(രചന: Jamsheer Paravetty)
“എടാ ചെക്കാ എനിക്കൊരു പൊട്ട്താ…”നിന്ന് ചിണുങ്ങി രാധിക“ഞാനേ.. കഷ്ടപ്പെട്ട് എറിഞ്ഞു വീഴ്തീതാ..”
മുഖം വീർപ്പിച്ച് കണ്ണുകൾ തെക്ക് വടക്ക് നോക്കി അവൾ… പെണ്ണ് പിണങ്ങുന്നത് കാണാനാ കൂടുതൽ ചേല്.. ഇളം മഞ്ഞ നിറത്തിലുള്ള ദാവണിയും അവളുടെ ആ മായാവി പല്ലും…
“മനുവേട്ടാന്ന് വിളിച്ചാ വേണങ്കി തരാം..” ചുറ്റും നോക്കി.. ആരുമില്ല.. മെല്ലെ വിളിച്ചു മനുവേട്ടാ..
“അയ്യടാ..അത് പറ്റൂല്ല ഇവിടെ വന്ന് ഉറക്കെ വിളിക്ക്..” കൈകൾ പിറകിലേക്ക് പിടിച്ച്.. മടിച്ചു മടിച്ചു വന്നടുത്ത് വന്ന് വിളിച്ചു
“മനുവേട്ടാ..” ആ വിളിയിൽ മനസ് നിറഞ്ഞു..“ന്റെ രാധൂന് തരനാ മാങ്ങ പറിച്ചത്.. എന്നെ ചെക്കാ വിളിക്കോ ഇനി…”“ഇല്ലല്ലോ…”
“ന്നാ..” അവളുടെ കൈയിൽ വെച്ച് കൊടുത്തു…ആ മായാവി പല്ലും കാട്ടി ചിരിച്ചു രാധു… ഈ ചിരി കാണാനാണല്ലോ ഇത്രയും നേരം മാവിലെറിഞ്ഞത്..
“പോടാ.. ചെക്കാ…” വീടിനടുത്തെതിയതും രാധികയുടെ സ്വഭാവം മാറി..ഏഴിലാണ് രാധിക.. പ്ളസ്ടുവിൽ പഠിക്കുന്ന എന്നെ നല്ല ബഹുമാനവും സ്നേഹവും ഉണ്ടായിരുന്നു ഈ അടുത്ത കാലം വരെ.. കുഞ്ഞു നാള് തൊട്ടേ എന്റെ കൂടെ വളർന്നവൾ…
തൊട്ടടുത്ത വീട്ടിലെ ശ്രീദേവി ചേച്ചിയുടെയും സുകുവേട്ടന്റേയും ഒരേയൊരു മോൾ..
കുറച്ച് നാളായി അവൾക്ക് എന്തൊക്കെയോ മാറ്റമുണ്ട്… പഴയ പോലെ എപ്പോഴും എന്റടുത്ത് വരില്ല.. അകലെ നിന്ന് നോക്കി ചിരിച്ച്കാണിക്കും..
പിന്നെ ഓരോ നാളും കാലം രാധികയിൽ മാറ്റം വരുത്തുന്നത് ഞാൻ അറിയുകയായിരുന്നു……
നെഞ്ചിലെ മുഴുപ്പും.. കണ്ണുകളിലെ തിളക്കവും കൂടി.കൂടി വന്നു.. പക്ഷേ അപ്പോഴും ആ മായാവി പല്ലും മനം മയക്കുന്ന ആ ചിരിയും അതേപടി..
കോളേജിൽ നിന്ന് വന്നാൽ രാധികയുടെ വീട്ടിൽ ഒന്ന് പോയിട്ട് വരും.. അവളുടെ അമ്മയുടെ ഏതെങ്കിലും ഒരു സ്പെഷ്യൽ പലഹാരവും ചായയും കുടിച്ച് വാതിലിന്റെ അപ്പുറത്ത് രാധു ഒളിഞ്ഞു നോക്കി നിൽക്കുന്നത് കാണും…
വാസുദേവൻ നായരുടെ ആകെയുള്ള മകനാണ് ഞാൻ.. അമ്മ ഓമന..അച്ഛൻ ബൈക്ക് വാങ്ങിത്തന്ന അന്ന് തൊട്ടുള്ള ആഗ്രഹമാണ് അവളെ കയറ്റി എവിടെയെങ്കിലും ഒന്ന് പോവണം.. രാധികയാണെങ്കിലോ മിണ്ടാതെ… അകലെ നിന്ന് ചിരിച്ചു കാണിക്കും… അടുത്ത് പോലും വരുന്നില്ല ഈയിടെയായി…
എല്ലാ കാര്യങ്ങളും വിശദമായി എഴുതി അവളുടെ കൈയ്യിൽ കൊടുത്തു.. കൊടികുത്തിമലയായിരുന്നു ലക്ഷ്യം..
സ്പെഷ്യൽ ക്ലാസ്സെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നിറങ്ങിയത്.. വണ്ടി താഴെ നിർത്തി . രാധികയുടെ കൈപിടിച്ച് നടന്നു.. വീജനമായ സ്ഥലങ്ങൾ…
പെരിന്തൽമണ്ണ നഗരത്തില് നിന്ന് ആറോ ഏഴോ കിലോമീറ്റർ അകലെയാണ് കൊടികുത്തി മല..
ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും കാണേണ്ട സ്ഥലങ്ങൾ… മനോഹരമായ പുൽമേടുകളും കുന്നിൻ ചെരുവുകളും…
കശുമാവിൻ ചുവട്ടില് പാറക്കല്ലിൽ ഇരുന്നു……വേറെ ആരെയും കാണുന്നില്ല.. ആളുകൾ വരാൻ തുടങ്ങുന്നതേയുള്ളൂ..“മനുവേട്ടാ… പേടിയാകുന്നു….ട്ടോ…”
“രാധൂ ഈ നട്ടുച്ചയ്ക്ക് നമ്മളല്ലാതെ വേറെ ആരാ.. ഇവിടെ വരാ…” എന്നിട്ടും അവളുടെ പേടി മാറിയില്ല…
“എന്റെ രാധൂ.. ഞാനില്ലേ നിന്റെ കൂടെ.. എന്നിട്ടും പേടിയാണോ…”അവളുടെ കരങ്ങൾ വിറക്കുന്ന പോലെ…“രാധൂ…”“ഊം..”
അവളെന്നെ ചേർന്നിരുന്നു… എന്റെ അധരങ്ങൾ അവളുടെ പേടിയെ ഒപ്പിയെടുത്തു… രാധുവിന്റെ മുഖവും കഴുത്തുമെല്ലാം ജോൺസൺ ആന്റ് ജോൺസൺ പൗഡറിന്റെ മണം..
“നീ ഇപ്പോഴും കുഞ്ഞു മക്കളെ പൗഡറാണോ ഇടാറ്..” നാണത്തിൽ വിരിഞ്ഞ അവളുടെ മുഖത്തിന് മഴവില്ലിനേക്കാൾ അഴകുണ്ടായിരുന്നു…
ആരോ അടുത്തുവന്ന പോലെ.. നോക്കിയത് ചുറ്റും നിന്ന് മൊബൈലിൽ വീഡിയോ എടുക്കുന്ന നാല് പേരുടെ മുഖങ്ങളിൽ.. പേടിയോടെ പിടഞ്ഞെഴുന്നേറ്റു…
“നല്ല രസണ്ടോ പൗഡറിന്റെ മണം. ഞാനൊന്ന് നോക്കട്ടെ..” രാധികയെ കടന്നു പിടിച്ചവനെ ചവിട്ടി താഴെയിട്ടു.. അപ്പോഴേക്കും കൂടെയുള്ള മൂന്നു പേരും കൂടി എന്നെ കീഴ്പ്പെടുത്താൻ ശ്രമിച്ചു..“രാധൂ ഓടി രക്ഷപ്പെടൂ..”
“മനുവേട്ടാ… എനിക്ക് പേടിയാ..”വിറയലോടെ നിൽക്കുന്ന രാധികയോട് കേണപേക്ഷിച്ചു വീണ്ടും… “മോളേ.. താഴോട്ട് ഓടി രക്ഷപ്പെടൂ.. വേഗം..”
“ഇവരെ ഞാൻ നോക്കാം..” മുഷ്ടി ചുരുട്ടി ഇടിച്ചത് ഒരുവന്റെ മൂക്കിനായിരുന്നു… ചവിട്ടു കൊണ്ട് വീണവനും എഴുന്നേറ്റു വന്ന് മറ്റവരൊടൊപ്പം കൂടി..
ആ നാല് പേരേയും കൂടി നേരിടുക എന്നത് വളരെ ശ്രമകരമായിരുന്നു.. അടി കൊണ്ട എന്റെ വലത് കണ്ണിന്റെ കാഴ്ച തന്നെ മറഞ്ഞപോലെ..
എങ്കിലും പിടിച്ചു നിന്നു.. ഞാൻ വീണാൽ എന്റെ രാധു.. മരക്കൊമ്പ് കൊണ്ടുള്ള അടി പെരടിയിൽ കൊണ്ടത് ഓർമ്മയുണ്ട്…
ഇഎംഎസ് ആശുപത്രിയുടെ ക്രിട്ടിക്കൽ കെയർ യൂണിറ്റിൽ ഓർമ വന്നപ്പോൾ മെഷീനുകളുടെ ബീപ് ബീപ് ശബ്ദം……
ഓർമ്മകളിൽ രാധുവിന്റെ മുഖം തെളിഞ്ഞതും പിടഞ്ഞെഴുന്നേറ്റു… കഴിയുന്നില്ല… കാലുകളും കൈകളും പ്ളാസ്റ്ററിലാണ്…. തൊട്ടടുത്ത് നിൽക്കുന്ന സിസ്റ്ററെ വിളിച്ചു…ശബ്ദം പുറത്തു വരുന്നില്ല…..
തൊട്ടടുത്ത ഐസിയുവിൽ രാധിക ഉണ്ട് എന്നും ഇപ്പോഴും ബോധം വന്നിട്ടില്ല എന്നും പിന്നീട് അറിഞ്ഞു.. പിന്നെ പ്രാർത്ഥനകളുടെ ദിനങ്ങളായിരുന്നു… എന്റെ കൈകാലുകൾ അടിച്ചൊടിച്ചിരുന്നു അവർ..
ക്രൂരമായി അവരുടെ പീഡനത്തിനിരയായ രാധികയ്ക്ക് ഇപ്പോഴും ബോധം വന്നിട്ടില്ല…ഏതൊക്കെയോ ഞരമ്പുകൾക്ക് ക്ഷതം പറ്റി…
കസേരയിൽ ഇരുത്തി അവളുടെ അരികിൽ കൊണ്ട് പോകും…ആരും ഒരിക്കലും കുറ്റെപ്പെടുത്തി പോലും സംസാരിച്ചിരുന്നില്ല.. അത് കൂടുതൽ വേദനയായി..
കേസ് കൊടുത്തത് വെറുതെയായി… പ്രതികൾ ജാമ്യം നേടി… ആറ് മാസം.. നടക്കാൻ തുടങ്ങിയിരുന്നു ഞാൻ… രാധിക ഇപ്പോഴും കോമയിൽ…
മനസ് മുഴുവൻ പകമാത്രം… എന്റെ രാധുവിന്റെ ജീവിതം തകർത്തവരോട് പകരം വീട്ടാൻ… രാധികയുടെ അരികിൽ പോയി ഇരിക്കും.. അവളുടെ കൈയിൽ പിടിച്ച്… വെറുതെ എന്തെങ്കിലും സംസാരിച്ചിരിക്കും…
“ചേച്ചിയേ… രാധു കരയുന്നു…” അൽഭുതത്തോടെ കണ്ട കാഴ്ച സന്തോഷത്തോടെ വിളിച്ചു പറഞ്ഞു…
അതേ.. രാധികയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി നിൽക്കുന്നു… അവൾക്ക് മനസിൽ എവിടെയോ ബോധമുണ്ട്..
എന്റെ അമ്മയടക്കം ഓടി വന്നിരുന്നു…രാധൂ… പലയാവർത്തി വിളിച്ചു…ചുണ്ടുകൾ വിറക്കുന്നുണ്ട്…
“മ..നു..വേ..ട്ടാ….” ആ വിളി കേട്ടതും രണ്ടമ്മമാരും നോക്കി നിൽക്കെ തന്നെയവളെ ചുംബനങ്ങൾ കൊണ്ട് മൂടി…
അന്ന് മുതൽ കൂടുതൽ നേരം അവളോട് സംസാരിച്ചു കൊണ്ടിരുന്നു.. മനസ്സിൽ ഉള്ളതെല്ലാം അവളോട് തുറന്നു പറയും..
എന്റെ രാധുവിനെ നശിപ്പിച്ചവരെ ഈ മനുവേട്ടൻ തീർത്തിരിക്കും.. ഓരോ തവണയും അത് പറയുമ്പോൾ അവളുടെ കണ്ണുകൾ കൂടുതൽ പ്രകാശിക്കുന്ന പോലെ…
പണ്ട് നിർത്തിയ തായ്ക്വോണ്ടോ അഭ്യാസം വീണ്ടും തുടങ്ങി… ശരീരം നല്ല വേദന… കാലുകളും കൈകളും പാകം വരുന്നില്ല… പക്ഷേ.. ശരീരത്തേക്കാൾ വേദന മനസിനായിരുന്നത് കൊണ്ട്… പ്രാക്ടീസ് ചെയ്യുന്നത് തുടർന്നു…
പിന്നെ പിന്നെ രാധുവിന്റെ അരികിൽ ഇരുന്ന് പ്ളാൻ ചെയ്ത് തുടങ്ങി.. എങ്ങനെ ഇല്ലാതാക്കണം.. അവളുടെ കൈയിൽ പിടിച്ച് ഓരോ ദിവസവും വാക്ക് കൊടുത്തു… ഓരോ തവണയും അവളുടെ കൈയുടെ ബലം കൂടി വന്നു… അതെ.. അവളും ആഗ്രഹിക്കുന്നുണ്ട് അവരുടെ മരണം..
എന്തിനും കൂടെയുള്ള പ്രിയ സൗഹൃദങ്ങള് കൂടുതൽ കരുത്ത് പകർന്നു… ഫോൺട്രാപ്പിൽ പെടുത്തി കൊടികുത്തി മലയുടെ മുകളിലേക്ക് തന്നെ വരുത്തി… ആദ്യത്തവനെ…
കൊടികുത്തി മലയിലെ കൊക്കയിലേക്ക് വീണ് മരിച്ച പ്രസാദിന്റെ മരണവാർത്ത രാധുവിന് പത്രത്തിൽ വായിച്ചു കേൾപ്പിച്ചപ്പോൾ അവളുടെ മുഖം കൂടുതൽ തെളിച്ചമുള്ള പോലെ…
“മനു…വേട്ടാ..” അവളുടെ വിളിയുടെ ഇടർച്ച കുറഞ്ഞ് വന്നു…രണ്ടാമത്തെവനേയും സമാന രീതിയിൽ തന്നെ വകവരുത്തി… രാധിക കൂടുതൽ ഉഷാറായിരുന്നു.. ഫിസിയോതെറാപ്പി ചെയ്യുന്ന സമയം ദീർഘിപിച്ചു…
അവളെഴുന്നേറ്റ് നടക്കുന്നത് കാണാൻ വേണ്ടി നേരാത്ത നേർച്ചകളില്ല ,മൂന്നാമത്തെയും സമാന രീതിയിൽ തന്നെ.. പക്ഷേ അവൻ പാതി ജീവനോടെ ഓടി… പിറകെ ഞാനും.. ഒടുവിൽ ആളുകളുടെ മുന്നിലിട്ട് തന്നെ അവനെ തീർത്തു…
“മനോജിന് ഒരു വിസിറ്ററുണ്ട്….”“ഛെ നശിപ്പിച്ചു… കഥ കേൾക്കുമ്പോഴാ..”“ആരാണെന്ന് പോയി നോക്കി വേഗം വാ..മനൂ..”
സഹ തടവുകാരുടെ കഥ കേൾക്കാനുള്ള ആകാംക്ഷ… രണ്ട് പേരും ഒരുമിച്ച്.. ഈശ്വരാ.. രാധുവിന് എന്തേലും.
“സുഖാണോ..”“ഓഹ് സുഖമാണ്..”“രാധൂന്റെ വിശേഷങ്ങൾ..”“അവൾക്ക് ഈയിടെയായി തീരെ വയ്യ.. മോനേ..”“നിന്നെ കാണാൻ വല്ലാതെ ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നുന്നു..”
“നിന്നെ കുറിച്ച് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറയും….”“വയ്യെങ്കിലും എപ്പോഴും നിന്നെ വിളിക്കുന്നു…”
പാവം ന്റെ രാധു ഇത്രയും കാലമായിട്ടും വേറെയൊന്നും സംസാരിക്കാൻ കഴിയുന്നില്ല അവൾക്ക്.. എന്നെ വിളിക്കും.. വളരെ അപൂർവമായി അമ്മേ എന്നും..
പരോളിന് അപേക്ഷ നൽകിയിട്ടുണ്ട്..അടുത്ത ആഴ്ച ലഭിക്കും…
“മനൂ പോയി ഉറങ്ങിക്കോളൂ ഇനി.. സമയം പതിനൊന്നു മണിയായല്ലോ…” രാധുവിന്റെ അരികിൽ ഇരുന്നു നേരം പോയതറിഞ്ഞില്ല..
രാധിക നന്നേ ക്ഷീണിച്ചിരുന്നു… കണ്ണുകൾ കുഴിയിൽ പോയപോലെ… എങ്കിലും വളരെ പണിപ്പെട്ട് മനുവേട്ടാന്ന് വിളിക്കും…
നാളെ കാണാം എന്ന് പറഞ്ഞിട്ട് പോന്നു… ഉറങ്ങാൻ കഴിയുന്നില്ല… ഓർമ്മകളിൽ രാധുവിന്റെ പഴയ മനോഹരമായ മുഖവും ചിരിയും…
ഒരാൾ കൂടിയുണ്ട്… അവനെ കൂടി തീർക്കണംഎന്നാലേ മനസ് ശാന്തമാകൂ… അവന്റെ താവളം സബ്രീന ഹോട്ടലിന്റെ പിറകിലെ ബസ്സ്റ്റാൻഡ് റോഡാണെന്നറിഞ്ഞിരുന്നു…
രാവിലെ മുതൽ കാത്തിരുന്ന് ഒടുവിൽ ഉച്ചയായി അവനെത്തിയപ്പോൾ… ആളുകളുടെ മുന്നിലിട്ട് തന്നെ തീർത്തു… ഓരോ തവണയും അവന്റെ മേനിയിൽ ആയുധമിറങ്ങുമ്പോഴും രാധു മനസിലിരുന്ന് ചിരിച്ചു….
ചോരയിൽ കുളിച്ച് രാധികയുടെ വീട്ടിലേക്ക് ചെല്ലുമ്പോൾ ഒരാൾക്കൂട്ടം… രാധികയെ ഹാളിൽ കിടത്തിയിരുന്നു…. ചുറ്റുമിരുന്ന് കരയുന്നവരെ നോക്കിയില്ല…
“നോക്ക് രാധൂ.. മോളേ…കണ്ണ് തുറന്നു നോക്കെടാ…. അവനേയും തീർത്തല്ലോ.. ഞാൻ….. എന്റെ രാധൂനെ നശിപ്പിച്ച എല്ലാവരെയും തീർത്തല്ലോ….. രാധൂ കണ്ണ് തുറക്കെടാ…..”
അവളുടെ നിശ്ചലമായ മേനിയിൽ വീണ് ഹൃദയം പൊട്ടി കരഞ്ഞു… എന്റെ സങ്കടത്തിൽ.. എന്റെ വേദനയിൽ.. എന്റെ കരച്ചിലിൽ കണ്ട് നിന്നവര് കൂടി ചേർന്നപ്പോൾ അവിടെ ചുമരിൽ തൂക്കിയിട്ട ഭഗവാന്റെ രൂപം പോലും കരഞ്ഞുവോ… ആരൊക്കെയോ പിടിച്ച് പുറത്തേക്ക് കൊണ്ട് പോയി…
“സാറേ ചടങ്ങുകൾ കഴിഞ്ഞ് കൊണ്ട് പോയിക്കോ.. ന്റെ കുട്ടിനെ…. അത് വരെ ഞാൻ വന്നോളാം അവന് പകരമായി..” അച്ഛൻ കേണു..
“മാറി നിൽക്കെടോ… പിടിച്ച് വണ്ടിയിൽ കയറ്റ്..പട്ടാപ്പകല് നഗരമധ്യത്തിലൊരാളെ തീർത്തവനാ…”
തള്ളിയലച്ച് സീറ്റിന്റെ കമ്പിയിലിടിച്ച് ചുണ്ടുകൾ പൊളിഞ്ഞു വരുന്ന ചോരയും ചുറ്റും നിന്ന് പരിതപിക്കുന്ന മുഖങ്ങളും മനു കാണുന്നുണ്ടായിരുന്നില്ല… വാതിലിന്റെ മറവിൽ നിന്ന് എത്തി നോക്കുന്നുണ്ട് ആ മുഖം…
“എടാ ചെക്കാ… നീയെന്നെ തനിച്ചാക്കി പോവാണോ…”“ഇല്ല രാധൂ… ഞാനും വരും… വൈകാതെ നിന്റരികിലേക്ക്…..”
പാതി പൊളിഞ്ഞ് ചോരയൊലിക്കുന്ന ചുണ്ടുകൾ കൊണ്ടവളോട് പറഞ്ഞു……. വിടർന്ന കണ്ണുകളോടെ ആ മായാവി പല്ലുകൾ കാട്ടി ചിരിക്കുന്നുണ്ടായിരുന്നു… അവളപ്പോഴും…