അവരെ പിടിക്കാൻ ഓടിച്ചെന്ന്… മുടിയും താടിയും ഒക്കെ നീട്ടി വളർത്തി ഒരു രാക്ഷസന്റെ രൂപമാണെന്ന ചേച്ചിമാര് പറഞ്ഞത്. കണ്ടാൽ തന്നെ പേടിയാകും

(രചന: അംബിക ശിവശങ്കരൻ)

“അമ്മേ ഞങ്ങളുടെ സ്കൂളിന്റെ അടുത്ത് പ്രാന്തൻ പ്രസാദ് വന്നിട്ടുണ്ടത്രെ…”സ്കൂൾ ബസ് ഇറങ്ങിയതും അഞ്ചാം ക്ലാസുകാരിയായ ദേവു ബാഗ് പോലും അഴിച്ചു വയ്ക്കാതെ നേരെ തന്റെ അമ്മയുടെ അടുത്തേക്ക് ഓടിയത് ഈ വാർത്ത അറിയിക്കാൻ ആയിരുന്നു.

“പ്രാന്തൻ പ്രസാദോ? മോളോട് ആരാ ഇതൊക്കെ പറഞ്ഞത്?”അവൾ വരേണ്ട സമയം കണക്കാക്കി തന്റെ മകൾക്ക് കഴിക്കാൻ പ്രിയപ്പെട്ട പഴംപൊരി വറുത്തു

കോരുന്ന തിരക്കിലായിരുന്നു അമ്മയായ ജ്യോതി. മകളുടെ സംസാരം കേട്ടതും അവൾ ഗ്യാസ് ഓഫ് ആക്കി വെച്ച് ദേവുവിന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി വെച്ചു കൊണ്ട് ചോദിച്ചു.

” സ്കൂൾ ബസ്സിൽ ചേച്ചിമാരൊക്കെ പറയുന്നത് കേട്ടതാ അമ്മേ…അവർ കടയിൽ പോയപ്പോൾ ഈ പ്രാന്തൻ പ്രസാദ് അവരെ പിടിക്കാൻ ഓടിച്ചെന്ന്… മുടിയും താടിയും ഒക്കെ നീട്ടി വളർത്തി

ഒരു രാക്ഷസന്റെ രൂപമാണെന്ന ചേച്ചിമാര് പറഞ്ഞത്. കണ്ടാൽ തന്നെ പേടിയാകും എന്ന്. അത് കേട്ടപ്പോൾ എനിക്കും പേടിയായി. അയാൾ കുട്ടികളെ പിടിച്ചുകൊണ്ടു പോകുമോ അമ്മേ? ”

” ഏയ് ഇല്ല…. മോള് പേടിക്കുക ഒന്നും വേണ്ട കേട്ടോ.. ചേച്ചിമാര് നിങ്ങളെ പേടിപ്പിക്കാൻ വേണ്ടി വെറുതെ പറയുന്നതല്ലേ.. ഏതായാലും അമ്മയൊന്ന് ടീച്ചറെ വിളിച്ചു ചോദിക്കട്ടെ സത്യം എന്താണെന്ന് അറിയാമല്ലോ… ”

മോളെ ഒരുവിധം സമാധാനിപ്പിച്ചു വിട്ടെങ്കിലും ജ്യോതിയുടെ മനസ്സിൽ എന്തെന്നില്ലാത്ത വിധം ഒരു ഭയം കടന്നു കയറി. ഇന്നത്തെ കാലമാണ് പിഞ്ചുകുഞ്ഞുങ്ങളെ പോലും വെറുതെ വിടാത്ത കാലം. പല വേഷങ്ങളിൽ ഇറങ്ങിയാണ് ആളുകൾ കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോകുന്നത്.

ഈ നാട്ടിൽ ജീവിക്കുന്നത് കൊണ്ടായിരിക്കാം തങ്ങൾക്ക് ജനിച്ചത് പെൺകുഞ്ഞ് ആണെന്ന് അറിഞ്ഞപ്പോൾ മുതലുള്ള ഒരു ഭയമാണ്, അവൾ അടുപ്പില്ലാത്തപ്പോഴൊക്കെ കടന്നുകൂടാറുള്ള ഭയം. സ്വന്തം നിഴലിനെ പോലും വിശ്വസിക്കാൻ കഴിയാത്ത കാലമാണ്. ആ കുട്ടികൾ പറഞ്ഞത് സത്യമാണെങ്കിൽ…

ഒരമ്മയുടെ മനസ്സ് വ്യാകുലപ്പെടുന്നത് പോലെ കാരണമില്ലാതെ അവളുടെ മനസ്സും വ്യാകുലതപ്പെട്ടു കൊണ്ടിരുന്നു.

അവൾ വേഗം ഫോൺ എടുത്ത് ദേവുവിന്റെ ക്ലാസ് ടീച്ചറെ വിളിച്ചു.”ഹലോ ടീച്ചർ… ഞാൻ…. ദേവികയുടെ അമ്മയാണ്.””ആഹ് മനസ്സിലായി പറഞ്ഞോളൂ..”

” അത് പിന്നെ… ടീച്ചർ… മോള് ക്ലാസ്സിൽ നിന്ന് വന്നപ്പോൾ ഒരു കാര്യം പറഞ്ഞു. സ്കൂൾ ബസ്സിൽ വച്ച് മുതിർന്ന ക്ലാസിലെ കുട്ടികൾ പറഞ്ഞത് കേട്ടന്നാണ് അവൾ പറഞ്ഞത്. സ്കൂളിന്റെ പരിസരത്ത് അവർ ഒരാളെ കണ്ടെന്ന്…

പ്രാന്തൻ പ്രസാദ് എന്നാണ് അവൾ പറയുന്നത് കേട്ടത്. ആ പേര് അവർക്ക് എങ്ങനെ കിട്ടിയെന്ന് എനിക്കറിയില്ല. മുടിയും താടിയും ഒക്കെ നീട്ടി വളർത്തി കണ്ടാൽ തന്നെ പേടിയാകും എന്നാണ് കുട്ടികൾ പറഞ്ഞത്.

കുട്ടികൾ കടയിൽ പോയപ്പോൾ അയാൾ അവരുടെ പുറകെ പോയെന്നും പറഞ്ഞു. മോൾ ഇതൊക്കെ പറഞ്ഞപ്പോൾ മുതൽ എന്തെന്നില്ലാത്ത ടെൻഷനാണ്. കുട്ടികൾ സ്കൂളിൽ നിന്ന് തിരിച്ചു വരുന്നതുവരെ ഉള്ളിൽ തീയാണ്…. ഇതുകൂടി കേട്ടപ്പോൾ…. ”

അത്രയും പറഞ്ഞുകൊണ്ട് അവൾ ഒന്നു നിർത്തി.” ഡോണ്ട് വറി… ഈ കാര്യം പറഞ്ഞ് ഇന്നലെയും ഒരു പാരന്റ് വിളിച്ചിരുന്നു. ഞങ്ങൾ ഇതേപ്പറ്റി അന്വേഷിച്ചു. അയാൾ ഒരു ഉപദ്രവകാരി ഒന്നുമല്ല. ഒരു സ്ഥലത്ത് നിന്നും വേറൊരു സ്ഥലത്തേക്ക് വെറുതെ ഇങ്ങനെ സഞ്ചരിച്ചുകൊണ്ടിരിക്കും.

അതിനിടയിൽ ചിലപ്പോൾ നാലോ അഞ്ചോ ദിവസം എവിടെയെങ്കിലും തങ്ങും. പിന്നെയും യാത്ര തുടരും പിന്നെ അയാളുടെ വേഷവും സംസാരവും കണ്ട് പ്രാന്തൻ പ്രസാദ് എന്ന് എല്ലാവരും വിളിക്കുന്നതാണ്.

അയാൾക്ക് കുഞ്ഞുങ്ങളെ വലിയ ഇഷ്ടമാണെന്ന അയാളെക്കുറിച്ച് അറിവുള്ളവർ പറഞ്ഞത്. സ്നേഹംകൊണ്ട് അടുത്ത് ചെന്നപ്പോൾ കുട്ടികൾ ഭയന്നതാകാം.. അവരെ

ഉപദ്രവിക്കാൻ ചെന്നതാണെന്ന് കരുതിയതാവും.. എന്തായാലും അയാൾ ഇവിടെ നിന്ന് പോകുന്നത് വരെ കുട്ടികളെ പുറത്തേക്ക് വിടേണ്ട എന്നാണ് തീരുമാനം നിങ്ങൾ ഭയപ്പെടേണ്ട.”

“ശരി ടീച്ചർ.”ടീച്ചറോട് സംസാരിച്ചു കഴിഞ്ഞപ്പോഴാണ് അവൾക്ക് അല്പമെങ്കിലും ആശ്വാസമായത്.

വൈകുന്നേരം അച്ഛൻ ജോലി കഴിഞ്ഞ് എത്തിയപ്പോഴും ദേവുവിന് ഈ കാര്യം മാത്രമായിരുന്നു സംസാരിക്കാനുണ്ടായിരുന്നത്.

“എന്താടോ അവൾ ഏതോ പ്രാന്തൻപ്രസാദിന്റെ കാര്യമൊക്കെ പറയുന്നുണ്ടല്ലോ…. തന്നോട് പറഞ്ഞില്ലേ?”രാത്രി ഭക്ഷണം കഴിക്കാൻ നേരമാണ് അയാളത് അവളോട് ചോദിച്ചത്.

“ഉം…വന്നപ്പോൾ തന്നെ പറഞ്ഞു. ഞാൻ അപ്പോൾ തന്നെ അവളുടെ ക്ലാസ് ടീച്ചറെ വിളിച്ചു ചോദിച്ചു. ആള് പാവമാണ് കുഴപ്പക്കാരൻ അല്ല എന്നാണ് അവർ പറഞ്ഞത്.”ജ്യോതി ടീച്ചർ പറഞ്ഞതെല്ലാം തന്റെ ഭർത്താവിനോട് പറഞ്ഞു.

“ഹ്മ്മ് എന്നാലും താൻ സ്കൂൾ ബസ്സിലെ ചേച്ചിയോട് കൂടി ഒന്ന് പറഞ്ഞേക്ക് ഒന്ന് ശ്രദ്ധിക്കാൻ… പിള്ളേരല്ലേ അവർക്ക് ഒരിത്തിരി മതിയല്ലോ പേടിക്കാൻ. ദേവൂന്റെ സംസാരം കേൾക്കുമ്പോൾ തന്നെ മനസ്സിലാകുന്നുണ്ട് അവർ നന്നായി ഭയന്നിട്ടുണ്ടെന്ന്.”

അവൾ തലയാട്ടി.പിറ്റേന്ന് ദേവുവിനെ യാത്രയാക്കി സ്കൂൾ ബസ് വരാനായി അവൾ കാത്തിരുന്നു. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണേ എന്ന് ബസ്സിലെ ചേച്ചിയോട് പറഞ്ഞതിനുശേഷം ആണ് അവൾ മോളെ പറഞ്ഞയച്ചത്.

എന്നത്തേയും പോലെ തന്റെ മകളുടെ മുഖത്തെ പ്രസന്നതയ്ക്ക് ഒരല്പം മങ്ങൽ ഏറ്റിരുന്നു എന്ന യാഥാർത്ഥ്യം അവളെ വേദനിപ്പിച്ചു.

അന്ന് പകൽ മുഴുവനും തന്റെ മകളെക്കുറിച്ച് തന്നെയായിരുന്നു ജ്യോതിയുടെ മനസ്സിൽ. മറ്റു കുട്ടികളിൽ നിന്നുമാണ് അയാളെ കുറിച്ചുള്ള അറിവ് അവളിലേക്ക് എത്തിയത്. എല്ലാ പ്രായക്കാരായ കുട്ടികളും ഒന്നിക്കുന്ന സ്ഥലമാണ് സ്കൂൾ ബസ്.

അതുകൊണ്ട് ഇത്തരം ചർച്ചകളിൽ നിന്നും തന്റെ മകൾ ഒഴിവായി നിൽക്കുന്നതാണ് നല്ലത് എന്ന ചിന്തയോടെ രണ്ടുദിവസം അവളെ സ്കൂളിൽ നേരിട്ട് കൊണ്ടാക്കുവാനും വൈകുന്നേരം പോയി തിരികെ വിളിക്കുവാനും ജ്യോതി തീരുമാനിച്ചു.

സ്കൂൾ വിടേണ്ട സമയം കണക്കാക്കി വേഗം റെഡിയായി ഒരു ഓട്ടോ പിടിച്ചു കൊണ്ട് അവൾ സ്കൂളിലേക്ക് പോയി.

അവിടെ ചെന്നിറങ്ങിയതും അവസാന ബെല്ലടിച്ചതും ഒന്നിച്ചായിരുന്നു. സ്കൂൾ ബസ്സിൽ കയറും മുന്നേ തന്നെ അവൾ തന്റെ മകളെ ടീച്ചറുടെ അനുവാദത്തോടെ കൂട്ടിക്കൊണ്ടു പോന്നു. കുറച്ചു സാധനങ്ങൾ വാങ്ങാൻ ഉണ്ടായിരുന്നതുകൊണ്ട് വന്നിരുന്ന ഓട്ടോ തിരികെ പറഞ്ഞയച്ചിരുന്നു.

ഷോപ്പിംഗ് എല്ലാം കഴിഞ്ഞ് ഓട്ടോ സ്റ്റാൻഡിലേക്ക് നടക്കുമ്പോഴാണ് തന്റെ സാരിത്തുമ്പിൽ പിടിച്ചുകൊണ്ട് ഭയന്ന് ദേവു പുറകോട്ട് മാറുന്നത് അവൾ കണ്ടത്

“അമ്മേ പ്രാന്തൻ പ്രസാദ്… പ്രാന്തൻ പ്രസാദ്…”ചിണുങ്ങിക്കൊണ്ട് അവൾ കൈ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയതും ഒരു നിമിഷം ജ്യോതിയും ഒന്ന് ഭയന്നു. നെഞ്ചുവരെ പടർന്നു കിടക്കുന്ന താടിയും ജഡ പിടിച്ച മുടികളും അലക്ഷ്യമായ നടത്തവും ആരെയും ഒന്ന് ഭയപ്പെടുത്തും.

“മോള് പേടിക്കേണ്ട അമ്മയില്ലേ കൂടെ അയാൾ നമ്മളെ ഒന്നും ചെയ്യില്ല.”അവൾ തന്റെ മകളെ ആശ്വസിപ്പിച്ചു.

മാറിപ്പോകും എന്ന് കരുതിയ ആ രൂപം തങ്ങളുടെ നേർക്ക് വരുന്നത് കണ്ട് അവൾ ഒരു നിമിഷം സ്തംഭിച്ചു നിന്നു.ദേവു കണ്ണുകൾ മുറുക്കി അടച്ചുകൊണ്ട് അമ്മയുടെ ശരീരത്തിൽ മുറുകെ പിടിച്ചു.

തന്നോട് അടുത്ത വികൃത രൂപത്തെ അടുത്ത് കണ്ടതും ജ്യോതി ഒരു നിമിഷം ഞെട്ടിത്തരിച്ചു പോയി.” ദൈവമേ ഹരിപ്രസാദ്…അല്ല തന്റെ ഹരി. ”

ആ കണ്ണുകളിലെ തിളക്കം ഒരല്പം പോലും മങ്ങിയിരുന്നില്ല. അവളുടെ അടുത്ത് എത്തിയതും അയാൾ വ്യർത്ഥമായി പുഞ്ചിരിച്ചു.”അതെ താൻ ഏറെ ആരാധിച്ചിരുന്ന ആ പുഞ്ചിരി.”

അവൾ എന്തെങ്കിലും ഒരു വാക്ക് സംസാരിക്കും മുന്നേ അയാൾ പേടിച്ചു വിറച്ചു നിന്നിരുന്ന ദേവുവിന്റെ മുടിയിഴകളിൽ മെല്ലെ തലോടിക്കൊണ്ട് മറ്റാർക്കും മുഖം നൽകാതെ നടന്നകന്നു.
അപ്പോഴും ദേവു തേങ്ങി കരയുന്നുണ്ടായിരുന്നു.”ഹരി…”

ശബ്ദം പുറത്തെടുക്കാൻ ആകാതെ അവൾ ആ പേര് വിളിച്ചുകൊണ്ട് മനസ്സിൽ ഉറക്കെ ഉറക്കെ കരഞ്ഞു. അപ്പോഴേക്കും ആ രൂപം കണ്ണിൽ നിന്ന് പറഞ്ഞിരുന്നു. തന്റെ ശരീരമാകെ തളർന്നു പോകുന്നത് പോലെ അവൾക്ക് തോന്നി. കിട്ടിയ ഒരു ഓട്ടോയ്ക്ക് കൈകാണിച്ചു വീട്ടിലെത്തുമ്പോൾ ചങ്ക് തകർന്നു പോകുന്നുണ്ടായിരുന്നു.

“എന്തിനായിരുന്നു ദൈവമേ ഈയൊരു കാഴ്ച നീ എനിക്ക് സമ്മാനിച്ചത്? ജീവന്റെ ജീവനായി സ്നേഹിച്ചവനെ വേണ്ടെന്നുവച്ചത് ജന്മം നൽകിയവരുടെ ജീവനറ്റ ശരീരം കാണാതിരിക്കാൻ വേണ്ടിയായിരുന്നു.അന്ന് അവസാനമായി യാത്ര പറയേണ്ടി വന്നപ്പോഴും ഇതേ പുഞ്ചിരിയായിരുന്നു ഹരിയുടെ മുഖത്ത്.

പക്ഷേ ആ പുഞ്ചിരി ആ പാവത്തിനെ ഈ അവസ്ഥയിലേക്ക് എത്തിക്കുമെന്ന് ഒരിക്കലും കരുതിയതല്ല. ആ സാധുവിന്റെ ഈ അവസ്ഥയ്ക്ക് കാരണം താൻ മാത്രമാണ്. പിന്നീട് ഒരിക്കലും താൻ ഹരിയെ കുറിച്ച് അറിയാൻ ശ്രമിച്ചിട്ടില്ല. മനപ്പൂർവം മറക്കാൻ ശ്രമിച്ചു. നാളുകൾ എടുത്താണെങ്കിലും….പക്ഷേ ഹരി ഇപ്പോഴും…”

അവളുടെ കണ്ണുകൾ നിർത്താതെ പെയ്തുകൊണ്ടിരുന്നു.”അമ്മ എന്തിനാണ് കരയുന്നത്? പ്രാന്തൻ പ്രസാദിനെ കണ്ടിട്ടാണോ?”ദേവു അവിടേക്ക് വന്നതും ജ്യോതി അവളെ ചേർത്തുപിടിച്ചു.

” ഇനി ഒരിക്കലും അങ്ങനെ വിളിക്കരുത് മോളെ… “അത്രമാത്രം പറഞ്ഞുകൊണ്ട് അവൾ തന്റെ മകളെ നെഞ്ചോട് ചേർത്തു.

രാത്രി അച്ഛൻ വന്നപ്പോഴും ദേവു
നടന്നതെല്ലാം പറഞ്ഞു.”ആ അങ്കിൾ പാവമാണ് അച്ഛാ ഞങ്ങളെ ഒന്നും ചെയ്തില്ല.”

ആ മനുഷ്യന്റെ ഈ അവസ്ഥയ്ക്ക് കാരണം താനാണെന്ന് അറിഞ്ഞാൽ ആ കുഞ്ഞു പോലും തന്നെ വെറുത്തു തുടങ്ങും. അവർ കേൾക്കാതെ അവൾ പൊട്ടി കരഞ്ഞു.

പിറ്റേന്നും ജ്യോതി തന്നെയാണ് മകളെ സ്കൂളിൽ കൊണ്ടുവിട്ടത്. ഒരു വട്ടമെങ്കിലും ഹരിയെ ഒന്ന് കാണണം… എല്ലാം പറഞ്ഞു ആ കാൽക്കൽ വീണ് മാപ്പ് ചോദിക്കണം….

പക്ഷെ കുറെയേറെ നേരം കാത്തുനിന്നെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് രണ്ട് ദിവസവും അവൾ അവിടമാകെ ആ മുഖം തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല.

“ആ പ്രാന്തൻ പ്രസാദ് ഇവിടെ നിന്ന് പോയി. ഇനി വേറെ ഏതെങ്കിലും സ്ഥലത്ത് കുറച്ചു ദിവസം അലഞ്ഞു തിരിയും. പിന്നെയും യാത്ര തുടരും.”

ആരോ പറഞ്ഞ വാക്കുകൾ അവളുടെ ചെവിയിൽ മുഴങ്ങിക്കേട്ടു.”അതെ ആ മനുഷ്യൻ ഇവിടെനിന്ന് ചേക്കേറിയിരിക്കുന്നു. നോവുകൾ മുഴുവൻ തനിക്ക് സമ്മാനിച്ചുകൊണ്ട്അവളുടെ മിഴികൾ നിറഞ്ഞു കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *