ഇരുട്ടിയാൽ പിന്നെ ഈ സ്ഥലം അത്ര നല്ലതല്ല അപ്പുറത്ത് ആണ് ബിവറേജ് കുറെ കുടിയന്മാർ വെറുതെ തെറിയും വിളിച്ചു നടക്കുന്ന സ്ഥലമാണ്…”

രണ്ടുമനുഷ്യർ
(രചന: ശ്യാം കല്ലുകുഴിയിൽ)

അന്ന് ബോസ്സിന്റെ ക്യാബിനിലേക്ക് കയറി ചെല്ലുമ്പോൾ അയാളെ ചേർന്ന് നിന്ന് എന്തോ പറഞ്ഞ് ചിരിക്കുന്ന മെർളിനെയാണ് കണ്ടത്,

ഓഫിസിൽ ജോയിൻ ചെയ്തപ്പോൾ തന്നെ പലരും അവരെക്കുറിച്ച് ഒരുപാട് കഥകൾ പറഞ്ഞെങ്കിലും ഇന്ന് നേരിൽ കണ്ടപ്പോൾ മനസ്സിൽ അവരോട് അറപ്പാണ് തോന്നിയത്,

എന്നെ കണ്ടിട്ടും അവർ ഒരു കൂസലും ഇല്ലാതെ എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ അവരോടുള്ള ദേഷ്യം കൂടിയതെയുള്ളു….

അച്ഛനെ ആശുപത്രിയിൽ ചെക്കപ്പിന് കൊണ്ട് പോകേണ്ടത് കൊണ്ട് രണ്ടു ദിവസം ലീവ് വേണമെന്ന് ബോസ്സിനോട് പറയുമ്പോൾ വർക്ക് ഒന്നും പെന്റിങ് ആകരുത് എന്നാണ് അയാൾ പറഞ്ഞത്,

തലകുലുക്കി സമ്മതിച്ചുകൊണ്ട് അവിടെ നിന്ന് ഇറങ്ങുമ്പോൾ വീണ്ടും മെർളിന്റെ അടക്കി പിടിച്ചുള്ള സംസാരവും ചിരിയും ഞാൻ കേട്ടിരുന്നു…

രണ്ട് ദിവസം ലീവ് ആയത് കൊണ്ട് വർക്ക് കഴിഞ്ഞിറങ്ങുമ്പോൾ നേരം പതിവിലും വൈകിയിരുന്നു, ഏതോ രാഷ്ട്രീയ പാർട്ടി പ്രവർത്തകന്റെ മരണത്തിൽ അന്ന് മിന്നൽ പണിമുടക്ക് ആണെന്ന് അറിയുന്നത് തന്നെ ഓഫീസിൽ നിന്നിറങ്ങി കഴിയുമ്പോൾ ആണ്…

ഓഫീസിൽ നിന്ന് കുറച്ചകലെയുള്ള ബസ്സ് സ്റ്റോപ്പിൽ എത്തുമ്പോഴേക്കും ഇരുട്ട് പടർന്ന് തുടങ്ങിയിരുന്നു. ബസ്സ് സ്റ്റോപ്പിൽ ഏതോ തുണിക്കടയിൽ ജോലി ചെയ്യുന്ന മൂന്ന് നാല് സ്ത്രീകളെ കണ്ടപ്പോൾ മനസ്സിൽ ഒരു ആശ്വാസം ആയി,

അവർക്ക് അരികിൽ ചെന്ന് നിൽക്കുമ്പോൾ ഒന്ന് രണ്ട് പുരുഷന്മാർ മാറി നിന്ന് എന്നെ ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ വീണ്ടും ഉള്ളിൽ ഭയം ഉയർന്നിരുന്നു….

അവിടെ ജോലിക്ക് കയറിയിട്ട് ഒരു മാസം ആകുന്നതെയുള്ളൂ, ഇനിയെപ്പോഴാണ് വീട്ടിലേക്കുള്ള ബസ്സ് വരുന്നത് എന്നറിയില്ല, പണി മുടക്ക് ആയത് കൊണ്ട് ബസ്സ് ഉണ്ടോ എന്നും അറിയില്ല,

എങ്കിലും പ്രതീക്ഷയോടെ ബസ്സ് വരുന്ന ദിശയിലേക്ക് മറ്റു സ്ത്രീകളെ പോലെ ഞാനും നോക്കി നിന്നു…

നീട്ടി ശബ്ദം മുഴക്കി ഒരു ബസ്സ് വരുന്നത് കണ്ടതും അവിടെ ഉണ്ടായിരുന്ന സ്ത്രീകൾ ആശ്വാസത്തോടെ റോഡിലേക്ക് ഇറങ്ങി നിന്നു,

ബസ്സിൽ നിറയെ ആൾക്കാർ കുത്തി ഞെരുങ്ങി നിൽക്കുന്നത് കണ്ടപ്പോൾ അവർ ആ ബസ്സിൽ കയറല്ലേ എന്ന് ആഗ്രഹിച്ചത് അവിടെ ഒറ്റയ്ക്ക് നിൽക്കാനുള്ള ഭയം കൊണ്ടായിരുന്നു,

എന്നാലും ആ സ്ത്രീകൾ ആ ബസ്സിൽ കയറിപറ്റി അത് മുന്നോട്ട് നീങ്ങി തുടങ്ങിയപ്പോൾ ആ ബസ്സ് സ്റ്റോപ്പിൽ ഞാൻ തനിച്ചയി.

അപ്പുറം നിന്ന രണ്ട് മനുഷ്യന്മാർ ബസ്സ് സ്റ്റോപ്പിലേക്ക് നടന്ന് വരുമ്പോൾ എന്റെ നെഞ്ചിടിപ്പും കൂടി തുടങ്ങി, പെട്ടെന്ന് ഫോൻ ശബ്ദിച്ചു തുടങ്ങിയപ്പോൾ ഞാൻ ഞെട്ടലോടെയാണ് മൊബൈൽ ബാഗിൽ പരതിയത്…

ഫോണിൽ അമ്മയുടെ ഫോട്ടോ തെളിഞ്ഞു വന്നപ്പോൾ ആശ്വാസത്തോടെ ഫോൺ ചെവിയിലേക്ക് വച്ചു…

” മോളെ ഇറങ്ങിയില്ലേ ഇതുവരെ…”” ഇറങ്ങിയമ്മേ ബസ്സ് കാത്ത് നിൽക്കുകയാ …”” ഇനിയിപ്പോ ബസ്സ് ഉടനെ ഉണ്ടോ നേരം ഇരുട്ടി തുടങ്ങിയാലോ, ഞാൻ കവല വരെ വന്ന് നിൽക്കണോ…”

” വേണ്ടമ്മേ ഞാൻ വന്നോളം…”വെറുതെ അമ്മയെ കൂടി ടെൻഷൻ അടുപ്പിക്കേണ്ട എന്ന് കരുതിയാണ് അങ്ങനെ പറഞ്ഞത്. ഫോൻ കട്ട് ചെയ്ത് വീണ്ടും ബാഗിൽ വച്ച് പ്രതീക്ഷയോടെ ബസ്സും കാത്ത് നിന്നു…

ബസ്സ് സ്റ്റോപ്പിൽ നിന്ന രണ്ട് പുരുഷന്മാർക്ക് അടുത്തേക്ക് പിന്നെയും രണ്ട് മൂന്നുപേർ വരുകയും, അവർ എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നതും കേട്ടപ്പോൾ ഭയം കൊണ്ട് വിയർക്കാൻ തുടങ്ങിയിരുന്നു ഞാൻ,

അകലെ നിന്ന് ഒരു മനുഷ്യൻ ചിരിച്ചു കൊണ്ട് അരികിലേക്ക് നടന്ന് വരുന്നത് കണ്ടപ്പോൾ ആശ്വാസത്തോടെ ആ മുഖത്തേക്ക് നോക്കി….

പ്രദീപ്,,, അയാൾ തന്നെ മെർളിന്റെ ഉറ്റ സുഹൃത്ത്, സുഹൃത്ത് മാത്രം അല്ലെന്നാണ് ഓഫീസിൽ പരക്കെയുള്ള സംസാരം, എന്നാലും അവർ രണ്ടുപേരും അതൊന്നും ശ്രദ്ധിക്കാറേയില്ല,

അവർ എപ്പോഴും കളിച്ചും ചിരിച്ചും നടക്കുന്നത് കാണുമ്പോൾ ഓഫീസിൽ ഉള്ളവർ ഓരോ കഥകൾ പറഞ്ഞു കൊണ്ടേയിരുന്നു….

” താനിന്ന് ഇറങ്ങാൻ വൈകിയല്ലേ…”അത് പറഞ്ഞ് അയാൾ എന്റെ അരികിലേക്ക് നിൽക്കുമ്പോൾ ഞാൻ ഒന്ന് മൂളിയതെ ഉള്ളൂ….

” പണിമുടക്ക് ആയത് കൊണ്ട് ഇന്നിനി ബസ്സ് ഉണ്ടെന്ന് തോന്നുന്നില്ല, എന്റെ ഒരു സുഹൃത്ത് വരും, തന്നെ വേണേൽ വീട്ടിൽ ഇറക്കാം….”

അയാൾ അത് പറയുമ്പോഴും ഞാൻ ബസ്സ് വരും എന്ന പ്രതീക്ഷയോടെ റോഡിലേക് തന്നെ നോക്കി നിൽക്കുക ആയിരുന്നു….

” ഇരുട്ടിയാൽ പിന്നെ ഈ സ്ഥലം അത്ര നല്ലതല്ല അപ്പുറത്ത് ആണ് ബിവറേജ് കുറെ കുടിയന്മാർ വെറുതെ തെറിയും വിളിച്ചു നടക്കുന്ന സ്ഥലമാണ്…”

അയാൾ അത് കൂടി പറയുമ്പോൾ ഞാൻ ചുറ്റും ഒന്ന് കണ്ണോടിച്ചു, ബസ്സ് സ്റ്റോപ്പിന് പുറക് വശമൊക്കെ കുറ്റിക്കടാണ്, അവിടെ നിന്ന് ചിലർ ചിറിയും തുടച്ചുകൊണ്ട് വരുന്നത് കാണാം.

ബസ്സ് സ്റ്റോപ്പിൽ ചിലർ ഉച്ചത്തിൽ എന്തോ പറഞ്ഞ് ചിരിക്കുന്ന ശബ്ദം കൂടി കേട്ട് തുടങ്ങിയപ്പോൾ ഭയം കൊണ്ട് ശരീരമാകെ തളരുന്നത് പോലെ തോന്നി…. കുറച്ചു കഴിഞ്ഞപ്പോഴാണ് ഒരു കാർ വന്ന് നിന്നത്,..

” പ്രദീപ്……” കാറിന്റെ സൈഡ് വിന്റോ ഗ്ലാസ് താഴ്ത്തി ഡ്രൈവിങ് സീറ്റിൽ നിന്ന് ഒരു സ്ത്രീ ശബ്ദം കേട്ടപ്പോൾ പ്രദീപ് ചിരിച്ചുകൊണ്ട് കാറിന്റെ അരികിലേക്ക് നടന്ന് താല താഴ്ത്തി അവരോട് എന്തോ പറയുന്നതിനൊപ്പം ഇടയ്ക്ക് എനിക്ക് നേരെ കൈ ചൂണ്ടുകയും ചെയ്തു…

” എടൊ കയറിക്കോ വീട്ടിൽ ആക്കാം…”പ്രദീപ് അത് പറഞ്ഞ് കാറിന്റെ മുൻ സീറ്റിൽ കയറുമ്പോൾ മടിച്ച് ആണേലും ഞാൻ കയറി, കയറും മുന്നേ വീണ്ടും ഒന്നകൂടി ബസ്സ് വരുന്നുണ്ടോ എന്ന് നോക്കിയിരുന്നു…

കാറിൽ കയറുമ്പോൾ പഴയ ഹിന്ദി പാട്ട് ചെറിയ ശബ്ദത്തിൽ കേൾക്കുന്നുണ്ടായിരുന്നു, കാറിന്റെ ഏസിയിൽ ഇരിക്കുമ്പോഴും എന്തെന്നില്ലാതേ ശരീരം ആകെ വിയർക്കുന്നുണ്ടായിരുന്നു,

ഇടയ്ക്ക് അവർ എന്തോ പറഞ്ഞു ചിരിക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു എങ്കിലും എന്റെ പ്രാർത്ഥന പെട്ടെന്നു വീട്ടിൽ എത്തണെ എന്നായിരുന്നു…

ഇടയ്ക് വണ്ടി ഓടിക്കുന്ന സ്ത്രീ വഴി ചോദിക്കുമ്പോൾ പറഞ്ഞു കൊടുക്കുന്നത് ഒഴിച്ചാൽ അവർ രണ്ട് പേരും എന്നോടൊ, ഞാൻ അവരോടോ ഒന്നും മിണ്ടിയിരുന്നില്ല. വീട്ടിലേക്കുള്ള ചെറിയ റോഡിലേക് വണ്ടി തിരിയുമ്പോഴാണ് മനസ്സിന് ഒരു ആശ്വാസം വന്നത്.

വീടിന് മുന്നിൽ കാർ നിന്ന് ഇറങ്ങുമ്പോൾ ഉമ്മറത്ത് അമ്മ നിൽപ്പുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് കയറുമ്പോഴേക്കും കാർ വീണ്ടും വേഗത്തി തിരിച്ചു പോയി കഴിഞ്ഞിരുന്നു…

” ആരാ മോളെ കൊണ്ട് വന്നത്…”” അത് കൂടെ ജോലി ചെയ്യുന്നവർ ആണ്….”” എന്നാ പിന്നെ, അവരെക്കൂടി വീട്ടിലേക്ക് ഒന്ന് വിളിക്കായിരുന്നില്ലേ നിനക്ക്…..”

അമ്മ അത് പറയുമ്പോഴാണ് അവരോട് ഒരു നന്ദി വാക്കുപോലും പറഞ്ഞില്ലല്ലോ എന്നോർത്ത്…” അവർക്ക് വേറെ ഒന്ന് രണ്ടിടത്ത് കൂടി പോണമമ്മേ….”

എന്ന് പറഞ്ഞ് ഡ്രെസ്സ് മാറാൻ മുറിയിലേക്ക് കയാറുമ്പോഴും അവരോട് ഒരു നന്ദി വാക്കുപോലും പറയാൻ പറ്റാത്ത സങ്കടം മനസ്സിൽ ഉണ്ടായിരുന്നു,

എങ്ങനെയുള്ള ആളായാലും എന്നോട് മര്യാദയ്ക്ക് അല്ലെ പെരുമാറിയത്, എന്തായാലും ഓഫിസിൽ ചെല്ലുമ്പോൾ കയ്യോടെ ഒരു നന്ദി പറയണം എന്ന് മനസ്സിൽ ഉറപ്പിച്ചിരുന്നു….

പിറ്റേന്നു അച്ഛനെയും കൂട്ടി ആശുപത്രിയിൽ എത്തി ഡോക്ടറിന്റെ മുറിക്ക് മുൻപിൽ എത്തി ഇരിക്കാൻ ഒരു കസേര നോക്കുമ്പോൾ ആണ് അവിടെ ഇരിക്കുന്ന മെർളിനെ കണ്ടത്,

ഒറ്റ നോട്ടത്തിൽ അവരെ ആരും തിരിച്ചറിയില്ല, ഓഫിസിൽ വരുന്നത് പോലെയല്ല, മുഖത്ത് ഛായങ്ങൾ ഒന്നും ഇല്ലാതെ, മുടികൾ പിന്നിൽ കെട്ടിയിട്ട അവരുടെ വേഷം ഒരു ചുരിദാറായിരുന്നു,

അവർക്ക് അരികിലായി ശരീരം ശോഷിച്ച, മുടികൾ കൊഴിഞ്ഞ ഒരു മനുഷ്യനും ഇരിപ്പുണ്ട്…..

അല്പ സമയം അവരെ നോക്കി നിന്നപ്പോൾ അവർ എന്റെ മുഖത്ത് നോക്കി ഒരു നേർത്ത പുഞ്ചിരി തന്നു, എന്നിട്ട് എന്നെ ചൂണ്ടി കാണിച്ചു കൊണ്ട് അടുത്തിരിക്കുന്ന മനുഷ്യനോട് എന്തോ പറഞ്ഞപ്പോൾ, അയാളും ഒന്ന് ചിരിക്കാൻ ശ്രമിച്ചു.

ഡോക്ടറിന്റെ മുറിയിൽ നിന്ന് വന്ന നേഴ്‌സ് ആരുടെയോ പേര് വിളിച്ചപ്പോൾ മെർളിന്റെ അടുത്തിരുന്ന രണ്ടുപേർ എഴുന്നേറ്റ് ഡോക്ടറിന്റെ മുറിയിലേക്ക് കയറി, ഒഴിഞ്ഞ കസേരയിലേക്ക് അച്ഛനെ ഇരുത്തി മെർളിന്റെ അരികിൽ ഞാൻ ഇരുന്നു…..

അവരുടെ അടുത്ത് ഇരിക്കുമ്പോൾ മനസ്സ് വല്ലാതെ അസ്വസ്ഥമായിരുന്നു, ഇത്രയും ദിവസം അവരോട് തോന്നിയിരുന്ന ദേഷ്യത്തിന്റെയും വെറുപ്പിന്റെയും കുറ്റബോധം എന്നോളം എനിക്ക് അവരോട് ഒന്നും മിണ്ടാൻ സാധിച്ചിരുന്നില്ല,

എനിക്ക് ഒരു പുഞ്ചിരി മാത്രം തന്നുകൊണ്ടവർ അടുത്തിരുന്ന ആളിനോട് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു….

” ആന്റണി…..”ഡോക്ടറിന്റെ മുറിയിൽ നിന്ന് ഇറങ്ങി നേഴ്‌സ് വിളിച്ചപ്പോൾ മെർളിൻ അയാളെയും കൂട്ടി ഡോക്ടറിന്റെ മുറിയിലേക്ക് കയറി, അവർ പോകുന്നതും നോക്കി ഇരിക്കുമ്പോൾ മനസ്സ് വല്ലാതെ കുറ്റബോധത്തോടെ നീറുന്നുണ്ടായിരുന്നു…

അടുത്തത് ഞങ്ങളുടെ ഊഴം ആയിരുന്നു, ഞങ്ങൾ മുറിയിലേക്ക് കയറുമ്പോൾ മെർളിനും ആന്റണിയും പുറത്തേക്ക് ഇറങ്ങുക ആയിരുന്നു, അവരുടെ മുഖത്ത് അപ്പോൾ പുഞ്ചിരി ഉണ്ടായിരുന്നില്ല…

പിറ്റേ ദിവസം കൂടി ലീവ് ചോദിച്ചിരുന്നു എങ്കിലും മെർളിനെ കാണാനും സംസാരിക്കാനും ഉള്ള ആഗ്രഹം കൊണ്ടാണ് ലീവ് ഒഴിവാക്കി ഓഫീസിലേക്ക് പോയത്.

അവിടെ ചെല്ലുമ്പോൾ ആദ്യം തിരഞ്ഞത് മെർളിനെ ആയിരുന്നു, അവർ അപ്പോഴും എത്തിയിരുന്നില്ല, പിന്നെയാണ് പ്രദീപിന്റെ അടുത്തേക്ക് ചെന്നത്…” താങ്‌സ്….”

ലാപ്പിൽ നോക്കി ഇരിക്കുന്ന അയാളുടെ പുറകിൽ ചെന്ന് നിന്ന് പറയുമ്പോഴാണ് എന്തിനാ എന്ന അർത്ഥത്തിൽ അയാൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു…

” അന്ന് വീട്ടിൽ ആക്കിയതിന്,, അപ്പോൾ ഒന്നും പറയാൻ പറ്റിയില്ല., സോറി…..”കുറ്റബോധത്തോടെയാണ് ഞാൻ അത് പറഞ്ഞത്, അയാൾ ചിരിച്ചുകൊണ്ട് തലയാട്ടി വീണ്ടും ലാപ്പിലേക്ക് നോക്കി ഇരുന്നു, മേർളിനെ കുറിച്ചു ചോദിക്കാൻ തുടങ്ങിയെങ്കിലും പിന്നെ വേണ്ടെന്ന് കരുതി തിരികെ എന്റെ ചെയറിലേക്ക് നടന്നു….

കുറച്ച് കഴിഞ്ഞ് മെർളിൻ പ്രദീപിന്റെ തലയിൽ ഒരു തട്ടും കൊടുത്ത് ഓടി ബോസ്സിന്റെ ക്യാബിനിലേക് കയറി പോകുന്നത് കണ്ടു, ഇന്നലത്തെ പോലെ അല്ലായിരുന്നോ അവർ വീണ്ടും മാറി,

മുടികൾ പറത്തി ഇട്ട്, ചുണ്ടിൽ ലിപ്സ്റ്റിക് തേയ്ച്ച്, ജീൻസ് ഷർട്ടും ഇട്ട്, പേർഫ്യൂമിന്റെ മണവും പരത്തി അവർ ക്യാബിനിലേക്ക് കയറുന്നത് ഞാൻ നോക്കിയിരുന്നു…

മിക്കവാറും എല്ലാവരും ഉച്ചയ്ക്കുള്ള ആഹാരം പുറത്ത് നിന്ന് ഓർഡർ ചെയ്ത് കഴിക്കുന്നത് കൊണ്ട് ഞാൻ അവരിൽ നിന്ന് മാറിയിരുന്നു തനിച്ചാണ് കഴിക്കുന്നത്. അന്നും വന്നിരുന്നു ചൊറിന്റെ പാത്രം തുറന്നപ്പോൾ മെർളിൻ എന്റെ അരികിലേക്ക് എത്തി ഒപ്പം പ്രദീപും ഉണ്ടായിരുന്നു….

” ഞങ്ങളും ഉണ്ടേ കഴിക്കാൻ….”അത് പറഞ്ഞ് മെർളിൻ എന്റെ അരികിൽ ഇരുന്നു, എതിർ വശത്തായി പ്രദീപും, അവരുടെ കയ്യിൽ ഉണ്ടായിരുന്ന ഒരു പാത്രം പ്രദീപിന് കൊടുത്ത്, അവർ പാത്രം തുറക്കുമ്പോൾ നോട്ടം എന്റെ പാത്രത്തിലേക്ക് ആയിരുന്നു….

” ഓ ഇന്നും ചോറും ചമ്മന്തിയും, തോരനും ആണോ. കമ്പനിക്ക് നഷ്ടം ആണ് ട്ടാ….”ചോർ പാത്രം തുറന്ന് നോക്കി പ്രദീപ് അത് പറയുമ്പോൾ അവർ അവനെ കണ്ണുരുട്ടി കാണിച്ചു…” ഇന്നാ മത്തി വറുത്തത് കൂടി എടുത്തോ…”

എന്ന് പറഞ്ഞ് മെർളിൻ എന്റെ പാത്രത്തിൽ നിന്ന് പൊരിച്ച മീനിന്റെ ഒരു കക്ഷണം എടുത്ത് പ്രദീപിന്റെ ചോറിൽ വച്ച് കൊടുത്തിട്ട് എന്റെ മുഖത്തേക്ക് നോക്കുമ്പോൾ ഞാൻ ഒന്ന് ചിരിച്ചു, അപ്പോൾ അവരും ചിരിച്ചു കൊണ്ട് ഭക്ഷണം കഴിച്ചു തുടങ്ങി…

ആഹാരം കഴിക്കുമ്പോഴും അവർ രണ്ടുപേരും എന്തൊക്കെയോ പറയുകയും ചിരിക്കുകയും ചെയ്യുമ്പോൾ, എന്റെ മനസ്സിൽ നൂറായിരം ചോദ്യങ്ങൾ ഉയർന്നിരുന്നു…..

” അതേ ഇന്ന് നേരത്തെ ഇറങ്ങാം കേട്ടോ, ഞാൻ ബോസ്സിനോട് പറഞ്ഞിട്ടുണ്ട്…”ഭക്ഷണം കഴിച്ചു കഴിഞ്ഞ് തോളിൽ തട്ടി പറഞ്ഞവർ ഏഴെന്നേറ്റ് പോകുമ്പോൾ എനിക്ക് ഒന്നും മനസ്സിലായിരുന്നില്ല….

” ഏയ്‌ വാ.. പോകാം…”മൂന്ന് മണി കഴിഞ്ഞു വന്നവർ എന്നോട് പറയുമ്പോൾ ഞാൻ സംശയത്തോടെ അവരെ നോക്കി…

” താൻ ഷട്ട്ഡൗൻ ചെയ്തു വാ, ഞാൻ പുറത്ത് വെയിറ്റ് ചെയ്യാം….”ഞാൻ മറുപടി എന്തേലും പറയും മുന്നേ അവർ നടന്നകന്നിരുന്നു. കുറച്ചു നേരം എന്ത് ചെയ്യണം എന്നറിയാതെ ഇരുന്ന ശേഷമാണ് ഞൻ ബാഗും എടുത്ത് പുറത്തേക്ക് ഇറങ്ങിയത്….

റോഡിന്റെ മറുവശം നിന്നവർ കൈയാട്ടി എന്നെ വിളിച്ചു, ഞാൻ അവർക്കരികിലേക്ക് ചെല്ലുമ്പോൾ അവർ ഒരു ഓട്ടോ വിളിച്ചിരുന്നു, അതിൽ കയറി ഇരിക്കുമ്പോഴും നമ്മൾ പരസ്പ്പരം ഒന്നും സംസാരിച്ചിരുന്നില്ല…..

വണ്ടി ഒരു പാർക്കിന്റെ മുന്നിൽ നിൽക്കുമ്പോൾ അവർക്കൊപ്പം ഞാനും ഇറങ്ങി. വണ്ടികാരന് പൈസയും നൽകി അവർ നടക്കുമ്പോൾ അവർക്കൊപ്പം ഞാനും നടന്നു.

പാർക്കിന്റെ ഉള്ളിലെ വല്യ മരത്തിന്റെ ചോട്ടിൽ അവർക്കൊപ്പം ഇരിക്കുമ്പോൾ ചെറിയ തണുപ്പ് ഉണ്ടായിരുന്നു…

കുറെ നേരം ഒന്നും മിണ്ടാതെ ഞങ്ങൾ രണ്ടാളും അവിടെ ഓടി കളിക്കുന്ന കുട്ടികളെയും നോക്കി ഇരുന്നു…

” തന്റെ മനസ്സിൽ ഇപ്പോൾ എന്നെ കുറിച്ച് ഒരുപാട് സംശയങ്ങൾ ഉണ്ടാകും അല്ലെ….”ഞങ്ങൾക്ക് ഇടയിൽ ഉണ്ടായ ഏറെ നേരത്തെ നിശബ്ദതയ്ക്ക് ശേഷമാണ് അവർ സംസാരിച്ചു തുടങ്ങിയത്….

” ഇന്നലെ താൻ കണ്ടില്ലേ, അതാണ് ശരിക്കുള്ള ഞാൻ, ഇതോകെ ജീവിക്കാൻ ഉള്ള ഓരോ വേഷം കെട്ടലുകൾ അല്ലെ,….”

അവർ സ്വന്തം ശരീത്തെ നോക്കി പറയുമ്പോൾ ആ മുഖത്ത് ഒളിച്ചിരിക്കുന്ന വേദന ഞാൻ ശ്രദ്ധിച്ചിരുന്നു…” ഇന്നലെ കൂടെ ഉണ്ടായിരുന്നത്…..”

ചോദിച്ചു പൂർത്തിയാക്കാതെ ഞാൻ നിർത്തി….” ആന്റണി,,, എന്റെ ആന്റോ….”വേദനയുള്ള ഒരു ചിരിയോടെ അവർ പറഞ്ഞു…

” നീണ്ട പ്രണയം ആയിരുന്നടോ ഞങ്ങളുടേത്, വീടും കുടുംബവും ഒന്നും നോക്കാതെ ഞങ്ങൾ ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചു, എന്നാൽ ജീവിതം തുടങ്ങും മുന്നേ ഞങ്ങൾ അറിഞ്ഞു അവന്റെ ശരീരം ക്യാൻസർ തിന്ന് തുടങ്ങിയിരുന്നു എന്ന്…..

എന്നെ ഏറെ നിർബന്ധിച്ചു ഒഴിഞ്ഞു പോകാൻ വേണ്ടി,,,,, പക്ഷേ അങ്ങനെ തനിച്ചാക്കി പോകാൻ എനിക്ക് കഴിയില്ലയോ……”

അവർ അത് പറയുമ്പോൾ ഒന്നും അറിയേണ്ടിയിരുന്നില്ല എന്നെനിക്ക് തോന്നി…

” പിന്നെ സമയവും കാലവും ദിവസവും ഒന്നും നോക്കാതെ അന്ന് മുതൽ ഞാൻ അവനോടൊപ്പം കൂടി, അവന്റെ വേദന അത്‌ എന്റേയും കൂടിയായി, ഉറക്കമൊഴിഞ്ഞ ഒരുപാട് ദിവസങ്ങൾ, അവൻ കാണാതെ കരഞ്ഞു തീർത്ത ഒരുപാട് രാത്രികൾ…..”

അവർ പറഞ്ഞു നിർത്തുമ്പോൾ എനിക്ക് അവരെ എന്ത് പറഞ്ഞ് സമാധനിപ്പിക്കണം എന്നറിയില്ലായിരുന്നു…

” ഒരുപാട് കഷ്ടപ്പെട്ടു ചികിത്സയ്ക്ക് പൈസ ഉണ്ടാക്കാൻ, ഒരുപാട് സ്ഥലത്ത് ജോലിക് ശ്രമിച്ചു, കാര്യങ്ങൾ പറയുമ്പോൾ എല്ലാവർക്കും എന്നോട് സിമ്പതി, എന്തിനാ ഈ ശരീരം നശിപ്പിച്ചു കളയുന്നത് എന്നായിരുന്നു അവരുടെ ചോദ്യം.

ചില മാന്യന്മാർ കൂടെ കിടന്നാൽ എത്ര പൈസ വേണമെങ്കിലും തരാം എന്നും പറഞ്ഞു…..”അത് പറയുമ്പോൾ അവരുടെ മുഖത്ത് ഒരു ചിരി വിരിഞ്ഞു…..

” ക്യാൻസർ വാർഡിൽ വച്ചാണ് പ്രദീപിനെ കാണുന്നത്, വേദന കൊണ്ട് നിലവിളിക്കുന്ന അമ്മയുടെ അരികിൽ നിന്ന് എന്ത് ചെയ്യണം എന്നറിയാതെ കരയുന്ന ഒരു ചെറുപ്പക്കാരൻ, സത്യത്തിൽ നമ്മുടെ അത്രപോലും മനക്കട്ടി ഈ ആണുങ്ങൾക്ക് ഇല്ലെന്നാണ് സത്യം…

ഒറ്റയ്ക്ക് ഇരിക്കുന്ന അവനെ പോയി സമാധാനിപ്പിക്കുമ്പോൾ അവിടെ നിന്ന് നമ്മുടെ സൗഹൃദം കൂടി ജനിക്കുക ആയിരുന്നു.

അവനൊരു സുഹൃത്ത് മാത്രമല്ല ഒരു കൂടിപ്പിറപ്പ് അല്ലെങ്കിൽ അതിനും അപ്പുറമാണ്, അല്ലേലും ചില ബന്ധങ്ങൾക്ക് പ്രത്യേകിച്ച് ഒരു പേര് ഒന്നും നൽകാൻ പറ്റില്ല, അത് കാണുന്നവർക്ക് മനസ്സിലാകണം എന്നും ഇല്ല….

ഒരുപാട് വേദന സഹിക്കാതെ അവന്റെ അമ്മ യാത്രയായി, പൊട്ടി കരഞ്ഞുകൊണ്ട് പോകുന്ന അവന്റെ മുഖം ഇന്നും എന്റെ കണ്ണിൽ ഉണ്ട്…

പിറ്റേയാഴ്ച്ച ഞങ്ങളെ കാണാൻ അവൻ വീണ്ടും വന്നു ആ ക്യാൻസർ വാർഡിലേക്ക്, ഞാൻ ചോദിക്കാതെ തന്നെ എന്നെ ഒരുപാട് സഹായിച്ചു അവൻ, ഇവിടെ ജോലി ശരിയാക്കി തന്നതും അവനാണ്….”

അവർ അത് പറയുമ്പോൾ ഒരു നിമിഷം മറ്റുള്ളവരെപ്പോലെ അവരുടെ ബന്ധത്തെ തെറ്റിദ്ധരിച്ച എന്നെക്കുറിച്ച് എനിക്ക് തന്നെ നാണക്കേട് തോന്നി…

” പൈസയ്ക്ക് വേണ്ടി ശരീരം വിൽക്കുന്നതിലും നല്ലത് അല്ലെ അത് കൊതിപ്പിച്ച് ജോലി എടുത്ത് ജീവിക്കുന്നത്, നമ്മുടെ ബോസ്സ് അങ്ങേര് ഒരു ചെറ്റ തന്നെയാണ്,

അവസരം കിട്ടിയാൽ അങ്ങേര് വേണേൽ എന്നെ പിച്ചി ചീന്തും എന്നറിയാം, ഞാൻ ഇങ്ങനെ അടുത്ത് ഇടപെഴുകുന്നത് കൊണ്ടാണ് അങ്ങേര് ഇങ്ങനെ നിൽക്കുന്നത്, അതു കൊണ്ടാണ് ഇടയ്ക്ക് ലീവ് എടുക്കാനും, നേരത്തേ ഇറങ്ങാനും പറ്റുന്നത്….

എനിക്കറിയാം ഇതോകെ വൃത്തികേട്ട രീതിയാണ് എന്ന് പക്ഷേ എനികിപ്പോ ഈ ജോലി അത്യാവശ്യം ആണ് അതുപോലെ ആന്റോയുടെ ചികിത്സയും നടക്കണം അതിനുള്ള കാട്ടികൂട്ടാൽ ആണ് ഓരോ വേഷങ്ങളും….”

അവർ അത് പറഞ്ഞു ചിരിക്കുമ്പോൾ ഞാനും ചിരിക്കാൻ ശ്രമിച്ചു…” താനും കേട്ടു കാണും എന്നെപ്പറ്റി എരിവും പുളിയും ഉള്ള കഥകൾ അല്ലെ..”

വീണ്ടും അവർ ചിരിച്ചുകൊണ്ട് എന്നെ നോക്കുമ്പോൾ ഞാൻ തല കുമ്പിട്ട് ഇരുന്നു…

” കഴിഞ്ഞ ദിവസം ഞാൻ തന്നെയാണ് പ്രദീപിനെ അവിടേക്ക് വിട്ടത്, എനിക്ക് അറിയാം താൻ ബസ്സ് കിട്ടാതെ വിഷമിക്കും എന്ന്, പിന്നെ ഇവിടെ പുതിയതല്ലേ….”

അവർ അത് പറയുമ്പോ ഞാൻ നന്ദിയോടെ ആ മുഖത്ത് നോക്കി…. അപ്പോഴേക്കും അകലെ നിന്ന് കൈ വീശി കാണിച്ചുകൊണ്ട് പ്രദീപ് ഞങ്ങൾക്ക് അരികിലേക്ക് വന്നു….

” രണ്ടിന്റെയും മുഖം കണ്ടിട്ട് നല്ലൊരു കുമ്പസാരം നടത്തിയ ലക്ഷണം ഉണ്ടല്ലോ…” അത് പറഞ്ഞ് പ്രദീപ് മെർളിന്റെ അരികിൽ ഇരുന്നു…

” ഒന്ന് പോടാ …” എന്ന് പറഞ്ഞവർ പ്രദീപിന്റെ തോളിൽ ഒരു അടി കൊടുത്തു….

” ഈ ചൂട് അന്തരീക്ഷം തണുപ്പിക്കാൻ ഞാൻ ഓരോ ഐസ്‌ക്രീം എല്ലാവർക്കും ഓഫർ ചെയ്തിരിക്കുന്നു….” അതും പറഞ്ഞ് പ്രദീപ് ഐസ്ക്രീം വാങ്ങാൻ പോയി…

” പാവം ഞാൻ ഇടയ്ക്ക് ഇടയ്ക്ക് ലീവ് ആയത് കൊണ്ട് എന്റെ ഒരുപാട് വർക്കും ചെയ്യുന്നത് അവനാണ്, അവന് ആ ലാപ്പിൽ നിന്ന് കണ്ണെടുക്കാൻ സമയം ഇല്ല….”

മേർളിൻ അത് പറയുമ്പോഴേക്കും ഐസ്ക്രീമുമായി പ്രദീപ് ഞങ്ങൾക്ക് അരികിൽ എത്തി….

” താങ്‌സ്….” എനിക്ക് നേരെ നീട്ടിയ ഐസ്ക്രീം വാങ്ങിക്കൊണ്ട് ഞാൻ പറഞ്ഞു….

” ങേ… ഇതോകെ കയ്യോടെ പറയാൻ അറിയോ രണ്ട് ദിവസം കഴിഞ്ഞു പറഞ്ഞാൽ മതിയായിരുന്നു….” പ്രദീപ് ചിരിച്ചു കൊണ്ട് അതും പറഞ്ഞ് മെർളിന്റെ അരികിൽ ഇരുന്നു….

” എങ്ങനെ കയ്യോടെ പറയാൻ ആണ്, എന്റെ കൂടെയല്ലേ നിന്റെ കൂട്ട്, അവളും തെറ്റിദ്ധരിച്ചു കാണും….”

” ചേച്ചി……” അവർ ചിരിച്ചുകൊണ്ട് എന്റെ മുഖത്ത് നോക്കുമ്പോൾ ഞാൻ ദയനീയമായി അവരെ വിളിച്ചു, അവർ ഒരു കൈ എന്റെ തോളിൽ വച്ച് അവരോട് ചേർത്ത് പിടിച്ചു…..

” അതേ പോകാം പോകാം….”ഐസ്‌ക്രീം കുടിച്ചു കഴിഞ്ഞപ്പോഴേക്കും പ്രദീപ് പോകാനായി എഴുന്നേറ്റു, ഞങ്ങൾ മൂന്ന് പേരും ബസ്സ് സ്റ്റോപ്പിലേക്ക് നടന്നു….

” ചേച്ചി, ഇനി പെന്റിങ് ഉള്ള വർക്ക് ഞാൻ കൂടി ചെയ്ത തരാം കേട്ടോ….”ബസ്സ് സ്റ്റോപ്പിൽ എത്തുമ്പോൾ അവർക്ക് വേണ്ടി മറ്റൊരു സഹായവും ചെയ്യാൻ കഴിയാത്ത ഞാനത് പറയുമ്പോൾ അവർ രണ്ടു പേരും ചിരിച്ചുകൊണ്ട് മുന്നോട്ട് നടന്നു.

പ്രദീപിന്റെ വണ്ടിക്കരികിൽ ചെന്ന് അവർ എന്നെ നോക്കി ഒന്നുകൂടി കൈവീശി യാത്ര പറഞ്ഞു പോകുമ്പോൾ ഞാൻ കണ്ടു പച്ചയായ രണ്ട് മനുഷ്യരെ….

Leave a Reply

Your email address will not be published. Required fields are marked *