അമ്മ അച്ഛനെ സ്നേഹിച്ചിരുന്നതിൻ്റെ ഒരു പങ്ക് തനിക്കായ് മാറ്റി വെച്ചിരുന്നെങ്കിൽ എപ്പോഴെങ്കിലും എന്നെ കുറിച്ചൊന്നുഓർത്തിരുന്നെകിൽ…..

ഊമപ്പെണ്ണ്
രചന: Rajesh Dhibu

വീട് പൂട്ടി താക്കോൽ കേശവനെ ഏൽപ്പിക്കുമ്പോൾ അവളുടെ കണ്ണുനീർത്തുള്ളികൾ ഉരുണ്ടിറങ്ങുന്നത് അയാൾ കണ്ടില്ലെന്നു നടിച്ചു…

“ദേ കുട്ടി ആ ഫോട്ടോ ഞാൻ എന്താ ചെയ്യേണ്ടേ.”?നാളെ വേറേ കൂട്ടരു വീട് നോക്കാൻ വരുന്നുണ്ട് അന്നേരം ഇതിവിടെ കണ്ടാൽ.. ?

നടന്നു നീങ്ങിയ അനുശ്രീയെ നോക്കി അല്പം ഉച്ചത്തിലാണ് അയാൾ അതു പറഞ്ഞതു..നിറമിഴികളോടെ അവൾ ഒന്നു തിരിഞ്ഞു നോക്കി.കുമ്മായം പൂശിയ ഭിത്തിയിൽ സ്നേഹത്തിന്റെ പര്യായമായ തൻ്റെ അമ്മയുടെ ചിരിച്ചിരിക്കുന്ന മുഖം..

പെരുവഴിയിലേക്ക് ഇറങ്ങുന്ന താൻ എങ്ങിനെ അതു കൂടെ കൊണ്ടു പോകും.അല്ലെങ്കിലും അമ്മയതിനു സമ്മതിക്കില്ല..അച്ഛൻ ഉറങ്ങുന്ന മണ്ണ് വിട്ടു താൻ എങ്ങോട്ടും ഇല്ലേയെന്ന് കൊച്ചു കുട്ടിയെ പോലെ വാശിപിടിച്ച അമ്മയെ കൂടെ കൂട്ടുവാൻ അവൾ ഒന്നു വിസമ്മതിച്ചു..

കണ്ണീരോടെ അമ്മ പറഞ്ഞ ഓരോ വാക്കുകളും ഒരു നീറ്റലോടെ ഇന്നും ഓർമ്മയിലുണ്ട്…അന്നു അമ്മ ഒരു നല്ല ഡോക്ടറെ കാണാൻ സമ്മതം മൂളിയിരുന്നെങ്കിൽ ഇന്നെനിക്ക് ഈ പടികൾ ഇറങ്ങേണ്ടി വരില്ലായിരുന്നു..

അമ്മ അറിഞ്ഞു കൊണ്ടു സ്വയം എരിഞ്ഞടങ്ങുകയായിരുന്നു.. അമ്മ അച്ഛനെ സ്നേഹിച്ചിരുന്നതിൻ്റെ ഒരു പങ്ക് തനിക്കായ് മാറ്റി വെച്ചിരുന്നെങ്കിൽ എപ്പോഴെങ്കിലും എന്നെ കുറിച്ചൊന്നുഓർത്തിരുന്നെകിൽ…..

തനിക്ക് ഈ ഗതി വരില്ലായിരുന്നു..പാവം സ്നേഹം അഭിനയിക്കാനറിയാത്ത പെണ്ണ് അച്ഛൻ്റെ സ്ഥിരം പല്ലവിയിൽ താനും തിരിച്ചറിഞ്ഞ ആ സ്നേഹം ഇപ്പോൾ കാർമേഘക്കൂട്ടത്തിൽ ഒളിച്ചിരുന്നു കരയുന്നുണ്ടാകും..

എന്തിനാണമ്മേ എന്നെ തനിച്ചാക്കി പോയത്…ആരുടേയും ഒരു ആശ്വാസ വാക്കു പോലും കേൾക്കുവാൻ കഴിയാതെ കണ്ണീരിന്റെ ഉപ്പു മുഴുവൻ ഒറ്റയ്ക്ക്

രുചിച്ചുകൊണ്ട് അമ്മയുടെ അനുക്കുട്ടി ഭൂമിയിലെ സ്വർഗ്ഗം ഇതാണ് എന്ന് അഹങ്കരിച്ച ഈ മണ്ണ് വിട്ടു എങ്ങോട്ടെന്നില്ലാതെ പടിയിറങ്ങേണ്ടി വന്നിരിക്കുന്നു..

അപ്പോഴും അവളുടെ മിഴികൾ തോർന്നിരുന്നില്ല.അവൾ മറുപടിയെന്നോണം കേശവന് നേരെ കൈകൾ കൂപ്പി..

തന്നെ അത്രയ്ക്കും മാനസികാഘാതം ഏൽപ്പിക്കുന്ന ഒരു കാര്യത്തിനെ നിസ്സാരവൽക്കരിച്ചു കണ്ട അയാളുടെ ആ മുഖം അവൾക്ക് ആരോചാകരമായി തോന്നി..

അവളുടെ സിസ്സഹായാവസ്ഥയുടെ മുഖം അയാൾ തിരിച്ചറിഞ്ഞുവെങ്കിലും അതു പുറത്തു കാണിക്കാതെ പൊയ്ക്കോളൂയെന്നു കൈകൾ വീശി ആംഗ്യം കാണിച്ചു..

ദാനമായി കിട്ടിയ ഔദാര്യം..അവൾ തലകുലുക്കി കൊണ്ട് മുൻപോട്ട് നടന്നു..തിരികെ വരുമെന്ന പ്രതീക്ഷയില്ലാത്ത അവളുടെ കാലടികളുടെ സ്പർശ്നം തിരിച്ചറിഞ്ഞതിനലാകണം

മുൾവേലിക്കരികിലെ ചെമ്പരത്തിപൂക്കൾ വേദനയോടെ തല താഴ്ത്തി നിൽപ്പുണ്ടായിരുന്നു.ഞങ്ങളെ ഇനി ആരു സംരക്ഷിക്കും..അവർക്കറിയാമായിരുന്നു മക്കളെ പോലെ പരിപാലിച്ചിരുന്ന തങ്ങളുടെ അമ്മയാണ് പടിയിറങ്ങി പോകുന്നത്..

പടി കടന്നതും അവൾ ഒരിക്കൽ കൂടി തിരിഞ്ഞു നോക്കി തെക്കെപുറത്തെ തയ്മാവും ചാണകം മെഴുകിയ കളത്തിനു നാടുവിലായ് ഉള്ള തുളസി ചെടിയും തന്നെ നോക്കി കണ്ണീർ തൂവുന്നത് പോലെ അവൾക്ക് തോന്നി..

അനുസരണയില്ലാതെ ഒഴുകിയിറങ്ങിയ മിഴിനീരിനെ പുറം കൈ കൊണ്ടു കണ്ണുകൾ തുടച്ചു കൊണ്ടവൾ ഊർന്നിറങ്ങിയ ബാഗ് വീണ്ടും തോളിലേയ്ക്കിട്ടു ..

ഇടതു തോളിൽ കിടന്ന ബാഗിൽ കൈ മുറുകെ പിടിച്ചു കൊണ്ടവൾ മുൻപോട്ട് നടന്നു..

ഇനിയെങ്ങോട്ട് ചോദ്യവും ഉത്തരവും തമ്മിൽ പരസ്പരും ഒന്നു ചേരാത്ത വിധം അവളുടെ ചിന്താ മണ്ഡലത്തിൽ കറങ്ങിതിരിഞ്ഞു.. തൻ്റെ ഉറ്റ കൂട്ടുകാരായ പ്രാരാബ്ദവും ദാരിദ്ര്യവും ഇന്നും തന്നോടൊപ്പം ഉണ്ട്.

ലക്ഷ്യങ്ങൾ ഒന്നുമില്ലാതെ കൊയ്തൊഴിഞ്ഞ പാടവരമ്പിലൂടെ അവൾ ബസ് സ്റ്റോപ്പിലേക്ക് നടന്നു.. വീശിയടിക്കുന്ന കുളിർക്കാറ്റു പോലും തന്നെ തലോടാതെ വഴിമാറിപോയിരിക്കുന്നു.

ആദ്യം വന്ന ബസ്സിന് കൈകാണിച്ചു… കൊടുത്ത പൈസക്ക് ചില്ലറ തരുമ്പോൾ അന്നാദ്യമായി കണ്ടക്ടറിനു നേരയവൾ കൈമലർത്തി കാട്ടി… അതിനു മറുപടിയായ് ചിരിച്ചുകൊണ്ടയാൾ നടന്നു നീങ്ങി..

താനാരാണെന്നും എവിടേക്കാണെന്നും ഒരു പക്ഷേ അയാൾ തീരുമാനിച്ചിരിക്കണം.’

നല്ല ചേട്ടൻ ചില്ലറത്തുട്ടുകൾ വീണ്ടും ബാഗിൻ്റെ കള്ളിയിലേക്കിടുമ്പോൾ അവൾ ആ ചേട്ടനെ ഒന്നുകൂടി ഓർത്തു…

ചില ദിവസങ്ങളിൽ പൈസയില്ലങ്കിൽ പോലും യാത്ര നിഷേധിക്കാതിരുന്ന നല്ല മനസ്സിനുടമ.

ഏകാന്തതയിൽ എന്നും ഒരു കൂട്ടായ കൂടെ യുണ്ടായിരുന്ന പുസ്തകങ്ങളിൽനിന്നു ഒന്നു ബാഗിൽ നിന്ന് പുറത്തേടുക്കാൻ തുടങ്ങിയപ്പോഴാണ്

തിരക്കിനിടയിൽ ബാഗിൽ എടുത്ത വെച്ച പുസ്തകങ്ങളുടെ കൂട്ടത്തിൽ അവൾ ആ ഡയറി കാണുവാൻ ഇടയായത്..വിവേകിൻ്റെ സമ്മാനം

കോളേജിലെ അവസാന ദിവസം വിവേക് ഇതൻ്റെ കൈകളിലേയ്ക്ക് വച്ചു നീട്ടുമ്പോൾ ഒന്നേ പറഞ്ഞിരുന്നുള്ളൂ..

നിൻ്റെ ശബ്ദം എനിക്കു കേൾക്കാം. നിൻ്റെ അധരങ്ങളല്ലനിൻ്റെ മിഴികളാണ് എന്നോട് സംസാരിക്കുന്നത് ..

പ്രാരാബ്ധങ്ങളുടെ നടുക്കടലിൽ അകപ്പെട്ടു പോയ അച്ഛൻ്റെയും അമ്മയുടേയും മകളായ തനിക്ക് പ്രണയം എന്ന വാക്ക് കേൾക്കുന്നതേ ചതുർത്ഥിയായിരുന്നു അന്ന് ..

മറിച്ചു പോലും നോക്കാതെ ആ ഡയറി അലമാരയുടെ മൂലയിലേയ്ക്ക് വലിച്ചെറിയുമ്പോഴും ഒരിക്കൽ പോലും തനിക്കത് ഒന്നു തുറന്നു നോക്കണമെന്ന് തോന്നിയിട്ടില്ല .

ഇന്നിതാ. ഈ ഡയറി കയ്യിലെടുത്തമ്പോൾ കൈകൾ വിറയ്ക്കുന്നു .. വായിക്കണമെന്നാരോ തൻ്റെ മനസ്സിൽ പറയുന്നതുപോലെയവൾക്കു തോന്നി..

ഒരു പക്ഷേ വിധിയായിരിക്കണം ഈ ഡയറി വീണ്ടും തന്നിലേക്ക് അടുപ്പിച്ചത് ..അവൾ അതു തുറന്നു നോക്കി..

അക്ഷരങ്ങൾ പറുക്കി വെച്ചു തു പോലെ അടക്കും ചിട്ടയോടു കൂടി മനോഹരമായി എഴുതി ചേർത്ത വാക്കുകൾ..എൻ്റെ മിണ്ടാപൂച്ചക്ക് …

നക്ഷത്രക്കൂട്ടങ്ങൾക്കിടയിൽ നിന്നാണ് നിന്നെ ഞാൻ ആദ്യമായ് കാണുന്നത് .. എൻ്റെ സ്വപ്നങ്ങളിൽ തെളിഞ്ഞ സ്വർണ്ണ നക്ഷത്രം….

അവൾ ആകാംഷയോടെ അടുത്ത താൾ മറിച്ചു…ഇന്നു ഞാൻ ഏകനല്ല ജീവൻ്റെ ജീവനായ് നീയെന്നിൽ നിറഞ്ഞു നിൽക്കുന്നു ….

അവൾ ഒരോ താളുകളും മറിച്ചു നോക്കി..പ്രണയം തുളുമ്പുന്ന വരികൾ മാത്രമായിരുന്നു.അതിൽ ആലേഘനം ചെയ്തിരുന്നത് ….

എന്നെങ്കിലും ഒരു നാൾ നീ വരും ആ ഒരു നാളെക്കായ് ഞാൻ കാത്തിരിക്കുന്നു ..ഒരു പാട് നിറമുള്ള സ്വപ്‌നങ്ങള്‍ നല്കി നീ അകലങ്ങളിൽ പോയ് ഒളിച്ചിരുന്നാലും എന്റെ മനസു നീ ഒരു നാൾ കാണും… ന്‍റെ ഒരു വിളിക്കായി നീ കാതോർക്കു.

നിന്‍റെ ഒരു നോട്ടത്തിനായി എന്‍റെ മിഴികള്‍ കൺമിഴിക്കും…ഒരോ വരികളിലും പ്രതീക്ഷ കൈവിടാതെ അവൻ എഴുതിച്ചേർത്തത് വായിച്ചു തീർത്തപ്പോൾ അവൾക്ക് അത്ഭുതമായിരുന്നു.

അതോടൊപ്പം ആശ്ചര്യവും.ഒരിക്കൽ പോലും അവൻ തന്നോട് പറഞ്ഞിരുന്നില്ല .. നീയെൻ്റെ പ്രണയിനിയാണെന്നുള്ളത്പ്രണയം സ്വയം മനസ്സിലിട്ടു വെള്ളവും വളവും നൽകി വളർത്തിയ ഒരു അപരൻ ….

എത്ര അഗാധമായിട്ടായിരുന്നു അവൻ എന്നെ പ്രണയിച്ചിരുന്നത് …താനൊരു ഊമയായിരുന്നിട്ടു പോലും അവൻ പിൻമാറിയിരുന്നില്ല അതല്ലേ .. അവസാനമായി അവൻ എഴുതിയ വരികളും തന്നോട് പറഞ്ഞതും.

തൻ്റെ മിഴികൾ അവനോട് സംസാരിച്ചിരുന്നുവെന്ന് ..ഒരിക്കലെങ്കിലും ഈ ഡയറി ഒന്നടുത്ത് മറിച്ചു നോക്കുവാൻ കഴിയാതിരുന്നതിൽ അവൾക്ക് അതിരറ്റ കുറ്റബോധം തോന്നി..

അവൾ ഡയറിയിൽ എഴുതിയ മേൽവിലാസം വായിച്ചു.വിവേക് താമനയ്ക്കൽ വീട്ഊരകം തൃശ്ശൂർ….

വൈകിപ്പോയ നിമിഷങ്ങളെ അവൾസ്വയം പഴിചാരി..ഇനിയെന്തിനു ആർക്കുവേണ്ടി. അനന്തമല്ലാത്ത ചോദ്യ നിരകൾ ഉത്തരമറിയാത്ത കുട്ടികളെ പോലെ മിഴിച്ചു നോക്കി കൊണ്ടിരുന്നു..

സത്യത്തിൽ തനിക്ക് അവനോട് പ്രണയമുണ്ടായിരുന്നോ..തൻ്റെ മിഴികളിൽ അവൻ എപ്പോഴായിരിക്കും പ്രണയവസന്തം പൂത്തു നിൽക്കുന്നത് കണ്ടിരിക്കുക..

വല്ലപ്പോഴും കോളേജ് ലൈബ്രറിയിൽ വച്ചു കണ്ടുമുട്ടുമ്പോഴുണ്ടാകുന്ന ഒരു പുഞ്ചിരി അതിനപ്പുറത്തേക്ക് അവൻ തൻ്റെ മനസ്സിലുണ്ടായിരുന്നില്ല …. തൻ്റെ ആ പുഞ്ചിരിയിലവൻ പ്രണയത്തിൻ്റെ വിത്തുകൾ പാകിയിരിക്കാം..

ചിലപ്പോൾ അവൻ്റെ പ്രണയം സത്യമായെന്നിരിക്കണം’.. ഇല്ലങ്കിൽ വീണ്ടും അവൻ്റെ ഓർമ്മകൾ തന്നെ തേടി വരില്ലായിരുന്നു ..

അന്നു ഞാൻ അവനു ആരായിരുന്നുവെന്ന് മറന്നു പോയിരിക്കുന്നു ..

അതിപ്പോൾ തിരിച്ചറിഞ്ഞപ്പോൾ ഒരു പാട് വൈകിപ്പോയി.. അഞ്ചു വർഷങ്ങൾ കാത്തു നിൽക്കാതെ കടന്നു പോയിരിക്കുന്നു…

അനാഥയായ പെണ്ണ്. സൗന്ദര്യം എന്ന വാക്കിൻ്റെ അർത്ഥം പോലും മറന്നു പോയൊരു സാധാരണ പ്പെണ്ണ്…

തൻ്റെ പക്കൽ അവനു മാത്രമായി നൽകുവാൻ ഇനിയൊന്നുമില്ല.. ഒളിമങ്ങിയ മിഴികളും, ചീകിയൊതുക്കാത്ത മുടിയും.പ്രായം വെല്ലുവിളിക്കുന്ന കണ്ണിനു ച്ചുറ്റുമുള്ള കാർമേഘവലയും..

ഒട്ടിയ കവിൾത്തടവും നിറം മറഞ്ഞു പോയ പഴകിയ വസ്ത്രങ്ങളും…. അവൻ്റെ വർണ്ണനകളിലെ പഴയ അനുവല്ല ഇന്നു ഞാൻ..എനിക്കു തന്നെ തിരിച്ചറിയാകാത്തവണ്ണം മാറി പോയിരിക്കുന്നു.

ആകെയുള്ളത് വേദനയോടെ നീറുന്നൊരു മനസ്സും അറിയാതെ നിറയുന്നൊരു കണ്ണുകളുമാണ് അതാണെങ്കിൽ ആർക്കും വേണ്ടാതാനും…

ശാപം കിട്ടിയ ഒരു ജൻമ്മം..അവനോടു ഒന്നു മാപ്പു പറയുവാൻ അവളുടെ ഉള്ളം കൊതിച്ചു ….

ഒരു ഉൾവിളി പോലെ ആരോ തൻ്റെ കാതിൽ മൊഴിയുന്നു…ഒരു പക്ഷേ ഇനിയൊരിക്കൽ സാധിച്ചില്ലങ്കിലോ…..അവൾ ആ മേൽവിലാസം തിരക്കി യാത്ര തിരിച്ചു..

പലരോടും തിരക്കി അവസാനം അവൾ ആ വലിയ രണ്ടു നിലയുള്ള പഴയ തറവാടിനു മുൻപിലെത്തി…

ഉമ്മറത്ത് തുണികൾ വിരിച്ചിടുകയായിരുന്ന ആ മദ്ധ്യവയസ്ക അവളുടെ അടുത്തേക്ക് ചെന്നു ..

ആരാ കുട്ട്യേ..എവിടുന്നാ ..വിവേകിൻ്റെ അമ്മയായിരിക്കുമോ..അവൾ അവർക്കു നേരെ കൈകൾ കൂപ്പി ..മനസ്സിലായില്ലല്ലോ.. അവർ വീണ്ടും തിരിക്കി ..

അവർ ചോദിക്കുന്നത് കേൾക്കാമെങ്കിലും മറുപടി പറയാൻ തനിക്കു കഴിയില്ല എന്നതവർക്ക് ബോധ്യപ്പെടുത്തുവാൻ കൈ വിരലുകൾ ആംഗ്യ ഭാഷയിൽ കാണിച്ചു…

തനിക്ക് കേൾക്കുവാൻ കഴിയും എന്നാൽ സംസാരശേഷിയില്ല… ചുരുക്കി പറഞ്ഞാൽ

ഞാനൊരു ഊമയാണ് ന്നുള്ള കാര്യംപിന്നീടവരുടെ സംസാരത്തിൽ ആ സഹതാപം നിഴലിച്ചിരുന്നു…ക്ഷമിക്കണം കുട്ട്യേ…. അമ്മയ്ക്ക് അറിയില്ലായിരുന്നു.’

അതിനവൾ തല കുലുക്കി സമ്മതം നൽകി..തോളിൽ കിടന്ന ബാഗിൽ നിന്ന് കടലാസും പേനയുമെടുത്ത് ധൃതിയിൽ എഴുതി അവർക്കു നേരെ നീട്ടി..

ഞാൻ അനുശ്രീ. വിവേകിൻ്റെ വീടല്ലേ?അതേ മോളേ വിവേകിൻ്റെ അമ്മയാ…പറഞ്ഞു തീർന്നതും നിറഞ്ഞു തുളുമ്പിയ കണ്ണുമായ്

അവർ അവളെ കെട്ടിപ്പുണർന്നു ..ഈശ്വരൻ എൻ്റെ പ്രാർത്ഥന കേട്ടു …. മോളേ..എൻ്റെ കണ്ണടയുന്നതിനു മുൻപ് ഒരിക്കലെങ്കിലും അവൻ അമ്മേ എന്നു വിളിക്കുന്നതും കാത്ത് കാത്തിരിക്കുകയായിരുന്നു ഞാൻ…..

അവളുടെ തോളിൽ കിടന്നു ആ മാതൃഹൃദയം വിങ്ങലോടെ പുലമ്പി കൊണ്ടിരുന്നു..

വരൂ മോളെ അകത്തേക്ക് വരൂ..അറിയാതെയാണങ്കിലും വലതുകാൽ എടുത്ത് വച്ചവൾ അവരോടൊപ്പം നടന്നു.

വീട്ടിനകത്തെ ശ്യൂന്യത ഏകാന്തതയുടെ മറ്റൊരു ഭീകരാന്തരീക്ഷം അവളിൽ ഉണർത്തി.

അവർ അവളെ കൂട്ടികൊണ്ടുപോയത്.പട്ടാപകലാ യിരുന്നിട്ടും വെളിച്ചം എത്തി നോക്കാത്ത ഒരു ഇരുളടഞ്ഞ മുറിയിലേക്കായിരുന്നു ..

അവൾക്ക് പേടി തോന്നി. മുൻപേ നടന്ന ആളെ പോലും തിരിച്ചറിയാൻ കഴിയുന്നില്ല…

പെട്ടന്ന് നിശബ്ദത തളം കെട്ടിയ ആ മുറിയിലൊരു ചങ്ങലയുടെ ശബ്ദം അവളുടെ കാതിൽ വന്നു പതിച്ചു. കാലൊച്ച കേട്ടിട്ടാകണം കരയുന്ന ഈച്ചകളുടെ വട്ടം പറന്നുള്ള ഇരമ്പലും

അതോടൊപ്പം പാതി തുറന്ന ജാലക പഴുതിലൂടെ കടന്നു വന്ന വെട്ടവുംആ ഇത്തിരി വെട്ടത്തിലവൾ കണ്ടു. പേടിച്ചു വിറങ്ങലിച്ചു മുറിയുടെ മൂലയിൽ അഭയം പ്രാപിച്ച തനിക്കു പരിചിതമായ ആ മുഖം.

വർഷങ്ങൾക്കു മുൻപ് തന്നെ ഉറ്റുനോക്കാറുള്ള അതേ കണ്ണുകൾ. കുമിഞ്ഞുകൂടി കിടന്നൊരു ചിന്തകളുടെ കുരുക്കഴിച്ചു കൊണ്ടവൾ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി..

ആ കണ്ണുകൾ തന്നെ തുറിച്ചു നോക്കുകയാണ്.ആ നിറമിഴികളിൽ നിന്നൊലിച്ചിറങ്ങുന്ന കണ്ണുനീരിൽ എഴുതിയ വാക്കുകൾ അവൾ വായിച്ചു.ഇനിയും എന്നെ തനിച്ചാക്കി പോകരുതേയെന്ന്..

അവൾ നിറകണ്ണുകളോടെ അവനു നേരെ കൈകൾ കൂപ്പി .. നെഞ്ചുപൊട്ടി പിളരുകയാണ്.ആ കാഴ്ച്ച കണ്ടു നിൽക്കാൻ കഴിയാതെ ഒരു മെഴുകുതിരി പോലെ അവൾ ഉരുകുകുകയായിരുന്നു…..

വേദന കാണുമ്പോൾ ആർദ്രമാകുന്ന
തന്റെ കണ്ണിൽ നിന്നും ഇടറി വീണ നീർമുത്തുകൾ അവൾ തുടച്ചു മാറ്റിയിരുന്നില്ല ..

ഇന്ന് ഈ കണ്ണീരിനു ഒരർത്ഥമുണ്ട്.ഒരു ലക്ഷ്യമുണ്ട് മുന്നിൽ ശോഭ വറ്റാത്തൊരു ജീവിതമുണ്ട്.
മനസ്സിലെ മുറിവുകൾ ഇനിയും’

ഉണങ്ങിയില്ലങ്കിലും പ്രതീക്ഷയോടെ ഇനിയുള്ള നാളുകൾ തനിക്കു വേണ്ടി പിറക്കണേ എന്നവൾ സർവ്വേശ്വരനോട് പ്രാർത്ഥിച്ചു..

Leave a Reply

Your email address will not be published. Required fields are marked *