രണ്ടാനമ്മ
(രചന: ശ്യാം കല്ലുകുഴിയില്‍)
ചാറ്റൽ മഴയുള്ളൊരു സന്ധ്യയ്ക്ക് അച്ഛമ്മയ്‌ക്കൊപ്പം ഉമ്മറത്തിരുന്ന് സന്ധ്യനാമം ചുല്ലുമ്പോഴാണ് അച്ഛനൊപ്പം കുടക്കീഴിൽ ആ സ്ത്രീ വീട്ടിലേക്ക് വന്നത്, അവർക്ക് പിന്നിലായി പുള്ളിക്കുടയും പിടിച്ചൊരു പെണ്ണുമുണ്ടായിരുന്നു….
അച്ഛന്റെ പിന്നിൽ നിന്ന ആ സ്ത്രീ എന്നെ നോക്കി ചിരിക്കുമ്പോൾ സന്ധ്യനാമം നിർത്തി തൊഴുതുകൊണ്ട് അച്ഛമ്മ എഴുന്നേറ്റ് കഴിഞ്ഞിരുന്നു.
ഉമ്മറത്ത് കത്തിച്ചു വച്ചിരുന്ന നിലവിളക്കവരുടെ കയ്യിൽ ഏൽപ്പിച്ച് അവരെ ഉള്ളിലേക്ക് ക്ഷണിക്കുമ്പോൾ പുള്ളികുടയും പിടിച്ച് വന്ന പെണ്ണ് അച്ഛന്റെ കയ്യിൽ പിടിച്ചിരുന്നത് ഞാൻ കണ്ടിരുന്നു…
” കയറി വാ കണ്ണാ…. “എന്ന് വിളിച്ചുകൊണ്ടു ആ സ്ത്രീയ്ക്ക് പിന്നിലായി അച്ഛനും അച്ഛമ്മയും വീട്ടിലേക്ക് കയറുമ്പോൾ ആ പെണ്ണ് എന്നെ നോക്കി ചിരിച്ചുകൊണ്ട് കൈയ്യാട്ടി വിളിച്ചു …
എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഉമ്മറത്ത് തന്നെയിരിക്കുമ്പോൾ പെട്ടെന്നൊരു മിന്നലും അതിന്റെ പുറകെ ഇടിയും വന്നെങ്കിലും എന്നെ അത് തെല്ലും പേടിപ്പിച്ചിരുന്നില്ല….
” ഇടി വെട്ടുന്നുണ്ട് കയറി വാ കണ്ണാ…. “എന്നുപറഞ്ഞ് അച്ഛമ്മ വീണ്ടും വന്ന് വിളിക്കുമ്പോൾ, അച്ഛമ്മയുടെ ഒരു കൈയിൽ പിടിച്ചുകൊണ്ട് ആ പെണ്ണും
ഉണ്ടായിരുന്നു. അൽപ്പനിമിഷം വരെ എനിക്ക് മാത്രം അവകാശപെട്ടതിൽ ആ പെണ്ണ് കൂടി വന്ന് ചേരുന്നതിന്റെ ദേഷ്യമായിരുന്നു എന്റെ മനസ്സ് നിറയെ…..
” അച്ഛന്റെയൊപ്പം വന്നതാണ് മോന്റെ അമ്മ, ഇത് ചേച്ചിയും…. “സെറ്റിയിൽ ഇരുന്ന് അച്ഛമ്മ പറയുമ്പോൾ ഞാൻ ഒന്നും മിണ്ടാതെ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന അമ്മയുടെ ഫോട്ടോയിൽ നോക്കിയിരുന്നു….
അന്ന് രാത്രി എല്ലാവരും ഒരുമിച്ച് ഇരുന്ന് കഴിക്കുമ്പോൾ അച്ഛമ്മ എനിക്ക് നേരെ നീട്ടിയ പായസഗ്ലാസ്സ് കണ്ടപ്പോഴാണ് വൈകുന്നേരം അച്ഛമ്മ പായസമുണ്ടാക്കിയതിന്റെ കാരണം ചോദിച്ചതും ഒന്നും പറയാതെ അച്ഛമ്മ എന്നെ നോക്കി ചിരിച്ചതും ഓർമ്മ വന്നത്…
ഉറങ്ങാനായി മുറിയിൽ വന്ന അച്ഛമ്മയ്യുടെ കൂടെ ആ പെണ്ണിനേയും കണ്ടപ്പോൾ ഉള്ളിലെ ദേഷ്യം വീണ്ടും കൂടിയതെയുള്ളൂ.
കട്ടിലിന്റെയൊരു വശത്ത് അച്ഛമ്മയെ കെട്ടിപ്പിടിച്ചു ആ പെണ്ണ് കിടക്കുമ്പോൾ അതുവരെ ഉണ്ടായിരുന്ന എന്റെ സ്ഥാനം ഇല്ലാതാകുന്നത് പോലെയാണ് തോന്നിയത്. ഒന്നും മിണ്ടാതെ ഒരു വശം
ചരിഞ്ഞുകിടന്ന എന്നെ ചേർത്ത് പിടിച്ച അച്ഛമ്മയുടെ കൈകൾ എടുത്ത് മാറ്റി കട്ടിലിൽ ഇരിക്കുമ്പോൾ അച്ഛന്റെ മുറിയിൽ നിന്ന് അടക്കിപ്പിടിച്ച സംസാരം കേൾക്കുന്നുണ്ടായിരുന്നു….
അന്ന് രാത്രി ഉറങ്ങാതെ നിലത്ത് കിടക്കുമ്പോൾ ആ സ്ത്രീയോടും പെണ്ണിനോടും അടങ്ങാത്ത ദേഷ്യം മനസ്സിൽ പുകഞ്ഞു കൊണ്ടേയിരുന്നു…
പിറ്റേന്ന് രാവിലെ ആ പെണ്ണാണ് തട്ടി വിളിച്ചത്, ഒന്നും മിണ്ടാതെ എഴുന്നേറ്റ് അടുക്കളയിൽ പോകുമ്പോൾ, ആ സ്ത്രീ എന്തൊക്കെയോ ജോലികൾ
ചെയ്യുന്നുണ്ടായിരുന്നു, അവരോട് എന്തോ പറഞ്ഞ് ചിരിച്ച് അച്ഛമ്മയും അടക്കളയിലെ സ്റ്റൂളിൽ ഇരിപ്പുണ്ടായിരുന്നു….
ബ്രഷിൽ പേസ്റ്റ് തേച്ച് മുറ്റത്ത് നിന്ന് പല്ല് തേയ്ക്കുമ്പോൾ ആ പെണ്ണും പല്ല് തേച്ചെന്റെ അടുക്കൽ വന്ന് നിന്നു. പല്ല് തേച്ചു കഴിഞ്ഞ് വന്ന് ഭിത്തിയിലേ സ്റ്റാൻഡിൽ കൊണ്ട് വച്ച എന്റെ ബ്രഷിന്റെ അരികിൽ ആ പെണ്ണും ബ്രഷ് കൊണ്ട്
വയ്ക്കുമ്പോഴാണ് ദേഷ്യത്തോടെ അത് തട്ടി കളഞ്ഞത്, ഒന്നും മിണ്ടാതെ ആ പെണ്ണ് അതെടുത്ത് മാറ്റൊരിടത്തേക്ക് വയ്ക്കുമ്പോൾ ഞാൻ മനസ്സിൽ ഊറി ചിരിച്ചിരുന്നു…
” എനിക്കച്ഛമ്മ എടുത്ത് തന്നാൽ മതി… “കുളിച്ച് കഴിഞ്ഞ് വന്നിരിക്കുമ്പോൾ എന്റെ അരികിലേക്ക് ആഹാരം കൊണ്ട് വച്ച ആ സ്ത്രീയുടെ മുഖത്ത് നോക്കാതെയാണ് അത് പറഞ്ഞത്….
” മോന്റെ അമ്മയല്ലേ അത്,, മോൻ കഴിച്ചോ…. “അടുക്കളയിൽ നിന്ന് അച്ഛമ്മ വിളിച്ചു പറയുമ്പോൾ ദേഷ്യത്തോടെ എഴുന്നേറ്റ്,
കാലുകൊണ്ട് കസേര പിന്നിലേക്ക് തട്ടിയിട്ട് കൊണ്ട് പോകുമ്പോൾ ഒന്നും മിണ്ടാതെ എന്നെയും നോക്കി അച്ഛൻ മുറിയുടെ വാതിലും ചാരി നിൽപ്പുണ്ടായിരുന്നു…
അന്ന് കവിളിൽ ഉമ്മ തരാനോ, കൈ വീശി റ്റാറ്റാ കാണിച്ച് യാത്രയാക്കാനോ റോഡിന്റെയരികിൽ വരെ അച്ഛമ്മ വന്നിരുന്നില്ല,
എനിക്കുള്ള ചോറ്റു പാത്രവുമായി ആ പെണ്ണോടി എന്റെ അരികിലേക്കെത്തുമ്പോൾ ഞാൻ കൂട്ടുകാരുടെ തോളിൽ കൈയ്യിട്ട് നടന്നകന്നിരുന്നു….
വൈകുന്നേരം സ്കൂൾ കഴിഞ്ഞ് വന്ന് മുഷിഞ്ഞ ഡ്രസ്സ് മാറ്റി കുളിച്ചു വരുമ്പോഴാണ് ആ സ്ത്രീ എന്റെ ഡ്രസ്സ് അലക്കാൻ എടുക്കുന്നത് കണ്ടത്,
അവരിൽ നിന്ന് പിടിച്ച് വാങ്ങി അഴുക്ക് പിടിച്ച വെള്ള ഷർട്ട് കഴുകി ഇടുമ്പോൾ അതിൽ അങ്ങങ്ങായി അഴുക്കിന്റെ പാടുകൾ തെളിഞ്ഞു കാണുന്നുണ്ടായിരുന്നു.
അത് കണ്ടവർ എന്നെ നോക്കി ചിരിച്ചപ്പോൾ ആ ദേഷ്യം തീർത്തത് എനിക്ക് മുന്നിലേക്ക് ആ പെണ്ണ് കൊണ്ട് വന്ന ചായ ഗ്ലാസിനോടായിരുന്നു…
അവധി ദിവസം കൂട്ടുകാർക്കൊപ്പം കളിക്കാൻ പോകുമ്പോൾ ആ പെണ്ണും കൂടെ വന്നിരുന്നു, കൂട്ടുകാരൻ എറിഞ്ഞ പന്ത് അവൾക്ക് നേരെ വലിച്ചടിച്ചതും
അതവളുടെ തോളിൽ പതിഞ്ഞതും ഓരേ നിമിഷമായിരുന്നു. വേദനൊകൊണ്ട് ആ പെണ്ണ് പുളയുമ്പോൾ സന്തോഷം കൊണ്ടെന്റെ മനസ്സ് മതിമറക്കുകയായിരുന്നു….
വീട്ടിലെത്തി അവളുടെ അമ്മയ്ക്ക് കാണിച്ച് കൊടുക്കുമ്പോഴാണ് വട്ടത്തിൽ നീലിച്ചു കിടക്കുന്നത് ഞാനും കണ്ടത്, ഒന്ന് മിണ്ടാതെ ആ സ്ത്രീ എന്നെ
നോക്കുമ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു. അതിനെപ്പറ്റി അച്ഛൻ ഒന്നും ചോദിക്കാതെ ഇരുന്നപ്പോഴാണ് അവരത് അച്ഛനോട്
പറഞ്ഞു കാണില്ലെന്ന് മനസിലായത്, അതിൽപ്പിന്നെ അവരോടുള്ള ദേഷ്യം ഞാൻ പുറത്തേക്ക് പ്രകടിപ്പിച്ചിരുന്നില്ല,…
പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് ടു വിന് മറ്റൊരു ഗ്രൂപ്പ് തിരഞ്ഞെടുത്തത് അവൾ പഠിച്ച് കഴിഞ്ഞ ബുക്കുകൾക്ക് പകരം
പുതിയവ വാങ്ങാനുള്ള ആഗ്രഹത്തിന് പുറമെ ഇടയ്ക്ക് ഇടയ്ക്ക് അവളുടെ ഉപദേശം കേൾക്കാതിരിക്കാൻ കൂടിയായിരുന്നു…
ആയിടയ്ക്കാണ് അച്ഛന് പനി കൂടി ആശുപത്രിയിൽ ആയതും അത് പിന്നെ ന്യുമോണിയയായി അച്ഛൻ അമ്മയ്‌ക്കരികിലേക്ക് പോയതും.
അതിൽപ്പിനെ അച്ഛമ്മ മുറിയിൽ നിന്ന് ഇറങ്ങാതെ ഓരേ കിടപ്പായിരുന്നു, വീട്ടിൽ പട്ടിണി കൂടി കൂടി വന്നപ്പോൾ അച്ഛൻ ജോലി ചെയ്ത പ്രൈവറ്റ് സ്ഥാപനത്തിൽ ആ സ്ത്രീയ്ക്ക് ചെറിയ ജോലി കിട്ടിയത് ആയിരുന്നു പിന്നെ കുടുംബത്തിന്റെ ആശ്വാസം…
പിന്നെ പിന്നെ അവരായി കുടുംബത്തിന്റെ ഭരണം, എന്തിനും ഏതിനും അവരോട് കൈ നീട്ടെണ്ടി വന്നപ്പോഴാണ് ഉള്ളിൽ അടക്കി വച്ചിരുന്ന ദേഷ്യം പിന്നേയും പ്രകടിപ്പിക്കാൻ തുടങ്ങിയത്,
പ്ലസ് ടു കഴിയും മുന്നേ പല കൂട്ടുകെട്ടിൽ ചെന്നുപെടുകയും പഠിത്തം നിർത്തുകയും, ഓരോ ജോലിക്ക് പോകുകയും, കിട്ടുന്ന പൈസയ്ക്ക് കള്ള് കുടി തുടങ്ങുകയും ചെയ്തത് ആ സമയത്ത് ആയിരുന്നു….
അച്ഛമ്മ കൂടി പോയതോടെ വീട്ടിൽ സ്ഥിരം വഴക്ക് ആയിരുന്നു. വൈകുന്നേരം കൂട്ടുകാർക്കൊപ്പം ഷെയറിട്ടു വാങ്ങുന്ന സാധനം കുടിക്കുമ്പോൾ അവന്മാർ ഓരോന്ന് പറഞ്ഞ് എരിവ് കയറ്റുന്നതിന്റെ അരിശം തീർക്കുന്നത് വീട്ടിൽ ചെന്ന് അവിടുള്ള സാധങ്ങളോടായിരുന്നു.
അപ്പോഴൊന്നും ആ സ്ത്രീ കൈ കുമ്പിട്ട് എന്നോട് യാചിക്കുന്നതോ, അവൾ കരയുന്നതോ ഒന്നും കണ്ണിൽ ഉടക്കിയിരുന്നില്ല മറിച്ചവരോടുള്ള ദേഷ്യം മാത്രം വീണ്ടും വീണ്ടും തികട്ടി വന്നുകൊണ്ടിരുന്നതേയുള്ളു….
പിന്നെയൊരു ദിവസം അവർ അവളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അവരുടേതെന്ന് പറയാൻ ആ വീട്ടിൽ നിന്ന് ഒന്നും കൊണ്ടുപോയിരുന്നില്ല,
അവർ വീട്ടിൽ നിന്ന് ഇറങ്ങി പോകുമ്പോൾ യുദ്ധം ജയിച്ച രാജാവിനെ പോലെ സന്തോഷിക്കുയായിരുന്നു ഞാൻ. അവർ കൺമുന്നിൽ നിന്ന് മാഞ്ഞു പോകുന്നത് വരെ കൺകുളിർക്കേ ആ കാഴ്ച്ച നിന്ന് ആസ്വദിക്കുകയായിരുന്നു….
അവർ പോയ സന്തോഷത്തിൽ കൂട്ടുകാർക്കെല്ലാം എന്റെ വകയായിരുന്നു സൽക്കാരം. എല്ലാം കഴിഞ്ഞ് ആടിയാടി വീട്ടിൽ ചെല്ലുമ്പോൾ സന്തോഷം കൊണ്ട് ഉച്ചത്തിൽ വിളിക്കുകയും,
ചിരിക്കുകയുമൊക്കെ ചെയ്തിരുന്നു. ആ സന്തോഷം ആഘോഷിച്ചു കൊണ്ടെപ്പോഴോ നിലത്ത് വീണ് ഉറങ്ങി പോകുന്നത് വരെ എന്തൊക്കെയോ പിച്ചും പെയ്യും പറയുന്നുണ്ടായിരുന്നു….
പിറ്റേന്ന് രാവിലെ വല്ലാത്ത പരവേശം കൊണ്ടാണ് എഴുന്നേറ്റത്, എപ്പോഴോ അഴിഞ്ഞു പോയ മുണ്ടെടുത്തുടുത്ത് കൊണ്ട് അടുക്കളയിലേക്ക് ചെന്ന് ഒരു ഗ്ലാസ്സ് വെള്ളം ഒറ്റ വലിക്ക് അകത്താകുമ്പോൾ വയറ്റിലെന്തോ കുളിർമ്മ തോന്നി….
തിരികെ വീണ്ടും ഉമ്മറത്തേക്ക് വരുമ്പോൾ കണ്ടു, ഇന്നലെ തട്ടി മറിച്ച് ഇട്ടേക്കുന്ന കസേരകൾ അതിനിടയിൽ രാത്രി എപ്പോഴോ ഛർദ്ധിച്ചതിൽ ഈച്ചകൾ വന്നിരിക്കുന്നത് കണ്ടപ്പോൾ അറപ്പ്
തോന്നി. അപ്പോഴാണ് സ്വന്തം ശരീരത്തിലേക്ക് നോക്കിയത് ഷർട്ടിലും മുണ്ടിലും ഉണ്ട് ഛർദ്ധിയുടെ അവശിഷ്ടങ്ങൾ, എല്ലാം കൂടി വല്ലാത്ത നാറ്റം അടിച്ചപ്പോൾ ബക്കറ്റിൽ വെള്ളമെടുത്ത് അതിലേക്ക് തുണികൾ മുക്കിയിട്ടു….
കസേരകൾ എടുത്ത് വച്ച് ഛർദ്ധിൽ കഴുകികളഞ്ഞ് വീട് വൃത്തിയാക്കി ഇടുമ്പോൾ അന്ന് ആദ്യമായി ഞാൻ ആ സ്ത്രീയും അവളെയും ഓർത്തു…..
അന്ന് വൈകുന്നേരം കൂട്ടുകാർ വിളിച്ചെങ്കിലും പോകാൻ മനസ്സ് അനുവദിച്ചില്ല, ഇത്രയും നാൾ കഴിച്ചതും ചെയ്ത് കൂട്ടിയതും അവരെ
തോൽപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു. ഇനിയിപ്പോ ആരെ തോൽപ്പിക്കാൻ, അല്ലേ ആരെ കാണിക്കാൻ എന്തോ ഒന്നിനോടും താല്പര്യം തോന്നിയില്ല….
” ആ രണ്ട് ജീവനുകൾ പോയപ്പോൾ നിനക്ക് സമാധാനമായല്ലോടാ…. “ഉമ്മറത്ത് ഇരിക്കുമ്പോഴാണ് അടുത്ത വീട്ടിലെ മധുവേട്ടൻ അത് ചോദിച്ചത്, മറുപടി ഒന്നും പറയാൻ കഴിയാതെ അയാളുടെ മുഖത്ത് നോക്കാൻ കഴിയാതെ ഞാൻ തലകുമ്പിട്ട് ഇരുന്നേയുള്ളു…
” അവർ പോയതിന്റെ സന്തോഷം ആയിരുന്നല്ലേ ഇന്നലെ രാത്രി… ഇനി അയൽവക്കകാർക്ക് രാത്രി സമാധാനത്തോടെ കിടക്കാൻ പറ്റിയില്ലേ നീ ഇനി മുട്ടേൽ ഇഴയും പറഞ്ഞേക്കാം,
ഇന്നലവരെ ചോദിക്കാൻ വരുന്നവരുടെ കാൽ പിടിക്കാൻ ആ രണ്ട് പെണ്ണുങ്ങൾ ഉണ്ടായിരുന്നു ഇനി അതില്ലെന്ന ഓർമ്മ വേണം നിനക്ക് …… ”
കയ്യിൽ ഉണ്ടായിരുന്ന തടിച്ച മരക്കമ്പ് ഉയർത്തി അയാൾ പറയുമ്പോൾ ഒന്നും മിണ്ടാതെ അയാളെ നോക്കിയിരുന്നതേയുള്ളു….
വഴക്കോ, ഒച്ചപ്പാടൊ ഒന്നുമില്ലാതെ കുറെ നാളുകൾക്ക് ശേഷം ആ വീട് അന്ന് നിശബ്ദമായി. ഓരോ നിമിഷവും ആ വീട്ടിലിരിക്കുമ്പോൾ പഴയ കാലങ്ങൾ ഒന്നൊന്നായി ഓർമ്മകളിൽ വന്ന് കുത്തി നോവിച്ചു കൊണ്ടിരുന്നു….
ആ സ്ത്രീയും അവളും വന്നതും, അവരെ ദ്രോഹിച്ചതും, അവരുടെ കണ്ണുനീരിൽ, സന്തോഷം കണ്ടെത്തിയതുമൊക്കെ, പിന്നേയും പിന്നെയും അവരെ നോവിച്ചു കൊണ്ടിരുന്നു.
എന്തിന് വേണ്ടിയായിരുന്നു ദേഷ്യം, എന്നിട്ടെന്തു നേടി, അവസാനം തോറ്റ് പോയത് ഞാൻ തന്നെയല്ലേ ചിന്തകൾ വീണ്ടും വീണ്ടും മനസ്സിനെ അസ്വസ്ഥപ്പെടുത്തി കൊണ്ടിരുന്നു….
മനസിന് സമാധാനം കിട്ടാനാണ് കൂട്ടുകാരനെ വിളിച്ചത്, അവർ ഒഴിച്ച് തരുന്ന മദ്യം ഒറ്റ വലിക്ക് അകത്താകുമ്പോൾ മനസിന് എന്തോ ധൈര്യം വന്നത് പോലെ.
തിരികെ ആടിയുലഞ്ഞ് വീട്ടിൽ എത്തുമ്പോൾ ആ ധൈര്യത്തിന്റെ പുറത്താണ് അടുത്ത വീട്ടിലേക്ക് നോക്കി ഉച്ചത്തിൽ എന്തൊക്കെയോ വിളിച്ച് കൂവിയത്…
മധുവേട്ടൻ ഇറങ്ങി മുറ്റത്ത് എത്തുമ്പോൾ ശബ്ദത്തിനൊട്ടും കുറവ് വന്നില്ല, അയാൾ എന്തൊക്കെയോ എതിർത്ത് പറയുമ്പോൾ എന്റെ ശബ്ദം പിന്നെയും കൂടിയതും അയാളുടെ തഴമ്പുള്ള
കൈകൾ കവിളിൽ പതിഞ്ഞതും ഓരേ നിമിഷമായിരുന്നു. ആ അടിയുടെ ശക്തിയിൽ കാൽ ഉറയ്ക്കാതെ നിലത്തേക്ക് വീഴുമ്പോഴേക്കും ബോധം നഷ്ടമായിരുന്നു…
പിറ്റേന്ന് ബോധം വീഴുമ്പോൾ ഉമ്മറത്ത് നിലത്തായിരുന്നു, വായ് തുറക്കാൻ കഴിയാതെ നീര് വച്ച കവിളും തുടവി വീട്ടിലേക്ക് കയറുമ്പോൾ മനസ്സിൽ കുറ്റബോധമായിരുന്നു. സ്വന്തം മുഖം കണ്ണാടിയിൽ നോക്കുമ്പോൾ എനിക്ക് തന്നെ എന്നോട് വെറുപ്പ് തോന്നിയിരുന്നു…
ഷവറിനു കീഴെ നിൽകുമ്പോൾ, മനസ്സിലെ ചിന്തകൾ വീണ്ടുംമാറി മറിഞ്ഞുകൊണ്ടിരുന്നു, വീണ്ടും വീണ്ടും എല്ലാവരും എന്നെ തോൽപ്പിച്ചിരിക്കുന്നു, മറ്റുള്ളവരുടെ മുന്നിൽ കോമാളിയായി.
കുളിച്ചു കഴിയുമ്പോഴേക്കും ആ സ്ത്രീയെ,, അല്ല അമ്മയെയും ചേച്ചിയെയും തിരികെ വിളിക്കാൻ ഉറപ്പിച്ചിരുന്നു…
ആരോടൊക്കെ ചോദിച്ചാണ് ആ വീട് കണ്ടുപിടിച്ചത്, പഴയ ആ വീടിന് മുകളിൽ വിരിച്ചിരിക്കുന്ന പുതിയ ഡാർപ്പ കണ്ടപ്പോൾ തന്നെ കരച്ചിലിന്റെ വാക്കോളാം എത്തിയിരുന്നു …..
” അമ്മാ…. “ആ വാക്ക് മുറിഞ്ഞു പോകാതിരിക്കാൻ ശ്രമിച്ചു കൊണ്ടാണ് നീട്ടി വിളിച്ചത്. അല്പം കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങിവന്ന ചേച്ചിയെ കണ്ടപ്പോൾ
അതുവരെ പിടിച്ചു നിർത്തിയ കരച്ചിൽ പുറത്തേക്ക് വന്നുതുടങ്ങി. ചേച്ചിക്ക് പിന്നിൽ അമ്മ വന്ന് നിന്നപ്പോൾ കണ്ണുനീർ തുടച്ച് ചിരിക്കാൻ ശ്രമിച്ചു…
” ആരാ… എന്തുവേണം…. “അമ്മയുടെ ആ ചോദ്യം എന്നെ ഒട്ടും അത്ഭുതപ്പെടുത്തിയില്ല, ഇതിൽ കൂടുതലാണ് ഞാൻ പ്രതീക്ഷിച്ചിരുന്നത്…” അമ്മ… ഞാൻ…. ”
വാക്കുകൾ പുറത്തേക്ക് വരാൻ ബുദ്ധിമുട്ടിയിരുന്നു….” അമ്മയോ,,,, ഏതമ്മാ,…. ആരുടെയമ്മ… എനിക്ക് ഒരു മോളെയുള്ളൂ അതാണ് ഈ നിൽക്കുന്നത്, വേറെ ഒരു മക്കളും ഇല്ല, വേറെ ആരുടെയും അമ്മയുമല്ല ഞാൻ…. ”
അമ്മ പറയുമ്പോൾ ഒന്നും മിണ്ടാതെ തല കുമ്പിട്ട് നിന്നേയുള്ളു…” എവിടുന്നോ നല്ലത് കിട്ടിയല്ലോ, ദേണ്ടെ മോന്ത നീര് വച്ചിരിക്കുന്നു… ഇതുപോലെ ഞാൻ പണ്ടേ തന്നിരുന്നേൽ നീയൊക്കെ നന്നായി
പോയേനെ, അത് തരാത്തതാണ് എന്റെ തെറ്റ്…. രണ്ടാനമ്മയല്ലേ സ്വന്തം മക്കളെ പോലെ തല്ലാൻ പറ്റില്ലല്ലോ, പിന്നെയത് മതി നാട്ടുകാർക്ക്,,,, അല്ലെത്തന്നെ രണ്ടാനമ്മയെന്നാൽ ഏതോ ഭീകര ജീവിയെ പോലെയാണ്…. ”
ഒഴുകി വന്ന കണ്ണുനീർ തുടച്ച് അമ്മയെ നോക്കുമ്പോൾ ആ മുഖത്ത് തെല്ലും ദയയില്ലായിരുന്നു….
” നീ അവിടെ കുടിച്ചും, പെടുത്തും, ഛർദ്ധിച്ചും, ഉടുതുണിയില്ലാതെ എത്രയോ ദിവസങ്ങൾ….. ഞാനോ പോട്ടെ ദേ ഒരു പെണ്ണ് ഉണ്ടെന്ന ഒരു വിചാരം നിനക്ക് ഉണ്ടായിരുന്നോടാ… എന്നോടും
ഇവളോടും എന്തിനാടാ നിനക്ക് ദേഷ്യം ഞങ്ങൾ നിന്നെ എന്ത് ചെയ്തിട്ട… നിന്റെ അച്ഛനുണ്ടല്ലോ ആ മനുഷ്യൻ അങ്ങേരുടെ നന്മയുടെ ഒരംശം എങ്കിലും നിനക്ക് ഇല്ലാതായിപോയല്ലോ ടാ…
അമ്മയില്ലാതെ എന്റെ മോൻ ഒരുപാട് വിഷമിക്കുന്നു നിന്നെ സ്വന്തം അമ്മയെ പോലെതന്നെ കാണും, എന്നും പറഞ്ഞാണ് ആ വീട്ടിലേക്ക് കൊണ്ട് വന്നത്, എന്നിട്ട് ഒരു ദിവസമെങ്കിലും പോട്ടെ ഒരു വാക്ക് എങ്കിലും എന്നോടും
ഇവളോടും സ്നേഹത്തോടെ സംസാരിച്ചിട്ടിട്ടുണ്ടോ നീ… അപ്പൊ നിനക്ക് നമ്മളോട് ദേഷ്യം, ഇനി പറ്റില്ല, നീയിപ്പോ വളർന്ന് വല്യ ആളായി ഇനി എന്റെ ആവശ്യമില്ല…. ഇനി മേലാൽ അമ്മയെന്നും വിളിച്ചുകൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്…. ”
അത് പറഞ്ഞമ്മ ഉള്ളിലേക്ക് കയറി പോകുമ്പോൾ തിരികെ വിളിക്കാൻ പോലും കഴിയാതെ ആ മുറ്റത്ത് തന്നെ ഞാൻ നിന്നു….” കണ്ണൻ പൊയ്ക്കോളൂ… “” ചേച്ചി….. ”
ചേച്ചിയെ വിളിക്കുമ്പോഴേക്കും തിരിഞ്ഞ് നിന്നൊന്ന് ചിരിച്ചെന്ന് വരുത്തി ചേച്ചിയും അകത്തേക്ക് പോയി. തിരികെ നടക്കുമ്പോൾ എനിക്ക് ഉറപ്പായിരുന്നു ആ തീരുമാനത്തിന് മാറ്റം ഉണ്ടാകില്ലെന്ന് അത്രയ്ക്ക് ദ്രോഹിച്ചിട്ടുണ്ടല്ലോ….
പിന്നെയുള്ള ദിവസങ്ങളിൽ ഓരോ നിമിഷവും അവർ തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു. ഒരു ദിവസം രാവിലെ വാതിലിൽ തട്ടുന്ന ശബ്ദം കേട്ട്
ചാടി എഴുന്നേൽക്കുമ്പോൾ അമ്മയെത്തിയെന്നുള്ള സന്തോഷമായിരുന്നു, മറ്റാരും ഇല്ലല്ലോ ആ വാതിലിൽ മുട്ടാൻ…..
ചിരിച്ചുകൊണ്ട് വേഗം ചെന്ന് വാതിൽ തുറക്കുമ്പോൾ കണ്ടു ഉമ്മറത്ത് നിൽക്കുന്ന സ്ത്രീയെ, കയ്യിലിരുന്ന പേപ്പർ എനിക്ക് നേരെ കാണിച്ചു കൊണ്ട് കയ്യും നീട്ടി നിൽക്കുകയാണവർ.
എന്റെ മുഖത്തെ സന്തോഷം മാറി നിരാശ പടരാൻ അതികസമയം വേണ്ടി വന്നില്ല.. പോക്കറ്റിൽ നിന്ന് പൈസയെടുത്ത് അവരുടെ കയ്യിൽ കൊടുക്കുമ്പോൾ ” മോനെ ദൈവം അനുഗ്രഹിക്കും… ”
എന്നും പറഞ്ഞവർ നടന്നകന്നു …
‘ ദൈവം ….. അനുഗ്രഹം….’
മനസ്സിൽ അത് വീണ്ടും പറയുമ്പോൾ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു… ആ ചിരിയുമായി അമ്മയും ചേച്ചിയും വരുമെന്ന പ്രതീക്ഷയുടെ ആ സ്ത്രീ നടന്ന് പോയ വഴിയിലേക്ക് നോക്കി ഞാനും ഇരുന്നു…..