സുതാര്യമായ രാവസ്ത്രങ്ങളിൽ, ഉടലഴകു തെളിഞ്ഞു നിന്നു. അജിത്ത്, ഉറക്കമായിരിക്കുന്നു. ചെറുകഥാ സമാഹാരം മടക്കി,

മരണം
രചന: രഘു കുന്നുമ്മക്കര പുതുക്കാട്

“ഇന്നത്തെ അത്താഴം, നമുക്ക് പുറത്തു നിന്നു കഴിയ്ക്കാം.
വൈകുന്നേരത്തേയ്ക്ക്, ഞാനൊന്നും ഉണ്ടാക്കിയില്ല.
ഈ, രണ്ടാം നിലയിലെ വീർപ്പുമുട്ടലിൽ നിന്നും,

തെല്ലു നേരത്തേക്കെങ്കിലും ഒരു മോചനം കിട്ടുമല്ലോ;
എനിക്കിന്നു തട്ടുകടയിലെ ഭക്ഷണം കഴിക്കണം.
എന്തായാലും വേണ്ടില്ല,
ഒത്തിരി നാളായി, രുചിഭേദമുള്ള എന്തെങ്കിലും കഴിച്ചിട്ട്”

അകത്തളത്തിലെ സെറ്റിയിലമർന്നിരുന്ന്,
ഏതോ ചെറുകഥാ സമാഹാരം അതീവശ്രദ്ധയോടെ വായിക്കുകയായിരുന്ന അജിത്ത്,
തല ചരിച്ചു ശരണ്യയേ നോക്കി.

അവൾ, പോകാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരിക്കുന്നു.
വിവാഹം കഴിഞ്ഞ്,
ആറു മാസം പിന്നിടുന്നതേയുള്ളൂ.

അവളങ്ങനേ പ്രത്യേകിച്ച് ഒരു മോഹവും പങ്കിടാറില്ല.
വയ്യെന്നു പറയാൻ തരമില്ല.
ബാങ്കിൽ നിന്നും,
ഏറെയകലെയുള്ള സ്വന്തം വീട്ടിലേക്കുള്ള ഡ്രൈവിംഗ് ഒഴിവാക്കാനാണ് നഗരത്തിൽ ഒരു വീടെടുത്തത്.

അതും, മുകൾനില.
പകലുകൾ മുഴുവൻ,
താൻ അക്കങ്ങളോടു ഇടപഴകുമ്പോൾ,
ശരണ്യയ്ക്കു കൂട്ട്, ഏകാന്തത മാത്രമാണ്.

‘പത്മനാഭൻ്റെ തിരഞ്ഞെടുത്ത ചെറുകഥകൾ’ എന്ന ഗ്രന്ഥം ടീപ്പോയിൽ വച്ച്,അജിത്ത് എഴുന്നേറ്റു.
ഒന്നു ഫ്രഷ് ആയി, വസ്ത്രം മാറി വന്നു.

വാതിൽ പൂട്ടി, ഗോവണികളിറങ്ങുമ്പോൾ അയാളുടെ മനസ്സിൽ തെല്ലും സന്തോഷമുണ്ടായിരുന്നില്ല.
നഗരത്തിലെ രാത്രികളോടും,

തിരക്കു മാത്രം ബാക്കിയാകുന്ന
നഗരകാപട്യങ്ങളോടും എന്നും എന്തെന്നില്ലാത്ത വെറുപ്പാണ്.
രാത്രിയിലെ ഡ്രൈവിംഗ്, തീരെ പ്രിയങ്കരമല്ലാത്ത ഒന്നാണ്.

ഇത്തവണ കഴിഞ്ഞാൽ,
ഈ രാത്രിയിറക്കങ്ങൾ ഒഴിവാക്കണം.
അവൾക്കു പ്രിയമായ ഏതു വിഭവവും,

ബാങ്കിൽ നിന്നും വരുന്ന വഴി വാങ്ങിക്കാം.
അജിത്ത്, പടവുകളിറങ്ങി.
ശരണ്യയുടെ കൊലുസിൻ്റെ കിലുക്കങ്ങൾ അയാളെ അനുഗമിച്ചു.

നഗരം, തിരക്കൊഴിയാതെ,
നാട്യം മുഖമുദ്രയാക്കി,
അലസം നിലകൊണ്ടു.
എങ്ങോടെന്നില്ലാതെ ചീറിച്ചിതറുന്ന വാഹനങ്ങൾ.

അക്ഷമയുടെ ഹോൺ മുഴക്കങ്ങൾ.
ഏതോ കണക്കുകൂട്ടലുകളുമായി പലതരം മനുഷ്യർ,
പലയിടങ്ങളിലേക്കു പരക്കം പായുന്നു.
രാത്രി കനത്തു.
വൈദ്യുതവിളക്കുകളുടെ പ്രഭയുടെ

പാരാവാരത്തിൽ നഗരം തെളിഞ്ഞും, തിളങ്ങിയും നിന്നു.
ഏറ്റവും മികച്ച രാഭക്ഷണം ലഭിക്കുന്ന ഹോട്ടലിലേക്ക് അവർ കയറി.

ശരണ്യ, ഇഷ്ടം തോന്നിയതെല്ലാം ഓർഡർ ചെയ്തു.
അജിത്ത്, ചപ്പാത്തിയും വെജിറ്റബിൾ കറിയുമാണ് പറഞ്ഞത്.

ഇരുപതു മിനിറ്റോളം താമസിക്കുമെന്ന ക്ഷമാപണത്തോടെയാണ്,
വെയ്റ്റർ ഓർഡറുമെടുത്തു മടങ്ങിയത്.

ചില്ലു ഗ്ലാസുകളിൽ ചുടുവെള്ളം പകർന്നു തെല്ലു നുകർന്ന്, അഭിമുഖമായി അവരിരുന്നു.
അജിത്താണ് ആദ്യം സംസാരിച്ചത്.

“നോക്കൂ ശരണ്യാ,
എനിക്കീ തിക്കും തിരക്കുമൊന്നും തീരെയിഷ്ടമില്ല.
എപ്പോഴും, നിശബ്ദതയിൽ
സ്വന്തം ചിന്തകളേ കൂട്ടുകാരാക്കാനാണ് എനിക്ക് ഏറെ സന്തോഷം.

വലിയ കല്യാണപ്പാർട്ടികൾ,
ഉത്സവത്തിരക്കുകൾ,
നിറനിറഞ്ഞ ഗതാഗതക്കുരുക്കുകൾ,
ഇവയെല്ലാം, എന്നെ വീർപ്പുമുട്ടിക്കും.

എനിക്ക്, ഓഫീസിൽ നിന്നിറങ്ങിയാൽ നമ്മുടെ അകത്തളത്തോടാണ് കൂടുതൽ താൽപ്പര്യം.
പിന്നേ, പുസ്തകങ്ങൾ,
ചില ക്ലാസിക് സിനിമകൾ.

അതെല്ലാമാണ്, എന്നിലെ ആനന്ദം നിലനിർത്തുന്നത്.
ഇനി,
ശരണ്യയ്ക്കു തട്ടുകട ഭക്ഷണം വേണമെങ്കിൽ,
ബാങ്കിൽ നിന്നും വരുമ്പോൾ,

ഞാൻ വാങ്ങിക്കൊണ്ടു വരാം.
രാത്രിയുള്ള വണ്ടിയോടിക്കൽ,
എന്തു ബോറാണ്”

അവൾ, അയാളെ നോക്കി പുഞ്ചിരിച്ചു.
ഒരിറക്കു ചുടുവെള്ളം നുകർന്നു ഗ്ലാസ് താഴെ വച്ചു.
അവളുടെ മാത്സര്യമുള്ള മാറിടങ്ങൾക്കു മീതെ, കനത്ത താലിമാല വെട്ടിത്തിളങ്ങി.
അജിത്ത്, തുടർന്നു.

“ശരണ്യാ,
കുട്ടിക്കാലം മുതൽ, എന്നെ വിടാതെ പിന്തുടർന്ന ഒന്നായിരുന്നു മരണഭയം.
അച്ഛൻ്റെ അകാലമരണം അനുഭവിപ്പിച്ചതായിരിക്കാം അത്.
സ്കൂളിൽ പോകുമ്പോൾ,

തലയ്ക്കു മുകളിലെ ഇലക്ട്രിക് കമ്പികളേ ഞാൻ ഏറെ ഭയന്നിരുന്നു.
അവയെങ്ങാനും, എൻ്റെ മേലേയ്ക്ക് പൊട്ടിവീണാൽ;
എതിരെ വരുന്ന, വാഹനത്തിലെ ഡ്രൈവർക്കു പൊടുന്നന്നേ പിഴച്ചാൽ,

രണ്ടു പാളങ്ങൾ മാത്രമുള്ള റെയിൽവേ ട്രാക്കിനരികിലൂടെ വല്ലപ്പോഴും കടന്നുപോകുമ്പോൾ,
നേരെ മാത്രമേ തീവണ്ടി വരൂ,

എന്നുറപ്പുണ്ടായിട്ടും ഞാനിടയ്ക്കിടെ തിരിഞ്ഞു നോക്കും.
എന്നെ കൊല്ലാൻ വേണ്ടി മാത്രം,
ഒരു തീവണ്ടി വരുന്നുണ്ടോയെന്നു പതറിപ്പതറി വീക്ഷിക്കും.

നാട്ടിലെ പുൽനാമ്പുകൾ നിറഞ്ഞ പാടവരമ്പുകളിലൂടെ നടന്നുനീങ്ങുമ്പോൾ,
ഞാൻ വെറുതേ ഭയക്കാറുണ്ട്.
എവിടെയോ മറഞ്ഞു ചുരുണ്ടുകൂടിയിരിക്കുന്ന വിഷപ്പാമ്പിനെ;

മരണഹേതുവാകാവുന്ന ഒരു ദംശനത്തേ,
രുചി നിറഞ്ഞ ഭക്ഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ഹൃദ്രോഗത്തേ.
സിഗരറ്റിലും മദ്യത്തിലും മറഞ്ഞ അർബുദത്തേ.
തുലാവർഷത്തിലെ മിന്നലുകളേ.

ഓരോ മരണവീടും, എൻ്റെ അസ്വസ്ഥതകൾ ഇരട്ടിയാക്കുന്നു.
അവിടെയെല്ലാം, വെള്ളപുതച്ചു കിടക്കുന്നത് ഞാൻ തന്നെയാണെന്ന് പലതവണ തോന്നിയിട്ടുണ്ട്.
നിനക്കറിയാമല്ലോ,

ഞാൻ ചമഞ്ഞു കിടന്നുറങ്ങുന്ന ഒരാളാണെന്ന്.
പാതിയുറക്കത്തിൽ, മരണമെത്തിയാലും ജനങ്ങളെന്നെ വികൃതമായി കാണരുതെന്നു എനിക്കു നിർബ്ബന്ധമുണ്ട്.

ഫയലുകൾ, ബാഗിൽ വയ്ക്കുമ്പോൾ ഞാൻ പലയാവർത്തി പരിശോധിക്കും.
വാതിൽ പൂട്ടിയോയെന്ന്,
നാലോ അഞ്ചോ തവണ നോക്കും.
എല്ലാം എനിക്ക്, ശങ്കകളാണ്.

ചെറുപ്പത്തിൽ, ഏതോ പുസ്തകത്തിൽ നിന്നും പഠിച്ച ഒരു മന്ത്രമുരുവിട്ടാണ് ഞാൻ നടക്കാറ്.
അതു ചൊല്ലിയാൽ, മരണം അടുക്കില്ലത്രേ”

അജിത്ത് പറഞ്ഞു നിർത്തി.
ശരണ്യ, അയാളുടെ മിഴകളിലേക്കു നോട്ടം പതിപ്പിച്ചുകൊണ്ട് പതിയേ മന്ത്രിച്ചു.

“മരണത്തേ നേർക്കുനേർ കാണുമ്പോൾ, അജിത്തിൻ്റെ ഭയം പോയ്പ്പോകും.
തീർച്ച”

വിഭവങ്ങൾ നിരന്നു.
രുചിയുടെ ഗന്ധം നിറഞ്ഞുകവിഞ്ഞ ഭക്ഷണപദാർത്ഥങ്ങൾ.
ശരണ്യ, ആർത്തിയോടെ പ്രിയമുള്ളതെല്ലാം വാരിത്തിന്നു.

തിരികേ പോരുമ്പോൾ, ഇരുവരും മൗനത്തിലായിരുന്നു.
ശരണ്യയുടെ മുഖത്ത്, അന്നോളമില്ലാത്തൊരു ആത്മസംതൃപ്തി നിറവഴിഞ്ഞു.

കിടപ്പുമുറി.
ശരണ്യ കുളി കഴിഞ്ഞിറങ്ങിയപ്പോൾ, കർപ്പൂരതുളസിയുടെ ഗന്ധം അവളെ അനുഗമിച്ചു.
സുതാര്യമായ രാവസ്ത്രങ്ങളിൽ, ഉടലഴകു തെളിഞ്ഞു നിന്നു.

അജിത്ത്, ഉറക്കമായിരിക്കുന്നു.
ചെറുകഥാ സമാഹാരം മടക്കി, മേശമേൽ വച്ചിട്ടുണ്ട്.നീണ്ടു നിവർന്ന്, കൈകൾ നെഞ്ചിൽ മടക്കിവച്ചുള്ള ശാന്തമായ നിദ്ര.
രാവിലെ ഉണരും വരേ അതിനൊരു മാറ്റം വരില്ല.

സ്വന്തം വീട്ടിൽ, ഒറ്റയ്ക്കു കിടക്കും കാലത്ത് കിടക്കവിരിയെല്ലാം ചുളുങ്ങിച്ചുരുണ്ടു കൂടും.
രാത്രിയുടുപ്പുകൾ സ്ഥാനം തെറ്റിക്കിടന്ന്,

സ്വയം ലജ്ജ തോന്നുമായിരുന്നു.
ഇപ്പോൾ, കിടക്കവിരി ചുളിയാതെയും, പുടവയുലയാതെയും കിടക്കാൻ പഠിച്ചിരിക്കുന്നു.
വെറും ആറുമാസം കൊണ്ട്.

അജിത്ത്, ഉറക്കം തുടരുകയാണ്.
ശാരീരികബന്ധത്തിനിടെ, രക്തസമ്മർദ്ധം വർദ്ധിച്ച്,ഹൃദയം പൊട്ടി മരിച്ച ആരുടെയെങ്കിലും കഥ, അജിത്ത് വായിച്ചിട്ടുണ്ടാകണം.
തീർച്ച.

അതിൻ്റെ തെളിവാണ്, ഒരിക്കലും ചുളിഞ്ഞുരുണ്ടു കൂടാത്ത കിടക്കവിരികൾ.

പ്രഭാതം,
അജിത്ത് ഉണർന്ന്, തലയ്ക്കാംഭാഗത്തേ ചെറുമേശയിലേക്കു നോക്കി.
ഇല്ല, കാപ്പി കൊണ്ടുവന്നു വച്ചിട്ടില്ല.
ശരണ്യയുടെ രാപ്പുടവകൾ,

ഉരിഞ്ഞു കട്ടിലിലിട്ടിരിക്കുന്നു.
വസ്ത്രങ്ങൾ അടുക്കിവച്ച ചുവരലമാര, പാതി തുറന്നുകിടക്കുന്നു.
അജിത്ത്, അകത്തളത്തിലെ ഇരുട്ടിലൂടെ അടുക്കളയിലേക്കു നടന്നു.

അടുക്കളയിൽ വെട്ടമുണ്ട്.
വാതിൽ, പാതി ചാരിയിരിക്കുന്നു.
അജിത്ത്, വാതിൽ തുറന്ന് അടുക്കളയിലേക്കു പ്രവേശിച്ചു.

ചരിഞ്ഞു വീണ കസേരയാണ്, ആദ്യം കാഴ്ച്ചയിലുടക്കിയത്.
പിന്നേ, തൂങ്ങിനിന്ന പാദങ്ങളിലെ കൊലുസിൻ്റെ മണികളും.
ചമഞ്ഞ ദേഹവും,
തുറിച്ച മിഴികളും.

അയാൾ മരണത്തേ മുഖാമുഖം കാണുകയായിരുന്നു.
ഏറെ വെറുത്ത, അതേ മരണം.
തൊട്ടടുത്ത്,

ഒരു നിശ്വാസദൂരം അരികേ.
ഉപ്പുശിലയായി ഉറഞ്ഞുനിൽക്കുന്ന അയാളെ നോക്കി,
മരണം പല്ലിളിച്ചു.
ഏറെ, പരിഹാസത്തോടെ..

Leave a Reply

Your email address will not be published. Required fields are marked *