ഞങ്ങളൊക്കെ അമ്മായിയമ്മയുടെ പോര് കാരണം സഹികെട്ടു നടക്കുമ്പോഴാണ് ഇവിടെ ഒരുത്തി അവരുടെ സ്നേഹം കൊണ്ട് പ്രശ്നം ആണെന്ന് പറയുന്നത്

(രചന: ശ്രേയ)

” ഞങ്ങളൊക്കെ അമ്മായിയമ്മയുടെ പോര് കാരണം സഹികെട്ടു നടക്കുമ്പോഴാണ് ഇവിടെ ഒരുത്തി അവരുടെ സ്നേഹം കൊണ്ട് പ്രശ്നം ആണെന്ന് പറയുന്നത്. ”

കൂട്ടുകാരി ഷീബ പറഞ്ഞപ്പോൾ നിമ അവളെ ഒന്ന് നോക്കി. എന്റെ അവസ്ഥ നിനക്കൊന്നും മനസ്സിലാവില്ല എന്നൊരു ധ്വനി ആ നോട്ടത്തിൽ ഉണ്ടായിരുന്നു.

” എല്ലായിപ്പോഴും സ്നേഹം നമുക്ക് അനുഗ്രഹമാണ് എന്ന് പറയാൻ പറ്റില്ലല്ലോ.. നമ്മളെ അങ്ങേയറ്റം ബുദ്ധിമുട്ടിക്കുന്ന ടോക്സിക് ആയിട്ടുള്ള റിലേഷനുകൾ ഇന്ന് സർവ്വ സാധാരണമാണ്..

ഒരാൾക്ക് ആ റിലേഷൻ തുടർന്ന് കൊണ്ടുപോകാൻ പറ്റില്ല എന്ന് പറഞ്ഞാൽ അത് പറ്റില്ല എന്ന് തന്നെയാണ്.

പക്ഷേ അത് മനസ്സിലാക്കാതെ പറയുന്ന ആളല്ല പിന്നാലെ നടന്ന ഉപദ്രവിക്കാൻ ഒരുകൂട്ടം ആളുകൾ എല്ലായ്പ്പോഴും തയ്യാറാകും.

പിന്നെ മറ്റു ചിലർ തങ്ങൾ നോക്കിയതിന്റെയും വളർത്തിയതിന്റെയും സ്നേഹിച്ചതിന്റെയും ഒക്കെ കണക്കു പറഞ്ഞു അവരുടെ കാര്യസാധ്യത്തിന് വേണ്ടി നമ്മളെ ഉപയോഗിക്കുന്നു.

എന്തൊക്കെയായാലും അതെല്ലാം ടോക്സിക് റിലേഷനുകളാണ്.. ഒരുപക്ഷേ ഇവൾ പറയുന്നത് അങ്ങനെയൊരു റിലേഷനെക്കുറിച്ചാണെങ്കിലോ..?

ഒരാളുടെ മനസ്സിലെ ദുഃഖങ്ങൾ മനസ്സിലാക്കാതെ നമ്മൾ വെറുതെ അയാളെ കുറ്റം പറയരുത്.. ”

അവരുടെ തന്നെ മറ്റൊരു കൂട്ടുകാരി മിനി അത് പറഞ്ഞപ്പോൾ നിമക്ക് ഒരു സമാധാനം തോന്നി. തന്നെ മനസ്സിലാക്കാൻ കഴിയുന്ന ഒരാളെങ്കിലും തന്റെ സുഹൃത്ത് വലയത്തിൽ ഉണ്ടല്ലോ എന്നൊരു സമാധാനമായിരുന്നു അവൾക്ക്..!

മിനി പറയുന്നതിൽ എന്തൊക്കെയോ സത്യങ്ങളുണ്ട് എന്ന് ഷീബയ്ക്കും തോന്നിയിരുന്നു.

” എന്താ നിന്റെ പ്രശ്നം…? ഇവൾ പറയുന്നതു പോലെ കാര്യമായ എന്തെങ്കിലും പ്രശ്നങ്ങൾ നിന്റെ ജീവിതത്തിൽ ഉണ്ടോ..? ”

ഷീബ ചോദിച്ചപ്പോൾ നിമയുടെ കണ്ണുകൾ നിറഞ്ഞു. അത് കണ്ടപ്പോൾ തന്നെ എന്തൊക്കെയോ സീരിയസായ പ്രശ്നങ്ങളാണ് അവളുടെ ജീവിതത്തിലുള്ളത് എന്ന് മനസ്സിലാക്കാൻ സുഹൃത്തുക്കൾക്ക് അധികമൊന്നും താമസിക്കേണ്ടി വന്നില്ല.

” പ്രശ്നമുണ്ടോ എന്ന് ചോദിച്ചാൽ പുറമേ നിന്ന് നോക്കുന്ന ആളുകൾക്ക് എന്റെ ജീവിതം പോലെ സുഖമുള്ള ജീവിതം മറ്റാർക്കും ഇല്ല എന്ന് തോന്നുന്നു. പക്ഷേ ഞാൻ അനുഭവിക്കുന്നത് എത്രത്തോളം ബുദ്ധിമുട്ടുകളാണ് എന്ന് എനിക്ക് മാത്രമേ അറിയുള്ളൂ.. ”

നിമ പറഞ്ഞു തുടങ്ങിയപ്പോൾ സുഹൃത്തുക്കൾ രണ്ടാളും അവളെ തന്നെ ശ്രദ്ധിക്കുകയായിരുന്നു.

” നിന്റെ മനസ്സിലുള്ളത് എന്താണെങ്കിലും തുറന്നു പറഞ്ഞോളൂ.. ഞങ്ങളെക്കൊണ്ട് ചെയ്യാൻ കഴിയുന്നത് ഞങ്ങൾ ചെയ്യാം.. ”

നിമയുടെ കരം കവർന്നു കൊണ്ട് മിനി ആത്മവിശ്വാസം പകർന്നപ്പോൾ, തന്നെയുള്ളിൽ അടക്കിവെച്ചതൊക്കെയും മിനി പുറത്തേക്ക് പറയാൻ തുടങ്ങി.

“നിങ്ങൾക്കറിയാമല്ലോ.. അവിടെ അമ്മയ്ക്കും അച്ഛനും ഒരേയൊരു മകനാണ് ഉള്ളത്.

വിവാഹാലോചന വന്ന സമയത്ത് തന്നെ അവിടെ കൂട്ടിന് എനിക്ക് മറ്റ് ആരെയും കിട്ടില്ല എന്ന് ഉറപ്പുള്ളതു കൊണ്ട് അത് വേണ്ട എന്ന് എന്നെക്കൊണ്ട് പറ്റുന്നത് പോലെയൊക്കെ വീട്ടിൽ ഞാൻ പറഞ്ഞതാണ്.

പക്ഷേ അപ്പോഴൊക്കെ അമ്മയും അയൽക്കാരും ഒക്കെ പറഞ്ഞത് ആരും ഇല്ലാതിരിക്കുന്നതാണ് നല്ലത് എന്നാണ്. അതാകുമ്പോൾ നമുക്ക് നമ്മുടെ ഇഷ്ടത്തിന് ജീവിക്കാമല്ലോ എന്ന്..

ഒന്നാലോചിച്ചപ്പോൾ അത് ശരിയാണെന്ന് എനിക്കും തോന്നി. കാരണം കൺമുന്നിൽ കണ്ടിട്ടുള്ള ജീവിതങ്ങൾ മുഴുവൻ അമ്മായിയമ്മ പോരും നാത്തൂൻ പോരും ഒക്കെ നിറഞ്ഞതായിരുന്നു.

നാത്തൂനും ചേട്ടത്തിയമ്മയും ഒന്നും ഇല്ലാത്തതു കൊണ്ട് ഇതൊക്കെ ഒന്ന് ഒഴിവായി കിട്ടുമല്ലോ എന്നൊരു സമാധാനം തോന്നി.

വിപിയേട്ടൻ കാണാൻ വന്നു കഴിഞ്ഞപ്പോൾ ഏട്ടനെ ഇഷ്ടമാവുകയും ചെയ്തു. അല്ലെങ്കിലും ആർക്കും ഇഷ്ടമാകുന്ന ഒരു പ്രകൃതം ആണല്ലോ ഏട്ടന്റെത്..

വിവാഹം ഉറപ്പിച്ചു കഴിഞ്ഞതിനു ശേഷം ഫോണിൽ സംസാരിക്കുമ്പോഴൊക്കെയും ഏട്ടന് പറയാനുള്ളത് അമ്മയെ കുറിച്ച് ആയിരുന്നു. ചെറുപ്പത്തിൽ അച്ഛൻ മരിച്ചു പോയതിനു ശേഷം അമ്മയായിരുന്നല്ലോ ഏട്ടനെ വളർത്തിയത്.

അവർ അമ്മയും മകനും മാത്രമുള്ള ഒരു ലോകത്തേക്ക് ചെന്ന് കയറുമ്പോൾ ഞാൻ അവരെ രണ്ടാളെയും ഒരുപോലെ അംഗീകരിക്കണം എന്നുള്ളത് കൊണ്ടാണ് ഏട്ടൻ അങ്ങനെ പറയുന്നത് എന്ന് അദ്ദേഹം തന്നെ ഒരിക്കൽ എന്നോട് പറഞ്ഞിട്ടുണ്ട്.

ഏട്ടന്റെ അമ്മ എന്റെയും അമ്മ തന്നെയാണല്ലോ.. അതായിരുന്നു അന്ന് താൻ കൊടുത്ത മറുപടി.

ഏട്ടൻ പറഞ്ഞുപറഞ്ഞ് അമ്മയെക്കുറിച്ച് എനിക്ക് ഏകദേശം എല്ലാ കാര്യങ്ങളും അറിയാം എന്നൊരു അവസ്ഥയായിരുന്നു. ഇടയ്ക്ക് അമ്മയെ വിളിക്കുമ്പോൾ അമ്മയും സ്നേഹത്തോടെ തന്നെയാണ് സംസാരിക്കാറ്.

വാൽസല്യപൂർവ്വമുള്ള ആ ശബ്ദം കേൾക്കുമ്പോൾ തന്നെ നമ്മുടെ ഉള്ളിൽ എന്തെങ്കിലും ടെൻഷനുകൾ ഉണ്ടെങ്കിൽ അതൊക്കെ ഒഴിഞ്ഞു പോവുകയാണ് പതിവ്.. ”

അവൾ ഓരോന്നായി പറയുമ്പോൾ സുഹൃത്തുക്കൾ രണ്ടാളും അവളുടെ വാക്കുകൾ പൂർണമായും ശ്രദ്ധ കൊടുത്ത് കേട്ടിരിക്കുകയായിരുന്നു.

” വിവാഹം കഴിഞ്ഞ് ആ വീട്ടിൽ ചെന്ന് കയറുമ്പോഴും എന്റെ ഏറ്റവും വലിയ ധൈര്യം അമ്മ എന്നെ സ്വന്തം മകളായി കാണുന്നു എന്നുള്ളതായിരുന്നു.

ഏട്ടനും എന്നോട് പറഞ്ഞിട്ടുണ്ട് എന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും ഒക്കെ തെറ്റുകൾ വന്നാലും അമ്മ അത് ക്ഷമിച്ചോളും എന്ന്. ആ ധൈര്യത്തിൽ ആയിരുന്നു ആ വീട്ടിലേക്ക് ഞാൻ ചെന്ന് കയറിയത്. അവരൊക്കെ പറഞ്ഞതും പ്രവർത്തിച്ചതും ഒരുപോലെ തന്നെയായിരുന്നു.

വിവാഹം കഴിഞ്ഞ് പിറ്റേദിവസം രാവിലെ ഞാൻ അടുക്കളയിലേക്ക് ചെല്ലുമ്പോൾ രാവിലത്തെയും ഉച്ചയ്ക്കലത്തെയും ഉൾപ്പെടെയുള്ള എല്ലാ ആഹാര സാധനങ്ങളും തയ്യാറായിരുന്നു.അത് കണ്ടപ്പോൾ അമ്മയോട് ഒരിത്തിരി ഇഷ്ടം തോന്നി.

കാരണം പലപ്പോഴും പല വീടുകളിലും കല്യാണം കഴിഞ്ഞ് മരുമകൾ എത്തിക്കഴിഞ്ഞാൽ അമ്മായിയമ്മമാർ സ്വതവേ അടുക്കളയിൽ നിന്ന് പിൻവാങ്ങുകയാണ് പതിവ്. ഇവിടെ അങ്ങനെ ഒന്നും സംഭവിച്ചില്ലല്ലോ..

അന്ന് തുണി അലക്കാനായി ഞാൻ ഇറങ്ങുമ്പോൾ ഇപ്പോൾ അതിന്റെ ആവശ്യമില്ല അമ്മ പറയുമ്പോൾ ചെയ്താൽ മതി എന്നു പറഞ്ഞു എന്റെയും വിപിയേട്ടന്റെയും ഡ്രസ്സ് ഉൾപ്പെടെ അമ്മ വാങ്ങി കൊണ്ടുപോയി.

അതൊക്കെ എനിക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു. പിന്നീടുള്ള ഓരോ ദിവസവും അമ്മ എന്നെ അത്ഭുതപ്പെടുത്തുകയായിരുന്നു. എന്നെക്കൊണ്ട് ഒരു പണിയും അവിടെ ചെയ്യിക്കാറില്ല.

എനിക്കിഷ്ടമുള്ള എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം ആ വീട്ടിൽ എനിക്കുണ്ടായിരുന്നു. സത്യം പറഞ്ഞാൽ വിവാഹം കഴിഞ്ഞാൽ ഇങ്ങനെയാണോ ജീവിതം എന്ന് പോലും എനിക്ക് തോന്നിപ്പോയി.

പക്ഷേ നാട്ടുകാരും വീട്ടുകാരും മുഴുവൻ എന്റെ ഭാഗ്യത്തെക്കുറിച്ച് പറഞ്ഞപ്പോൾ എനിക്കും അത് ശരിയാണെന്ന് തോന്നി.

ഇങ്ങനെയുള്ള ഒരു അമ്മായിയമ്മയെ കിട്ടുന്നതിന് പുണ്യം ചെയ്യണമല്ലോ. പക്ഷേ വളരെ വൈകിയാണ് അതിന്റെ പിന്നിൽ പതിയിരിക്കുന്ന അപകടം ഞാൻ മനസ്സിലാക്കിയത്.”

നിമ പറഞ്ഞപ്പോൾ അതെന്താ എന്നൊരു ഭാവമായിരുന്നു മറ്റു രണ്ടുപേർക്കും.” രാവിലെ മുതൽ രാത്രി വരെ ആ വീട്ടിലെ പണികൾ മുഴുവൻ ചെയ്യുന്നത് അമ്മയാണ്. ഞാൻ എന്തെങ്കിലും ചെയ്യാൻ ചെന്നാൽ തന്നെ മോൾ ഇപ്പോൾ ഒന്നും ചെയ്യേണ്ട എന്ന് പറഞ്ഞ് എന്നെ മുറിയിലേക്ക് പറഞ്ഞയക്കും.

ആ അമ്മ തന്നെ ഒരു ദിവസം വിപിയേട്ടൻ വന്നപ്പോൾ അവൾ എന്നെ ഒന്ന് സഹായിക്കാറു പോലും ഇല്ല എന്ന് പറയുന്നത് കേട്ടപ്പോൾ ഞാൻ തരിച്ചിരുന്നു പോയി. അന്ന് വിപിയേട്ടൻ എന്നെ വഴക്കു പറയുകയും ചെയ്തു.

പിറ്റേന്ന് മുതൽ അമ്മയോടൊപ്പം സഹായിക്കാൻ ചെല്ലുമ്പോൾ നേരത്തെ ഉണ്ടായിരുന്നതു പോലെ തന്നെ സ്നേഹത്തോടെ ചെയ്യേണ്ട എന്ന് പറയുകയായിരുന്നു.

പക്ഷേ സാരമില്ല എന്ന് പറഞ്ഞ് ഞാനും അമ്മയോടൊപ്പം ജോലി ചെയ്യാൻ തുടങ്ങി.എങ്കിലും വിപിയേട്ടന്റെ കാര്യങ്ങളൊക്കെ അമ്മ തന്നെ ചെയ്യണം എന്ന് അമ്മയ്ക്ക് നിർബന്ധമായിരുന്നു. ഏട്ടന് ഒരു ഗ്ലാസ് ചായ കൊടുക്കണമെങ്കിൽ പോലും അത് അമ്മ തന്നെ കൊടുക്കണം.

എന്നെ ആ സമയത്ത് മറ്റെന്തെങ്കിലും പണി ചെയ്യാനായി പറഞ്ഞയക്കും. ചുരുക്കി പറഞ്ഞാൽ ഭർത്താവിന്റെ മുന്നിൽ ഞാൻ ഒന്നും ചെയ്യാത്തവളായി. ബെഡ്റൂമിൽ മാത്രം ഞങ്ങൾ ഭാര്യ ഭർത്താക്കന്മാരായി.

പുറത്ത് അമ്മയുടെ പിന്നാലെയുള്ള മകൻ തന്നെയായിരുന്നു എന്റെ ഭർത്താവ്. കാര്യങ്ങൾ ഇങ്ങനെ മുന്നോട്ടു പോയാൽ എന്റെ ജീവിതം തന്നെ എനിക്ക് നഷ്ടപ്പെടുമോ എന്ന് ഓർത്ത് എനിക്ക് നല്ല ഭയമുണ്ട്.”

നിമ പറഞ്ഞപ്പോൾ ഇതിന് ഇങ്ങനെ ഒരു വശം കൂടി ഉണ്ടല്ലോ എന്ന് മറ്റു രണ്ടുപേരും ചിന്തിച്ചു.

അവളെ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിച്ച് ഷീബയും മിനിയും കൂടി വീട്ടിലേക്ക് പറഞ്ഞയച്ചു.

ആ സംഭവത്തിനുശേഷം പിന്നെ കുറെ നാളത്തേക്ക് നിമയുടെ യാതൊരു വിവരങ്ങളും ഉണ്ടായിരുന്നില്ല. പിന്നീട് അവളെ കണ്ടുമുട്ടുമ്പോൾ അവൾ ഡിവോഴ്സ് ആയിരുന്നു.

ഭർത്താവിന് അവളെ വേണ്ടെന്നു പറഞ്ഞത്രേ.. വിവാഹം കഴിക്കുന്നതിനു മുൻപും ശേഷവും അവന്റെ കാര്യങ്ങൾ മുഴുവൻ അമ്മയാണ് നോക്കിയിരുന്നത് എന്ന്.

അങ്ങനെയുള്ളപ്പോൾ അമ്മയെ കൊണ്ട് കൂടുതൽ പണി ചെയ്യിപ്പിക്കാൻ ഒരു പെണ്ണിന്റെ ആവശ്യം അവിടെയില്ല എന്ന് അവൻ പറഞ്ഞു അത്രേ..

കൂടുതലൊന്നും തിരുത്തി പറയാൻ അവളും ശ്രമിച്ചില്ല. ശ്വാസം മുട്ടിയുള്ള അവിടുത്തെ ജീവിതത്തിൽ നിന്ന് അവൾ ഓടി രക്ഷപ്പെടുകയായിരുന്നു..!

ഇപ്പോൾ അവളുടെ മുഖത്ത് ഒരു തെളിച്ചമൊക്കെ കാണാനുണ്ട്. ഇനിയെങ്കിലും നല്ലൊരു ജീവിതം അവൾക്കുണ്ടാവട്ടെ…!!

Leave a Reply

Your email address will not be published. Required fields are marked *