എനിക്ക് ജോലിക്ക് പോയെ മതിയാവൂ. കല്യാണത്തിന് മുൻപ് നീ ഇങ്ങനെ ഒന്നുമല്ലല്ലോ പറഞ്ഞത്. നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ജോലിക്ക് പോകും.

(രചന: Sivapriya)

“ഞാൻ അമ്മയെയും കൂട്ടി നിന്റെ വീട്ടിൽ പെണ്ണ് ചോദിക്കാൻ വരട്ടെ മീര.” കോഫി ഷോപ്പിൽ ഇരിക്കുമ്പോൾ സന്ദീപ് തന്റെ പ്രണയിനിയായ മീരയോട് ചോദിച്ചു.

“അച്ഛനോടും അമ്മയോടും ഞാൻ സന്ദീപിനെ കുറിച്ച് ചെറുതായി സൂചിപ്പിച്ചിട്ടുണ്ട്. അവർക്ക് എതിർപ്പൊന്നുമില്ല. സോ, സന്ദീപിന് എപ്പോ വേണോ അവിടേക്ക് വരാം.” ചെറു ചിരിയോടെ കോഫി മൊത്തികൊണ്ട് മീര പറഞ്ഞു.

“നിന്റെ വീട്ടിൽ ഓക്കേ ആണെങ്കിൽ കല്യാണം ഒട്ടും വൈകിപ്പിക്കണ്ടല്ലോ അല്ലെ. എന്താ നിന്റെ അഭിപ്രായം.”

“എനിക്കും നിനക്കും ജോലി ആയല്ലോ അതുകൊണ്ട് എനിക്ക് പ്രോബ്ലം ഇല്ല. പിന്നെ ഒരു പ്രശ്നം എന്താന്ന് വച്ചാൽ, നിന്റെ വീട്ടിൽ നിന്നും എന്റെ ഓഫീസിലേക്ക് ഡിസ്റ്റൻസ് കൂടുതലാണ്. അതുകൊണ്ട് ട്രാൻസ്ഫർ അല്ലെങ്കിൽ മറ്റൊരു ജോലി കിട്ടുംവരെ മാര്യേജ് കഴിഞ്ഞാലും ഞാൻ എന്റെ വീട്ടിൽ നിന്ന് ജോലിക്ക് പോകേണ്ടി വരും.”

“അതെങ്ങനെ ശരിയാകും മീര. വിവാഹം കഴിക്കുന്നത് തന്നെ നമുക്ക് ഒരുമിച്ച് ജീവിക്കാൻ വേണ്ടിയല്ലേ.”

“അപ്പോൾ എന്റെ ജോലി..?” ചോദ്യ ഭാവത്തിൽ മീര അവനെ നോക്കി.”ജോലി വേറെയും കിട്ടില്ലേ… ഇത് മാത്രം അല്ലല്ലോ.” സന്ദീപ് മുഷിച്ചിലോടെ പറഞ്ഞു.

“ഞാൻ കഷ്ടപ്പെട്ട് നേടിയെടുത്ത ജോലിയാണ് സന്ദീപ്. അതെനിക്ക് അങ്ങനെ വിട്ടുകളയാൻ പറ്റില്ല. ഈ ഓഫീസിൽ നിന്ന് റിസൈൻ ചെയ്തിട്ട് അടുത്ത കിട്ടുന്നതും നോക്കി എത്ര നാൾ നിക്കും.”

“എങ്കിൽ ഒരു കാര്യം ചെയ്യ്… നിനക്ക് വിവാഹത്തോട് അനുബന്ധിച്ചു ലീവ് കിട്ടില്ലേ… ഏകദേശം ഒരു മാസത്തിൽ കൂടുതൽ കിട്ടുമല്ലോ. ഇതുവരെ നീ എക്സ്ട്രാ ലീവ്സ് ഒന്നും എടുക്കാത്തോണ്ട് ലീവ് എടുക്കുന്നത് ഒരു പ്രോബ്ലം ആവില്ലല്ലോ.”

“ലീവ് എടുക്കുന്നതിന് പ്രോബ്ലം ഒന്നുമില്ല. പക്ഷേ നീ എന്താ ഉദ്ദേശിക്കുന്നത്.””കല്യാണത്തിന് ഒരാഴ്ച ബാക്കിയുള്ളപ്പോഴല്ലേ നീ ലീവിന് അപ്ലൈ ചെയ്യുന്നത്. അതിനു മുൻപ് തന്നെ എന്റെ വീട്ടിൽ നിന്ന് അധികം ദൂരമല്ലാത്ത സ്ഥലത്തൊക്കെ വേക്കൻസി ഉള്ള കമ്പനി നോക്കി അപ്ലൈ ചെയ്തിടാം.

ഏതെങ്കിലും ഓക്കേ ആവുന്നെങ്കിൽ നിനക്ക് ഇവിടുന്ന് റിസൈൻ ചെയ്യാലോ. അഥവാ ഒന്നും ഓക്കേ ആയില്ലെങ്കിൽ ഇവിടെ നിന്ന് എന്റെ വീടിന് അടുത്ത് എവിടെയെങ്കിലും ട്രാൻസ്ഫർ കിട്ടുംവരെ നീ നിന്റെ വീട്ടിൽ നിന്ന് ജോലിക്ക് പൊയ്ക്കോ. വീക്ക്‌ എൻഡിൽ നമുക്ക് ഒരുമിച്ച് കൂടാം.

എന്റെ വീട്ടിൽ നിന്നും നിന്റെ വീട്ടിൽ നിന്നും എന്റെ ഓഫീസിൽ പോകാൻ ഒരേ ദൂരമാണ്. പക്ഷേ ഞാൻ നിന്റെ വീട്ടിൽ വന്ന് നിന്നാൽ എന്റെ അമ്മ വീട്ടിൽ ഒറ്റയ്ക്കായിപ്പോകും. അല്ലായിരുന്നെങ്കിൽ ഞാൻ നിന്റെയൊപ്പം വന്ന് നിൽക്കുമായിരുന്നു.

നിനക്ക് അച്ഛനും അമ്മയും ഉള്ളോണ്ട് വീട്ടിൽ അവർ ഒറ്റയ്ക്കായ് പോകുമെന്ന പേടി വേണ്ടല്ലോ. ഒരാൾക്ക് പെട്ടെന്ന് സുഖമില്ലാതായാലും കൂടെ ഒരാൾ കൂടെയുണ്ടെങ്കിൽ പേടിക്കണ്ടല്ലോ. പക്ഷേ എന്റെ വീട്ടിൽ അമ്മ തനിച്ചായാൽ അമ്മയ്ക്ക് പെട്ടെന്ന് ഒരു വയ്യായ്ക വന്നാൽ ഞാനും കൂടി വീട്ടിൽ ഇല്ലെങ്കിൽ പ്രോബ്ലം ആവില്ലേ.

ഒരുമിച്ച് ജീവിക്കാൻ വേണ്ടിയല്ലേ നമ്മൾ വിവാഹിതരാവുന്നത് മീര.. നമുക്ക് ഒരുമിച്ച് ഒരു വീട്ടിൽ നിൽക്കണമെങ്കിൽ നീ മനസ്സ് വച്ചാലേ നടക്കു.” വിഷാദത്തോടെ സന്ദീപ് പറയുമ്പോൾ അവൾ അവനെ നോക്കി.

“കുറച്ചു നാളത്തേക്കല്ലേ സന്ദീപ്… എനിക്ക് വേറൊരു നല്ല ജോലി പെട്ടെന്ന് തന്നെ കിട്ടുകയാണെങ്കിൽ നമുക്ക് ഒരുമിച്ച് തന്നെ നിക്കാലോ. നീ ഇങ്ങനെ കൊച്ചുകുട്ടികളെ പോലെ വിഷമിച്ചാലോ?”

“ഞാൻ എന്റെ സങ്കടം പറഞ്ഞതാ മീര. നിന്നെ പിരിഞ്ഞ് ഇനിയും നിൽക്കാൻ വയ്യ.”

“നീ ഇങ്ങനെയൊക്കെ പറഞ്ഞാൽ എനിക്ക് ജോലി റിസൈൻ ചെയ്യാൻ തോന്നിപോകും കേട്ടോ. അങ്ങനെ തോന്നിയാലും ഞാൻ ചെയ്യില്ല…

എനിക്ക് നിന്നെയും വേണം ജോലിയും വേണം. കഷ്ടപ്പെട്ട് പഠിപ്പിച്ച എന്റെ വീട്ടുകാർക്ക് വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാൻ എനിക്ക് ഈ ജോലി അത്യാവശ്യമാടാ. അവരുടെ ആവശ്യങ്ങൾക്ക് നിന്റെ മുന്നിൽ കൈനീട്ടാൻ എനിക്ക് കുറച്ചിലുണ്ട്.” ചെറു ചിരിയോടെ മീര പറഞ്ഞു.

“നീ ജോലി ഒന്നും വിടണ്ട… മറ്റൊരു നല്ല ജോലി കണ്ടെത്തും വരെ ഇത് കണ്ടീന്യൂ ചെയ്യ്.” തന്റെ വിഷമം ഉള്ളിലടക്കി സന്ദീപ് പുഞ്ചിരിച്ചു കൊണ്ട് അവളെ നോക്കി കണ്ണ് ചിമ്മി.

“എങ്കിൽ പിന്നെ അടുത്ത സൺണ്ടേ അമ്മയെയും കൂട്ടി നീ വീട്ടിലേക്ക് വാ.””ഉം… ഞാൻ വരുന്നുണ്ട്..” സന്ദീപ് അവളുടെ കൈകളിൽ വിരൽ കോർത്തുകൊണ്ട് പറഞ്ഞു.

സന്ദീപിന് പത്തു വയസുള്ളപ്പോഴാണ് സന്ദീപിന്റെ അച്ഛൻ ഹൃദയസംബന്ധമായ അസുഖം മൂലം മരിക്കുന്നത്. അമ്മ പ്രൈവറ്റ് സ്കൂളിലെ ടീച്ചർ ആയിരുന്നു.

സന്ദീപിന് ജോലി കിട്ടിയതിനു ശേഷം അവൻ അമ്മയെ ജോലിക്ക് പോകുന്നതിൽ നിന്നും തടഞ്ഞു. അതുകൊണ്ട് തന്നെ സമയം പോകാനായി സന്ദീപിന്റെ അമ്മ ജാനകി വീട്ടിൽ കുട്ടികൾക്ക് ട്യൂഷൻ എടുക്കാൻ തുടങ്ങി.

മീരയുടെ അച്ഛൻ ഡ്രൈവർ ആണ്. അമ്മ അടുത്തുള്ളൊരു ഓഫീസിൽ ക്ലാർക്ക് ആണ്. ഇരുവരുടെയും സാധാരണ കുടുംബമാണ്.

എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുമ്പോഴാണ് സന്ദീപും മീരയും പരിചയപ്പെടുന്നത്. ആ പരിചയം പ്രണയത്തിലേക്കും ഇപ്പോൾ കല്യാണം വരെ വന്നെത്തി നിൽക്കുന്നു.

അങ്ങനെ ഞായറാഴ്ച ദിവസം സന്ദീപ്, അമ്മ ജാനകിയെയും കൂട്ടി മീരയുടെ വീട്ടിലേക്ക് ചെന്നു.

രണ്ടു വീട്ടുകാർക്കും പരസ്പരം ഇഷ്ടപ്പെട്ടു. അടുത്ത മാസം ഏറ്റവും അടുത്ത മുഹൂർത്തത്തിൽ തന്നെ കല്യാണവും ഉറപ്പിച്ചു.

തിരക്ക് പിടിച്ച ദിവസങ്ങൾ അതിവേഗം കടന്നുപോയി. സന്ദീപിന്റെയും മീരയുടെയും വിവാഹം അധികം ആർഭാടമൊന്നുമില്ലാതെ കഴിഞ്ഞു.

വിവാഹത്തോട് അനുബന്ധിച്ച് സന്ദീപും ഒരു മാസത്തേക്ക് ഓഫീസിൽ നിന്ന് ലീവ് എടുത്തിരുന്നു. അതുകൊണ്ട് മധുവിധു നാളുകൾ ഹണിമൂൺ ഒക്കെ പോയി അവർ ആഘോഷമാക്കി.

ഇരുവരുടെയും അവധി തീർന്ന് ജോലിയിൽ പ്രവേശിക്കാൻ സമയമായപ്പോഴാണ് സന്ദീപിന്റെ മനസ്സിലിരിപ്പ് പുറത്തു വരുന്നത്.

ഒരു ദിവസം വൈകുന്നേരം വരാന്തയിൽ ഇരുന്ന് ചായ കുടിക്കുകയായിരുന്നു സന്ദീപ്. ഒരു കപ്പിൽ തനിക്കുള്ള ചായയുമായി മീര അവന്റെ അടുത്ത് പോയി ഇരുന്നു.

“സന്ദീപ്, വരുന്ന സൺ‌ഡേ ഞാൻ എന്റെ വീട്ടിലേക്ക് പോകും കേട്ടോ. മൺഡേ മുതൽ എനിക്ക് ഓഫീസിൽ പോയി തുടങ്ങണം. ഇനി ഒൺ വീക്ക്‌ കൂടിയേ ഉള്ളു. സാറ്റർഡേ നീ എന്നെ വീട്ടിൽ കൊണ്ട് വിടില്ലേ.?”

“നീ ഇപ്പോൾ വീട്ടിൽ പോകണ്ട മീര..””അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാകും? എനിക്ക് ഓഫീസിൽ പോണ്ടേ.?” മീര ഞെട്ടലോടെ സന്ദീപിനെ നോക്കി.

“നീ ജോലി റിസൈൻ ചെയ്യ്. എനിക്ക് അത്യാവശ്യം നല്ല സാലറി ഉണ്ടല്ലോ. നിനക്ക് വേറൊരു ജോലി കിട്ടും വരെ ഇവിടെ നിൽക്ക്. നീ വീട്ടിൽ പോയി നിന്നാൽ ഞാൻ ഇവിടെ ഒറ്റയ്ക്കാവും.

എനിക്ക് നീയില്ലാതെ പറ്റില്ല മീര. തല്ക്കാലം നിന്റെ വീട്ടിലേക്ക് കൊടുക്കാനുള്ള ക്യാഷും എന്റെ സാലറിയിൽ നിന്ന് എടുക്കാൻ പറ്റും. പിന്നെ നീ നിന്റെ വീട്ടിൽ പോയി നിന്ന് കഷ്ടപ്പെട്ട് ജോലിക്ക് പോണ്ടല്ലോ.

എന്റെ ക്യാഷ് നിന്റെ ക്യാഷ് എന്നുള്ള വ്യത്യാസം വേണ്ട. നമ്മൾ വിവാഹിതരായവർ ആണ്. സോ ഇനി എല്ലാം നമ്മുടെ ആണ്. എന്റെ, നിന്റെ എന്നുള്ള വേർതിരിവ് വേണ്ട മീര.”

“പറ്റില്ല സന്ദീപ് എനിക്ക് ജോലിക്ക് പോയെ മതിയാവൂ. കല്യാണത്തിന് മുൻപ് നീ ഇങ്ങനെ ഒന്നുമല്ലല്ലോ പറഞ്ഞത്. നീ എന്തൊക്കെ പറഞ്ഞാലും ഞാൻ ജോലിക്ക് പോകും.

വീക്ക്‌ എൻഡിൽ ഞാൻ ഇങ്ങോട്ട് വരാം. നീ വെറുതെ വാശി പിടിച്ചു എന്നെ ഇവിടെ നിർത്താമെന്ന് വിചാരിക്കണ്ട. എനിക്ക് നിന്റെ സ്നേഹവും വേണം ജോലിയും വേണം.

എന്റെ ആവശ്യങ്ങൾക്ക് നിന്നോട് ക്യാഷ് ചോദിക്കാൻ എനിക്ക് ബുദ്ധിമുട്ട് ഉണ്ട് സന്ദീപ്. ഐആം സോറി.” സന്ദീപിന് പറയാനുള്ളത് കേൾക്കാൻ നിൽക്കാതെ മീര എഴുന്നേറ്റു അകത്തേക്ക് പോയി.

അവരുടെ സംസാരമൊക്കെ ഹാളിൽ ഇരുന്ന ജാനകിയും കേൾക്കുന്നുണ്ടായിരുന്നു. മീരയുടെ പിന്നാലെ പോകാൻ തുടങ്ങിയ സന്ദീപിനെ അവർ അടുത്തേക്ക് വിളിച്ചിരുത്തി.

“മോനെ അവളുടെ ജോലി കളയിക്കണ്ട, മോൾ പൊയ്ക്കോട്ടേ. നീ വെറുതെ ആ കാര്യം പറഞ്ഞു അവളെ വിഷമിപ്പിക്കരുത്. ആണായാലും പെണ്ണായാലും സ്വന്തം ആയിട്ട് ജോലി ഉള്ളത് നല്ലതാ. വേറൊരു ജോലി കിട്ടുന്നത് വരെ മീര ഈ ജോലിയിൽ തുടരട്ടെ.”

ജാനകി കൂടി മീരയെ സപ്പോർട്ട് ചെയ്തപ്പോൾ സന്ദീപ് സമ്മർദ്ദത്തിലായി. പിന്നീടവൻ മീരയെ അക്കാര്യത്തിൽ നിർബന്ധിക്കാൻ മുതിർന്നില്ല.

“മീരാ… ഐ വിൽ മിസ്സ്‌ യു…” മീരയുടെ നെറുകയിൽ ചുണ്ടുകൾ ചേർത്ത് നിറഞ്ഞ മിഴികളോടെ സന്ദീപ് പറഞ്ഞു.സാറ്റർഡേ മീരയെ അവളുടെ വീട്ടിൽ കൊണ്ടുവിടാൻ വന്നതായിരുന്നു സന്ദീപ്.

“സാരമില്ല സന്ദീപ്… കാണാൻ തോന്നിയാൽ പെട്ടന്ന് വരവുന്ന ദൂരമല്ലേയുള്ളു. ഇടയ്ക്ക് നീ ഇങ്ങോട്ട് വന്നിട്ട് പോ. വെള്ളിയാഴ്ച വൈകുന്നേരം ഞാൻ അങ്ങ് വരില്ലേ. സോ യൂ ഡോണ്ട് വറി മൈ സ്വീറ്റ് ഹാർട്.” സന്ദീപിനെ ഇറുക്കെ പുണർന്നു കൊണ്ട് മീര ആശ്വസിപ്പിച്ചു.

ദിവസങ്ങൾ അങ്ങനെ കടന്നുപോയി. വെള്ളിയാഴ്ച ഓഫീസിൽ നിന്ന് ഇറങ്ങിയാൽ മീര നേരെ പോകുന്നത് സന്ദീപിന്റെ വീട്ടിലേക്കാണ്.

മൺഡേ അവളെ ഓഫീസിൽ കൊണ്ട് വിടുന്നത് സന്ദീപാണ്. കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളുമായി അവരുടെ ജീവിതം മുന്നോട്ട് പോയി. ഇതിനിടയ്ക്ക് സന്ദീപിന്റെ വീട്ടിൽ നിന്നും പോയി വരാൻ എളുപ്പത്തിലുള്ള ജോലിയും മീര നോക്കുണ്ടായിരുന്നു.

വീക്ക്‌ എൻഡിൽ മീര വരുമ്പോഴൊക്കെ ജോലി വിടുന്ന കാര്യത്തെ പറ്റി സന്ദീപ് ചോദിക്കും.

അപ്പോഴെല്ലാം ‘നോ’ എന്ന് തന്നെയായിരുന്നു അവളുടെ ഉത്തരം. ഈ ജോലി ഉപേക്ഷിച്ചാൽ പെട്ടെന്ന് മറ്റൊരെണ്ണം കിട്ടിയില്ലെങ്കിൽ അത് ബുദ്ധിമുട്ട് ആകുമെന്ന് മീരയ്ക്കറിയാം.

അവളുടെ ആവശ്യങ്ങൾക്ക് വേണ്ടി മറ്റാരോടും പണം ചോദിക്കുന്നത് മീരയ്ക്ക് ഇഷ്ടമല്ല. അതിപ്പോ സ്വന്തം ഭർത്താവ് ആണെങ്കിൽ പോലും.

അങ്ങനെയിരിക്കെയാണ് ഒരു ദിവസം ഓഫീസിൽ ഇരിക്കുമ്പോൾ മീരയ്ക്ക് സന്ദീപിന്റെ കാൾ വരുന്നത്.

അമ്മ, ബാത്‌റൂമിൽ തെന്നി വീണെന്നും കാലൊടിഞ്ഞു ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയ കാര്യവും സന്ദീപ് അവളോട്‌ പറഞ്ഞു.വിവരം അറിഞ്ഞ ഉടനെതന്നെ മീര ലീവെടുത്തു ഹോസ്പിറ്റലിലേക്ക് ചെന്നു.

“മീര എനിക്കിന്ന് ഉച്ചയ്ക്ക് ശേഷം ഒരു ക്ലയന്റ് മീറ്റിംഗ് ഉണ്ട്. ഒഴിവാക്കാൻ പറ്റില്ല. ഹോസ്പിറ്റലിലെ കാര്യം നീ ഒറ്റയ്ക്കു മാനേജ് ചെയ്യുമോ?” അപേക്ഷ ഭാവത്തിൽ സന്ദീപ് അവളെ നോക്കി.

“ഇവിടുത്തെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം സന്ദീപ്. നീ ഓഫീസിൽ പൊയ്ക്കോ. അമ്മയുടെ കാര്യങ്ങൾ ഞാനേറ്റു.” മീരയുടെ വാക്കുകൾ അവനിൽ സന്തോഷം ഉളവാക്കി.

പിന്നീടുള്ള ദിവസങ്ങൾ സന്ദീപിന് വളരെയധികം തിരക്കേറിയ ദിവസങ്ങളായിരുന്നു. അതുകൊണ്ട് ഹോസ്പിറ്റലിൽ ജാനകിക്കൊപ്പം മീരയാണ് നിന്നത്.

ജാനകിയെ ഡിസ്ചാർജ് ചെയ്യുന്നതിന്റെ തലേ ദിവസമാണ് ഓഫീസിലെ തിരക്കുകൾ ഒഴിഞ്ഞു സന്ദീപിന് ലീവ് എടുക്കാൻ സാധിച്ചത്. പിറ്റേ ദിവസം ജാനകിയെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.

ഒരു മാസത്തേക്ക് പര സഹായമില്ലാതെ ജാനകിക്ക് നടക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ മുഴുവൻ സമയവും അവരോടൊപ്പം ആരെങ്കിലും ഉണ്ടായേ മതിയാവൂ.

“സന്ദീപ് അമ്മയെ നോക്കാൻ നമുക്കൊരു ഹോം നേഴ്സിനെ വയ്ക്കാം. എനിക്കിനി ലീവ് നീട്ടി കിട്ടില്ല. ഇനിയും അവധിയിൽ തുടർന്നാൽ ജോലിതന്നെ പോകും.”

“അങ്ങനെ ജോലി പോകുന്നെങ്കിൽ പോട്ടെ മീര. ഇപ്പോ അമ്മയെ നോക്കാൻ നീ ഇവിടെ വേണമല്ലോ. ഹോം നേഴ്സ് ഒന്നും നോക്കിയാൽ ശരിയാവില്ല.”

“അത് പറ്റില്ല സന്ദീപ്… എന്റെ ജോലി പോകുന്നത് നിനക്ക് സന്തോഷമുള്ള കാര്യമായിരിക്കും. പക്ഷേ എനിക്ക് അങ്ങനെയല്ല സന്ദീപ്.

അമ്മയ്ക്ക് സുഖമാകുന്നത് വരെ ഞാൻ ഇവിടുന്ന് ട്രെയിനിൽ പോയി വരാം. ഹോം നേഴ്സ് കൂടി ഉണ്ടെങ്കിൽ എനിക്കൊരു സഹായവും ആകും.”

“ഹോം നഴ്സിനെ നിർത്തിയാലും അവരുടെ അടുത്ത് അമ്മയെ ഒറ്റയ്ക്ക് ആക്കാൻ എനിക്ക് പേടിയാണ് മീര. ഇന്നത്തെ കാലത്ത് എന്തൊക്കെ സംഭവിക്കുമെന്ന് പറയാൻ പോലും പറ്റില്ല.

നിനക്കെന്താ സിറ്റുവേഷൻ മനസ്സിലാക്കി കൂടെ നിൽക്കാൻ പറ്റാത്തത്. എന്റെ അമ്മ ആയോണ്ടാണോ ഇനി… നിന്റെ അമ്മയാണെങ്കിൽ നീ ഇങ്ങനെ ചെയ്യുമായിരുന്നോ,?”

“സന്ദീപ്… വാക്കുകൾ അതിരു കടക്കുന്നു. ഇക്കാര്യത്തിൽ എന്റെ അമ്മ നിന്റെ അമ്മ എന്നൊന്നും ഇല്ല. എന്റെ അമ്മ ആണെങ്കിലും ഞാൻ ഒരു ഹോം നഴ്സിനെ വയ്ക്കുമായിരുന്നു.

കാരണം എനിക്ക് ജോലി ഉണ്ടെങ്കിൽ മാത്രമേ വീട്ടിലെ ചിലവുകളും അമ്മയുടെ ചികിത്സയ്ക്കുള്ള പണവും കിട്ടുള്ളു.

ഞാൻ ജോലി നിർത്തി അമ്മയെ നോക്കി വീട്ടിൽ നിന്നാൽ ബാക്കി ചിലവുകൾക്ക് പണം വേണ്ടി വരുമ്പോൾ ഞാൻ എന്ത് ചെയ്യും.?” മീരയുടെ ചോദ്യത്തിൽ ഒരു നിമിഷം സന്ദീപിന് ഉത്തരം മുട്ടി.

“നീ പറഞ്ഞതൊക്കെ ശരിയാണ് മീര. ബട്ട്‌ ഇവിടെ ഇപ്പോൾ എനിക്ക് ജോബ് ഉണ്ടല്ലോ. സോ നിനക്ക് ലീവ് നീട്ടി കിട്ടില്ലെങ്കിൽ ജോലി പോയാലും പേടിക്കണ്ടല്ലോ. അമ്മയുടെ കാൽ ശരിയായ ശേഷം നിനക്ക് മറ്റൊരു ജോലി നോക്കേം ചെയ്യാം.” സന്ദീപ് അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു.

“മീര മോൾ ജോലിക്ക് പോട്ടെ. എന്റെ കാര്യങ്ങൾ നീ ലീവെടുത്തു നോക്കിയാൽ മതി. ഈ ദിവസങ്ങളിൽ ഹോസ്പിറ്റലിൽ എന്റെ കൂടെ നിന്ന് എല്ലാം ചെയ്തു തന്നത് മീരയല്ലേ. എന്റെ കാലൊന്നു ഒടിഞ്ഞ പേരിൽ നീ അവളുടെ ജോലി കളയാൻ ശ്രമിക്കണ്ട. മീര പറഞ്ഞ കാര്യങ്ങൾ വളരെ ശരിയുമാണ്.

നീ ഇവിടെ ഒരു ഹോം നഴ്സിനെ നിർത്ത്. നീയും കൂടെ ലീവ് എടുത്ത് എന്റെ കാര്യങ്ങൾ നോക്ക്. നിനക്ക് ലീവ് കിട്ടാൻ പ്രയാസമൊന്നുമില്ലല്ലോ. നീ എന്റെ മോനല്ലേ. ഞാൻ നിന്റെ അമ്മയും. അപ്പോൾ എനിക്ക് ഒരു വയ്യായ്ക വന്നാൽ എന്നെ നോക്കേണ്ട ഉത്തരവാദിത്തം നിനക്കാണ്, മീരയ്ക്കല്ല.

പിന്നെ ഒരു ജോലി തെറിപ്പിക്കാൻ ഈസി ആണ് മോനെ. വേറൊന്ന് കിട്ടാനാണ് പാട്.
നിന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് നല്ലത് പോലെ അറിയാം മോനെ.

നീ ജോലിക്ക് കയറി പിറ്റേ മാസം സാലറി കിട്ടിയപ്പോൾ മുതൽ എന്നെ ജോലിക്ക് പോകുന്നതിൽ നിന്നും തടഞ്ഞവൻ ആണ് നീ. ഒരു വിശ്രമം ഞാനും ആഗ്രഹിച്ചത് കൊണ്ട് മാത്രം ആണ് ഞാൻ നിന്റെ തീരുമാനം അംഗീകരിച്ചു തന്നത്.

അല്ലാതെ നിന്നെ പേടിച്ചിട്ടല്ല. മീരയുടെ ജോലി റിസൈൻ ചെയ്യിപ്പിച്ച ശേഷം നീ അവളെ മറ്റൊരു ജോലിക്ക് വിടാതിരിക്കാൻ ശ്രമിക്കുമെന്ന് എനിക്ക് മനസിലായി. അതെന്തായാലും നടക്കില്ല സന്ദീപ്..” തന്റെ മനസ്സിലുള്ള കാര്യങ്ങൾ അമ്മ പറയുന്നത് കേട്ടപ്പോൾ അവനാകെ വല്ലാതായി.

“അമ്മേ… ഞാൻ…” തെറ്റ് കണ്ടുപിടിക്കപ്പെട്ട കുട്ടിയെ പോലെ അവൻ മുഖം കുനിച്ചു നിന്നു. മീരയുടെ മുഖത്തേക്ക് നോക്കാനും അവന് പ്രയാസം തോന്നി.

“ഒരു തൊഴിലിന്റെ വില എന്താണെന്ന് നീ മനസിലാക്കിയിട്ടില്ല… നിന്റെ അച്ഛൻ ജന്മനാ ഹാർട് പേഷ്യന്റ് ആയിരുന്നു. അത് മറച്ചു വച്ചാണ് അച്ഛന്റെ വീട്ടുകാർ ഞാനുമായുള്ള കല്യാണം നടത്തിയത്.

വിവാഹ കഴിഞ്ഞു എല്ലാം അറിഞ്ഞപ്പോൾ ഒരുപാട് സങ്കടം തോന്നി. എങ്കിലും നിന്റെ അച്ഛനെ ഞാൻ സ്നേഹിച്ചു. അന്ന് ഞാൻ ജോലിക്ക് പോകുന്നതിനെ നിന്റെ അച്ഛൻ കുറേ എതിർത്ത് നോക്കിയതാ.

ഞാൻ മൈൻഡ് ചെയ്തില്ല. അത് കൊണ്ട് ലാഭം മാത്രമേ ഉണ്ടായുള്ളൂ. നിനക്ക് പത്തു വയസുള്ളപ്പോൾ അച്ഛൻ മരിച്ചു. എനിക്ക് ജോലി ഉണ്ടായിരുന്നത് കൊണ്ട് ആരുടെയും മുന്നിൽ കൈനീട്ടാതെ ജീവിക്കാൻ പറ്റി. നിന്റെ അച്ഛനെ പേടിച്ചു ഞാൻ വീട്ടിൽ ഇരുന്നെങ്കിൽ എന്തായേനെ സ്ഥിതി.

നാളെ ഒരു ദിവസം പെട്ടന്ന് നിനക്ക് എന്തെങ്കിലും പറ്റിപോയാൽ അവൾക്ക് ജോലിയുണ്ടെങ്കിൽ നിന്റെ കാര്യം നോക്കാൻ അവൾക് ആരുടെയും മുന്നിൽ യാചിക്കേണ്ടി വരില്ല. അതുകൊണ്ട് ആണിനും പെണ്ണിനും ഒരു ജോലി അത്യാവശ്യം ആണ്.

സാലറിയിൽ നിന്ന് മാസം മാസം ഒരു നിശ്ചിത തുക ഭാവിയിലേക്ക് വേണ്ടി മാറ്റി വയ്ക്കുന്നത് നല്ലതായിരിക്കും. അങ്ങനെ ജീവിച്ചത് കൊണ്ടാണ് നിന്നെ പഠിപ്പിച്ചു ആളാക്കാൻ അമ്മയ്ക്ക് പറ്റിയത്.” ജാനകിയുടെ ഓരോ വാക്കുകളും സന്ദീപിൽ കുറ്റബോധം ഉളവാക്കി.

“സോറി അമ്മേ… ഞാൻ അത്രക്കൊന്നും ചിന്തിച്ചില്ല. മീരയോടുള്ള സ്നേഹകൂടുതൽ കൊണ്ടാണ് ഞാൻ ജോലിക്ക് പോണ്ടെന്ന് പറഞ്ഞത്. അവൾ എന്റെ കൂടെ എപ്പോഴും ഉണ്ടാവാൻ ഞാൻ ആഗ്രഹിച്ചു. ജോലിക്ക് പോയി കഷ്ടപ്പെടാതെ അവളെ പൊന്നുപോലെ നോക്കണമെന്നുള്ള ചിന്തയിൽ ആണ് ഞാൻ അങ്ങനെയൊക്കെ പറഞ്ഞത്.

എന്റെ തെറ്റ് എനിക്ക് മനസിലായി. മീര ജോലിക്ക് പൊയ്ക്കോട്ടേ. അമ്മയുടെ കാര്യങ്ങൾ ഞാൻ നോക്കിക്കോളാം.” അമ്മയുടെ മടിയിലേക്ക് മുഖം ചായ്ച്ചു സന്ദീപ് പറഞ്ഞു.

“ആരും ആരെയും ആശ്രയിച്ചു ജീവിക്കാൻ പാടില്ല മോനെ. ആരോഗ്യം ഉള്ള കാലം വരെ എല്ലാവരും അധ്വാനിച്ചു തന്നെ ജീവിക്കണം. നിനക്ക് വേണ്ടതൊക്കെ വാങ്ങിത്തന്ന് നിന്നെ പൊന്നുപോലെ

നോക്കാം അതുകൊണ്ട് നിന്നോട് ജോലി രാജി വച്ച് വീട്ടിലിരിക്കാൻ അവൾ പറഞ്ഞാൽ നീ അനുസരിക്കോ, ഇല്ലല്ലോ. അതുപോലെ തന്നെയാണ് ഇതും.” ജാനകി മകനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു.

“അമ്മ പറഞ്ഞതാണ് ശരി… ഇനി മീരയോട് ഞാൻ ഇങ്ങനെയൊന്നും ബിഹേവ് ചെയ്യില്ല.. സോറി മീര… നിന്നെ ഞാൻ ഇക്കാര്യം പറഞ്ഞു ഒത്തിരി വിഷമിപ്പിച്ചിട്ടുണ്ട്. ഇനി അങ്ങനെ ഉണ്ടാവില്ല. ഐആം റീലി സോറി.” സന്ദീപ് അവളോട് ക്ഷമാപണം നടത്തി.

“അതൊന്നും സാരമില്ല… ഇപ്പോഴെങ്കിലും നിനക്ക് ബുദ്ധി ഉദിച്ചല്ലോ. അതിന് അമ്മയ്ക്കാണ് താങ്ക്സ് പറയേണ്ടത്. താങ്ക്സ് അമ്മേ.” ജാനകിയുടെ കവിളിൽ ഉമ്മ വച്ചുകൊണ്ട് മീര അവരെ കെട്ടിപിടിച്ചു.

ജാനകി ഇരുവരെയും തന്റെ നെഞ്ചോരം ചേർത്ത് പിടിച്ചു. ദിവസങ്ങളായി സന്ദീപിനു മീരയ്ക്കും ഇടയിൽ പുകഞ്ഞു കൊണ്ടിരുന്ന ജോലി പ്രശ്നം അതോടെ ഇല്ലാതായി. പരസ്പരം സ്നേഹിച്ചും ഇണങ്ങിയും പിണങ്ങിയും അവർ ജീവിതം ആസ്വദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *