അനുഭവ കഥ:- ബ്രേസിയറും ഞാനും തമ്മിൽ
രചന :-മുഹമ്മദ് ഫൈസൽ ആനമങ്ങാട്
“”രണ്ട് ബ്രാ വേണം””. ഒരു പെൺ ശബ്ദമാണ്.ശബ്ദം കേട്ട് ഞാൻ തല ഉയർത്തി നോക്കി. ഒരു മുപ്പത് വയസ്സ് തോന്നിക്കുന്ന ഒരു ചേച്ചി ചിരിച്ചു കൊണ്ട് എന്നെ നോക്കി നിൽക്കുന്നു.
കൗണ്ടറിലെ കറങ്ങുന്ന കസേരയിലിരുന്നു പേപ്പറിലേക്ക് തല കുമ്പിട്ടിരുന്നു വായിക്കുകയായിരുന്നു ഞാൻ. ഞാൻ എഴുന്നേറ്റു പേപ്പർ മടക്കി വെച്ചു. ആദ്യായിട്ടാണ് ഒരാൾ വന്നു എന്നോട് സാധനം എടുത്തു തരാൻ പറയുന്നത്..
“”എന്ത്… എന്താ പറഞ്ഞത്?””. ഞാൻ നെറ്റി ചുളിച്ചു കണ്ണുകൾ തുറുപ്പിച്ചു കൊണ്ട് ചോദിച്ചു.
“”ബ്രാ… ബ്രേസിയർ വേണം””. ആ സ്ത്രീ ഒരേ ചിരിയോടെ പറഞ്ഞു.””കുടുങ്ങ്യലോ റബ്ബേ. എന്താ ചെയ്യാ ഞ്ഞി””.. ഞാൻ മനസ്സിൽ പറഞ്ഞു.
എനിക്കാണെങ്കിൽ കടയിലെ ഒന്നും അറിയില്ല. ആന പ്രസവിക്കുന്നത് പോലെ വല്ലപ്പോഴും വന്ന് ക്യാഷ് കൗണ്ടറിൽ ഇരുന്നു പൈസ വാങ്ങിയ പരിചയം മാത്രമേയുള്ളൂ. മൂന്ന് ലേഡീസ് സ്റ്റാഫുകളും വന്നിട്ടുണ്ട്.
പക്ഷേ അവർ എല്ലാരും കൂടി ഒരു കല്യാണത്തിന് പോയിരിക്കുകയാണ്. ജെന്റ്‌സ് സ്റ്റാഫ് രണ്ട് പേരും ഇന്ന് വന്നിട്ടുമില്ല. ഉപ്പാക്ക് ഭക്ഷണം കഴിക്കാൻ പോവാൻ എന്നെ വിളിച്ചു കടയിൽ ഇരുത്തിയതാണ്. ആ വിളിച്ചു വരുത്തിയതിന്റെ ദേഷ്യം മാറും മുമ്പാണ് ഈ പെമ്പറന്നോളുടെ കയറി വരവ്..
“”എടാ.. ആരേലും വന്നാ ഇബടെ ആളില്ല. ചോറ് വെയ്ച്ചാൻ പോയിക്കാണ്. ഇപ്പ വരും. എന്നും പറഞ്ഞു നിറ്ത്തണം. ആളെ വുടരുത്. ഇജ്ജ് അനക്ക് ഇടുത്തു കൊടുക്കാമ്പറ്റ്ണത് ഇടുത്തു
കൊടുത്തോളോണ്ടു””..പോകുമ്പോ ഉപ്പ ഇങ്ങനെ പറഞ്ഞത് എനിക്കോർമ്മ വന്നു. എനിക്കാണെങ്കി അന്നൊക്കെ അപാര വിക്കുള്ള സമയമാണ്. പതിനെട്ടോ പത്തൊമ്പതോ..ഇതിൽ ഏതോ ഒന്നാണ് പ്രായം..
“”ചെ ചേച്ചി… ഇബടെ അ ആളില്ല. എ എ എനിക്ക് വലിയ എ ഐഡിയ ഇല്ല. ഒ ഓലൊക്കെ ഇപ്പ വ വരും. ഇ ഇങ്ങള് ഇരിക്കിം””.. ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു. അപ്പോഴേക്കും ആകെ വിയർത്തു കുളിച്ചു.
“”നീ അലിക്കാക്കാടെ മോൻ ആണോ?””.. ആ ചേച്ചി ചോദിച്ചു.ഞാൻ ചിരിച്ചു കൊണ്ട് അതേ എന്ന് തലയാട്ടി.
“”ഇയ്യ് എന്താ ഇതൊന്നും പഠിക്കാഞ്ഞേ. നിനക്ക് വിക്കുണ്ടല്ലേ?””.. ചേച്ചി ചോദിച്ചു.””ഞ ഞാൻ പഠിക്കാണ്. ഇ ഇങ്ങട്ട് വരാൻ പ പറ്റീട്ടില്ല””..ഞാൻ പറഞ്ഞു.
വിക്കുണ്ടല്ലേ എന്ന ചോദ്യം ഒരു പാട് നേരിട്ടിട്ടുള്ളതിനാലും അത് കേൾക്കുമ്പോൾ നിരാശയും ദേഷ്യവും അറിയാതെ വരും എന്നതിനാലും ഞാൻ ആ ചോദ്യത്തിന് മറുപടി പറഞ്ഞില്ല.
“”അയ്യോ… എടാ.. ഇക്ക് നിക്കാൻ തീരെ നേരല്ല്യ. ഞാൻ ഇവിടുത്തെ സ്ഥിരം കസ്റ്റമറാണ്.ഇയ്യ് എടുത്തു തന്നാൽ മതി. ദാ.. ആ ഭാഗത്താണ് വെച്ചിരിക്കുന്നത്””..ചേച്ചി കടയുടെ ഒരു മൂലയിലേക്ക് ചൂണ്ടി കൊണ്ട് പറഞ്ഞു.
ചേച്ചി വിടാൻ ഭാവമില്ല.ഞാൻ ആകെ ചമ്മി.”എനിക്ക് ഒരു കസ്റ്റമർ കാണിച്ചു തരണം പോലും. എന്റെ കടയിലെ സാധനം. എന്തൊക്കെ ഗതികേട് വാപ്പാ”
“”സൈസ് ഞാൻ പറഞ്ഞു തരാം…36D””.. ആ ചേച്ചി പറഞ്ഞു.ഞാൻ ഞെട്ടി. “ഇതിന് സൈസൊക്കെ ഉണ്ടോ തമ്പുരാനേ..എല്ലാർക്കും ഒന്ന് പാകമാവില്ലേ..ഈ കുന്ത്രാണ്ടം കാണുമ്പോ ഒക്കെ ഒരേ പോലെയാണല്ലോ.
ഇതെന്താ ഈ 36D?.. സ്കൂളില് 10A. 10D..എന്നൊക്കെ ക്ലാസ്സ് മുറികൾ കണ്ടിട്ടുണ്ട്. ഇതെന്ത് വലീം വണ്ടിയുമാണ് റബ്ബേ”.. ഞാൻ ഓർത്തു അന്തം വിട്ടു നിന്നു.
“”എ എന്താ ഈ മു മുപ്പത്താറ് ഡി?””. ഞാൻ വായ പൊളിച്ചു കൊണ്ട് ചോദിച്ചു.””അയ്യേ””.. എന്റെ ചോദ്യവും മുഖഭാവവും കണ്ട അവർ പൊട്ടി ചിരിച്ചു. കുലുങ്ങി കുലുങ്ങി ചിരിച്ചു. ഞാൻ ആ വഷളായി. ചിറി ഇളിഞ്ഞു. ഇളിഞ്ഞ ചിരിയും തോളിലിട്ട് ഞാൻ അങ്ങനെ നിന്നു.
“”എടാ.. വേഗം ചെല്ലടാ. ഞാനും വരാം””..അവർ ചിരിച്ചു കൊണ്ട് പറഞ്ഞു.ഞാൻ ആകെ വിഷണ്ണനായി അവർ ചൂണ്ടി കാണിച്ച സ്ഥലത്തേക്ക്
നടന്നു.”തമ്പുരാനേ..ഈ കടയുടെ ഭാവി മുതലാളിയായ എന്റെ ആദ്യത്തെ കച്ചവടം ബ്രായാണല്ലോ”.. ഞാനിങ്ങനെ തെല്ലു നിരാശയോടെ ഓർത്തു.
“”എടാ ഇത്ര പോന്നിട്ടും നിനക്കിതൊന്നും അറിയില്ല്യെ.. ഇയ്യ് ഒന്നൂല്ലെങ്കി ഒരു തുണി കടക്കാരന്റെ മകനല്ലേ””.. പുറകേ വന്ന അവർ പറഞ്ഞു.
“ഹും.. ഓ.. പിന്നേയ്…ഞാൻ ബ്രായുടെ സൈസല്ലേ പഠിക്കാൻ പോയിരുന്നത്. തുണി കടക്കാരന്റെ മകനെന്താ കൊമ്പുണ്ടോ. ഞാൻ എന്റെ ഉമ്മാന്റെ വയറ്റീന്നു ബ്രായുടെ സൈസും
കാണാപാഠം പഠിച്ചിട്ടല്ലേ ഇറങ്ങി പോന്നത്.. ഒന്നു പോ.. പെണ്ണേ”.. ഇങ്ങനെയൊക്കെ പറയാൻ വേണ്ടി എന്റെ മനസ്സ് നുരഞ്ഞു പൊന്തിയെങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല.
മിണ്ടിയാൽ തീർന്നില്ലേ. ഉപ്പാന്റെ ആൾക്കാരാണ്. വേറെ കടകൾ ഇല്ലാത്തത് കൊണ്ടൊന്നുമല്ലല്ലോ ഇവർക്ക്. ഉപ്പാനോടുള്ള ഇഷ്ടം കൊണ്ടല്ലേ. കഠിനാധ്വാനം കൊണ്ട് കെട്ടി പടുത്തതാണ്. ഒന്നും പറയാൻ പാടില്ല.
ഞാൻ ചേച്ചി ചൂണ്ടി കാണിച്ചു തന്ന ബ്രാകൾ വെച്ചിരിക്കുന്ന റാക്കുകളുടെ അടുത്തെത്തി..”ന്റുമ്മോ. ഇത്രയധികം മോഡലുകളോ. ഏതൊക്കെ ഇനം”.
പെട്ടികളിൽ സുന്ദരിച്ചികൾ ബ്രാ ഇട്ടു പല്ലും കാട്ടി ചിരിച്ചു നിൽക്കുന്നു. ബ്രേസിയറിലും ഇങ്ങനെ ഒരു വിശാല ലോകമുണ്ടോ. ഞാനൊക്കെ എവിടെയാ ജീവിക്കുന്നേ.
അല്ല വാപ്പാ.. ഈ അടിയിൽ ഇടുന്ന സാധനത്തിന് ഇത്രയും ആളുകൾ മെനക്കെട്ട് ഉണ്ടാക്കേണ്ടതുണ്ടോ. ആര് കാണാനാ ഹും””.. ഞാൻ 36D യുടെ പെട്ടി തെരയുന്നതിനിടെ ഓർത്തു.
“ആ കിട്ടി”…ഞാൻ ആ പെട്ടിയെടുത്തു മേശ പുറത്തേക്ക് എടുത്തു വെച്ചു. എനിക്കെന്തോ ലജ്ജയാൽ മാറി നിന്നു. അവർ ആ പെട്ടിയുടെ അടപ്പ് തുറന്നു ഒരെണ്ണം എടുത്തു നോക്കി.
“”എടാ.. ഇതല്ല.. ഇതിന് നൂറ്റമ്പത്റുപ്പ്യ വെലേണ്ട്. ഇതല്ല ഞാൻ എടുക്കാറുള്ളത്. അമ്പത്റുപ്പ്യടെ ണ്ടോ നോക്ക് ഇയ്യ്””. അവർ ആ പെട്ടി നീക്കി വെച്ചു കൊണ്ട് പറഞ്ഞു.
എനിക്ക് ദേഷ്യം പുകഞ്ഞു കയറി. “വെല കൂടിയ ചുരിദാർ കുത്തി കയറ്റി വന്നിരിക്കുന്നു. മുഖത്തൊരു അര കിലോ ക്രീമും തേച്ചിട്ടുണ്ടാവും.
സ്വർണ്ണവും കാണാനുണ്ട് ദേഹത്ത്. എന്നിട്ട് നൂറ്റമ്പത്റുപ്പ്യടെ ഒരു ബ്രാ വാങ്ങി ഇടാൻ വയ്യ… അവിടെ പിശുക്കുന്നു.. പിശുക്കി.. ഹും.. ഹം””. ഞാൻ അകമേ പറഞ്ഞു.
ഞാൻ വീണ്ടും ഓരോ പെട്ടികളിലെയും വില നോക്കി.. അവസാനം അമ്പത് രൂപയുടെ വില കണ്ട ഒരു പെട്ടിയെടുത്ത് അവരുടെ മുമ്പിൽ വെച്ചു. അതിൽ നിന്ന് രണ്ട് ബ്രാകൾ എടുത്ത് അവർ മാറ്റി വെച്ചു. വീണ്ടും എന്റെ മുഖത്ത് നോക്കി.
“”ഇഞ്ഞി രണ്ട് പാന്റീസ് വേണം””.. അവർ പറഞ്ഞു.””എ എന്ത്.. പ പാന്റ് പീസോ?””. ഞാൻ തിരിച്ചു ചോദിച്ചു.
ഇത് കേട്ട അവർ ചിരിയോട് ചിരി. കുലുങ്ങി തമർത്തുള്ള ചിരി. “”അയ്യോ.. എനിക്ക് വയ്യ””… അവർ ഇങ്ങനെ പറഞ്ഞു വീണ്ടും ചിരിച്ചു..””എടാ.. പൊട്ടാ.. പാന്റ് പീസല്ല.. പാന്റീസ്.. ജെട്ടി””.. അവർ പറഞ്ഞു.
“ഓ… ആ ഒലക്ക പുണ്ണാക്കാണോ. ശെന്താണ്..അതിന് ഇങ്ങനെയും ഒരു പേരുണ്ടോ. എന്തൊരു എടങ്ങേറാണ് റബ്ബേ ഇത്.
ഒരു ഭാവി തുണി കച്ചവടക്കാരന് ഇതൊക്കെ നാട്ടുക്കാര് പറഞ്ഞു തന്നിട്ട് വേണോ അറിയാൻ”.ഞാൻ സ്വയം കുറ്റപ്പെടുത്തി. എനിക്ക് എന്നോട് തന്നെ പുച്ഛമായി.
എന്തായാലും അവരുടെ “എടാ.. പൊട്ടാ”.. എന്നുള്ള വിളി എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. എങ്കിലും ഞാൻ ഒന്നും മിണ്ടിയില്ല.
“”വേഗം എടുക്ക് തൊണ്ണൂറ് സെന്റമീറ്റർ സൈസിൽ””.. അവർ ചിരിച്ചു കൊണ്ട് പറഞ്ഞു. “”ദാ.. അവിടുന്നാണ് അത് എടുത്തു തരാറ്””.. അവർ ചൂണ്ടി കാണിച്ചു.
ഞാൻ അവിടെ പോയി തപ്പി പിടിക്കവേ അവർ പുറകിൽ വന്നു പറഞ്ഞു.””എടാ.. സ്ത്രീകൾ ഉപയോഗിക്കുന്നതിന് പാന്റീസ് എന്നും പേരുണ്ട്. ഇഞ്ഞി വേറെ ആരുടെ മുമ്പിലും വഷളാവേണ്ട””.. അവരുടെ ഉപദേശം..
“ആയിക്കോട്ടേ….സന്തോഷം…എന്തോ വലിയ മഹാ കാര്യമല്ലേ പറഞ്ഞു തന്നിരിക്കുന്നത്. ഹും””.. ഞാൻ മനസ്സിൽ പിറുപിറുത്തു..
പാന്റീസിലും ഈ പറഞ്ഞ പോലെ തന്നെ. വർണ്ണങ്ങളുടെ മഹാലോകം. പൂക്കളുടെ അലങ്കാര മേളം. കരവിരുതുകളുടെ മാസ്മരികത. “ന്റെമ്മാരേ…എന്ത് കാര്യത്തിനാണ് ഇതിങ്ങനെ ഒരുക്കി വെച്ചിരിക്കുന്നത്.
ഞാനൊക്കെ മനസ്സിലാക്കാൻ വൈകി പോയി. ലോകം എന്നാൽ പുറമേ കാണുന്നതല്ല. ഒരു അധോലോകം എല്ലായിടത്തുമുണ്ട്. ഞാനൊക്കെ ഇത്രയും നാളും എവിടെയായിരുന്നു.
ഞാനൊക്കെ രാവിലെ ഉണങ്ങിയ എന്തേലുമൊന്ന് അലമാരയിൽ നിന്നെടുത്ത് വലിച്ചു കയറ്റും. അതിന്റെ നിറമോ രൂപമോ പോലും ഓർമ്മയുണ്ടാവില്ല.
അലക്കിയതാണോ എന്തോ.. തമ്പുരാനറിയാം..അതിന്റെ മേൽ പാന്റും കുത്തി കയറ്റിയങ്ങ് പോവും. നമുക്കൊക്കെ അത്രെയുള്ളൂ ഈ സാധനം”.. ഞാൻ അകമേ പറഞ്ഞു ചിരിച്ചു.
“”ഇ ഇഞ്ഞി വ വല്ലതും വേണോ?””.. ഞാൻ ചോദിച്ചു. മനുഷ്യന്മാർക്ക് കാണാൻ പറ്റുന്ന വല്ലതും ഇവർ ചോദിക്കണേ എന്ന് ഞാൻ ആഗ്രഹിച്ചു.
“”ഇഞ്ഞി… ഒരു മാക്സി കിട്ടിയാൽ… അനക്കറിയോ.. ഇല്ലെങ്കിൽ ഞാൻ പിന്നെ വരാം. സ്റ്റാഫുകളൊക്കെള്ള സമയത്ത്. ഇയ്യ് വെർതെ ബുദ്ധിമുട്ടേണ്ട””.. അവർ പറഞ്ഞു.
“ഹാവൂ… ആശ്വാസം.. നാലാളു കാണുന്ന ഒരു സാധനം ഇവര് ചോദിച്ചല്ലോ. ഇഞ്ഞി മരിച്ചാലും വേണ്ടില്ല”.. ഞാൻ മനസ്സിൽ പറഞ്ഞു. എവിടെ നിന്നോ ഒരു ഉഷാറ് എന്നെ തേടിയെത്തി. ഞാൻ ഉന്മേഷവാനായി. ഞാൻ അവരെ നോക്കി വെളുക്കെയൊന്ന് ചിരിച്ചു.
“”അ അ അല്ല ചേച്ചി.. ഞ ഞാനൊന്ന് നൊ നോക്കട്ടെ””.. ഞാൻ എല്ലാ റാക്കിലേക്കും ഒന്ന് നോക്കി. അവസാനം അതും അവർ തന്നെ കാണിച്ചു തന്നു. ഞാൻ കുറെയെണ്ണം വലിച്ചിട്ടു കാണിച്ചു.
എല്ലാം പാക്ക് ചെയ്തു കൊടുത്തു എനിക്ക് അറിയാവുന്ന ഏക വെടിപ്പുള്ള പണിയായ ക്യാഷ് വാങ്ങി ബാക്കി കൊടുത്തു. ഞാൻ ഒരു നല്ല ശ്വാസം വിട്ടു. “ഹാവൂ.. ഞാനും ഒരു കച്ചവടം ചെയ്തല്ലോ”.. ഒന്നു കൂടി കസേരയിൽ ചാരി ഞെളിഞ്ഞിരുന്നു.
അവർ ഇറങ്ങാൻ നേരം ഉപ്പ കയറി വന്നു. “”ആ ഇജ്ജ് എപ്പളാ വന്നത്. സുഖല്ലേ കെട്ടിച്ചോടൊത്തൊക്കെ.. കുട്ട്യോൾക്കൊക്കെ””.. ഉപ്പ അവരോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു.. ഞാൻ അത്ഭുതത്തോടെ അത് നോക്കി നിന്നു.
“ഇതാണ് കച്ചവട തന്ത്രം..കസ്റ്റമറോടുള്ള പെരുമാറ്റം. അവരോടുള്ള ഇഴുകി ചേരൽ. ആ സംസാരത്തിലെ എളിമ.വീണ്ടും വീണ്ടും വരാൻ ഇതിലേറെ എന്ത് വേണം”.. ഞാൻ ആദരവോടെ എന്റെ ഉപ്പാനെ നോക്കി നിന്നു.
“”സാധനൊക്കെ കിട്ടീലെ. ഓൻ ഇട്ത്തു തന്നോ””.. ഉപ്പ എന്നെ നോക്കി. “”ഇഞ്ഞി എന്തേലും വാണോ?. നല്ല ഐറ്റം ചുരിദാറും സാര്യേളുമൊക്കെ വന്ന്ട്ട്ണ്ട്. ചെറ്യേ വെലേള്ളു””. ഉപ്പ ചോദിച്ചു..
“”രണ്ട് ചെറിയ സാധനം വാങ്ങി. അതിന് തന്നെ ഓനും ഞാനും കുടുങ്ങി..ഹിഹിഹിഹി””.. അവർ എന്നെ നോക്കി ചിരിച്ചു.. ഞാനും ഒന്ന് വിളറിയ ചിരി ചിരിച്ചു.
ഓന്ക്ക് ഒന്നും അറീല. ആദ്യായിട്ട ഒറ്റക്ക് നിക്കണത്. എല്ലാം പഠിപ്പിക്കണം””. ഉപ്പ എന്നെ നോക്കി ചിരിച്ചു.….ശുഭം… നന്ദി..