ആൺകുട്ടിയുമാണ് അതിനർത്ഥം അവനെ ഞാൻ ഒന്നും പഠിപ്പിക്കരുത് എന്നാണോ? സ്വന്തം കാര്യങ്ങൾ

(രചന: അച്ചു വിപിൻ)

എനിക്ക് രണ്ടാണ്മക്കൾ ആണ്.എന്റെ മൂത്തമോനു നാലര വയസ്സുണ്ട് ഇളയ മോനു ഒന്നര വയസ്സും, ആൺകുട്ടികൾ ആണെന്ന ഒരു പരിഗണനയും ഞാനവർക്ക് കൊടുക്കാറില്ല.

വീട്ടിൽ ഇരിക്കുന്ന സമയങ്ങളിൽ മൂത്ത മോൻ എന്നോട് വെള്ളം ചോദിച്ചാൽ ഞാൻ എന്തെങ്കിലും പണിയിൽ ആണെങ്കിൽ മേശപ്പുറത്തിരിക്കുന്ന വെള്ളത്തിന്റെ കുപ്പി ചൂണ്ടി ഞാൻ പറയും,

ദേ നോക്ക് അവിടെ വെള്ളം ഇരിക്കുന്നുണ്ട് മോൻ പോയി എടുത്തു കുടിച്ചോ എന്ന്,
ശരിയമ്മേ എന്ന് പറഞ്ഞ ശേഷം അവൻ പോയാ വെള്ളം എടുത്തു കുടിക്കും.

സ്കൂൾ വിട്ടു വരുമ്പോൾ കാലിൽ കിടക്കുന്ന ചെരുപ്പ് യഥാസ്ഥാനത്തു വെക്കുന്നതും,ഇട്ടിരുന്ന ഡ്രസ്സ്‌ വാഷിങ് മെഷിനിൽ കൊണ്ടിടുന്നതും അവൻ തനിയെ ആണ്.

കളി കഴിഞ്ഞാൽ അവന്റെ ടോയ്‌സുകൾ ഞാൻ വാരി വെക്കാറില്ല ഒക്കെ അവൻ തനിയെ പെറുക്കി വെക്കും അത് കാണുമ്പോൾ അവന്റെ കൂടെ ഇളയതും സഹായിക്കാൻ ചെല്ലും.

അവൻ കുഞ്ഞല്ലേ അവനൊരു ആൺകുട്ടിയല്ലേ ഇതൊക്കെ അവരെക്കൊണ്ട് ചെയ്യിക്കണോ എന്ന ചോദ്യം ചിലരെന്നോട് ചോദിക്കാറുണ്ട്.

അതെ അവൻ കുഞ്ഞാണ് ആൺകുട്ടിയുമാണ് അതിനർത്ഥം അവനെ ഞാൻ ഒന്നും പഠിപ്പിക്കരുത് എന്നാണോ? സ്വന്തം കാര്യങ്ങൾ ആണായാലും പെണ്ണായാലും മക്കളെ ചെയ്തു പഠിപ്പിക്കേണ്ടത് അമ്മമാരാണ്.

എന്റെ ഭർത്താവിന്റെ അമ്മയോട് ആ ഒരു കാര്യത്തിൽ എനിക്ക് വളരെ നന്ദിയുണ്ട് അവർ അവരുടെ രണ്ടു മക്കളെയും എല്ലാ വീട്ടു കാര്യങ്ങളും ചെയ്താണ് വളർത്തിയത്. അത് കൊണ്ട് തന്നെ എന്റെ ഭർത്താവെന്നെ എല്ലാ വീട്ടുകാര്യത്തിലും ഞാൻ പറയാതെ തന്നെ സഹായിക്കും.

ആൺമക്കൾ ആണ് അതുകൊണ്ട് പണിയൊക്കെ ഞാൻ ചെയ്‌തോളാം അവര് തിന്നിരുന്നോട്ടെ എന്നാ അമ്മ ചിന്തിച്ചിരുന്നെങ്കിൽ എനിക്കിതുപോലെ ഹെല്പ് ചെയ്യുന്നൊരു ഭർത്താവിനെ കിട്ടില്ലായിരുന്നു.

നമുക്ക് ഹെല്പ് ചെയ്യുന്ന ഒരു ഭർത്താവുള്ളത് എത്ര സന്തോഷമുള്ള കാര്യമാണെന്നറിയുമോ?ആരും സഹായത്തിനില്ലാതെ ഏതു നേരവും അടുക്കളയിൽ പണിയെടുത്തുo,തൂത്തുo തുടച്ചും , ഭക്ഷണം ഉണ്ടാക്കിയും ,

പിള്ളേരെ നോക്കിയുമൊക്കെ ഇരിക്കുന്നതും അല്പം പ്രയാസമുള്ള കാര്യമാണ് അന്നേരം നമുക്ക് സഹായത്തിനായി രണ്ടു കരങ്ങൾ ഉണ്ടെങ്കിൽ അതാണ്‌ ഏറ്റവും സുഖമുള്ളൊരു കാര്യം.

ഇന്നെനിക്കു കിട്ടുന്ന പോലൊരു ജീവിതം ഭാവിയിൽ എന്റെ രണ്ടാണ്മക്കളുടെ ഭാര്യമാർക്കും കിട്ടണം എന്നാഗ്രഹിക്കുന്ന ഒരു സ്ത്രീയാണ് ഞാൻ. അത്കൊണ്ട് തന്നെ മക്കൾക്ക്‌ ചെയ്യാൻ പറ്റുന്ന എല്ലാ കുഞ്ഞ് കുഞ്ഞ് വീട്ടുകാര്യങ്ങളും ഞാൻ ഇപ്പഴേ പഠിപ്പിച്ചു കൊടുക്കുന്നുണ്ട്.

അതിൽ എനിക്ക് യാതൊരു കുറ്റബോധവും ഇല്ല. നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാലും അവര് തനിയെ അവരുടെ കാര്യങ്ങൾ നോക്കിക്കോളും.

വീട്ടുജോലി എന്നത് സ്ത്രീകളുടെ മാത്രം കുത്തകയല്ല അവിടെ പുരുഷനും സഹായിക്കാം അതിനവരെ പ്രാപ്തരാക്കേണ്ടത് ഓരോ അമ്മമാർ ആണ്.

മക്കൾ ഓരോരോ കാര്യങ്ങൾ നിങ്ങളോട് ചോദിക്കുമ്പോളതെല്ലാം അവരുടെ ഇരുപ്പിൽ കൊണ്ടെത്തിച്ചാൽ പിന്നീടതവർക്കൊരു തരമാകും,അതിനുള്ള അവസരം നിങ്ങൾ ഒരിക്കലും സൃഷ്ടിക്കരുത്.

അയ്യോ എന്റെ മോനു വാരി കൊടുത്താലേ കഴിക്കു അവനു ഭയങ്കര വാശിയാണെന്നെ, എല്ലാത്തിനും എന്റെ കൈ തന്നെ ചെല്ലണം എന്ന് അഭിമാനത്തോടെ പറയുന്ന സ്ത്രീകളെ ഞാൻ കണ്ടിട്ടുണ്ട്.

ഇതൊക്കെ ഒരഭിമാനം ആണോ അമ്മമാരെ? എന്റെ മോൻ തനിയെ കഴിക്കും അവന്റെ കാര്യങ്ങൾ ഒക്കെ അവൻ ഭംഗിയായി ചെയ്യും

കുഞ്ഞ് സഹായങ്ങൾ ഒക്കെ അവനു പറ്റുന്ന പോലെ എനിക്ക് ചെയ്തു തരാറുണ്ട് എന്ന് നിങ്ങൾക്കെന്നു പറയാൻ സാധിക്കുന്നുവോ അവിടെയാണമ്മമാരെ നിങ്ങൾ അഭിമാനിക്കേണ്ടത്.

വീട്ടിൽ വന്നു കയറുന്ന പെണ്ണിനെ കൊണ്ട് മകൻ ഇട്ടിരുന്ന ജെട്ടി അലക്കാൻ അല്ല മക്കളെ പഠിപ്പിക്കേണ്ടത് പകരം അവൾക്കു വയ്യാതെ കിടക്കുമ്പോൾ അടുക്കളയിൽ ഒരു കൈ സഹായത്തിനോ ഒരു ചൂട് കാപ്പി ഇട്ടു കൊടുക്കാനോ ഒക്കെയാണ്.

ഫാനിട്ടു താ അമ്മേ,വെള്ളം താ അമ്മേ, ഡ്രസ്സ്‌ അലക്കി താ അമ്മേ,ഷർട്ട്‌ തേച്ചു താ അമ്മേ എന്നൊക്കെ മുതിർന്ന കുട്ടികൾ നിങ്ങളോട് പറയുമ്പോൾ ഇതൊക്കെ നിനക്ക് തനിയെ ചെയ്യാമല്ലോ മോനെ, മോളെ എന്നവരോട് പറയുക.

ആണായാലും പെണ്ണായാലും മക്കളെ മടിയന്മാരാക്കി വളർത്താതെ എല്ലാം സ്വയം ചെയ്യാൻ പ്രാപ്തരാക്കിയവരെ വളർത്തുക.

കഴിഞ്ഞ ദിവസം വയ്യാതെ കിടന്നപ്പോൾ ഞാൻ പറയാതെ തന്നെ അടുക്കളയിൽ നിന്നും ഒരു കപ്പിൽ വെള്ളം എടുത്തെനിക്ക് തന്ന ശേഷം മൂത്തവൻ എന്നോട് പറഞ്ഞു അമ്മ ഈ വെള്ളം കുടിക്കു ക്ഷീണം മാറട്ടെ എന്ന്,

അന്ന് ഞാൻ സന്തോഷിച്ചതിനൊരു കയ്യും കണക്കുമില്ലായിരുന്നു.അമ്മയെ സഹായിക്കണം എന്നവന് തോന്നിക്കാൻ എനിക്ക് സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.

NB:ഭാവിയിൽ നിങ്ങൾ കിടപ്പിലായാലും നിങ്ങളെ പരിചരിച്ചു വീട്ടിലെ കാര്യങ്ങളൊക്കെ വൃത്തിയായി ചെയ്യാൻ സാധിക്കുന്ന മക്കളെ സൃഷ്ടിക്കാൻ കഴിഞ്ഞാൽ അവിടെയാണമ്മമാരെ നിങ്ങടെ വിജയം.

Leave a Reply

Your email address will not be published. Required fields are marked *