(രചന: പ്രജിത്ത് സുരേന്ദ്രബാബു)
” നീ ഒന്ന് വെളീൽ വാടീ ഒന്ന് കണ്ടോട്ടെ നിന്നെ. എന്നിട്ട് തിരികെ പൊയ്ക്കോ.. പ്ലീസ്.. “ജിതിൻ ഫോണിലൂടെ കെഞ്ചുമ്പോൾ ആരതിക്ക് സഹികെട്ടു
” എന്റെ പൊന്ന് ജിതിനെ.. ഞാൻ ജോലിയിൽ ആണ് ഓഫീസിൽ നല്ല തിരക്കും എനിക്കങ്ങനെ ഇറങ്ങി വരാനൊന്നും പറ്റില്ല. ഞാൻ മുന്നേ പറഞ്ഞതല്ലേ ഉച്ചവരെ എനിക്ക് നല്ല തിരക്ക് ആണ് അതിനു ശേഷം കാണാമെന്നു. എന്നിട്ട് നീ എന്തിനാ ഈ രാവിലെ വന്നേ.. ”
അവളുടെ ചോദ്യം കേട്ട് അക്ഷമനായി ജിതിൻ” എടോ ഉച്ചവരെ കാക്കാനുള്ള ക്ഷമ കിട്ടിയില്ല അതാ…. നമ്മൾ ഫേസ് ബുക്കിലൂടെ ഫ്രെണ്ട്സ് ആയിട്ട് വർഷം ഒന്നായെങ്കിലും ഇന്നല്ലേ ആദ്യമായി കാണാൻ പോകുന്നത് സോ ഞാൻ ആ ത്രില്ലിൽ ആണ്. നീ ഒരു രണ്ട് മിനിറ്റ് ഒന്ന് പുറത്തേക്ക് വാ ഒന്ന് കണ്ടാൽ മതി. അതിനു ശേഷം ഉച്ചവരെ ഞാൻ വെയിറ്റ് ചെയ്തോളാം.. ”
കെഞ്ചുകയായിരുന്നു അവൻ. അതോടെ സഹികെട്ട് ആരതി പുറത്തേക്കിറങ്ങാമെന്ന് സമ്മതിച്ചു.
പിന്നെയും പത്തു മിനിറ്റുകൾ കൂടി ജിതിൻ വെയിറ്റ് ചെയ്യേണ്ടി വന്നു. അപ്പോഴേക്കും അവൾ പതിയെ ഓഫീസിനു പുറത്തേക്കിറങ്ങി. അവളെ ഒരു നോക്ക് കണ്ട മാത്രയിൽ ജിതിന്റെ മിഴികൾ അതിശയത്താൽ തുറിച്ചു. പ്രതീക്ഷകൾക്കുമപ്പുറമായിരുന്നു
ആരതിയുടെ സൗന്ദര്യം. ഒരു തരം വെപ്രാളത്തോടെ ഇരു കൈകളും നീട്ടി ഓടി ജിതിൻ അരികിലേക്കടുക്കുമ്പോൾ പേടിച്ചു പോയി ആരതി.
” എന്താ ചെക്കാ ഈ കാണിക്കുന്നെ എന്നെ കെട്ടിപ്പിടിക്കല്ലേ. ദേ ആൾക്കാർ നോക്കുന്നു.”അവൾ പിന്നിലേക്ക് മാറവേ മുന്നിലായി വന്ന് നിന്നു അവൻ.
” എന്റെ പൊന്നേ എന്ത് ഭംഗിയാടി നിന്നെ കാണാൻ ഫോട്ടോയിൽ ഒക്കെ കണ്ടപ്പോ ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ല.. നീ ഒരു സുന്ദരി തന്നെ..”
അതിശയം ആയിരുന്നു ജിതിന്.”ചുമ്മാതങ്ങ് പുകഴ്ത്തല്ലേ ചെക്കാ.. പക്ഷെ നീ ഫോട്ടോയിൽ ഒക്കെ കാണുന്ന പോലെ തന്നാ.. മാറ്റം ഒന്നും ഇല്ല “അവനെ നോക്കി പുഞ്ചിരിച്ചു ആരതി.
” നമുക്ക് ഒരു സെൽഫി എടുക്കാം ടീ.. അല്ലേൽ വേണ്ട.. വാ ഒരു ഐസ് ക്രീം കഴിക്കാം.. അല്ലേൽ വാ എന്റെ ബൈക്കിൽ ഒരു റൗണ്ട് ചുറ്റിട്ട് വരാം.”
ആകെ വെപ്രാളമായിരുന്നു ജിതിന്. അത് കണ്ടിട്ട് ചിരിച്ചു പോയി അവൾ.” ടാ ഞാൻ ഡ്യൂട്ടിയിൽ ആണ് ഉച്ചകഴിഞ്ഞേ ഫ്രീ ആകു.. എന്തായാലും കണ്ടില്ലേ ഇനി നീ ഇപ്പോ പോയെ എനിക്ക് ജോലി ഉണ്ട്. ഉച്ചയ്ക്ക് കാണാം വിശേഷങ്ങൾ ഒക്കെ അപ്പോ പറയാം..”
തിരിഞ്ഞു നടക്കാൻ ആഞ്ഞ ആരതിയുടെ കയ്യിൽ പിടിച്ചു നിർത്തി ജിതിൻ.
” ടീ.. ഉച്ച കഴിഞ്ഞു നമുക്ക് ഒരു സിനിമക്ക് പോകാം.. അതിനേലും ഒന്ന് സമ്മതിക്ക് പ്ലീസ്.. “വീണ്ടുമവൻ കെഞ്ചൽ ആരംഭിച്ചതോടെ സമ്മതം മൂളി ആരതി..
” പൊളിച്ചു. നമുക്ക് നേരെ സ്വപ്നം തിയേറ്ററിൽ പോകാം.. അവിടുത്തെ മാനേജർ എന്റെ ഫ്രണ്ട് ആണ് അവിടെയാണേൽ എല്ലാ സെറ്റപ്പും നടക്കും ”
പെട്ടെന്നുള്ള ആ മറുപടി കേട്ട് ആരതിയുടെ നെറ്റി ചുളിഞ്ഞു” എല്ലാ സെറ്റപ്പുമോ.. എന്താ മോൻ ഉദ്ദേശിച്ചേ.”
“അതൊന്നുമില്ല അതൊക്കെ നിനക്ക് അറിയാലോ.. നമ്മൾ ആദ്യമായി കാണുവല്ലേ.. എന്തായാലും ഉച്ചക്ക് രണ്ട് മണിക്ക് സ്വപ്നം തിയേറ്ററിൽ വാ ഞാൻ അവിടെ ഉണ്ടാകും.. ”
മറുപടി പറഞ്ഞ് കൊണ്ട് തന്റെ ബൈക്കിലേക്ക് കയറി ജിതിൻ.’ ഇത് ഒരു നടയ്ക്ക് പോകില്ല. ‘
ആത്മഗതത്തോടെ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു ആരതിയും തിരികെ ഓഫീസിലേക്ക് നടന്നു.
“ആരാ.. ആരതി വന്നേ റിലേറ്റീവ്സ് ആരേലും ആണോ “തിരികെയെത്തുമ്പോൾ സഹപ്രവർത്തകയുടെ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു അവൾ.
” ഒരു ഫേസ് ബുക്ക് ഫ്രണ്ട് ആണ്. ഇന്നാണ് അവനെ ആദ്യമായി കാണുന്നത്. “”ആഹാ എന്നിട്ട് കാണക്കം മാത്രേ ഉള്ളോ.. ആളെങ്ങനെ…”
അടുത്ത മുന്നവച്ചുള്ള ചോദ്യത്തിന് പുഞ്ചിരി മാത്രം മറുപടി നൽകി വീണ്ടും തന്റെ ജോലികളിൽ മുഴുകി ആരതി.
‘ആള് ഒരു കിളി പോയ കേസ്.. ‘അവളുടെ മനസ്സ് പറഞ്ഞത് അതാണ്.”അളിയാ ഒരു രക്ഷേം ഇല്ല കിടു പെണ്ണ്. ഇവളെ ഞാൻ സെറ്റ് ആക്കും. ഒരു ദിവസം എങ്കിൽ ഒരു ദിവസം പൊളിക്കും ഞാൻ. ഇന്ന് സിനിമയ്ക്ക് വരാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇന്നത്തോടെ അവളെ എന്റെ വലയിൽ ആക്കും ഞാൻ.. ”
അത് പറയുമ്പോൾ കൂട്ടുകാരന്റെ മിഴികളിൽ അസൂയ നിറയുന്നത് ശ്രദ്ധിച്ചു ജിതിൻ അതോടെ അവന് അല്പം ഗമയേറി.
” നിന്റെ ഒക്കെ ഭാഗ്യം അളിയാ.. കാണാൻ ഗ്ലാമർ ആയോണ്ടും കയ്യിൽ കാശുള്ളോണ്ടും ഏത് പെണ്ണും വളയും .. കൊണ്ട് പോയി തിന്ന് ”
കൂട്ടുകാരന്റെ നിരാശ നിറഞ്ഞ വാക്കുകൾ കേട്ട് സ്വയം അഭിമാനത്തോടെ ഒന്ന് ഞെളിഞ്ഞിരുന്നു അവൻ.
‘ ദൈവമേ.. ഇതേലും ഒന്ന് സെറ്റ് ആയാൽ മതിയാരുന്നു. പല പല പെൺപിള്ളേരുടെ പിന്നാലെയായി നടക്കാൻ തുടങ്ങീട്ട് നാളുകൾ കുറേ ആയി.’
ആ സമയം ജിതിന്റെ മനസിലെ പ്രാർത്ഥന അതായിരുന്നു.സമയം പിന്നെയും നീങ്ങി. പറഞ്ഞ പ്രകാരം രണ്ട് മണിക്ക് തന്നെ ആരതി സ്വപ്നം തിയേറ്ററിൽ എത്തി. അവളെ കാത്ത് ജിതിൽ ഗേറ്റ് അരുകിൽ തന്നെ നിന്നിരുന്നു.
” ഞാൻ നിന്നെ നോക്കി നിൽക്കുകയായിരുന്നു. ടിക്കറ്റ് എടുത്തു പടം ഫ്ലോപ്പ് ആയോണ്ട് ആള് കുറവാ.. ഞാൻ ബാൽക്കണി എടുത്ത് അവിടാകുമ്പോ എല്ലാം നടക്കും.. ”
അവളെ നോക്കി ഒന്ന് കണ്ണിറുക്കി ജിതിൻ.” ആ മോനെ എന്താ ദുരുദ്ദേശം ആണോ… ”
ആരതിയുടെ ചോദ്യം കേട്ട് ഒരു വഷളൻ ചിരിയിൽ പതിയെ തല താഴ്ത്തി അവൻ. പെട്ടെന്ന് കയ്യിലേ വാച്ചിലേക്ക് നോക്കി.
” ടീ.. വാ സമയം ആകുന്നു.. പടം ഇപ്പോ തുടങ്ങും.. നമുക്ക് കേറാം.. “അവളുമായി ധൃതിയിൽ തിയേറ്ററിലേക്ക് നടന്നു ജിതിൻ .
അവൻ പറഞ്ഞ പോലെ തന്നെ ബാൽകണിയിൽ വലിയ തിരക്ക് ഒന്നും ഇല്ലായിരുന്നു. ഏറ്റവും ബാക്കിൽ ഒഴിഞ്ഞ ഭാഗത്ത് ആയിരുന്നു അവരുടെ സീറ്റ്. ജിതിൻ അത് ഫ്രണ്ടിനോട് പറഞ്ഞ്
പ്രത്യേകം സെലക്ട് ചെയ്തതാണെന്ന് ഊഹിച്ചു ആരതി. ലൈറ്റുകൾ ഓഫ് ആയി ചിത്രം തുടങ്ങിയ പാടെ ആരതിയോട് അല്പം ചേർന്നിരുന്നു അവൻ.
” എന്താണ് മാഷേ ദുരുദ്ദേശം ആണോ.. “അവളുടെ കുസൃതി നിറഞ്ഞ ചോദ്യം കേൾക്കെ ജിതിന്റെ ഉള്ളം കോരിത്തരിച്ചു.” ആണെങ്കിൽ.. നീ സമ്മതിക്കില്ലേ.. ”
” പോ ചെക്കാ വട്ട് പറയാതെ.. വേലത്തരം കാണിച്ചാൽ നാളെ പുറം ലോകം അറിയും ദേ കണ്ടില്ലേ ക്യാമയയൊക്കെ.. ”
ആരതി ക്യാമറയ്ക്ക് നേരെ വിരൽ ചൂണ്ടുമ്പോൾ ഒന്ന് പുഞ്ചിരിച്ചു ജിതിൻ.”അതൊക്കെ ഓഫ് ആടീ… ഞാൻ പറഞ്ഞില്ലേ എന്റെ ഫ്രണ്ടാ ഇവിടുത്തെ മാനേജർ. അവൻ മുന്നേ പറയാറുണ്ട് ഇവിടെ ഈ ക്യാമറകൾ ഒന്നും ഓൺ അല്ല. ”
ആ മറുപടി കേട്ടിട്ട് അവനെ തന്നെ ഒന്ന് തുറിച്ചു നോക്കി ആരതി.” അപ്പോ ദുരുദ്ദേശം ആണോ.. ചെക്കാ എന്റേന്ന് അടി വാങ്ങും കേട്ടോ ചാറ്റ് ചെയ്യുമ്പോ നീ ഓരോ വഷളത്തരങ്ങൾ പറയുന്നത് തന്നെ ഞാൻ വിലക്കാറുള്ളത് നിനക്ക് അറിയാലോ.. എന്നിട്ട് വീണ്ടും വേലത്തരം കാട്ടാൻ നിൽക്കരുത്. ”
ആ വാക്കുകൾ കേൾക്കെ ജിതിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു.” എടീ അങ്ങിനെ പറയല്ലേ പ്ലീസ്.. ഒന്ന് സഹകരിക്ക് നമുക്ക് ചുമ്മാ പൊളിക്കാം. വേറൊന്നും ഇല്ല ഒന്ന് തൊട്ടും പിടിച്ചും ഒക്കെ ഇരുന്നു സിനിമ കാണാം അതൊരു രസം അല്ലേ.. ”
” രസവും ഇല്ല സാമ്പാറും ഇല്ല.. “വീണ്ടും നേരെ ഇരുന്നു ആരതി.അതോടെ പതിവ് കെഞ്ചൽ ആരംഭിച്ചു ജിതിൻ..
” പ്ലീസ് ടീ… ഒരു വട്ടം.. നീ ഒന്ന് സമ്മതിക്ക് നമുക്ക് എൻജോയ് ചെയ്യാം നിനക്കും സുഖം കിട്ടും… പ്ലീസ്.. ”
ആദ്യമൊന്നും ശ്രദ്ധിക്കാതെ ഇരുന്നു ആരതി അതോടെ ജിതിന്റെ കെഞ്ചൽ ഉച്ചസ്ഥായിയായി. ഒടുവിൽ പ്രതികരിക്കാതെ വഴിയില്ലെന്നായതോടെ പതിയെ അവന് നേരെ തിരിഞ്ഞു അവൾ.
“ടാ.. വെറുതെ വേലത്തരം കാണിച്ചാൽ നിന്റെ കിനുങ്ങാമണി വെട്ടി ഞാൻ വെളീൽ എറിയും അത്ര തന്നെ. എന്നെ അറിയില്ല നിനക്ക് മര്യാദക്ക് ഇരുന്നു സിനിമ കാണുന്നേൽ കാണ് അല്ലേൽ വാ നമുക്ക് തിരിച്ച് പോകാം. ”
പുഞ്ചിരിയോടെയാണ് അവൾ അത് പറഞ്ഞതെങ്കിലും ആ വാക്കുകളിൽ ഒരു ചെറിയ ഭീഷണി കൂടി നിഴലിച്ചിരുന്നു. ആരതിയുടെ ശരീരത്തിൽ തൊട്ടാൽ അടി ഉറപ്പാണെന്ന് അതോടെ മനസിലാക്കി ജിതിൻ. രാവിലെ മുതൽ മനസ്സിൽ നെയ്ത് കൂടിയ സ്വപ്നങ്ങൾ നിമിഷനേരം കൊണ്ട് വീണുടഞ്ഞത് അവനെ ആകെ തളർത്തി.
പ്രതീക്ഷകൾ പൂർണ്ണമായും നശിച്ചു ഒടുവിൽ ആ കോമഡി ചിത്രം വളരെ വിഷാദത്തോടെയിരുന്നു കണ്ടു അവൻ. ഇടയ്ക്കിടക്ക് അവനെ ഒളി കണ്ണിട്ടു നോക്കികൊണ്ടിരുന്ന ആരതി ആ ഭാവം കണ്ട് ഉള്ളിൽ ചിരിക്കുകയായിരുന്നു.
ഒടുവിൽ രണ്ടര മണിക്കൂർ വളരെ ശാന്തനായിരുന്നു സിനിമ കണ്ട് തീർത്തു ജിതിൻ. തീയറ്ററിന് പുറത്തിറങ്ങുമ്പോൾ ദയനീയമായി ആരതിയെ ഒരിക്കൽ കൂടി നോക്കി അവൻ.
” എന്താടാ ചെക്കാ.. “ആ നോട്ടം അവളെ ചിരിപ്പിച്ചു.” എന്നോടൊപ്പം കന്യാകുമാരിക്ക് പോകാനും വരില്ലേ നീ.. ഞാൻ കുറേ പ്ലാൻ ചെയ്തു.. ”
നിരാശയോടെ അവൻ പറയുമ്പോൾ പൊട്ടിച്ചിരിച്ചു അവൾ .” കടല് കാണാൻ ആണേൽ വരാം. ഒരു ഫ്രണ്ടായി.. അല്ലാതെ വേറെന്തിനേലും ആണേൽ…. ”
ബാക്കി പറഞ്ഞില്ല . കേൾക്കാൻ ജിതിനും താത്പര്യം തോന്നീല.”അളിയോ.. എങ്ങിനുണ്ടായിരുന്നു. ഇതാണോ നീ പറഞ്ഞ ആ ഫ്രണ്ട് ”
വഷളൻ ചിരിയുമായി സുഹൃത്തായ തിയേറ്റർ മാനേജർ അടുത്തേക്കെത്തിയതോടെ ജിതിന്റെ ഭാവം മാറി.
” ആ അളിയാ.. പൊളിയായിരുന്നു.. താങ്ക്സ് ടാ.. “ഒന്ന് കണ്ണിറുക്കിയാണ് ജിതിൻ മറുപടി പറഞ്ഞത്. അതും ഏറെ സന്തോഷത്തിൽ.
അത് കണ്ടിട്ട് ഉള്ളിൽ ചിരിച്ചു പോയി ആരതി.’ ബഡായി വീരൻ.. ‘ആത്മഗതത്തോടെ അവനെ തന്നെ നോക്കി നിന്നു അവൾ. അപ്പോഴേക്കും ഫോണിലേക്ക് പ്രതീക്ഷിച്ച വീഡിയോ ക്ലിപ്പ് വന്നു.
ഫ്രണ്ട് പോയതും ഫോണിൽ ആ വീഡിയോ ക്ലിപ്പ് ഓൺ ആക്കി ജിതിനെ കാട്ടി ആരതി. അത് കണ്ട് ഒരു നിമിഷം ജിതിന്റെ മിഴികൾ തുറിച്ചു. തങ്ങൾ തീയറ്ററിൽ ഇരുന്നു സിനിമ കാണുന്ന ക്യാമറ റെക്കോർഡിങ് വീഡിയോ ആയിരുന്നു അത്.
” ഇത്.. ഇത് എവിടുന്ന്.. ഈ ക്യാമറാസ് ഓൺ ആണോ “സംശയത്തോടെ അവൻ നോക്കുമ്പോൾ പുഞ്ചിരിച്ചു ആരതി.
“എടാ മോനെ.. നിനക്ക് മാനേജറിനെ ആണ് പരിചയം എങ്കിൽ എനിക്ക് പരിചയം ഇതിന്റെ ഓണറെ ആണ്. അവൻ എന്റെ പഴേ ക്ലാസ്സ്മേറ്റ് ആണ്. ഇവിടെ ക്യാമറ ഓൺ ആണെന്ന് എനിക്ക് മുന്നേ അറിയാം നിന്റെ പൊട്ടൻ
മാനേജറിനു ഒന്നുകിൽ ഒരു മാങ്ങാത്തൊലിയും അറിയില്ല അല്ലെങ്കിൽ അവൻ നിന്നെ തേച്ചതാണ്.. ഇവന്റെയൊക്കെ വാക്കും വിശ്വസിച്ച് ഓരോ വേലത്തരം കാണിക്കാൻ ഇറങ്ങിയാൽ പിറ്റേന്ന് മുതൽ വാട്ട്സാപ്പിലും യൂട്യുബിലും നിറഞ്ഞു നിൽക്കാം.. അത്ര തന്നെ.. ”
ഇളിഭ്യനായി ഒക്കെയും കേട്ട് നിന്നു ജിതിൻ.” അപ്പോ ഞാൻ പോട്ടേടാ ചക്കരെ.. ഇനിയെപ്പോഴേക്കും കാണാം.. കേട്ടോ..”
അവന്റെ ചുമലിൽ ഒന്ന് തട്ടി ആരതി നേരെ പുറത്തേക്ക് നടക്കുമ്പോൾ താനൊരു പൊട്ടനാണെന്ന് പൂർണമായും മനസിലാക്കി ജിതിൻ. നിരാശനായി അവൻ പതിയെ തന്റെ ബൈക്കിനരികിലേക്ക് എത്തി അപ്പോഴേക്കും ഫോണിൽ രാവിലെ കണ്ട സുഹൃത്തിന്റെ കോൾ വന്നു.
” അളിയാ എന്തായി അറുമാദിച്ചാ.. സഹകരിച്ചാ അവൾ.. “കോൾ ബട്ടൺ അമർത്തി കാതോട് ചേർക്കവേ തന്നെ കേട്ട ചോദ്യം അതായിരുന്നു. അതോടെ വീണ്ടും ജിതിന്റെ ഭാവം മാറി
” പിന്നെ… പൊളിച്ചില്ലേ അളിയാ.. ഒരു രക്ഷേം ഇല്ല അവള് മിണ്ടാതങ്ങ് ഇരുന്നു തന്ന്. സമയം പോയതറിഞ്ഞില്ല രണ്ടര മണിക്കൂർ ഞാൻ അറുമാദിച്ചു.. ഇനീപ്പോ ചിലപ്പോൾ ഞങ്ങൾ ഒരു കന്യാകുമാരി ട്രിപ്പ് കൂടി പോകും. അങ്ങനാണേൽ അന്ന് ഇതിനേക്കാൾ പൊളിക്കും അവള് എല്ലാം ഓക്കേ പറഞ്ഞിട്ടുണ്ട്.. എന്നെ ഭയങ്കരമായി ഇഷ്ടപ്പെട്ടു.. ”
തള്ളി കയറ്റികൊടുത്തു ജിതിൻ. അതോടെ കൂട്ടുകാരൻ ഫ്ലാറ്റ്”നിന്റെയൊക്കെ ഭാഗ്യം അളിയാ… “അത്ര മാത്രം പറഞ്ഞ് കൊണ്ട് നിരാശയോടെ കോൾ കട്ട് ആക്കി ആ ഫ്രണ്ട്.
‘പിന്നെ.. ഭാഗ്യം.. മാങ്ങാത്തൊലി ഇനി എന്നാണോ എന്തോ ഈ തള്ളുന്ന പോലൊക്കെ ഒരു പെണ്ണ് എനിക്ക് സെറ്റ് ആകുന്നത്. ഒന്ന് തൊടാനേലും പറ്റിയാൽ മതിയായിരുന്നു.’
നിരാശയോടെ ഫോൺ പോക്കറ്റിലേക്കിട്ട് ബൈക്ക് സ്റ്റാർട്ട് ചെയ്ത് പുറത്തേക്ക് പോയി ജിതിൻ. ഏറെ പ്രതീക്ഷകളോടെ.. ആ യാത്രയിൽ റോഡിലൂടെ നടന്നു പോകുവായിക്കുന്ന ആരതിയെ പോലും അവൻ കണ്ടില്ല…