മുറിച്ചു മാറ്റിയത് എൻ്റെ ഗർഭപാത്രം മാത്രമാണ്‌. എൻ്റെ ഉള്ളിലെ പെണ്ണിനെയല്ല. എൻ്റെ ഉള്ളിലെ അമ്മയെയല്ല.

പ്രസവിക്കാത്ത അമ്മ
(രചന: വൈഖരി)

“കുരുത്തക്കേട് കാണിച്ചാൽ അ,ടി,ച്ച് തുട പൊ,ളി,ക്കും ഞാൻ. എത്ര പറഞ്ഞാലും കേൾക്കില്ലേ ? ” മായയുടെ അലർച്ചയാണ്.

അകത്തേക്ക് കയറുമ്പോൾ ഇടം കൈ കൊണ്ട് അനുമോളുടെ കൈകൾ പിടിച്ച് വലതു കൈ ഓങ്ങി നിൽക്കുന്ന മായയെയാണ് കണ്ടത് .

ആ കാഴ്ചയുടെ ബാക്കിയോ , നാളുകളായി കാതിൽ കേൾക്കുന്ന പല സംശയങ്ങളുടെ ബാക്കിയോ,”രണ്ടാനമ്മ കളിക്കുകയാണോ നീ? ഏഹ്‌? ”

മായയുടെ മുഖത്ത് എൻ്റെ വലതുകൈ ഉയർന്നു താണു. മൂന്നര വയസുകാരി അനുമോളും പതിനൊന്ന് വയസുകാരൻ കണ്ണനും പകച്ചു നിന്നു .

ശൂന്യമായ നിശബ്ദതയെ ഭേദിച്ച് ഒരേങ്ങലോടെ മായ അകത്തേയ്ക്ക് പോയി, നേരിയ കിതപ്പോടെ ഞാൻ സോഫയിലേക്ക് ചാഞ്ഞു.

കണ്ണൻ അനുമോളേയും കൂട്ടി അകത്തേയ്ക്ക് നടന്നു. അവളുടെ ഞെട്ടൽ മാറിയിരുന്നില്ല.

ശൂന്യതയിലിരുന്ന് ഞാൻ മുന്നിലെ വിമലയുടെ ചിത്രത്തിലേയ്ക്ക് നോക്കി കണ്ണുകളടച്ചു.

അനുമോളുടെ ജനനമാണ് വിമലയെ തളർത്തിയത്. ക്ഷീണവും വയ്യായയും എല്ലാം കൂടി അവളെ എന്നിൽ നിന്നും പറിച്ചെടുക്കുമ്പോൾ കണ്ണന് ഒമ്പത് വയസ് അനുമോൾക്ക് ഒന്നും .

ആരും കൂട്ട് വേണ്ടെന്നും മക്കളെ ഒറ്റയ്ക്ക് വളർത്തുമെന്നുമുള്ള വാശി ചുരുങ്ങിയ സമയം കൊണ്ടു തന്നെ എന്നെ പുച്ഛിച്ചു.

അത്ര നാൾ ഇഷ്ടമുള്ള പലഹാരങ്ങളും കറികളും കഴിച്ചിരുന്ന കണ്ണൻ സ്ഥിരമായി കഞ്ഞിയായിട്ടും ഒന്നും പറയാതെ കഴിക്കുമ്പോഴും,

പൂമ്പാറ്റയെപ്പോലെ നടന്ന അനുമോൾ എണ്ണമയമില്ലാത്ത മുടിയും കറുപ്പില്ലാത്ത കണ്ണുകളുമായി നിഴലായി മാറിയപ്പോഴും മക്കൾക്കൊരു അമ്മ എന്നത് അനിവാര്യതയാണെന്ന് ബോധ്യപ്പെട്ടിരുന്നു

പിന്നെ യാതൊരു ചമയങ്ങുമില്ലാത്ത ഒരു ചടങ്ങിൽ മായ ജീവിതത്തിലേക്ക് വന്നു. അർബുദം ബാധിച്ച് ഗർഭപാത്രം നഷ്ടപ്പെട്ട അവളും തന്നെപ്പോലെ ആശയറ്റവൾ ആയിരുന്നിരിക്കാം.

അവൾക്ക് കുട്ടികളുടെ അമ്മയെന്ന സ്ഥാനവും വീട്ടുകാരിയെന്ന സ്ഥാനവും നൽകി . പക്ഷേ, ഹൃദയത്തിൽ വിമലക്കു പകരമിരുത്താൻ മാത്രം കഴിഞ്ഞില്ല.

അവളും അത് ആഗ്രഹിക്കുന്നില്ല എന്ന് തോന്നി. അടുക്കള പുതിയ അവകാശിയെ സ്വീകരിച്ചു.കുട്ടികളുമായി അവൾ പെട്ടെന്നടുത്തു . കണ്ണൻ അവളെ മായമ്മ എന്ന് വിളിച്ചു.

അനുവിന് അവൾ അമ്മ തന്നെയായിരുന്നു. കുഞ്ഞു കണ്ണുകളിർ മഷിത്തിളക്കമുണ്ടായി. കുഞ്ഞിച്ചുണ്ടുകളിൽ വീണ്ടും ചിരികൾ വിടർന്നു തുടങ്ങി .

കാലം കടന്നു പോകെ പലരും ഒളിഞ്ഞും തെളിഞ്ഞും അവൾ രണ്ടാനമ്മയാണെന്ന് ഓർമിപ്പിച്ചു. പെറ്റമ്മമാർ പോലും വിഷം ചീറ്റുന്ന കാലത്ത് പോറ്റമ്മയെ കണ്ണടച്ച് വിശ്വസിക്കരുതെന്ന് താക്കീത് നൽകി .

അവൾ കുഞ്ഞുങ്ങളെ ഉപദ്രവിക്കുണ്ടോ എന്ന് ദേഹം പരിശോധിക്കണമെന്ന് വേറെ ചിലർ…

വിമലയുടെ അഭാവത്തിൽ എൻ്റെ മക്കൾക്ക് അവൾ പകർന്ന അമ്മച്ചൂട് എൻ്റെ മനസിൽ കനലായി പൊള്ളിക്കാൻ തുടങ്ങി.

പതിവുപോലെ കുറേ ഉപദേശങ്ങൾ കേട്ട് വേവുന്ന മനസുമായി കയറി വന്ന ഒരു വൈകുന്നേരമായിരുന്നു ഇതും.

അനുമോൾക്ക് നേരെ ഉയർന്ന മായയുടെ കൈകൾ മാത്രമാണ് കണ്ടത്‌. രണ്ടാനമ്മയെന്ന വാക്ക്..

അതു മാത്രം കാതിൽ പ്രകമ്പനം കൊണ്ടു. ആ നിമിഷമാണ് തിരിച്ചെടുക്കാനാവാത്ത വിധം പിടി വിട്ട് പോയത്.

“അച്ഛൻ മായമ്മയെ തല്ലണ്ടായിരുന്നു. അനുമോള് കരണ്ടിൽ കളിച്ചോണ്ടാ മായമ്മ ചീത്ത പറഞ്ഞത്.

അമ്മ ഉണ്ടായിരുന്നെങ്കിലും പറയില്ലായിരുന്നോ? അച്ഛൻ ചീത്ത പറയാറില്ലേ? ഞാൻ പോലും …. പിന്നെ മായമ്മയെ എന്തിനാ… അമ്മയല്ലേ അവൾടെ ” വിതുമ്പിക്കൊണ്ടാണ് കണ്ണൻ ചോദിച്ചത്.ശരിയാണ്‌ അവൻ പറഞ്ഞത്.

പെട്ടെന്നൊരു നാൾ മുലപ്പാൽ കിട്ടാതെ വാശി കാട്ടുന്ന കൈക്കുഞ്ഞിനെ രാത്രി മുഴുവനും തട്ടിയുറക്കിയ , കുറുക്കു കഴിപ്പിച്ച, കുളിപ്പിച്ച് സുന്ദരിയാക്കിയ അവളിലെ അമ്മയെ ഞാൻ കണ്ടില്ല.

രണ്ടു വർഷക്കാലം അവളിൽ നിറഞ്ഞ അമ്മ മണം രണ്ടാനമ്മയെന്ന ഒറ്റവാക്കിൽ ഞാൻ പറത്തിക്കളഞ്ഞു. ചെറുതായി ചെറുതായി , അവനിലും ചെറുതായി ഇല്ലാതാവുന്നത് ഞാനറിഞ്ഞു.” അച്ഛൻ മായമ്മയോട് സോറി പറയച്ഛാ… പ്ലീസ് ”

വിറയ്ക്കുന്ന കാലടികളോടെയാണ് മുറിയിലേക്ക് ചെന്നത് . അവൾ കട്ടിലിൽ ചുവരിൽ ചാരി കണ്ണടച്ച് ഇരിക്കുകയാണ്. കണ്ണുകൾ നിശബ്ദം പെയ്യുന്നുണ്ട്..

അനുമോൾ മടിയിലുറങ്ങുന്നു. അവളുടെ കാലിൽ തൊട്ടു. അവൾ ഞെട്ടി കണ്ണു തുറന്നു. ഞെട്ടി വലിക്കാൻ പോയ കാലുകളെ ബലമായി പിടിച്ചു വെച്ച് തലമുട്ടിച്ചു.” മായാ … മാപ്പ്‌. എന്നോട് ക്ഷമിക്കൂ “അവൾ ഒന്നും പറഞ്ഞില്ല.

“മായാ…. ” സ്വരം ഇടറി.”വേണുവേട്ടൻ ഒന്നു മനസ്സിലാക്കിയാൽ മതി. മുറിച്ചു മാറ്റിയത് എൻ്റെ ഗർഭപാത്രം മാത്രമാണ്‌. എൻ്റെ ഉള്ളിലെ പെണ്ണിനെയല്ല. എൻ്റെ ഉള്ളിലെ അമ്മയെയല്ല.

പേറ്റുനോവറിഞ്ഞില്ലെങ്കിലും ഞാൻ എൻ്റെ മക്കളുടെ അമ്മയാണ്‌. രണ്ടാനമ്മയെന്ന വാക്കിലും ഒരമ്മയുണ്ട് . അത് മറക്കരുത്”

പതിഞ്ഞതെങ്കിലും മൂർച്ചയുള്ള വാക്കുകൾ .മുറിക്ക് പുറത്തേക്ക് നടക്കുമ്പോൾ കണ്ണൻ വന്നവളെ ചേർത്തു പിടിക്കുന്നത് അറിഞ്ഞു. വിമല പോലും കുറ്റപ്പെടുത്തുന്നതായി തോന്നി.

ഇരുട്ടത്ത് തനിച്ചിരുന്നപ്പോ ശരിക്കും തനിച്ചായെന്ന് തോന്നി. ഹൃദയം പൊട്ടിപ്പിളർന്നെങ്കിലെന്ന് ആത്മാർഥമായി ആഗ്രഹിച്ചു . ഈ വീട്ടിൽ … ഈ ലോകത്ത് താൻ തനിച്ചായി… വെറും തനിച്ച് ….

മനസു തുറന്ന് കരഞ്ഞു. കാലങ്ങളായി ഉള്ളിൽ അടിഞ്ഞ കനത്ത ദുഖത്തിൻ്റെയും ഏകാന്തതയുടേയും തിരമാലകൾ ആർത്തലച്ചു.

ഒടുവിൽ പെയ്തു തോർന്ന് ശാന്തമായ മാനം പോലെ ,തിരമാലകൾ അമർന്ന ശാന്തമായ കടൽ പോലെ ….

അകത്ത് അനുമോൾക്ക് ചോറു കൊടുക്കുകയാണ്. നക്ഷത്രക്കണ്ണുള്ള മാലാഖയുടെ കഥ പറയുന്നുണ്ട്. കണ്ണനും കഴിക്കുന്നുണ്ട്. തന്നെ കണ്ടപ്പോൾ കഥ നിന്നു . പതറി പുറത്തേക്ക് പോകാനാഞ്ഞപ്പോൾ കേട്ടു .” വിളമ്പിയിട്ടുണ്ട്. ഇരുന്നോളൂ”

എതിർത്തില്ല. ഇരുന്നു. കഥ തുടർന്നു. ചിരികൾ .. കളികൾ .. ഉണ്ണി വയറുകൾ നിറഞ്ഞു. എൻ്റെ കണ്ണുകളും.. ഒഴിഞ്ഞ പാത്രവുമായി എണീക്കാൻ തുടങ്ങിയവളുടെ കൈയ്യിൽ പിടിച്ചു .”സോറി ”

അവൾ നേർമയോടെ പുഞ്ചിരിച്ചു. എൻ്റെ പ്ലേറ്റിൽ നിന്നും ഒരു കുഞ്ഞുരുള എടുത്ത് വായിൽ തന്നു ,”എൻ്റെ മക്കളുടെ അച്ഛനായതുകൊണ്ട് മാത്രം ക്ഷമിച്ചൂട്ടോ ”

അതിലെല്ലാം ഉണ്ടായിരുന്നു. അവളുടെ സ്നേഹം..ക്ഷമ..ത്യാഗം എല്ലാം
അവളുടെ അമ്മ മണം പരക്കുന്നത് ഞാൻ കണ്ണടച്ച് ആസ്വദിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *