(രചന: J. K)
“”ഡെവിൻ യു ഹാവ് എ വിസിറ്റർ “”എന്ന് കൂടെ ജോലി ചെയ്യുന്ന ഫിലിപ്പീനി വന്നു പറഞ്ഞപ്പോൾ അത്ഭുതം ആയിരുന്നു ആരായിരിക്കും എന്ന് അതുകൊണ്ടാണ് വേഗം എണീറ്റ് ചെന്നത്…
അപ്പോഴും മനസ്സിലുണ്ടായിരുന്നത് അലി കാക്കയായിരിക്കും എന്നാണ് അദ്ദേഹം നാട്ടിൽ നിന്ന് വരുന്നുണ്ട് എന്ന് വിളിച്ചു പറഞ്ഞിരുന്നു വരുമ്പോൾ എല്ലാവർക്കും എന്തെങ്കിലും ഒന്ന് കരുതുക പതിവാണ്..
അതും ഓർത്ത് ചെന്നപ്പോഴാണ് വിസിറ്റേഴ്സ് റൂമിൽ ഇരിക്കുന്ന ആളെ കണ്ടത് ആദ്യം കണ്ടപ്പോൾ സംശയം തോന്നി ഒന്നു കൂടി സൂക്ഷിച്ചു നോക്കി അത് അവൾ തന്നെ,നിയ.. “”
ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി പോയി പഴയതിനേക്കാൾ അല്പം തടിച്ചിട്ടുണ്ട് ഒന്നുകൂടി സുന്ദരിയായ പോലെ എന്ത് പറയണം എന്ന് പോലും അറിയാതെ ആകെ ഷോക്കായി നിന്നു..
അത് കണ്ടിട്ടാവണം അവൾ അരികിലേക്ക് വന്ന് ഷെയ്ക്ക് ഹാൻഡ് തരാൻ വേണ്ടി കൈകൾ നീട്ടിയത് ചെറിയൊരു വിറയലോടെ ഞാനും കൈകൾ നീട്ടി…
അവൾ എന്നോട് ഹലോ പറഞ്ഞു ഞാനും ഹലോ പറഞ്ഞു പക്ഷേ എന്റെ സ്വരം ചെറുതായി പതറിയിരുന്നു…
“” എന്നെ മറന്നു കാണില്ല എന്ന് കരുതുന്നു. ഇനി മറന്നിട്ടുണ്ടെങ്കിൽ ഓർമ്മിപ്പിക്കാം എന്റെ പേര് നീയ പണ്ട് നമ്മൾ കുറെകാലം ഒരുമിച്ചുണ്ടായിരുന്നു.. “”അവൾ പറയുന്നതെല്ലാം ഒരക്ഷരം തിരിച്ചു പറയാതെ നിന്ന് കേട്ടു..
“”എന്റെ അസുഖം എല്ലാം മാറി മാറിയപ്പോൾ ആദ്യം കരുതിയത് തന്നെ കാണണം എന്നാണ് തന്റെ നാട്ടിൽ പോയി അന്വേഷിച്ചു അപ്പോഴാണ് അറിഞ്ഞത് ഇങ്ങോട്ട് പോന്നിട്ടുണ്ട് എന്ന് എവിടെയായാലും തന്നെ എത്രയും പെട്ടെന്ന് കാണണമെന്ന് മനസ്സു പറഞ്ഞു
അതുകൊണ്ടാണ് ഇവിടെ ഒരു ജോലിക്ക് അപ്ലൈ ചെയ്തതും അത് കിട്ടിയപ്പോൾ ഇങ്ങോട്ട് പ്ലെയിൻ കയറിയതും…””
അവൾ പറഞ്ഞു നിർത്തിയതും ഒന്നും പറയാനില്ലാത്തവനെപ്പോലെ ഞാൻ അവളെ തന്നെ നോക്കി നിന്നു അവൾ തുടർന്നു…
“എല്ലാം അവസാനിച്ചെന്ന് കരുതിയിടത്തു നിന്നാണ് ഞാൻ വന്നിരിക്കുന്നത്..നിങ്ങൾ പേടിക്കേണ്ട എനിക്ക് നിങ്ങളോട് യാതൊരു വൈരാഗ്യവുമില്ല ഇപ്പോൾ നിങ്ങളുടെ മുഖത്തുള്ള ഈ ഭാവം തന്നെ എനിക്ക് ധാരാളം…””
അതും പറഞ്ഞ് അവൾ നടന്നു നീങ്ങി എന്ത് ചെയ്യണം എന്നുപോലും അറിയാതെ ഞാൻ അവിടെ തറഞ്ഞു നിന്നു…
അവളെ കാത്ത് എന്നവണ്ണം ഒരാൾ അവിടെ നിന്നിരുന്നു.. അയാളെ എനിക്ക് പരിചയമുണ്ടായിരുന്നു.. ഇവിടെത്തന്നെ ഒരു കമ്പനിയിലാണ് വർക്ക് ചെയ്യുന്നത് അവളുടെ അകന്ന ഒരു ബന്ധുവാണ് എന്നറിയാം…
ഓർമ്മകൾ കുറച്ചു വർഷങ്ങൾ മുന്നിലേക്ക് പോയി..ഡിഗ്രി കഴിഞ്ഞതും അപ്പച്ചൻ പറഞ്ഞിരുന്നു ഇനി സ്വന്തമായി എന്തെങ്കിലും ജോലി നോക്കാൻ അതുകൊണ്ടാണ് ഇഷ്ടപ്പെട്ട ഫോട്ടോഗ്രാഫി പ്രൊഫഷനായി സ്വീകരിക്കാമെന്ന് കരുതിയത്.. ഒരു പാരലൽ കോളജിന് അടുത്ത് തന്നെയായിരുന്നു സ്റ്റുഡിയോ..
വൈൽഡ് ഫോട്ടോഗ്രാഫിയിൽ തൽപരനായ ഏനിക്ക് അവിടെ ആളുകളുടെ ഫോട്ടോയെടുത്ത് സമാധാനിക്കേണ്ടി വന്നു..
അവിടെ ഒരിക്കൽ ഫോട്ടോ എടുക്കാൻ വന്നതായിരുന്നു അവൾ, നിയ ആദ്യം കണ്ടപ്പോൾ തന്നെ എന്തോ വല്ലാത്ത ഒരു അട്രാക്ഷൻ തോന്നി,
സ്റ്റുഡിയോയുടെ അടുത്തുള്ള പാരലൽ കോളേജിലാണ് അവൾ പഠിക്കുന്നത് എന്നറിഞ്ഞപ്പോൾ വെറുതെ രാവിലെ അവിടെ പോയി നിൽക്കാൻ തുടങ്ങി. അവൾ വരുന്നതും കാത്ത്…
ആദ്യം ഒന്നും അവൾ മൈൻഡ് ചെയ്യുന്നില്ലായിരുന്നു പിന്നീട് അവൾ നോക്കി ചിരിക്കാൻ തുടങ്ങി എപ്പോഴോ ഞാൻ അവളോട് എന്റെ പ്രണയം തുറന്നുപറഞ്ഞു..
അവളുടെ ഭാഗത്ത് നിന്ന് എതിർപ്പില്ല എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷകരമായ ഒരു കാര്യം തന്നെയായിരുന്നു…
എന്റെ വീട്ടിൽ ഞാൻ അവളെപ്പറ്റി പറഞ്ഞു അവർക്കാർക്കും എതിർപ്പ് ഉണ്ടായിരുന്നില്ല അവളുടെ പഠനം കൂടി കഴിഞ്ഞാൽ അവളുടെ വീട്ടിൽ പോയി സംസാരിച്ചു കല്യാണം നടത്താം എന്ന് വീട്ടുകാരും സമ്മതിച്ചിരുന്നു. അങ്ങനെ ഞങ്ങളുടെ പ്രണയം നല്ല രീതിക്ക് മുന്നോട്ടുപോയി…അതിനിടയിലാണ് വില്ലനെ പോലെ അവൾക്ക് ബ്രസ്റ്റ് കാൻസർ വന്നത്..
ഇടതുവശത്തെ ബ്രസ്റ്റിൽ ചെറിയൊരു തടിപ്പ് പോലെയായിരുന്നു ആദ്യം കണ്ടത്.
അതവൾ എന്നോട് തുറന്നു പറഞ്ഞിരുന്നു ഞാനാണ് പറഞ്ഞത് ഡോക്ടറെ കൺസൾട്ട് ചെയ്യണം എന്ന്. അവൾക്ക് ഭയമായിരുന്നു അതുകൊണ്ട് ഞാൻ കൂടെ പോയി..
ഡോക്ടർ അവളെ പരിശോധിച്ചു അവളുടെ ഉള്ളിലോട്ട് വലിഞ്ഞിരിക്കുന്ന മൂലക്കണ്ണുകൾ കണ്ടപ്പോൾ ഡോക്ടർക്ക് എന്തോ സംശയം തോന്നി മാമോഗ്രാം ചെയ്യാൻ പറഞ്ഞു…
സംശയം ശരിയായിരുന്നു അവൾക്ക് ബ്രേസ്റ്റ് ക്യാൻസർ ആണെന്ന് ഡോക്ടർ
വിധിയെഴുതി…
അവൾ ആകെ തകർന്നു പോയിരുന്നു കാരണം ഞങ്ങൾ തമ്മിലുള്ള ഒരു നല്ല ജീവിതം സ്വപ്നം കണ്ട് മുന്നോട്ട് പോകുന്നതിനിടയ്ക്കാണ് ഇങ്ങനെയൊരു കാര്യം…അവളോട് ഭയം വേണ്ട ഞാൻ കൂടെയുണ്ടാകും എന്ന് പറഞ്ഞു..
അവളുടെ അസുഖത്തെപ്പറ്റി ഞാൻ വീട്ടിൽ പറഞ്ഞു അത് വലിയ പ്രശ്നമായി.. ഈ അസുഖം കൂടെക്കൂടെ വന്നുകൊണ്ടിരിക്കും അതുകൊണ്ട് അവളെ മറന്ന് മറ്റൊരു വിവാഹം ചെയ്യണം എന്നു പറഞ്ഞ് അവർ നിർബന്ധിച്ചു..
അപ്പച്ചന്റെ തന്നെ ഒരു കൂട്ടുകാരനെ വിളിച്ചു ദുബായിൽ എനിക്കൊരു ജോലിയും റെഡിയാക്കി ഞാൻ പോകുന്നില്ല എന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി..
അമ്മ ആത്മഹത്യ ചെയ്യും അച്ഛൻ ആത്മഹത്യ ചെയ്യും എന്നെല്ലാം പറഞ്ഞ് എന്റെ മനസ്സ് മാറ്റി…
അവളെപ്പറ്റി ചിന്തിക്കാതെ ഞാൻ അൽപസമയത്തേക്ക് സ്വാർത്ഥനായി അവരുടെ വാക്ക് കേട്ട് ഈ ജോലിയും സ്വീകരിച്ച് ഇങ്ങോട്ട് പോന്നു പിന്നീട് അവളുമായി ഞാനൊരു കോൺടാക്ട് പോലും വെച്ചില്ല അവൾക്ക് എന്ത് സംഭവിച്ചു എന്ന് പോലും അന്വേഷിച്ചില്ല എല്ലാം എന്റെ സ്വാർത്ഥത അതിനുശേഷം അവളെ കാണുന്നത് ഇന്നാണ്…
ഇതിനിടയിൽ ഒന്നോ രണ്ടോ തവണ മാത്രമേ ഞാൻ നാട്ടിലേക്ക് പോയിട്ടുള്ളൂ. അപ്പോഴെല്ലാം എന്റെ വിവാഹ കാര്യം അവർ എടുത്തിട്ടിരുന്നു പക്ഷേ എനിക്ക് മറ്റൊരു പെണ്ണിനെ അവളുടെ സ്ഥാനത്ത് കാണാൻ കഴിഞ്ഞിരുന്നില്ല അതുകൊണ്ടുതന്നെ ഞാൻ ഇനി വിവാഹം കഴിക്കുന്നില്ല എന്ന് പറഞ്ഞു..
അവളുടെ ആ ബന്ധുവിനെ കണ്ടെത്തി അന്വേഷിച്ചപ്പോൾ അവർ ഡിഗ്രി പാതിക്ക് വച്ചു നിർത്തി എന്നും അസുഖം പൂർണമായും ഭേദമായതിനു ശേഷം നഴ്സിംഗ് ചെയ്തു എന്നും ഒക്കെ അറിയാൻ കഴിഞ്ഞു ഇവിടെ ഏതൊ ഒരു ഹോസ്പിറ്റലിലാണ് അവൾ ജോലി ചെയ്യുന്നത്…
അന്വേഷിച്ച് അതും ഞാൻ കണ്ടെത്തി അവളെ കാണാൻ വേണ്ടി പോയി…
ചെയ്തുപോയതിനെല്ലാം അവളോട് മാപ്പ് പറഞ്ഞു..
വീട്ടുകാരോട് ആരോടും പറയാതെ നമുക്ക് ഒരുമിച്ച് ഇവിടെ ഒരു ജീവിതം നയിക്കാം എന്ന് പറഞ്ഞപ്പോൾ അവൾ പൊട്ടിച്ചിരിക്കുകയാണ് ചെയ്തത്….
“മിസ്റ്റർ ഡെവിൻ ഒരാൾക്ക് ഒരുതവണയല്ലേ വിവാഹം കഴിക്കാൻ പറ്റൂ.. ഇപ്പോൾ ഞാൻ വിവാഹിതയാണ് എന്ന് പറഞ്ഞു..
“”എന്നെ ഒഴിവാക്കാൻ വേണ്ടി നുണ പറയുന്നതല്ലേ എന്ന് പറഞ്ഞപ്പോൾ അവൾ അവളുടെ ഭർത്താവിനെ വിളിച്ച് എനിക്ക് കാണിച്ചു തന്നു അവൾ വർക്ക് ചെയ്യുന്ന അതേ ഹോസ്പിറ്റലിലെ ഡോക്ടർ…
നാട്ടിൽ ഞാനും അവളെ ഉപേക്ഷിച്ചു പോയപ്പോൾ ആകെ തകർന്നവളെ ചേർത്തുനിർത്തി ആശ്വസിപ്പിച്ചത് അയാൾ ആയിരുന്നുവത്രെ അവൾ കാണിച്ചിരുന്ന ഹോസ്പിറ്റലിലെ ഡോക്ടർ…
അവർ തമ്മിൽ നല്ല സൗഹൃദത്തിൽ ആയി സൗഹൃദ മേലെ പ്രണയത്തിനു വഴിമാറി ഒടുവിൽ അയാൾ വിവാഹം കഴിച്ച് രണ്ടുപേരും കൂടി ഇവിടെ ജോലിയും വാങ്ങി വന്നതാണ്..
അവളെയും ചേർത്ത് പിടിച്ച് നിൽക്കുന്ന അയാളെ കൂടി കണ്ടപ്പോൾ എനിക്ക് പിന്നെ ഒന്നും ചെയ്യാനോ പറയാനോ ഇല്ല എന്ന് മനസ്സിലായി..
എങ്കിലും വല്ലാത്ത നഷ്ടബോധം ഉണ്ടായിരുന്നു..പോകാൻ നേരം അവൾ എന്നെ വിളിച്ചു..
“” പണ്ട് അമ്മ ഒരു കഥ പറഞ്ഞു തന്നിട്ടുണ്ട് രണ്ടു കൂട്ടുകാരുടെ!! ഒരു ആപത്ത് വന്നപ്പോൾ സ്വന്തം കൂട്ടുകാരനെ ഒന്ന് നോക്കുക പോലും ചെയ്യാതെ രക്ഷപ്പെട്ടവനെ…
അങ്ങനെയുള്ളവരെ അന്ധമായി വിശ്വസിക്കുന്നതാണ് നമ്മൾ ജീവിതത്തിൽ ചെയ്യുന്ന ഏറ്റവും വലിയ തെറ്റ്…
ഒരിക്കൽ ഞാൻ ആ തെറ്റ് ചെയ്തവളാണ്…
പക്ഷേ പിന്നീട് ഒരു അവസരം വന്നപ്പോൾ തിരുത്തി..
ഇനിയെങ്കിലും ആരെയും ചതിക്കാതിരിക്കാൻ ശ്രെമിക്കൂ…
ചിരിയോടെ അത് പറഞ്ഞ അവൾ എന്നെ യാത്രയാക്കി അപ്പോഴും അവളെ കാത്തെന്ന വണ്ണം അയാൾ അവിടെ നിന്നിരുന്നു… എപ്പോഴും കൂടെയുണ്ടാവും എന്ന് പറയാതെ പറയും പോലെ..
ആരെയും കുറ്റം പറയാൻ പറ്റില്ല എന്ന് എനിക്കറിയാമായിരുന്നു അപ്പച്ചനെയോ അമ്മച്ചിയെയോ… ആരെയും…
അവിടെ ഒരു ദൃഢമായ തീരുമാനം എടുക്കേണ്ടത് ഞാനായിരുന്നു പക്ഷേ ഞാൻ അവരുടെ വാക്ക് കേട്ട് അവളിൽ നിന്ന് ഓടിയോളിക്കാൻ ശ്രമിച്ചു…
എന്റേ മാത്രം രക്ഷ നോക്കി ഇനി എനിക്ക് അവളോട് സംസാരിക്കാനുള്ള അവകാശം പോലും ഇല്ല.. എന്ന പൂർണ്ണ ബോധവും എനിക്കുണ്ടായിരുന്നു…
നിറഞ്ഞ കണ്ണുകളും ഘനിഭവിച്ച ഹൃദയത്തോടും കൂടി ഞാൻ ആ പടിയിറങ്ങി എന്നെന്നേക്കുമായി…