അച്ഛന്റെ മോള്
(രചന: Haritha Rakesh)
ഒരു പെൺകുട്ടിയുടെ വിവാഹം നടന്ന വീടാണ്… വധുവും വരനും ഇറങ്ങിയതോടെ ആളുകൾ കൂട്ടമായി ഒഴിഞ്ഞു പോയിത്തുടങ്ങി…
അടുത്ത വീട്ടുകാരോടും ബന്ധുക്കളോടും രാത്രി ബാക്കി വന്ന ഭക്ഷണം കഴിക്കാൻ വരാൻ പറഞ്ഞിട്ടുണ്ട്…
കേശവൻ പിള്ള ഒരുക്കിയ സദ്യ കെങ്കേമമായിരുന്നു… പാലട തികഞ്ഞിട്ടില്ല എന്ന ഒരു ആക്ഷേപം ഒളിഞ്ഞും തെളിഞ്ഞും കെട്ടതൊഴിച്ചാൽ ബാക്കി വല്യ കുഴപ്പമില്ല…
കല്യാണ പന്തലിൽ ഒഴിഞ്ഞു കിടക്കുന്ന ഒരു കസേരയിലേക്ക് അയാൾ ചാഞ്ഞിരുന്നു… ഇന്ന് നേരം പുലർന്ന ശേഷം ഒന്നു ഇരിക്കുന്നതാണ്…
നടുവിനു വല്ലാത്ത ഒരു വേദന… ഇന്നലെ സദ്യവട്ടക്കാരുടെ കൂടെ കൂടിയിട്ട് ഉറങ്ങിയിട്ടില്ല… എങ്ങനെ ഉറങ്ങും പഴയ പാട്ടും പുരാണം പറച്ചിലും, ഹോ!!
അയലത്തുകാരും കൂട്ടുകാരും നൂറു തവണ പറഞ്ഞതാണ് കല്യാണം അടുത്തൊരു ഓഡിറ്റോറിയത്തിൽ വെക്കാൻ…
തന്റെ ആകെ ഉള്ള ഒരു സന്താനത്തിനു വേണ്ടി ഈ വീട്ടുമുറ്റത്ത് തന്നെ ഒരു പന്തൽ ഉയരണമെന്ന ആഗ്രഹം ഏതൊരു അച്ഛനും ഉണ്ടാകുമല്ലോ.
“നിങ്ങൾ ഇവിടെ കിടന്നുറങ്ങുവാണോ?”
അയാൾ ശബ്ദം കേട്ട് കണ്ണുകൾ ആയാസപ്പെട്ട് തുറന്നു …അവളാണ്… തന്റെ ഭാര്യ… വിവാഹത്തിനു ഉടുത്ത സാരിയും അലങ്കാരങ്ങളുമൊക്കെ അഴിച്ചു വെച്ചു കുളി കഴിഞ്ഞു വന്നിരിക്കുന്നു…
” എല്ലാരും പോയോ?”… അയാൾ അവളെ നോക്കി…
“ഉം”..
അയാൾക്ക് അഭിമുഖമായി ഒരു കസേരയിൽ അവളുമിരുന്നു…
ഇടക്കിടെ അവർ നിശബ്ദമായി എന്തോ സംസാരിക്കുന്നുണ്ടായിരുന്നു…
“ഉടുത്തൊരുങ്ങിയപ്പോൾ നമ്മുടെ മോളു സുന്ദരിയായല്ലേ? പൊക്കം ശകലം കുറവാ അവനെ അപേക്ഷിച്ച്”… അയാൾ നിശബ്ദതയെ ഭേദിക്കാൻ വേണ്ടി പറഞ്ഞു…
“ഒറ്റ മോളായിട്ടും സ്വർണ്ണം ഇട്ടത് കുറഞ്ഞു പോയെന്നു കുഞ്ഞമ്മ പറഞ്ഞു”… അവൾ അയാളെ നോക്കി…
“നല്ല വിദ്യാഭ്യാസം ഉണ്ട് നമ്മുടെ മോൾക്ക്, പിന്നെ അവൻ ക യ്യൊ ടി ഞ്ഞവനോ പി ച്ചക്കാരനോ അല്ലല്ലോ എൻ്റെ മോളുടെ പൈസ കൊണ്ട് ജീവിക്കാൻ” അയാൾ അവളെ രൂക്ഷമായി നോക്കി…
“ഓഹോ, പണ്ട് ഞാൻ ഇട്ടോണ്ടു വന്ന സ്വർണം കുറഞ്ഞു പോയിന്നു നിങ്ങടെ അമ്മ പറഞ്ഞപ്പോൾ ഈ മനുഷ്യൻ ഒരു വാക്കു പറഞ്ഞില്ലല്ലോ?”…
ശരിയാണ്, അമ്മയെ വേദനിപ്പിക്കാതിരിക്കാൻ അവളെ പലപ്പോഴും താൻ അവഗണിച്ചിട്ടുണ്ട്… അയാൾ ഒന്നും മിണ്ടാതെ തല കുനിച്ചു…
“അവിടെ ചെന്നു കയറിയാൽ അവിടുത്തെ ഏട്ടത്തിയെ വച്ച് നമ്മുടെ മോളെ ആരെങ്കിലും താരതമ്യം ചെയ്യുമോ എന്ന ഭയത്തിൽ പറഞ്ഞതാ ഞാൻ, നിങ്ങൾ പിണങ്ങേണ്ട”…
അവൾ അവളുടെ ഭാഗം ന്യായികരിച്ചു..
“തന്റേടത്തോടെ പ്രതികരിക്കാൻ നമ്മളു പഠിപ്പിച്ചുണ്ടല്ലോ! എന്തു വന്നാലും നമ്മൾ ഇവിടെയില്ലേ!! നീ അവളെ ഒന്നു വിളിച്ചേ”…
അയാൾ ഭാര്യയുടെ നേരെ തിരിഞ്ഞു…
എന്നാൽ ഒന്നും പറയാതെ അയാളെ തന്നെ ഉറ്റു നോക്കുന്ന അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
വീട്ടുപടി കടന്നു ചെറുക്കൻ്റെ വീട്ടിലേക്ക് പോകാനായി മോളു കാറിൽ കേറുമ്പോൾ ഉരുക്ക് പോലെ നിന്നോളാണ്..
മോളെ എന്നും കൊഞ്ചിക്കുമ്പോൾ അല്പം മാറി നിന്നു തന്നെ ഉപദേശിക്കുന്നോളാണ്…
വല്ലയിടത്തും കേറി ചെല്ലേണ്ട പെണ്ണാ, കൊഞ്ചിച്ചു നിങ്ങൾ വഷളാക്കേണ്ടാന്നു ആയിരം തവണ പറയുന്നോളാണ്…
അവൾ ഒന്നും പറയാതെ അകത്തെ മുറിയിലേക്കു കേറി പോയി… പുറകേ അയാളും… മകളുടെ മുറിയിൽ കയറി നിശബ്ദമായി ഇരിക്കുന്ന അവളെ ചേർത്തു പിടിച്ചു…
“കെട്ടിച്ചു വിട്ടു എന്നു വച്ചു അവള് നമ്മുടെ അല്ലാതെ ആകുമോ? ,എപ്പോൾ വേണമെങ്കിലും പോയി കൊണ്ടു വന്നൂടെ ഇങ്ങോട്ട്?”…
അങ്ങനെ പറയുമ്പോൾ അയാളുടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു….
തന്റെ ആവശ്യങ്ങൾക്കും, പ്രായമായ തന്റെ മാതാപിതാക്കളെ നോക്കാൻ വേണ്ടിയും പലപ്പോഴും ഇവളുടെ വീട്ടിൽ പോക്ക് മാറ്റി വെപ്പിച്ചത് ഒരു നിമിഷം മനസിൽ വന്നു നിറഞ്ഞു…
അഥവാ കൂടെ പോയാൽ തന്നെ ഒറ്റ ദിവസം നിൽക്കുമ്പോൾ ഇവിടെ കിടന്നിട് ഉറക്കം ശരിയാകുന്നില്ല എന്നോ , ഇവിടുത്തെ വെള്ളം പറ്റുന്നില്ല എന്നോ ഉള്ള തന്റെ ഒഴിവു കഴിവുകൾ ഇവൾ ശരിക്കും വിശ്വസിച്ചിരുന്നോ??
“എടി, നമ്മൾ ഇപ്പോൾ ഫ്രീ അയില്ലേ.. നീ ഇടക്കിടെ വീട്ടിൽ ഒക്കെ പോയി നിന്നോ.. അവരവിടെ ഒറ്റയ്ക്കല്ലേ”
അതു പറഞ്ഞു കഴിഞ്ഞപ്പോൾ അവൾ അയാളെ വെറുതെ ഒന്നു നോക്കി.. ഈ നോട്ടത്തിനും ദേദം അവൾ വല്ല തർക്കുത്തരവും പറയുന്നതാണെന്നയാൾക്കു തോന്നി..
ചില യാഥാർത്യങ്ങളെ നമ്മളെ കാലം മാത്രമേ പഠിപ്പിക്കുവെന്നു അയാൾ സ്വയം തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്…