നിന്റെ റേറ്റ് ഇത്തിരി കൂടുതലാണല്ലോടീ… ” -അവളുടെ ഒരു രാത്രിയുടെ കൂലി മുഴുത്ത ചില നോട്ടുകളുടെ രൂപത്തിൽ അവൾക്ക് എണ്ണിക്കൊടുക്കുന്നതിനിടയിൽ ഞാൻ

 

ഒരു രാത്രിയുടെ കൂലി
(രചന: P Sudhi)

“നിന്റെ റേറ്റ് ഇത്തിരി കൂടുതലാണല്ലോടീ… ” -അവളുടെ ഒരു രാത്രിയുടെ കൂലി മുഴുത്ത ചില നോട്ടുകളുടെ രൂപത്തിൽ അവൾക്ക് എണ്ണിക്കൊടുക്കുന്നതിനിടയിൽ ഞാൻ പരിഹാസരൂപേണ ചോദിച്ചു…

അതിനുത്തരമായി ദഹിപ്പിക്കുന്നൊരു നോട്ടമായിരുന്നു അവളുടെ ഉത്തരം.” ഹും…കാശിനു ശരീരം വിൽക്കാൻ നടക്കുന്ന നീയാണോ എന്നെ നോക്കി ദഹിപ്പിക്കുന്നത്… ഇന്നാ നിന്റെ കൂലി… ” – എണ്ണിയെടുത്ത നോട്ടുകെട്ടുകൾ ദേഷ്യത്തോടെ ഞാൻ അവളുടെ നേർക്കിട്ടു കൊടുത്തു.

ആർത്തിയോടെ ആ നോട്ടുകളെണ്ണി നോക്കുന്ന അവളെ കണ്ടപ്പോൾ ഞാൻ മനസ്സിലുറപ്പിച്ചു കാശിനോടുള്ള കൊതി കൊണ്ടാണിവൾ വിൽക്കാനുള്ള ശരീരവുമായിങ്ങനെ നടക്കുന്നതെന്ന്.

ഹോട്ടൽ മുറി വെക്കേറ്റ് ചെയ്ത് ചാവി റിസപ്ഷനിൽ നല്കി ഞാൻ അവളുമായി കാറിൽ കയറി.” നീ ഈ ഫീൽഡിൽ പുതിയതാണല്ലേ??? ഞാനിതേവരെ കണ്ടിട്ടില്ലല്ലോ നിന്നെ…”

എന്റെ ചോദ്യം കേട്ടെങ്കിലും കേൾക്കാത്ത മട്ടിൽ അവളുടെ ഒരുപാടു പഴകിയ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് മൊബൈൽ ഫോണിൽ രണ്ടു കൈ കൊണ്ടും മുറുകെപ്പിടിച്ചുകൊണ്ട് കാറിന്റെ ഗ്ലാസിലൂടെ പുറത്തേയ്ക്ക് നോക്കിയിരിക്കുകയായിരുന്നു അവൾ.

“മുടിഞ്ഞ ജാഡ തന്നെ ഈ പെഴച്ചവൾക്ക് ” – ഞാൻ മനസ്സിലോർത്തു.അവൾ പറഞ്ഞപടി പട്ടണത്തിലെ ആശുപത്രിയുടെ ഗേറ്റിനു മുന്നിലാണ് ഞാനവളെ കൊണ്ടുചെന്നു വിട്ടത്…

“ഇന്നിവിടുത്തെ ഏതെങ്കിലും ഡോകടർമാരുടെ കൂടെയാകുമല്ലേ നിന്റെ കിടപ്പ്…” – അവൾ കാറിൽ നിന്നറങ്ങുമ്പോൾ ഞാനവളോടായി പുച്ഛത്തോടെ ചോദിച്ചു.

തിരിച്ചൊന്നും മിണ്ടാതെ തിടുക്കത്തിൽ ആശുപത്രിയുടെ ഉള്ളിലേയ്ക്ക് ഓടിപ്പോകുന്നതിനിടെ നിറഞ്ഞ കണ്ണുകൾ അവൾ തുടയ്ക്കുന്നത് ഞാൻ കണ്ടു…

” ഒരു പതിവ്രത…അവളുടെയൊരു മുതലക്കണ്ണീര്… ” ഞാനെന്നോട് തന്നെ പിറുപിറുത്തുകൊണ്ട് വണ്ടി തിരിച്ച് ഞാൻ വീട്ടിലേയ്ക്കു പോയി….

രണ്ടു ദിവസങ്ങൾക്കപ്പുറം ഓഫീസീലേക്കു പോകുന്ന തിരക്കിനിടയിൽ അന്നത്തെ പത്രം ഓടിച്ചൊന്നു നോക്കുന്നതിനിടെയാണ് ഞാനവളുടെ ഫോട്ടോയും വാർത്തയും ശ്രദ്ധിച്ചത്…

-‘നഗരത്തിലെ ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്നു ചാടി യുവതി ആത്മഹത്യ ചെയ്തു….. ഹാർട്ട് ഓപ്പറേഷൻ കഴിഞ്ഞു സുഖം പ്രാപിച്ചുവരുന്ന പന്ത്രണ്ടു വയസുകാരന്റെ കൂടെ ഇനി ചേച്ചിയില്ല….’

ഇന്ന് ആ ആശുപത്രിയിൽ നിന്നും ആരോരുമില്ലാത്ത അവളുടെ അനിയനെയും കൂട്ടി എന്റെ വീട്ടിലേക്കു വരുന്നതിടയ്ക്ക് അവളുടെ തേഞ്ഞുതീരാറായ പഴകിയ ഒരു ചെരിപ്പ് നെഞ്ചോട് ചേർത്തുപിടിച്ചുകൊണ്ട് സങ്കടത്തോടെ അവനെന്നോട് ചോദിക്കുന്നുണ്ടായിരുന്നു -“എന്റെ ചേച്ചി എന്തിനാ മരിച്ചതെന്ന്…… “

Leave a Reply

Your email address will not be published. Required fields are marked *