മാമനും അമ്മയും തമ്മിൽ വേണ്ടാത്ത ബന്ധമായിരുന്നു എന്ന് വരെ അച്ഛൻ പറഞ്ഞു ഉണ്ടാക്കി. അതുകേട്ട് നാട്ടുകാരിൽ പലരും

(രചന: അംബിക ശിവശങ്കരൻ)

‘ആൺകുട്ടികൾക്ക് എന്നും അമ്മമാരോടും പെൺകുട്ടികൾക്ക് എന്നും അച്ഛന്മാരോടും ആയിരിക്കും ഇഷ്ടക്കൂടുതൽ. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ അവളുടെ ഏറ്റവും വലിയ ഹീറോ അവളുടെ അച്ഛനായിരിക്കും.’

ഇൻസ്റ്റഗ്രാം റീൽസിലൂടെ കണ്ണോടിക്കുമ്പോൾ ആ ഒരു വരികളിൽ മാത്രം എന്റെ കണ്ണുകൾ കുറച്ചുനേരം ഉടക്കി നിന്നു.

പൊതുവേ കമന്റ് സെക്ഷനിലോട്ട് അധികവും ചേക്കേറാത്ത ഞാനിന്ന് കമന്റ് ബോക്സിൽ കുറച്ച് അധികം നേരം ചെലവഴിച്ചു.ഓരോ കമന്റുകളിലൂടെ

കണ്ണോടിക്കുമ്പോഴും ഈ വരികളെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഉണ്ടെന്ന് എനിക്ക് മനസ്സിലായി.

അപ്പോഴാണ് തന്നെപ്പോലെ അച്ഛൻ എന്ന വാക്കിനോട് അത്രമേൽ അടുപ്പം തോന്നാത്ത, ആ വാക്കിനെ അത്രയേറെ സ്നേഹിക്കാത്ത പെൺകുട്ടികൾ

ഉണ്ടെന്നതും എനിക്ക് മനസ്സിലായത്. എല്ലാവർക്കും ജീവിതം സമ്മാനിക്കുന്നത് ഒരുപോലെയുള്ള അനുഭവങ്ങൾ അല്ലല്ലോ…

‘അച്ഛൻ ‘.ആ വാക്കിനോട് എന്നുമുതലാണ് ഒരു അകൽച്ച തോന്നിത്തുടങ്ങിയത് എന്ന് വ്യക്തമല്ല. ചിലപ്പോൾ ഒരച്ഛന്റെ കടമകൾ മനപ്പൂർവ്വം അച്ഛൻ നിരസിച്ചു തുടങ്ങിയ നാൾ മുതൽക്കാകാം…

ഞാനും ചേച്ചിയും ഉൾപ്പെടെ രണ്ടു പെൺകുട്ടികൾക്ക് ജന്മം നൽകി എന്നതിനപ്പുറത്തേക്ക് മറ്റൊന്നും ഞങ്ങൾക്ക് വേണ്ടി ചെയ്തു തന്നതായി ഓർമ്മയിൽ ഇല്ല.

അച്ഛനോടാണോ അമ്മയോടാണോ ഇഷ്ടക്കൂടുതൽ എന്ന് ആരെങ്കിലും ചോദിച്ചാൽ അമ്മയോട് ആണെന്ന് പറയാൻ എനിക്ക് രണ്ടാമത് ഒന്ന് ചിന്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല.

കാരണം ജന്മം നൽകിയത് കൊണ്ട് മാത്രം അച്ഛനെന്ന വാക്ക് പൂർണ്ണമാകുമെന്ന് ഒരിക്കലും ഞാൻ വിശ്വസിക്കുന്നില്ല.

കടം കയറി കഴുത്തോളം മുങ്ങി നിൽക്കുന്ന അവസ്ഥയിലാണ് അമ്മയെയും രണ്ടു പെൺമക്കളെയും തനിച്ചാക്കി അച്ഛൻ അച്ഛന്റെ വീട്ടുകാരോടൊപ്പം പോയത്.

അച്ഛൻ വാങ്ങിക്കൂട്ടിയ കടങ്ങളെല്ലാം അമ്മയുടെ തലയിൽ ഇട്ട് ജനിപ്പിച്ച മക്കളെ കുറിച്ച് പോലും ചിന്തിക്കാതെ പടിയിറങ്ങിയ നാളാണ് ഞാൻ അച്ഛനെ ആദ്യമായി വെറുത്തു തുടങ്ങിയത്.

അടച്ചുറപ്പു പോലുമില്ലാത്ത, ചുമരുകൾക്ക് പകരം ഓലകൊണ്ട് മറച്ച ആ കൊച്ചു വീട്ടിൽ രണ്ടു പെൺമക്കളെയും കൊണ്ട് ഇനി എന്താണ് ചെയ്യേണ്ടത് എന്ന് അറിയാതെ അമ്മ പകച്ചുനിന്നത് ജീവനുള്ളിടത്തോളം ഞാൻ ഒരിക്കലും മറക്കുകയില്ല.

വീട്ടിൽ വന്ന് പൈസയ്ക്ക് വേണ്ടി ചീത്ത വിളിക്കുന്ന കടക്കാരുടെ മുന്നിൽ അമ്മ എത്രയോ വട്ടം കരഞ്ഞ് അപേക്ഷിച്ചിട്ടുണ്ട്. പൈസ ഇല്ലെങ്കിൽ

ശരീരം വിറ്റ് ജീവിക്കടി എന്ന് ആരോ പറയുന്നത് കേൾക്കേണ്ടി വന്നപ്പോഴും അമ്മയ്ക്ക് വേണ്ടി അവരോട് വാദിച്ചത് ഞാനായിരുന്നു.

ഇന്നും നെറികേട് കണ്ടാലും കേട്ടാലും ശബ്ദം ഉയർത്താനുള്ള ശക്തി തന്നത് ആ ഒരു സംഭവമാണ്.

പിന്നീട് രണ്ടു മൂന്നു വട്ടം കടമെല്ലാം തീർത്തു തരാം അമ്മയോട് വഴങ്ങി കൊടുക്കാൻ പറഞ്ഞു പരിചയമില്ലാത്ത നമ്പറിൽ നിന്ന് ആരൊക്കെയോ വിളിച്ചപ്പോൾ അമ്മയാകെ തകർന്നുപോയി.

പോലീസിൽ പരാതി കൊടുക്കാം എന്ന് ഞാൻ പറഞ്ഞെങ്കിലും അമ്മയ്ക്ക് ആ നിമിഷം ജീവിതം തന്നെ വെറുത്തു പോയിരുന്നു.

നമുക്ക് ഇനി ജീവിക്കേണ്ട നിങ്ങളെയും കൊന് ന് അമ്മയും ചാ കാൻ പോകുകയാണെന്നും പറഞ്ഞു അമ്മ രണ്ടുപേരെയും ചേർത്തുപിടിച്ചു കരഞ്ഞപ്പോൾ നമുക്ക് ചാകേണ്ട അമ്മേ എന്ന് പറഞ്ഞ് ഞങ്ങൾ രണ്ടുപേരും കരഞ്ഞത് ഇന്നും ഞാൻ ഓർക്കുന്നു.

എന്തോ മക്കളുടെ ജീവിക്കാനുള്ള ആഗ്രഹം കണ്ട് കരുണ തോന്നിയിട്ട് ആകണം അമ്മ അന്ന് ഞങ്ങളെ കൊല്ലാതിരുന്നത്. അപ്പോഴൊക്കെയും ഞങ്ങൾ രണ്ടുപേരും അച്ഛനെ അത്രമാത്രം വെറുത്തു കഴിഞ്ഞിരുന്നു.

കരണ്ട് ബില്ല് അടയ്ക്കാൻ പൈസയില്ലാതെ ഫ്യൂസ് ഊരി കൊണ്ടുപോയപ്പോഴും അച്ഛൻ സൈക്കിളിൽ അങ്ങോട്ടുമിങ്ങോട്ടും രാത്രി സഞ്ചരിക്കുന്നത് ഞങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ട്.

ഭാര്യയും മക്കളും ഒരു സുരക്ഷിതത്വവും ഇല്ലാതെ ഇരുട്ടത്ത് കഴിയുമ്പോഴും യാതൊരു കൂസലും ഇല്ലാതെ അത് കണ്ട് ആസ്വദിക്കുന്ന അച്ഛനെ പിന്നെ എങ്ങനെയാണ് ഞങ്ങൾ സ്നേഹിക്കേണ്ടത്?

ആ ദിവസങ്ങളിലെപ്പോഴോ അതുവഴി പോയ സതീഷ് മാഷ് ആണ് കരുണ തോന്നി ചേച്ചിയെ അദ്ദേഹത്തിന് പരിചയമുള്ള ഒരു സ്ഥാപനത്തിലേക്ക് ജോലിക്ക് കൂട്ടിക്കൊണ്ടുപോയത്.

അവിടെ താമസിച്ചു ജോലി ചെയ്യണമെന്ന് പറഞ്ഞപ്പോൾ ചേച്ചി എങ്കിലും ആ ദുരിതക്കയത്തിൽ നിന്ന് രക്ഷപ്പെടട്ടെ എന്ന് കരുതിയാണ് അമ്മ പറഞ്ഞുവിട്ടത്. എട്ടായിരം രൂപ മാസശമ്പളത്തിനാണ് അങ്ങനെ ചേച്ചി ആദ്യമായി ജോലിക്ക് കയറിയത്.

കടക്കാർ അപ്പോഴും അമ്മയ്ക്ക് ഒട്ടും തന്നെ സമാധാനം കൊടുത്തിരുന്നില്ല. പല കടകളിലായി അമ്മ ജോലി ചോദിച്ചു കയറിയിറങ്ങി.

ആദ്യത്തെ ദിവസം നിരാശയോടെ തിരികെ വന്നെങ്കിലും രണ്ടാമത്തെ ദിവസം ഒരു ഹോട്ടലിൽ പാത്രം കഴുകാൻ അമ്മയെ ജോലിക്കു നിർത്തി.

അപ്പോഴേക്കും അമ്മ മെലിഞ്ഞുണങ്ങി ആകെ ഒരു പരുവം ആയിരുന്നു. ദിവസം മുഴുവൻ സോപ്പ് വെള്ളത്തിൽ കുതിർന്നു അമ്മയുടെ കൈയിലെ തൊലിയെല്ലാം പോയി തുടങ്ങി.. ഭക്ഷണം കഴിക്കാൻ വരെ അമ്മ പാട് പെട്ടു. എങ്കിലും അമ്മ ആ ജോലി ഉപേക്ഷിച്ചില്ല.

അമ്മ ജോലിക്ക് പോയി വരുന്നത് വരെ ഞാൻ വീടിനുള്ളിൽ തന്നെ ഒളിച്ചിരിക്കും. വൈകിട്ട് വരുമ്പോൾ അമ്മ കൊണ്ടുവരുന്ന സാമ്പാറോ മീൻ ചാറോ കൂട്ടി ആർത്തിയോടെ ചോറുണ്ണും…

എന്തെങ്കിലും ആവശ്യസാധനങ്ങൾ വാങ്ങാൻ കടയിൽ രാത്രിയാണ് പോയിരുന്നത്. അധികമായി പഴുത്ത പഴം കടക്കാരൻ ശശിയേട്ടൻ വെറുതെ തരുമായിരുന്നു. അന്ന് അതൊക്കെയായിരുന്നു എന്റെ വിശപ്പ് അടക്കിയിരുന്നത്.

അമ്മയുടെ കൂടെ പണിയെടുത്തിരുന്ന ദേവമാമൻ അമ്മയ്ക്ക് സ്വന്തം കൂടെപ്പിറപ്പിനെ പോലെയായിരുന്നു. ഞങ്ങളുടെ അവസ്ഥ കേട്ട് കരുണ തോന്നിയ മാമൻ എനിക്ക് വയറുനിറയെ കഴിക്കാൻ എന്തെങ്കിലുമൊക്കെ വാങ്ങി കൊടുത്തു വിടും ആയിരുന്നു.

മാമനും അമ്മയും തമ്മിൽ വേണ്ടാത്ത ബന്ധമായിരുന്നു എന്ന് വരെ അച്ഛൻ പറഞ്ഞു ഉണ്ടാക്കി. അതുകേട്ട് നാട്ടുകാരിൽ പലരും അമ്മയെ ആ രീതിയിൽ കണ്ടു തുടങ്ങി. ഒടുക്കം അച്ഛൻ ദേവമാമന്റെ വീട്ടിലും പോയി പ്രശ്നം ഉണ്ടാക്കി.

അത് ദേവമാമന്റെ ജീവിതത്തെയും ബാധിക്കാൻ തുടങ്ങിയപ്പോൾ അമ്മ ആ കടയിലെ ജോലി ഒഴിവാക്കി വേറെ കടയിൽ പണിക്ക് കയറി. അതോടെ എന്റെ വിശപ്പ് അടക്കിയിരുന്ന ആഹാരസാധനകളുടെ വരവും നിലച്ചു. അന്നൊക്കെ ഞാൻ അച്ഛനെ അത്രയേറെ ശപിച്ചിട്ടുണ്ട്.

കടക്കാരെ പേടിച്ച് ക്ലാസിൽ പോകാൻ വരെ ഞാൻ മടിച്ചിരുന്നു.ഫീസ് അടയ്ക്കാൻ തുടരെത്തുടരെ ഓഫീസിൽ നിന്നും അറിയിപ്പ് വന്നതോടെ പൂർണ്ണമായും പഠനം എന്ന ആഗ്രഹം ഞാൻ ഉപേക്ഷിച്ചു.

മകളുടെ പഠനം മുടങ്ങാതിരിക്കാൻ കോളേജിൽ വന്ന് ഫീസ് അടയ്ക്കാൻ അവധി ചോദിച്ചു ഇറങ്ങുമ്പോഴാണ് വീടിന് കുറച്ചു മാറിയുള്ള ഒരു പാർട്ടി പ്രവർത്തകൻ അമ്മയെ കാണുകയും വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തത്.

ഒടുക്കം അദ്ദേഹം ഇടപ്പെട്ട് പ്രിൻസിപ്പാളിനെ കണ്ട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തുകയും എനിക്ക് ഫീസ് ഒഴിവാക്കി തരുകയും ചെയ്തു.

പിന്നീട് എക്സാം ഫീസ് അടയ്ക്കാൻ ആയിരം രൂപയ്ക്ക് വേണ്ടി അമ്മ പലരുടെയും മുന്നിൽ കേണപേക്ഷിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്.

ക്ലാസിൽ മറ്റാരെക്കാളും മാർക്ക് വാങ്ങി വിജയിക്കുമ്പോൾ ഞാൻ എന്റെ അമ്മയോട് അല്ലാതെ മറ്റാരോടാണ് നന്ദി പറയേണ്ടത്?

കിട്ടുന്ന കാശ് കുറേശ്ശെയായി അമ്മ കടക്കാർക്ക് കൊടുത്തു. ചേച്ചിയും ഒരു രൂപ ചെലവാക്കാതെ അമ്മയുടെ കയ്യിൽ കൊണ്ട് കൊടുത്തിരുന്നു.

സമപ്രായക്കാർ ജീവിതം അടിച്ചുപൊളിക്കുമ്പോൾ ഞങ്ങൾ ജീവിതത്തോട് പൊരുതുകയായിരുന്നു പലവട്ടം തിരികെ വരാൻ അമ്മ അച്ഛമ്മയുടെ വീട്ടിൽ ചെന്ന് കാലുപിടിച്ചെങ്കിലും അച്ഛനും അച്ഛനും അമ്മയെ ആട്ടിയിറക്കി.

ചേച്ചി ജോലിക്ക് പോകുന്നുണ്ടെന്ന് അറിഞ്ഞതോടെ അച്ഛൻ ചേച്ചിയോട് അടുപ്പും കാണിക്കാൻ ശ്രമം നടത്തി. പക്ഷേ അത്രമേൽ ഞങ്ങൾ ഇരുവരും അച്ഛനെ വെറുത്തു തുടങ്ങിയിരുന്നു.

ആ സമയം ചേച്ചിക്ക് പല കല്യാണാലോചനകൾ വന്നുതുടങ്ങി. ആകെയുള്ള മൂന്ന് സെന്റ് സ്ഥലവും ആ ചെറിയ വീടും വിൽക്കുകയല്ലാതെ അമ്മയുടെ മുന്നിൽ കല്യാണം നടത്താൻ വേറെ ഒരു മാർഗ്ഗവും ഉണ്ടായിരുന്നില്ല.

അച്ഛന്റെ കയ്യിൽ നിന്ന് കിട്ടാനുള്ളതൊക്കെ കിട്ടിക്കഴിഞ്ഞപ്പോൾ അച്ഛന്റെ വീട്ടുകാരും അച്ഛനെ കയ്യൊഴിഞ്ഞു.

ഒരു പാതിരാത്രി എല്ലാം നഷ്ടപ്പെട്ടവനെ പോലെ വീട്ടിൽ വന്നു കയറി വരുമ്പോൾ ചേച്ചിയുടെ കല്യാണം നടത്താനും അച്ഛന്റെ പേരിലുള്ള വീട് വിൽക്കാനും അച്ഛൻ വേണമെന്ന് ഉള്ളതുകൊണ്ട് അമ്മ അച്ഛനെ സ്വീകരിച്ചു.

കൂടെ കഴിയുമ്പോഴും അച്ഛനെന്ന അടുപ്പം എനിക്ക് ഒരിക്കലും ആ മനുഷ്യനോട് തോന്നിയിരുന്നില്ല. അത് എന്നോ നഷ്ടം ആയിരുന്നു.

ഒടുക്കം വളരെ തുച്ഛമായ വിലയ്ക്ക് ആ മൂന്ന് സെന്റ് ഭൂമി വിറ്റു ചേച്ചിയുടെ വിവാഹം നടത്തി. അമ്മ പൈസ എടുക്കുന്നുണ്ടോ എന്ന് സംശയം തോന്നി നോട്ടുകളുടെ സീരിയൽ നമ്പർ വരെ എഴുതി വെച്ചിരുന്ന അച്ഛനോട് പിന്നെയും എനിക്ക് വെറുപ്പ് തോന്നി.

അന്നേ ഞാൻ മനസ്സിൽ ഉറപ്പിച്ചതാണ് എന്റെ വിവാഹം ഞാൻ സ്വന്തമായി അധ്വാനിച്ച പൈസ കൊണ്ടേ നടത്തു എന്നുള്ളത്. എന്റെ അമ്മയെ ഇനിയും കഷ്ടപ്പെടുത്തരുത് എന്നുള്ളത്. അത് എനിക്ക് നടപ്പിലാക്കാനും കഴിഞ്ഞു എന്നതാണ് ഏറ്റവും സന്തോഷകരവും.

എന്റെ കല്യാണം കഴിഞ്ഞതിന്റെ പേരിൽ അമ്മ ആർക്കും മുന്നിലും കടക്കാരി ആയിട്ടില്ല.വെറും അഞ്ചു പവൻ മാത്രമണിഞ്ഞു കൊണ്ട് ഞാൻ സുമംഗലിയായി.എന്റെ ജീവിതപങ്കാളി അതും ആവശ്യപ്പെട്ടിരുന്നില്ല എന്നത് മറ്റൊരു സന്തോഷം.

ഇന്ന് അച്ഛൻ ഞങ്ങളുടെ കൂടെയുണ്ട് രോഗം പാടെ അച്ഛനെ അവശനാക്കിയിരിക്കുന്നു. ചെയ്തതൊക്കെയും മനസ്സിൽ ഉണ്ടെങ്കിലും അതൊന്നും പ്രകടമാക്കാതെ ഞങ്ങൾ അച്ഛനെ ഒരു കുറവും വരുത്താതെ നോക്കുന്നു.

പൂർണ്ണ ആരോഗ്യവാനായിരുന്നപ്പോൾ അച്ഛൻ തടസ്സപ്പെടുത്തിയിരുന്ന അതേ പാത്രം കഴുകൽ ജോലി ചെയ്താണ് അമ്മ ഇന്നും അച്ഛനെ നോക്കുന്നത്.

അമ്മ എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് ആർക്കു മറുപടി കൊടുക്കേണ്ടി വരില്ലെങ്കിലും ദൈവത്തിനു മറുപടി കൊടുക്കേണ്ടി വരുമെന്ന്. ആരെ പേടിച്ചില്ലെങ്കിലും ദൈവത്തെ പേടിക്കണമെന്ന്.

ഇന്ന് ഞങ്ങൾ മാറിമാറി നിന്ന് അച്ഛനെ നോക്കാറുണ്ട് അച്ഛനോട് ഇന്ന് വെറുപ്പൊന്നുമില്ല. പക്ഷേ എത്ര മറക്കാൻ ശ്രമിച്ചാലും ചില ഓർമ്മകൾ അത് നമ്മെ അങ്ങനെ കുത്തി

നോവിച്ചുകൊണ്ടിരിക്കും എന്റെ ജീവിതത്തിൽ അമ്മയോളം കഷ്ടതകൾ സഹിച്ച ഒരാളെ ഞാൻ കണ്ടിട്ടില്ല.

അതുകൊണ്ട് ഈ ഭൂമിയിൽ ആരോടാണ് ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചാൽ നിസംശയം ഞാൻ പറയും അതെന്റെ അമ്മയോട് ആണെന്ന്.പ്രിയമുള്ള ഒരുവളുടെ ജീവിതം അവളുടെ അനുവാദത്തോടെ എഴുത്ത് ആക്കിയത് .

Leave a Reply

Your email address will not be published. Required fields are marked *