ഞാൻ പറയുന്നത് ശ്രദ്ധിക്കാൻ പോലും നിങ്ങൾക്ക് നേരമില്ല.. എനിക്ക് യാതൊരു പരിഗണനയും തരാതെ നിങ്ങളുടെ കൂടെ ഞാൻ എങ്ങനെ ജീവിക്കാനാണ്..?

(രചന: ശ്രേയ)

” ശരിക്കും നിങ്ങൾക്ക് എന്നോട് ഇഷ്ടമുണ്ടോ..? പ്രണയം..? “അവളുടെ ചോദ്യം കേട്ടപ്പോൾ വിവേക് അവളുടെ മുഖത്തേക്ക് നോക്കി.” നിനക്ക് ഇപ്പോൾ എന്താ അങ്ങനെ ഒരു സംശയം..? ”

അവന്റെ ചോദ്യം കേട്ടപ്പോൾ അവൾ പുച്ഛത്തോടെ ചിരിച്ചു.” നീ ഒരു യന്ത്രം പോലെയാണ് ജീവിക്കുന്നത്. രാവിലെ അലാറം എഴുന്നേൽക്കുന്നു റെഡിയാകുന്നു ജോലിക്ക് പോകുന്നു തിരികെ വരുന്നു ലാപ്ടോപ്പ് നോക്കുന്നു കിടന്നുറങ്ങുന്നു. ഇടയിൽ ഞാൻ എന്നൊരാൾ ഈ വീട്ടിൽ ഉണ്ടെന്ന് നിങ്ങൾ പരിഗണിക്കാറുണ്ടോ..? ”

അവളുടെ ചോദ്യം കേട്ടിട്ടും കേൾക്കാതെ പോലെ അവൻ ലാപ്ടോപ്പിലേക്ക് ശ്രദ്ധ തിരിച്ചു.

” ഇതുതന്നെയാണ് ഞാൻ പറഞ്ഞത്.. ഞാൻ പറയുന്നത് ശ്രദ്ധിക്കാൻ പോലും നിങ്ങൾക്ക് നേരമില്ല.. എനിക്ക് യാതൊരു പരിഗണനയും തരാതെ നിങ്ങളുടെ കൂടെ ഞാൻ എങ്ങനെ ജീവിക്കാനാണ്..? ”

തന്റെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ മൂഷിപ്പോടെ അവൻ അവളിലേക്ക് ശ്രദ്ധിച്ചു.

“നീയിങ്ങനെ എന്റെ പിന്നാലെ നടന്നിട്ട് കാര്യമൊന്നുമില്ല.നിനക്കൊരു കാര്യം അറിയാമോ.. ഇന്നത്തെ കാലത്ത് ജീവിക്കാൻ എന്തൊരു ബുദ്ധിമുട്ടാണ്. ഞാനിപ്പോൾ ജോലിചെയ്യുന്ന പണം പോലും ഒന്നിനും തികയാത്ത അവസ്ഥയാണ്.അപ്പൊ പിന്നെ ഞാൻ നിന്റെ പിന്നാലെ നടക്കുക കൂടി ചെയ്താലോ..?”

അവൻ ചോദിച്ചപ്പോൾ അവൾ അവനെ ഒന്ന് നോക്കി.” എന്നെ വിവാഹം കഴിക്കുമ്പോൾ എന്നെ സംരക്ഷിക്കാം എന്നൊരു വാക്ക് നിങ്ങൾ എനിക്ക് തന്നിരുന്നു. സമയാസമയം ലഭിക്കുന്ന ആഹാരവും വസ്ത്രവും അല്ല എനിക്ക് ആവശ്യം. നിങ്ങൾ എന്ന ഭർത്താവിന്റെ സ്നേഹവും എനിക്ക് വേണം.. ”

അവൾ പറഞ്ഞത് കേട്ട് അവൻ പുച്ഛത്തോടെ ചിരിച്ചു.” സ്നേഹം.. 24 മണിക്കൂറും നിന്നെ കൊഞ്ചിക്കുന്നതാണോ സ്നേഹം..? നിന്നോട് എനിക്ക് സ്നേഹമുണ്ട്. അങ്ങനെയൊരു വികാരമില്ലായിരുന്നെങ്കിൽ നിന്റെ കാര്യങ്ങളൊക്കെ ഞാൻ ചെയ്തു തരുമായിരുന്നോ..? ”

അവന്റെ ആ ചോദ്യം കേട്ടപ്പോൾ പിന്നീട് ഒന്നും സംസാരിക്കാൻ ഇല്ലാത്തതു പോലെ അവൾ തിരികെ നടന്നു.അവൾ പോകുന്നത് നോക്കി നെടുവീർപ്പിട്ടു കൊണ്ട് അവൻ തന്റെ ജോലിയിലേക്ക് ശ്രദ്ധിച്ചു.

ഏകാന്തമായി ആ പൂന്തോട്ടത്തിൽ ഇരിക്കുമ്പോൾ, അവൾ ചിന്തിച്ചത് തന്റെ ജീവിതത്തെക്കുറിച്ച് ആയിരുന്നു.

ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽ ജനിച്ച അവളുടെ കുടുംബത്തിനു കിട്ടിയ ലോട്ടറി ആയിരുന്നു അവന്റെ വിവാഹാലോചന.. അത് കൈവിട്ടു കളയാതിരിക്കാൻ അവർ ആവുന്നത്ര ശ്രമിക്കുകയും ചെയ്തു.

അതിന്റെ ഫലമായി വിവാഹം നടന്നു. സ്ത്രീധനമായി ഒരു രൂപ പോലും അവൻ ആവശ്യപ്പെട്ടിരുന്നില്ല. അത് അവളുടെ കുടുംബത്തെ സംബന്ധിച്ച് ഒരു പ്ലസ് മാർക്ക് ആയിരുന്നു.

അപ്പോഴും ഈ വിവാഹത്തെ എതിർത്തത് അവൾ മാത്രമായിരുന്നു.”അച്ഛനും അമ്മയും ഇല്ലാതെ വളർന്നവനാണ്.സ്നേഹത്തിന്റെ വില എന്താണ് എന്ന് അയാൾക്ക് അറിയില്ല..അയാൾക്ക് സ്നേഹിക്കാൻ അറിയില്ല.. ഒറ്റപ്പെട്ട് ജീവിച്ചതു കൊണ്ടു

തന്നെ അയാൾക്ക് അതായിരിക്കും ഇഷ്ടം.. ഞാൻ എന്റെ ജീവിതം നശിപ്പിക്കുന്നതു പോലെയാണ് ഈ വിവാഹം.”അവൾ പറഞ്ഞ വാക്കുകളെ മറ്റാരും വിലയ്ക്കെടുത്തില്ല.

“നീ പറയുന്നതു പോലെയല്ല. അവനു സ്നേഹം കിട്ടിയിട്ടില്ല.. അതു കൊണ്ടാണ് അവന് അത് തിരികെ കൊടുക്കാൻ അറിയാത്തത്… നീ അവനെ സ്നേഹിച്ചാൽ നീ സ്നേഹിക്കുന്നതിന്റെ ഇരട്ടി അവൻ നിന്നെ സ്നേഹിക്കും… കിട്ടിയ സൗഭാഗ്യം തട്ടിക്കളയാതെ അവനോടൊപ്പം നല്ല രീതിയിൽ ജീവിക്കാൻ നോക്കൂ..”

അവളുടെ അമ്മ അവളെ ഉപദേശിച്ചു.അവൾ എത്രയൊക്കെ എതിർപ്പ് പ്രകടിപ്പിച്ചിട്ടും വീട്ടുകാരുടെ മനോഭാവത്തിൽ ഒരു മാറ്റവും ഉണ്ടായില്ല. ഈ വിവാഹം നടന്നേ മതിയാകൂ എന്ന് എല്ലാവർക്കും നിർബന്ധമായിരുന്നു.

വിവാഹം നടന്നു.ആദ്യദിവസം അവന്റെ വീട്ടിൽ കയറി വന്നപ്പോൾ തന്നെ അവൾക്ക് മടുപ്പായിരുന്നു. സംസാരിക്കാനോ കൂട്ടുകൂടാനോ ആ വീട്ടിൽ ആരുമില്ല. അവന്റെ വീട്ടിൽ അടുക്കള പണിക്ക് വരുന്ന ഒരു ചേച്ചി മാത്രമാണുള്ളത്. അവരോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ ഭയന്നിട്ട് എന്നപോലെ അവർ ഓടി ഒളിക്കുകയായിരുന്നു.

വിവാഹത്തിനായി ക്ഷണിക്കപ്പെട്ടവർ മുഴുവൻ സമൂഹത്തിൽ ഉന്നത തലത്തിലുള്ളവരായിരുന്നു. വിവാഹ സൽക്കാരത്തിന് ശേഷം അവരൊക്കെയും മടങ്ങിപ്പോയപ്പോൾ ആ വീട്ടിൽ അവളും അവനും ജോലിക്കാരിയും മാത്രമായി.

താലി ചാർത്തുന്ന സമയത്ത് പോലും അവൻ തന്റെ മുഖത്തേക്ക് നോക്കിയിട്ടുണ്ടോ എന്ന് അവൾക്ക് സംശയം ആയിരുന്നു.. അവന്റെ സ്വഭാവത്തിൽ മൊത്തത്തിൽ എന്തൊക്കെയോ അപാകതകൾ അവൾക്ക് തോന്നിയിരുന്നു.

അവൾ എപ്പോഴൊക്കെ അവനോട് അടുക്കാൻ ശ്രമിച്ചാലും അവൻ അവളിൽ നിന്ന് ഓടി പോകാൻ ആണ് ശ്രമിച്ചത്. വിവാഹം കഴിഞ്ഞ ആദ്യ ദിവസം അവനോട് സംസാരിക്കാൻ ശ്രമിച്ചത് അവൾ ഓർത്തു.

വിവാഹ സൽക്കാരത്തിനിടയ്ക്ക് അവനെ കണ്ടതിനു ശേഷം പിന്നീട് അവൾ അവനെ കാണുന്നത് മണിക്കൂറുകൾ പിന്നിട്ടതിനു ശേഷം ആണ്.

” ഇതാണ് സാറിന്റെ മുറി.. “എന്നുപറഞ്ഞ് ജോലിക്കാരി ചൂണ്ടിക്കാണിച്ചു തന്ന മുറിയിലേക്ക് കയറിയിരുന്നു എന്നല്ലാതെ, എന്ത് ചെയ്യണമെന്ന് പോലും അവൾക്ക് അറിയുന്നുണ്ടായിരുന്നില്ല.

മണിക്കൂറുകൾ പിന്നിട്ടിട്ടും അവനെ മുറിയിലേക്ക് കാണാതായപ്പോൾ സ്വയം കബോർഡ് തുറന്നു നോക്കിയിട്ട് ഡ്രസ്സ് എടുത്ത് ഫ്രഷ് ആയി വന്നു. എന്നിട്ടും അവൻ മുറിയിലേക്ക് എത്തിയില്ല. പതിയെ വാതിൽ തുറന്നു പുറത്തേക്ക് ഇറങ്ങി നോക്കിയിട്ടും ആ വീട്ടിൽ ഒരു മനുഷ്യക്കുഞ്ഞു പോലും ഉള്ളതായി അവൾക്ക് തോന്നിയില്ല.

അത്രയും വലിയൊരു വീട്ടിൽ താൻ തികച്ചും ഒറ്റയ്ക്കായി പോയതു പോലെ അവൾക്ക് തോന്നി. എന്തെന്നറിയാത്ത ഒരു സങ്കടം അവളെ വന്നു മൂടി.

അത്രയും സങ്കടത്തോടെയാണ് അവൾ മുറിയിൽ ബെഡിൽ കയറി കിടന്നത്.അവിടെ കിടന്നു അവൾ മയങ്ങി പോയി.പിന്നീട് അവൾ കണ്ണ് തുറന്നു നോക്കുമ്പോൾ തൊട്ടടുത്ത് തന്നെ അവൻ കിടപ്പുണ്ട്.നല്ല ഉറക്കത്തിലാണ്.അപ്പോഴാണ് അവൾ സമയത്തെ കുറിച്ച് ബോധവതി ആയത്.

മുറിയിലേക്ക് കടന്നു വന്നിട്ടും അവൻ എന്തുകൊണ്ട് തന്നെ ഉണർത്തിയില്ല എന്ന് അവൾ ചിന്തിച്ചു. ജീവിതത്തിലെ ഏറ്റവും മനോഹരമായ ഈ ദിവസം എന്തുകൊണ്ട് അവൻ നശിപ്പിച്ചു കളഞ്ഞു എന്ന് ഓർത്തിട്ട് അവൾക്ക് ഒരു ഉത്തരം കിട്ടിയില്ല.

രാവിലെ അവൾ ഉറക്കത്തിൽ നിന്ന് എഴുന്നേൽക്കുന്നതിന് മുൻപ് തന്നെ അവൻ ജോലിക്ക് പോയിരുന്നു.രാത്രിയിൽ ഏറെ വൈകി മാത്രം അവൻ ജോലി സ്ഥലത്തു നിന്ന് മടങ്ങി വന്നു.പിന്നീടുള്ള ദിവസങ്ങളിലൊക്കെ ഇതുതന്നെ ആവർത്തിച്ചപ്പോൾ
അവൾക്ക് തന്നെ തന്നെ നഷ്ടപ്പെടുന്നതു പോലെയാണ് തോന്നിയത്.

അതുകൊണ്ട് മാത്രമാണ് അവൾ ചോദ്യവുമായി അവന്റെ മുന്നിലേക്ക് എത്തിയoronതന്റെ ജീവിതം നശിക്കുകയാണ് എന്നും, അതിനുള്ള ഉത്തരവാദി തന്റെ വീട്ടുകാർ കൂടി ആണെന്നും അവൾ ചിന്തിച്ചു തുടങ്ങി. ഒരു ഉത്തരം ഇല്ലാത്ത ഒരായിരം ചോദ്യങ്ങൾ അവൾക്ക് ഉണ്ടായിരുന്നു.

അവന്റെ ഭാഗത്തു നിന്ന് വന്ന വിവാഹാലോചനയാണ്. അവനു വിവാഹത്തിനോട് താല്പര്യം ഇല്ലായിരുന്നെങ്കിൽ ഒരിക്കലും അങ്ങനെ സംഭവിക്കില്ലായിരുന്നല്ലോ..!

” രശ്മി.. “അവൾ ഓരോന്ന് ചിന്തിച്ചിരിക്കുന്നതിനിടയിൽ ആണ് പെട്ടെന്നു അവന്റെ ശബ്‌ദം കേൾക്കുന്നത്.. വിവാഹം കഴിഞ്ഞ് ഒരു മാസത്തോളം ആയിരിക്കുന്നു. ഇതിനിടയിൽ ആദ്യമായിട്ടാണ് അവന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു പ്രതികരണം.

അവൾ ഒരു ഞെട്ടലോടെ അവനെ നോക്കുമ്പോൾ ചെറിയൊരു മടിയോടെ അവൻ അവൾക്ക് അടുത്തു വന്നിരുന്നു.

“താൻ ആലോചിക്കുന്നുണ്ടാവും ഞാൻ എന്തുകൊണ്ടാണ് ഇങ്ങനെയെന്ന്. എല്ലാവരും പറയുന്നതു പോലെ സ്നേഹം കിട്ടാതെ വളർന്നത് കൊണ്ടല്ല. എന്റെ അച്ഛനും അമ്മയും എന്നെ വിട്ടുപോയ ഷോക്ക് എനിക്ക് ഇന്ന് വരെ മറക്കാൻ കഴിഞ്ഞിട്ടില്ല. ഈ ജീവിതത്തിൽ ഒരിക്കലും അത് സംഭവിക്കുകയുമില്ല.”

അവൻ പതിയെ സംസാരിച്ചു തുടങ്ങിയപ്പോൾ അവൻ പറയുന്നത് കേൾക്കാൻ അവൾ തയ്യാറായി.

“അച്ഛനും അമ്മയും വിട്ടുപോയ ഷോക്കിൽ ഏകദേശം ഒരു വർഷത്തോളം വീടിന് പുറത്തു പോലും ഇറങ്ങാത്ത ഒരു ഞാനുണ്ടായിരുന്നു.. അതിൽ നിന്ന് പുറത്ത് കടന്ന സമയത്താണ് ഒരിക്കൽ വഴിയരികിൽ തന്നെ കാണുന്നത്.. പെട്ടെന്ന് തന്നെ കണ്ടപ്പോൾ എനിക്ക് എന്റെ അമ്മയെ ഓർമ വന്നു.

പിന്നീടുള്ള ദിവസങ്ങളിൽ താൻ പോലും അറിയാതെ തന്റെ പിന്നാലെ ഞാൻ ഉണ്ടായിരുന്നു. എന്റെ അമ്മയ്ക്ക് പകരം ആകാൻ തനിക്ക് സാധിക്കും എന്നൊരു തോന്നൽ ആയിരുന്നു എനിക്ക്.. അതുകൊണ്ട് ആണ് മറ്റാരെങ്കിലും തന്നെ സ്വന്തം ആക്കുന്നതിനു മുൻപ് ഞാൻ തന്നെ തേടി എത്തിയത്. ”

അവൻ പറയുന്നതൊക്കെ സ്വപ്നത്തിൽ എന്ന പോലെ ആണ് അവൾ കേട്ടിരുന്നത്.അവൻ തന്നെ അമ്മയെ പോലെ ആണോ കാണുന്നത്..? അങ്ങനെ എങ്കിൽ, എന്നെ എങ്ങനെ ഭാര്യ ആയി അംഗീകരിക്കും..?

അവളുടെ ഉള്ളിൽ ആ ചോദ്യം ആയിരുന്നു.” വിവാഹം അടുത്തപ്പോൾ ആണ് ഞാൻ മനസ്സിലാക്കിയത്, തന്നോട് എനിക്ക് തോന്നുന്നത് ഒരു അമ്മയോട് ഉള്ള പോലെ ഉള്ള സ്നേഹം ആണെന്ന്..!”

ആ വാക്കുകൾ ഞെട്ടലോടെ ആണ് അവൾ കേട്ടത്.” വിവാഹ ശേഷം അതിൽ മാറ്റം വരുമെന്ന് പ്രതീക്ഷിച്ചു. പക്ഷെ… ഞാൻ അതിൽ പരാജയപ്പെടുകയാണെന്ന് ആദ്യ ദിവസം തന്നെ എനിക്ക് ബോധ്യമായി. അതുകൊണ്ടാണ് നീ പോലും അറിയാതെ ഞാൻ ഒരു ഡോക്ടറെ കണ്ടത്.. എന്റെ പ്രശ്നങ്ങൾ തുറന്ന്

പറഞ്ഞപ്പോൾ അതിനുള്ള പ്രതിവിധികൾ ഒന്നൊന്നായി അദ്ദേഹം പറഞ്ഞു തന്നു. അതൊക്കെയും പരീക്ഷിച്ചു നോക്കുകയാണ് ഞാൻ ഇപ്പോൾ..”

അവൻ പറഞ്ഞതൊക്കെ കേട്ടപ്പോൾ എവിടെയോ അവനോട് ഒരു സഹതാപം തോന്നുന്നത് അവൾ അറിഞ്ഞു.

” താൻ എനിക്ക് കുറച്ചു സമയം കൂടി തരണം. അതിനുള്ളിൽ എല്ലാം ശരിയാകും. എന്നെ വിട്ട് പോകണം എന്ന് മാത്രം ചിന്തിക്കരുത്.. ”

വികാരാധിക്യത്തോടെ അവൻ പറഞ്ഞപ്പോൾ അവൾക്ക് ഒരു നിമിഷത്തേക്ക് എന്ത് പറയണം എന്ന് പോലും അറിയുന്നുണ്ടായിരുന്നില്ല..

പക്ഷെ, അവനു ഇപ്പോൾ മറ്റെന്തിനെക്കാളും ആവശ്യം തന്റെ സാമീപ്യവും സ്നേഹവും ആണെന്ന തിരിച്ചറിവിൽ അവനു ആശ്വാസം പകരുന്ന ഒരു പുഞ്ചിരി മറുപടി ആയി നൽകാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളൂ..

ഒരു പക്ഷെ അത് നല്ലൊരു ദാമ്പത്യത്തിന്റെ തുടക്കം ആയിരിക്കാം.. അല്ലെങ്കിൽ…. അവസാനവും…

Leave a Reply

Your email address will not be published. Required fields are marked *