അവളുടെ ചുണ്ടുകൾ തന്റെ മുഖമാകെ ഇഴഞ്ഞു നീങ്ങുമ്പോൾ വീണ്ടും നിയന്ത്രണം വിടുമെന്ന ഭയത്താൽ അയാൾ ദുർബലമായി കുതറി. ഇവളെന്തൊരു പെണ്ണാണ്..!

(രചന: ശാലിനി)

ഫോണിലെ അലാറം തുടർച്ചയായി മുഴങ്ങുന്നത് കേട്ടാണ് നവീൻ ചാടിയെഴുന്നേറ്റത്.
ഈശ്വരാ.. നേരം വെളുത്തിരിക്കുന്നു.
പതിവില്ലാതെ ഇന്ന് ഉറങ്ങിപ്പോയി…!
അയാൾ തിടുക്കത്തിൽ എഴുന്നേൽക്കാൻ ഭാവിച്ചതും ഒരു കൈ നീണ്ടു വന്ന് വീണ്ടും അയാളെ മെത്തയിലേയ്ക്ക് തന്നെ അമർത്തി.

“പ്ലീസ്, നവീ.. കുറച്ചു നേരം കൂടി ഇവിടെ എന്റെ ഒപ്പമൊന്നു കിടക്കൂ..”ബ്ലാങ്കറ്റിനുള്ളിൽ നിന്നൊരു കിളി നാദം അയാളെ വരിഞ്ഞു മുറുക്കി.അയാൾ അവളുടെ കൈ വിടർത്താൻ ശ്രമിച്ചു.

“നിനക്ക് അങ്ങനെ ഒക്കെ പറയാം. ഇന്ന് ഞാൻ ഒത്തിരി ലേറ്റ് ആയി.. എന്നെ വിട്ടേ സോഫീ. ഞാൻ ഇനി എന്തൊക്കെ സമാധാനം പറയേണ്ടി വരുമെന്ന് അറിയാമോ.
നിനക്ക് പിന്നെ അങ്ങനെ ഉള്ള ടെൻഷൻസ് ഒന്നും ഇല്ലല്ലോ.ഭാഗ്യവതി.”

സോഫി ഒരു കള്ള ചിരിയോടെ അവന്റെ മുഖത്തേക്ക് തന്റെ മുഖം അടുപ്പിച്ചു. കൺപീലികൾ കൊണ്ട് അവന്റെ കവിളിൽ മെല്ലെ ഉരസി. അവളുടെ ചുണ്ടുകൾ തന്റെ മുഖമാകെ ഇഴഞ്ഞു നീങ്ങുമ്പോൾ വീണ്ടും നിയന്ത്രണം വിടുമെന്ന ഭയത്താൽ അയാൾ ദുർബലമായി കുതറി.
ഇവളെന്തൊരു പെണ്ണാണ്..!

“വിട്. ഞാൻ പോട്ടെ. നിനക്കെന്താ പറഞ്ഞാൽ മനസ്സിലാവാത്തത് “അയാൾ കോപം നടിച്ചു.എത്ര കോപിച്ചാലും അവൾക്ക് അനുസരിക്കാൻ ഭാവം ഇല്ലെന്ന് തോന്നി.

“ഇന്ന് ഇത്തിരി ലേറ്റ് ആയിട്ട് പോയാൽ മതി. എനിക്ക് നിന്നെ സ്നേഹിച്ചു മതിയായില്ല. ഞാൻ നിന്നെ സ്നേഹിക്കുന്നതിന്റെ പകുതി സ്നേഹം പോലും നിനക്ക് എന്നോട് ഇല്ല. നിനക്ക് എന്നെ മടുത്തെങ്കിൽ അത് പറഞ്ഞാൽ മതി. പിന്നെ ഒരിക്കലും എന്റെ ശല്യം ഉണ്ടാവില്ല.”

അവളുടെ വികാരം കൊള്ളിച്ച വിരലുകൾ മെല്ലെ തണുത്തു നിശ്ചലമായി.
നവീൻ ഒന്ന് തിരിഞ്ഞു.

“എന്റെ പെണ്ണെ ഇങ്ങനെ ഓവർ സെന്റി ആകല്ലേ. നിനക്ക് അത് ഒട്ടും ചേരില്ല. ഞാൻ ഇനി പോകുന്നില്ല പോരെ.?’

അവൾ ഊറി ചിരിച്ചു.
അവൾക്കറിയാം തന്റെ മുഖം ഒന്ന് വാടുന്നത് പോലും അവന് സഹിക്കാൻ കഴിയില്ലെന്ന്.

അവനെ കെട്ടിപിടിച്ചു കൊണ്ട് അവന്റെ ചെവിയിൽ അവൾ മന്ത്രിച്ചു.”എങ്കിൽ നല്ല കുട്ടിയായിട്ട് ഇവിടെ അടങ്ങി കിടന്നോണം. ”

അവനെന്തോ പറയാൻ തുടങ്ങിയെങ്കിലും അവൾ വീണ്ടും നുരഞ്ഞു പൊന്തുന്ന ഒരു ലഹരി കണക്കെ അവനിലേയ്ക്ക് പതഞ്ഞുയരാൻ തുടങ്ങിയിരുന്നു.”മോളെ.അഞ്ജു.. നവീൻ എത്തിയില്ലേ ഇത് വരെ ? ”

അച്ഛൻ ഇത് നാലോ അഞ്ചോ തവണയായി തിരക്കുന്നു.
ഇതുവരെ പല കള്ളങ്ങളും പറഞ്ഞു പിടിച്ചു നിന്നു.
ഇനിയും എന്ത് പറയും.

അയാളുടെ ഫോണിലേക്ക് വിളിച്ചു മടുത്തു.
എപ്പോ വിളിച്ചാലും സ്വിച്ചഡ് ഓഫ് !
എല്ലാ സൺ‌ഡേയും രാവിലെ വീട്ടിൽ എത്തുന്നതാണ് നവീൻ.
അയാൾ വന്നിട്ട് ചെയ്യാനുള്ള പ്രോഗ്രാംസ്

ഒക്കെ ഒരുപാട് ഉണ്ട്. തലേന്ന് തന്നെ എവിടെ പോകണം, എന്തൊക്കെ ചെയ്യണം എന്നൊക്കെ സെറ്റ് ചെയ്തു കാത്തിരിക്കുന്ന രണ്ടു കുഞ്ഞ് മക്കളെ ഓർക്കാതിർക്കാൻ അയാൾക്ക് ആവില്ലല്ലോ.

പോരെങ്കിൽ ഇന്ന് അപ്പൂസിന്റെ ബർത്തഡേ കൂടി ആണ്.
അപ്പ വന്നിട്ടേ എഴുന്നേൽക്കൂ എന്ന് വാശി പിടിച്ചു കിടക്കുവാണ് അവൻ.അഞ്ജുവിന് വല്ലാത്ത ദേഷ്യം വരുന്നുണ്ടായിരുന്നു.

ഭർത്താവ് ആണത്രേ! ആഴ്ചയിൽ
ഒന്നിച്ചു കഴിയുന്നത് ആകെ ഒന്നോ രണ്ടോ ദിവസം ആണ്..
എല്ലാ ആഴ്ചയിലും ഒരു ചടങ്ങ് പോലെ ഓടിക്കിതച്ചു വരും.. പിന്നെ മക്കളോടൊപ്പം എന്തൊക്കെയോ കാട്ടി കൂട്ടിയിട്ട് അതിലും വലിയ തിരക്കിൽ പാഞ്ഞ് ഒരു പോക്കും.

ഇത്ര വലിയ ബുദ്ധിമുട്ട് ആണെങ്കിൽ നവിയേട്ടൻ എന്തിനാ ഇങ്ങോട്ട് ഓടിപ്പാഞ്ഞു വരുന്നത്..ഞങ്ങളെ കൂടി അങ്ങോട്ട് കൊണ്ട് പോകാമല്ലോ. അവിടെ സ്വന്തം ഫ്ലാറ്റ് അല്ലെ പിന്നെ എന്താ പ്രശ്നം. അമ്മൂനും അപ്പൂനും അവിടെ നിൽക്കുന്നതാണ് ഇഷ്ടവും.

ഒരിക്കൽ അവൾ പറഞ്ഞു. പക്ഷെ, എടുത്തടിച്ചത് പോലെ ആയിരുന്നു അയാളുടെ മറുപടി.

“അതിന്റെ ഒന്നും ആവശ്യം ഇല്ല. ഇവിടെ സ്വന്തം വീട് ഇട്ടിട്ട് വല്ലയിടത്തും പോയി താമസിക്കേണ്ട കാര്യം എന്താ? പിള്ളേരെ നീ ഓരോന്ന് പറഞ്ഞു മനസ്സ് മാറ്റാൻ നോക്കണ്ട. അവര് ഇവിടെ നിന്നോളും. ഞാൻ പിന്നെ എന്തിനാ ഇങ്ങോട്ട് എല്ലാ ആഴ്ചയും വരുന്നത്.”

ഇരുണ്ട മുഖത്തോടെ അവൾ അന്ന് അയാളെ യാത്ര ആക്കി.
ഇടയ്ക്ക് വിളിച്ചാലും വലിയ താൽപ്പര്യം ഇല്ലാത്ത സംസാരം ആയപ്പോൾ അവൾ
ആ പരിപാടിയും നിർത്തി.

തന്റെ സ്നേഹം അയാൾ അർഹിക്കുന്നില്ല എന്ന് തോന്നി.വന്നു കഴിഞ്ഞാലും മക്കളോടൊപ്പം ആണ് സദാ സമയവും. രാത്രിയിൽ അവർക്ക് നടുവിൽ കിടന്നുറങ്ങുന്ന അയാളെ കാണുമ്പോൾ അവൾക്ക് ഒരു വികാരവും തോന്നാതെയുമായി.വെറുതെ ഒരു ഭർത്താവ്..

അവൾക്ക് നവീൻ അതായിരുന്നു.
വിവാഹം കഴിഞ്ഞിട്ട് പതിനഞ്ചു വർഷം ആയി.
പ്രേമ വിവാഹം ആയിരുന്നു.
ഒന്നിച്ചു പഠിച്ചവർ.
രണ്ട് പേർക്കും പരസ്പരം പിരിയാൻ പറ്റാത്ത അവസ്ഥ ആയതോടെ വീട്ടിൽ വിഷയം ചർച്ചയിൽ എത്തി

അതിനെന്താ അവൻ ഇഷ്ടപ്പെതല്ലേ. അല്ലെങ്കിലും മനസ്സിന് ഇഷ്ടപ്പെട്ടതിനെ വേണം സ്വന്തമാക്കാൻ.
നവീന്റെ പപ്പ പച്ചക്കൊടി കാണിച്ചു.

അമ്മയ്ക്ക് ആകട്ടെ, അവൻ ആരെയെങ്കിലും വെറുതെ സ്നേഹിക്കില്ലെന്ന് നന്നായി അറിയാം.
അതുകൊണ്ട് ആരായാലും പെട്ടന്ന് വിളിച്ചോണ്ട് വാടാ എന്ന് നിർബന്ധവും.

അന്ന് നവീൻ ഒരു പ്രൈവറ്റ് കമ്പനിയിലെ അക്കൗണ്ടന്റ് ആയിരുന്നു. അത് വലിയ താല്പര്യം ഇല്ലാത്ത ഒരു പ്രൊഫഷനും കൂടി ആയപ്പോൾ രണ്ട് മൂന്ന് വർഷം ഒരു വിധത്തിൽ പിടിച്ചു നിന്നു.
ആ സമയത്തായിരുന്നു വിവാഹവും.

വിവാഹം കഴിഞ്ഞു രണ്ടു വർഷം തികയുന്നതിനു മുമ്പ് അവൻ ജോലി റിസൈൻ ചെയ്യുകയും, കോയമ്പത്തൂര് സ്വന്തമായി ഒരു ട്രാവൽ ആൻഡ് ടൂറിസത്തിന്റെ ഓഫീസ് തുടങ്ങുകയും ചെയ്തു.

ആഴ്ചയിൽ ഒരിക്കൽ വീട്ടിലേക്ക് അയാൾ എത്ര തിരക്കുകൾക്കിടയിലും ഓടിയെത്താറുണ്ട്.
മക്കൾ രണ്ട് പേരായതോടെ അയാളുടെ തിരക്കും കൂടി. വീട്ടിൽ അച്ഛനും അമ്മയും മാത്രമായതു കാരണം ഭാര്യയെയും കുഞ്ഞുങ്ങളെയും കൂടെ നിർത്താൻ

അയാൾ മടിച്ചു.
മക്കൾ കൂടെയുള്ളത് രണ്ട് പേർക്കും വലിയ സന്തോഷം ആണ്.അവരെ കൊണ്ട് പോയാൽ വീട് ഉറങ്ങിപോകും എന്നൊക്കെ ഒഴിവ് കഴിവുകൾ പറഞ്ഞു നവീൻ ഒറ്റയ്ക്ക് സ്വന്തമായി വാങ്ങിയ ഫ്ലാറ്റിൽ ആയിരുന്നു താമസം.

ഓഫീസിൽ സ്റ്റാഫ്‌ ആയി ജോയിൻ ചെയ്ത സോഫി എന്ന പെൺകുട്ടിയുമായി അയാൾ അടുക്കുന്നത് യാദൃച്ഛികമായിട്ടാണ്.
അവളുടെ ഭർത്താവ് മരിച്ചിട്ട് വെറും അഞ്ചു മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ..

വീട്ടിൽ ഒറ്റയ്ക്ക് ഇരുന്ന് ഡിപ്രെഷൻ ആയപ്പോൾ കൺസൾട്ട് ചെയ്ത ഡോക്ടർ നിർദേശിച്ചത് എന്തിനെങ്കിലും എൻഗേജ്ഡ് ആകാനാണ്.
എപ്പോഴും ഭർത്താവിന്റെ ചിന്തകൾ കൊണ്ട് താങ്ങാനാകാത്ത സങ്കടത്താൽ അവൾ മുറിയിൽ നിന്ന് പുറത്ത് ഇറങ്ങാതെ ദിവസങ്ങളോളം കഴിഞ്ഞിരുന്നു.

അവളുടെ ഡോക്ടറിന്റെ സുഹൃത്തായിരുന്നു നവീൻ.
ആ സമയത്താണ് തന്റെ ഓഫീസിലേക്ക് കമ്പ്യൂട്ടർ അറിയാവുന്ന ഒരു ലേഡി സ്റ്റാഫിനെ ആവശ്യം ഉണ്ടെന്ന് സംസാര മധ്യേ അയാൾ ഡോക്ടറോട് സൂചിപ്പിച്ചതും.

സോഫിയ കമ്പ്യൂട്ടർ അക്കൗണ്ടന്റ്റ് ആയി കുറച്ചു നാൾ ടൗണിൽ ജോലി ചെയ്തിരുന്നു. ഭർത്താവിന്റെ താൽപ്പര്യം ഇല്ലായ്മ കൊണ്ട് പിന്നീട് അതിന് പോകാതെയായി. അയാൾക്ക് സോഫിയെ ജീവനായിരുന്നു. ഒന്നിനും പുറത്ത് പോലും പോകേണ്ട ആവശ്യം സോഫിക്ക് ഇല്ലായിരുന്നു..

കുട്ടികൾ ഇല്ലാതിരുന്നതിൽ ട്രീറ്റ്മെന്റ് നടത്തി കാത്തിരിക്കുന്ന അവസരത്തിൽ ആയിരുന്നു അയാൾക്ക് പെട്ടന്ന് ഒരു ആക്‌സിഡന്റ്റ് സംഭവിക്കുന്നത്.

അതോടെ അവൾ ആകെ ഡിപ്രെസ്സെഡ് ആയി.
നവീൻ അന്വേഷിക്കുന്ന ഒരു കുട്ടിയെ തനിക്ക് പരിചയം ഉണ്ടെന്ന് പറഞ്ഞു ഡോക്ടർ അവളെ ഒരു ദിവസം അയാൾക്ക് പരിചയപ്പെടുത്തി കൊടുക്കുകയായിരുന്നു.

ആദ്യ കാഴ്ചയിൽ അയാൾക്ക് അവളിൽ താൽപ്പര്യം തോന്നിയില്ല.
ആകെ ഒരു ചുറുചുറുക്ക് ഇല്ലാത്ത ടൈപ്. ഇവളെ ജോലിക്ക് വെച്ചാൽ തനിക്ക് നഷ്ടമായിരിക്കും എന്ന് കരുതി എക്സ്പീരിയൻസ് ചോദിച്ചു.
അവൾ യെസ് എന്നാണ് മൂളിയത്.

അവൾ പോയിക്കഴിഞ്ഞാണ് ഡോക്ടർ സോഫിയെ കുറിച്ച് നവീനോട് തുറന്നു സംസാരിച്ചത്.
അവളുടെ മാനസീക അവസ്ഥയിൽ ജോലി ശരിയാകുമോ എന്ന സംശയം അപ്പോഴും ബാക്കിയായി.

എങ്കിലും ഡോക്ടറെ പിണക്കണ്ട എന്ന് കരുതിയാണ് അവളോട് അയാൾ വരാൻ പറഞ്ഞത്.

വലിയ നിറങ്ങളൊന്നും ഇല്ലാത്ത ഒരു കോട്ടൻ സാരിയും, മേക്കപ്പ് ഒട്ടും ഇല്ലാത്ത എണ്ണ മയം പിടിച്ച മുഖവും അയാളിൽ നീരസമാണ് ഉണർത്തിയത്..

ഇവൾ നന്നായി ഒന്നൊരുങ്ങിയാൽ സുന്ദരി ആണ്. തന്റെ ഓഫീസിൽ നല്ല സ്മാർട്ട്‌ ആയിട്ടുള്ള പെൺകുട്ടികളാണ് വേണ്ടതും.
ദിവസവും എത്ര പേരാണ് വന്നു പോകുന്നത്.

അന്ന് ജോലി കഴിഞ്ഞു പോകാൻ നേരം അയാൾ കുറച്ചു കാശ് അവൾക്ക് നൽകിയിട്ടു പറഞ്ഞു.

“സോഫി നാളെ പുതിയ ഒരു ലുക്കിൽ ആയിരിക്കണം ഓഫീസിൽ വരേണ്ടത്.
ബ്യൂട്ടി പാർലറിൽ പോയി ഒന്ന് ഫ്രഷ് ആയിക്കോ. പിന്നെ കളർഫുൾ ആയ ഡ്രസ്സ്‌ വേണം ഇവിടെ ഇടാൻ..
ഇവിടെ ജോലി ചെയ്യുന്നവരുടെ മാനസീക

അവസ്ഥ ഓഫീസിൽ വരുന്ന കസ്റ്റമർ അറിയേണ്ട കാര്യമില്ലല്ലോ.. നമ്മുടെ വിഷമങ്ങൾ കുറച്ചു നേരം മാറ്റിവെക്കാൻ കൂടിയാണ് ഈ സമയങ്ങളൊക്കെ. അതുകൊണ്ട് പോയി പുതിയ ഒരാളായിട്ട് വരൂ..”

കയ്യിൽ വെച്ചു തന്ന രൂപയിലേയ്ക്ക് അവൾ ഏറെ നേരം നോക്കി നിന്നു.
താൻ ഒരു വിധവ ആണെന്ന് ഇദ്ദേഹത്തിന് അറിയില്ലേ ?

നാളെ ഒരുങ്ങി കെട്ടി ജോലിക്ക് പോകുമ്പോൾ കാണുന്നവർ എന്ത് കരുതും.
ഭർത്താവ് മരിക്കാൻ കാത്തിരുന്ന പെണ്ണായി ആളുകൾ പറഞ്ഞു നടക്കില്ലേ
വിഷണ്ണയായി നടന്നു നീങ്ങുന്ന സോഫിയെ നോക്കി നവീൻ ഉള്ളു കൊണ്ട് ചിരിച്ചു.

പറ്റില്ലെന്ന് തുറന്നു പറയട്ടെ. ഇതിലും സ്മാർട്ട്‌ ആയിട്ടുള്ള പെൺപിള്ളേർക്കാണോ ക്ഷാമം.

പക്ഷെ, പിറ്റേന്ന് രാവിലെ ഓഫീസിൽ എത്തിയ സോഫിയെ കണ്ട് അമ്പരന്ന് നിന്ന് പോയി നവീൻ.
ഇവൾ എങ്ങനെ ഇങ്ങനെ മാറി?
മുഖം വെളുത്തു തുടുത്തിരിക്കുന്നു. ലിപ്സ്റ്റിക്കിന്റെ ചുവപ്പ് നിറം അവളുടെ

അധരങ്ങളിൽ മിന്നി തിളങ്ങുന്നു. മുടി പരസ്യത്തിലെ പെൺകുട്ടികളെ പോലെ ചുമലിൽ ഒഴുകി പരന്നു കിടക്കുന്നു.
മുന്തിരി നിറത്തിലുള്ള കല്ല് വെച്ച ഷിഫോൺ സാരിയുടെ മുന്താണിയുടെ ഒരറ്റം അവൾ ഇടതു കയ്യിൽ ഒതുക്കി പിടിച്ചിരുന്നു..

സർ..
അവൾ പതിയെ വിളിച്ചു.
അയാൾ പെട്ടന്ന് ഒരു ചിരി വരുത്തി.
എങ്ങനെ എങ്കിലും പോയിക്കിട്ടുമെന്ന് കരുതിയ സാധനമാണ് തന്റെ മുന്നിൽ ഇപ്പോൾ മനം മയക്കുന്ന ചിരിയുമായി നിൽക്കുന്നത്.

“വൗ.. ഇത്രയും പ്രതീക്ഷിച്ചില്ല കേട്ടോ.. ബ്യൂട്ടിഫുൾ.. തന്നെ ഇപ്പോൾ കണ്ടാൽ ഒരു സിനിമ നടിയെ പോലുണ്ട്.”

അയാൾ ആത്മാർത്ഥമായിട്ടായിരുന്നു അത് പറഞ്ഞത്.. അവൾ നന്ദിയോടെ അയാളെ നോക്കി ചിരിച്ചു.

ജോലിയിലും അയാൾ വിചാരിച്ചതിലും മിടുക്കി ആയിരുന്നു സോഫി.
എത്ര പെട്ടന്ന് ആണ് ഓരോ വർക്കുകളും തീർക്കുന്നത്.

അയാൾ ഒരല്പം നേരം ഓഫീസിൽ വരാൻ വൈകിയാൽ പോലും അവൾ ഈസിയായി എല്ലാം മാനേജു ചെയ്യുന്ന അവസ്ഥയിലായി കാര്യങ്ങൾ.

മിക്കവാറും വൈകുന്നേരങ്ങളിൽ ഓഫീസിൽ നിന്നിറങ്ങുമ്പോൾ അയാൾ സോഫിയെയും ഒപ്പം കൂട്ടും. അയാൾ പോകുന്ന വഴിയ്ക്ക് ആണ് അവളുടെ താമസ സ്ഥലവും.
പതിയെ പതിയെ സോഫി മറ്റൊരാൾ ആയി തീരുകയായിരുന്നു.

നവീൻ സാറിനോട് അവൾക്ക് ആദ്യം തോന്നിയിരുന്ന ബഹുമാനത്തിൽ നിന്ന് ഒരു ആരാധനയുടെ തലത്തിലേയ്ക്കും പിന്നീട് പരിധി വിട്ട ഒരടുപ്പത്തിലേയ്ക്കും മാറിയത് വളരെ പെട്ടെന്നായിരുന്നു.
ഓഫീസിൽ രണ്ട് പേരും സദാ കളിയും ചിരിയും ആയി.

നവീനു സ്വന്തം വീട്ടിലേയ്ക്ക് പോകുന്നതിനുള്ള താല്പര്യം കുറഞ്ഞു. എങ്കിലും ഒരു വഴിപാട് തീർക്കാൻ എന്ന പോലെ ആഴ്ചയിൽ ഒരിക്കൽ ഒന്ന് ഓടി പോയിട്ട് വരും. ഓഫീസിൽ വലിയ തിരക്ക്
ആണ് എന്നാണ് പറച്ചിൽ.

സോഫിയോടുള്ള അടുപ്പം കൂടിയതോടെ അവളെ ഒരു നിമിഷം പോലും പിരിഞ്ഞിരിക്കാൻ വയ്യാത്ത അവസ്ഥ ആയി നവീന്. അവൾ ഓഫീസിൽ നിന്ന് പോയിക്കഴിഞ്ഞാൽ ആകെ മൂഡ് ഓഫ്‌ ആകുന്നത് പോലെ ആണ്. ഒരു ദിവസം പോലും ലീവ് എടുക്കാൻ അയാൾ അവളെ അനുവദിച്ചിരുന്നുമില്ല.

ഒരു ദിവസം രാവിലെ പതിവ് പോലെ ഓഫീസിൽ വരുന്ന സമയം കഴിഞ്ഞിട്ടും സോഫിയെ കാണാഞ്ഞിട്ട് നവീൻ അവളുടെ ഫോണിൽ വിളിച്ചു. പക്ഷെ റിങ് ചെയ്യുന്നത് അല്ലാതെ ഫോൺ അവൾ

അറ്റൻഡ് ചെയ്തില്ല. കാരണം അറിയാതെ അയാൾ ആകെ അസ്വസ്ഥനായി. അവളുടെ താമസ സ്ഥലം കൃത്യമായി അറിയില്ലെങ്കിലും പലപ്പോഴും അവളെ ഡ്രോപ്പ് ചെയ്യാറുള്ള ലൊക്കേഷൻ വെച്ച് നവീൻ അവളെ അന്വേഷിച്ചു ചെന്നു.

ഒരു ഫ്ലാറ്റിൽ ഒറ്റയ്ക്ക് ആയിരുന്നു അവൻ താമസിച്ചിരുന്നത്. ഭർത്താവ് മരിച്ചതോടെ കുട്ടികളും ഇല്ലാതിരുന്ന സോഫിയയോട് അവളുടെ ഭർതൃ വീട്ടുകാർക്ക് വലിയ താല്പര്യം ഒന്നും ഇല്ലായിരുന്നു.

ഒരു അധികപ്പറ്റു പോലെ തന്നെ കാണുന്ന ആൾക്കാരിൽ നിന്ന് അവൾ സ്വയം ഒഴിഞ്ഞു കൊടുത്തു കൊണ്ട് ഒറ്റയ്ക്കു ഒരു ഫ്ലാറ്റിലേയ്ക്ക് താമസം മാറ്റുകയായിരുന്നു.

അന്ന് നവീൻ അവളുടെ പേരും രൂപവും ഒക്കെ പറഞ്ഞു കൊടുത്തു സെക്യൂരിറ്റിക്കാരനിൽ നിന്ന് അവളുടെ ഫ്ലാറ്റ് കണ്ടു പിടിച്ചു.

ഡോർ ബെൽ അടിച്ചു ഒരു പാട് നേരം കഴിഞ്ഞാണ് അവൾ വന്നു വാതിൽ തുറന്നത്. അപ്രതീക്ഷിതമായി അയാളെ കണ്ട് അവൾ അമ്പരന്നു.
അയാൾ അവളെ കണ്ട് അതിലും ഞെട്ടി.
അഴിഞ്ഞുലഞ്ഞ മുടിയും അലസമായ വേഷവും!!

“താനെന്താ ഇന്ന് ഓഫീസിൽ വരാതിരുന്നത്. ഞാൻ എത്ര തവണ ഫോണിൽ വിളിച്ചു. ഒന്ന് എടുത്തു സംസാരിച്ചാലെന്താ?
അവിടെ എന്തെല്ലാം ജോലി ഉള്ളതാണ്.”

അയാൾ കുറച്ചു ഗൗരവത്തിൽ ആണത് പറഞ്ഞത്.
അവൾ ഒരു വിളറിയ ചിരി ചിരിച്ചു.പനിയുടെ ചൂട് അവളുടെ കണ്ണുകളെ വല്ലാതെ നീറിക്കുന്നുണ്ടായിരുന്നു.

“സർ, ഇരിക്കൂ ഞാൻ കുടിക്കാൻ എടുക്കാം”
അവൾ അടുക്കളയിലേയ്ക്ക് നടക്കാൻ ഒരുങ്ങിയതും അയാൾ അവളുടെ കയ്യിൽ പിടിച്ചു തടഞ്ഞു.
“ഏയ്‌ ഒന്നും വേണ്ട. ഞാൻ ഇറങ്ങുവാ. ഇത്രയും ചൂട് ഉണ്ടായിട്ട് താനെന്താ ഹോസ്പിറ്റലിൽ പോകാഞ്ഞത്..?”

“അത്രയ്ക്കും കുഴപ്പമൊന്നുമില്ല. ഞാൻ ടാബ്‌ലെറ്റ് കഴിച്ചു..പക്ഷെ, വല്ലാത്ത ക്ഷീണം. അതാണ് ഓഫീസിൽ വരാഞ്ഞത്.”

അയാൾ ഉദ്വേഗത്തോടെ അവളുടെ നെറ്റിയിൽ തൊട്ടു. അവൾ കണ്ണുകൾ അടച്ചു അനങ്ങാതെ നിന്നു.
അയാളുടെ വിരലുകൾ അവളുടെ നെറ്റിയിൽ നിന്ന് മെല്ലെ കവിളിലേയ്ക്ക് അരിച്ചിറങ്ങി. വരണ്ടുണങ്ങിയ

ചുണ്ടുകളിലൂടെ വരകളായി താഴേയ്ക്ക് അരിച്ചിറങ്ങിയ വിരലുകൾ അവളുടെ ഉടലിൽ വലിയ വലിയ ചിത്രങ്ങൾ വരഞ്ഞു..
ബലം നഷ്ടപ്പെട്ടത് പോലെ അയാളിലേയ്ക്ക് അവൾ മെല്ലെ ഊർന്നു വീണു.

അവളുടെ പനി അയാളിലേയ്ക്കും പകർന്നു തുടങ്ങി. ഒടുവിൽ ഒരായിരം കിതപ്പുകളായി കെട്ടടങ്ങിയ ഒറ്റ ഉടലുകൾ ഒരു വലിയ മയക്കത്തിലേയ്ക്ക് അമർന്നു വീണു .

എത്ര നേരം കഴിഞ്ഞു എന്ന് അറിയില്ല. ഉണരുമ്പോൾ നേരം ഉച്ച കഴിഞ്ഞു.
അവളുടെ മുഖത്തേക്ക് നോക്കാൻ അയാൾ ലജ്ജിച്ചു. ച്ഛെ, താനെന്തു പണിയാണ് കാണിച്ചത്. സോഫി തന്നെ കുറിച്ച് എന്ത് കരുതിക്കാണും?
പെട്ടന്ന് അയാൾ എഴുന്നേറ്റു.

“സോറി..”
അവളുടെ മുഖത്ത് നോക്കാതെയാണ് അയാൾ പറഞ്ഞത്.
അവൾ തളർന്നു കട്ടിലിൽ തന്നെ കിടന്നു.
പക്ഷെ, ആ മുഖത്ത് ഒരു ചിരി നിറഞ്ഞു നിന്നിരുന്നു.

എത്ര നാളുകൾക്കു ശേഷം ആണ് ഒരു പുരുഷന്റെ സ്പർശനം അറിയുന്നത്.
താൻ വീണ്ടും ഒരു നവ വധു ആയതു പോലെ !
അവൾ പുതിയ ഒരു ലോകത്ത് എത്തിപ്പെട്ടത് പോലെ ഉന്മാദാവസ്ഥയിലായിരുന്നു.

തിരികെ ഓഫീസിൽ എത്തിക്കഴിഞ്ഞിട്ടും നവീൻ വിലപിടിച്ചതെന്തോ കൈ മോശം വന്നത് പോലെ അയാൾ സ്വയം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.
തന്നെ കുറിച്ച് അവൾ എന്ത് കരുതും… അപ്പോഴത്തെ സാഹചര്യം തന്നെ കൊണ്ട്

തെറ്റ് ചെയ്യിച്ചു.
എന്ത് കൊണ്ട് താൻ അഞ്ജുവിനെ ഓർത്തില്ല..
ഭാര്യയും രണ്ട് മക്കളുമുള്ള താൻ ഒരു ഓഫീസ് സ്റ്റാഫിനെ…
ച് ഛെ..!
ഇനി അവളുടെ മുഖത്ത് എങ്ങനെ നോക്കും.

അയാൾ അന്ന് ഉച്ചയ്ക്ക് ശേഷം ഓഫീസ് പൂട്ടിയ ശേഷം നേരെ വീട്ടിലേക്ക് പോയി. ഷവറിന്റെ കീഴിൽ ഏറെ നേരം നിന്നപ്പോൾ തല ഒന്ന് തണുത്തത് പോലെ തോന്നി.

അലമാര തുറന്നു ഷർട്ടും ഒരു ജീൻസും എടുത്തു ധരിച്ചു. പിന്നെ കയ്യിൽ കിട്ടിയ എന്തൊക്കെയോ എടുത്തു ബാഗിനുള്ളിൽ കുത്തി തിരുകി വെച്ചു വീടും പൂട്ടിയിറങ്ങി.

ഡ്രൈവ് ചെയ്യുന്നതിനിടയ്ക്ക് എപ്പോഴോ അയാൾ ഫോൺ സ്വിച്ചഡ് ഓഫ്‌ ചെയ്തു വെച്ചു.

അന്ന് ഒരു ബുധനാഴ്ച്ച ആയിരുന്നു.
അപ്രതീക്ഷിതമായി വൈകിട്ട് കയറി വരുന്ന നവീനെ കണ്ട്, അഞ്ജുവും കുട്ടികളും ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും പെട്ടന്ന് ആ വീട് സന്തോഷത്തിമിർപ്പിലായി.

രണ്ടു ദിവസം ഒരു ഹോളീഡേ മൂഡിലായിരുന്നു എല്ലാവരും.
അയാൾ അവരോടൊപ്പം എല്ലാം മറന്നു ജീവിച്ചു. ഒരിക്കൽ പോലും സോഫിയുടെ മുഖമോ, ചിന്തയോ അലട്ടാതിരിക്കാൻ മനഃപ്പൂർവം ശ്രദ്ധിച്ചു.

ഇടയ്ക്ക് എപ്പോഴോ ഒരിക്കൽ ഫോൺ ഓൺ ആക്കിയപ്പോൾ സോഫിയുടെ നിരവധി മെസ്സേജുകൾ അയാളുടെ വാട്സാപ്പിൽ നിറഞ്ഞു കിടപ്പുണ്ടായിരുന്നു. മിസ്സ്‌ഡ് കാൾ അതിനേക്കാൾ ഒരുപാട്..!

അയാൾ എല്ലാ മെസ്സേജുകളും അഞ്ജു കാണാതെ ഡിലീറ്റ് ആക്കി..
അവളോട് ഒരു വാക്ക് പോലും പറയാതെ ഓഫീസ് പെട്ടന്ന് അടച്ചു പൂട്ടിയിട്ട് താൻ പോന്നത് ശരിയല്ലെന്ന് അറിയാം. പക്ഷെ, അന്നേരത്തെ മാനസിക അവസ്ഥ അതായിരുന്നു.

ഭർത്താവ് മരിച്ച ദുഃഖത്തിൽ നിന്നും ഒരു മോചനത്തിന് വേണ്ടിയാണു അവൾ ജോലിക്ക് വരുന്നത്. അങ്ങനെ ഉള്ള അവളോടാണ് താൻ അന്ന് മോശമായി പ്രവർത്തിച്ചത്..
അയാൾക്ക് വല്ലാത്ത കുറ്റബോധം

തോന്നി.
വീട്ടിൽ വന്നിട്ട് മൂന്നാല് ദിവസം ആയിരിക്കുന്നു
തന്റെ ഓഫീസ് കാര്യങ്ങൾ ആകെ തകിടം മറിഞ്ഞിരിക്കുന്നു.

നാളെ തിങ്കളാഴ്ചയാണ്..
ഇന്നെങ്കിലും തിരിച്ചു പോയെ പറ്റൂ.
അയാൾ അഞ്ജുവിനോട് തീരുമാനം അറിയിച്ചു. അവൾക്ക് ഒരു വിസമ്മതവും ഉണ്ടായിരുന്നില്ല. ഓർക്കാപ്പുറത്ത് വീണു കിട്ടിയ കുറച്ചു ദിവസങ്ങൾ അവൾക്ക് അമൂല്യമായിരുന്നു..
ഇനിയും ഭർത്താവിനെ തടഞ്ഞു വെയ്ക്കാൻ അവൾക്ക് കഴിയില്ലായിരുന്നു.

അദ്ദേഹം കഷ്ടപ്പെടുന്നത് തനിക്കും തന്റെ കുടുംബത്തിനും വേണ്ടിയാണ്. അവൾ സന്തോഷത്തോടെ അയാൾക്ക് കൊണ്ട് പോകാൻ വേണ്ടുന്നതൊക്കെയും ഒരുക്കി വെച്ചു. യാത്ര പറഞ്ഞ് അകന്നു പോകുന്ന കാറിലേയ്ക്ക് നോക്കി അവർ മൂന്ന് പേരും നിർത്താതെ കൈ വീശികൊണ്ടേയിരുന്നു.

അയാൾ നേരെ ഓഫീസിലേക്ക് ആണ് പോയത്. ആകെ പൊടി മൂടി കിടക്കുന്ന ടേബിളും റാക്കുകളും കണ്ട് നവീന് വിഷമം തോന്നി. ഒരാവശ്യമില്ലാത്ത പോക്കായിപ്പോയി തന്റേത്..
താൻ എത്ര നാളുകൾ കൊണ്ട് പടുത്തുയർത്തിയ തന്റെ മാത്രം

സ്വപ്നമാണ് ഈ ഇടം.
അത് ഏതെങ്കിലും ഒരു പെണ്ണിനെ ഓർത്തു അടച്ചു പൂട്ടിയിട്ട് പോകാൻ തോന്നിയതിൽ തന്നോട് തന്നെ വെറുപ്പ് തോന്നി.
ഇനിയവളോട് അതിരു വിട്ടൊരു പ്രകടനവും വേണ്ട.

അയാൾ ഒരു മര്യാദയുടെ പേരിൽ അവളുടെ വാട്സാപ്പിലേയ്ക്ക് ഒരു മെസ്സേജ് ഇട്ടു.
വരുന്നെങ്കിൽ വരട്ടെ.. പിന്നെ താമസ സ്ഥലത്തേക്ക് മടങ്ങിപ്പോയി.

രാവിലെ പതിവിലും നേരത്തെ എഴുന്നേറ്റു കുളിച്ചു ബ്രേക്ക്‌ ഫാസ്റ്റും റെഡിയാക്കി കഴിച്ചിട്ട് അയാൾ ഓഫീസിലേക്ക് പോയി.
ഒൻപതു മണി കഴിഞ്ഞതും സോഫി കടന്നു വന്നു ഗുഡ് മോർണിംഗ് പറഞ്ഞു.

അവളുടെ മുഖത്ത് പതിവുള്ള തെളിച്ചം പക്ഷെ കണ്ടില്ല. അയാളും തിരിച്ച് അതെ ഭാവത്തിൽ വിഷ് ചെയ്തു.
പക്ഷെ പെട്ടന്ന് അയാളെ ഞെട്ടിച്ചു കൊണ്ടായിരുന്നു അവൾ അയാളെ കെട്ടിപ്പിടിച്ചത്.

“സാർ.. ഞാനെത്ര വട്ടം വിളിച്ചു എന്നെയെന്തിനാണ് ഇങ്ങനെ അവോയ്ഡ് ചെയ്യുന്നത്. എനിക്ക് സാറില്ലാതെ ജീവിക്കാൻ കഴിയില്ല. എന്നെ ഉപേക്ഷിക്കരുതേ. വെറുക്കരുതേ…”

അയാളുടെ നെഞ്ചിലേയ്ക്ക് മുഖം ചേർത്ത് വെച്ച് അവൾ പിറുപിറുത്തു കൊണ്ടിരുന്നു.
നവീൻ ഞെട്ടിപ്പോയി!
ഇവളെന്തൊക്കെ പിച്ചും പേയും ആണ് പറയുന്നത്. ച്ഛെ, ആരെങ്കിലും ഈ സമയത്ത് ഓഫീസിലേയ്ക്ക് കയറി വന്നാൽ തന്നെ കുറിച്ച് എന്ത് വിചാരിക്കും !
അയാൾ തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന അവളുടെ കയ്കൾ വിടർത്താൻ ശ്രമിച്ചു.
അവളെ കുതറി മാറ്റാൻ നോക്കി.

“സോഫീ… എന്താ ഈ കാണിക്കുന്നത്. ഞാൻ ആരാണെന്ന് നിനക്ക് അറിയാമോ.?
ആരെങ്കിലും കണ്ടാൽ എനിക്കാണ് നാണക്കേട്. മാറി നിൽക്ക്.”

അവന്റെ കനത്ത ശബ്ദം കേട്ടു പകച്ച അവൾ പെട്ടന്ന് അയാളിൽ നിന്ന് അടർന്നു മാറി.സരി തലപ്പു കൊണ്ട് മുഖം തുടച്ചു.”സോറി സർ.ഞാൻ പെട്ടെന്ന്..സോറി”

അവൾക്ക് വാക്കുകൾ കിട്ടിയില്ല.
അയാളുടെ മുഖത്തെ വെറുപ്പ് അവളെ വല്ലാതെ നോവിച്ചു.
ഒരു നിമിഷം കൊണ്ട് ഇതുവരെ അനുഭവിച്ച പ്രണയം നൊമ്പരം മുഴുവനും അയാളിലേയ്ക്ക് ഒരു പരിഭവമായി അറിയാതെ പെയ്തൊഴിയുകയായിരുന്നു.

താനൊരു വിധവ ആണെന്നോ, തന്റെ ബോസിന് ഒരു കുടുംബം ഉണ്ടെന്നോ ഒന്നും വിചാരിച്ചില്ല.
അവൾ അന്ന് പതിവിലും നിശബ്ദയായി ഇരുന്നു ജോലി ചെയ്തു.

വൈകുന്നേരം പോകാൻ ഇറങ്ങിയ അവൾ ഒരു ലെറ്റർ അയാൾക്ക് മുന്നിലേയ്ക്ക് വെച്ചു.
ചോദ്യ ഭാവത്തിൽ അയാൾ അവളെയൊന്ന് നോക്കിയിട്ട് ആ പേപ്പർ തുറന്നു നോക്കി.
പെട്ടെന്ന് അയാളുടെ മുഖം ഇരുണ്ടു.

“ഇപ്പൊ എന്തിനാണ് തനിക്ക് ഇത്രയും ദിവസം അവധി.എത്ര ദിവസങ്ങൾക്കു ശേഷമാണ് ഇന്ന് ഒന്ന് ഓഫീസ് തുറന്നത്. ഉടനെ തന്നെ ലീവ് തരാൻ ബുദ്ധിമുട്ട് ഉണ്ട്.”

അവൾ മറുപടി പറയാതെ അവിടെ നിന്ന് ഇറങ്ങിപ്പോയി. അവളുടെ ആ പോക്ക് നോക്കി അയാൾ അനക്കമറ്റത് പോലെ ഇരുന്നു..
താനിന്ന് കുറച്ചു റഫ്‌ ആയിട്ട് ആണ് അവളോട് പെരുമാറിയത്..
അതിന്റെ ഷോക്കിൽ ആവണം അവൾ അവധിയെടുക്കുന്നത് എന്ന് ഉറപ്പാണ്.

എന്താ വേണ്ടത്.അവൾ വരാതിരുന്നാൽ ഒന്നും സംഭവിക്കില്ല.എങ്കിലും അവളുടെ സാഹചര്യം അവളെക്കൊണ്ട് എന്തെങ്കിലും കടുംകൈ ചെയ്യിക്കുമോ എന്ന് ഒരു പേടി തോന്നി..ഡിപ്രെഷനിൽ നിന്ന് രക്ഷപ്പെടാനാണ് അവൾ ജോലിക്ക് ഇറങ്ങിതിരിച്ചത്. അങ്ങനെ ഉള്ളവളോട് താൻ ഇത്തിരി കടുപ്പിച്ചു പെരുമാറിയത് ശരിയാണോ..??

ഇരുന്നിട്ട് ഇരിപ്പുറയ്ക്കാതെ അയാൾ കീയും എടുത്തു ഓഫീസ് പൂട്ടിയിറങ്ങി. വഴിയിൽ എങ്ങും കണ്ടില്ല അവളെ. ഏതെങ്കിലും ബസ്റ്റോപ്പിൽ കാണുമെന്നു കരുതി. പക്ഷെ ഇത്രയും പെട്ടെന്ന് അവളെങ്ങോട്ട് പോകാനാണ്..?

തിരികെ പോകാമെന്ന് കരുതി വണ്ടി തിരിച്ചതും ഒരു മെഡിക്കൽ സ്റ്റോറിൽ നിന്ന് ഇറങ്ങിപ്പോകുന്ന സോഫിയെ കണ്ടു അയാൾ അവൾക്കരികിലേയ്ക്ക് വണ്ടി സ്ലോ ചെയ്തു.

“കയറൂ ഞാൻ ഡ്രോപ്പ് ചെയ്യാം.”
പക്ഷെ, അവളുടെ മുഖം കടുത്തിരുന്നു.
അവൾ നിൽക്കാതെ നടപ്പ് തുടർന്നു.
അയാൾ അവിടെ തന്നെ ഡോർ തുറന്നു പിടിച്ചു നിന്നു.
ഒടുവിൽ ഗതികെട്ട് അവൾക്ക് കാറിൽ കയറേണ്ടി വന്നു.

ഒന്നും മിണ്ടാതെ രണ്ടു പേരും ഏറെ നേരം ഇരുന്നു. അവൾക്ക് തന്നോട് പിണക്കമാണോ, അതോ ദേഷ്യമാണോ.
അയാൾ ഒന്ന് മുരടനക്കി.

“നമുക്ക് ഒരു കോഫി കുടിച്ചാലോ.. അല്ലേൽ വേണ്ട എന്റെ വൈഫ് കുറെ എന്തൊക്കെയോ തന്നു വിട്ടിട്ടുണ്ട്. അവിടെ കയറിയാൽ തനിക്കും എന്തെങ്കിലും ഒക്കെ ഷെയർ ചെയ്യാം. എന്താ?”
അവൾ ഒന്നും മിണ്ടാതെ വിദൂരതയിലേയ്ക്ക് നോക്കിയിരുന്നു.

“സോഫീ… താനെന്താ ഒന്നും പറയാത്തെ. എന്നോട് ദേഷ്യത്തിലാണോ?””ഞാൻ പെട്ടെന്ന് എന്റെ നില മറന്ന് പോയി.. അതാണ് അങ്ങനെയൊക്കെ പെരുമാറിയത്.. സോറി.”

“ഏയ്‌ പോട്ടെടോ ഞാൻ അത് വിട്ടു. ”
അവളുടെ മുഖത്ത് ഒരു ചിരി വിടർന്നത് എത്ര പെട്ടെന്നാണ്.
അയാൾ തന്റെ ഫ്ലാറ്റിൽ അവളെ ആദ്യമായാണ് കൂട്ടിക്കൊണ്ട് പോകുന്നത്.
അവിടെ ആകെ അലങ്കോലമായി കിടക്കുന്ന റൂമുകൾ കണ്ട് അവൾക്ക് ചിരി വന്നു.

ഒരു പെണ്ണിന്റെ കുറവ് എത്ര വ്യക്തമാണ്. അവൻ ചായ ഇടാൻ പോയിട്ട് തിരികെ വരുമ്പോൾ സോഫിയെ എങ്ങും കണ്ടില്ല. റൂമിൽ എല്ലാം അടുക്കി പെറുക്കി വൃത്തിയാക്കുന്ന സോഫിയെ കണ്ട് അയാൾ ഞെട്ടി.

“താനിവിടെ എന്തെടുക്കുവാ. അതൊക്കെ ഒരു ദിവസത്തേക്ക് ഉള്ളൂ. ഒറ്റയ്ക്ക് താമസിക്കുന്ന ആണുങ്ങളുടെ മുറികളൊക്കെ ഇങ്ങനെ ഒക്കെ തന്നെയാണ്. താൻ വെറുതെ മെനക്കെടേണ്ട.”

അയാൾ നീട്ടിയ ചായ ഊതിക്കുടിച്ചു കൊണ്ട് സോഫി ചോദിച്ചു.
“എങ്കിൽ പിന്നെ സാറിന്റെ വൈഫിനേയും കുട്ടികളെയും കൂടെ കൊണ്ട് വരരുതോ..?”

“അച്ഛനും അമ്മയും ഒത്തിരി പ്രായം ചെന്നവരാണ്. അവരെ ഒറ്റയ്ക്ക് ഇട്ടിട്ട് പോരുന്നത് ശരിയല്ലല്ലോ. അവരുടെ കാലം കഴിയുന്നത് വരെ ഇങ്ങനെ ഒക്കെ പോട്ടെ.”

“എങ്കിൽ ഞാൻ ഇടയ്ക്ക് ഒക്കെ ഇവിടെ വന്നു വീടെല്ലാം ക്ലീൻ ചെയ്തു തരാം. എന്താ.. സമ്മതമാണോ..?”

“ഏയ്‌.. അതിന്റെയൊന്നും ആവശ്യമില്ല. താൻ എന്റെ ഓഫീസിലെ സ്റ്റാഫ്‌ ആണ്, അല്ലാതെ വീട്ടു ജോലിക്കാരിയല്ല.”

“സർ എന്നെ വെറുമൊരു സ്റ്റാഫ് മാത്രമായിട്ട് കാണുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ ചിന്തിക്കുന്നത്. ഞാൻ സാറിന്റെ കുടുംബത്തിലെ ഒരു അംഗത്തെ പോലെ കണ്ടാൽ ഒരു പ്രശ്നവുമില്ല.”
അയാൾക്ക് നേരിയൊരു നീരസം തോന്നുണ്ടായിരുന്നു..
ഇവൾ സംസാരിച്ചു സംസാരിച്ചു കാടു കയറിപ്പോകുന്നത് എങ്ങോട്ടാണ് ?

വിഷയം മാറ്റാനായി അയാൾ അവളെ വിളിച്ചു.
“വരൂ എന്റെ അഞ്ജു എന്തൊക്കെയോ പാക്ക് ചെയ്തു തന്നു വിട്ടിട്ടുണ്ട്. ഞാൻ ഇതൊക്കെ ഇവിടെ വെറുതെ വെച്ചു വെയ്സ്റ്റ് ആക്കത്തേയുള്ളൂ. സോഫിക്ക് എന്താ വേണ്ടതെന്നു വെച്ചാൽ എടുത്തോളൂ.”
നവീൻ വലിയൊരു ബോക്സ്‌ എടുത്തു ടേബിളിലേയ്ക്ക് വെച്ചു.

അവൾക്ക് പക്ഷെ വലിയ താൽപ്പര്യം ഒന്നും തോന്നിയില്ല..
പ്രത്യേകിച്ച്,സർ ‘എന്റെ അഞ്ജു ‘ എന്നെടുത്തു പറഞ്ഞത് അവളെ അലോസരപ്പെടുത്തി.
അവൾ അയാളെത്തന്നെ സൂക്ഷിച്ചു നോക്കിയിരുന്നു..

എന്തിനാണ് താനിങ്ങനെ ഇദ്ദേഹത്തെ സ്നേഹിക്കുന്നത് എന്ന് എത്ര വട്ടം ചിന്തിച്ചിട്ടും മനസിലാകുന്നില്ല. അത്ര ചപലയായ ഒരു വെറും പെണ്ണ് അല്ല താൻ.
എന്തെല്ലാം അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. എന്നിട്ടും ഇത്ര പെട്ടെന്ന് ഒരാളിനോട് അടുപ്പം തോന്നാൻ താനിങ്ങനെ സില്ലിയായി പോയോ!!

അന്ന് ആ പനി പിടിച്ച ഒരുച്ച നേരം അവളെ അത്രയ്ക്ക് മാറ്റിമറിച്ചിരുന്നു. ആ മാറ്റം അവൾ പോലും തിരിച്ചറിഞ്ഞിരുന്നില്ല. പക്ഷെ, അയാളുടെ അടുത്ത് വീണ്ടും നിൽക്കേണ്ടി വന്നപ്പോഴാണ് താൻ എത്ര വലിയൊരു മോഹഗർത്തത്തിലാണ്

അകപ്പെട്ടിരിക്കുന്നതെന്ന് അവൾ തിരിച്ചറിയുന്നത്. തെറ്റാണെന്ന് അറിഞ്ഞു കൊണ്ട് തന്നെ ആ വലിയ തെറ്റിലേയ്ക്ക് എടുത്തു ചാടി ജീവൻ ഹോമിക്കാൻ വെമ്പൽ കൊള്ളുന്ന ഈയാം പാറ്റയാണ് താനിപ്പോൾ!!

സോഫിയുടെ മുഖത്തെ താല്പര്യക്കുറവും, ആ മൗനവും, ആലോചനകളും കണ്ട് നവീന് ഒന്നും പിടികിട്ടിയില്ല. ഇവൾക്ക് എന്ത് പറ്റി.പെട്ടെന്ന് ആകെ മൂഡ് ഓഫ്‌ ആയതു പോലെ..
തിരികെ കൊണ്ട് വിട്ടാലോ..

അയാൾ ബോക്സ്‌ അടച്ചു വെച്ചു. എന്നിട്ട് മേശപ്പുറത്ത് ഇട്ടിരുന്നകാറിന്റെ കീ എടുത്തു
“തനിക്ക് പോകാൻ സമയം ആയിക്കാണുമല്ലോ..അല്ലെ,
നമുക്ക് ഇറങ്ങിയാലോ..?”

അവൾ ആ ചോദ്യം കേട്ടതേയില്ല. പകരം അവൾക്ക് വല്ലാത്ത ക്ഷീണം തോന്നി.പഴയ അസ്വസ്ഥതകൾ തല പൊക്കുന്നത് പോലെ. എവിടെ എങ്കിലും ഒന്ന് കിടന്നിരുന്നെങ്കിൽ..

അല്പം മുൻപ് ഷോപ്പിൽ നിന്ന് വാങ്ങിയ മെഡിസിൻ കയ്യിലുണ്ട്. അവൾ അത് തപ്പിയെടുത്തു.”സർ, കുറച്ചു വെള്ളം..”

അയാൾ ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളവുമായി എത്തുമ്പോൾ തറയിൽ കുഴഞ്ഞു വീണു കിടക്കുന്ന സോഫിയെ കണ്ട് ഞെട്ടി!

കയ്യിലിരുന്ന തണുത്ത വെള്ളം പെട്ടെന്ന് അവളുടെ മുഖത്തേക്ക് തളിച്ചു.
കണ്ണുകൾ ആയാസപ്പെട്ടു തുറന്നു കൊണ്ട് സോഫി ഞരങ്ങി.
വെള്ളം…
അയാൾ അവളെ താങ്ങിപ്പിടിച്ചു സെറ്റിയിലേക്ക് ചാരി ഇരുത്തി.
വാടിപ്പോയ അവളുടെ ചുണ്ടിനരികിലേയ്ക്ക് ഗ്ലാസ്‌ പിടിപ്പിച്ചു.

“എന്താടോ പറ്റിയത്. ഹോസ്പിറ്റലിൽ പോകണോ. താനാകെ ഐസ് പോലെയായല്ലോ..”

പേടിച്ചു പോയിരുന്നു നവീൻ..
ഒരു പെണ്ണിനെയും കൊണ്ട് ആദ്യമായിട്ടാണ് ഇവിടെക്ക് വരുന്നത്. എന്തെങ്കിലും സംഭവിച്ചാൽ പിന്നെ വേണ്ടാത്ത പുലിവാൽ ആകും.
കയ്യോടെ കൊണ്ട് വിട്ടേക്കാം..

അവൾ പക്ഷെ നല്ലൊരു മയക്കത്തിൽ ആയിരുന്നു. എന്തൊക്കെയോ സ്വപ്നം കാണുന്നത് പോലെ അവളുടെ ചുണ്ടുകളിൽ
ഒരു ചെറു ചിരി ഒളി വീശി.
അയാൾ അവൾ മയക്കം

വിട്ടെഴുന്നേൽക്കുന്നതും കാത്തിരുന്നു.
ഒടുവിൽ സഹികെട്ട് അവളെ വിളിച്ചുണർത്താൻ തട്ടിയതും അവൾ എന്തൊക്കെയോ പുലമ്പിക്കൊണ്ട് അയാളെ തന്റെ നെഞ്ചിലേയ്ക്ക് വലിച്ചിട്ടു.

അയാളെ ഇറുകെ പുണർന്നുകൊണ്ട് അവൾ കെഞ്ചി. എന്നെ ഉപേക്ഷിക്കരുതേ.. എനിക്ക് ആരുമില്ല..

അയാൾക്ക് അവളുടെ കരവലയത്തിൽ നിന്ന് അത്ര പെട്ടെന്ന് എഴുന്നേൽക്കാൻ കഴിഞ്ഞില്ല..അവൾ ഒരു മഴ നനഞ്ഞ മുല്ല വള്ളി പോലെ അയാളിലേയ്ക്ക് പടർന്നു കയറി പൂത്തുലയാൻ തുടങ്ങി.
ആ വാടിയ ദേഹത്തേയ്ക്ക് ഒടുവിൽ അയാളും തളർന്നു വീണു.

രണ്ടാളും കണ്ണ് തുറക്കുമ്പോൾ വീടിനുള്ളിൽ ആകെ ഇരുട്ട് വീണിരുന്നു!ഈശ്വരാ.. അയാൾ ചാടിയെഴുന്നേറ്റു.

ഈ പെണ്ണിന് ഭ്രാന്ത് ആണ്. ഇവൾ തന്നെയും കൊണ്ടേ പോകൂ.”സോഫീ നേരം എത്രയായെന്ന് അറിയുമോ? എഴുന്നേറ്റെ.. ഞാൻ വീട്ടിൽ കൊണ്ട് വിടാം”

അവൾ കുസൃതി നിറഞ്ഞ ഒരു നോട്ടത്തോടെ അവിടെ തന്നെ മടി പിടിച്ചു കിടന്നു.

“പ്ലീസ് സർ .. ഇന്ന് എനിക്ക് എങ്ങും പോകണ്ട. ഞാൻ ആകെ ടയഡ് ആണ്.
ഇന്ന് ഒരു ദിവസം ഞാൻ ഇവിടെ കിടന്നോട്ടെ.”

അയാൾക്ക് അരിശം വന്നു. ഇവൾ എന്തൊക്കെ പൊട്ടത്തരങ്ങൾ ആണ് വിളിച്ചു കൂവുന്നത്!

താൻ ഒരല്പം സ്വാതന്ത്ര്യം കൊടുത്തതാണ് തെറ്റായിപ്പോയത്. ഒന്നും വേണ്ടായിരുന്നു
ച് ഛെ!!

അവളുടെ യാചിക്കുന്ന നോട്ടം അപ്പോഴും തൊട്ട് മുന്നിൽ തന്നെ ഉണ്ട്.
അയാൾ എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് എഴുന്നേറ്റു ബാത്‌റൂമിലേയ്ക്ക് പോയി.

അവൾ ഉള്ളിൽ അടക്കിചിരിച്ചു. ഈ കോപമൊക്കെ വെറും നാട്യമാണ്..
ആൾക്ക് തന്നോട് എന്തൊരു ഭ്രാന്ത് ആണ്.. എന്നിട്ട് ഒന്നും അറിയാത്തത് പോലെ നടിക്കുന്നു.
കഴിഞ്ഞു പോയ ഓരോ ഓർമ്മകളും അവളെ പിന്നെയും വിവശയാക്കി.

അയാൾ ആകട്ടെ അങ്ങനെ ഒരാൾ
അവിടെ ഉള്ളതായി ഭാവിച്ചതേയില്ല.
കഴിക്കാൻ പുറത്തു പോയി എന്തൊക്കെയോ വാങ്ങിച്ചു കൊണ്ട് കിച്ചണിൽ കൊണ്ട് വെച്ചു.
കിച്ചണിൽ തന്റെ ടീ ഷർട്ടും പൈജാമയും ഇട്ടു നിൽക്കുന്ന സോഫിയെ കണ്ട് അവനു വല്ലാതെ വിറഞ്ഞു കയറി.

ഇവൾ എന്റെ കുടുംബം തകർക്കുമോ??
എല്ലാത്തിനും കാരണക്കാരൻ താൻ മാത്രമാണ്. ഇന്ന് ഇവളെ ഇങ്ങോട്ട് കൂട്ടിക്കൊണ്ട് വരരുതായിരുന്നു.
ഇനി പറഞ്ഞിട്ട് കാര്യമില്ല.

എന്തൊക്കെയോ ചിന്തിച്ചു കൂട്ടി വട്ട് പിടിച്ചിരിക്കുന്ന നേരത്താണ് അവൾ വന്നു വിളിച്ചത്.”കഴിക്കാൻ എടുത്തു വെച്ചിട്ടുണ്ട് സർ വരൂ”

നല്ല വിശപ്പ് ഉണ്ടായിരുന്നു.മറുത്ത് ഒന്നും പറയാതെ അയാൾ എഴുന്നേറ്റു.
അവളും അയാൾക്കൊപ്പം കഴിക്കാൻ ഇരുന്നു.

അവൾ എന്തൊക്കെയോ ചോദിച്ചു.
ഒന്നിനും മറുപടി കൊടുത്തില്ല.
അവൾ ഒന്നും പ്രതീക്ഷിച്ചുമില്ല.

അവൾക്ക് കിടക്കാനായി അയാൾ മറ്റൊരു മുറി കാണിച്ചു കൊടുത്തു. തിരികെ നടക്കുമ്പോൾ അവൾ ഓടി വന്നു മുന്നിൽ കയറി നിന്നു.”സർ, ഇത്രയൊക്കെ ആയ സ്ഥിതിക്ക് ഇനിയെന്തിനാണ് രണ്ടു ബെഡ്‌റൂം..”

അവൻ ദഹിപ്പിക്കുന്ന ഒരു നോട്ടത്തോടെ അവളെ കടന്നു പോയി.
അങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.. അവൾ ഓടിപോയി അയാളുടെ ബെഡിലേയ്ക്ക് കയറി കണ്ണുകൾ അടച്ചു മലർന്നു കിടന്നു.”തനിക്കെന്താ സോഫീ വട്ട് പിടിച്ചോ താനി ചെയ്യുന്നത് ഒക്കെ ശരിയാണോ..? ”

“അല്ല.. ഞാൻ അല്ല, നമ്മൾ ചെയ്തത്
ഒന്നും ശരിയല്ല. പക്ഷെ, പറ്റിപ്പോയി. ഇനിയത് തിരുത്താൻ എന്നെ കൊണ്ട് കഴിയില്ല. സാറിന് കഴിയുമായിരിക്കും. എന്റെ ഭർത്താവിന് ശേഷം എന്റെ ദേഹത്ത് സ്പർശിച്ച രണ്ടാമത്തെ പുരുഷൻ ആണ് സർ. എനിക്ക് അത് ഇനി തിരുത്താൻ കഴിയില്ല സർ..

ഞാൻ എന്താ ചെയ്യേണ്ടത്. എനിക്ക് കാമഭ്രാന്ത് ആണെന്ന് സർ കരുതുന്നുണ്ടാവും. പക്ഷെ, ഒടുങ്ങാത്ത പ്രണയമാണ് സർ നിങ്ങളോട് എനിക്ക്.. എന്റെ കാമനകളെ ഉണർത്തി എന്നിൽ
ഒരു ഉത്സവം നിറച്ച നിങ്ങളെ എനിക്ക് ഇനി പിരിയാൻ കഴിയില്ല.. എനിക്ക് നിങ്ങളെ സ്നേഹിച്ചു മരിക്കണം കൊതി തീരും വരെ..”

അവളുടെ ചിലമ്പിച്ച വാക്കുകൾ ഒരു കത്തി മുന പോലെ അയാളുടെ നെഞ്ചു തകർത്തു കളഞ്ഞു. ഒന്നും മിണ്ടാതെ എത്ര നേരമിരുന്നു കാണും എന്നറിയില്ല. എപ്പോഴാണ് ഉറങ്ങിപ്പോയതെന്നും ഓർമ്മയില്ല.

പക്ഷെ, ഉണരുമ്പോൾ അവളുടെ മുഖം തന്റെ നെഞ്ചിൽ അമർത്തി വെച്ചിരുന്നു.
അവന് ആകെ ഭയം തോന്നി. ഇത് വല്ലാത്ത ഒരു കുരിശ് ആയെന്ന് ബോധ്യം വന്നു തുടങ്ങി.
അവൾ ഉണരുന്നതിന് മുൻപ് എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെടാൻ ആഗ്രഹിച്ചു. പക്ഷെ ഒന്നിനും കഴിയാതെ അയാൾ അവിടെ തന്നെ തളർന്നു കിടന്നു.

രാവിലെ കുളിച്ചു സുന്ദരി ആയ സോഫിയാണ് അയാളെ വിളിച്ചുണർത്തിയത്. പ്രേതത്തെ കണ്ടത് പോലെ വിളറി വെളുത്ത അയാളെ കണ്ട് അവൾക്ക് ചിരി വന്നു.
അവൾ നീട്ടിയ ചായ കുടിച്ചിട്ട് അവൻ പെട്ടെന്ന് റെഡിയാകാൻ തുടങ്ങി.
അവനൊപ്പം തന്നെ അവളും ഒന്നും മിണ്ടാതെ ഒരുങ്ങിയിറങ്ങി.

കാറിൽ പരസ്പരം ഉരിയാടാതെ ഇരുന്നു. അയാൾ അവളുടെ താമസ സ്ഥലത്ത് അവളെ ഇറക്കി വിട്ടിട്ട് ഒരക്ഷരം മിണ്ടാതെ കാറോടിച്ചു പോയി.

രണ്ടു മൂന്ന് ദിവസം അവളുടെ ഒരു വിവരവും ഇല്ലായിരുന്നു. ഓഫീസിലും സോഫി എത്തിയില്ല. അയാൾ ഫോണിൽ പോലും അവളെ വിളിക്കാനും പോയില്ല.

കുറച്ചു സ്വസ്ഥതയായിരുന്നു അയാൾക്കപ്പോൾ ആവശ്യം. പതിവ് പോലെ അയാൾ പണ്ടത്തെ പോലെ തന്നെ ജോലിക്ക് പോവുകയും വരികയും ചെയ്തു.
എങ്കിലും രാത്രികളിൽ ഉറക്കം വരാതെ കിടക്കുമ്പോൾ അറിയാതെ സോഫിയുടെ മുഖം തെളിയും.

എന്തൊരു പെണ്ണാണ്..
സ്നേഹം കൊണ്ട് കൊന്ന് തിന്നുന്നവൾ!
അവൾ സമ്മാനിച്ച രണ്ട് അനുഭവങ്ങൾ അയാളിൽ പലപ്പോഴും ചലനങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. ഒരു ഒളിമിന്നൽ തന്റെ ദേഹത്ത് കയറിയിറങ്ങിപ്പോയ ഒരവസ്ഥ !!

ഒന്ന് അന്വേഷിച്ചു നോക്കിയാലോ. പലപ്പോഴും അയാൾ ചിന്തിച്ചു. അവൾ പഴയ ഡിപ്രെഷന് അടിമയായിട്ടുണ്ടാവുമോ?
ഒന്ന് കാണാൻ തോന്നി. ഇപ്പോൾ എന്തായിരിക്കും അവളുടെ അവസ്ഥ??
അന്ന് ഓഫീസിലേക്ക് പോയ അയാൾ ചെന്നു പെട്ടത് അവളുടെ ഫ്ലാറ്റിനു മുൻപിലാണ്!

കാളിങ് ബെൽ അടിച്ചു ഏറെ നേരം കാത്തു നിന്നു. വാതിൽ തുറന്നത് പക്ഷെ സോഫിയായിരുന്നില്ല. ഒരു പ്രായം ചെന്ന സ്ത്രീ!
മുറുക്കി കറ പിടിച്ച പല്ലുകൾ കാട്ടി ചിരിച്ചു കൊണ്ട് അവർ കാര്യം തിരക്കി.
മുൻപ് ഇവിടെ താമസിച്ച പെണ്ണ് മാറിപ്പോയോ എന്നാണ് അയാൾ തിരക്കിയത്.

“ആര്, സോഫിയോ.. ഇല്ലല്ലോ, അവള് ഇവിടെ തന്നെയുണ്ട് സർ. ഞാൻ അവളുടെ ചിറ്റമ്മയാണ്. സോഫി കുറച്ചു ദിവസം സുഖമില്ലാതെ ഹോസ്പിറ്റലിൽ ആയിരുന്നു. അവൾക്ക് കൂട്ടിനു വന്നതാണ് ഞാൻ. സർ സോഫിയെ കാണാൻ വന്നതാണെങ്കിൽ കയറി ഇരിക്കൂ. ഞാൻ അവളെ ഇപ്പൊ വിളിച്ചു കൊണ്ട് വരാം.”

അപ്പോൾ ഊഹിച്ചത് പോലെ തന്നെ അവൾ പഴയ അവസ്ഥയിലാണ്.. അകത്തു നിന്ന് ഏറെ നേരം കഴിഞ്ഞ് പുറത്തേക്ക് മെല്ലെ നടന്നു വരുന്ന ആളിനെ കണ്ട് മനസ്സിലായതേയില്ല. ഇത് സോഫിയുടെ പ്രേതം ആണോ!!
ഉണങ്ങിവരണ്ട ഒരു നെൽക്കതിരു പോലെ!
അവളുടെ നോട്ടം എങ്ങും ഉറയ്ക്കുന്നുണ്ടായിരുന്നില്ല.

“സോഫീ..”
അയാൾ സ്വരം താഴ്ത്തി വിളിച്ചു.
അവൾ യാതൊരു വികാരങ്ങളുമില്ലാതെ അയാളെത്തന്നെ ഉറ്റു നോക്കി.

“താനെന്താ ജോലിക്ക് വരാത്തത്..?”അവൾ അയാളെ തറച്ചു നോക്കി. ആ നോട്ടത്തിൽ ഒരുപാട് ചോദ്യങ്ങളും ഉത്തരങ്ങളും അടങ്ങിയിരുന്നു..

ഒന്നും ചോദിക്കാനില്ലാത്തത് പോലെ അയാൾ പെട്ടെന്ന് എഴുന്നേറ്റു.”ശരി, ഞാൻ പോട്ടെ.”

അയാൾ പേഴ്സ് എടുത്തു കുറച്ചു നോട്ടുകൾ അവൾക്ക് നേരെ നീട്ടി.”ഇത് തന്റെ സാലറിയാണ്.. വാങ്ങിക്കൂ.”

അവൾ യാതൊരു ഭാവഭേദവുമില്ലാതെ ആ കാശ് വാങ്ങിച്ചു.
എന്നിട്ട് അകത്തേയ്ക്ക് തിരിഞ്ഞു നടന്നു.

അയാളുടെ മനസ്സിൽ എവിടെയോ മുറിയുന്ന വേദന തോന്നി. അവൾ ഒരുപാട് മാറിപ്പോയി. തന്നെ ഭ്രാന്തമായി സ്നേഹിക്കുന്നു എന്ന് വിളിച്ചു പറഞ്ഞ സോഫി തന്നെയോ ഇത്!!
അയാൾക്ക് അന്ന് ഉറങ്ങാനേ കഴിഞ്ഞില്ല.

തന്നെ അവളിലേയ്ക്ക് ആഞ്ഞാഞ്ഞു പിടിച്ചു പുല്കുന്ന ആ സ്നേഹം അയാളുടെ ഹൃദയത്തെ വല്ലാതെ ഞെരുക്കി.
തന്റെ അവഗണന അവളെ മറ്റൊരാൾ ആക്കിയിരിക്കുന്നു!

ഉറക്കം നഷ്ടപ്പെട്ട അയാൾ നേരം പുലരുന്നതിനു മുൻപ് എഴുന്നേറ്റു റെഡിയാകാൻ തുടങ്ങി. സോഫിയുടെ ഫ്ലാറ്റിന്റെ മുൻപിൽ പഴയത് പോലെ അയാൾ കാത്തു നിന്നു.
അവൾ വാതിൽ തുറന്നു വരുന്നതും പൊട്ടിപ്പിളർന്നത് പോലെ അയാളുടെ നെഞ്ചിലേയ്ക്ക് ചാഞ്ഞതും നൊടിയിട നേരം കൊണ്ടായിരുന്നു.

എല്ലാം കണ്ട് താടിക്ക് കയ്യും കൊടുത്തു പിന്നിൽ സോഫിയുടെ ചിറ്റമ്മ നിന്നിരുന്നു.
അയാളോടൊപ്പം അവൾ അയാളുടെ വീട്ടിലേയ്ക്ക് കയറുമ്പോൾ അവളെ ചേർത്ത് പിടിച്ചിരുന്ന അയാളുടെ കൈകൾക്ക് വല്ലാത്ത ദൃഡ്ഡതയുണ്ടായിരുന്നു..

അയാൾ ആഴ്ചയിൽ രണ്ടു ദിവസം നാട്ടിലേയ്ക്ക് പോകുമ്പോൾ സോഫി ഒറ്റയ്ക്ക് അയാളുടെ വീട്ടിൽ അയാളെയും കാത്തിരുന്നു.
തിരികെ വരുമ്പോൾ രണ്ടാളും പരസ്പരം മത്സരിച്ചു സ്നേഹിച്ചു.

സോഫി പഴയ സോഫിയല്ല ഇപ്പോൾ. അയാളുടെ സ്നേഹമേറ്റ് ഉണർന്നും അവന്റെ ശ്വാസമേറ്റ് ഉറങ്ങിയും അവൾ കൂടുതൽ സുന്ദരിയായി മാറി..

ശനിയാഴ്ചകൾ അവൾ വെറുത്തു. അന്ന് ആണ് നവീൻ അവളെ തനിച്ചാക്കി പോകുന്ന ദിവസം.
അഞ്ജുവിന്റെ മുന്നിൽ അയാൾ സ്നേഹസമ്പന്നനായ ഭർത്താവും മക്കൾക്ക് വാത്സല്യ നിധിയായ അച്ഛനുമായി.
തിരികെ വരുമ്പോൾ സോഫിയുടെ മാത്രമായ സ്നേഹ സാമ്രാജ്യത്തിലെ നായകനായി.

പക്ഷെ ഒരു കള്ളങ്ങളും ഒരുപാട് നാളുകൾ നീണ്ടു നിൽക്കില്ലല്ലോ.നവീൻ കുറച്ചു നാളുകളായി വീട്ടിൽ എത്തിയിട്ട്. വിളിക്കുമ്പോഴൊക്കെ ഓരോ ഒഴിവു കഴിവുകൾ..

അയാളുടെ പഴയ സ്നേഹം അഞ്ജുവിന് വെറും ഓർമ്മകൾ മാത്രമാകാൻ തുടങ്ങി.
എപ്പോഴെങ്കിലും വന്നാൽ തിരക്ക് പിടിച്ചു തിരികെ പോകാൻ ഒരുങ്ങും. എവിടെയോ എന്തൊക്കെയോ പന്തികേട് മണക്കുന്നത് പോലെ തോന്നിത്തുടങ്ങി അഞ്ജുവിന്.

ഒടുവിൽ അവൾ ആരെയും കൂട്ടാതെ നവീന്റെ ജോലിസ്ഥലത്തേയ്ക്ക് പോകാൻ തീരുമാനിച്ചു. അവൾ ഒരു കൂട്ടുകാരിയുടെ വിവാഹത്തിന് ഗുരുവായൂർക്ക് പോകുന്നുവെന്നു പറഞ്ഞ കള്ളം മക്കളും അച്ഛനും അമ്മയും വിശ്വസിച്ചു !
തന്റെ ഭർത്താവിന്റെ

ജോലിസ്ഥലത്തേയ്ക്ക് ആദ്യമായിട്ടായിരുന്നില്ല അവൾ പോകുന്നത്. മക്കളോടൊപ്പം ഒരവധിക്കാലം ആഘോഷിക്കാൻ അവർ ചിലവഴിച്ചത് അവിടെയായിരുന്നു.

ആ പരിചയത്തിൽ ട്രെയിൻ ഇറങ്ങി ഒരു ഓട്ടോയിൽ അയാളുടെ താമസസ്ഥലത്ത് എത്തിച്ചേർന്നു.
വളരെ വൃത്തിയായി കിടക്കുന്ന വീടും പരിസരവും കണ്ട് അത്ഭുതം തോന്നി. നവിയേട്ടൻ ഇത്തരം കാര്യങ്ങൾ ഒന്നും ശ്രദ്ധിക്കാറില്ല. പിന്നെ ആരാണ് ഈ മുറ്റവും ഗാർഡനുമൊക്കെ ഭംഗിയായി ഒരുക്കി ഇട്ടിരിക്കുന്നത്..??

ഓരോന്ന് ആലോചിച്ചു കൊണ്ടാണ് കോളിങ് ബെൽ അടിച്ചത്. ഇതുവരെ നവിയേട്ടൻ ഒറ്റയ്ക്ക് ആണ് താമസമെന്നാണ് വിശ്വാസം.
ആളിവിടെ ഉണ്ടെങ്കിൽ ഡോർ തുറക്കാതെ ഇരിക്കില്ല. ഇല്ലെങ്കിൽ ഇവിടെ അല്പം നേരം കാത്തിരിക്കാം.

തന്റെ ഏട്ടന്റെ വീടല്ലേ ഇത്.
പക്ഷെ, അവളെ അത്ഭുതപ്പെടുത്തി കൊണ്ട് വാതിൽ തുറന്ന ഒരു സുന്ദരിയായ സ്ത്രീയെ കണ്ട് അഞ്ജു അമ്പരന്നു.അവളുടെ ലേശം ഉന്തിയ വയറിലേയ്ക്ക് നോക്കി അവൾ

സംശയിച്ചു.
വീട് മാറിപ്പോയോ??
അവൾ സംശയത്തോടെ ഉറ്റു നോക്കുന്നത് കണ്ടു സോഫി തിരക്കി.”ആരാണ്..എന്താ വേണ്ടത്?”

പെട്ടെന്ന് അഞ്ജുവിന് ഒരു ബുദ്ധി തോന്നി.”നവീൻ സാറിന്റെ വീടല്ലേ ഇത്. സാറില്ലേ അകത്ത് ? “”ഇല്ല, സർ ഓഫീസിൽ പോയി. ആരാണ്. എന്തിനാണ് സാറിനെ തിരക്കുന്നത്?”

“ഞാൻ കേരളത്തിൽ നിന്ന് വരികയാണ്. സാറിന്റെ ഓഫീസിൽ ഒരു സ്റ്റാഫിനെ വേണമെന്ന് അറിഞ്ഞിട്ട് വരുവാണ്. സാറിനെ ഒന്ന് കാണണം ”

സോഫി അവളെ ഒന്ന് ചുഴിഞ്ഞു നോക്കി.
സുന്ദരി ആണ്. നല്ല നിറം.. ഇവിടെ ഒഴിവുണ്ടെന്ന് ഇവരെങ്ങനെ അറിഞ്ഞു.തനിക്കിപ്പോൾ ബെഡ് റസ്റ്റ്‌ പറഞ്ഞിരിക്കുന്നത് കൊണ്ട് ഓഫീസിൽ

പോകാൻ കഴിയുന്നില്ല. എല്ലാം നവീൻ ഒറ്റയ്ക്ക് ആണ് ചെയ്യുന്നത്. ഒരു ലേഡി സ്റ്റാഫിനെ കിട്ടിയാൽ നന്നായിരുന്നു എന്ന് നവീൻ രണ്ടു ദിവസം മുൻപ് പറഞ്ഞിരുന്നതുമാണ്.

“ഞാൻ സാറിനെ ഒന്ന് വിളിച്ചു നോക്കട്ടെ. എന്നിട്ട് ഓഫീസിലേയ്ക്ക് ഉള്ള വഴി പറഞ്ഞു തരാം.പിന്നെ.. പേര് എന്താണ് ?””ഇത് ആരാണ്. സാറിന്റെ വൈഫ് ആണോ?”

അഞ്ജു അവളുടെ അന്വേഷണം അവഗണിച്ചു കൊണ്ട് തിരിച്ച് ഒരു ചോദ്യം ചോദിച്ചു.
പെട്ടെന്ന് സോഫിയുടെ മുഖം നാണം കൊണ്ട് ചുവന്നു..

വൈഫ് എന്ന പദവി എന്നെങ്കിലും തനിക്ക് സ്വന്തമാകുമോ..ഇപ്പോൾ നവീന്റെ ഒരു പൊന്നോമന തന്റെ വയറ്റിൽ ഉരുവായിതുടങ്ങിയിരിക്കുന്നു.
എങ്കിലും ഭാര്യ എന്ന് അവകാശത്തോടെ തന്നെ കുറിച്ച് മറ്റുള്ളവരുടെ മുൻപിൽ തുറന്നു പറയാൻ അദ്ദേഹത്തിനു കഴിയുമോ??

പക്ഷെ, മുന്നിൽ നിൽക്കുന്ന ഈ സ്ത്രീയോട് സത്യം പറയേണ്ട കാര്യമെന്താ..
ഒരു തെളിഞ്ഞ ചിരിയോടെ അവൾ തലയാട്ടിക്കൊണ്ട് സമ്മതിച്ചു.

“അതെ, ഞാൻ അദ്ദേഹത്തിന്റെ വൈഫ് ആണ്. ഞാൻ പുള്ളിയെ ഒന്ന് വിളിക്കട്ടെ.”അഞ്ജു ആടിയുലഞ്ഞു പോയി. ഒരു ഭാര്യയും മറ്റൊരു പെണ്ണിൽ നിന്ന് ഒരിക്കലും കേൾക്കാൻ ഇഷ്ടപെടാത്ത വാക്കുകൾ !

താനപ്പോൾ സംശയിച്ചത് വെറുതെ ആയില്ല.
ഇത്രയും നാള് തങ്ങളെയൊക്കെ വിഡ്ഢികളാക്കുകയായിരുന്നു അപ്പോൾ നവീൻ ..

അവളെ ഏറ്റവും അധികം തകർത്തു കളഞ്ഞത് മുന്നിൽ സ്വാതന്ത്ര്യത്തോടെ ഞെളിഞ്ഞു നിൽക്കുന്ന അവളുടെ ഉന്തിയ വയറായിരുന്നു.
ഇതൊക്കെ എപ്പോൾ സംഭവിച്ചു..??
ഒന്നും അറിയാതെ, ഒരു ചെറു സംശയം പോലും തോന്നാത്ത വിധത്തിൽ എത്ര ഭംഗിയായി അയാൾ തനിക്ക് മുന്നിൽ അഭിനയിച്ചു !!

ഒരു വിധത്തിൽ ഇടറിയ പാദങ്ങളോടെ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും പിന്നിൽ നിന്ന് സോഫി വിളിച്ചു.

“അതേയ്.. ഞാൻ ഇപ്പോൾ അദ്ദേഹത്തെ വിളിച്ചുകേട്ടോ. ഓഫീസിലേയ്ക്ക് ചെല്ലാൻ ആണ് പറഞ്ഞത്
ഇവിടുന്ന് ഒരു ഓട്ടോ പിടിച്ചു പോയാൽ മതി. ഇവിടുന്ന് രണ്ട് കിലോമീറ്റർ ദൂരമേയുള്ളൂ.. പിന്നെ, പേര് പറഞ്ഞില്ല കേട്ടോ..”

അവൾ ചെറുതായി ചുണ്ടുകൾ വിടർത്തി.”അഞ്ജു.. അഞ്ജിത നവീൻ.”പിന്നിൽ അവളുടെ മുഖത്തെ ഞെട്ടൽ ഊഹിച്ചു കൊണ്ട് തന്നെ അഞ്ജു മുന്നോട്ട് ആഞ്ഞു നടന്നു.

ഇനി ആരെയും കാണണ്ട. എല്ലാം കൺ നിറയെ കണ്ട് തൃപ്തിയായി!
ഇതുവരെയുള്ള ഒറ്റ വഴി ഇതാ ഇവിടെ വെച്ച് രണ്ടായി പിരിയുന്നു.
ഇനി തന്റെ ജീവിതത്തിൽ ഇങ്ങനെ ഒരാളില്ല.ഈ ജീവിതവുമില്ല.
മുന്നിലൂടെ പോയ ഒരോട്ടോ അവൾ കൈ കാണിച്ചു നിർത്തി.

“റെയിൽവേ സ്റ്റേഷൻ “സീറ്റിലേയ്ക്ക് ചാരിക്കിടന്നു കൊണ്ട് അവൾ കണ്ണുകൾ ചേർത്തടച്ചു. കുടുങ്ങിക്കിടന്ന രണ്ട് നീർത്തുള്ളികൾ അപ്പോളവളുടെ കൺപീലികൾക്കിടയിലൂടെ ഊർന്നു

കവിളിലേയ്ക്ക് ഒഴുകി വീണു.അതോടൊപ്പം ഉള്ളിൽ തങ്ക വിഗ്രഹം പോലെ പ്രതിഷ്ഠിച്ചിരുന്ന ഒരു മുഖവും കുറെ ഓർമ്മകളും ഉരുകിയൊലിച്ചില്ലാതെയായി.

Leave a Reply

Your email address will not be published. Required fields are marked *