(രചന: ശ്രേയ)
“എനിക്ക് ഇനി സഹിക്കാൻ പറ്റില്ല.. എനിക്ക് ഡിവോഴ്സ് കിട്ടിയേ പറ്റൂ.. എത്രകാലം എന്നു വച്ചാണ് ഞാൻ ഓരോരുത്തരുടെ അടിമയായി ജീവിക്കുന്നത്..?”
അവൾ കണ്ണീരോടെ കൈകൂപ്പി കൊണ്ട് ചോദിച്ചപ്പോൾ ഒരു പെണ്ണ് എന്ന നിലയിൽ വക്കീലിന്റെ മനസ്സും അലിഞ്ഞിരുന്നു.
“താൻ എന്താ കാര്യം എന്ന് പറയൂ. അത് അറിഞ്ഞാലല്ലേ നമുക്ക് ഡിവോഴ്സിനെ കുറിച്ച് ചിന്തിക്കാൻ പറ്റൂ..”
വക്കീൽ ശാന്തമായി പറഞ്ഞപ്പോൾ അവൾ ഒരു നിമിഷം അവരെ നോക്കി. തനിക്ക് അവരിൽ നിന്നും നീതി കിട്ടും എന്നൊരു തോന്നൽ അവളുടെ ഉള്ളിൽ ഉണ്ടായപ്പോൾ തന്റെ ജീവിതത്തിൽ സംഭവിച്ചത് ഓരോന്നും അവൾ തുറന്നു പറയാൻ തുടങ്ങി.
” വക്കീലെ എന്റെ പേര് അശ്വതി… ബാങ്കിൽ അക്കൗണ്ടന്റ് ആണ്.. വിവാഹം കഴിഞ്ഞിട്ട് രണ്ടുവർഷത്തോളം ആയി.ഇതുവരെ കുട്ടികളൊന്നും ആയിട്ടില്ല.. ”
അവൾ പറഞ്ഞു തുടങ്ങിയപ്പോൾ അഡ്വക്കേറ്റ് രമ്യ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
” വിവാഹത്തിനു മുമ്പാണോ വിവാഹത്തിന് ശേഷമാണോ തനിക്ക് ജോലി കിട്ടിയത്..? ”
രമ്യ പെട്ടെന്ന് ഒരു ചോദ്യം ചോദിച്ചു.”വിവാഹത്തിനു ശേഷം തന്നെയാണ്.”അശ്വതി സമ്മതിച്ചു.” ശരി ഇനി കാര്യം എന്താണെന്ന് പറയൂ.. ”
പറഞ്ഞപ്പോൾ അശ്വതി തന്റെ അനുഭവങ്ങൾ ഒരിക്കൽ കൂടി മനസ്സിൽ ഓർത്തു നോക്കി. പിന്നെ ഓരോന്നായി അവരോട് തുറന്നു പറയാൻ ആരംഭിച്ചു.
” ഞാൻ ഡിഗ്രി കഴിഞ്ഞ് വീട്ടിൽ നടക്കുന്ന സമയത്താണ് വിനയേട്ടന്റെ വിവാഹാലോചന വരുന്നത്. അദ്ദേഹം ഒരു പിഡബ്ല്യുഡി എൻജിനീയറാണ്. കാണാനും വലിയ തെറ്റില്ലാത്ത ഒരാളാണ്.
ഗവൺമെന്റ് ജോലിയുള്ള ഒരു ചെറുപ്പക്കാരനെ കണ്ടപ്പോൾ തന്നെ എന്റെ വീട്ടുകാരുടെ കണ്ണ് മഞ്ഞളിച്ചു എന്ന് തന്നെ പറയാം.
പെണ്ണുകാണൽ ചടങ്ങും നടന്നപ്പോൾ എനിക്ക് അദ്ദേഹത്തിനോട് വലിയ താല്പര്യക്കുറവൊന്നും തോന്നിയില്ല.
നല്ലൊരു മനുഷ്യൻ അത്രയേ ചിന്തിച്ചുള്ളൂ. പക്ഷേ അധികം സംസാരിക്കാത്ത ഒരു പ്രകൃതമായിരുന്നു.
എന്നെ സംബന്ധിച്ച് അതൊരു പ്രശ്നമായി തോന്നിയതുമില്ല. ജാതകം നോക്കിയപ്പോൾ ഞങ്ങളുടെ ജാതകങ്ങൾ തമ്മിൽ നല്ല പൊരുത്തം ഉണ്ടായിരുന്നു.
അതുകൊണ്ടു തന്നെ ഈ വിവാഹാലോചന തള്ളിക്കളയാൻ രണ്ടു വീട്ടുകാരും തയ്യാറായില്ല.
മൂന്നു മാസത്തിനുള്ളിൽ അദ്ദേഹത്തിന്റെ പേര് കൊത്തിയ താലി എന്റെ കഴുത്തിൽ വീണു. ഈ മൂന്നു മാസത്തിനിടയിൽ അദ്ദേഹം എന്നോട് വലിയ രീതിയിൽ ഒന്നും അടുപ്പം കാണിച്ചിട്ടുണ്ടായിരുന്നില്ല.
ഒരുപാട് ഫോൺ വിളികളോ മെസ്സേജ് ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ വിവാഹം ഉറപ്പിച്ച എന്റെ സുഹൃത്തുക്കൾ പലരും എല്ലായിപ്പോഴും ഫോണിലാണ് എന്ന് പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്.
എനിക്ക് അങ്ങനെ കിട്ടാതെ ആയപ്പോൾ ഒരിക്കൽ ഞാൻ അമ്മയോട് പരാതി പറയുകയും ചെയ്തു.’ അവൻ വെറുതെ ഇരിക്കുന്ന ഒരു ചെറുപ്പക്കാരൻ ഒന്നുമല്ല. ഉത്തരവാദിത്തപ്പെട്ട ഒരു പോസ്റ്റിൽ ഇരിക്കുന്ന ഒരാളാണ്.
അങ്ങനെ ഒരു ചെറുപ്പക്കാരന് ചെയ്തു തീർക്കാൻ ഒരുപാട് കാര്യങ്ങൾ ഉണ്ടാകും. എപ്പോഴും നിന്നോട് കുറുകിയിരിക്കാൻ അവനു സമയം തികയുന്നുണ്ടാവില്ല.
പിന്നെ കല്യാണം കഴിഞ്ഞിട്ട് ഒന്നുമില്ലല്ലോ.. മാന്യന്മാരായ ആൺകുട്ടികൾ കല്യാണത്തിന് മുൻപ് പെൺകുട്ടികളോട് ഇങ്ങനെ ഇടപെടാറില്ല.
കല്യാണത്തിന് ശേഷം അവൻ നിന്നെ സ്നേഹിക്കുന്നുണ്ടോ ഇല്ലയോ എന്ന് മാത്രം നോക്കിയാൽ മതി.’ അമ്മ അന്ന് അങ്ങനെ പറഞ്ഞപ്പോൾ അത് ഒരുപക്ഷേ ശരിയായിരിക്കും എന്ന് എനിക്ക് തോന്നുകയും ചെയ്തു.
വിവാഹത്തിനു ശേഷം ഒരു പക്ഷേ അദ്ദേഹത്തിന്റെ സ്വഭാവത്തിൽ മാറ്റം വരും എന്ന് ഞാൻ കരുതി.”അവൾ പറയുന്ന ഓരോ വാക്കുകളും രമ്യ ശ്രദ്ധയോടെ കേൾക്കുന്നുണ്ടായിരുന്നു.
” വിവാഹം കഴിഞ്ഞ് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കയറുമ്പോൾ ഏതൊരു പെൺകുട്ടിയെയും പോലെ എനിക്കും ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു.
എന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഒപ്പം നിൽക്കുന്ന ഒരു ഭർത്താവിനെയാണ് ഞാൻ ആഗ്രഹിച്ചത്. പക്ഷേ കിട്ടിയത്.. ”
അത്രയും പറഞ്ഞു അവൾ ഒന്നും നെടുവീർപ്പിട്ടു.”എന്താ സംഭവിച്ചത്..?”രമ്യ ഒരിക്കൽ കൂടി ചോദിച്ചു.
” വിവാഹം കഴിഞ്ഞ് ആദ്യദിവസം തന്നെ അദ്ദേഹം എന്നോട് പറഞ്ഞത് പരസ്പരം മനസ്സിലാക്കിയതിനു ശേഷം മതി ഒരു ദാമ്പത്യജീവിതം എന്നായിരുന്നു.
അത് എന്നെ സംബന്ധിച്ച് ഒരു പ്രശ്നമായിരുന്നു. എന്നെ ഇഷ്ടപ്പെടാത്തത് കൊണ്ടായിരിക്കും ഒരുപക്ഷേ അദ്ദേഹം അങ്ങനെ പറയുന്നത് എന്ന് ഞാൻ കരുതി.
അതോ പല സിനിമകളിലും കണ്ടിട്ടുള്ളതു പോലെ അദ്ദേഹത്തിന് മറ്റെന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നും ഞാൻ സംശയിച്ചു.
സാധാരണ കഥകളിലൊക്കെ കാണുമ്പോൾ ആദ്യരാത്രിയിൽ തന്നെ ഇങ്ങനെ പറയുന്ന ഭർത്താവിനെ മറ്റെന്തെങ്കിലും ബന്ധമുള്ളത് പോലെ ആണല്ലോ.
അദ്ദേഹത്തിനും അങ്ങനെ എന്തെങ്കിലും ഉണ്ടാകുമോ എന്നോർത്ത് എനിക്ക് വല്ലാതെ ടെൻഷനായി.
രണ്ടാമത്തെ രാത്രിയിലും ഇതുതന്നെ ആവർത്തിച്ചപ്പോൾ എന്റെ ടെൻഷൻ വർദ്ധിച്ചു എന്ന് തന്നെ പറയാം.
പിന്നീടുള്ള ദിവസങ്ങളിലും ഇതൊരു തുടർക്കഥയായി മാറിയപ്പോൾ അദ്ദേഹത്തിന് മറ്റെന്തോ ഒരു ബന്ധമുണ്ട് എന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. പക്ഷേ അങ്ങനെ വിട്ടുകൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല.
അതുകൊണ്ടു തന്നെയാണ് തൊട്ടടുത്ത ഒരു ദിവസം രാത്രിയിൽ അദ്ദേഹത്തിനോട് ചേർന്ന് കിടന്നത്. പകപോടെ നോക്കി അദ്ദേഹത്തിനോട് ഞാൻ തന്നെയാണ് പറഞ്ഞത് ദാമ്പത്യജീവിതം ആരംഭിക്കാനുള്ള സമയമായി എന്ന്.
അദ്ദേഹത്തിന് അതിൽ എന്തോ തൃപ്തി കുറവുണ്ട് എന്ന് എനിക്ക് അന്നും തോന്നിയതാണ്. പക്ഷേ അതൊന്നും എനിക്കൊരു പ്രശ്നമായിരുന്നില്ല.
കയ്യിൽ കിട്ടിയ ജീവിതം നശിച്ചു പോകരുത് എന്നൊരു ചിന്ത മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്തായാലും അന്നുമുതൽ ഞങ്ങൾക്കിടയിൽ ഒരു ദാമ്പത്യജീവിതം നിലനിൽക്കുന്നു എന്ന് തന്നെ പറയാം.
വിവാഹത്തിനു ശേഷം വീട്ടിലിരിക്കാൻ തന്നെയായിരുന്നു ഏതൊരു സ്ത്രീയെയും പോലെ എനിക്കും താല്പര്യം.പക്ഷേ ഞാൻ ജോലിക്ക് പോകണമെന്ന് അദ്ദേഹത്തിന് വാശിയായിരുന്നു.
എനിക്കും കൂടി ചെലവിന് തരാൻ കഴിയാത്തതു കൊണ്ടാണോ എന്ന് പലപ്പോഴും ഞാൻ ചോദിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ഒരു ചിരിയോടെ എന്നെ നോക്കി നിൽക്കും എന്നല്ലാതെ മറ്റൊന്നും പറഞ്ഞിട്ടില്ല.
അദ്ദേഹത്തിന്റെ വാശിയിലാണ് ഞാൻ ബാങ്ക് കോച്ചിങ്ങിന് പോയതും ബാങ്കിൽ ജോലി നേടിയെടുത്തതും ഒക്കെ. പക്ഷേ ജോലിക്ക് പോയി കഴിഞ്ഞതിനു ശേഷമാണ് ദാമ്പത്യജീവിതം ഇങ്ങനെയൊന്നുമല്ല എന്ന് എനിക്ക് തോന്നി തുടങ്ങിയത്.”
അശ്വതി പറഞ്ഞത് കേട്ടപ്പോൾ രമ്യയുടെ നെറ്റി ചുളിഞ്ഞു. അത് മനസ്സിലാക്കിയത് പോലെ അശ്വതി തുടർന്ന് പറയാൻ തുടങ്ങി.
” ബാങ്കിൽ എന്നോടൊപ്പം വർക്ക് ചെയ്യുന്ന സഹപ്രവർത്തകരുടെ ഭർത്താക്കന്മാരൊക്കെ അവരെ സ്നേഹിക്കുന്നത് എങ്ങനെയാണെന്ന് മാഡം ഒന്ന് കാണണം.
എല്ലാ ദിവസവും അവരെ ബാങ്കിൽ കൊണ്ടുവന്നു വിടും. യാത്ര പറയുന്ന സമയം പരസ്പരം കണ്ണിൽ നോക്കി സംസാരിക്കുന്ന അവരെയൊക്കെ കാണുമ്പോൾ എനിക്ക് അത്ഭുതമാണ്.
ഇന്നുവരെ എന്റെ ഭർത്താവ് എന്റെ മുഖത്ത് പോലും 5 നിമിഷത്തിൽ കൂടുതൽ നോക്കിയിട്ടുണ്ടോ എന്ന് എനിക്ക് സംശയമാണ്.
റോഡിൽ ആണെന്ന് പോലും നോക്കാതെ കയ്യിൽ ഒരു ചുംബനം നൽകിക്കൊണ്ട് പോകുന്ന എന്റെ ഒരു സഹപ്രവർത്തകയുടെ ഭർത്താവിനെ
ഞാൻ കണ്ടിട്ടുണ്ട്. എല്ലാവർക്കും അതൊരു നിത്യ കാഴ്ചയാണ്. എന്നെ സംബന്ധിച്ച് ഇതൊക്കെ വലിയൊരു അത്ഭുതവും..
അവിടെ വച്ചാണ് എനിക്ക് മനസ്സിലായത് എന്റെ ഭർത്താവ് എന്നെ സ്നേഹിക്കുന്നില്ല എന്ന്. പലപ്പോഴും അദ്ദേഹത്തിന്റെ വാശികളും തീരുമാനങ്ങളും മാത്രമാണ് എന്നിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടുള്ളത്.
ഞാൻ എന്തു വസ്ത്രം ധരിക്കണം ആരോട് സംസാരിക്കണം എന്നൊക്കെ തീരുമാനിക്കുന്നത് അയാളാണ്. അയാൾക്ക് ഇഷ്ടമല്ലാത്ത ആരോടെങ്കിലും ഞാൻ സംസാരിക്കുകയാണെങ്കിൽ അന്ന് മുഴുവൻ എന്നെ ചീത്ത പറയും.
ശരിക്കും പറഞ്ഞാൽ മടുത്തു. ഓരോ മാസവും ഞാൻ കഷ്ടപ്പെട്ട് ജോലി ചെയ്ത് ഉണ്ടാക്കുന്ന പണത്തിന്റെ കണക്ക് വരെ അയാളെ ബോധിപ്പിക്കണം എന്ന് പറയുന്നത് എന്ത് കഷ്ടമാണ്..? ”
അത്രയും പറഞ്ഞു കൊണ്ട് അശ്വതി പൊട്ടിക്കരഞ്ഞപ്പോൾ രമ്യയ്ക്ക് അവളോട് സഹതാപം തോന്നി.
അവളെ ആശ്വസിപ്പിച്ച് പറഞ്ഞയക്കുമ്പോൾ അവളുടെ ഭർത്താവ് വിനയനെ കാണണം എന്നുകൂടി രമ്യ ആവശ്യപ്പെട്ടു.
അത് പ്രകാരം തൊട്ടടുത്ത ഒരു ദിവസം തന്നെ വിനയൻ വന്നു രമ്യയെ കാണുകയും ചെയ്തു.
അയാളെ കണ്ടപ്പോൾ തന്നെ ഒരു സാധു എന്നാണ് രമ്യയ്ക്ക് തോന്നിയത്. എങ്കിലും ആശ്വതി പറഞ്ഞ കാര്യങ്ങൾ ഓർമ്മ വരുമ്പോൾ രമ്യയ്ക്ക് അയാളോട് ദേഷ്യം തോന്നി.
അശ്വതി പറഞ്ഞ കാര്യങ്ങളൊക്കെ രമ്യ അയാളെ ധരിപ്പിക്കുകയും ചെയ്തു.ഒരു നിമിഷം രമ്യയെ നോക്കിയിരുന്ന ശേഷം അയാളുടെ കണ്ണുകൾ നിറഞ്ഞു.
” സ്നേഹം ഇഷ്ടം എന്നൊക്കെ പറയുന്നതുകൊണ്ട് ഇവൾ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് സത്യമായും എനിക്കറിയില്ല.
അവൾ പറഞ്ഞില്ലേ അവൾ ആരോട് സംസാരിക്കണം എന്നൊക്കെ എന്റെ ഇഷ്ടമാണ് എന്ന്.. ഇവൾക്ക് കണ്മുന്നിൽ ആരെങ്കിലും വന്നു എന്ന് സംസാരിച്ചാൽ
അവർ ഏത് അർത്ഥത്തിലാണ് സംസാരിക്കുന്നത് എന്ന് പോലും അവൾക്ക് അറിയില്ല.
ഒരിക്കൽ ഞങ്ങൾ രണ്ടാളും കൂടി ഷോപ്പിങ്ങിന് പോയി വന്നപ്പോൾ അവളുടെ ഒരു സുഹൃത്തിനെ കണ്ടു. സുഹൃത്ത് എന്ന് വിശേഷിപ്പിക്കാൻ പറ്റില്ല അവളുടെ ഒരു കോളേജ് മേറ്റ്.
അവൻ അവളോട് സംസാരിക്കുമ്പോഴും അവന്റെ കണ്ണുകൾ അവളുടെ ശരീരത്തിൽ ഓടി നടക്കുകയായിരുന്നു. എന്നുമാത്രമല്ല അവൻ പറയുന്നത് പലതും ധ്വയാർത്ഥ പ്രയോഗങ്ങൾ ആയിരുന്നു.
അതൊന്നും മനസ്സിലാക്കാനുള്ള ബോധം അവൾക്ക് ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല അവൾ അതൊക്കെയും ആസ്വദിച്ച് നിൽപ്പുണ്ടായിരുന്നു.
ഭാര്യയെ സ്നേഹിക്കുന്ന ഒരു ഭർത്താവ് എന്നുള്ള നിലയ്ക്ക് ഒരിക്കലും എനിക്ക് അത് സഹിക്കാൻ കഴിയുന്ന ഒന്നല്ല.
അതുകൊണ്ടാണ് അന്ന് ഞാൻ അവളെ വഴക്ക് പറഞ്ഞത്. പിന്നെ അവൾ ധരിക്കുന്ന വസ്ത്രത്തിന്റെ കാര്യം. മാന്യമായ വസ്ത്രം ധരിക്കണം എന്ന് മാത്രമാണ് ഞാൻ അവളോട് ആവശ്യപ്പെട്ടിട്ടുള്ളത്.
മുട്ടിനു മേലെ നിക്കുന്ന ഫ്രോക്കും ഇട്ട് അവൾ ഫാമിലി ഫങ്ക്ഷന് വരുമ്പോൾ കൂടിനിൽക്കുന്ന ബന്ധുക്കൾ മുഴുവൻ അവളെ കുറ്റം പറയുന്നത് കേൾക്കാൻ എനിക്ക് വയ്യാത്തത് കൊണ്ടാണ്.
അവളുടെ ശമ്പളത്തിന്റെ കണക്ക് എന്നെ ബോധിപ്പിക്കണം എന്ന് പറഞ്ഞില്ലേ..? അതെന്തുകൊണ്ടാണെന്ന് മാഡത്തിന് അറിയാമോ..? ബ്യൂട്ടി പ്രോഡക്റ്റ്നോട് ഒരുപാട് ഭ്രമം ഉള്ള ആളാണ് അവൾ.
കിട്ടുന്ന ശമ്പളം മുഴുവൻ അതിനുവേണ്ടി ചെലവഴിച്ചിട്ട് അവൾക്ക് വണ്ടിക്കൂലിക്കുള്ള പൈസ ഞാൻ കൊടുക്കേണ്ടി വരും.
അതുകൊണ്ടാണ് ഓരോ മാസവും അവൾ എത്ര രൂപ എന്തിന് ചെലവാക്കുന്നു എന്ന് ഞാൻ അന്വേഷിക്കുന്നത്.
ഒരു രൂപ പോലും അവൾ എന്റെ വീട്ടിലേക്ക് ചിലവാക്കിയിട്ടില്ല.പിന്നെ അവൾ പറയുന്നതുപോലെ നാട്ടുകാരെ കാണിച്ചു കൊണ്ടുള്ള സ്നേഹപ്രകടനങ്ങളിൽ എനിക്ക് വിശ്വാസമില്ല. ഞാൻ ഇങ്ങനെയാണ്.
എനിക്ക് ഇങ്ങനെ ആകാനേ അറിയാവൂ. എന്നെ സഹിക്കാൻ അവൾക്ക് പറ്റുന്നില്ലെങ്കിൽ ഡിവോഴ്സിനു എന്താണ് വേണ്ടത് എന്ന് വെച്ചാൽ മാഡം ചെയ്തോളൂ..”
അത്രയും പറഞ്ഞ് കണ്ണു തുടച്ചു കൊണ്ട് അവൻ എഴുന്നേറ്റു പോകുമ്പോൾ രമ്യ സ്ഥബ്ഥയായി ഇരിക്കുകയായിരുന്നു.