ഭാര്യ വീട്ടിൽ കേറി കിടക്കുന്നു എന്നുള്ളത് മോന്റെ വീട്ടുകാർക്ക് ഒരു അപമാനം ആവണ്ട.. പോയേച്ചും വാ..”

നീയെന്നെപുണ്യം
രചന: Unni K Parthan

“ഏട്ടാ…ഇന്ന് അൽപ്പം നേരത്തെ വരണം..”
രാവിലെ പ്രാതലിനു ഉള്ള ഇഡിലിയെടുത്തു പ്ളേറ്റിൽ വെച്ച് കൊണ്ടു അനസൂയ പറഞ്ഞത് കേട്ട് വിധു മുഖമുയർത്തി നോക്കി..

“എന്തേ..ഇന്ന് ഒരു പ്രത്യേകത…”സാമ്പാർ എടുത്തു ഇഡിലിയുടെ മുകളിലൂടെ ഒഴിച്ച് ഒന്ന് മെല്ലേ കുഴച്ചു വിധു അനസൂയയെ നോക്കി ചോദിച്ചു..

“അമ്മയുടെ അടുത്ത് പോണം..”അനസൂയയുടെ മറുപടി കേട്ട് വിധുവിന്റെ തൊണ്ടയിൽ നിന്നു ഇഡിലി ഒന്ന് നിന്നു..
ശ്വാസം കിട്ടാതെ വിധു ഒന്ന് ചുമച്ചു..
അനസൂയ ഒരു ഗ്ലാസിൽ വെള്ളം എടുത്തു വിധുവിന്റെ ചുണ്ടിലേക്ക് വെച്ചു..
മെല്ലെ ഇടതു കൈ കൊണ്ട് ശിരസിൽ തട്ടി..

“ആരുടെ അമ്മയേ കാണാൻ പോകുന്ന കാര്യം ആണ് നീ പറയണേ അനൂവേ..”
വിധുവിന്റെ ശബ്ദത്തിൽ അന്ധാളിപ്പ് ഉണ്ടായിരുന്നു..

“എനിക്ക് അമ്മ ഇല്ല ലോ..
നിങ്ങളുടെ അമ്മയേ തന്നേ മനുഷ്യാ…””ഞാൻ സ്വപ്നം കാണുകയാണോ..”

വിധു ഒരു നിമിഷം എന്തോ ഓർത്തത് പോലേ സ്വയം ചോദിച്ചു..”ഏട്ടൻ എന്താ ആലോചിക്കുന്നത്..”

“ഒന്നൂല്യ..നിന്റെ വലം കൈയിൽ പിടിച്ചു ആ മുറ്റത്തു കേറി ചെന്നപ്പോൾ ആട്ടി ഇറക്കി വിട്ടിട്ട് വർഷം നാല് കഴിഞ്ഞു.
അന്ന് മുതൽ ആ പടി ചവിട്ടില്ല എന്ന് പറഞ്ഞ എന്റെ ഭാര്യക്ക് എന്താ പറ്റിയെ ആവോ..”

“ഒന്നൂല്യ..കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല ലോ..മാത്രമല്ല..ഇന്ന് അമ്മയുടെ പിറന്നാൾ അല്ലേ..നമുക്ക് ഇന്ന് അവിടെ പോയി ആഘോഷിക്കാം..”

“ഡി ഭാര്യേ..നീ ശരിക്കും കാര്യായിട്ട് ആണോ..””പിന്നല്ലാതെ മനുഷ്യാ..അവർ ഇനി കയറ്റിയില്ലേൽ പിന്നെ ആ പടി ഞാൻ ചവിട്ടില്ല..

ഇത് സത്യം..”അനസൂയയുടെ ശബ്ദം നേർത്തിരുന്നു…എങ്ങനെയോ കഴിച്ചു തീർത്തു കൊണ്ട് വിധു കൈ കഴുകി തിരികേ വന്നു…

“എന്തേ ഒന്നും പറഞ്ഞില്ലലോ..”ഇരു കൈകളും എളിക്ക് കുത്തി പിടിച്ചു കൊണ്ട് അനസൂയ ചോദിച്ചു..”ഒന്നൂല്യ..”

“മ്മ്..പോകാം ന്നേ..ബാക്കി വരുന്നിടത്തു വെച്ചു കാണാം..”വിധുവിന്റെ തോളിലേക്ക് മെല്ലേ ചാരി കൊണ്ട് അനസൂയ പറഞ്ഞു…

നെഞ്ചിലേക്ക് നോവുള്ള പിടച്ചിൽ ആഴ്ന്നിറങ്ങുന്നത് വിധു അറിയുന്നുണ്ടായിരുന്നു..”വരണം ട്ടോ…”

അനസൂയയുടെ വാക്കുകൾക്ക് മറുപടി കൊടുക്കാതെ വിധു പുറത്തേക്ക് ഇറങ്ങി..പോർച്ചിൽ ചെന്ന് കാറിൽ കയറി…കാർ സ്റ്റാർട്ട്‌ ചെയ്തു മുഖമുയർത്തി അനസൂയയേ നോക്കി…

മിഴികൾ നനയുന്നുണ്ടായിരുന്നു അനസൂയയുടെ..വലതു കൈ കൊണ്ട് മെല്ലേ കണ്ണു തുടച്ചു..വിധുവിനെ നോക്കി പുഞ്ചിരിച്ചു..ഒന്നുടെ അനസൂയയേ നോക്കി വിധു കാർ മുന്നോട്ട് എടുത്തു..അനസൂയ ഓടി ചെന്ന് ഗേറ്റ് തുറന്നു കൊടുത്തു..ഇരുവരുടെയും മിഴികൾ ഒന്നുടെ ഉടക്കി..

“സന്തോഷം കൊണ്ടാണോ അനുവിന്റെ മിഴികൾ നിറഞ്ഞത്..”ഡ്രൈവ് ചെയ്യുമ്പോഴെല്ലാം വിധുവിന്റെ ചിന്ത അതായിരുന്നു..

“എന്തേ പെട്ടന്ന് ഇങ്ങനെ ഒരു ചിന്ത..
വർഷങ്ങൾ ഇത്രേം ആയിട്ടും ഒരിക്കൽ പോലും ഒന്നിനും തന്നോട് പരാതി പറഞ്ഞിട്ടില്ല
പ്രേമിച്ചു കെട്ടി എന്നുള്ളത് കൊണ്ട് തന്റെ വീട്ടിൽ കയറ്റാതെ വാടകവീട്ടിലേക്ക് വലതു കാൽ വെച്ചു കയറിയത് മുതൽ..

സ്നേഹം കൊണ്ട് ശ്വാസം മുട്ടിക്കുന്നവൾ..
ഭ്രാന്തമായ സ്നേഹം ഒരിക്കലും എനിക്ക് ഒരു ബാധ്യതയവരുത് എന്നുള്ളത് കൊണ്ട്..ഇടക്ക് പൊട്ടി തെറിച്ചു വഴക്ക് കൂടുന്നവൾ..

മനസ്സിൽ ഉള്ള സങ്കടം വല്ലപ്പോഴും കരഞ്ഞു തീർത്തു കൊണ്ട് നെഞ്ചിൽ തലചായ്ച്ചു തളർന്നു മയങ്ങുന്നവൾ..
ദൈവം തന്ന നിധിയായി ഒരു മോള് കൂടി ജീവിതത്തിലേക്ക്..
വീണ്ടും സന്തോഷം അതിന്റെ കൊടുമുടിയിൽ..

തങ്ങൾക്ക് ഇടയ്ലേക്ക് അനുവിന്റെ വിശേഷങ്ങൾ തിരക്കി വരുന്നത് അനുവിന്റെ അച്ഛനും ഏട്ടനും മാത്രം..
ചെറുപ്പത്തിലേ അമ്മയേ നഷ്ടമായവൾ..
അച്ഛന്റെ വാത്സല്യ നിധി..
ഏട്ടന്റെ കാന്താരി..
അവൾക്ക് എന്നെ ഇഷ്ടമാണ് എന്ന് അവരോടു തുറന്നു പറഞ്ഞപ്പോൾ എതിർത്തു..

അച്ഛനെയും ഏട്ടനെയും ധിക്കരിച്ചു എനിക്ക് മുന്നിൽ കഴുത്ത് കുനിച്ചു തന്നവൾ..താലി കെട്ടി ആദ്യം പോയത്..
അനുവിന്റെ അച്ഛൻ ഓട്ടോ ഓടിക്കുന്ന സ്റ്റാൻഡിലേക്ക്..

“അച്ഛാ..എനിക്ക് പറ്റണില്ല ഞാൻ വിധുവേട്ടന്റെ കൂടെ പോവാ..”
അച്ഛന്റെ മുഖത്ത് നോക്കി അനു പറയുന്നത് ഇന്നലെയെന്ന പോലേ മുന്നിൽ തെളിഞ്ഞു..

“മ്മ്…”ഒറ്റ മൂളൽ മാത്രം..
രണ്ടുപേരും അച്ഛന്റെ കാൽ തൊട്ട് വന്ദിച്ചു..ഒന്നും മിണ്ടാതെ ഇരുവരെയും പിടിച്ചു എഴുന്നേൽപ്പിച്ചു..

“വാശിക്കാരി ആണ്..
മോൻ ക്ഷെമിക്കണം ഇവളോട് അപ്പോളൊക്കെ..
സഹിക്കാൻ പറ്റാതെ വന്നാൽ ചെവിയിൽ ഒന്ന് പിടിച്ചു നുള്ളിയാൽ മതി..”
വലതു കൈ കവർന്നു കൊണ്ട് എന്നോട് പറയുമ്പോൾ അച്ഛന്റെ ചുണ്ടുകൾ വിറ കൊള്ളുന്നുണ്ടായിരുന്നു..

“ഏട്ടനോട് അച്ഛൻ പറഞ്ഞോളാം..
മോന്റെ വീട്ടിൽ സമ്മതിക്കോ..”
അച്ഛന്റെ ഞങ്ങളേ രണ്ടാളേയും നോക്കി ചോദിച്ചു..”അറിയില്ല..””മ്മ്..

കയറ്റിയില്ലേൽ ഇന്നൊരു രാത്രി നമ്മുടെ വീട്ടിൽ കഴിയാം..നാളേ രാവിലെ വാടക വീട്ടിലേക്ക് മാറണം..ഭാര്യ വീട്ടിൽ കേറി കിടക്കുന്നു എന്നുള്ളത് മോന്റെ വീട്ടുകാർക്ക് ഒരു അപമാനം ആവണ്ട..പോയേച്ചും വാ..”

വീട്ടിൽ കയറ്റാതെ തിരിച്ചു അനുവിന്റെ വീട്ടിലേക്ക്..അനുവിന്റെ ഏട്ടൻ ലോഡുമായി കേരളത്തിനു പുറത്ത് ആയിരുന്നു.പിറ്റേന്ന് അനുവിന്റെ അച്ഛൻ ഏർപ്പാട് ചെയ്ത വാടക വീട്ടിലേക്ക്..
വീടൊരു സ്വർഗം..പിന്നീട് സന്തോഷത്തിന്റെ ദിനങ്ങൾ..

വർഷങ്ങൾക്ക് ശേഷം ഇന്നാണ് അനു വീട്ടിലേക്ക് പോകണം എന്ന് ആദ്യമായി പറയുന്നത്..പോകണ്ട..വീട്ടിൽ കയറ്റില്ല…

അച്ഛനും അമ്മയ്ക്കും ഏട്ടനും ഇന്നും ആ ദേഷ്യം ഉണ്ടാകും..ഇനി ഒരിക്കൽ കൂടി അനു വിഷമിക്കരുത്..കാർ പാർക്കിംഗ് ഏരിയയിലേക്ക് ഒതുക്കി നിർത്തി കൊണ്ട് വിധു കമ്പനിയിലേക്ക്..

പഞ്ച് ചെയ്തു നേരെ മേനജരുടെ ക്യാബിനിലേക്ക്..”സാർ..ഇന്ന് കളക്ഷൻ എടുക്കാൻ ഞാൻ പോകാം..”വിധു പറഞ്ഞത് കേട്ട് മേനേജർ വിധുവിനെ നോക്കി..”രാത്രി ആവും ലോ വിധു ഇന്നത്തെ ട്രിപ്പ്‌ പോയി വരാൻ..”

“കുഴപ്പമില്ല..”വിധു മറുപടി കൊടുത്തു..”ഓക്കേ..”മേനേജർ വിധുവിനെ നോക്കി ചിരിച്ചു.മൊബൈൽ എടുത്തു വിധു അനുവിന്റെ നമ്പർ ഡയൽ ചെയ്തു..

“മോളേ…ഇന്ന് കളക്ഷൻ എന്നോട് എടുക്കാൻ പറഞ്ഞു മേനേജർ..
വരാൻ രാത്രിയാവും ട്ടോ..””കുഴപ്പമില്ല ഏട്ടാ..പോയി വരൂ..”യാതൊരു ഭാവവ്യത്യാസമില്ലാതെ അനുവിന്റെ മറുപടി കേട്ട് വിധു ആശ്വാസംകൊണ്ടു.രാത്രി..

ഗേറ്റിനു മുന്നിൽ കാർ നിർത്തി വിധു ഹോൺ നീട്ടി അടിച്ചു..കുറച്ചു നേരം കാത്തു നിന്നു ആരും വന്നു ഗേറ്റ് തുറന്നില്ല.വിധു ഒന്ന് രണ്ടു വട്ടം കൂടി ഹോൺ അടിച്ചു..ആരും വന്നു ഗേറ്റ് തുറന്നില്ല.”എവടെ പോയി..”

ഡോർ തുറന്നു വിധു പുറത്ത് ഇറങ്ങി ഗേറ്റ് തുറന്നു..വിധുവിന്റെ ഉള്ളൊന്നു മിന്നി..
ഉമ്മറത്തു ഒരു വെട്ടം പോലും ഇല്ല..
ലൈറ്റ് എല്ലാം ഓഫ്..കാർ അവിടെ തന്നേ ഇട്ടിട്ട് വിധു വേഗം മുറ്റത്തേക്ക് ഓടി കയറി..

വേഗം ചെന്ന് കാളിംഗ് ബെൽ അമർത്തി..
കുറച്ചു നേരം കാത്തു..
ആരും വാതിൽ തുറന്നില്ല..
വിധുവിന്റെ ഉള്ളിൽ ഭയം വന്നു തുടങ്ങി..

“അനൂ..”വാതിലിൽ ഉറക്കേ തട്ടി കൊണ്ടു വിധു ഉച്ചത്തിൽ വിളിച്ചു..
പുറത്ത് ഇറങ്ങി വീടിന്റെ ചുറ്റും നടന്നു വിളിച്ചു..ഒരു അനക്കവും ഇല്ല..

“മോനേ..”അപ്പുറത്തെ വീട്ടിലേ ചേച്ചി വിധുവിനെ നോക്കി വിളിച്ചു..വിധു വേഗം അവരുടെ അടുത്തേക്ക് ചെന്നു..”ചേച്ചി..അനുവിനെ വിളിച്ചിട്ട് വാതിൽ തുറക്കുന്നില്ല..”

“മോനേ..അനു മോള് മോന്റെ വീട്ടിൽ പോയല്ലോ രാവിലെ തന്നെ..”
ആ ചേച്ചി പറഞ്ഞത് കേട്ട് വിധു ഒന്ന് ഞെട്ടി…മോനോട് പറഞ്ഞില്ലേ…”

അവർക്ക് മറുപടി കൊടുക്കാതെ വിധു വേഗം കാറിന്റെ അടുത്തേക്ക് ഓടി..
കാറിൽ കയറി സ്റ്റാർട്ട്‌ ചെയ്തു കാർ മുന്നോട്ട് പായിച്ചു..

“ഇവള് ഇത് എന്താ ചെയ്തേ…
അച്ഛനും ഏട്ടനും അവളേ പുറത്തേക്ക് തള്ളി ഇറക്കി വീട്ടിട്ടുണ്ടാകും..

ആ സങ്കടത്തിൽ അവൾ ന്തെലും അവിവേകം കാണിക്കുമോ എന്റെ ദേവി…അങ്ങനെ ഒന്നും ഉണ്ടാവല്ലേ ദേവി..”കാർ മുന്നോട്ട് പാഞ്ഞു..

വിധുവിന്റെ വീടിന്റെ ഉമ്മറത്തു കാർ നിർത്തി..സാധാരണ അടഞ്ഞു കിടക്കാറുള്ള ഗേറ്റ് പതിവില്ലാതെ മലർക്കേ തുറന്നു കിടപ്പുണ്ടായിരുന്നു..
വിധു കാർ മുറ്റത്തേക്ക് കയറ്റി നിർത്തി…
വേഗം കാറിൽ നിന്നും ഇറങ്ങി..

“അച്ഛാ..വിധു മോൻ വന്നൂട്ടോ…”
ഉമ്മറത്തു നിന്നു ഏട്ടൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞത് കേട്ട് സ്വപ്നമാണോ എന്ന് ഒരു നിമിഷം വിധു ചിന്തിച്ചു..

അകത്തു നിന്നു അച്ഛനും അമ്മയും പുറത്തേക്ക് ഇറങ്ങി വന്നു..
അമ്മ ഓടി വന്നു കെട്ടിപ്പിടിച്ചു..

“കേറി വാ അമ്മേടെ തെമ്മാടി..”
വിധുവിനെ ചേർത്ത് പിടിച്ചു കൊണ്ടു അമ്മ കോലായിലേക്ക് കയറി..

“അനു മോളേ..
വിധു മോൻ വന്നു ട്ടോ..”
അകത്തേക്ക് നോക്കി അച്ഛൻ വിളിച്ചു പറഞ്ഞത് കേട്ട് പകച്ചു നിൽക്കുകയാണ് വിധു..

“ആ..വന്നോ..ഇതെന്താ ഇത്രേം ലേറ്റ് ആയത്…”നൈറ്റി എടുത്തു എളിയിൽ കുത്തി വിധുവിന്റെ മുന്നിൽ ഒരു കൈ എളിക്ക് കുത്തി നിന്നു കൊണ്ടു കൂസലില്ലാതെ അനു ചോദിച്ചു..

“ഇവളാകെ മാറി ലോ…”വായും പൊളിച്ചു വിധു അനുവിനെ നോക്കി നിന്നു..
വിധു ഹാളിലേക്ക് കയറി…

“ദാ..പോയി കുളിച്ചു ഡ്രസ്സ്‌ മാറി വാ..
ഞാൻ ചായ എടുത്തു വെക്കാം.”
കൈയ്യിലേക്ക് താൻ വീട്ടിൽ ഇടാറുള്ള ബനിയനും കാവി മുണ്ടും തോർത്ത്‌ മുണ്ടും തന്നിട്ട് മൈൻഡ് ചെയ്യാതെ അനു കിച്ചണിലേക്ക് നടന്നു..

“പിന്നെ അച്ഛാ..
വിധുവേട്ടൻ ബിയർ മാത്രം അടിക്കുള്ളൂ ട്ടോ..”തിരിഞ്ഞു നിന്നു അനു അച്ഛനെയും ചേട്ടനേയും നോക്കി പറയുന്നത് കേട്ട് കിളി പോയ പോലേ വിധു അനുവിനെ നോക്കി..

“മിടുക്കി ആണ് ട്ടോ..”
അനുവിനെ നോക്കി അച്ഛനും അമ്മയും ഏട്ടനും ഒരേ സ്വരത്തിൽ പറഞ്ഞു…

ഒന്നും മിണ്ടാതെ വിധു മുറിയിലേക്ക് കയറി പോയി..”ചായ..”കുളി കഴിഞ്ഞു റൂമിൽ വന്നു മുടി ചീകി ഒതുക്കുന്നതിനിടയിൽ അനുവിന്റെ ശബ്ദം കേട്ട് വിധു തിരിഞ്ഞു നോക്കി..

“ഡീ കോപ്പേ..
നീ ഇതെങ്ങനെ…
ഇത്രേം പെട്ടന്ന് ഇവിടെ കയറി കൂടി..”

“ഏട്ടന്റെ രാവിലത്തെ പോക്ക് കണ്ടപ്പോൾ തന്നെ എനിക്ക് മനസിലായി വരില്ല ന്ന്..
ഏട്ടൻ പോയതിനു പിറകേ ഒരു ബാഗിൽ എന്റേം ഏട്ടന്റേം മോളുടെയും ഡ്രസ്സ്‌ പാക്ക് ചെയ്തു അയൽവക്കത്തെ ചേച്ചിയോട് പറഞ്ഞു ഒരു ഓട്ടോ വിളിച്ചു ഞാൻ ഇങ്ങോട്ട് പോന്നു..

ഗേറ്റിന് മുന്നിൽ ഓട്ടോ നിർത്തി..
ഞാൻ ഓട്ടോ കാശ് കൊടുത്തു ഗേറ്റ് തുറന്നു അകത്തേക്ക് കയറി..
അച്ഛൻ കോലായിൽ ഇരുപ്പുണ്ടായിരിന്നു..
ഒന്നും നോക്കിയില്ല മോളേ അച്ഛന്റെ മടിയിലേക്ക് വെച്ച് കൊടുത്തു..
മോളേ ദേ മോളുടെ മുത്തശ്ശൻ എന്നും പറഞ്ഞു ഞാൻ അച്ഛനെ മൈൻഡ് ചെയ്യാതെ
നേരെ അകത്തേക്ക് കയറി..

പിറന്നാൾ ആശംസകൾ അമ്മേ…
എന്നും പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി വന്ന അമ്മക്ക് കവിളിൽ ഒരു ഉമ്മ കൊടുത്തു..
അമ്മക്ക് ആദ്യം ഒന്നും മനസിലായില്ല..
പിന്നെ എന്നേ മനസിലായി…
ഒന്നും മിണ്ടിയില്ല കെട്ടിപ്പിടിച്ചു..
എന്റെ കവിളിലും ചുണ്ടമർത്തി.

ഡ്രസ്സ്‌ മാറണം..
എവിടാ ഞങ്ങളുടെ മുറി എന്ന് ചോദിച്ചു ഞാൻ..

ഇടതു വശത്തുള്ള മുറി ചൂണ്ടി കാണിച്ചു..
ഞാൻ നേരെ പോയി ചുരിദാർ മാറി നെറ്റി എടുത്തിട്ട് പുറത്തേക്ക് വന്നു..

അപ്പോളേക്കും അച്ഛനും അമ്മയും ഏട്ടനും മോളേ താഴെ വെക്കാതെ കളിപ്പിക്കാൻ തുടങ്ങിയിരുന്നു..

അമ്മേ ഉച്ചക്ക് സദ്യ വേണോ..
അമ്മേം വാ..
നമുക്ക് പെട്ടന്നു ഒരു സദ്യ ഉണ്ടാക്കാം എന്ന് പറഞ്ഞു അമ്മയെയും വലിച്ചു കിച്ചണിലേക്ക്..
പിന്നെ അറിയാലോ എന്നേ..
എല്ലാവരേം മണിക്കൂറുകൾ കൊണ്ട് കൈയ്യിൽ എടുത്തു..”

“എന്നാലും…
ഇതെങ്ങനെ..””ഏടത്തിയമ്മ കൊറേ ആയി പറയുന്നു അമ്മയും അച്ഛനും നമ്മളേ കാണാൻ ആഗ്രഹിക്കുന്നുവെന്ന്..

അതിനുള്ള സമയം ഇപ്പോൾ ആണെന്ന് തോന്നി..
അടുത്ത ആഴ്ചയിൽ ഏട്ടന്റെ വീട് കേറി താമസം ആണ്..
അതിനു മുന്നേ നമ്മൾ ഇവിടെ ഉണ്ടാവണമെന്ന് ഏട്ടത്തിക്ക് നിർബന്ധം..
അങ്ങനെയാണ് പിറന്നാളിനു തന്നേ ഇങ്ങോട്ടു കേറി വരാം എന്ന് തീരുമാനിച്ചത്..”

“ഏട്ടൻ പുതിയ വീട് പണിതോ..
നീ ഇതൊക്കെ എങ്ങനെ അറിഞ്ഞു..””ഞങ്ങൾ കയറി വന്ന പെണ്ണുങ്ങൾ മനസാക്ഷി ഉള്ളവർ ആണ് ഹേ..”

അനു ചിരിച്ചു കൊണ്ടു വിധുവിനെ നോക്കി..”ദേഷ്യം ഉണ്ടോ ഏട്ടന്..”അനുവിന്റെ ശബ്ദം നേർത്തു..”എന്തിന്..”

“ഞാൻ ഇങ്ങനെ ചെയ്തത് കൊണ്ട്..
അറിയാലോ .
എനിക്ക് എല്ലാരും ഉണ്ട്…
ഇല്ലാത്തതു എന്റെ ഏട്ടനല്ലേ…
എന്റെ വാശി കൊണ്ടു ഇനി എന്റെ ഏട്ടന് സങ്കടം ണ്ടാവരുത്..

പിന്നെ…എല്ലാർക്കും നമ്മളേ വേണം ഏട്ടാ..നമുക്കും എല്ലാരേം വേണം..പിന്നേ..നാളേ തന്നേ വീട് കാലി ചെയ്തു സാധനങ്ങൾ ഇങ്ങോട്ട് ഷിഫ്റ്റ്‌ ചെയ്യണം..

ഇനിയുള്ള നമ്മുടെ ജീവിതം ഈ തറവാട്ടിൽ ആണ് ട്ടോ…”
വിധുവിന്റെ കവിളിൽ ചുണ്ടമർത്തി കൊണ്ട് അനു പറഞ്ഞു…

പിന്നെ മെല്ലേ അവൾ കണ്ണിറുക്കി കൊണ്ടു തിരിഞ്ഞു നടന്നു..”നീ എന്റെ പുണ്യമാണ് പെണ്ണേ..”തിരിഞ്ഞു നടക്കുന്ന അനുവിനെ നോക്കി വിധു സ്വയം പറഞ്ഞു..പുറത്തെ നിലാവിൽ ചന്ദ്രന് അന്ന് കൂടുതൽ ഭംഗിയുണ്ടായിരുന്നു..

 

Leave a Reply

Your email address will not be published. Required fields are marked *