എന്നാലും എന്റെ ഇച്ചായനു എന്തൊരു കഷ്ടപ്പാടാണ്… എന്റെ കർത്താവെ എന്നേ അങ്ങുവിളിച്ചെങ്കിൽ

കർത്താവ് ഉണ്ടാക്കിയ രോഗം
രചന: Jolly Shaji

ഇച്ചായാ എനിക്ക് തീരെ വയ്യ ദേ ഇവിടെ പൊട്ടിപോകുന്ന വേദന..നീ ഇങ്ങ് തിരിഞ്ഞു കിടക്കു ഞാൻ തിരുമ്മി തരാം…

തിരിയാൻ പറ്റുന്നില്ല.. യ്യോ ഇച്ചായ ഒന്ന് എന്നേ എണീപ്പിക്കുവോ… ദേ ഇപ്പുറെ വാന്നെ…
ആ ഞാൻ എണീക്കട്ടെ…

ജോസൂട്ടി ഉറക്കച്ചടവോടെ കണ്ണുതിരുമ്മി എണീറ്റു മോളിക്കുട്ടി കിടക്കുന്നതിന്റെ അപ്പുറം ചെന്ന് അവളെ മെല്ലെ ചാരി ഇരുത്തി…

എവിടെയാ വേദന കാണിക്കു..കാലിന്റെ മുട്ടിനു തൊട്ടു താഴെ ആണ് ഇച്ചായ… ആ.. എനിക്ക് നല്ല പരവേശവും ഉണ്ടല്ലോ..

വെള്ളം ഇത്തിരി കുടിക്കു ഞാൻ എടുത്തു തരാം…ഈ പാതിരക്കു തണുത്ത വെള്ളമോ ഇത്തിരി കാപ്പി കിട്ടിയാൽ തൊണ്ടക്ക് ഒരു ആശ്വാസം ആയേനെ..

ഞാൻ കാപ്പി ഇട്ട് തരാം…ജോസൂട്ടി അടുക്കളയിലേക്ക് പോയി..എന്നാലും എന്റെ ഈശോയെ എന്നേ എന്തിനു നീ രോഗിയാക്കി എന്റെ ഇച്ചായൻ പാവം എന്തോരുവാ കഷ്ടപെടുന്നേ… ആ പാവത്തിന് ഒന്ന് ഉറങ്ങാൻ പോലും പറ്റുന്നില്ലല്ലോ എന്റെ കർത്താവെ…

മതി മതി എണ്ണിപ്പെറുക്കിയത് … സാരമില്ല… ഒന്നോ രണ്ടോ മാസം അല്ലെ ആയുള്ളൂ എനിക്കീ കഷ്ടപ്പാട്.. അത് ഞാൻ സഹിക്കാം…നീ അഞ്ചെട്ടു വർഷം ആയില്ലേ ഇവിടെ കിടന്നു കഷ്ടപ്പെട്ടത്.. എങ്ങനെ എങ്കിലും നിന്റെ രോഗം ഭേദമായാൽ മതിയാരുന്നു…

ഓ ഈ രോഗം അങ്ങനെ ഭേദം ആകുമെന്ന് എനിക്ക് തോന്നുന്നില്ല ഇച്ചായ.. ഇത് എന്നേം കൊണ്ടേ പോകു… ഒരു കുറവും കാണുന്നില്ല…

എന്റെ ഒരു സുഹൃത്ത് മെഡിക്കൽ കോളേജിൽ ഒരു ഡോക്ടറെ കുറിച്ച് പറഞ്ഞില്ലേ നമുക്ക് അയാളെ ഒന്ന് കണ്ടുനോക്കിയാലോ….

അത് വേണ്ടിച്ചായാ അപ്പൊ സണ്ണിപ്പാപ്പന് എന്ത് തോന്നും അദ്ദേഹത്തിന്റെ മരുമകൻ ടോമി ഡോക്ടറെ നമുക്ക് വിശ്വാസം ഇല്ലാത്തോണ്ട് നമ്മൾ വേറെ ഡോക്ടറെ കണ്ടെന്നു അവർക്കു തോന്നില്ലേ…

ഏതു അസുഖത്തിനും മറ്റൊരു ഡോക്ടറെ കൂടി കണ്ടിരിക്കുന്നത് നല്ലതാ മോളിക്കുട്ടി…

ആറുമാസം അല്ലെ ടോമി ഡോക്ടർ പറഞ്ഞേക്കുന്ന ബെഡ്റസ്റ്റ്‌ അത് തീരട്ടെ… എന്നിട്ട് നമുക്ക് വേറെ നോക്കാം ഇച്ചായ…

പിറ്റേന്ന് വെളുപ്പിനെ ജോസൂട്ടി എണീറ്റ് അടുക്കളയിൽ കയറി ചായ ഉണ്ടാക്കി മോളിക്കുട്ടീടെ അടുത്തു കൊണ്ടുചെന്ന് വിളിച്ചു…

അതവിടെ വെച്ചെക്കു ഇച്ചായാ ഇപ്പോൾ ആണ് ഒന്ന് കണ്ണടക്കുന്നെ… ഞാൻ കുടിച്ചോളാം…അവിടെ ഇരുന്നു തണുത്തുപോകാതെ കുടിക്കണേ…

ജോസൂട്ടി നേരെ അടുക്കളയിലേക്കു.. ദോശമാവു എടുത്തു വെച്ചു… മിക്സിയിൽ തലേന്ന് ലീലച്ചേച്ചി പോകും മുന്നെ അരച്ചുവെച്ചേക്കുന്ന ചമ്മന്തി എടുത്തു കടുക് താളിച്ചിട്ടു ചൂടാക്കി…. ഒരടുപ്പിൽ

അരിയിട്ടു ഒന്നിൽ കുട്ടികൾക്ക് കുളിക്കാൻ വെള്ളം… ഫ്രിഡ്ജിൽ നിന്നും മുളക് തിരുമ്മിയ മീനും തോരനും പുറത്തെടുത്തു വെച്ചു..
പിള്ളേർക്കുള്ള പാല് തിളപ്പിക്കാൻ വെച്ചു… അതിനിടെ കട്ടൻ കാപ്പി കുടിച്ചു…

അപ്പച്ചാ എനിക്ക് കാപ്പി വേണം..എഴുവയസ്സുകാരി അന്ന മോള് ആണ്..വേഗം കാപ്പി ആയി കുട്ടികളുടെ മുറിയിലേക്ക്..

ആഹാ ബെഡിൽ നിന്നും എണീക്കാതെ ആണോ കാപ്പി… മോനെ ആദം.. എടാ എണീക്കു…

അന്നമോളേം ആദം മോനെയും എണീപ്പിച്ചു ചായ കൊടുക്കുമ്പോൾ ആണ് മോളിക്കുട്ടിയുടെ വിളി…

ഇച്ചായാ ഈ ചായ തണുത്തുപോയല്ലോ… അല്ലേൽ സാരമില്ല..ഇച്ചായൻ എന്തോരുവാ കഷ്ടപെടുന്നേ… ഞാൻ തണുത്ത ചായ കുടിച്ചോളാം…

വേണ്ട ഇങ്ങുതാ ഞാൻ ചൂടാക്കി തരാം..ചായയുമായി അടുക്കളയിലേക്കു..അപ്പോളേക്കും പാല് തിളച്ചു അടുപ്പിൽ തൂവി… വേഗം അതുവാങ്ങി വെച്ച് അടുപ്പ് തുടച്ചു… ദോശ ചുട്ടു…

പിള്ളേരെ പല്ല് തേപ്പിച്ചു… കുളിപ്പിച്ചു ..ഇച്ചായാ എന്റെ വയറ്റിൽ നിന്നും ഒരു ഇരപ്പ് കേൾക്കുന്നു…ഭക്ഷണം ഇപ്പൊ തരാമെടി മോളിക്കുട്ടി…

പിള്ളേർക്കു ദോശ കൊടുത്തു കൈകഴുകിച്ചു നേരെ മോളിക്കുട്ടിയുടെ അടുത്തേക്ക് …

എന്നാലും എന്റെ ഇച്ചായനു എന്തൊരു കഷ്ടപ്പാടാണ്… എന്റെ കർത്താവെ എന്നേ അങ്ങുവിളിച്ചെങ്കിൽ എന്നെക്കൂടി നോക്കി ഇച്ചായൻ കഷ്ടപെടേണ്ടയിരുന്നു…

നീയൊന്നു മിണ്ടാതിരി മോളിക്കുട്ടി… ഞാൻ പറഞ്ഞോ എനിക്ക് നിന്നെ നോക്കുന്നത് കഷ്ട്പ്പാട് ആണെന്ന്…

പറഞ്ഞില്ല എങ്കിലും എനിക്ക് ചിലപ്പോളൊക്കെ തോന്നിപോകുവാ ഇച്ചായാ…തത്കാലം ആ തോന്നൽ വേണ്ട… മനസ്സ് വിഷമിപ്പിച്ചു അസുഖം കൂട്ടേണ്ട..

മോളിക്കുട്ടിയേ പല്ലുതേപ്പിച്ചു ഭക്ഷണം കൊടുത്തു… സമയം എട്ട് ആയി.. വേഗം കുട്ടികളെ ഡ്രസ്സ് ചെയ്യിച്ചു.. പത്രങ്ങളിൽ ചോറ് എടുത്തുവെച്ചു… അപ്പോളേക്കും അവരുടെ സ്കൂൾബസ് വന്നു… അവരെ

ബസ്സിൽ കയറ്റിവിട്ടിട്ടു നേരെ കുളിമുറിയിലേക്ക് കയറി ജോസുകുട്ടി… കുളിച്ചെന്നു വരുത്തി വരുത്തി തീർത്തു പുറത്തിറങ്ങി.. ഡ്രസ്സ് മാറി ജോലിക്ക് പോവാനായി..

ഭക്ഷണം കഴിക്കുന്നില്ലേ ഇച്ചായാ…ഇനി സമയം ഇല്ല.. ഇപ്പോൾ തന്നെ ലേറ്റ് ആയി… നീ ആ ലീല ചേച്ചിയോട് പറ നാളേക്ക് കടലക്കറി ഉണ്ടാക്കി വെക്കാൻ …. പുട്ടുപൊടി നനച്ച് ഫ്രിഡ്ജിൽ വെക്കാനും… അതാണെങ്കിൽ രാവിലെ എളുപ്പം ഉണ്ടല്ലോ..

അയ്യോ ഇച്ചായന് പുട്ട് ഇഷ്ടം ഇല്ലല്ലൊ… ദോശ അല്ലെ കൂടുതൽ ഇഷ്ടം….ആ ശീലമൊക്കെ മാറിയെടി ഇപ്പൊ പുട്ടാണ് ഇഷ്ടം…. നീ ഭക്ഷണം സമയത്തു കഴിക്കണം… ആ ടാബ്‌ലറ്റ് തീർന്നോ..

തീർന്നില്ല ഇച്ചായ… ലീല ചേച്ചിക്ക് കൊടുക്കാൻ ഉള്ള പൈസ കൂടി അവിടെ വെച്ചെക്കു ഇച്ചായാ…

അടുത്ത ഞായറാഴ്ച്ച ലീലച്ചേച്ചിയോട് ഒന്ന് വരാൻ പറയെടി… എന്തായാലും നീ ഉണ്ടാക്കും പോലെ തന്നെയുള്ള ഭക്ഷണം ഒക്കെ ഉണ്ടാക്കി തരുന്ന ആളല്ലേ… എനിക്കും ഒന്ന് കാണാൻ ആണ്…

അപ്പൊ ആ കറികൾക്ക് രുചി ഉണ്ടോ ഇച്ചായാ…ഉവ്വെടി.. നീ ഉണ്ടാക്കുന്ന അതെ രുചി..ഞാൻ ഉണ്ടാക്കുമ്പോളൊക്കെ കുറ്റം ആണല്ലോ പറഞ്ഞേക്കുന്നെ…

അതൊക്ക പിന്നെ വെറുതെ പറയുന്നതല്ലെടി… ഇപ്പൊ അല്ലെ എനിക്ക് നിന്റെ വില മനസ്സിലായത്…

ജോസുകുട്ടി ജോലിക്ക് പോകാൻ ഇറങ്ങി… ബൈക്ക് സ്റ്റാർട്ട് ആയ ശബ്‍ദം കേട്ടതെ മോളിക്കുട്ടി ചാടി എണീറ്റു….

എന്റെ കർത്താവെ ഇന്നലെ വൈകുന്നേരം മുതൽ ഒരേ കിടപ്പു കിടന്ന് പുറം പൊട്ടിപോകുന്നു…. അപ്പൊ തളർന്നു കിടപ്പായവരെ സമ്മതിക്കണം അല്ലെ… അവൾ സ്വയം പിറുപിർത്തു…. അടുക്കളയിൽ ചെന്നു ആകെ താറുമാറായി കിടക്കുന്നു… വേഗം പണികൾ ഒതുക്കി…

റെഡിയായി നേരെ ബാങ്കിലേക്ക് പോയി… ലീലച്ചേച്ചിക്ക് കൊടുക്കാൻ
ജോസുകുട്ടി തന്ന പൈസയിൽനിന്നും മുന്നൂറു രൂപ പതിവായി കൊടുക്കാറുള്ള അനാഥാലയത്തിന്റെ അക്കൗണ്ടിൽ ഇട്ടു ബാക്കി നൂറുരൂപ അവളുടെ അക്കൗണ്ടിലും…

തിരിച്ചു വീട്ടിൽവന്നു ഇട്ടോണ്ടുപോയ ഡ്രെസ് വെയിലിൽ ചൂടാക്കി മടക്കി അലമാരിയിൽ വെച്ചു…. പിറ്റേന്നേക്കു കടലകറിയും മീൻകറിയും തോരനും ഉണ്ടാക്കി… പുട്ടുപൊടി നനച്ച് വെച്ചു… കുട്ടികൾക്ക് ചായ ഉണ്ടാക്കി മേശപ്പുറത്തു വെച്ചു…

കുട്ടികൾ വരാറായി അവൾ വീണ്ടും ബെഡിൽ കേറി കിടന്നു…. ഞായറാഴ്ച എങ്ങനെ ലീലച്ചേച്ചിയെ കാണിക്കും… കുട്ടികളും പറയാറുണ്ട്… ഒരുദിവസം ആ ചേച്ചിയോട് ഞങ്ങൾ വന്നിട്ടു പോകാം എന്ന് പറയു അമ്മേ എന്ന്…

പുറത്തു സ്കൂൾ ബസിന്റെ ശബ്‍ദം കേൾക്കുന്നു….അമ്മേ.. ഞങ്ങൾ വന്നു..ഉടുപ്പ് മാറി രണ്ടാളും ചായ കുടിക്കു.. ലീല ചേച്ചി മേശയിൽ ചായ വെച്ചിട്ടുണ്ട്

കുടിക്കാം അമ്മേ..അമ്മ വിഷമിക്കാതെ കിടന്നോളു…എന്റെ കർത്താവെ എന്റെ രോഗം ഒന്ന് വേഗം മാറണെ… മോളിക്കുട്ടി വീണ്ടും നെടുവീർപ്പു തുടങ്ങി….

Leave a Reply

Your email address will not be published. Required fields are marked *