(രചന: അംബികാശിവശങ്കരൻ)
” ഡാ കണ്ണാ നീ ഇത് എവിടെ പോവുകയാണ്? കുടുംബശ്രീ പെണ്ണുങ്ങൾ വരുമ്പോൾ ചായ തിളപ്പിച്ച് കൊടുക്കാൻ ഒരു തരി പഞ്ചസാര ഇരിപ്പില്ല. കടയിൽ പോയി ചായപ്പൊടിയും പഞ്ചസാരയും വാങ്ങി തന്നിട്ട് എവിടെക്കാണെന്ന് വെച്ചാൽ പൊയ്ക്കോ… ”
വണ്ടിയുടെ ചാവിയും എടുത്ത് പുറത്തേക്ക് ഇറങ്ങാൻ ഒരുങ്ങിയ മകനെ ശാരദ തടഞ്ഞു.
“ചായപ്പൊടിയും പഞ്ചസാരയും ഇല്ലെങ്കിൽ ചായ കൊടുക്കണ്ട. അന്താരാഷ്ട്ര ചർച്ച ഒന്നുമല്ലല്ലോ… ഈ നാട്ടിലെ സകല ചെറുപ്പക്കാരെയും പരദൂഷണം പറഞ്ഞിരിക്കാനല്ലേ…പരദൂഷണ കമ്മിറ്റിക്ക് ചായ വയ്ക്കാൻ ചായപ്പൊടിയും പഞ്ചസാരയും വാങ്ങിക്കാൻ എനിക്കിപ്പോൾ സൗകര്യമില്ല.
മനുഷ്യന് ആകപ്പാടെ ഒരു ദിവസം ലീവ് കിട്ടുന്നതാ അതാണെങ്കിൽ എല്ലാംകൂടി വന്ന് കലപില കലപില പറഞ്ഞു കുളമാക്കി കയ്യിൽ തരും. സഭയൊക്കെ കഴിയുമ്പോൾ ഞാൻ ഇങ്ങ് വരാം.”
അതും പറഞ്ഞുകൊണ്ട് അവൻ വണ്ടി സ്റ്റാർട്ട് ആക്കി പുറത്തേക്ക് പോയി.അടുത്തത് തന്റെ ഊഴം ആണെന്ന് മനസ്സിലാക്കി എന്നോണം ടിവി കണ്ടുകൊണ്ടിരുന്ന മകൾകീർത്തി അവരെ തുറിച്ചു നോക്കി.
“അവന് അല്ലെങ്കിലും പറഞ്ഞത് അനുസരിച്ച് ശീലമില്ല. മോള് ആ സൈക്കിളും എടുത്ത് കടയിൽ പോയി വാ…ഒരു തവണ ചായ കിട്ടാതിരുന്നാൽ മതി അവളുമാര് ഈ നാടും മുഴുവനും പാടി നടക്കും.. അതിന്റെ നാണക്കേട് നമുക്ക് അല്ലയോ മോളെ..”
“നമുക്കല്ല അമ്മയ്ക്ക് എനിക്കൊരു നാണക്കേടും ഇല്ല””ആ എനിക്കെങ്കിൽ എനിക്ക് സമ്മതിച്ചു. നീ പോയി ചായപ്പൊടിയും പഞ്ചസാരയും വാങ്ങിയിട്ട് വാ പെണ്ണുങ്ങൾ ഇപ്പോ വരും.”
“എന്റെ അമ്മേ വേറെ എത്ര വീടുണ്ട്… എന്നിട്ട് ഇവിടെ മാത്രമുള്ളോ കുടുംബശ്രീ കൂടാൻ… ഓരോ ആഴ്ച ഓരോ കുടുംബത്തിലെ കാര്യങ്ങൾ അല്ലേ ചർച്ച.”
“ദേ അവൻ പറയുന്നത് കേട്ട് തുള്ളാൻ നിന്നാൽ ഉണ്ടല്ലോ ചെവി പിടിച്ച് ഞാൻ പൊന്നാക്കും പറഞ്ഞേക്കാം പെണ്ണ് നിലത്ത് ഒന്നുമല്ല.”
” അത് ശരി ചേട്ടന് പറയാം എനിക്ക് പറയാൻ പാടില്ല. ഞാനേ കൊച്ചുകുട്ടി ഒന്നുമല്ല എനിക്ക് പത്തൊൻപത് വയസ്സായി കേട്ടല്ലോ…?
തന്റെ അമ്മയുടെ കയ്യിലിരുന്ന പൈസ തട്ടിപ്പറിച്ചുകൊണ്ട് അവൾ സൈക്കിളും എടുത്ത് കടയിലേക്ക് പോയി.
കടയിൽ പോയി തിരികെ വന്നപ്പോഴേക്കും അമ്മ സിറ്റൗട്ടിൽ മനോഹരമായി പായൊക്കെ വിരിച്ച് സെറ്റപ്പ് ആക്കി വെച്ചിരുന്നു.
ചായപ്പൊടിയും പഞ്ചസാരയും അടുക്കളയുടെ സ്ലാബിലേക്ക് വെച്ചവൾ വീണ്ടും ടിവിയുടെ മുന്നിൽ വന്നിരുന്നു.
“ഏത് സമയവും അവളാ ടിവിയുടെ മുന്നിൽ തന്നെ.… എന്നാൽ എന്നെ വന്ന് ഒന്ന് സഹായിക്കുമോ ഏഹേ…”സ്ഥിരം പല്ലവി കേട്ടാണ് രണ്ടു വീട് അപ്പുറത്തെ ശാന്തേച്ചി വന്നത്.
“ആഹ് തീർന്നു അപ്പുറത്തെ വീട്ടിൽ ചെന്ന് പരദൂഷണം പറയാനുള്ള വകുപ്പായി.”
അവൾ അവിടെ നിന്നും മെല്ലെ എഴുന്നേറ്റു മുറിയിലേക്ക് ചെന്നപ്പോഴാണ് നടക്കാൻ വയ്യാത്ത അച്ഛമ്മ വടിയും കുത്തിപ്പിടിച്ച് അങ്ങോട്ടേക്ക് പോകുന്നത് കണ്ടത്.
” അച്ഛമ്മ ഈ നടക്കാൻ വയ്യാത്ത കാലും കൊണ്ട് എങ്ങോട്ടാ? “”ഞാൻ ഉമ്മറത്തേക്ക്… എത്രനേരം എന്ന് പറഞ്ഞാ ഇതിന്റെ ഉള്ളിൽ തന്നെ അങ്ങ് കുത്തിയിരിക്കുന്നേ…മുഷിച്ചില് തോന്നില്ലേ മനുഷ്യന്?”
“ആഹ് ബെസ്റ്റ് ആഴ്ചയിൽ ആറു ദിവസവും തോന്നാത്ത മുഷിച്ചിൽ ഞായറാഴ്ച മാത്രം തോന്നുന്ന ഒരു പ്രത്യേകതരം രോഗത്തിന് അടിമയാണ് എന്റെ അച്ഛമ്മ”
“പഴയ സ്റ്റാർ അല്ലേ ഈ സാഹചര്യത്തിൽ പറയാമോ എന്ന് അറിയില്ല എങ്കിലും സലിംകുമാർ പറഞ്ഞ ഒരു ഡയലോഗ് ആണ് ഓർമ്മ വരുന്നത്.” കൊതുകിനും ഇല്ലേ കൃമികടി.. ”
അവൾ മനസ്സിൽ ഊറിയൂറി ചിരിച്ചുകൊണ്ട് കട്ടിലിൽ പോയി കിടന്നു. വരുന്നവരുടെ എണ്ണം കൂടുന്നതിനനുസരിച്ച് കലപില ശബ്ദവും കൂടാൻ തുടങ്ങിയതോടെ അവൾ രണ്ട് ചെവിയിലും ഹെഡ്സെറ്റ് വെച്ച് ഫുൾ വോളിയത്തിൽ പാട്ടും കേട്ട് കിടന്നു.
” ഡി കീത്തു എണീറ്റേ… വിളക്ക് വയ്ക്കുന്ന നേരത്ത് പെൺപിള്ളേര് ഇങ്ങനെ കിടന്നുറങ്ങിയാൽ തന്നെ കുടുംബത്തിന് ലക്ഷണക്കേടാ”
അമ്മ വന്നു ഒച്ച വെച്ചപ്പോഴാണ് മയക്കത്തിൽ നിന്നും അവൾ എഴുന്നേറ്റത്.ചാടി എഴുന്നേറ്റപ്പോൾ രാവിലെയാണോ ഉച്ചയ്ക്കാണോ രാത്രിയാണോ എന്ന് തിരിച്ചറിയാൻ കുറച്ച് സമയം എടുത്തു എന്ന് മാത്രം.
അച്ഛമ്മ അടുത്തിരുന്ന് വിളക്കിലിടാൻ തിരി തെരുക്കുന്നത് കണ്ടപ്പോഴാണ് സന്ധ്യയാണെന്ന് തിരിച്ചറിവ് അവൾക്കുണ്ടായത്.
അമ്മയുടെ പിറു പിറുക്കൽ വകവയ്ക്കാതെ അടുക്കളയിൽ പോയി ചായ കുടിക്കാൻ നേരമാണ് അച്ഛമ്മ താക്കീത് തന്നത്.
” വിളക്ക് വയ്ക്കുന്ന നേരത്ത് വെള്ളവും ഭക്ഷണവും കഴിച്ചിട്ട് വേണം ഇവിടെ ഇനി പാമ്പ് വരാൻ വിളക്ക് വെച്ച് കഴിഞ്ഞിട്ട് ചായ കുടിച്ചാൽ മതി. ”
” എന്റെ ദൈവമേ ഇവർക്കൊക്കെ ഇനി എന്നാണാവോ നേരം വെളുക്കുക? സന്ധ്യനേരത്ത് ആരേലും ചാവാൻ കിടന്നാലും ഇവർ ഒരു തുള്ളി വെള്ളം കൊടുക്കില്ല. ”
അവൾ മനസ്സിൽ പിറു പിറുത്തു.വൈകിട്ട് സീരിയലിന്റെ സമയം ടിവിയുടെ മുന്നിലേക്ക് ചെല്ലുക എന്നത് ഒരു ശ്രമകരമായ ദൗത്യം ആയതുകൊണ്ട് തന്നെ ചോറുണ്ണാൻ മാത്രമാണ് എല്ലാവരും ഒരുമിച്ച് കൂടുക.
” നിങ്ങളറിഞ്ഞില്ലേ ആ കലങ്കിന്റെ സൈഡിൽ താമസിക്കുന്ന വിശാലേടത്തിയുടെ മകന്റെ പെണ്ണ് ആരുടെയോ കൂടെ ഒളിച്ചോടി എന്ന്.അവന്റെ കൊച്ചിനെയും കൊണ്ട
അവൾ പോയത് എന്നാലും ആ പെണ്ണിന്റെ ഒരു സാമർത്ഥ്യം… പെണ്ണുങ്ങളൊക്കെ ഇങ്ങനെ തുടങ്ങിയാൽ എന്ത് ചെയ്യാനാ? അല്ല വിശാലേടത്തിക്ക് ഒരു കണക്കിന് പറഞ്ഞാൽ അത് കിട്ടണം എന്തായിരുന്നു അവരുടെ ഒരു പത്രാസ്… ”
ആ എല്ലാ ആഴ്ചയിലെയും ചർച്ചാവിഷയങ്ങൾ കൂടി വിളമ്പുന്ന സ്ഥലമാണ് ഇവിടെയിപ്പോ തീൻമേശ.കണ്ണനും കീത്തുവും പരസ്പരം നോക്കി.”ആഹ് ആരൊക്കെയോ പറയുന്നത് കേട്ടു”
വിരലിൽ പറ്റിയിരുന്ന ചോറ് നക്കിക്കൊണ്ട് താല്പര്യമില്ലാത്ത മട്ടിൽ അച്ഛൻ എഴുന്നേറ്റുപോയി.
“അല്ലെങ്കിലും ഇന്നത്തെ കാലത്തെ പെൺപിള്ളേർക്ക് എല്ലാം ഒരു എല്ല് കൂടുതലാണ്. തന്നിഷ്ടവും ഒരു ചെല്ലുവിളിയും ഇല്ലാതെ വളർന്നാൽ ഒടുക്കം കണ്ണീരാകും ഫലം.”
അച്ഛമ്മയും അമ്മയും അത് തനിക്കിട്ട് തന്നെ എറിഞ്ഞതാണെന്ന് മനസ്സിലായതോടെ അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യം വന്നു.
“സ്വന്തം തീരുമാനങ്ങൾ എടുക്കുന്നതിനെയാണോ നിങ്ങൾ ചെല്ലുവിളിയില്ലാതെ വളരുക എന്ന് പറയുന്നത്? നിങ്ങളുടെ കാലത്ത് തലയ്ക്കു മൂത്തവർ എന്ത് വിഡ്ഢിത്തരം
പറഞ്ഞാലും മിണ്ടാത്ത നിന്ന് അനുസരിക്കുന്ന ഒരു മണ്ടൻ സിസ്റ്റം ഉണ്ടായിരുന്നു. അതിനെ ചെല്ലു വിളി എന്നല്ല വിവരമില്ലായ്മ എന്നും വ്യക്തിത്വമില്ലായ്മ എന്നും ആണ് പറയുക.”
“ഇന്നത്തെ കാലത്തെ പെൺപിള്ളേരെ പക്ഷേ അതിനൊന്നും കിട്ടുമെന്ന് നിങ്ങൾ ആരും കരുതേണ്ട കാരണം ഞങ്ങൾക്ക് തലയ്ക്കകത്ത് ആൾതാമസം ഉണ്ട്”
“നിങ്ങൾ രണ്ടാളും കുറെ നേരം കൊണ്ട് ആ ചേച്ചിയെ കുറ്റം പറയുന്നുണ്ടല്ലോ ഒരു കാരണവുമില്ലാതെ ആ ചേച്ചി അവിടെ നിന്നും ഇറങ്ങി പോകുമോ? ആ ചേട്ടൻ കുടിച്ചു ബോധമില്ലാതെ അവിടെയും ഇവിടെയും നിന്ന് ബഹളം വയ്ക്കുന്നത് ഞാൻ എത്രയോ വട്ടം കണ്ടിട്ടുണ്ട്..
പെൺകുട്ടികൾ വഴി നടക്കുമ്പോൾ ഒരുമാതിരി വൃത്തികെട്ട നോട്ടവും. ഈ സ്വഭാവമുള്ള ആൾക്ക് മറ്റു സ്ത്രീകളുമായി ബന്ധമില്ലെന്ന് എന്താ ഉറപ്പ്? ഇങ്ങനെയുള്ള ആളുകളുടെ കൂടെ ഒരു സ്ത്രീയും താമസിക്കില്ല. ഞാനൊക്കെയാണെങ്കിൽ എന്നേ അങ്ങേരെ ഇട്ടിട്ടു പോയേനെ….”
” താലികെട്ടിയ പുരുഷൻ തെറ്റായ മാർഗത്തിലൂടെ സഞ്ചരിച്ചാലും നേർവഴി കാണിക്കേണ്ടത് ഭാര്യയുടെ കടമയാണ്. ”
എന്നത്തേയും പോലെ തത്വമെടുത്തിട്ടപ്പോൾ അവൾക്ക് ദേഷ്യം അരിച്ചു കയറി.
“പിന്നെ… കെട്ടിയോനെ നന്നാക്കി എടുക്കാൻ ആണല്ലോ കല്യാണം കഴിക്കുന്നത്. നേരെ നടക്കാൻ അറിയാത്തവന്മാർ കല്യാണം കഴിക്കാൻ നിൽക്കരുത്. അല്ലെങ്കിൽ ഭാര്യമാർ അവർക്കിഷ്ടമുള്ളവരുടെ കൂടെ ഇറങ്ങിപ്പോയി എന്നിരിക്കും.”
” എടി മോളെ ആണുങ്ങൾ ആയിരം വട്ടം ചെളിയിൽ ചവിട്ടിയെന്നിരിക്കും പക്ഷേ പെണ്ണ് പതിവ്രത ആയിരിക്കണം. ”
അത് കേട്ടപ്പോൾ ഇതെന്ത് തേങ്ങയാണ് എന്നുള്ള മുഖഭാവം ആയിരുന്നു കണ്ണന്റെ മുഖത്തും.
” തത്വം പറയാനൊക്കെ നല്ല രസമാണ്. അച്ഛഛനാണ് ഇങ്ങനെ ചെളിയിൽ ചവിട്ടി വന്നത് എന്ന് വെച്ചാൽ അച്ഛമ്മ സമ്മതിക്കുമോ? അച്ഛനാണെങ്കിൽ അമ്മ സമ്മതിക്കുമോ? ഇല്ലല്ലോ…? മറ്റുള്ളവരുടെ ജീവിതം വെച്ച് തത്വം പറഞ്ഞു കൊണ്ടിരിക്കാൻ നല്ല രസമാണ് സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കാൻ ആണ് പ്രയാസം. ”
“ആ ചേച്ചി അയാളുടെ അവഗണനയും ആട്ടും തുപ്പും സഹിച്ച് ജീവിതകാലം മുഴുവൻ അയാളുടെ കൂടെ ജീവിച്ചു തീർക്കണം എന്നാണോ?അയാളുടെ കുഞ്ഞിനെ പ്രസവിച്ചത് കൊണ്ട് മറ്റൊരു ജീവിതം തെരഞ്ഞെടുക്കാൻ
പാടില്ലെന്നാണോ? എന്നാൽ ഇത് കാലം വേറെയാണെന്ന് ഓർക്കണം. പ്രസവിച്ച കുഞ്ഞിനെ കഴുത്തു ഞെരിച്ച് കൊന്നിട്ടോ വഴിയിൽ ഉപേക്ഷിച്ചിട്ടോ അല്ലല്ലോ ആ ചേച്ചി മറ്റൊരാളുടെ കൂടെ പോയത്.
അങ്ങനെയായിരുന്നുവെങ്കിൽ നിങ്ങൾ ഈ പറയുന്നതിന് അർത്ഥം ഉണ്ടായിരുന്നു.ഇനി മേലിൽ ആരുടെയെങ്കിലും വാക്കും കേട്ട് മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ഇവിടെ വന്നിരുന്നു അഭിപ്രായം പറയരുത്. അമ്മയോടും അച്ഛമ്മയോടും ആണ് പറയുന്നത് കേട്ടല്ലോ..”
കഴിച്ച പ്ലേറ്റും എടുത്തവൾ അടുക്കളയിലേക്ക് നടന്നപ്പോൾ അമ്മയുടെയും അച്ഛമ്മയുടെയും വാ അടഞ്ഞെങ്കിലും അന്തം വിട്ടിരുന്നു പോയത് കണ്ണനായിരുന്നു. മറ്റൊന്നുമല്ല എപ്പോഴും മണ്ടത്തരം മാത്രം പറയുന്ന തന്റെ അനുജത്തിക്ക് ഇത്രയും വിവരം ഉണ്ടോ എന്ന് ആലോചിച്ച്.