(രചന: അംബിക ശിവശങ്കരൻ)
“എന്താ മിത്ര അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്?”പെട്ടെന്ന് കാണണമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയിട്ട് വന്നത് മുതൽ നിരാശപ്പെട്ടിരിക്കുന്ന അവളോട് തൊട്ടരികിൽ ഇരുന്നുകൊണ്ട് മിഥുൻ കാര്യം തിരക്കി.
“അത് പിന്നെ… അത് പിന്നെ… ഞാൻ നമ്മുടെ കാര്യം അമ്മയോട് സംസാരിച്ചു മിഥുൻ.”
അത്രയും പറഞ്ഞു നിർത്തിക്കൊണ്ട് അവൾ വീണ്ടും മൗനത്തെ കൂട്ടുപിടിച്ചു.”അതിനാണോ താൻ ഇങ്ങനെ വിഷമിച്ചിരിക്കുന്നത്? എന്നായാലും അമ്മ ഇത് അറിയേണ്ടതല്ലേ? എന്നിട്ട് അമ്മ എന്തു പറഞ്ഞു വഴക്ക് പറഞ്ഞൊ?”
“വഴക്ക് പറഞ്ഞാലും എനിക്ക് വിഷമം ഇല്ല മിഥുൻ… അമ്മ ഭയങ്കര സ്ട്രെയിറ്റ് ഫോർവേഡ് ആണ്. അച്ഛൻ മരിച്ചപ്പോഴും ഒരു തരി പോലും തളരാതെ സ്ട്രോങ്ങ് ആയി നിന്നാണ് അമ്മ ഞങ്ങളെ വളർത്തി വലുതാക്കിയത്.
അമ്മ എപ്പോൾ എന്ത് ചിന്തിക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല. ഞാൻ ഇത് തുറന്നു പറഞ്ഞപ്പോഴും അമ്മയുടെ മുഖത്ത് ഒരു ഭാവം മാറ്റവും ഉണ്ടായില്ല. എന്നെ വഴക്ക് പറഞ്ഞില്ല. പകരം മിഥുനെ ഒന്ന് നേരിൽ കാണണം എന്ന് മാത്രം പറഞ്ഞു.”
“അതിനെന്താ.… നേരിൽ കാണണമെന്ന് അമ്മ പറഞ്ഞതിൽ എന്താ തെറ്റ് മിത്ര? അച്ഛനില്ലാത്ത മക്കൾക്ക് അമ്മയാണ് എല്ലാം. അപ്പോൾ മകളുടെ വരനായി വരുന്ന ആളെ തെരഞ്ഞെടുക്കുമ്പോൾ പലതും അമ്മയ്ക്ക് ബോധ്യപ്പെടേണ്ട?”
“അതല്ല മിഥുൻ…”അവളുടെ വേവലാതിയുടെ അർത്ഥം മനസ്സിലായെന്ന മട്ടിൽ അവൻ അവളെ മുഴുപ്പിക്കാൻ അനുവദിക്കാതെ ചുണ്ടിൽ വിരൽവെച്ചു.
“തന്റെ ആശങ്ക എനിക്ക് മനസ്സിലായി. അമ്മയ്ക്ക് എന്നെ ഇഷ്ടപ്പെടുമോ എന്ന ഭയം. ഇനി അഥവാ അമ്മ നോ പറഞ്ഞാലും താൻ വിഷമിക്കുകയൊന്നും വേണ്ട.
എല്ലാ പ്രണയങ്ങൾക്കും ശുഭകരമായ ഒരു പര്യവസാനം ഉണ്ടാകണമെന്നില്ല. അപൂർണ്ണമായി പോകാറുള്ള ഒരുപാട് പ്രണയങ്ങളിൽ ഒന്നായി നമ്മുടെ പ്രണയവും അവസാനിക്കും. അമ്മയ്ക്ക് യോഗ്യനായ ഒരാളുടെ കൂടെ താൻ ജീവിക്കണം.”
അത്രയും പറഞ്ഞു നിർത്തുമ്പോൾ അവന്റെ വാക്കുകൾ ഇടറിയിരുന്നു.”അത്രയേ ഉള്ളോ മിഥുൻ അപ്പോൾ നമ്മുടെ പ്രണയത്തിന്റെ വില?അവളുടെ കണ്ണുകൾ നിറഞ്ഞു.
“പിന്നെ ഞാൻ എന്താണ് മിത്ര തന്നോട് പറഞ്ഞു തരേണ്ടത്? അച്ഛന്റെ മരണ ശേഷവും ഒരു കുറവുകളും അറിയിക്കാതെ ഇത്രയും വളർത്തി വലുതാക്കിയ അമ്മയെ ധിക്കരിച്ചു എന്റെ കൂടെ ഇറങ്ങി വരണം എന്നോ?
ദൈവം പോലും പൊറുക്കാത്ത കാര്യമാണ് അത്. അമ്മയുടെ ഒരിറ്റ് കണ്ണീർ വീഴാൻ ഇടയായാൽ പിന്നീടുള്ള നമ്മുടെ ജീവിതത്തില് സമാധാനം ഉണ്ടാകുമെന്ന് മിത്രയ്ക്ക് തോന്നുന്നുണ്ടോ?
അതുകൊണ്ട് അമ്മയുടെ തീരുമാനം എന്ത് തന്നെയായാലും അത് അംഗീകരിക്കുക. എപ്പോഴാണ് അമ്മയ്ക്ക് എന്നെ കാണണമെന്ന് പറഞ്ഞത്?”
അവൻ സൗമ്യമായി ചോദിച്ചു.”നാളെ അമ്മയ്ക്ക് ഇന്ദീവരം റിസോർട്ടിൽ വരേണ്ട ഒരു ആവശ്യമുണ്ട് അവിടെ വെച്ച് കാണാം എന്നാണ് പറഞ്ഞത്.”
മുഖമുയർത്തി അവനെ നോക്കാതെയാണ് അവൾ അത് പറഞ്ഞത്. കണ്ണുകളിൽ നിന്നും അപ്പോഴും നീർത്തുള്ളികൾ അടർന്നു വീഴുന്നുണ്ടായിരുന്നു.
” കരയാതെ മിത്ര… തന്റെ കണ്ണ് നിറയുന്നത് കണ്ടു നിൽക്കാൻ എനിക്ക് കഴിയില്ല. താനിപ്പോൾ സന്തോഷത്തോടെ വീട്ടിലേക്ക് പൊയ്ക്കോളൂ ബാക്കിയെല്ലാം നാളെയല്ലേ.. ”
അവളുടെ കണ്ണുനീർ തുടച്ച് യാത്രയാക്കിയ ശേഷം അവൻ അവിടെ തന്നെ കുറച്ചുനേരം മിണ്ടാതിരുന്നു.
“മിത്രയുടെ അമ്മയ്ക്ക് തന്നെ ഒരിക്കലും ഇഷ്ടപ്പെടാൻ പോകുന്നില്ലെന്ന് ഉറപ്പാണ്.എല്ലാ സുഖസൗകര്യങ്ങളോടും കൂടി ജനിച്ചുവളർന്നവളാണ് മിത്ര.
തനിക്കാണെങ്കിൽ സൗന്ദര്യമില്ല, സാമ്പത്തികമില്ല.
പിന്നെ എന്തു കണ്ടാണ് അമ്മ തന്നെ ഇഷ്ടപ്പെടേണ്ടത്?പാവം മിത്ര തന്റെ സ്നേഹത്തിനു മുന്നിൽ അകപ്പെട്ടു പോയതാവും.”
അവന്റെ ഉള്ളിലെ അപകർഷതാ ബോധം അവന്റെ ആത്മവിശ്വാസത്തെ തകർത്തെറിഞ്ഞു.
പിറ്റേന്ന് രാവിലെ മിത്രയ്ക്കും അമ്മയ്ക്കും മുന്നേ റിസോർട്ടിൽ എത്തിയത് മിഥുൻ ആണ്. പതിനഞ്ചു മിനിറ്റിനു ശേഷം ഒരു ടാക്സിയിൽ ആണ് ഇരുവരും വന്നിറങ്ങിയത്.
തനിക്ക് നേരെ നടന്നുവരുന്ന അവളുടെ അമ്മയെ അവൻ അടിമുടി നോക്കി. മിത്രയിൽ നിന്ന് വ്യത്യസ്തമായി നല്ലപോലെ അണിഞ്ഞൊരുങ്ങിയ സ്ത്രീ രൂപം.
അവരുടെ വേഷവിധാനങ്ങൾ തന്നെ അവരുടെ കുടുംബത്തിന്റെ അന്തസ്സ് വിളിച്ചോതുന്നു.
തനിക്ക് അഭിമുഖമായി അവർ വന്നിരുന്നതും അവന്റെ നെഞ്ചിടിപ്പിന്റെ വേഗത വർദ്ധിച്ചു. ആരംഭം മുതൽ നിലനിന്നിരുന്ന അവരുടെ മുഖത്തേ ഗൗരവം നോക്കിക്കൊണ്ട് തന്നെ അവൻ ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു.
“അമ്മേ ഇതാണ് മിഥുൻ…
മിഥുൻ….അമ്മ.”പരസ്പരം ഇരുവരെയും പരിചയപ്പെടുത്തുമ്പോൾ അവളുടെ മുഖത്തും ആശങ്ക നിറഞ്ഞിരുന്നു. കൈകാലുകൾ കൂടുകൂട വിറയ്ക്കുന്നുണ്ടായിരുന്നു.
അവന്റെ മുഖത്ത് നോക്കി അവർ തികച്ചും കൃത്രിമമായ ഒരു ചിരി പടർത്തി.”മിഥുൻ എന്തു ചെയ്യുന്നു?”പൊടുന്നനെയുള്ള അവരുടെ ചോദ്യം തീരെ പ്രതീക്ഷിക്കാത്തതായിരുന്നു.
“ഒരു ടൂവീലർ വർക്ക് ഷോപ്പിലാണ്.””വർക്ക്ഷോപ്പ് എന്ന് പറയുമ്പോൾ സ്വന്തമാണോ അതോ…?””സ്വന്തമല്ല വേറൊരാളുടെ കീഴിൽ ജോലി ചെയ്യുകയാണ്.”
തന്റെ മുന്നിൽ വച്ച് മിഥുനെ താഴ്ത്തി കെട്ടുക എന്ന അമ്മയുടെ ആദ്യത്തെ ദൗത്യം വിജയിച്ചെന്ന് അവൾക്ക് മനസ്സിലായി. അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അവൾക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി.
“പാവം മിഥുൻ അമ്മ മനപ്പൂർവ്വം അപമാനിക്കാൻ ശ്രമിക്കുകയാണ്””മിഥുന്റെ വീട്ടിൽ ആരൊക്കെയുണ്ട്?””അമ്മ, അച്ഛൻ,അനിയത്തി”
“അച്ഛൻ എന്താ ചെയ്യുന്നത്?””അച്ഛന് ജോലി ചെയ്യാൻ മാത്രമുള്ള ആരോഗ്യം ഇല്ല… ഇപ്പോൾ കുറച്ചു നാളുകളായി ജോലിക്കൊന്നും പോകാറില്ല.”
അവർ എവിടേക്കാണ് സംസാരിച്ചെത്തുന്നതെന്ന് അവന് വ്യക്തമായിരുന്നു.
“അപ്പോൾ അനിയത്തിയുടെ വിവാഹം, കുടുംബം എന്നിവ ഉൾപ്പെടെ സകലതും ഇനി മിഥുന്റെ ചുമലിൽ ആണെന്ന് അർത്ഥം. ഞാൻ പൊതുവേ എല്ലാം തുറന്നു സംസാരിക്കുന്ന ഒരാളാണ്. ചെറുപ്പം മുതലേ ഒരു കുറവുകളും വരുത്താതെയാണ് ഞാൻ എന്റെ രണ്ടു പെൺമക്കളെയും വളർത്തിയത്.
ഇനിയും അവർ ഒരു കുറവുകളും അറിയാതെ ജീവിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. എന്റെ മൂത്ത മകളെ നല്ലൊരു കുടുംബത്തിലേക്കാണ് വിവാഹം കഴിച്ചു അയച്ചത്.
ഇവൾക്കും അതുപോലെ നല്ലൊരു ബന്ധം കിട്ടണമെന്നാണ് എന്റെ ആഗ്രഹം. ഒരു പ്രാരാബ്ദ കൂട്ടിലേക്ക് എന്റെ മകളെ വലിച്ചെറിയാൻ ഞാൻ താല്പര്യപ്പെടുന്നില്ല ഞാൻ പറഞ്ഞത് മിഥുന് മനസ്സിലായി എന്ന് കരുതുന്നു.”
തന്റെ അമ്മയുടെ ദയവില്ലാത്ത സംസാരം കേട്ട് തല താഴ്ത്തിയിരിക്കുന്ന അവനെ കണ്ടതും അവളുടെ സങ്കടത്തിന്റെ ആഴം വർദ്ധിച്ചു.
“മനസ്സിലായി. അമ്മ പറയുന്നതെല്ലാം ശരിയാണ്. ചേരേണ്ടതെ തമ്മിൽ ചേരാൻ പാടുള്ളൂ. ഞാനും മിത്രയും ഒരിക്കലും ചേരില്ല ഒരർത്ഥത്തിലും.”
നെഞ്ചു പിടഞ്ഞെങ്കിലും അതെല്ലാം മറച്ചുവെച്ച് അവർക്ക് ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അവൻ അവിടെ നിന്ന് വിട പറഞ്ഞു.
“അമ്മ എന്തിനാ അമ്മെ അങ്ങനെയൊക്കെ പറയാൻ പോയത്? പാവം മിഥുൻ എത്ര വിഷമിച്ചിട്ടുണ്ടാകും?”
വീട്ടിലെത്തിയതും സകല നിയന്ത്രണവും നഷ്ടപ്പെട്ടതുപോലെ അവൾ അലറി.”നീ എന്ത് കണ്ടിട്ടാ അമ്മു അവനെ പ്രേമിച്ചത്? നല്ലൊരു ജോലിയില്ല, സാമ്പത്തികമില്ല,എല്ലാം പോട്ടെ നാലാളുടെ മുന്നിൽ കൂടെ കൊണ്ട് നടക്കാനുള്ള സൗന്ദര്യം ഉണ്ടോ?”
“എന്റെ കണ്ണിൽ മിഥുന് മറ്റാരെക്കാളും സൗന്ദര്യമുണ്ട് എനിക്ക് അതുമതി.””ഇതൊക്കെ പ്രേമിച്ചു നടക്കുമ്പോൾ തോന്നും… അവന്റെ കൂടെ ജീവിച്ചാൽ ആഗ്രഹിച്ച ഒരു ഡ്രസ്സ് പോലും ഇടാൻ പറ്റിയെന്ന് വരില്ല.
എനിക്ക് മരുമക്കളായി വരുന്നവർക്ക് അല്പമെങ്കിലും യോഗ്യത വേണമെന്ന് എനിക്ക് നിർബന്ധമുണ്ട്. നിന്റെ ചേച്ചിയുടെ ഭർത്താവ് കണ്ടില്ലേ അമേരിക്കയിലെ കമ്പനിയിലാ ജോലി.
നാളെ അവളെയും അവൻ അങ്ങോട്ടേക്ക് കൊണ്ടുപോവുകയല്ലേ… അങ്ങനെയാണ് ആൺപിള്ളേര്. ഇവന്റെ കൂടെ ജീവിച്ചാൽ വിദേശത്ത് പോയിട്ട് കേരളത്തിന് പുറത്തുപോലും നീ ജന്മത്തിൽ പോകുകയുണ്ടാകില്ല.”
അമ്മയുടെ കുത്ത് വാക്കുകൾ ഏറെ വേദനിപ്പിച്ചെങ്കിലും മിഥുന്റെ മുഖം ഓർത്തപ്പോൾ അവൾ തളരാതെ പിടിച്ചുനിന്നു.
“പപ്പയെ അമ്മ സ്നേഹിച്ചത് പപ്പയ്ക്ക് പൈസ ഉണ്ടായിരുന്നതുകൊണ്ട് മാത്രമാണോ? അപ്പോ പൈസ നഷ്ടമാകുന്നതിന് അനുസരിച്ച് അമ്മയ്ക്ക് പപ്പയോടുള്ള ഇഷ്ടവും നഷ്ടമാകുമായിരുന്നല്ലേ? അതെനിക്ക് ഇപ്പോഴാണ് മനസ്സിലായത്.
എനിക്ക് ഇഷ്ടമുള്ള ആളുടെ കൂടെയല്ലേ അമ്മേ ഞാൻ ജീവിക്കേണ്ടത്? ഇന്ന് പൈസയുടെ ബലത്തിൽ ഒരാൾക്ക് മുന്നിൽ കഴുത്ത് നീട്ടി കൊടുത്തിട്ട് നാളെ അതില്ലാതാകുമ്പോൾ മനസ്സിൽ സ്നേഹം നിലനിൽക്കുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ?
മിഥുന്റെ എല്ലാ കാര്യങ്ങളും അറിഞ്ഞുകൊണ്ട് തന്നെയാണ് ഞാൻ അവനെ സ്നേഹിച്ചത്. ആ ഇഷ്ടം ഏതൊരു സാഹചര്യത്തിലും ചോർന്നു പോകുകയില്ല.”
പപ്പയുടെ കാര്യം എടുത്തിട്ടാൽ മാത്രമേ അമ്മ മൗനം പാലിക്കുകയുള്ളൂ എന്ന് അറിയാവുന്നതുകൊണ്ടാണ് ഇഷ്ടമില്ലാഞ്ഞിട്ടും ആ വിഷയം എടുത്തിട്ടത് കാരണം പപ്പയെന്നാൽ അമ്മയ്ക്ക് ജീവനായിരുന്നു.
പിന്നീട് അവരൊന്നും തന്നെ സംസാരിച്ചില്ല.രണ്ടുമൂന്നു വട്ടം മിഥുനെ വിളിച്ചെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.
“പാവം മിഥുന് ഫീൽ ആയി കാണും”അവൾ ടേബിളിൽ തന്നെ തലചായ്ച്ചുവെച്ച് എപ്പോഴും ഉറങ്ങിപ്പോയി.
പിറ്റേന്ന് ചേച്ചിയെയും ചേട്ടനെയും യാത്രയാക്കിയ ശേഷം അമ്മ വേഗം തന്നെ വീട്ടിലേക്ക് തിരികെ പോകുന്നു. കുറച്ചു കഴിഞ്ഞു പോകാം എന്ന് വീട്ടുകാർ നിർബന്ധിച്ചെങ്കിലും നല്ല സുഖം തോന്നുന്നില്ലെന്ന് പറഞ്ഞ് അവർ ഒഴിഞ്ഞുമാറി.
ചേച്ചിയെ ഇനി കുറെ നാളത്തേക്ക് കാണാൻ പറ്റില്ല എന്ന വിഷമം കൊണ്ടാണ് അവർ പെട്ടെന്ന് പോകുന്നതെന്ന് അവൾക്ക് മനസ്സിലായി.
അമ്മ തിരികെ പോന്നതിനുശേഷം ആണ് അവൾ വീട്ടിലേക്ക് പുറപ്പെട്ടത് പോകുന്ന വഴി വർക്ക്ഷോപ്പിൽ കയറി മിഥുനെ കാണുക എന്ന ഒരു ലക്ഷ്യം കൂടി അതിനു ഉണ്ടായിരുന്നു.
“എന്താ മിഥുൻ എന്താ നീ വിളിച്ചിട്ട് ഫോൺ എടുക്കാതിരുന്നത്?”അവിടെ പണിയെടുത്തു കൊണ്ടിരുന്ന അവൻ അവളെ കണ്ടതും കയ്യിലിരുന്ന സ്പാനർ നിലത്ത് വെച്ചുകൊണ്ട് ഓടിവന്നു.
“എന്തിനാ മിത്ര എന്തിനാ നീ എന്നെ കാണാൻ വന്നത്? അമ്മയ്ക്ക് അത് ഇഷ്ടമല്ലെന്ന് അറിയില്ലേ?”
“എന്നിൽ നിന്ന് മനപ്പൂർവം ഒഴിഞ്ഞു മാറാനാണ് നിന്റെ ഭാവമെങ്കിൽ ഇനി എന്നെ നീ ജീവനോടെ കാണില്ല മിഥുൻ… ഒരു നിമിഷം എല്ലാം ഉപേക്ഷിച്ചു പോകാൻ അല്ല ഞാൻ നിന്നെ സ്നേഹിച്ചത്. നീ ഇല്ലെങ്കിൽ മറ്റാരും എന്നെ വിവാഹം കഴിക്കേണ്ട സത്യം.”
ഒരു തീരുമാനമെടുത്താൽ അതിൽനിന്ന് അത്രവേഗം അവളെ പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് അവന് അറിയാമായിരുന്നു.”മിത്ര ഞാൻ…”
“വേണ്ട എനിക്കിനിയൊന്നും കേൾക്കേണ്ട.ഈ കാര്യം നിന്നെ കണ്ടൊന്ന് നേരിൽ പറയാനാണ് ഞാൻ വന്നത്.ഇനി നിനക്ക് തീരുമാനിക്കാം എന്തുവേണമെന്ന് ഞാൻ പോകുന്നു.”
തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ അവളുടെ കയ്യിൽ പിടിച്ചവൻ തടഞ്ഞു നിർത്തി.”മിത്ര നീ അവിവേകം ഒന്നും കാണിക്കരുത്. ഞാൻ ഇനി ഒരിക്കലും നിന്നെ അകറ്റിനിർത്തില്ല. വാ ഞാൻ കൊണ്ടാക്കാം..”
അവന്റെ നിർബന്ധപ്രകാരമാണ് അവൾ ബൈക്കിൽ കയറിയത്. വീടിന്റെ ഗേറ്റിനു മുന്നിൽ കൊണ്ടാക്കിയ ശേഷം തിരികെ കുറച്ചു ദൂരം മാത്രം പോന്നതിനു ശേഷമാണ് മിത്രയുടെ കോൾ വീണ്ടും വന്നത്.”ഹലോ…. മിഥുൻ……. വേഗം വാ….. അമ്മ….”
അവളുടെ വേവലാതിയോടെയുള്ള കരച്ചിൽ അവന്റെ നെഞ്ചിൽ പരിഭ്രാന്തി പടർത്തി. ഫോൺ കട്ടാക്കി പോക്കറ്റിലിട്ട് വണ്ടി തിരിക്കുമ്പോൾ മനസ്സിൽ വല്ലാത്ത പേടി തോന്നി.
അഞ്ചു മിനിറ്റിനുള്ളിൽ തന്നെ അവൻ സ്ഥലത്തെത്തി. ബൈക്ക് നിർത്തി ഓടിച്ചെന്ന് നോക്കുമ്പോൾ നിലത്ത് പാതിയടഞ്ഞ കണ്ണുകളുടെ കിടക്കുന്ന അമ്മയെയാണ് കണ്ടത്. മിത്ര അവർക്ക് അരികിൽ അരികിലിരുന്ന് കരയുന്നുണ്ട്.
” മിത്ര നീ വേഗം റോഡിൽ ഇറങ്ങി ഒരു ഓട്ടോ കൈകാണിച്ചു നിർത്ത്”അവളെ പറഞ്ഞു വിട്ടുകൊണ്ട് അവരെ വാരിയെടുക്കുമ്പോൾ ബോധം ഉണ്ടെന്നത് അവനിൽ ആശ്വാസമേകി.
കിട്ടിയ ഒരു ഓട്ടോയിൽ പത്ത് മിനിറ്റിനുള്ളിൽ തന്നെ ആശുപത്രിയിൽ എത്തിച്ചു.
ചെന്ന പാടെ അവരെ ഐസിയുവിലേക്കാണ് മാറ്റിയത്. പുറത്തു കരഞ്ഞുകൊണ്ട് നിന്നിരുന്ന അവളെ എങ്ങനെയൊക്കെയോ അവൻ സമാധാനിപ്പിക്കാൻ ശ്രമിച്ചു.കുറേ നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ഡോക്ടർ പുറത്തേക്ക് വന്നത്.
“ഒരു മൈനർ അറ്റാക്കാണ്. നൗ ഷീ ഈസ് ആൾ റൈറ്റ്. ബട്ട് ഒരുപാട് സ്ട്രെസ് ഹാൻഡിൽ ചെയ്യാതെ നോക്കണം കൃത്യസമയത്ത് ഇവിടെ എത്തിച്ചത് നന്നായി.”
അതും പറഞ്ഞ് ഡോക്ടർ പോയതും അവളുടെ ദേഹമാസകലം തളരുന്നത് പോലെ തോന്നി.
“മിത്ര താൻ ഇങ്ങനെ കരയാതെ ഇപ്പോൾ അമ്മയുടെ കൂടെ നിൽക്കേണ്ടത് താനല്ലേ”അവൻ അവളെ സമാധാനിപ്പിച്ചു
പിറ്റേന്ന് റൂമിലേക്ക് മാറ്റുവോളം അവനവളുടെ കൂടെ തന്നെ നിന്നു. റൂമിലെത്തി എല്ലാ കാര്യങ്ങൾക്കും ഓടിനടക്കുന്ന മിഥുനെ അവർ മൗനമായി നോക്കി കിടന്നു.
” മിത്ര ഞാനൊന്ന് വീട് വരെ പോയിട്ട് വരാം. കുളിച്ചിട്ട് ഡ്രസ്സ് ഒക്കെ ഒന്ന് മാറട്ടെ… കഴിക്കാനുള്ളതൊക്കെ വാങ്ങി വച്ചിട്ടുണ്ട്. മറക്കാതെ കഴിക്കണം അമ്മയെയും കഴിപ്പിക്കണം. അതിനിടയിൽ എന്തെങ്കിലും അത്യാവശ്യം വന്നാൽ വിളിച്ചാൽ മതി. “അവൾ തലയാട്ടി.
അവരുടെ മുഖത്തു നോക്കിയതും അവൻ യാത്ര പറഞ്ഞു.അവർ മൗനമായി നോക്കി കിടന്നു.
“അമ്മേ… അമ്മയുടെ ഇഷ്ടങ്ങൾക്ക് ഒന്നും ഞാൻ ഇനി എതിര് നിൽക്കില്ല. മിഥുനെ അമ്മയ്ക്ക് അംഗീകരിക്കാൻ കഴിയില്ലെങ്കിൽ മറക്കാൻ ഞാൻ ശ്രമിക്കാം..
പെട്ടെന്ന് കഴിയും എന്ന് തോന്നുന്നില്ല. എങ്കിലും പതുക്കെ ഞാൻ ശ്രമിക്കാം. അമ്മയെ എനിക്ക് ഇങ്ങനെ കാണാൻ വയ്യ. മിഥുനോട് ഞാൻ പറഞ്ഞോളാം.”
അതും പറഞ്ഞുകൊണ്ട് അവൾ പൊട്ടി കരയുമ്പോഴും. അവർ മൗനമായി കിടന്നു.ഹോസ്പിറ്റലിൽ വെച്ച് ഇതേപ്പറ്റി അവൾ ഒന്നും തന്നെ സംസാരിച്ചില്ല.
ഡിസ്ചാർജ് ചെയ്ത് അവരെ വീട്ടിലേക്ക് താങ്ങിക്കൊണ്ട് പോയതും ബെഡിൽ കിടത്തിയതും എല്ലാം അവനായിരുന്നു.
“എന്നാൽ ഞാൻ ഇറങ്ങട്ടെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി.അമ്മ ആരോഗ്യം നോക്കണേ…..”
രണ്ടാളോടും യാത്ര പറഞ്ഞിറങ്ങാൻ നേരമാണ് അവൾ പുറകിൽ നിന്ന് വിളിച്ചത്.
“മിഥുൻ…. എനിക്കൊരു കാര്യം പറയാനുണ്ട്.”അവളുടെ ദേഹമാസകലം വിറയ്ക്കുന്നുണ്ടായിരുന്നു.
“എന്താ മിത്ര?”
അവന് ആകാംക്ഷയായി.”അത് പിന്നെ… അത് പിന്നെ… മിഥുൻ… ഇനി….”
” മോൻ നാളെ തന്നെ വീട്ടുകാരെയും കൂട്ടി ഇങ്ങോട്ട് വാ.. എന്റെ മോളെ പെണ്ണുകാണാൻ. എന്റെ മോളുടെ സെലക്ഷൻ ഒരിക്കലും തെറ്റിയിട്ടില്ല.
തെറ്റിയത് മുഴുവനും എനിക്കായിരുന്നു. നിന്നെക്കാൾ നല്ല ഒരാളെ ഇവൾക്ക് വേണ്ടി ഇനി ഈ ലോകത്ത് എവിടെ തപ്പിയാലും എനിക്ക് കണ്ടെത്താൻ ആകില്ല. ”
അവൾക്ക് മുന്നേ അമ്മ കയറി പറഞ്ഞത് അത്രയും വിശ്വസിക്കാൻ കഴിയാതെ രണ്ടാളും മിഴിച്ചു നിന്നു.
“ഇത്രയൊക്കെ വേദനിപ്പിച്ചിട്ട് പോലും എന്നോട് ഒരു വെറുപ്പ് തോന്നാതിരുന്ന മിഥുന്റെ മനസ്സ് ഇപ്പോൾ എനിക്ക് കാണാൻ കഴിയുന്നുണ്ട്.
നീ എന്തുകൊണ്ടും എന്റെ മകൾക്ക് യോഗ്യൻ തന്നെയാണ് മോനെ..”
പറഞ്ഞത് വിശ്വസിക്കാനാകാതെ ഓടിച്ചെന്ന് തന്റെ അമ്മയെ അവൾ കെട്ടിപ്പിടിച്ച് കരയുമ്പോൾ എന്തിനോ അവന്റെ മിഴികളും നിറഞ്ഞു തുളുമ്പി…