കണ്ടാൽ ഇത്തിരി മെനയൊക്കെ വേണേൽ കുറച്ചു തൊലിയും മാംസവും ഒക്കെ വേണം പെൺകുട്ടികൾക്ക്..”

(രചന: ശാലിനി)

വിവാഹം കഴിഞ്ഞു ചെന്ന് കയറിയ വീടിന്റെ പരിമിതികൾ കണ്ടപ്പോൾ തനൂജയ്ക്ക് വല്ലാത്ത നിരാശയാണ് തോന്നിയത്.

തീപ്പെട്ടി കൂടുകൾ പോലുള്ള രണ്ടോ മൂന്ന് മുറികളും ഒരു സൗകര്യവും ഇല്ലാത്ത ജാംമ്പവാന്റെ കാലത്തെ പോലൊരു മുഷിഞ്ഞ അടുക്കളയും !

പിന്നെ, വീട്ടിലുള്ളവരുടെ പെരുമാറ്റമാണെങ്കിൽ പറയുകയും വേണ്ട. തൊട്ടതിനും പിടിച്ചതിനുമൊക്കെ തന്റെ പിന്നാലെ കുറ്റവും കുറവും കണ്ടു പിടിച്ച് ഏത് നേരവും ഒളിഞ്ഞും തെളിഞ്ഞും ഉള്ള വിമർശനവും.

കഴുത്തിലെയും കയ്യിലെയും സ്വർണ്ണാഭരണങ്ങൾ തൊട്ടും പിടിച്ചും ഇത് മൊത്തോം സ്വർണ്ണം തന്നെയാണോ എന്ന് ബന്ധുക്കളായ ചില പെണ്ണുങ്ങളുടെ ചോദ്യം ഇപ്പോഴും കാതിൽ ഒരു മൂളലായി അസ്വസ്ഥതപ്പെടുത്തുന്നുണ്ട്.

കല്യാണ വേഷമൊക്കെ അഴിച്ചു മാറ്റാനായി കിളിക്കൂടു പോലത്തെ ഒരു മുറിയിലേയ്ക്ക് കൊണ്ട് വന്ന നാത്തൂനും അമ്മായിമാരും തന്റെ ശരീരത്തിന്റെ ഓരോ അളവുകളും എണ്ണിതിട്ടപ്പെടുത്തുന്ന തിരക്കിലായിരുന്നു.

“വിശാലിന്റെ ഒപ്പം നടക്കുമ്പോൾ ഈ വണ്ണമൊന്നും പോരാ കേട്ടോ.. ഇപ്പോഴത്തെ പെൺകുട്ടികൾ സ്ലിം ബ്യൂട്ടി ആകാൻ വേണ്ടി പട്ടിണി കിടന്നു എല്ലും തോലും പിടിച്ചിരിക്കും..

കണ്ടാൽ ഇത്തിരി മെനയൊക്കെ വേണേൽ കുറച്ചു തൊലിയും മാംസവും ഒക്കെ വേണം പെൺകുട്ടികൾക്ക്..”

അമിതമായി തടിച്ചും കുറുകിയുമിരിക്കുന്ന
ഒരു ബന്ധുവായ സ്ത്രീ അത് പറയുമ്പോൾ ചുറ്റിനും നിന്നവർ അടക്കി ചിരിക്കുന്നത് താൻ കണ്ടതാണ്.

ച്ഛേ! ഒട്ടും കൾച്ചർ ഇല്ലാത്ത മനുഷ്യർ!
ഇവരുടെ ഇടയിൽ ഒറ്റയ്ക്ക് താനെങ്ങനെ കഴിയും?

ഹ്ഹോ, ഇതായിരുന്നോ അച്ഛൻ തനിക്കായി കണ്ടു പിടിച്ച മഹത്തായ ഭർത്തൃഗൃഹം!
ഇവിടെ വന്ന് എല്ലാം കണ്ടു തൃപ്തി ആയത് കൊണ്ടാണല്ലോ പെട്ടന്ന് ഈ വിവാഹത്തിന് അച്ഛനും ബന്ധുക്കളും കൂടി സമ്മതം പറഞ്ഞതും.
അവൾക്ക് പൊട്ടിക്കരയാനാണ് തോന്നിയത്.

തന്നോട് എന്തെങ്കിലും വൈരാഗ്യം അച്ഛനും അമ്മയ്ക്കും ഉണ്ടായിരുന്നോ എന്ന് ഒന്നറിയണം. താൻ അവർക്കെന്ത് ദ്രോഹം ചെയ്തിട്ടാണ്.
വർഷങ്ങളായി ഇഷ്ടപ്പെട്ട കൂട്ടുകാരനെ വിവാഹം ചെയ്യുന്നതിൽ നിന്ന് അവർക്ക് വേണ്ടിയല്ലേ പിന്മാറിയത്..

അവൻ വേറെ ജാതിയാണ്, സമൂഹത്തിൽ ഒരു നിലയും വിലയും ഒക്കെയുള്ളതാണ്. അത് നീയായിട്ട് കളഞ്ഞു കുളിക്കരുത് എന്നൊക്കെ അപേക്ഷിക്കുമ്പോലെ പറഞ്ഞിട്ട് ..

ഒരു പട്ടിക്കാട്ടിൽ കൊണ്ട് തള്ളിയിരിക്കുന്നു.
ചെറുക്കൻ ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണത്രേ! അത് മാത്രമാണ് അവർ കണ്ട ഒരേയൊരു മഹത്വം. ന്നിട്ട്, ആ പുരോഗമനമൊന്നും സ്വന്തം വീട്ടിൽ ഒരിടത്തും കാണാനില്ലല്ലോ.

അവർക്കുള്ള കുടുസ്സ് മുറിയിൽ ഇരുന്ന് തനൂജ ആലോചിച്ചത് മുഴുവനും അതായിരുന്നു.
സ്വന്തം വീടും തന്റെ മാത്രമായ ആ മുറിയും അവളുടെ കണ്ണുകളിൽ തെളിഞ്ഞു വന്നു.
എന്ത്‌ സൗകര്യം ഉള്ള വീട്ടിൽ വളർന്ന പെണ്ണാണ്.

തനിക്ക് മാത്രമായുള്ള മുറിയുടെ വലുപ്പമേയുള്ളൂ ഈ കൊച്ചു വീടിന്.
മൊബൈൽ എടുത്തു അച്ഛന്റെ നമ്പറിലേയ്ക്ക് വിളിക്കാൻ തുടങ്ങിയതാണ്.
അപ്പോഴാണ് മുറിയിലേയ്ക്ക് അയാൾ കടന്നു വന്നത്.

ഇവിടെ വന്നതിനു ശേഷം ഇതുവരെ അയാളുടെ മുഖത്തേയ്ക്ക് ഒന്ന് നോക്കിയത് പോലുമില്ല. ഇവിടെയ്ക്ക് കാലെടുത്തു വെച്ചത് മുതൽ മനസ്സ് കെട്ടു പോയിരുന്നു..
അയാളും പ്രത്യേകിച്ച് ഒന്നും അവളോട് സംസാരിക്കാൻ വന്നതുമില്ല.

എപ്പോഴും തിരക്കിലായിരുന്നു. വരുന്നവരെയും പോകുന്നവരെയും ഒക്കെ കണ്ടു സൽക്കരിച്ചും സംസാരിച്ചും തനൂജയ്ക്ക് അരികിലേയ്ക്ക് ചെല്ലാനുള്ള സാവകാശം അയാൾക്ക് കിട്ടിയില്ല എന്നതായിരുന്നു സത്യം.

മുറിയിൽ കട്ടിലിന്റെ ഒരു സൈഡിൽ അലങ്കോലമായി ഒരുപാട് സമ്മാനപ്പൊതികൾ കിടപ്പുണ്ടായിരുന്നു.. എല്ലാം ഓരോന്നായി മുറിയുടെ ഒരു മൂലയിൽ അയാൾ അടുക്കി വെച്ചു.

ഇനിയും എന്ത്‌ ചെയ്യണം എന്ന ചിന്തയിൽ അങ്ങും ഇങ്ങും വെറുതെ നോക്കി..
മുറിക്കുള്ളിൽ മറ്റൊരാൾ കൂടിയുണ്ട് എന്നത് മറന്ന് പോയത് പോലെ രണ്ട് പേരും അവരവരുടെ ലോകത്ത് കുറേനേരം ചുരുണ്ടു കൂടി.

മെത്തയിൽ ഇരുന്ന അവളുടെ മൊബൈൽ പെട്ടെന്നാണ് റിംഗ് ചെയ്യാൻ തുടങ്ങിയത്.
ഏതൊക്കെയോ ഓർമ്മയിൽ കുടുങ്ങി കിടന്ന അവൾ പ്രാണവായു ലഭിച്ച സന്തോഷത്തോടെ ഫോൺ കടന്നെടുത്തു.
അമ്മയാണ്!

ഹ്ഹും, എല്ലാം ഒപ്പിച്ചു വെച്ചിട്ട് വിളിച്ചേക്കുന്നു.“മോളെ സുഖമായിരിക്കുന്നോ.അവിടെ വന്നവരൊക്കെ പോയോ..ഞങ്ങൾ നാളെ രാവിലെ അങ്ങ് എത്താം. നിങ്ങളെ രണ്ട് പേരെയും വിരുന്നിനു വിളിക്കണമല്ലോ..

വിശാലിനെ തിരക്കിയതായി പറയണേ..”ഒരു ചടങ്ങ് പോലെ ഒറ്റ ശ്വാസത്തിൽ സംസാരിച്ച് അമ്മ ഫോൺ വെച്ചു. അവൾക്ക് ഒന്നും പറയേണ്ടി വന്നില്ല.ഫോൺ എടുത്തു ഒരേറു വെച്ചു കൊടുക്കാനാണ് തോന്നിയത്.

“ആരാ വിളിച്ചത്..വീട്ടിൽ നിന്നായിരിക്കും അല്ലേ?”ചോദ്യവും ഉത്തരവും എല്ലാം ഒന്നിച്ചായിരുന്നത് കൊണ്ട് പ്രത്യേകിച്ച് ഒന്നും പറയേണ്ട ആവശ്യമില്ലെന്ന് തോന്നി. എങ്കിലും ഒരു മര്യാദയ്ക്ക് ഒന്ന് മൂളിയെന്ന് വരുത്തി.

” തനൂന്.. സോറി, ഞാൻ അങ്ങനെ വിളിച്ചോട്ടെ..? ”വേണ്ട,എന്ന് തറപ്പിച്ച് പറയാൻ ഒരുങ്ങിയതാണ്.മറുപടി പ്രതീക്ഷിക്കാത്തത് പോലെ വിശാൽ സംസാരിച്ചു തുടങ്ങി.

“വീട് ഒക്കെ ഇഷ്ടമായോ?”“ഇല്ല..”ഒറ്റ വാക്കിലുള്ള ഉറച്ച സ്വരം കേട്ട് വിശാൽഒന്ന് ഞെട്ടി. പിന്നെ ഒന്നും ചോദിക്കാനും പറയാനും ഇല്ലാത്തത് പോലെ അയാൾ മുറിയിലെ ലൈറ്റ് അണച്ചു.

അവൾ ശ്വാസമടക്കിപ്പിടിച്ചു.
ദൈവമേ.. ആദ്യമായിട്ടാണ് ഒരു മുറിയിൽ ആണൊരുത്തനോടൊപ്പം കഴിയുന്നത്.
അതും മനസ്സിന് ഒട്ടും താൽപ്പര്യം ഇല്ലാത്ത ഒരന്തരീക്ഷത്തിലും !

തന്റെ അരികിലായി കിടക്കയിലേയ്ക്ക് അയാൾ മെല്ലെ കിടന്നത് അറിഞ്ഞു കൊണ്ട് അവൾ ചുളുങ്ങിക്കൂടി ഇരുന്നു.” തനൂജ കിടക്കുന്നില്ലേ?

ഇവിടെ നിങ്ങളുടെ വീടിന്റെ അത്ര സൗകര്യം ഒന്നുമില്ല…ഇത്, ഞാനും അനിയത്തിയും തീരെ കുഞ്ഞായിരുന്നപ്പോൾ അച്ഛൻ പണിത വീടാണ്.

പിന്നെ, അച്ഛൻ മരിച്ചപ്പോൾ ഇവിടുത്തെ അസൗകര്യങ്ങൾ തിരിച്ചറിഞ്ഞിട്ടും ഈ വീടിന്റെ ആത്മാവിനെ കുത്തിയിളക്കാൻ തോന്നിയില്ല.
അതുകൊണ്ടാണ് ഇത് അങ്ങനെ തന്നെ നിലനിർത്തിയത്..തനൂജയ്ക്ക് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം.”

വിശാൽ മുറിയിലെ ലൈറ്റ് അണച്ചെങ്കിലും പുറത്തെ നിലാവ് അവർക്കായി ഇത്തിരി വെളിച്ചം കടം കൊടുത്തിരുന്നു..

ജനാല ചില്ലയിലൂടെ അരിച്ചെത്തിയ നേരിയ നിലാവെളിച്ചത്തിൽ അയാൾ തന്റെ മുഖത്തെ നീരസം കണ്ടു പിടിക്കാൻ വഴിയില്ലല്ലോ എന്ന് അവൾ ആശ്വസിച്ചു.

അപ്പോഴും അയാൾ പറഞ്ഞ ഒരു വാക്ക് അവളെ വല്ലാതെ അസ്വസ്ഥയാക്കി.
അഡ്ജസ്റ്റ് ചെയ്യണം പോലും.!!
എന്തിനൊക്കെ..
പെണ്ണ് മാത്രം എല്ലാ അഡ്ജസ്റ്റ്മെന്റുകൾക്കും തയ്യാറാവണം പോലും .

ഇതേ കുറവുകൾ ഭാര്യ വീട്ടിലായിരുന്നെങ്കിൽ ഈ മഹത്വം പറയുന്ന ആൾ പരിഹസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യുമായിരുന്നില്ലേ..അതോ എല്ലാം സഹിച്ചു കൊണ്ട് കിടന്നുറങ്ങുമായിരുന്നോ ?
അവൾ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു.

ആദ്യത്തെ ദിവസം തന്നെ അലങ്കോലമാക്കിയെന്ന പഴി താനായിട്ട് വരുത്തി വെയ്ക്കണ്ട. സമയം ഉണ്ടല്ലോ ഇഷ്ടം പോലെ..
അവൾ ഒന്ന് നെടുവീർപ്പിട്ടു.
വിശാൽ പെട്ടന്ന് എന്തോ ഓർത്തത് പോലെ എഴുന്നേറ്റു അവൾക്കരികിലായി ഇരുന്നു.

“താൻ ഇതുവരെ ഒന്നും മിണ്ടിയില്ല..
ഈ വിവാഹത്തിന് തനിക്ക് സമ്മതമായിരുന്നില്ലേ?

എന്നെ ഇഷ്ടമില്ലാതെയാണോ വിവാഹം കഴിച്ചത്. എല്ലാം തുറന്നു പറഞ്ഞു കൊണ്ട് ഒരു പുതിയ ജീവിതം ആരംഭിക്കുന്നതാണ് എനിക്ക് ഇഷ്ടം.അത് നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും.. എന്താ അതല്ലേ നല്ലത്?”

വിശാൽ നിലാവിന്റെ പാളികൾ ഉമ്മ വെയ്ക്കുന്ന അവളുടെ വെളുത്ത കവിളുകളിലേയ്ക്ക് നോക്കി.

എന്ത്‌ ഭാവമാണ് ആ മുഖത്ത് എന്ന് തിരിച്ചറിയാൻ പറ്റുന്നില്ല.
ഇത് ശരിയാവില്ലേ?

കുറെ നേരം അയാൾ അതെ ഇരിപ്പ് തുടർന്നു.
പിന്നെ നിരാശയോടെ മെത്തയിലേയ്ക്ക് മലർന്ന് കിടന്നു കണ്ണുകൾ അടച്ചു. അപ്പോഴും തനൂജ അതെ ഇരിപ്പ് തന്നെ തുടർന്നു.
സീലിങ് ഫാനിന്റെ വരണ്ട ശബ്ദം അവളെ വല്ലാതെ ചൊടിപ്പിക്കുന്നുണ്ടായിരുന്നു.

എങ്ങനെ ഈ ഒച്ചയും കേട്ട് ഉറങ്ങും.
എയർ കണ്ടീഷന്റെ കുളിരിൽ ബ്ലാങ്കറ്റിനുള്ളിൽ സുഖമായി ഉറങ്ങിയിരുന്ന ആ പഴയ നാളുകൾ ഇനി തനിക്ക് വെറും ഓർമ്മ മാത്രമാവുമോ എന്ന വേദന അവളെ കാർന്നു തിന്നു.

എപ്പോഴോ എന്തോ ദുഃസ്വപ്നം കണ്ട് ഞെട്ടി ഉണർന്ന വിശാൽ കട്ടിലിലേയ്ക്ക് ആണ് പെട്ടന്ന് നോക്കിയത്.

അരണ്ട വെളിച്ചത്തിൽ കണ്ടു., കട്ടിലിന്റെ ഓരം ചേർന്ന് ചുരുണ്ടു കൂടി കിടക്കുന്നു തനൂജ!
അയാൾ പെട്ടന്ന് എഴുന്നേറ്റു അലമാരയ്‌ക്കുള്ളിൽ നിന്ന് ഒരു പുതിയ ഷീറ്റ് എടുത്തു.

ഒട്ടും ശല്യമുണ്ടാകാത്ത വിധത്തിൽ അവളെ ആ പുതപ്പു കൊണ്ട് നന്നായി പുതപ്പിച്ചു.
പിന്നെ, അലിവോടെ ഒരല്പനേരം അവളെത്തന്നെ ഉറ്റു നോക്കി നിന്നു. കുറച്ചു കഴിയട്ടെ.. എല്ലാം ശരിയാകും.അയാളുടെ മനസ്സ് മന്ത്രിച്ചു.

പിറ്റേന്ന് രാവിലെ തനൂജ എഴുന്നേൽക്കുമ്പോൾ മുറിയിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
നിലാവെളിച്ചം ജാലകക്കീറിൽ നിന്ന് എപ്പോഴോ പിൻവാങ്ങിയിരുന്നു. പകരം പുലരിത്തുടുപ്പിന്റെ വെണ്ണുരകൾ കൊണ്ട് ആകാശം പുഞ്ചിരി തൂകുന്നു!

ഈശ്വരാ.. നേരം ഒരുപാടായോ?
പുതിയ വീട്ടിൽ വൈകി എഴുന്നേൽക്കുന്ന പുതുപ്പെണ്ണിനെ ക്രൂശിക്കാൻ നോക്കി നിൽക്കുന്ന സ്ത്രീജനങ്ങൾക്ക് മുന്നിൽ എങ്ങനെ കടന്നു ചെല്ലും!

അരികിൽ കിടന്ന മൊബൈൽ ഫോൺ എടുത്തു നോക്കി.മണി ഏഴു കഴിഞ്ഞിരിക്കുന്നു.
ഇന്നലെ എപ്പോഴാണ് ഉറങ്ങിപ്പോയതെന്ന് ഓർക്കുന്നില്ല.

പക്ഷെ, തന്റെ ദേഹത്തു ഈ പുതപ്പ് എങ്ങനെ വന്നു? കുത്തിയിരുന്ന് ഉറങ്ങാൻ ശ്രമിക്കുമ്പോൾ പോലും ഇങ്ങനെ ഒരു സാധനം കണ്ടില്ലല്ലോ അവിടെ എങ്ങും?

ബാത്‌റൂമിൽ പോയിട്ട് വന്നശേഷം ബ്രഷ് ചെയ്തു,. മുടി ഒന്ന് ചീകിയെന്ന് വരുത്തി. അടുക്കളയിലേയ്ക്ക് നടക്കുമ്പോൾ വിശാലിനെ അവിടെ എങ്ങും കണ്ടതുമില്ല.

“ങ്ങ്ഹാ, മോൾ എഴുന്നേറ്റോ.രാവിലെ കാപ്പിയാണോ ചായയാണോ പതിവ്?”“കാപ്പി മതി ”

വിശാലിന്റെ അമ്മ അവൾക്ക് പെട്ടന്ന് കാപ്പി ചൂടാക്കി കൊടുത്തു. വിശാലിന്റെ അതെ പൊക്കമാണ് അമ്മയ്ക്കും. ലേശം തടിച്ചതാണെങ്കിലും ഒതുങ്ങിയ ശരീരം.
സാരിയാണ് ഉടുത്തിരിക്കുന്നതെങ്കിലും വൃത്തിയായി അത് ഒതുക്കി കുത്തിയിട്ടുണ്ട്.“അമ്മ വീട്ടിൽ സാരിയാണോ?”

ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല. കാരണം, ചെറുപ്പം മുതൽക്കേ അവൾ സ്വന്തം അമ്മയെ നൈറ്റിയുടുത്തിട്ടേ കണ്ടിട്ടുള്ളൂ.
വീട്ടിൽ ഇതൊക്കെ ചുറ്റി എങ്ങനെ ജോലി ചെയ്യും എന്നത് അവൾക്ക് അതിശയമായിരുന്നു.

“അല്ലാ, കൊച്ചു രാവിലെ കുളിച്ചില്ലേ? കുളിക്കാതെയാണോ അടുക്കളയിലൊക്കെ കേറിയത്!”

ചൂട് കാപ്പി മെല്ലെ ഊതിയൂതി കുടിക്കുമ്പോഴാണ് തലേന്നത്തെ ഉപദേശം അമ്മായി കടന്ന് വന്നത്. ഇത്രയും രാവിലെ കുളിക്കാൻ താൻ അതിന് ഇന്നലെ രാത്രിയിൽ വലിയ പണിയൊന്നും ചെയ്തില്ലല്ലോ..

“കല്യാണം കഴിഞ്ഞ പെൺകുട്ടികൾ പിറ്റേന്ന് രാവിലെ അടുക്കളയിൽ കയറുന്നതിനു മുൻപ് കുളിച്ച് ശുദ്ധിയായിട്ട് വരണം. അത് നാട്ടു നടപ്പാണ്. അറിയോ?.. വനജേ നിനക്ക് ഇതൊന്ന് പറഞ്ഞു കൊടുക്കാൻ മേലായിരുന്നോ?”

“പോട്ടെ ചേച്ചി.. ഇതൊന്നും പരിചയം ഉണ്ടാവില്ല. പോരെങ്കിൽ നല്ല തണുപ്പുമല്ലേ. കുറച്ചു കഴിഞ്ഞിട്ട് കുളിക്കട്ടെ..”

അമ്മായിയമ്മയോട് പെട്ടന്ന് ഒരു സ്നേഹമൊക്കെ തനൂജയ്ക്ക് തോന്നി.
ഒരാളെങ്കിലും തന്നെ മനസ്സിലാക്കാൻ ഈ വീട്ടിലുണ്ടല്ലോ! എങ്കിലും അവൾക്ക്, കുളിക്കാൻ നിർബന്ധം പിടിക്കുന്നതിന്റെ കാരണം മനസ്സിലായില്ല.

വിശാലിനൊപ്പം ഒരു മുറിയിൽ ഉറങ്ങി എന്നത് സത്യമാണ്.പക്ഷെ, രണ്ടു പേരും ഒന്ന് സ്പർശിച്ചിട്ട് പോലുമില്ല.പിന്നെ താനെങ്ങനെ അശുദ്ധയാകും.! ഓരോരോ ആചാരങ്ങൾ!
അവൾ കാപ്പി കപ്പ് കഴുകി വെച്ചിട്ട് കുളിക്കാനായി പോയി.

ആരും പറഞ്ഞിട്ടല്ലെങ്കിലും എന്നും രാവിലെ കുളിക്കുന്ന പതിവ് ഉള്ളത് കൊണ്ട് അവൾക്ക് അതൊരു പ്രയാസമുള്ള സംഗതിയായി തോന്നിയില്ല.

“നീയിങ്ങനെ വിട്ടു കൊടുക്കരുത് വനജേ.
പിന്നെ നിന്നെ ഒട്ടും അനുസരണ ഇല്ലാതെ വരും.നമ്മുടെ വീടിന്റെ നിയന്ത്രണം നമ്മുടെ കയ്യിൽ തന്നെയായിരിക്കണം.”

അവൾക്ക് പിന്നാലെ ചാട്ടുളി പോലെ ആ വാക്കുകൾ പാഞ്ഞു ചെന്നു. തിരിച്ചു ചെന്ന് ആ മൂശേട്ടക്കാരിയോട് രണ്ടു വർത്തമാനം പറഞ്ഞാലോ..

പറ്റുമെങ്കിൽ ഇന്ന് അച്ഛനും അമ്മയും വരുമ്പോൾ അവരുടെ ഒപ്പം സ്ഥലം കാലിയാക്കണം. അതാണ് ഇവർക്ക് കൊടുക്കാനുള്ള മറുപടി.

അമർഷമടക്കി അവൾ കുളിക്കാൻ പോയി.
കുളിച്ചു പുതിയ വേഷവുമിട്ട് നിൽക്കുമ്പോൾ വിശാൽ കൈ നിറയെ എന്തൊക്കെയോ സാധനങ്ങളുമായി കയറി വരുന്നത് കണ്ടു.
വിരുന്നിനു വിളിക്കാൻ വരുന്നവർക്കുള്ളതായിരിക്കും.

അച്ഛനും അമ്മയും പിന്നെ, കുറച്ചു അടുത്ത ബന്ധുക്കളും കൂടി വാഷിംഗ്‌ മിഷ്യനും കുറെ പലഹാരങ്ങളും ഒക്കെയായി വരുമ്പോൾ സമയം പതിനൊന്നു മണിയും കഴിഞ്ഞിരുന്നു.

വിശേഷങ്ങൾ ചോദിക്കാൻ തുടങ്ങിയ അമ്മയ്ക്ക് മുന്നിൽ അവളാകട്ടെ മുഖം വീർപ്പിച്ചു നിന്നു.
അച്ഛന്റെ അടുത്തേയ്ക്ക് പോകാൻ പോലും ശ്രമിച്ചില്ല. അവളുടെ പ്രതിഷേധത്തിന്റെ കാരണം മനസ്സിലാകാതെ അച്ഛനും അമ്മയും പരസ്പരം നോക്കി.

വിശാൽ വിരുന്നുകാരെയെല്ലാം വളരെ കാര്യമായി തന്നെ സ്വീകരിച്ചിരുത്തി. അവളുടെ മുറിയിൽ വെച്ചു സൗകര്യം പോലെ തനുവിനെ ഒറ്റയ്ക്ക് കിട്ടിയതും അമ്മ അവളെ പിടിച്ചു തനിക്ക് അഭിമുഖമായി നിർത്തി.

“ഞാൻ വന്നത് മുതൽ ശ്രദ്ധിക്കുന്നു. നീയെന്താ ഞങ്ങളെ കണ്ടിട്ട് ഒഴിഞ്ഞു മാറുന്നത്. എന്തെങ്കിലും പ്രശ്നം ഉണ്ടോ മോളെ ഇവിടെ?”

“ഉണ്ടെങ്കിൽ.. അമ്മ എന്നെ ഇവിടുന്ന് ഇന്ന് തന്നെ കൂട്ടിക്കൊണ്ട് പോകുമോ?”“മോളെ..”

“ങ്‌ഹും, എനിക്ക് വേണ്ടി കണ്ട് വെച്ച മാളിക ഏതായാലും എനിക്കൊത്തിരി ഇഷ്ടപ്പെട്ടമ്മേ!
ദേ, കണ്ടില്ലെ.. ഇതാണ് എന്റെ അന്തപ്പുരം.
എന്റെ ഈ വിശാലമായ മുറി കണ്ടോ, ഇവിടെയാണ് ഞാൻ പള്ളിയുറങ്ങുന്നത്.

നിങ്ങളുടെ വീട്ടിലുള്ള എന്തെങ്കിലും അസൗകര്യം ഇവിടുണ്ടോന്ന് നോക്കിയേ.. തൃപ്തിയായി. എനിക്ക് തരാവുന്നതിൽ വെച്ച് ഏറ്റവും മികച്ച ഒരു ജീവിതം തന്നതിൽ നന്ദിയുണ്ട് അമ്മേ.. ഒരുപാട് നന്ദിയുണ്ട്!”

അവർ സ്തബ്ദയായി നിന്നു. മകൾക്ക് ഈ വീടും ബന്ധവും ഒട്ടും ഇഷ്ടമായിട്ടില്ലേ?? വിശാൽ പെണ്ണ് കാണാൻ വന്നപ്പോൾ അവൾക്ക് സമ്മതമാണെന്ന് അറിയിച്ചതാണല്ലോ.

പിന്നെ വിവാഹത്തിന് മുൻപ് ഒത്തിരി ഫോൺ ഇടപാടുകളൊന്നും അച്ഛന് താല്പര്യമില്ലായിരുന്നു. അതുകൊണ്ട് അവർ തമ്മിൽ അധികം ഫോൺ കോളുകൾ ഒന്നും ഉണ്ടായിട്ടില്ല എന്നത് സത്യമാണ്..

ചെറുക്കന്റെ സ്വഭാവവും ജോലിയും മാത്രമേ അദ്ദേഹം കാര്യമാക്കിയുള്ളൂ. അന്ന് ഇവിടെ വന്നിട്ട് വീട്ടിൽ തിരിച്ചെത്തിയപ്പോൾ താനും തിരക്കിയതാണ് പയ്യന്റെ വീടും ചുറ്റുപാടും എങ്ങനെ ഉണ്ടെന്ന്.

ഞാൻ ചെറുക്കന്റെ വീട് അല്ല നോക്കിയത്. ജീവിക്കാൻ അവന് നല്ലൊരു ജോലിയുണ്ട്. പിന്നെ ഇന്നത്തെ ചെറുപ്പക്കാർക്ക് ഇല്ലാത്ത സ്വാഭാവ ഗുണമുണ്ട്. പിന്നീടായാൽ പോലും
ഒരു വീട് വെയ്ക്കാനുള്ള കഴിവ് അവനുണ്ട് എന്നൊക്കെയാണ്.

പക്ഷെ, മകൾ പറഞ്ഞത് പോലെ ഇത്രയും ഇടുങ്ങിയ ചുറ്റുപാടായിരുന്നു എന്ന് താനും അറിഞ്ഞിരുന്നില്ല.

എല്ലാ വിധ സുഖ സൗകര്യങ്ങളിലും വളർന്നു വന്ന ഒരു കുട്ടിക്ക് ഇതൊക്കെ അഡ്ജസ്റ്റ് ചെയ്യാൻ വളരെ പ്രയാസമായിരിക്കും.. അവളെയും കുറ്റപ്പെടുത്താൻ പറ്റില്ലല്ലോ.
പക്ഷെ, ഇതൊക്കെ അദ്ദേഹത്തോട് പറയാൻ പറ്റുമോ..?

“ഞാനും നിങ്ങൾക്കൊപ്പം പോരുവാണ്. എനിക്കിവിടെ പറ്റില്ല. ശ്വാസം മുട്ടുന്നു.”മകളുടെ ഉറച്ച വാക്കുകൾ കേട്ട് അവരൊന്നു ഞെട്ടി. ഈ കുട്ടി ഇത് എന്തൊക്കെയാണ് പറയുന്നത്.

ഇതെന്താ കുഞ്ഞ് കളിയാണോ.
വിവാഹം കഴിഞ്ഞു ദിവസം ഒന്ന് ആകുന്നേയുള്ളൂ. വിരുന്നിനു വരുന്നത് പോലെയാണോ. പിറ്റേന്ന് തന്നെ തങ്ങൾക്കൊപ്പം പോരുന്നത്. വിശാൽ എന്ത്‌ കരുതും.

“മോളെ.. നീയെന്ത് വിഡ്ഢിത്തം ആണ് പറയുന്നത്. ഞങ്ങൾ വന്നത് നിങ്ങളെ രണ്ട് പേരെയും വിരുന്ന് വിളിക്കാനല്ലേ. അപ്പോൾ
നീ ഞങ്ങൾക്കൊപ്പം വരുന്നത് ശരിയാണോ. ആളുകൾ എന്ത്‌ പറയും.. രണ്ട് മൂന്ന് ദിവസം കൂടി എങ്ങനെ എങ്കിലും ഒന്ന് ക്ഷമിക്ക്..”

“അത് കഴിഞ്ഞാൽ പിന്നെയും ഞാൻ ഈ ഗുദാമിലേക്ക് തന്നെ തിരിച്ചു വരണ്ടേ? നിങ്ങൾക്ക് എന്നെ കൊണ്ട് പോകാൻ മടിയാണെങ്കിൽ ഞാൻ വേറെ എങ്ങോട്ടേക്കെങ്കിലും പൊയ്ക്കോളാം.

ഇതിലും നല്ല ജീവിതം എനിക്ക് ഉണ്ടായേനെ. എല്ലാം നശിപ്പിച്ചത് നിങ്ങൾക്ക് വേണ്ടിയാണ് അത് മറക്കരുത്.”

പറയാനുള്ളതെല്ലാം പറഞ്ഞു കഴിഞ്ഞത് പോലെ അവൾ മുറിയിൽ നിന്നിറങ്ങി പോയി..
അവർ എന്ത്‌ ചെയ്യണം എന്നറിയാതെ ആ മുറിയിൽ ഒറ്റയ്ക്ക് നിന്നു.

അവൾ പറഞ്ഞതൊക്കെ ശരി തന്നെ ആണ്. ആ ബെഡ്‌റൂമിൽ അവരാകെയൊന്നു നോക്കി.
ഒരു വലിയ കട്ടിലും പിന്നെ ഒരു ചെറിയ തടി അലമാരിയും, ചെറിയ ഒരു ടീപ്പോയുമാണ്
ആ മുറിയിലെ ആകെയുള്ള വസ്തുക്കൾ. മെത്തയിൽ ഒരൊറ്റ ചുളിവുകൾ പോലും വീണിട്ടില്ല.

പൂമാലകൾ പാതി വാടിക്കരിഞ്ഞത് ജനലഴിയിൽ അലസമായി തൂക്കിയിട്ടിരിക്കുന്നു !
ഇവർ ഇന്നലെ ആദ്യരാത്രി ആഘോഷിച്ചില്ലേ? ഒരു കല്യാണം കഴിഞ്ഞ പെണ്ണിന്റെ സന്തോഷമോ ലജ്ജയോ ഒന്നും അവളിൽ കണ്ടില്ലല്ലോ എന്നും അവരോർത്തു.

ഊണ് കഴിയുന്നത് വരെ അവൾ അമ്മയ്ക്ക് മുഖം കൊടുക്കാതെ ഒഴിഞ്ഞു മാറി. വിശാലും മകളും അതിനിടയ്ക്ക് ഒരിക്കൽ പോലും തമ്മിൽ സംസാരിക്കുന്നത് കണ്ടതേയില്ല എന്നതും അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.

പക്ഷെ, വിശാലിന്റെ അമ്മയും സഹോദരിയും ഭർത്താവുമൊക്കെ വളരെ നല്ല രീതിയിൽ ആണ് അവരോടൊക്കെ ഇടപെട്ടത്.

പ്രശ്നം മകൾക്ക് മാത്രമാണെന്ന് അവർക്ക് ബോധ്യമായി. ഈ വീടും അതിലെ അസൗകര്യങ്ങളും മാത്രമാണ് അവളെ ചൊടിപ്പിച്ചിരിക്കുന്നത്.

വിരുന്ന് കഴിഞ്ഞു പോകാൻ ഒരുങ്ങുമ്പോൾ മകളുടെ മുഖത്തേയ്ക്ക് നോക്കാതിരിക്കാൻ അവർ വല്ലാതെ പാടുപെട്ടു.“രണ്ട് പേരും മറ്റെന്നാൾ രാവിലെ അങ്ങെത്തിയേക്കണം കേട്ടല്ലോ.”

അച്ഛൻ എല്ലാവരും കേൾക്കെയാണ് അത് പറഞ്ഞത്. അവൾക്ക് പൊട്ടിക്കരയാൻ തോന്നി. തന്നെ ആരുമില്ലാത്ത ഒരിടത്ത് ഒറ്റയ്ക്ക് ആക്കിയിട്ട് എല്ലാവരും ഉപേക്ഷിച്ചു പോയത് പോലെ..

വന്നവരുടെ കാർ പടി കടന്ന് പോയതോടെ അവൾ മുറിയിലേയ്ക്ക് ഓടിപ്പോയി.
വാതിൽ ചാരി കട്ടിലിലേയ്ക്ക് വീണു കിടന്നു കരയാൻ തുടങ്ങി. അതുവരെ പിടിച്ചു വെച്ച ആത്മ സംഘർഷങ്ങൾ മുഴുവനും അണപൊട്ടിയൊഴുകാൻ തുടങ്ങി.

എത്ര നേരമങ്ങനെ കിടന്നുവെന്ന് അറിയില്ല. വിശാൽ എപ്പോഴോ മുറിയിലെത്തി അവളെ തട്ടി വിളിക്കുമ്പോഴാണ് കണ്ണ് തുറക്കുന്നത്..

“ആഹാ താൻ ഇവിടെ വന്നു കിടന്ന് ഉറങ്ങുവായിരുന്നോ.. ഒന്ന് വേഗം റെഡിയായിക്കേ, നമുക്ക് ഒരിടം വരെ പോകാം. ”

അവൾക്ക് അയാളെ അഭിമുഖീകരിക്കാൻ വല്ലാത്ത മടി തോന്നി. ഇതുവരെ മനസ്സ് തുറന്നു സംസാരിച്ചിട്ടില്ല രണ്ടാളും. ഇപ്പൊ എങ്ങോട്ട് പോകാനാണ്. എങ്കിലും ഈ വീട്ടിലെ അന്തരീക്ഷത്തിൽ നിന്ന് കുറച്ചു നേരമെങ്കിലും മാറി നിൽക്കാമല്ലോ എന്ന ആശ്വാസമായിരുന്നു.

പെട്ടന്ന് തന്നെ അലമാരയ്ക്കുള്ളിൽ അവൾക്കായി വാങ്ങിയിരുന്ന ഒരു പുതിയ നീല ചുരിദാർ എടുത്തുടുത്തു. കഴുത്തിലും കയ്യിലും അത്യാവശ്യം വേണ്ട ആഭരണങ്ങൾ മാത്രം ധരിച്ചു. മുടി ചീകി കൊണ്ട് നിൽക്കുമ്പോഴാണ് വിശാൽ കയറി വന്നത്.

അയാൾ അവളെ ആകെയൊന്ന് നോക്കി. മുഖത്ത് കുറച്ചു സങ്കടം ഉണ്ട്. എങ്കിലും ആള് ഒരു ചുള്ളത്തിയാണ്..

അയാൾ കയ്യിലിരുന്ന ഒരു കുങ്കുമ ചെപ്പ് അവൾക്ക് നേരെ നീട്ടി. അവൾ തെല്ലൊരു മടിയോടെ അത് വാങ്ങി വെറുതെ നിന്നു.
അതുകണ്ട് വിശാൽ ഒന്ന് ചിരിച്ചു. കല്യാണം കഴിഞ്ഞ പെണ്ണുങ്ങൾ സീമന്ത രേഖയിൽ ഇത് തൊടുന്നത് കണ്ടിട്ടുണ്ട്.

കല്യാണം കഴിഞ്ഞതാണ്,ഇനിയെന്നെ നോക്കണ്ട എന്നൊരു മുന്നറിയിപ്പിനാണോ എന്തോ?ഏതായാലും, ഒരു പ്രത്യേക സൗന്ദര്യം ആണ് കുങ്കുമം തൊടുന്ന പെൺകുട്ടികൾക്കെന്ന് തോന്നാറുണ്ട്. തനിക്ക് ഇഷ്ടമുണ്ടെങ്കിൽ
മാത്രം തൊട്ടാൽ മതി കേട്ടോ.ഞാൻ പറഞ്ഞൂന്നേ ഉളളൂ.. ”

മറുപടി ഒന്നും പറയാതെ അവൾ മെല്ലെ കയ്യിലിരുന്ന ചെപ്പിന്റെ അടപ്പ് തുറന്നു.
നല്ല വാസനയുള്ള മെറൂൺ കളർ കുങ്കുമം!
അവൾ സീമന്ത രേഖയിൽ ഒരു നുള്ള് കുങ്കുമം എടുത്തു തൊട്ടു. എന്നിട്ട് ജാള്യതയോടെ അയാളെ ഒന്ന് നോക്കി.

അയാൾ പതിയെ ഷർട്ടും പാന്റ്‌സും ഇടാൻ ഒരുങ്ങുന്നത് കണ്ട് അവൾ പെട്ടന്ന് പരിഭ്രമത്തോടെ മുറി വിട്ടു പോകാൻ ഒരുങ്ങി.
അത് കണ്ട് അയാൾക്ക് ചിരിയാണ് വന്നത്.
എല്ലാം ശരിയാകും.

ഒന്നിച്ചുള്ള ആദ്യ യാത്രയായിരുന്നു അത്.
ബൈക്കിൽ അയാളുടെ പിന്നിലായി ഇരിക്കുമ്പോൾ എവിടെ പിടിക്കുമെന്ന് ആകെയൊരു കൺഫ്യൂഷനിലായിരുന്നു.

“ഞാൻ എവിടെയാ പിടിക്കേണ്ടത്?”ആദ്യമായി അവൾ അവനോട് ഒന്ന് സംസാരിച്ചു.“എവിടെ വേണമെങ്കിലും പിടിച്ചോ.പക്ഷെ വീഴരുതെന്ന് മാത്രം.”

അയാളുടെ ചുമലിൽ മെല്ലെ വലതു കൈത്തലം ചേർത്തു വെച്ചു. ഒന്നും മിണ്ടാതെ അവർ എങ്ങോട്ടൊക്കെയോ സഞ്ചരിച്ചു.

ടൗണിൽ നിന്ന് ഉള്ളിലേയ്ക്ക് പിന്നെയും ഒരു അരമണിക്കൂർ യാത്ര.. വലിയ രണ്ട് വീടുകൾക്ക്തൊട്ടപ്പുറത്ത് പണി നടന്നു കൊണ്ടിരിക്കുന്ന ഒരു കെട്ടിടത്തിന്റെ മുന്നിലായി അയാൾ ബൈക്ക് നിർത്തി.

ബൈക്ക് ഓഫ്‌ ചെയ്ത് വരൂ എന്ന് പിന്നിലേക്ക് നോക്കി പറഞ്ഞു കൊണ്ട് വിശാൽ നടന്നു.
ഇവിടെയ്ക്ക് എന്തിനാണോ തന്നെയും കൂട്ടിക്കൊണ്ട് വന്നതെന്ന് അവൾ അമർഷം കൊണ്ടു. വിവാഹം കഴിഞ്ഞ് ആദ്യമായി ഒന്നിച്ച് വന്ന ഇടം കൊള്ളാം.!“തനൂ.. സൂക്ഷിച്ചു വേണം ഇവിടെല്ലാം ആകെ പൊടിയാണ്.”

അവൾ ഒപ്പമെത്താൻ അയാൾ കാത്തു നിന്നു. പിന്നെ അവളോടൊപ്പം അകത്തേയ്ക്ക് കയറി.
ആരോ പണികഴിപ്പിക്കുന്ന തരക്കേടില്ലാത്ത ഒരു വലിയ വീട്. അത് മാത്രമേ അവൾക്ക് തോന്നിയുള്ളൂ.“എങ്ങനെ ഉണ്ട്,ഇഷ്ടപ്പെട്ടോ.?”

അവൾക്ക് അത് കേട്ട് ചിരിയ്ക്കാനാണ് തോന്നിയത്. അവളുടെ മുഖത്തെ പരിഹാസം കണ്ട് അയാൾ ഉള്ളിൽ ചിരിച്ചു..

എല്ലായിടവും കയറിയിറങ്ങി അവർ. താഴെയും മുകളിലുമായി വിശാലമായ ബെഡ്‌റൂമുകളും ഡ്രോയിങ് റൂമികളും.
ആരുടെത് ആയായാലും കൊള്ളാം..

“അതേയ് തനൂ.. ഞാൻ നേരത്തെ ചോദിച്ചതിന് മറുപടി കിട്ടിയില്ല. ഈ പണിതു കൊണ്ടിരിക്കുന്ന വീട് ഇഷ്ടമായോ എന്ന്. അഥവാ ഇഷ്ടമായില്ലെങ്കിൽ എന്തെങ്കിലും മാറ്റം വരുത്തണം.അതിന് വേണ്ടിയാ.. ”

അവൾ കേട്ടത് വിശ്വസിക്കാനാവാതെ അയാളെ തുറിച്ചു നോക്കി. അയാൾ അവളെ തന്റെ അരികിലേയ്ക്ക് മെല്ലെ ചേർത്ത് പിടിച്ചു.

“എടോ.ഞാൻ ഇത് ഒരു സർപ്രൈസ് ആക്കി വെച്ചതാണ്.പക്ഷെ,തന്റെ അച്ഛന് അറിയാം കേട്ടോ.അച്ഛന് മാത്രം! പഴയ വീട് പൊളിച്ചു പുതിയത് പണിയാൻ കഴിയാഞ്ഞിട്ടല്ല.

പക്ഷെ, എന്റെ അച്ഛൻ ആശിച്ചു പണിത വീട്ടിൽ ഒരു ദിവസമെങ്കിലും എന്റെ ഭാര്യയോടൊപ്പം കഴിയണമെന്ന വലിയ മോഹമുണ്ടായിരുന്നു.. അവിടെ കഴിഞ്ഞു കൊണ്ട് തന്നെ, ഇവിടുത്തെ പണി തീർത്ത് തന്നെയും കൊണ്ട് ഈ വീടിന്റെ ഗൃഹപ്രവേശം നടത്താനാണ് ഞാൻ തീരുമാനിച്ചത്.

ഇപ്പൊ എന്നോടും എന്റെ വീട്ടുകാരോടും പിന്നെ.. എന്റെ ആ പഴഞ്ചൻ വീടിനോടുമുള്ള ഇയാളുടെ ദേഷ്യമെല്ലാം മാറിയോ??”

അവൾ അയാൾക്ക് മുന്നിൽ നിന്നുരുകി ഇല്ലാതായി. തന്റെ അച്ഛന് ഇതെല്ലാം അറിയാമായിരുന്നത് കൊണ്ടാണോ ഈ കല്യാണം തന്നെ നടത്താൻ വാശിപിടിച്ചത്.
അച്ഛനെ വരെ ഒന്നുമറിയാതെ തെറ്റിദ്ധരിച്ചു..

മുന്നിൽ തന്നെത്തന്നെ ഉറ്റു നോക്കി നിൽക്കുന്ന ആളിനെ അഭിമുഖീകരിക്കാൻ തനൂജ വല്ലാതെ പാടുപെട്ടു. താൻ ഇപ്പോൾ അയാൾക്ക് മുൻപിൽ തീരെ ചെറുതായതു പോലെ.. അവളുടെ ജാള്യത മനസ്സിലായ വിശാൽ അവളുടെ തോളത്ത് മൃദുവായി ഒന്ന് തട്ടി.

“പോട്ടെടോ..നമുക്ക് ഒരു സിനിമയ്ക്ക് പോയാലോ.തന്റെ ഈ മൂഡൗട്ട് ഒന്ന് മാറട്ടെ…”

അവൾ ഒന്നും മിണ്ടാതെ ചുമലിൽ ഇരുന്ന അയാളുടെ കൈകളിൽ ഒന്ന് തൊട്ടു.പിന്നെ സ്വാതന്ത്ര്യത്തോടെ അതെടുത്തു തന്റെ നെഞ്ചിലേയ്ക്ക് ചേർത്ത് പിടിച്ചു.

“സോറി..”“ഏയ്‌ പോട്ടെടോ.. താൻ ജനിച്ചു വളർന്നത് തന്നെ എല്ലാ സുഖസൗകര്യങ്ങൾക്കും നടുവിലാണ്. എന്റെ പഴഞ്ചൻ വീടിന്റെ അന്തരീക്ഷത്തോട് പൊരുത്തപ്പെടാൻ തനിക്ക് ബുദ്ധിമുട്ട് ആവുമെന്ന് എനിക്കുറപ്പായിരുന്നു. അത് ഞാൻ തന്റെ അച്ഛനോട് അന്നേ തുറന്നു പറഞ്ഞതുമാണ്.

അതൊക്കെ ശരിയായിക്കോളും, വിശാൽ ഈ വിവാഹത്തിന് തയ്യാറായാൽ മാത്രം മതിയെന്ന് പറഞ്ഞു എനിക്ക് എല്ലാത്തിനും ഒപ്പം നിൽക്കുകയായിരുന്നു തന്റെ അച്ഛൻ…
ഇനിയും ഈ ബന്ധം തനിക്ക് വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടെങ്കിൽ അതിനും എനിക്ക് സമ്മതമാണ്.”

പെട്ടന്ന് അവൾ കയ്യെടുത്ത് അവന്റെ വായ പൊത്തി.“ഞാൻ എല്ലാത്തിനും മാപ്പ് ചോദിക്കുന്നു. ഇത്തരം ഒരു സാഹചര്യം ഞാനൊട്ടും പ്രതീക്ഷിക്കാത്തത് കൊണ്ടാണ് എനിക്ക് ഇതൊന്നും പെട്ടന്ന് അഡ്ജസ്റ്റ് ചെയ്യാൻ പറ്റാഞ്ഞത്. ഇനി ഞാൻ എത്ര നാള് വേണമെങ്കിലും ഏട്ടനോടൊപ്പം അവിടെ ആ വീട്ടിൽ കഴിഞ്ഞോളാം..”

പുതിയ വിളിപ്പേര് കേട്ട് വിശാലിന്റെ മുഖത്ത് ഒരു ചിരി തെളിഞ്ഞു.
‘ഏട്ടൻ’ കൊള്ളാം.. കേൾക്കാൻ ഒരു സുഖമൊക്കെയുണ്ട്.

“എങ്കിൽ നമുക്ക് വിട്ടാലോ..ഇപ്പോൾ ചെന്നാൽ ഫസ്റ്റ് ഷോ യ്ക്കുള്ള ടിക്കറ്റ് എടുക്കാം.”

വിശാൽ ഉത്സാഹത്തോടെ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു. പിന്നിൽ അയാളുടെ ദേഹത്തേയ്ക്ക് ചേർന്നിരുന്നുകൊണ്ട് വലത്തെ കയ്യ് അവന്റെ വയറ്റിലൂടെ ഇറുക്കെ ചുറ്റി പിടിച്ച് അവൾ ഇരുന്നു.

ഈ ലോകത്തിന്റെ ഏതറ്റം വരെ അവനോടൊപ്പം പോകാനും അപ്പോഴവൾ കൊതിച്ചു. എങ്കിലും കുറ്റബോധം പിടിവിടാത്ത മനസ്സോടെ അവളൊന്ന് പിന്തിരിഞ്ഞു നോക്കി.

ആ പണിതീരാത്ത വീടിന്റെ ചുവരുകളും മതിക്കെട്ടുകളും, മൺ തരികൾ പോലും തന്നെ നോക്കി പരിഹാസത്തോടെ ചിരിക്കുന്നത് പോലെ തോന്നിയ അവൾ പെട്ടന്ന് കണ്ണുകൾ പിൻവലിച്ചു.

വിശാൽ ആവേശത്തിലായിരുന്നു.
പുതിയൊരു ജീവിതം തുടങ്ങാൻ പോകുന്നതിന്റെ ആഹ്ലാദത്തിലായിരുന്നു.. പഴയൊരു പ്രേമഗാനത്തിന്റെ ഈരടികൾ മൂളിക്കൊണ്ട് അയാൾ മെല്ലെ വണ്ടി മുന്നോട്ട് എടുത്തു.

Leave a Reply

Your email address will not be published. Required fields are marked *