എന്നൊരു നല്ല വാക്കും അയാൾ പറയും എന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല.

കാരണം കഴിഞ്ഞ 10 15 വർഷങ്ങളായി അയാൾക്ക് അത് ശീലമില്ല. അങ്ങനെ ഒരു വാചകം അയാൾ പറഞ്ഞതായിട്ട് അവളുടെ ഓർമ്മയിൽ പോലും ഇല്ല.” അമ്മേ എനിക്ക് ഹോം വർക്ക് ഉണ്ട്..”

മകൻ മുറിയിൽ നിന്ന് വിളിക്കുന്നത് കേൾക്കാനുണ്ട്. പക്ഷേ രാത്രി അയാൾക്ക് ചപ്പാത്തി വേണം. അത് റെഡിയാക്കി കൊടുത്തില്ലെങ്കിൽ പിന്നെ അതിനായിരിക്കും അടുത്ത ബഹളം.

വേഗത്തിൽ പണികൾ ഓരോന്നായി തീർക്കുമ്പോഴും അവൾക്ക് ഒരു നിമിഷം പോലും ഇരിക്കാനുള്ള സമയം കിട്ടിയിട്ടില്ല.

അതിനെക്കുറിച്ച് ആരോടെങ്കിലും പരാതി പറഞ്ഞാൽ അതിന് അവർക്ക് കൃത്യമായ മറുപടി ഉണ്ടാകും.

“വീട്ടിൽ വെറുതെ ഇരിക്കുന്ന നിനക്ക് പകൽ സമയങ്ങളിൽ കിടന്നുറങ്ങുകയോ റസ്റ്റ് എടുക്കുകയോ എന്താണെന്നു വെച്ചാൽ ആകാമല്ലോ.ഞങ്ങളൊക്കെ വീട്ടിലുള്ള സമയത്ത് മാത്രമാണല്ലോ നിനക്ക് പണിയുള്ളത്..?”

ഭർത്താവ് അങ്ങനെ ചോദിക്കുമ്പോൾ അവൾ ഓർക്കുന്നത് മുഴുവൻ അയാൾ പോകുന്നതിനു മുൻപ് പറഞ്ഞിട്ട് പോകുന്ന പണികളെ കുറിച്ചാണ്.

മക്കൾക്ക് സ്കൂളിൽ ഒരു പിടിഎ വന്നാൽ താൻ പോകണം. കറണ്ട് ബില്ല് അടയ്ക്കാനും വാട്ടർ ബിൽ അടക്കാനും വീട്ടിലെ എന്ത് ആവശ്യങ്ങൾക്കും താൻ തന്നെ വേണം പോകാൻ. കാരണം താൻ വീട്ടിൽ വെറുതെ ഇരിക്കുകയാണല്ലോ..!

ഇതൊന്നും പോരാഞ്ഞിട്ട് ഓരോ ദിവസവും ഓരോ സ്പെഷ്യൽ ഡിഷ് വേണം. തനിക്ക് വെറുതെ ഒരു എന്റർടൈൻമെന്റ് ഉണ്ടാകട്ടെ എന്ന് കരുതിയിട്ടാണത്രേ..!

ചായക്ക് സ്പെഷ്യൽ ഉണ്ടാക്കുന്നത് പോരാഞ്ഞിട്ട് വൈകിട്ടതേക്ക് ഓരോ ദിവസവും ഓരോ മെനുവാണ്. അതും അയാൾ എത്തിക്കഴിഞ്ഞതിനു ശേഷമേ ആ മെനുവിനെ കുറിച്ച് അയാൾ പറയാറുള്ളൂ.

രാവിലെ അയാൾ ഏൽപ്പിച്ചിട്ട് പോകുന്ന ജോലികൾ ഒക്കെ ചെയ്തു തീരുമ്പോഴേക്കും വൈകുന്നേരം ആകും. ഒന്ന് റസ്റ്റ് എടുക്കാനുള്ള സമയം പോലും തനിക്ക് കിട്ടാറില്ല എന്ന് അവൾക്ക് മാത്രമേ അറിയൂ.

ആഹാരം പോലും കൃത്യമായ സമയങ്ങളിൽ കഴിച്ചു തീർക്കാൻ തനിക്ക് കഴിയാറില്ല. കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആയിരിക്കും മറ്റെന്തെങ്കിലും ജോലിയെക്കുറിച്ച് ഓർമ്മ വരിക. അതോടെ ബാക്കിയുള്ള പണി അവിടെ ഇട്ടിട്ട് അതിന് പിന്നാലെ പോകും..!

“എടുക്കാനുള്ള സമയമായി..”ആരോ പറയുന്നത് കേട്ടപ്പോൾ അയാൾ ഞെട്ടലോടെ ഓർമ്മകളിൽ നിന്നുണർന്നു.

അവൾ വെള്ള പുതച്ചു കിടക്കുകയാണ്. മക്കൾ അടുത്തിരുന്ന് വിളിക്കുന്നത് കരച്ചിലും ഒന്നും അവൾ കേൾക്കുന്നില്ല.

സാധാരണ കുട്ടികൾ കരഞ്ഞാൽ അവൾക്ക് ദേഷ്യം വരുന്നതാണ്.അവരെ കരയിക്കാൻ അവൾ ഒരിക്കലും ശ്രമിച്ചിട്ടില്ല.

അവരുടെ ആവശ്യങ്ങൾ എന്താണെങ്കിലും അത് സാധിച്ചു കൊടുക്കാൻ മാത്രമേ അവൾ ശ്രമിച്ചിട്ടുള്ളൂ..!

മരണാനന്തര ചടങ്ങുകൾ കഴിഞ്ഞ് ബന്ധുക്കൾ ഓരോരുത്തരായി പടിയിറങ്ങി തുടങ്ങി. വീടിന്റെ താളം തിരികെ പിടിക്കാൻ അയാൾക്കിണഞ്ഞു പരിശ്രമിച്ചിട്ടും ഒരിക്കൽ പോലും അയാൾക്ക് അതിന് കഴിഞ്ഞില്ല.

ഒരു വൈകുന്നേരം കുട്ടികൾക്ക് നൂഡിൽസ് ഉണ്ടാക്കി കൊടുത്തപ്പോൾ ഇളയ മകൻ അതിനെ തട്ടിത്തെറിപ്പിച്ചു.

” അമ്മ ഇങ്ങനെ അല്ല ഉണ്ടാക്കി തരുന്നത്.അമ്മ ഉണ്ടാക്കി തരുന്നത് പോലെ എനിക്ക് ഉണ്ടാക്കി തന്നാൽ മതി.. ”

അവൻ വാശിപിടിക്കുന്നത് കേട്ടപ്പോൾ അയാൾക്ക് ദേഷ്യം വന്നു. ആ ദേഷ്യത്തിൽ അവനെ തല്ലാൻ കൈ ഉയർത്തുക കൂടി ചെയ്തു.

” എനിക്കിപ്പോൾ എന്റെ അമ്മയെ കാണണം.. എന്റെ അമ്മയെ എനിക്ക് കണ്ടേ പറ്റൂ.. ”

അവൻ വാശിപിടിച്ചു കരയാൻ തുടങ്ങിയപ്പോൾ അയാൾക്ക് സങ്കടം വന്നു.

ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ അവളുടെ സാമീപ്യം അയാളും കൊതിക്കാൻ തുടങ്ങിയിരുന്നു..

കുഞ്ഞിനെ എങ്ങനെയൊക്കെയോ സമാധാനിപ്പിച്ചു മുറിയിൽ കൊണ്ടുപോയി കിടത്തിയതിനുശേഷം ആണ് വീട്ടിൽ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയെ കുറിച്ച് അയാൾ ചിന്തിച്ചത്.

അയാൾക്ക് വെറുതെയെങ്കിലും അവരെ ഒന്ന് കാണാൻ മോഹം തോന്നി.അയാൾ സിസിടിവി ഫൂട്ടേജുകൾ പരിശോധിച്ചു.

അവൾ മരണപ്പെടുന്നതിന് മണിക്കൂറുകൾക്കു മുൻപ് ചെടികൾക്ക് വെള്ളമൊഴിക്കുകയായിരുന്നു.

അതിനു ശേഷം തിടുക്കത്തിൽ അകത്തേക്ക് കയറി എന്തൊക്കെയോ പാചകം ചെയ്യുന്നുണ്ടായിരുന്നു. ശേഷം ഓടിവന്നു സോഫയുടെ ചുളിവുകൾ നിവർത്തിയിടുന്നതും അവിടം വൃത്തിയായി ഒതുക്കി വയ്ക്കുന്നതും അയാൾ കണ്ടു.

കാലിൽ ചക്രം ഘടിപ്പിച്ചതുപോലെ അവൾ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്ന ജോലി ചെയ്യുന്നത് കണ്ടപ്പോൾ അയാൾക്ക് ആശ്ചര്യം തോന്നി.

ഇത്രയും തിരക്കിട്ട് പണികൾ ചെയ്യാൻ ഇവിടെ എന്തായിരുന്നു വിശേഷം..?നിമിഷങ്ങൾക്കുള്ളിൽ അവൾ കുഴഞ്ഞു വീഴുന്നതും നെഞ്ച് പൊത്തിപ്പിടിക്കുന്നതും ഒക്കെ അയാൾ കണ്ടു. പക്ഷേ സഹായത്തിന് ആരുമില്ലാതെ മണിക്കൂറുകൾ അവൾ ആ കിടപ്പ് കിടന്നു.

വൈകുന്നേരം സ്കൂളിൽ ആണ് അമ്മ തളർന്ന കിടക്കുന്നത് ആദ്യമായി കാണുന്നത്.

അതിനുശേഷം ആൾക്കാരെ കൂട്ടി അവളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മണിക്കൂറുകൾക്കു മുൻപ് അവൾ മരണപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്ന വാർത്തയാണ് തങ്ങൾക്ക് കേൾക്കാൻ കഴിഞ്ഞത്.

അതിനുശേഷം അയാൾ അതിനു മുന്നിലുള്ള ദിവസങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു.

ഓരോ ദിവസവും ഓടി നടന്ന് ഓരോ ജോലികൾ ചെയ്യുന്നതും തങ്ങളുടെ ഓരോരുത്തരുടെയും കാര്യങ്ങൾ ഒരു മുടക്കവും കൂടാതെ അവൾ ചെയ്തു തരുന്നതും അയാൾ കണ്ടു.

രാവിലെ വളരെ നേരത്തെ ഉറക്കത്തിൽ നിന്നുണർന്നു രാത്രിയിൽ ഏറെ വൈകും മാത്രം ഉറങ്ങാൻ പോകുന്ന അവളുടെ മുഖം മാത്രമാണ് സിസിടിവിയിൽ ഉണ്ടായിരുന്നത്.

ഒരു ദിവസം അഞ്ചു നിമിഷം പോലും റസ്റ്റ് എടുക്കാൻ സമയമില്ലാതെ ഓടി നടക്കുന്ന അവൾ അയാൾക്ക് ഒരു കണ്ണീർ കാഴ്ചയായി.

എല്ലാദിവസവും അവളുടെ ദിനചര്യകൾ അങ്ങനെ തന്നെയാണ് എന്ന് കാണുമ്പോൾ പണിയില്ലാത്തത് ശരിക്കും തനിക്ക് ആണോ എന്ന് പോലും അയാൾക്ക് തോന്നിപ്പോയി.

രാവിലെ എട്ടു മണിക്ക് വീട്ടിൽ നിന്ന് ഇറങ്ങുന്നതിനു മുൻപ് തന്നെ ഉച്ചയ്ക്ക് കഴിക്കാനുള്ള ആഹാരം ഉൾപ്പെടെ അവൾ തയ്യാറാക്കി ഡൈനിങ് ടേബിളിൽ കൊണ്ടു വന്നു വച്ചിട്ടുണ്ടാകും.

അതും എടുത്ത് അരമണിക്കൂർ യാത്ര ചെയ്യുന്നതിനുമുമ്പ് തന്നെ ഓഫീസിൽ എത്തും. രാവിലെ ജന്മദിന ശേഷം യാത്ര ക്ഷീണം കാരണം കുറച്ചു വൈകി മാത്രമേ ജോലി ചെയ്യാൻ തുടങ്ങാറുള്ളൂ.

അതും ജോലിക്കിടയിൽ പലപ്രാവശ്യം ചായ കുടിക്കാനും ഫുഡ് കഴിക്കാനും ഒക്കെയായി താൻ എഴുന്നേറ്റ് പോകാറുണ്ട്.

വൈകുന്നേരം കൃത്യം അഞ്ചുമണിക്ക് ഓഫീസിൽ നിന്നിറങ്ങി അഞ്ചരയാവുമ്പോഴേക്കും വീട്ടിലെത്തും. എത്തുമ്പോഴേക്കും അവൾ ചായയും പലഹാരവും തയ്യാറാക്കിയിട്ടുണ്ട്.

അതും കുടിച്ച് റസ്റ്റ് എടുത്തു മൊബൈൽ നോക്കി ടിവിയും കണ്ട് താൻ സമയം കളയുമ്പോൾ തനിക്ക് രാത്രിയിൽ കഴിക്കാനുള്ള ആഹാരം ഉണ്ടാക്കാനുള്ള നെട്ടോട്ടത്തിൽ ആയിരിക്കും അവൾ.

ഇതിനിടയിൽ പകൽസമയം മുഴുവൻ താൻ കൊടുക്കുന്ന ഓരോ ജോലികളായി ചെയ്തുതീർക്കാനുള്ള അവളുടെ വെപ്രാളം ക്യാമറയിൽ കൂടി നോക്കുമ്പോൾ മാത്രമാണ് തനിക്ക് മനസ്സിലാകുന്നത്.

താനായിരുന്നു ഏറ്റവും വലിയ തെറ്റുകാരൻ..! ജോലിക്ക് പോകാനും പുറംലോകം കാണാനും ആഗ്രഹം ഉണ്ടായിരുന്ന അവളെ നീയും കൂടി ജോലിക്ക് പോയാൽ വീട്ടിലെ കാര്യങ്ങൾ താളം തെറ്റും എന്ന് പറഞ്ഞു ഇവിടെ പിടിച്ചിട്ടത് താനായിരുന്നു.

നീ വീട്ടിൽ വെറുതെ ഇരിക്കുകയല്ലേ എന്ന പേര് പറഞ്ഞു 100 കൂട്ടം ജോലികൾ അവളെ ഏൽപ്പിച്ചതും താനായിരുന്നു..!

ദിവസത്തിൽ ഒരു നിമിഷം പോലും തന്നോട് ശരിക്കും ഒന്ന് സംസാരിക്കാനുള്ള അവസരം പോലും അവൾക്ക് കൊടുത്തിട്ടില്ല. എന്തെങ്കിലും പറയാൻ വന്നാൽ തന്നെ ജോലി ചെയ്ത് ക്ഷീണിച്ചു വന്നിരിക്കുന്ന എന്നെ ഓരോന്ന് പറഞ്ഞ് ബുദ്ധിമുട്ടിക്കാതെ ഒന്ന് പോകാമോ എന്ന് മാത്രമാണ് അവളോട് ചോദിക്കാറ്..

അപ്പോഴൊക്കെയും പുഞ്ചിരി കൈവിടാതെ തലയാട്ടിക്കൊണ്ട് നടന്നുപോകുന്ന അവൾ ഇപ്പോൾ തനിക്കൊരു കണ്ണീർ ഓർമ്മയാണ്..!!

ജീവിതം ശരിക്കും ആഘോഷിക്കുകയായിരുന്നു.പക്ഷേ അത് അവളല്ല എന്ന് മാത്രം..!!

Leave a Reply

Your email address will not be published. Required fields are marked *