അനാഥപ്പെണ്ണിനെ മിന്നുകെട്ടി കൂടെ കൂട്ടിയപ്പോഴേ ഞങ്ങൾ പറഞ്ഞതാ വേണ്ട വേണ്ടാന്ന്. അന്ന് എന്തായിരുന്നു ആദർശം

ജനിമൃതികൾക്കിടയിൽ
(രചന: പുഷ്യാ)

“” ജതിൻ…. നമ്മുടെ കുഞ്ഞ്… “”വിതുമ്പിക്കൊണ്ട് നന്ദിത ജതിന്റെ കയ്യിൽ അമർത്തിപിടിച്ചു. ജതിന്റെ കണ്ണുകളും നിറയുന്നുണ്ടായിരുന്നു. ഏറെ ശ്രദ്ധ നൽകിയതാണ്. എന്നിട്ടും നന്ദിതയുടെ ഉദരത്തിൽ രണ്ടാമതായി എത്തിയ തങ്ങളുടെ കുഞ്ഞഥിതിയും നഷ്ടപ്പെട്ടിരിക്കുന്നു.

ജതിൻ നന്ദിതയെ നോക്കി. കരച്ചിലടക്കാൻ പാടുപെട്ടു ചുമരിലേക്കെവിടെയോ അലക്ഷ്യമായി ദൃഷ്ടി പതിപ്പിച്ചുകൊണ്ടവൾ കിടക്കുകയാണ്. വലം കൈ ഇപ്പോഴും യന്ത്രികമായി വയറിൽ മെല്ലെ തലോടുന്നുണ്ട്.

ഇന്നലെ വരെ കുഞ്ഞിനോട് കിന്നാരം ചൊല്ലിക്കൊണ്ട് അവൾ തലോടിയ ഉദരം ഇന്ന് ശൂന്യമാണെന്ന് ഉൾക്കൊള്ളാൻ അവൾക്ക് തെല്ലും മനസുണ്ടായിരുന്നില്ല.

ഇപ്പോഴും വയറിൽ തഴുകുമ്പോൾ ഉള്ളിലെ കുരുന്നിനായി അവൾ കരുതിയ വാത്സല്യം മിഴികളിലൂടെ ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.

വയറിൽ പതിച്ചു വച്ചിരുന്ന നന്ദിതയുടെ വലം കൈയിൽ ഒന്ന് ചുംബിച്ചു അവളുടെ നെറുകയിൽ തലോടിക്കൊണ്ട് ജതിൻ വേഗം ആ മുറിയിൽ നിന്ന് പുറത്തേക്കിറങ്ങി.

ജതിൻ അത്രനേരം അടക്കി വച്ചിരുന്ന കണ്ണുനീർ ധാരയായി പുറത്തേക്കൊഴുകി. ഇനിയൊരു കുഞ്ഞിന് സാധ്യതയില്ലെന്ന ഡോക്ടറുടെ വാക്കുകൾ അവന്റെ കാതിൽ മുഴങ്ങുംതോറും അവന്റെയുള്ളം പിടഞ്ഞു.

അവൻ ഓർമകളിലേക്ക് പോയി. നാല് വർഷങ്ങൾക്ക് മുമ്പ് പള്ളിമുറ്റത്ത് വച്ചു കണ്ട ഒരു സുന്ദരിപ്പെണ്ണിനോട് തോന്നിയ ഇഷ്ടം.

പലദിവസങ്ങളിൽ ബസ് സ്റ്റോപ്പിനരികിലെ കുരിശടിയിൽ മെഴുകുതിരി കത്തിച്ചു കുരിശ് വരക്കവേ ബസിന്റെ ബെൽ അടി കേട്ട് വേഗം ഓടിക്കയറുന്ന പെണ്ണിനെ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.

തിരഞ്ഞുപിടിച്ചു അവളുടെ കോളേജ് വരെയെത്തിയതും….നേരിട്ടുള്ള കണ്ടുമുട്ടലിൽ ആദ്യമൊക്കെ അവൾ തന്നെ തീരെ ഗൗനിക്കാതെ തഴഞ്ഞതും….

അവിടെ തന്നെ ഗസ്റ്റ് ലെക്ചർ ആയ ഒരു സുഹൃത്ത് വഴി അവളെപ്പറ്റി കൂടുതൽ അറിഞ്ഞതും… പിന്നീടെപ്പോഴോ അവളും തന്നെ ശ്രദ്ധിച്ചു തുടങ്ങിയതും ഒക്കെ ജതിന്റെ മനസിലൂടെ ഒന്നിനുപിറകെ ഒന്നായി കടന്നു പോയി.

അവളുടെ തന്നെ അധ്യാപകനും തന്റെ സുഹൃത്തുമായ ആനന്ദ് പറഞ്ഞാണ് അറിഞ്ഞത്. പേര് നന്ദിതയെന്നും പള്ളി വക ഹോസ്റ്റലിൽ ആണ് താമസമെന്നും.

എല്ലാത്തിലുമുപരി അവളൊരു അനാഥയാണെന്നും വളർന്നതൊക്കെ ഓർഫനെജിൽ ആണെന്നും പിന്നാലെ അറിഞ്ഞു.

ഒരു അനാഥയാണെന്ന അപകർഷതാബോധംകൊണ്ട് കൂടിയാണ് തന്നോട് അകൽച്ച കാണിക്കുന്നത് എന്ന് തിരിച്ചറിഞ്ഞപ്പോൾ ജതിന് നന്ദിതയോടുള്ള പ്രണയം കൂടിയതേയുള്ളു.

ആരോരും ഇല്ലാതെ വളർന്നവളുടെ ജീവിതത്തിലേക്ക് സ്വന്തമെന്ന് പറയാൻ ഒരാളായി ജതിൻ കടന്നുവന്നപ്പോൾ പിന്നീടെപ്പോഴോ ആ അനുഭൂതിയിൽ അവളും പ്രണയം കണ്ടെത്തിതുടങ്ങി.

ഒരു അനാഥപ്പെണ്ണിനെയാണ് മകൻ പ്രണയിക്കുന്നത് എന്നറിഞ്ഞ പാലയ്ക്കൽ തറവാട്ടിൽ നല്ലൊരു ഭൂകമ്പം തന്നെയുണ്ടായി.

എങ്കിലും വീട്ടുകാരുടെ എതിർപ്പിനെയും വെല്ലുവിളികളെയും പാടെ അവഗണിച്ചു ജതിൻ അവളെ പലയ്ക്കൽ തറവാടിന്റെ മകളായി… തന്റെ ജീവിതസഖിയായി കൈപിടിച്ച് കയറ്റി..

കുറച്ചു നാളുകൾ കഴിഞ്ഞു. കുടുംബക്കാരുടെ മുറുമുറുപ്പുകൾ പരസ്യമായി പ്രകടമാക്കുന്നത് കുറഞ്ഞു. എന്നിരുന്നാലും ജതിന്റെ വീട്ടുകാർ അവളോടുള്ള ഇഷ്ടക്കേട് മറച്ചു വച്ചില്ല.കുറച്ചു വിഷമങ്ങൾക്കിടയിലും നന്ദിത ജതിന്റെ സ്നേഹതണലിൽ ആശ്വാസം കണ്ടെത്തി.

അങ്ങനെയൊരു ദിവസം. അവരുടെ സ്നേഹത്തിനാധാരമായി ഒരു കുഞ്ഞു ജീവൻ നന്ദിതയുടെയുള്ളിൽ തളിരിട്ടു. അന്നാണ് അവളുടെ അനാഥത്വം അവളെ ഇത്രകാലം എത്രമേൽ നോവിച്ചിരുന്നു എന്ന് ജതിൻ തിരിച്ചറിഞ്ഞത്.

“”ജതിൻ….നമുക്ക് കുഞ്ഞുവാവ വരാൻ പോകുവാണെന്ന്… കണ്ടില്ലേ “”കയ്യിലിരിക്കുന്ന പ്രെഗ്നൻസി കാർഡിൽ തെളിഞ്ഞ പ്രത്യാശയുടെ രണ്ട് വരകൾ ജതിന് നേരെ നീട്ടിപ്പിടിച്ചുകൊണ്ട് നന്ദിത പറഞ്ഞു.

ജതിന്റെ സന്തോഷത്തിനും അളവില്ലായിരുന്നു. എന്നിരുന്നാലും തന്നെക്കാൾ പതിന്മടങ്ങു സന്തോഷവതിയാണ് അവളെന്ന് ജതിന് മനസിലായി.

അവൾ സന്തോഷംകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു അവനെ മുറുകെ കെട്ടിപിടിച്ചു. അവനും അവളെ തന്നോട് ചേർത്തുപിടിച്ചു.

“”ജതിന് അറിയോ… ഞാനിപ്പോ എത്രമാത്രം സന്തോഷിക്കുന്നുണ്ടെന്ന്. ഒരു അമ്മയാകുന്നതിലുപരി ഞാനിത്രനാൾ അനുഭവിച്ച അനാഥത്വത്തിൽ നിന്ന് ഞാൻ മോചിതയാകാൻ പോകുന്ന പോലെ ഒരു തോന്നൽ ആണ് ഇപ്പൊ എന്റെയുള്ളിൽ.

എനിക്കറിയില്ല ജതിൻ…എന്റെ സന്തോഷം നിന്നെ എങ്ങനെ പറഞ്ഞു മനസിലാക്കും എന്ന് “”അത് പറയവേ നന്ദിതയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

“”നന്ദൂ… എന്തായിത്. ഞാൻ കൂടെയുണ്ടായിട്ടും ഇപ്പോഴും ആരുമില്ലെന്ന തോന്നൽ നിന്നിൽ അവശേഷിക്കുന്നുവോ. അപ്പൊ ഞാൻ നിനക്ക് അന്യനാണോ “”ജതിൻ നന്ദിതയെ ചേർത്തുപിടിച്ചുകൊണ്ട് കട്ടിലിലിരുന്നു.

“”നീ എനിക്ക് ആരുമല്ലേ എന്നോ. എനിക്കിപ്പോൾ ഈ ലോകത്ത് സ്വന്തമെന്ന് പറയാൻ ആരെങ്കിലും ഉണ്ടേൽ അത് നീ മാത്രമല്ലെ. നീ അന്യനാണെന്ന് ആണോ ഞാൻ പറഞ്ഞതിനർത്ഥം. നീ എനിക്ക് എന്റെ സ്വന്തം ജീവനിലും വലുതാണ്.

എനിക്ക് ഏറ്റവും വിലപ്പെട്ടത്. പക്ഷേ ഈ കുഞ്ഞ്…ഈ കുഞ്ഞ് ജനിച്ചു കഴിഞ്ഞാൽ എനിക്ക് ഈ ഭൂമിയിൽ രക്തബന്ധം എന്ന് പറയാൻ ഇത് മാത്രമാണുള്ളത്.

അതിന്റെ അനുഭൂതി ജതിനെ പറഞ്ഞു മനസിലാക്കാൻ എന്റെ വാക്കുകൾക്ക് കഴിയില്ല. അച്ഛനും അമ്മയും സഹോദരങ്ങളും തുടങ്ങി യാതൊരു ബന്ധവും അനുഭവിച്ചിട്ടില്ലാത്ത എനിക്ക് ഈ കുഞ്ഞ് ജീവൻ അത്രമേൽ വിലപ്പെട്ടതാണ് “”

അവളുടെ വാക്കുകൾ കാതുകളിൽ മുഴങ്ങുമ്പോൾ ഹോസ്പിറ്റലിൽ നന്ദിതയുടെ റൂമിന് പുറത്തെ ബെഞ്ചിൽ ഇരിക്കുന്ന ജതിന്റെ കണ്ണുകളിൽ കണ്ണുനീർ തളംകെട്ടി.

ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് ആയ നന്ദിതയെയും കൂട്ടി വീട്ടിലേക്കെത്തിയപ്പോഴും അവൾക്കിനി ഒരു കുഞ്ഞിന് സാധ്യതയില്ല എന്ന് അവൾ അറിഞ്ഞിരുന്നില്ല.

പക്ഷേ അവളെ കുത്തിനോവിക്കാൻ ഒരവസരം കാത്തുനിന്ന ആ വീട്ടുകാർക്ക് ഇതിലും നല്ലൊരായുധം ഇനി കിട്ടുന്നില്ലല്ലോ.

ജതിൻ നന്ദിതയെ റൂമിൽ കൊണ്ട് കിടത്തി അവൾക്കുള്ള മരുന്ന് എടുത്തു കൊടുക്കവേയാണ് ഹാളിൽ അവന്റെ അമ്മച്ചിടെ ശബ്ദം ഉയർന്നു കേട്ടത്

“” അനാഥപ്പെണ്ണിനെ മിന്നുകെട്ടി കൂടെ കൂട്ടിയപ്പോഴേ ഞങ്ങൾ പറഞ്ഞതാ വേണ്ട വേണ്ടാന്ന്.

അന്ന് എന്തായിരുന്നു ആദർശം. ദൈവം ശപിച്ചു വിട്ടതാ ഇതിനെയൊക്കെ. കണ്ടില്ലേ ഇപ്പൊ രണ്ടാമത്തെ കുഞ്ഞും പോയത്. ഇവളുടെ കാലക്കേട് എന്റെ മോനും കൂടിയാണല്ലോ അനുഭവിക്കുന്നത്.

ഒരു കുഞ്ഞിനെ പത്തു മാസം ഉദരത്തിൽ സംരക്ഷിക്കാൻ പോലും കഴിയാത്തവൾ. രണ്ടെണ്ണത്തിനെ കൊണ്ട് കളഞ്ഞേച്ചും വന്നേക്കുന്നു കണ്ണീരൊലിപ്പിച്ചോണ്ട്.

കുലം മുടിപ്പിക്കാനായി വന്നു കേറിയവൾ ഇനി ഒരിക്കലും പ്രസവിക്കില്ലന്ന് കൂടി കേട്ടപ്പോൾ തൃപ്തിയായല്ലോടാ നിനക്ക് “” ജതിന്റെ അമ്മച്ചി അവൾ കേൾക്കാൻപാകത്തിനു വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു.

അത്ര നേരം നന്ദിതയോടൊപ്പം ഇരുന്ന് അവളോട് അതൊന്നും കാര്യമാക്കണ്ട എന്ന് പറഞ്ഞു ആശ്വസിപ്പിച്ച ജതിൻ അവസാനത്തെ വാചകത്തിൽ തറഞ്ഞുപോയി.

നന്ദിതയെ നോക്കുമ്പോൾ അവൾ അവനെ ഞെട്ടലോടെ നോക്കിയിരിക്കുകയാണ് കേട്ടത് സത്യമാണോ എന്ന ഭാവത്തിൽ.

ജതിന് അവളോട് എന്ത് മറുപടി കൊടുക്കണമെന്നറിയാതെ കുഴഞ്ഞു. അവൻ അവളുടെ കവിളിൽ മെല്ലെ തട്ടിയ ശേഷം തലയണ ചാരിവച്ചു കിടത്തി ഒന്ന് ശ്വാസമെടുത്തുകൊണ്ട് പുറത്തേക്കിറങ്ങി.

“”നിങ്ങളെന്തൊരു സ്ത്രീയാണ്. അവളെ നിങ്ങൾക്ക് ഇഷ്ടമില്ല. അത് ഞാൻ സമ്മതിച്ചു. അതിന് ഞങ്ങൾക്ക് യാതൊരു പ്രശ്നവുമില്ല. ഇപ്പൊ നഷ്ടപ്പെട്ടത് അവളുടെ മാത്രം കുഞ്ഞല്ല. എന്റെയും കൂടിയാ. അതായത് നിങ്ങളുടെ പേരക്കിടാവ്.

മകന്റെ കുഞ്ഞ് മരിച്ചപ്പോൾ ഒരു അമ്മയ്ക്ക് ചേരുന്ന പ്രതികരണമാണോ നിങ്ങള് ഈ കാണിച്ചു കൂട്ടുന്നത് . രണ്ട് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ട ഒരു പെങ്കൊച്ചാ അകത്തു കരഞ്ഞു തളർന്നു കിടക്കുന്നെ. അതിനോട് ഇത്തിരി അനുകമ്പ… എവിടുന്ന്…

ഇത്ര നാളും അമ്മച്ചി എന്ന് വിളിച്ച സ്ത്രീയായതുകൊണ്ട് എനിക്ക് കൂടുതൽ ഒന്നും പറയാൻ തോന്നുന്നില്ല. ഇനി എന്റെയോ അവളുടെയോ ഞങ്ങളുടെ കുഞ്ഞിന്റെയോ കാര്യത്തിൽ നിങ്ങൾക്ക് യാതൊരു വേവലാതിയും വേണ്ട.

ഇനി ഈ കാര്യത്തിൽ ഇവിടെയൊരു സംസാരം ഞാൻ കേട്ടാൽ!!! “” അവൻ വിരല് ചൂണ്ടി അത് പറയുമ്പോൾ അക്ഷരർത്ഥത്തിൽ അവർ വിറയ്ക്കുകയായിരുന്നു.

തിരികെ റൂമിലെത്തിയപ്പോഴും നന്ദിത ജതിനെയും കാത്ത് കിടക്കുകയായിരുന്നു.അവൾ അവനെക്കണ്ടു മെല്ലെ എഴുന്നേൽക്കാൻ ശ്രമിക്കവേ വേദന തോന്നി അവൾ വയറിൽ അമർത്തി പിടിച്ചു.

“”എന്തിനാ നീ എണീക്കുന്നെ. എന്തേലും ആവശ്യമുണ്ടെൽ എന്നെ വിളിച്ചൂടെ നിനക്ക് “” ജതിൻ വേഗം വന്നു അവളെ താങ്ങിയിരുത്തി.

“”ജതിൻ സത്യം പറ. അമ്മച്ചി പറഞ്ഞതിൽ എന്തേലും കാര്യമുണ്ടോ. ഡോക്ടർ എന്താ പറഞ്ഞെ. എനിക്ക് ഇനി ഒരു കുഞ്ഞിനെ…”” അത് പറയുമ്പോൾ അവൾ വിതുമ്പി

അവളോട് കള്ളം പറഞ്ഞിട്ട് കാര്യമില്ലായെന്ന് അവന് മനസിലായി.അവന്റെ മൗനത്തിൽ നിന്ന് തന്നെ അവൾക്ക് എല്ലാം വ്യക്തമായി.അവളുടെ അടക്കി വച്ചിരുന്ന സങ്കടമൊക്കെയും എങ്ങലായി പുറത്തേക്ക് വന്നു.

“”സോറി…. ജതിൻ “”അവൾ കരച്ചിലിനിടയിലും വിക്കി വിക്കി പറഞ്ഞുഅവൻ എന്തിനെന്ന അർത്ഥത്തിൽ അവളെ നോക്കി.

“” അമ്മച്ചി പറഞ്ഞത് ശെരിയാ. ശാപം കിട്ടിയ ജന്മമാ എന്റെ. എന്നെ സ്നേഹിച്ചതുകൊണ്ടല്ലേ ജതിനും ഇപ്പോൾ ഈ അവസ്ഥ വന്നത്.

ഒരു കുഞ്ഞിനെ തരാൻ പോലും കഴിയാതെ…. ഞാൻ ഇൻകംപ്ലീറ്റ് ആണ് ജതിൻ…ജതിന്റെ ജീവിതത്തിൽ ഞാൻ ഒരു പരാജയ… “”

അവൾ അത് പറഞ്ഞു മുഴുമിപ്പിക്കുന്നതിനു മുന്നേ തന്നെ അവൻ അവളുടെ ചുണ്ടുകളിൽ വിരൽ ചേർത്തു അരുതെന്ന് തലയാട്ടി.

ജതിൻ ഒരു ഗ്ലാസിൽ വെള്ളമെടുത്തു അവൾക്ക് നേരെ നീട്ടി. അവളുടെ കവിളിൽകൂടി ഒഴുകിയിറങ്ങിയ മിഴിനീർ തുടച്ചുകൊണ്ട് അവൻ പറഞ്ഞു “” ആവശ്യമില്ലാത്തതൊന്നും ചിന്തിക്കരുത്.

എന്താ നീ പറഞ്ഞെ. നീ ഇൻകംപ്ലീറ്റ് ആണെന്നോ. എന്റെ ജീവിതത്തിനെ കംപ്ലീറ്റ് ആക്കുന്നത് നീയാണെന്ന ഞാൻ വിശ്വസിക്കുന്നത്. ഒരിക്കലും നീയെന്റെ പരാജയമല്ല.

എന്നെ ഓരോ നിമിഷവും ജയിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാണ് നിയെനിക്ക്. കുഞ്ഞുങ്ങൾ ഉണ്ടാകോ ഇല്ലയോ എന്ന് ആലോചിച്ചിട്ടല്ല ഞാൻ നിന്നേ ഇഷ്ടപ്പെട്ടതും ജീവിതത്തിലേക്ക് കൂടിയതും.

അതുപോലെ തന്നെ കുഞ്ഞുങ്ങൾ ഇല്ല എന്ന് ഓർത്തു നിന്നോടുള്ള സ്നേഹത്തിന് കുറവ് വരാനും പോകുന്നില്ല.

കാരണം ഞാൻ വിശ്വസിക്കുന്നത് കുഞ്ഞുങ്ങൾ അച്ഛനമ്മമാരുടെ സ്നേഹത്തിന്റെ അടയാളമാണ്. അല്ലാതെ സ്നേഹത്തിന്റെ കാരണമല്ല.

നാല് വർഷം മുന്നേ ജതിൻ നന്ദിതയെ സ്നേഹിച്ചത് അവർക്ക് എന്നോ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ സ്വപ്നം കണ്ടിട്ട് അല്ലടോ. അതുകൊണ്ട് താനിങ്ങനെയൊന്നും പറഞ്ഞു എന്നെ വിഷമിപ്പിക്കാതെ.””

ഇത്രയും പറഞ്ഞ ശേഷം അവൻ അവളെ നേരെ കിടത്തി നെറുകയിൽ ഒന്ന് ചുംബിച്ചു. അവൾ അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി കിടന്നു. അവളുടെ കണ്ണുകളിൽ മായാതെ നിന്ന നോവ് അവന് തിരിച്ചറിയാൻ കഴിയുന്നുണ്ട്.

നിരാശയോടെ വീണ്ടും ഉദരത്തിലേക്ക് നീണ്ട അവളുടെ വലതുകൈ അവളുടെ വയറിൽ സ്പർശിക്കുന്നതിന് മുമ്പ് അവൻ ആ കയ്യിൽ കടന്നു പിടിച്ചുകൊണ്ട് നിസ്സഹായമായി അരുതെന്ന് തലയാട്ടി.

അവൾ നോവ് കലർന്ന പുഞ്ചിരിയോടെ ആ കൈ അവന്റെ കയ്യിലേക്ക് ചേർത്തുപിടിച്ചു മെല്ലെയുറങ്ങി. ഉറങ്ങിക്കിടക്കുന്ന അവളുടെ കൈ ചേർത്തുപിടിക്കവേ അവൻ മനസിലെന്തോ ഉറപ്പിച്ചിരുന്നു

മൂന്നു വർഷങ്ങൾക്ക് ശേഷം,ഇന്ന് അനയ മോളുടെ പിറന്നാളാണ്. വല്യ ആഘോഷങ്ങൾക്ക് പകരം അവർ ഇന്ന് പോകുന്നത് ആ അനാഥാലയത്തിലേക്കാണ്. നന്ദിത വളർന്ന അതേ ഓർഫനെജ്.

കാറിൽ അവിടേക്ക് പോകുമ്പോൾ നന്ദിതയുടെ മനസിലൂടെ രണ്ട് വർഷം മുമ്പുള്ള ആ ദിവസം കടന്നുപോയി. അവൾ മടിയിലിരിക്കുന്ന അനയമോളേ ചേർത്തുപിടിച്ചുഅവൾ ഓർമകളിലേക്ക് പോയി.

അബോർഷൻ കഴിഞ്ഞു ബെഡ് റസ്റ്റ്‌ ഒക്കെ കഴിഞ്ഞു താൻ ഒന്ന് നോർമൽ ആയതും ജതിൻ ആദ്യം ചെയ്തത് ആ വീട്ടിൽ നിന്ന് താമസം മാറുകയാണ്. എനിക്ക് വേദനകൾ മാത്രം നൽകിയ ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ജതിൻ മനസ്സിൽ എന്തൊക്കെയോ കണക്കുകൂട്ടിയിരുന്നു എന്ന് തനിക്ക്‌ തോന്നി.

പുതിയ വീടുമായി പൊരുത്തപ്പെട്ടു കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജതിന് അവളോട് പുറത്തേക്ക് പോകാമെന്നു പറഞ്ഞു. അവൻ വണ്ടി നിറുത്തിയത് അവളുടെ പഴയ ആ അനാഥാലയത്തിന്റെ മുന്നിലാണ്. അവൾ അവനെ മിഴിച്ചു നോക്കി.

“” തന്നോട് കുറച്ചു ദിവസമായി പറയണമെന്ന് ഓർത്തു. പിന്നീട് കരുതി ആശിപ്പിച്ചിട്ട് നടന്നില്ലെങ്കിലൊ എന്ന്. അത് തനിക്കൊരു വിഷമമാകില്ലേ. അതുകൊണ്ട് ഞാൻ ഒറ്റയ്ക്കു വന്നു ഫോര്മാലിറ്റികളെ പറ്റിയൊക്കെ അന്വേഷിച്ചു വച്ചു.

ഇനി പ്രത്യേകിച്ച് തടസങ്ങൾ ഒന്നും ഉണ്ടക്കില്ലെന്ന് ഉറപ്പായ സ്ഥിതിക്ക് ഇനി ഞാൻ ചോദിക്കാം … നമുക്ക് ഒരു കുഞ്ഞിനെ അഡോപ്റ്റ് ചെയ്തൂടെ”” ജതിന്റെ പെട്ടന്നുള്ള ചോദ്യം കേട്ട് അവളാകെ സ്തംഭിച്ചുപോയി.“”എന്താടോ ഇങ്ങനെ നോക്കുന്നെ. താൻ ഒത്തിരി ആഗ്രഹിച്ചതല്ലേ ഒരു കുഞ്ഞിനെ.

നമ്മളൊരു കുഞ്ഞിന് വേണ്ടി കൊതിക്കുന്ന പോലെ ഇവിടെ അച്ഛനമ്മാർക്ക് വേണ്ടി കാത്തിരിക്കുന്ന ഒത്തിരി കുഞ്ഞുങ്ങൾ ഉണ്ട്. അവരിലൊരാളെയെങ്കിലും അനാഥത്വത്തിൽ നിന്ന് മോചിപ്പിക്കാൻ നമുക്ക് പറ്റില്ലേ.

മറ്റൊരാളുടെ കുഞ്ഞിനെ സ്വന്തമായി സ്നേഹിക്കാൻ തനിക്ക്‌ കഴിയുമോ എന്ന സംശയം എനിക്ക് തെല്ലുമില്ല.

താനും ഒത്തിരി അനുഭവിച്ചതല്ലേ ഒരു അനാഥബാല്യത്തിന്റെ ദുഃഖം. അങ്ങനെയൊരു കുഞ്ഞിനെ മനസിലാക്കാനും ചേർത്തുപിടിക്കാനും തന്നെക്കാൾ നന്നായിട്ട് ആർക്ക് പറ്റും.

തന്നെ ചേർത്തുപിടിച്ചപോലെ തന്നെ ഇനി എന്റെ കുഞ്ഞിനേയും സ്വന്തമായി കണ്ട് ചേർത്തുപിടിക്കാൻ എനിക്കും കഴിയും. പിന്നെ നമ്മളെന്തിനാടോ വൈകുന്നത് “”

“”നന്ദൂ ഇറങ്ങുന്നില്ലേ “” അനാഥാലയത്തിന്റ മുറ്റത്ത് കാർ നിർത്തിയപ്പോഴാണ് നന്ദിത ഓർമകളിൽ നിന്ന് ഉണർന്നത്. അനയ നന്ദിതയുടെ കൈകളിൽ നിന്ന് ജതിന്റെ കയ്യിലേക്ക് ചാടാൻ വെമ്പുന്നുണ്ട്.

“”അച്ചേടെ മോള് ബാ. നമുക്ക് ചേച്ചിമരേം ചേട്ടന്മാരേം ഒപ്പം കേക്ക് മുറിക്കണ്ടേ “മൂന്നു വയസുള്ള അനയമോള് കുഞ്ഞിപ്പല്ല് വിടർത്തി ചിരിച്ചു.

കുട്ടികളോടൊപ്പം കേക്ക് മുറിക്കുകയും കളിക്കാൻ കൂടുകയും ഒക്കെ ചെയ്യുന്ന നന്ദിതയെയും അനയമോളെയും നോക്കി നിൽക്കുന്ന ജതിന്റെ മനസ്സിൽ അതിരില്ലാത്ത സംതൃപ്തി നിറഞ്ഞുവന്നു.

ആരോരുമില്ലാത്തവർക്ക് ആരെല്ലാമോ ആകാൻ ഭാഗ്യം നൽകിയ ദൈവത്തോട് അവൻ മനസാലെ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *