ഒരു രാത്രിയിലേക്കാണെങ്കിൽക്കൂടി .. ,,, “നിനക്കെത്ര പണം വേണമെങ്കിലും ഞാൻ തരും ,പക്ഷെ ഒരിക്കലെങ്കിലും, ഒരു

(രചന: രജിത ജയൻ)

” ജീവിതത്തിലിന്നേവരെ ഈ ദുർഗ്ഗ ആഗ്രഹിച്ചതൊന്നും നേടാതിരുന്നിട്ടില്ല ശരത്ത്..

“ഇപ്പോൾ ഞാനാഗ്രഹിക്കുന്നത് നിന്നെയാണെങ്കിൽ നിന്നെ ഞാൻ നേടുക തന്നെ ചെയ്യും ..

” നീ ആരുടെ സ്വന്തമാണെന്നു പറഞ്ഞാലും ഈ ദുർഗ്ഗ നിന്നെ നേടിയിരിക്കും ..” അതിനി ഒരു രാത്രിയിലേക്കാണെങ്കിൽക്കൂടി .. ,,,

“നിനക്കെത്ര പണം വേണമെങ്കിലും ഞാൻ തരും ,പക്ഷെ ഒരിക്കലെങ്കിലും, ഒരു തവണത്തേക്കെങ്കിലും നീ എന്റേതാവണം ..” അത്രയ്ക്കും ഞാൻ നിന്നെ മോഹിച്ചു പോയ് ….

തന്റെ മുമ്പിൽ നിൽക്കുന്ന ശരത്തിനോടത് പറയുമ്പോൾ ദുർഗ്ഗയുടെ കണ്ണുകൾ ശരത്തിന്റെ ദൃഢമായശരീരത്തിലൂടെ ആസക്തിയോടെ ഒഴുകി നടന്നു….

ആരെയും ആഘർഷിക്കുന്ന തിളക്കമുള്ള കണ്ണുകളും ,വെട്ടിയൊതുക്കി മനോഹരമാക്കി വെച്ചിരിക്കുന്ന കട്ടി മീശയും ,നേർത്തു മനോഹരമായ ചുവന്ന ചുണ്ടുകളും അവന്റെ സൗന്ദര്യത്തിന് ഏറെ മാറ്റുകൂട്ടുന്നതായ് അവൾക്ക് തോന്നി..

വിരിഞ്ഞു നിൽക്കുന്ന അവന്റെ നെഞ്ചിലേക്കും ദൃഢമായ അവന്റെ ശരീരത്തിലേക്കും അവളുടെ കണ്ണുകൾ മാറി മാറി സഞ്ചരിച്ചു

അവളുടെ കണ്ണിൽ തന്റെ ശരീരത്തോടുള്ള അടങ്ങാത്ത ആഗ്രഹം തിരയടിക്കുന്നതു ശരത്ത് വെറുപ്പോടെ നോക്കി നിന്നു..

“നോക്കു മാഡം ഇന്നീ നിമിഷം വരെ ഞാൻ നിങ്ങൾ പറഞ്ഞതെല്ലാം കേട്ടു നിന്നത് നിങ്ങളീ സ്ഥാപനത്തിന്റെ ഉടമയുടെ മകളായതുകൊണ്ടു മാത്രമാണ് .

അത്താഴപട്ടിണി മാറ്റാൻ അന്നം തേടി ഇറങ്ങുന്ന തെരുവ് പെണ്ണുങ്ങൾക്ക് നിങ്ങളെക്കാൾ അന്തസ്സുണ്ടാകും

എന്തായാലും ഈ നിമിഷം വരെ ഞാനെന്റെ ശരീരം വിലയിട്ടോ ഇടാതെയോ വിൽക്കാൻ തീരുമാനിച്ചിട്ടില്ല ,അങ്ങനെ തീരുമാനിക്കുന്ന നാൾ വന്നാൽ അന്നു ഞാൻ വരാം മാഡത്തിന് മുന്നിൽ ..

അപ്പോ ഇനിയൊരു കൂടിക്കാഴ്ച നമ്മൾ തമ്മിൽ ഉണ്ടാവാതിരിക്കാൻ ശ്രമിക്കാം ..പോട്ടെ ..

ഒന്നു തൊടാനെങ്കിലും എല്ലാവരും കൊതിക്കുന്ന ദുർഗ്ഗയുടെ മാദകത്വം തുളുമ്പുന്ന ശരീരത്തെ പുച്ഛത്തിലൊന്നു നോക്കിയിട്ട് ശരത്ത് പുറത്തേക്കിറങ്ങി പോവുന്നത് ദുർഗ്ഗ അമ്പരപ്പോടെ നോക്കി നിന്നു ..

തിരക്കേറിയ ടൗണിലൂടെ തന്റെ ബൈക്കിൽ പോവുമ്പോൾ ശരതിന്റെ മനസ്സിൽ നിറയെ ദുർഗ്ഗയുടെ വാക്കുകളായിരുന്നു ..

എന്തൊരു ജന്മമാണ് ആ പെണ്ണിന്റെ …എന്തും പണം കൊടുത്ത് വാങ്ങാമെന്ന അഹങ്കാരമാണവൾക്ക് ..

ആദ്യമാദ്യമെല്ലാം അവളുടെ സംസാരത്തെ വെറുമൊരു തമാശയായാണ് കണ്ടതെങ്കിലും പിന്നീട് അവളുടെ അതിരു കടന്ന പെരുമാറ്റം കാരണം അകറ്റി നിർത്തുകയായിരുന്നു ഞാനവളെ ..

പക്ഷെ എന്നിട്ടും പലപ്പോഴുമവൾ തന്റെ പുറകെ വന്നു ,അറിയാതെ എന്ന പോലെ തന്റെ ശരീരത്തിൽ അവൾ അമിതസ്വാതന്ത്ര്യം കാട്ടാൻ തുടങ്ങിയപ്പോഴാണ് അവളുടെ ഉള്ളിൽ തന്നോടുള്ളത് പ്രണയമല്ല വെറും കാമമാണെന്ന് തിരിച്ചറിഞ്ഞത് ..

അതു താൻ തിരിച്ചറിഞ്ഞെന്ന് മനസ്സിലാക്കിയ നിമിഷം മുതലവൾ പിന്നെന്തും ചെയ്യും തന്നെ നേടാൻ എന്നവസ്ഥയിലായ് ..

അല്ലെങ്കിൽ പിന്നെ തന്റെ ഒരു രാത്രിക്ക് അവൾ വില ചോദിക്കുമോ..?അവനോർത്തൂ .” എന്താണ് ശരത്തേട്ടാ ഇന്നിത്തിരി വൈകിയോ .. ?

സ്കൂൾ ഗേറ്റിനരികിലുള്ള വാകമരച്ചുവട്ടിലവനെയും കാത്തു നിന്ന ഗൗരിനന്ദ ചോദിച്ചു …

“ഇന്നിറങ്ങാൻ കുറച്ചു വൈകി നന്ദൂ..
നീ മാത്രമായോ ഇവിടെ..? എല്ലാവരും പോയോ …?വിജനമായസ്കൂൾ മുറ്റത്തേക്ക് നോക്കി ശരത്ത് ചോദിച്ചു…

“എല്ലാവരും പോയി ഏട്ടാ.. ഞാനേട്ടനെ വിളിച്ചു നോക്കാൻ ഫോണെടുത്തതാ .. പിന്നെ ബൈക്കിലാവൂലോന്ന് ഓർത്ത് വേണ്ടാന്നു വെച്ചു …

തന്നോടുള്ള കരുതലും സ്നേഹവും നിറഞ്ഞു നിന്ന അവളുടെ മുഖത്തേക്കവൻ ആർദ്രമായ് നോക്കി…ഗൗരി നന്ദ ..തന്റെ നന്ദൂ…

സ്കൂളിലെ കുട്ടികളുടെ പ്രിയപ്പെട്ട ഗൗരി ടീച്ചർ ..ചന്തമുള്ള വട്ട മുഖത്തെ ചെറിയ കറുത്ത പൊട്ടിനു പോലും വല്ലാത്തൊരഴകാണ് അവളുടെ നെറ്റിയിലാവുമ്പോൾ …

വെളുത്ത് നീണ്ട കൈയിലെ ചെറിയ സ്വർണ്ണവള തിരിച്ചറിയാൻ പറ്റാത്ത വിധം അവളുടെ കൈയോടു ചേർന്നു കിടന്നിരുന്നു …

തുമ്പപ്പൂ നൈർമല്യമുള്ള എന്റെ ഈപെണ്ണിനു മാത്രമേ എന്റെ മനസ്സിലും ശരീരത്തിലും സ്ഥാനമുള്ളു ,ഇവൾക്കു മുമ്പിൽ ദുർഗ്ഗയാര് …

“എന്താ ശരത്തേട്ടാ ഇങ്ങനെ നോക്കണത്..? ആദ്യമായിട്ടു കാണുന്നതുപോലെ …?

ശരത്തിന്റെ നോട്ടത്തിൽ തുടുത്തു പോയ മുഖത്തോടെ ഗൗരി അവനോടു ചോദിച്ചപ്പോൾ അവനവളെ നോക്കി ഒന്നുമില്ലാന്ന് കണ്ണിറുക്കി …

“നിന്നെ എപ്പോൾ കണ്ടാലും ആദ്യം കാണുന്ന പോലെ തന്നെയാണെനിക്ക് നന്ദൂ …അവന്റെ മനസ്സ് മന്ത്രിച്ചു ….

തിരയൊടുങ്ങാത്ത കടലിലേക്ക് നോക്കി ബീച്ചിലിരിക്കുമ്പോഴും ശരത്തിന്റെ മനസ്സ് ദുർഗ്ഗ യുടെ വാക്കുകളോർത്ത് അസ്വസ്തമായിരുന്നു..

കഴിഞ്ഞ നാലുവർഷമായ് താൻ ജോലി ചെയ്തു കൊണ്ടിരുന്ന പണമിടപാട് സ്ഥാപനമാണത്..

അവിടെയുള്ള മറ്റാരെക്കാളും മുതലാളിക്ക് വിശ്വാസം തന്നെയാണ് …എന്തിനും ഏതിനും അദ്ദേഹം എപ്പോഴും കൂടെ കൂട്ടുക തന്നെയാണ്…

ഒരു മകനോടെന്ന പോലെ സ്നേഹവും കരുതലുമാണ് അദ്ദേഹത്തിന് തന്നോട് ..അദ്ദേഹത്തിന്റെ ഏകമകളാണ് ദുർഗ്ഗ .. ബാംഗ്ലൂരിലെ പ0നം കഴിഞ്ഞ് അച്ഛനെ സഹായിക്കാൻ സ്ഥാപനത്തിലെത്തിയ ദുർഗ്ഗ പക്ഷെ കൂടുതൽ ശ്രദ്ധിച്ചത് തന്നെയാണ് …

ഒടുവിലിതാ ഇപ്പോഴത് തനിക്കൊപ്പം ഒരു രാത്രി ചിലവഴിച്ചാൽ മതിയെന്നവസ്ഥയിലേക്കവളെ കൊണ്ടെത്തിച്ചിരിക്കുന്നു ..

എങ്ങനെ രക്ഷപ്പെടും ഈ കുരുക്കിൽ നിന്ന് ..?
ജോലി ഉപേക്ഷിക്കാം എന്നു വെച്ചാൽ മുതലാളിയോട് എന്തു കാരണം പറയും ..?

അദ്ദേഹത്തിന്റെ മകൾ കാരണമാണെന്ന് ഒരിക്കലും പറയാൻ കഴിയില്ല .. എന്തെങ്കിലും ഒരു വഴി കണ്ടെത്തണം ഇനിയവിടെ തുടരുകയെന്നത് ശാശ്വതമല്ല ,പെണ്ണിന്റെ പക മരണം പോലെയാണ് …

എന്തു പറ്റി ശരത്തേട്ടാ ഇന്ന്, കാര്യമായ ചിന്തയിലാണല്ലോ ..?
ഞാൻ കൂടെയുള്ളതു പോലും മറന്നത് പോലെയുണ്ട് …

പരിഭവത്തിൽ പറഞ്ഞ് നന്ദു മുഖം തിരിച്ചിരുന്നതും ശരത്തിലൊരു കള്ളചിരി വിരിഞ്ഞു

“ദേ.. പെണ്ണെ നിന്നോടു ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഇങ്ങനെ പരിഭവിച്ച് ചുണ്ടും കൂർപ്പിച്ചിരിക്കരുതെന്ന്

എന്റെ ചുണ്ട് ഞാൻ എനിക്കിഷ്ട്ടമുള്ളതുപോലെ വെയ്ക്കും ,അതിന് ഏട്ടനെന്താ… നന്ദു ചൊടിച്ചു ശരത്തിനോട്നിന്റെയോ …?ആരു പറഞ്ഞു..?

നിന്റെ ഈ ശരീരത്തിലുള്ളതെല്ലാം എന്റെയാണ്, നീ ശ്വസിക്കുന്ന ശ്വാസം വരെ …

പ്രണയാർദ്രനായ് ശരത്ത് പറഞ്ഞതും അവൾ കണ്ടു അവന്റെ കണ്ണിൽ തന്നോടുള്ള അടങ്ങാത്ത പ്രണയം തിരയടിക്കുന്നത് …

അപ്പോൾ പിന്നെ എനിക്ക് സ്വന്തമായിട്ടൊന്നും ഇല്ലേ…?അവളവനോടു ചോദിച്ചു

നിനക്ക് സ്വന്തമായിട്ടുണ്ടല്ലോ ദേ ഈ ഞാൻ ,പക്ഷെ എന്റെ ശരീരം നിനക്ക് കിട്ടുമോന്ന് എനിക്ക് ഉറപ്പില്ല ട്ടോ ,ഒരുത്തി അതിന് വില ചോദിച്ചിരിപ്പുണ്ട് ഓഫീസിൽ ,ദുർഗ്ഗ….

ഒരു തമാശയെന്നവണ്ണം ശരത്ത് പറയുമ്പോൾ ഗൗരി നന്ദ തിരിച്ചറിഞ്ഞിരുന്നു എന്താണ് ശരത്തിനെ അലട്ടുന്ന പ്രശ്‌നമെന്ന് ..

അവളുടെ കണ്ണുകൾ വൈരപ്പൊടി വീണതുപോലൊന്നെരിഞ്ഞമർന്നത് ശരത്ത് കണ്ടില്ല ..

പിറ്റേ ദിവസം ജോലിക്ക് പോവാതെ വീട്ടിലിരുന്ന ശരത്തിനെ തേടി അവന്റെ മുതലാളി വന്നപ്പോൾ ഞെട്ടി പോയതവനായിരുന്നു

“മോനെ നിന്നോടെന്തു പറയണമെന്നെനിക്കറിയില്ല ,നിന്നെകണ്ടനാൾ മുതൽ നിന്നെയൊരു മകന്റെ സ്ഥാനത്ത് കണ്ടവനാണ് ഞാൻ …

മനസ്സുകൊണ്ടു പോലും എന്നെ ചതിക്കാൻ കഴിയാത്ത നിന്റെ കാലു പിടിച്ചു ഞാൻ മാപ്പു പറയാം എന്റെ മോൾ നിന്നെ വേദനിപ്പിച്ചതിന് …

ശരത്തിന്റെ കൈകൾ കൂട്ടിപ്പിടിച്ച് മുതലാളി പറഞ്ഞതും ശരത്ത് അമ്പരന്നു പോയ്, അദ്ദേഹമെങ്ങനെയറിഞ്ഞു ദുർഗ്ഗയുടെ കാര്യമെന്നോർത്ത് ..

ഞാനിതെങ്ങനെ അറിഞ്ഞെന്നോർത്ത് നീ തല പുകയ്ക്കണ്ട ,എന്നെ കാണാൻ നിന്റെ പെണ്ണ് വന്നിരുന്നു ഗൗരി നന്ദ…നന്ദു ഇദ്ദേഹത്തെ തേടി ചെന്നെന്നോ ..?അവനത്ഭുതപ്പെട്ടു ..

താൻ സ്നേഹിക്കുന്ന പുരുഷനെ മറ്റൊരുത്തി നോക്കുന്നതുപ്പോലും ഒരു പെണ്ണിന് സഹിക്കാൻ പറ്റില്ല ,അപ്പോഴവനൊരുത്തി വിലയിട്ടാൽ അവൾ സഹിക്കുമോ ശരത്തേ…

എന്നോടവളെല്ലാം പറഞ്ഞു, ഇനി എന്റെ മോൾ നിനക്ക് മുമ്പിൽ വരില്ല അതവളുടെ അച്ഛനായ എന്റെ വാക്കാണ്..

ഞങ്ങളുടെ വളർത്തുദോഷമാണ് അവൾ ഇങ്ങനെ ആവാൻ കാരണം അതു തിരുത്താൻ ഇതു ഞങ്ങൾക്കും ഒരവസരമാണ് …

എന്റെ മോൾ നിന്നെ വേദനിപ്പിച്ചതിൽ ഞാൻ നിന്നോട് മാപ്പു പറയുന്നു മോനെ, മോൻ വരണം ഓഫീസിലേക്ക് ..

മുതലാളി പറഞ്ഞപ്പോൾ അവൻ ശിരസ്സിളക്കി …അവനോട് യാത്ര പറഞ്ഞു പോകുമ്പോൾ മുതലാളിയുടെ മനസ്സിലവനോടൊരുആരാധന തോന്നിയിരുന്നു

പെണ്ണൊരുമ്പെട്ട് വന്നിട്ടുപോലും അവളെ പുറംകാൽ കൊണ്ട് തട്ടിയെറിഞ്ഞതോർത്തിട്ട് .. അതിനവനെ പ്രേരിപ്പിച്ചത് പ്രാണനെ പോലവൻ നെഞ്ചിൽ കൊണ്ടു നടക്കുന്ന പ്രണയമാണെന്നോർത്തിട്ട് .

ചില പ്രണയങ്ങളങ്ങനെയാണ് അതു നെഞ്ചിൽ നിറഞ്ഞു നിന്നാൽ പിന്നെ ചുറ്റുമുള്ളതെല്ലാം നിസ്സാരങ്ങളാണ്…

Leave a Reply

Your email address will not be published. Required fields are marked *